Tuesday, December 14, 2021

പള്ളിവേട്ട, പളളിക്കുറുപ്പ് [നാലുകെട്ട് - 352 ] "ഏകാദശി വിളക്ക് " ഗ്രാമവാസികൾക്ക് ആവേശം പകരുന്ന ഒരുത്സവമാണ്. ഊരാണ്മ കുടുംബാംഗങ്ങൾക്ക് ഒത്തിരി ദൈവിക ചടങ്ങുകളുടെ ഒരുത്സവമാണ്. കുട്ടിക്കാലത്ത് ഒരേ കാദശി വിളക്ക് കഴിഞ്ഞാൽ അടുത്തതിനുളള ഒരു വർഷത്തെക്കാത്തിരുപ്പാണ് പൂതൃക്കോവിലപ്പൻ്റെ പ്രസിദ്ധമായ ആറാട്ടിൻ്റെ തലേ ദിവസമാണ് ഏകാദശി വിളക്ക്. എട്ടു ദിവസത്തെ ഉത്സവത്തിൻ്റെ ആലസ്യത്തിൽ അതിൻ്റെ ചടങ്ങുകളിലേക്ക് കടക്കുന്നത് രസകരമാണ്. തന്ത്രവിധിപ്രകാരമുള്ള ചടങ്ങുകൾ കൊണ്ട് ക്ഷേത്രം പൂർണ്ണമായും ശുദ്ധീകരിച്ചു കഴിഞ്ഞാൽ പള്ളിവേട്ട ദിവസം ഭഗവാൻ പരിവാരസമേതം പുറത്തേക്ക് വേട്ടക്കിറങ്ങുന്നു. അർത്ഥ രാത്രിയോടെ പുറത്തെത്തുന്ന ഭഗവാന് മേള ഘോഷങ്ങൾ അവസാനിപ്പിച്ച് നിശബ്ദമായി വേട്ടയുള്ള അവസരം ഒരുക്കുന്നു. പ്രതീകാത്മകമായി ഒരു പന്നിയെ അമ്പെയ്താണ് വേട്ട. പണ്ടു രാജാക്കന്മാരുടെ മൃഗയാ വിനോദം പോലെ മൃഗങ്ങളെ കൊല്ലുകയല്ല പള്ളിവേട്ട കൊണ്ടുദ്ദേശിക്കുന്നത്. ഭഗവാൻ്റെ ചൈതന്യം ദേശവാസികൾക്ക് പകർന്നു നൽകി അവരുടെ ഉള്ളിലുള്ള ആസുര ഭാവത്തേയും, മഗീയവാസനകളേയും അറുതി വരുത്തുക എന്നതാണ് ഈ ചടങ്ങുകൾ കൊണ്ടുദ്ദേശിക്കുന്നത്.ദേശ ശുദ്ധിക്ക് ശേഷം ഭഗവാൻ ക്ഷേത്രത്തിലേയ്ക്ക് മടങ്ങുന്നു. പള്ളിവേട്ടയ്ക്ക് ശേഷം ഭഗവാന് വിശ്രമിക്കാൻ ശയ്യ ഒരുക്കുന്നു. പള്ളിക്കുറുപ്പിനുള്ളമെത്തതയാറാക്കി അതിൽ ഭഗവാനെ ഉറക്കുന്നു. അല്ലങ്കിൽ ഭഗവാൻ്റെ യോഗ നിദ്രക്കുള്ള സൗകര്യം ഒരുക്കുന്നു. മെത്തക്ക് ചുറ്റും മുളപൂജ കഴിഞ്ഞ് വളർന്ന തൈകൾ വച്ചു കണ്ടിട്ടുണ്ട്. പരിപൂർണ്ണ നിശബ്ദമായ അന്തരീക്ഷത്തിൽ ദീപാലങ്കാരങ്ങൾ കുറച്ച് ഭഗവാൻ യോഗ നിദ്രയിൽ ലയിക്കുന്നു.ആറാട്ടു ദിവസം രാവിലെ പള്ളിയുണർത്തൽ. പള്ളിയുണർത്തി അഭിഷേകം ചെയ്ത് ഗോമാ താവിനെ കണി കാണിച്ച് ഭഗവാനെ ശ്രീലകത്തിലേക്ക് ആനയിക്കുന്നു. ഉത്സവാഘോഷങ്ങൾ, ഭക്തിയുടെ നിറവിൽ മനുഷ്യമനസുകൾക്ക് ഉത്സാഹം നൽകുന്ന, ചൈതന്യം നൽകുന്ന ഉപാധി ആയി മാറുന്നതാണ് നമ്മൾ ഇവിടെ കാണുന്നത്.

മുളയിടൽ - മുളപൂജ. [നാലുകെട്ട് - 351]ഞങ്ങളുടെ ഉരാണ്മ ക്ഷേത്രമാണ് കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രം. ഗുരുവായൂർ ഏകാദശിയാണ് പ്രധാന ഉത്സവം.ഏകാദശി വിളക്കി നോടനുബന്ധിച്ച് എട്ട് ദിവസത്തേ ഉത്സവം ഉത്സവത്തിന് പ്രകൃതിയെ പൂജിച്ചാരാധിക്കുന്ന ഒരു ചടങ്ങുണ്ട്. മുളയിടൽ... പിന്നെ എട്ടു ദിവസം മുളപൂജ.കൊടിയേറ്റിന് ശേഷം അമ്പലത്തിനകത്ത് വടക്കുകിഴക്കേ മൂലയ്ക്ക് ഒരു "മുളയറ "ഒരുക്കുന്നു. പന്ത്രണ്ട് ഇനം വിത്തുകളാണ് വിഷ്ണു സങ്കൽപ്പമുള്ള ക്ഷേത്രങ്ങളിൽ. മുളയറയിൽ നാലുവശവും വാഴപ്പിണ്ടി വച്ച് അതിരു കെട്ടി അതിനകത്ത് പന്ത്രണ്ട് പാലികകളിൽ മണ്ണും ചാണകവും നിറച്ചുവയ്ക്കുന്നു. ചെമ്പു കൊണ്ടോ മണ്ണു കൊണ്ടോ ഉള്ള പാലികകളാണ് ഉപയോഗിക്കുക. രണ്ടു മൺകലങ്ങൾ അടുത്ത് വച്ചിരിയ്ക്കുo. ഒന്നിൽ വെള്ളവും, ഒന്നിൽ അമൃതിൻ്റെ പ്രതീകമായി പാലും മഞ്ഞളും ഉപയോഗിച്ച് കഴുകിയ വിത്തുകളും നിറക്കുന്നു. മന്ത്രോച്ചാരണത്തോടെ ഈ വിത്തുകൾ പാലികകളിൽ വിതക്കുന്നു. പിന്നീട് വിഷ്ണുവിനും ചന്ദ്രനുമാണ് പൂജ.സൂര്യപ്രകാശം അധികം കിടക്കാത്തിടത്താണ് മുളയറ ഒരുക്കുന്നത്. വെള്ളം കൊണ്ട് നനച്ച് ആദ്യ രണ്ടു ദിവസം വാഴയില കൊണ്ട് മൂടി അമർത്തി വയ്ക്കുന്നു. മുകളിൽ ഒരു കോടി മുണ്ട് വിരിക്കുന്നു. എട്ടു ദിവസവും പൂജയുണ്ട്. വിഷ്ണുവിന് ഞവര, ഉഴുന്ന്, എള്ള്, എവം തുടങ്ങി പന്ത്രണ്ട് ധാന്യങ്ങളാണ് വിതയ്ക്കുക. പ്രകൃതി പൂജയുടെ പ്രതീകമായ ഈ മുളപൂജ ഉത്സവത്തിൻ്റെ ഒരു പ്രധാന ചടങ്ങാണ്.ദേവ ചൈതന്യം മുളയിലേയ്ക്കാവാഹിച്ചാണ് പൂജ. ഉത്സവത്തിന് സമാപനമാകുമ്പഴേയ്ക്കും മുളനാമ്പുകൾ വലുതായിട്ടുണ്ടാവും. അത് അവസാനം ഭക്തജനങ്ങൾക്ക് വിതരണം ചെയ്യുന്നു.അങ്ങിനെ നമ്മുടെ പ്രകൃതിയേ എങ്ങിനെ ദേവ സങ്കൽപ്പവുമായി ബന്ധപ്പെടുത്താം എന്നും കൃഷിക്ക് ഉത്തേജനമായി ഇങ്ങിനെയുള്ള ചടങ്ങുകൾ മാറുന്നു എന്നതും നമ്മേ പഠിപ്പിച്ചുതരുന്നു..

Monday, December 13, 2021

തുളസീവനം [കാനന ക്ഷേത്രം - 20 ]     വളരെ അധികം ഔഷധ ഗുണമുള്ള ഒരു പുണ്യ സസ്യമാണ് തുളസി. ആകെ ഏഴു തരംതുളസിയാണുള്ളത്.ഏററവും പ്രധാനം രാ മ തുളസിയും കൃഷ്ണ തുളസിയും. കാനനക്ഷേത്രത്തിൽ മുല്ലക്കൽ ക്ഷേത്ര മതിൽക്കെട്ടിന് ചേർന്നൊരുക്കിയിരികുന്നിടത്താണ് "തുളസിവനം" വിഭാവനം ചെയ്തിരിക്കുന്നത്.രാമതുളസിയും കൃഷ്ണ തുളസിയും, കർപ്പൂരതുളസിയും ഇടകലർത്തിയാണ് കൃഷി ചെയ്തിരിക്കുന്നത്      ആൻ്റി ബാക്റ്റീരിയൽ, ആൻ്റി ഓക്സിഡൻ്റ്, ആൻഡി ഫംഗൽ, ആൻ്റി സെപ്റ്റിക് ഇങ്ങിനെ ഒരു പാട് ഗുണങ്ങളുള്ള തുളസി ഹിന്ദുവിശ്വാസമനുസരിച്ച് ഒരു പുണ്യ സസ്യമാണ്. തുലനമില്ലാത്തത് എന്നാണിതിൻ്റെ അർത്ഥം. സംസ്കൃതത്തിൽ ഇതിന് "ഭൂത്ഘനി " എന്നും പറയും. കരിനീലത്തണ്ടും ഇരുണ്ട പച്ചയിലയുമുള്ള കൃഷ്ണ തുളസി.പച്ചത്തണ്ടും പച്ചിലകളും ഉള്ള രാ മ തുളസി."ബാസിൽ കാംഫൽ " എന്ന തുളസി യിൽ നിന്നുൽപ്പാദിപ്പിക്കുന്ന സുഗന്ധതൈലം ഒരു ദിവ്യാവു ഷധം കൂടി ആണ്.     പത്മ പുരാണത്തിൽ തുളസിയേപ്പറ്റി ഒരു കഥയുണ്ട്. സരസ്വതീ ശാപത്താൽ ലക്ഷ്മിദേവി തുളസി ആയി ഭൂമിയിൽ അവതരിച്ചു.വൈഷ്ണവാംശമായ ശംഖചൂഡൻ എന്ന അസുരനെ വിവാഹം കഴിച്ചു.അസുര ശല്യം സഹിക്കാതായപ്പോൾ ദേവഗണങ്ങൾ അവനെ ഉൻമൂലനം ചെയ്യാൻ മഹാവിഷ്ണുവിനെ ചുമതലപ്പെടുത്തി. സ്വന്തം ഭാര്യ പതിവ്രത ആയിരിക്കുന്നിടത്തോളം കാലം ശംഖും ചൂഢനെ വധിക്കുക സാദ്ധ്യമല്ല. അങ്ങിനെ ഒരു വരം അവൻസായത്തമാക്കിയിട്ടുണ്ട്. മഹാവിഷ്ണു ശംഖചൂഡ ൻ്റെ രൂപത്തിൽ തുളസിയെ പ്രാപിക്കുന്നു. അങ്ങിനെ പിന്നീട് ശാഖചൂഡൻ വധിക്കപ്പെടുന്നു. പൂർവ്വജന്മം മനസിലാക്കിയ ലക്ഷ്മിദേവി വൈകുണ്ഠത്തിലേക്കു് മടങ്ങുന്നു.ലക്ഷ്മിദേവിയുടെ പൂർവ ശരീരം ഗന്ധ കി നദിയായി രൂപം പ്രാപിക്കുന്നു.ലക്ഷ്മിദേവിയുടെ തലമുടി തുളസിച്ചെടിയായി വളരുന്നു.എന്നു കഥ.        ഔഷധ പ്രധാനമായ തുളസി വിപുലമായി കൃഷി ചെയ്താൽ അതൊരു നല്ല ആദായ മാർഗ്ഗവും ആണ്.

Friday, December 3, 2021

കർണ്ണശപഥത്തിൽ കുന്തി ആയി ശ്രീ .ബാബു നമ്പൂതിരി.... ആസന്നമായ മഹാഭാരത യുദ്ധം. ദുര്യോധന ൻ്റെ വാമഭാഗം ഭാനുമതിയേ സമാധാനിപ്പിച്ച് കർണ്ണൻ ഗംഗാതീരത്തെത്തുന്നു. പതിവ് പ്രാർത്ഥനക്ക്. കർണ്ണൻ്റെ മനസും കലുഷമാണ്.അകാരണമായ ഒരു വിഷാദം."എന്തി ഹ മൻ മാനസേ ...'' വിഷാദ മഗ്ദനായിരിക്കുന്ന കർണ്ണൻ്റെ അടുത്തേക്ക് ദൂരെ നിന്ന് ഒരു സ്ത്രീരൂപം അടുത്ത വരുന്നത് കർണ്ണൻ ശ്രദ്ധിക്കുന്നു... അടുത്തു വന്നപ്പോൾ കർണ്ണന് അത്ഭുതമായി. കുന്തീദേവി. പാണ്ഡവരുടെ അമ്മ. മഹാഭാരതത്തിലെ ഏറ്റവും നാടകീയമായ, ആത്മ സംഘർഷം നിറഞ്ഞ നിമിഷമായി ആസമാഗമം. കൗരവരെ ഉപേക്ഷിച്ച് കർണ്ണൻ യുദ്ധത്തിൽ പാണ്ഡവരുടെ പക്ഷം ചേരണം അതാണ് കുന്തി ദാനമായിആവശ്യപ്പെട്ടത്. തൻ്റെ എല്ലാമെല്ലാമായ ദുര്യോധനനെ ഉപേക്ഷിച്ച് വരില്ലന്നു കർണ്ണൻ തീർത്തു പറഞ്ഞു. അവസാനം കുന്തി ആ സത്യം വെളിപ്പെടുത്തുന്നു. ഇതു വരെ ആരോടും പറയാത്ത ആ രഹസ്യം."ഓതുന്നേൻ ഒരു സത്യംതാതൻ നിനക്കടോ ആദിത്യ ദേവനല്ലോമാതാവ് ഞാനുമത്രേ." കർണ്ണൻഞട്ടിത്തെറിക്കുന്നു. യുദ്ധാനന്തരം അമ്മക്ക് അഞ്ചു പുത്രന്മാർ ജീവനൊടുണ്ടാകും എന്നുറപ്പുകൊടുക്കുന്നു. അർജ്ജുനനെ അല്ലാതെ മററു പാണ്ഡവരെ കൊല്ലില്ലന്നും. കുറിച്ചിത്താനം പൂതൃക്കോവിലിൽ ഏകാദശി വിളക്കിനൊടനുബന്ധിച്ച് കഥകളി.കർണ്ണശപഥം. സർവ്വകലാവല്ലഭനായ ശ്രീ.ബാബു നമ്പൂതിരിയാണ് കുന്തിയുടെ വേഷം ചെയ്യുന്നത് .ഈ ഇടെ കഥകളിയിൽ സജീവമായ അദ്ദേഹത്തിൻ്റെ സ്ത്രീവേഷം ആദ്യമാണ്. ഈ പ്രായത്തിലും അരങ്ങിനോടുള്ള അദ്ദേഹത്തിൻ്റെ അടങ്ങാത്ത അഭിവാഞ്ച അൽഭുതപ്പെടുത്തുന്നു. സിനിമയിലെ അവസരങ്ങൾ പലതും വേണ്ടന്നു വച്ചാണ് അദ്ദേഹം ഇപ്പോൾ കഥകളിയിൽ ശ്രദ്ധിക്കുന്നത്.ആ സമ്പൂർണ്ണ കലാകാരൻ്റെ അർപ്പണ മനോഭാവത്തിന് സാഷ്ട്ടാംഗ നമസ്ക്കാരം.കലാമണ്ഡലം ഭാഗ്യ നാഥുമായുള്ള ആ രംഗത്തിനായി കഥകളി പ്രേമികൾ കാത്തിരിയ്ക്കുന്നു.പി.ഡി.നമ്പൂതിരിയും, കാഞ്ഞിരക്കാട് നാരായണനും, കുറൂരും, മാർഗ്ഗി നാരായണനും ഒക്കെ ഒത്തുചേരുമ്പോൾ ഒരു നല്ല കഥകളി അനുഭവമായി അത് മാറും.