ആമയടപ്പെട്ടി ----[നാലുകെട്ട് -44 ]
മുത്തശ്ശിയുടെ സമ്പാദ്യം ആ ആമേടപ്പെട്ടിയിലാണ് . അതിൻറെ മുൻവശത്ത് ഒരു ചെറിയ ചക്രമുണ്ട് .അതുതിരിച്ചാൽ പൂട്ട് വീഴും . പിന്നെ താക്കൊലിട്ടും പൂട്ടാം . പഴയമാലകൾ ,കുതിരപ്പവൻ എല്ലാം അതിലുണ്ടാവും . തൻറെ പേരക്കുട്ടിക്കായി സൂക്ഷിച്ചുവച്ച 'ആമത്താലി ' വളരെ പഴയതാണ് .മുത്തശ്ശിക്കതിനോടൊക്കെ ഒരു വലിയ ആൽമ്മബന്ധം ഉണ്ടായിരുന്നു .ഒരു ചെറിയ 'ദേവീഭാഗവതം ആ പെട്ടിയിലുണ്ട് . 'അതെടുക്കാനാ മുത്തശ്ശി അത് തുറക്കാറു .അവസാനകാലത്ത് ആ പെട്ടിയിൽ നിന്ന് ഒരു ചെറിയ ചെപ്പെടുത്ത് ഉണ്ണിക്കുകൊടുത്തു . അതിനകത്ത് "രാശി 'ആയിരുന്നു . സ്വർണ്ണം കൊണ്ടുള്ള പഴയ ചെറിയ നാണയം .' ദേവപ്രസ്നത്തിന് ഇന്നും രാശി വേണം ."ഇതെൻറെ രാശിയാണ് അത് ഉണ്ണിക്കിരിക്കട്ടെ ".മുത്തശ്ശിയുടെ ആ സമ്മാനം ഇന്നും ഉണ്ണി സൂക്ഷിക്കുന്നു .
ആ പെട്ടിയുടെ അടപ്പ് ആമയുടെ ആകൃതിയാണ് .അതിനെപ്പറ്റി ചോദിച്ചാൽ മുത്തശ്ശി അവതാരകഥകളുടെ കെട്ടഴിക്കും .പാലാഴി മഥനം ,കൂർമ്മാവതാരം അങ്ങിനെ എത്ര എത്ര കഥകൾ .എത്രകേട്ടാലും മതിവരില്ല അതാണ് മുത്തശ്ശികഥകളുടെ സൌന്ദര്യം ! ഇന്ന് കഥ പറയുന്ന മുത്തശ്ശിമാരില്ല ,അത് കേൾക്കാൻ കാത്തിരിക്കുന്ന കുട്ടികളും . ആ മുത്തശ്ശി കഥകൾ പഠിപ്പിക്കുന്ന സംസ്ക്കാരവുമില്ല .