Friday, April 29, 2022

മഹാസുദർശന ഹോമം [ നാലുകെട്ട് - 36o].സുദർശനം എന്നാൽ നല്ല ദർശനം അല്ലങ്കിൽ നല്ല ദൃഷ്ട്ടി എന്നാണർത്ഥം. സാധാരണ സുദർശന ഹോമം തറവാട്ടിൽ നടത്താറുണ്ട്.മഹാസുദർശന ഹോമം അപൂർവമായും നടത്തിയിരുന്നു സുദർശ്ശനമൂർത്തി ആയ മഹാവിഷ്ണു മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളെ പരിഹരിക്കുന്നു എന്നാണ് വിശ്വാസം. 108 അക്ഷരങ്ങളുള്ള മഹാസുദർശ്ശനമൂർത്തിയുടെ മാലാമന്ത്രം ജപിച്ചാണ് ഏഴു തരം ദ്രവ്യങ്ങൾ ഹോമിക്കുന്നത്. കടലാടി, എള്ള്, എരിക്ക്, കണിക്കൊന്ന, പാതിരി, കുമ്പിൾ, ഹവിസ് ഇവയാണ് ദ്രവ്യങ്ങൾ. മന്ത്രം ജപിക്കുമ്പോൾ ബീജാക്ഷര മന്ത്രങ്ങൾ ഉറക്കെ ജപിയ്ക്കരുത് എന്ന് അച്ഛൻ പറഞ്ഞു തന്നതോർക്കുന്നു. 'കുട്ടിക്കാലത്ത് ആദ്യമൊക്കെ തെല്ല് ഭയത്തോടും പിന്നെപ്പിന്നെ ഒരു വല്ലാത്ത ആവേശത്തോടെയും ഇതിന് ദൃക്സാക്ഷി ആയതു് ഓർക്കുന്നു.

Wednesday, April 27, 2022

അഷ്ഠദ്രവ്യ ഗണപതി ഹോമം [നാലുകെട്ട് - 359] പണ്ട് തറവാട്ടിൽ ഗണപതി ഹോമം എന്നും ഉണ്ടാകും.നിത്യ ഹോമത്തിന് ഒരു നാളികേരം മതി. വേദാന്തവും ശാസ്ത്രവും സമന്വയിപ്പിക്കുന്ന അതിവിശിഷ്ഠമായ ചടങ്ങാണ് അഷ്ടദ്രവ്യ ഗണപതി ഹോമം. അതിന് 8 നാളികേരം, പഴം കരിമ്പ്, തേൻ, ശർക്കര, അപ്പം, മലർ, എള്ള് എന്നിവയാണ് ഉപയോഗിക്കുന്നത്. 108,336,1008 എന്നീ നാളികേരം കൊണ്ടും ഗണപതി ഹോമം കണ്ടിട്ടുണ്ട്. അത് കൂടാതെ ഒരോ തരം ദ്രവ്യങ്ങൾ ഒരോ ഫലശ്രുതിയ്ക്കായി ചെയ്തു കണ്ടിട്ടുണ്ട് പ്രയത്നങ്ങളുടെ പ്രതീകമാണ് ഗണപതി ഭഗവാൻ. ക്ഷിപ്രപ്രസാദി. ഏതു കാര്യങ്ങൾ ചെയ്യുമ്പഴും വിഘ്നംഅകറ്റേണ്ടത് അനിവാര്യമാണ്. അതിന് വിഘ്നേശ്വര പൂജയും ഗ ണപതി ഹോ മവും നടത്തി വരാറുണ്ട് ഹോമം അധവാ ഹവനത്തിന് വേറൊരു മൂല്യമുണ്ട്.ഇവിടെ ദ്രവ്യം അഗ്നിക്ക് സമർപ്പിക്കുകയാണ്. അഗ്നിദേവൻ പൂർണ്ണമായും അത് സ്വീകരിക്കുന്നു. അവിടെ സ്വാർത്ഥത കുറവാണ്. അഗ്നിയിൽ സമർപ്പിക്കുമ്പോൾ ഉള്ള ധൂമം ഒരൗഷധി ആയി നമ്മൾ സ്വീകരിക്കുന്നു. അത്രമാത്രം. പ്ലാവിൻ്റെ വിറകാണ് അഗ്നിജ്വലിപ്പിക്കാൻ ഉപയോഗിക്കുന്നത്

Thursday, April 14, 2022

ഇത് വിഷുപ്പക്ഷി ഇല്ലാത്ത നാട് ---- 'അച്ഛൻ കൊമ്പത്ത് ' ',അമ്മ വരമ്പത്ത് ' ',ചക്കയ്ക്ക്പ്പില്ല 'വിഷുപ്പക്ഷിയുടെ സംഗീതം .ആകാശത്തിൽ വളരെ ഉയരത്തിൽ പറക്കുന്ന ആ പക്ഷിയെ ഇന്നു കാണാനില്ല ! . വിളവുത്സവത്തിൽ വിള സമൃദ്ധി വിളിച്ചോതുന്ന ആ ഉത്തരായനക്കിളിയുടെ സ്വരതാളമില്ലാത്ത ഈ നാട് .ദുഃഖം തോന്നി . പാടത്ത് കതിരാകുന്നതിനുമുമ്പ് ആ കതിരുകാണാക്കിളി വിളംബരം നടത്തി പറന്നു നീങ്ങിയിരുന്നു . സമൃദ്ധമായമറ്റു സസ്യ വൃക്ഷജാലങ്ങളും ഇന്നു നാണ്യ വിളകൾക്കായി വഴിമാറി .റബ്ബറും ,ജാതിയും മതി എന്ന് നമ്മൾ തീരുമാനിച്ചു . കുന്നുകൾ ഇടിച്ചു നിരത്തി . പുഴകൾ നശിപ്പിച്ചു . എന്നിവിടെ വിശപ്പടക്കാനുള്ളതൊന്നും നമ്മൾ ഉണ്ടാക്കുന്നില്ല . "പിന്നെ എനിക്കെന്തിവിടെ കാര്യം " വിഷുപ്പക്ഷി ചോദിച്ചു ഞാനവനെ നോക്കി"പിന്നെ എനിക്കെന്തിവിടെ കാര്യം വീണ്ടും വിഷുപ്പക്ഷി യുടെ പരിവേദനം. ഞാൻ പോണു.ഇനി നമ്മൾ തമ്മിൽ കാണില്ല."കുറച്ചു കാലം കൂടി ക്ഷമിക്കൂ. നമുക്ക് പഴയ തനിമകൾ തിരിച്ചു പിടിയ്ക്കാം. മനുഷ്യൻ വിശപ്പിൻ്റെ വിളി അറിയുമ്പോൾ തന്നെ ഭക്ഷ്യയോഗ്യമായ കൃഷിയിലേക്കു തിരിയും. ആ സമൃദ്ധിയുടെ കാലം വിളംബരം ചെയ്യാൻ നീ ഇവിടെ വേണം" "വിത്തും കൈക്കോട്ടും "അവനാ പല്ലവി ഉരുവിട്ട് പറന്നകന്നു. അവന് വിശ്വാസം വന്നു കാണില്ല.പക്ഷെ എനിക്കുറപ്പുണ്ട് നമ്മൾ പഴയ കാലം തിരിച്ചുപിടിക്കുംഎല്ലാവർക്കും വിഷുദിനാശംസകൾ

Wednesday, April 13, 2022

മണ്ണയ്ക്ക നാട് കാവിൽ ഭഗവതി ക്ഷേത്രത്തിലെ ചാന്താട്ടു ബിംബം --[-നാലുകെട്ട് -3 63 ] കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രവും,മണ്ണയ്ക്ക നാട് ജലാധി വാസഗണപതിയും, കാവിൽ ഭഗവതിയും നമ്മുടെ കുംടുംബക്ഷേത്ര പരമ്പരയിൽ പെട്ടതാണ് ദാരികവധം കഴിഞ്ഞ് ശാന്തയായ ബാലഭദ്രയാണ് മണ്ണക്കനാട് കാവിൽ ക്ഷേത്രത്തിലെ പ്രതിഷ്ഠ. .അവിടെ "ദാരു ബിംബം " ആണ് .പ്ലാവിൽ നിന്നും ഒരുഭാഗം മുറിച്ചെടുത്താണ് അതുണ്ടാക്കുന്നത്‌ . മരം ഉണങ്ങാതിരിക്കണം . ഈ ചാന്താട്ടു ബിംബത്തിൽ അഭിഷേകമോ പൂജാദികളോ പതിവില്ല അതിന് മുമ്പിൽ പ്രതിഷ്ഠിച്ച കണ്ണാടി വിഗ്രഹത്തിലാണ്പൂജ ദാരു ബിംബത്തിൽ നിന്ന് കണ്ണാടി വിഗ്രഹത്തിലേക്ക് ദേവിയെ ആവാഹിച്ചിട്ട് പൂജ കഴിഞ്ഞ് തിരിച്ചും . അവിടെ "മുടിയേറ്റ് "പതിവില്ല ."തീയ്യാട്ട്‌ " മാത്രമേ ഉള്ളു. ' ചാന്താട്ടം 'അവിടുത്തെ അപൂർവ വഴിപാടാണ് . ഇതൊക്കെ അച്ഛൻ പറഞ്ഞുള്ള അറിവാണ് .അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട ഉപാസനാ മൂർത്തിയായിരുന്നു ആ പ്രസന്നവദനയായ ശാന്ത ഭാവത്തിലുള്ള ഭദ്ര . . ഇങ്ങിനെ ചാന്താട്ട ബിംബം ഉള്ള ദാരുബിംബ പ്രതിഷ്o യുള്ള കാവുകൾ അപൂർവമാണ് .ചെട്ടികുളങ്ങരയും , തിരുവാന്താംകുന്നിലും ഉണ്ടന്നറിയാം .നല്ല മൂത്ത തേക്കിൻ തടി മുറിച്ച് വേവിച്ച് ,അതിൽ നിന്നും വാറ്റിയെടുക്കുന്ന ചാന്ത് ആണ് ആടുന്നത് .ആടിയ ചാന്ത് പ്രസാദമായി കിട്ടും , അത് കുടുംബ ഐശ്വ്വര്യത്തിനും ,നെടുമങ്ങല്യത്തിനും നല്ലതാണത്രേ . "പോറക്കളത്തിൽ ഗുരുതിയും " അവിടുത്തെ തീയ്യാട്ടുമാണ് കുട്ടിക്കാലത്ത് എന്നെ ഏറെ സ്വാധീനിച്ചിരുന്നത് . അത് രണ്ടിന്റെയും വല്ലാത്ത നിറംപിടിപ്പിച്ച ചായക്കൂട്ടുകൾഅന്ന് എൻ്റെ ഉള്ളിൽ ഭയം ജനിപ്പിച്ചിരുന്നു .മുത്തശ്ശന്റെ കൈ പിടിച്ചു പാതി മറഞ്ഞു നിന്ന് "തെള്ളി "എറിയുന്നതും മറ്റും ഭയത്തോടെ കാണാറുള്ളത്‌ ഓർമ്മയിലുണ്ട്. ചാന്താട്ടം ഈ കാവിലെ ഒരു പ്രധാന വഴിപാടാണ്.

Tuesday, April 12, 2022

സേവ് സോയിൽ "സദ്ഗുരുവിൻ്റെ ഒരു ഗ്ലോബർ മൂവ്മെൻ്റ്...... ഞാൻ ഇഷാ ഫൗണ്ടേഷനിൽ ആകൃഷ്ടനായത് സദ്ഗുരു ജഗ്ഗി വാസുദേവിൻ്റെ "സേവ് റിവർ; പ്രോഗ്രാമിലൂടെ ആണ്. യോഗയും മെഡിറേറഷനും കൊണ്ട് ഇന്നർ എഞ്ചിനീയറി ഗിൻ്റെ സാദ്ധ്യതകൾ മനസ്സിലാക്കിത്തന്നപ്പോൾ കൂടുതലടുത്തു.മററ് ആദ്ധ്യാത്മിക വ്യക്തിത്വത്തേക്കാൾ അദ്ദേഹത്തിൻ്റെ പ്രകൃതി സ്നേഹവും അതിന് വേണ്ടിയുള്ള ഇടപെടലുകളുമാണ് എന്നെ അദ്ദേഹത്തിൻ്റെ ഒരു ഫോളോവർ ആക്കി മാറ്റിയത്. "സേവ് സോയിൽ "അദ്ദേഹത്തിൻ്റെ ഒരു ഗ്ലോബൽ മൂവ്മെൻ്റാണ്. ലണ്ടനിൽ നിന്നാരംഭിച്ച് ഇരുപത്തിനാലോളം രാജ്യങ്ങളിൽ മുപ്പതിനായിരം കിലോമീറ്ററോളം ബൈക്കിൽ സഞ്ചരിച്ച് ഭൂമിയിൽ മണ്ണ് സംരക്ഷിക്കപ്പെടേണ്ടതിൻ്റെ ആവശ്യം അദ്ദേഹം പറഞ്ഞു മനസിലാക്കും. ജലാശയങ്ങൾ സംരക്ഷിക്കപ്പെടേണ്ടതും, പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കണ്ടതിൻ്റെയും, മരങ്ങൾ നട്ടുവളർത്തണ്ടതിൻ്റെയും അങ്ങിനെ പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതിൻ്റെയും അനിവാര്യത അദ്ദേഹം ബോദ്ധ്യപ്പെടുത്തും ഈ വലിയ സംരംഭത്തിൽ നമുക്കും പങ്കാളിയാകാം. സർവ്വസംഗപരിത്യാഗികളായ ദന്തഗോപുരവാസികളായ സ്വാമിമാരിൽ നിന്ന് സദ്ഗുരു വ്യത്യസ്ഥനാകുന്നത് ഇതൊക്കെക്കൊണ്ടു തന്നെയാണ്.അദ്ദേഹത്തിൻ്റെ പൂർവ്വാശ്രമം എനിയ്ക്ക് പ്രശ്നമല്ല. ഇന്ന് അദ്ദേഹത്തിൻ്റെ കർമ്മപഥത്തെ ഞാൻ സ്നേഹിക്കുന്നു. ബഹുമാനിക്കുന്നു.

Saturday, April 9, 2022

ഘാണ്ഡവദഹനം [ കീശക്കഥകൾ - 164]. അവൻ ഒരു മൂളിപ്പാട്ടോടെ എൻ്റെ മുമ്പിൽ നൃത്തം വച്ചു. ഞാൻ കാര്യമാക്കിയില്ല. ഇതു തുടർന്നപ്പോഴും ഞാൻ ഗൗനിച്ചില്ല. അവസാനം എന്നെ വെല്ലുവിളിച്ച് എൻ്റെ എഴുത്തുമേശയുടെ അടിയിൽ ഒരു കൂടു കൂട്ടിത്തുടങ്ങി.സത്യത്തിൽ കൗതുകമായിരുന്നു. മനോഹരമായ അറകളോടുകൂടിയ ആ സൗധം ഒരു മുന്തിരിക്കുല പോലെ മേശയുടെ അടിയിൽ തൂങ്ങിക്കിടന്നു. അതിൻ്റെ പണിയുടെ ചടുലമായ പുരോഗതി എന്നെ അൽഭുതപ്പെടുത്തി. അതിലെ അംഗസംഖ്യ വർദ്ധിച്ചു വന്നു. കുളവിക്കൂടാണ്. അതു നശിപ്പിക്കുന്നതാണ് നല്ലത് പലരും പറഞ്ഞു. എന്തോ അതു നശിപ്പിക്കാൻ എനിക്കു മനസു വന്നില്ല. പക്ഷേ ഒരു ദിവസം അവൻ എന്നെ ആക്രമിച്ചു.കയ്ക്ക് നീരു വച്ചു.ഭയങ്കര വേദന ,കടച്ചിൽ. അവൻ്റെ വിഷമുള്ള് അവൻ എൻ്റെ ശരീരത്തിൽ നിക്ഷേപിച്ചാണ് പോയത്. കത്തിച്ചു കളഞ്ഞാലേ കാര്യമുള്ളൂ. പലരും പറഞ്ഞതാണ്. കൊല്ലാൻ മനസു വന്നില്ല. പകൽ സമയത്തു കുളവികൾ ഇല്ലാത്ത സമയത്ത് ദൂരെ നിന്ന് ആ കൂട് ഒരു കമ്പു കൊണ്ട് തട്ടിത്താഴെയിട്ടു. നിങ്ങളെക്കൊല്ലുന്നില്ല മനുഷ്യർക്ക് ശല്യമില്ലാത്ത എവിടെ എങ്കിലും പോയി ജീവിക്കു. കുറച്ചു കാലത്തേക്ക് അവനെക്കണ്ടില്ല.പക്ഷേ ഞാൻ കാണാതെ ജനലിൻ്റെ മുകളിലത്തെപടിയിൽ കർട്ടനു മറവിൽ അവൻ വേറൊരു വീടിൻ്റെ നിർമ്മാണം തുടങ്ങിയിരുന്നു. അവൻ എന്നെ വെല്ലുവിളിച്ച് എൻ്റെ ചുറ്റും നൃത്തം വയ്ക്കാൻ തുടങ്ങി.ഞാൻ അവൻ്റെ പുറകേ പോയി അവൻ്റെ വാസസ്ഥലം കണ്ടു പിടിച്ചു. ഒരു പ്രാവശ്യം കൂടി ക്ഷമിയ്ക്കും ഇനി എന്നെ ശല്യപ്പെടുത്തിയാൽ ഉന്മൂലനം.ഉറപ്പ് ആ കൂടുംതട്ടിത്താഴെയിട്ട് ദൂരെക്കൊണ്ടുക്കളഞ്ഞു. ആഴ്ച്ചകൾ കടന്നു പോയി. ഞാനവനെ മറന്നു. പക്ഷേ അവൻ മറന്നില്ല. ഇത്തവണ പൂമുഖപ്പടിയുടെ അടിയിൽ അവൻ്റെ അടുത്ത സംരംഭം തുടങ്ങിയിരുന്നു.അത് വളരെപ്പെട്ടന്ന് വലുതായി വലുതായി വന്നു. അവൻ ഇത്തവണ കൂടുതൽ പടയാളികളുമായാണ് പുറപ്പാട്. ഇനി ഘാണ്ഡവ ദഹനം തന്നെ. ഉറപ്പിച്ചു. അവനേ വളർത്തി വിട്ടാൽ ഞാൻ മാറിത്താമസിക്കണ്ടി വരും. രാത്രി ആയാൽ എല്ലാം കൂട്ടിൽക്കയറും. ഒരു ഡിഷിൽ നിറയെ കടലാസ് നിറച്ച് അതിൽ പെട്രോളൊഴിച്ച് സാവധാനം അതിൻ്റെ ചുവട്ടിലേക്ക് തള്ളി വച്ചു.പഴയ തടികൊണ്ടുള്ള ചാവടിയാണ്.അപകടമാണ്.മോട്ടറിനെറ് പൈപ്പിൻ്റെ അറ്റം അതനു മുകളിൽ ഉറപ്പിച്ചു.തീ അപകടം വിതച്ചാൽ മോട്ടോർ ഓൺ ചെയ്യാം.ഒരു തീപ്പൊട്ടിക്കൊള്ളി.ട്ടും! ഒറ്റ ആളൽ. അവൻ്റെ അരക്കില്ലം അന്തേവാസികൾ ഉൾപ്പടെ ഒരു പിടി ചാരം.മോട്ടർ ഓൺ ചെയ്ത് തീ കെടുത്തി. വല്ലാത്ത മനപ്രയാസം തോന്നി. വേണ്ടിയിരുന്നില്ല. അഗ്നിക്ക് സമർപ്പിച്ച് അർഘ്യം നൽകി ഘാണ്ഡവ ദഹനം അവസാനിപ്പിച്ചു.

Wednesday, April 6, 2022

മാമ്പഴപ്പുളിശ്ശേരി [ കീശക്കഥകൾ 163] തൊടിയിലെ ചന്ത്രക്കാരൻ മാവ് പൂത്തുലഞ്ഞതായിരുന്നു. പക്ഷേ പൂമുഴുവൻ പൊഴിഞ്ഞു പോയി. പക്ഷേ എനിയ്ക്കായി അങ്ങിങ്ങായി കുറച്ചു സൂക്ഷിച്ച് വച്ചിട്ടുണ്ടായിരുന്നു. വായൂ ഭഗവാൻ്റെ കൃപകൊണ്ട് അതിൽ കുറേ എണ്ണം ഭൂമിയിൽ ദാനമായി എനിക്കി'ട്ടു തന്നു. അവിടെ വച്ചുതന്നെ ഒരെണ്ണം കടിച്ച് ഈമ്പി ക്കഴിച്ചു. മാങ്ങയണ്ടി പറമ്പിൽ വലിച്ചെറിഞ്ഞു അടുത്ത തലമുറയ്ക്ക് വേണ്ടി അതവിടെക്കിടന്നു മുളച്ചു പൊങ്ങണം. കൊതി കൊണ്ട് അടുത്തതും കയ്യിലെടുത്തതാണ്. വേണ്ട... ഒരു മാമ്പഴപ്പുളിശ്ശേരി വയ്ക്കാം.അവ കഴുകി എടുത്തു.തൊണ്ട് കളഞ്ഞു. കുക്കറിൽ ഇട്ട് വെള്ളമൊഴിച്ചു. കുറച്ചു പച്ചമുളക് കീറിയിട്ടു. ഉപ്പും, കുരുമുളക് പൊടിയും പിന്നെ സ്വൽപ്പം മുളകുപൊടിയും അടച്ചു വച്ചു വേവിച്ചു. മോര് മഞ്ഞപ്പൊടിയിട്ട് കുറുക്കി വച്ചിട്ടുണ്ട് അത് അതിൽ ആവശ്യത്തിന് ചേർത്തു. ഒന്നുകൂടി അടച്ചു വച്ച് വേവിക്കാം. എല്ലാം ഒന്നു യോജിച്ച് പാകം വരട്ടെ. വറത്തി ടാനുള്ള തൊക്കെ തയ്യാറാക്കി വച്ചു. വാങ്ങി വച്ച് വറത്തിട്ട് മുകളിൽ ഉലുവാപ്പൊടി കൂടി വിതറുമ്പോൾ അതിൻ്റെ ഒരു ഗന്ധമുണ്ട്. ഹായ്.എന്നാൽപ്പിന്നെ ഒരു തഴുതാമത്തോരൻ കൂടി ആകാം. അത് ചീനച്ചട്ടിയിൽ ഇട്ട് അടച്ചു വച്ചു. സ്റ്റൗ കത്തിച്ചു. ഇനി കാത്തിരിപ്പ്. അപ്പഴാണ് ഒരു ഫോൺ വന്നത്. വിഷയം സാഹിത്യം. വിളിച്ചത് ഒരു വലിയ എഴുത്തുകാരൻ.ഹരം കയറി എത്ര സമയം സംസാരിച്ച ന്നറിയില്ല. ഫോൺ വിളി കഴിഞ്ഞും അതിൻ്റെ ഹാo ഗ് ഓവറിൽ കുറച്ചു സമയം. അയ്യോ എൻ്റെ മാമ്പഴപ്പുളിശ്ശേരി.ഓടിസ്റ്റൗവിനടുത്തെത്തി.അവിലെ ലോകത്തിലെ സമകാലീന ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം !എൻ്റെ മാമ്പഴപ്പുളിശ്ശേരി ഒരു കരിക്കട്ടയായി മാറിയിരിക്കുന്നു. തഴുതാമത്തോര ൻ്റെ കാര്യം അതിലും ദയനീയം. എൻ്റെ പ്രിയപ്പെട്ട കുക്കറിൻ്റെ കോലം പറഞ്ഞറിയിക്കാൻ വയ്യ. ആ വിധിയിൽ പ്രതിഷേധിച്ച് ഉവ്വാ സമാക്കാമെന്നു വരെ ചിന്തിച്ചു. വേണ്ട പട്ടിണി വേണ്ട. ആ കരിഞ്ഞ മാമ്പഴപ്പുളിശ്ശേരിയുടെ രൂക്ഷമായ ഗന്ധം ശ്വസിച്ച് മോരും ഉപ്പും ഒരു കന്താരിമുളകും കൂട്ടി ഊണ് പൂർത്തയാക്കി.

Friday, April 1, 2022

ആക്രി ക്കൊട്ടാരം ' [ കീശക്കഥക'ൾ - I62]    ഒരു സിനിമയുടെ തിരക്കഥയുമായാണ് മദ്രാസിൽ എത്തിയത് .ട്രയിനിൽ നിന്നിറങ്ങണ്ട സമയമായി ഒരു സ്ത്രീ ദയനീയമായി മുമ്പിൽ വന്നു കൈ നീട്ടി." വിശക്കുന്നതിനെന്തെങ്കിലും തരൂ സാറേ ." എന്തോ ആ സ്ത്രീരൂപം എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. എവിടെയോ കണ്ട ഓർമ്മ.മോഹിനി !  ഞാൻ ഞട്ടിപ്പോയി. ഇല്ല എനിക്ക് തെറ്റിയതാവും. വീണ്ടും ആ കൈ എ ൻ്റെ മുമ്പിൽ നീണ്ടു."മോഹിനി. നീ ഈ അവസ്ഥയിൽ "അവൾ ഞട്ടിത്തിരിഞ്ഞു നോക്കി. ആ കണ്ണിൽ കണ്ണുനീർ.ഉടൻ അവൾ കണ്ണു തുടച്ച് അപ്രത്യക്ഷമായി.       ഒരു കാലത്ത് തെന്നിൻഡ്യ അടക്കി വാണ മാദകത്തിടമ്പ് .സിനിമാ ലോകം അവൾക്ക് വേണ്ടി കാത്തു നിന്നു. ക്യാഷ്കുന്നു കൂടിയപ്പോൾ കൂട്ടുകാരും കൂടെ കൂടി. വിഷമം വന്നു പറഞ്ഞ വർക്കൊക്കെ വാരിക്കോരിക്കൊടുത്തു. പിന്നെ പിന്നെ മോഹിനിയെപ്പറ്റി ഒരു വിവരവും ഇല്ലായിരുന്നു. രോഗബാധിതയായി അവശത അനുഭവിക്കുന്നു എന്ന് ഒരിയ്ക്കൽകെട്ടു .       ട്രയിൻ നിന്നു.ഞാൻ ബാഗുമെടുത്ത് ആ രൂപം പോയ വഴിയെ വച്ചുപിടിച്ചു.തലമടി ചുറ്റിയ ആ കീറിയ ചുവന്ന ചോല എനിക്ക് വഴികാട്ടി. ഞാൻ അവരറിയാതെ അവരേ പിൻതുടർന്നു.പഴയ ബോഗികൾ കൂട്ടിയിട്ടിരിക്കുന്നിടത്തേക്കാണ് അവൾ പോകുന്നത്.' അവൾ ഒരു പഴയ ബോഗിയിൽക്കയറി. ഞാനും അവളെ പിൻതുടർന്ന് അതിനകത്തു കയറി. അവിടെ തു, രുമ്പെടുത്ത ആ സീററിൽ ഒരു സ്ത്രീരൂപം കൂഞ്ഞി കൂടി ഇരിക്കുന്നു."സത്യം പറയൂ നിങ്ങൾ മോഹിനി അല്ലേ.?" അവൾ തല ഉയർത്തി. അവളുടെ കണ്ണിൽ അത്ഭുതം. പ്രസിദ്ധ തിരക്കഥാകൃത്ത് നന്ദകുമാർ? അവളുടെ ക്ഷീണിച്ച സ്വരം."എന്തു പറ്റി' എങ്ങിനെ ഈ അവസ്ഥയിൽ?""ആരും അറിയാതെ ഈ നശിച്ച ജീവിതം അവസാനിപ്പിയ്ക്കാനായിരുന്നു ആഗ്രഹം. സാറ് പറ്റിച്ചു കളഞ്ഞു "" അന്ന് സിനിമയിൽ കത്തി നിന്ന കാലം. ക്യാഷ് കുന്നുകൂടിയപ്പോൾ പലരും അടുത്തുകൂടി. ആവശ്യക്കാർക്ക് വാരിക്കോരിക്കൊടുത്തു. കരുത്തനായ എൻ്റെ ഫിനാൻസ് മാനേജർ എൻ്റെ ഭർത്താവായി. അവിടെത്തുടങ്ങി എൻ്റെ ശനിദശ. പണക്കൊതിയനായ അങ്ങേർക്ക് വേണ്ടി പല വേഷവും കെട്ടി.അവസാനം എൻ്റെ സ്വത്തു മുഴുവൻ അവൻ കൈവശപ്പെടുത്തി. ഇ ന്നയാൾ ഒരറിയപ്പെടുന്ന പ്രൊഡ്യൂസറാണ്. എൻ്റെ കാശു കൊണ്ട് വലിയവനായവൻ എന്നെത്തഴഞ്ഞു. എൻ്റെ സിനിമാ ചാൻസുകൾ മുഴുവൻ തടസപ്പെടുത്തി. എനിക്ക് മാരക അസുഖമാണന്നു വരുത്തിത്തീർത്ത് എന്നെ സിനിമാലോകത്തു നിന്നു തന്നെ പുറത്താക്കി. ബലമായി ഡൈവോഴ്സ് വാങ്ങി.കൂടെ ഉള്ളവർ മുഴുവൻ വിട്ടു പോയി. വീണ്ടും സിനിമാ ചാൻസിനായി മുട്ടാത്ത വാതിലുകളില്ല. ആരും തിരിഞ്ഞു നോക്കിയില്ല. എൻ്റെ ഈ അവസ്ഥ ആരുമറിയാതെ ജീവിതം തീർക്കണം.     മോഹിനിയുടെ കഥ കേട്ടപ്പോൾ ഞട്ടിപ്പോയി.പോക്കറ്റിൽ നിന്ന് അയ്യായിരം രൂപ എടുത്ത് അവളുടെ നേരേ നീട്ടി. നിങ്ങൾ ഒരിയ്ക്കൽ സഹായിച്ചതുകൊണ്ടു മാത്രം രക്ഷപെട്ട ഒരാളാണ് ഞാനും. ഞാനിപ്പോൾ പ്പോകുന്നു. നിങ്ങളെപ്പൊലുള്ള കലാകാരന്മാരെ സഹായിക്കാൻ ഒരു വലിയ ആതുരാലയം തുടങ്ങിയിട്ടുണ്ട്.അടുത്ത ആഴ്ച്ചയാണ് ഉത്ഘാടനം. അവിടുത്തെ ആദ്യ അന്തേവാസി മോഹിനി തന്നെ ആകട്ടെ. ഞാൻ ആവശ്യമുള്ള പേപ്പറുമായി നാളെ ഈ നേരത്ത് ഇവിടെ വരാം ""വേണ്ട സാർ എൻ്റെ ഈ അവസ്ഥ ജനങ്ങളുടെ മുമ്പിൽ വെളിപ്പെടാൻ എനിക്ക് താത്പ്പര്യമില്ല.""അവിടെ നല്ല ചികിത്സയും ഭക്ഷണവും കിട്ടും.ക്രമേണ നമുക്ക് സിനിമാലോകത്തേക്ക് തിരിച്ചെത്താം " അവൾ ഒന്നും മിണ്ടിയില്ല. ഞാൻ പിറ്റേ ദിവസം കൃത്യ സമയത്തു തന്നെ റയിൽവേ സ്‌റ്റേഷനിലെത്തി.മോഹിനിയുടെ ആക്കിക്കൊട്ടാരത്തിനകത്തു കയറി. ഞാനുറക്കെ വിളിച്ചു. അയ്യോ..! ഞാൻ ഞട്ടിപ്പോയി.ആ പഴയ കമ്പാർട്ട്മെൻ്റിൻ്റെ തുരുമ്പിച്ച ഫാനിൽ മോഹിനി തൂങ്ങി നിൽക്കുന്നു.