Friday, March 31, 2023

ഡോ.ശിവകരൻ നമ്പൂതിരി - പുതിയ ഗുരുവായൂർ മേശാന്തി ഡോ.ശിവകരൻ ഇനി ഗുരുവായൂരപ്പനോടൊപ്പം.പുറപ്പെടാശാന്തി ആയി ഇനി ആറു മാസം .പൂജാകർമ്മങ്ങളിൽ അണുവിട തെറ്റാത്ത കാർക്കശ്യം. സാമവേദാചാര്യൻപാഞ്ഞാൾസുബ്രൻമണ്യൻ നമ്പൂതിരിയുടെ മകൻ അങ്ങിനെ ആയില്ലങ്കിലേ അൽഭുതമുള്ളു.ശ്രീ.സുബ്രൻമണ്യൻ നമ്പൂതിരി അറുപതു കൊല്ലം തുടർച്ച ആയി ഗുരുവായൂർ മുറജപം നടത്തിയിരുന്നു. എൺമ്പത്തി ഒമ്പതാം വയസിൽ മരിക്കുന്നത് വരെ മുടക്കം വരാതെ അതു തുടർന്നു. മുറജപം അത്ര എളുപ്പമായിരുന്നില്ല. രാവിലെ രണ്ടു മണിക്കു തുടങ്ങി ജലപാനം കഴിക്കാതെ പൂർത്തിയാക്കും.അന്നു വളരെ തുഛമായ തുകയാണ്. ദേവസ്വത്തിൽ നിന്നു കിട്ടിയിരുന്നത്. എങ്കിലും സന്തോഷത്തോടെ തൻ്റെ ഇഷ്ടദേവൻ്റെ സന്നിധിയിൽ അദ്ദേഹം അതു തുടർന്നിരുന്നു. അച്ഛൻ്റെ ആ കഠിന തപസിൻ്റെ ഒരു വരപ്രസാദം പോലെ ആയി ശിവകരൻ്റെ ഈ പുതിയ നിയോഗം. ഗുരുവായൂർ മേശാന്തി ആയി ഇന്ന് ചുമതല ഏൾക്കുന്നDr.ശിവകരൻ നമ്പൂതിരിക്കഭിനന്ദനം..... ഇന്ന് ലോകത്ത് സാമവേദം മുഴുവൻ അറിയാവുന്നവർ രണ്ടേ രണ്ട് പേർ.ശിവകരനും അദ്ദേഹത്തിൻ്റെ ഏട്ടനും.ശിവകരനുമായി ചാർച്ച കൊണ്ടും വേഴ്ച്ച കൊണ്ടും നല്ല അടുപ്പമുണ്ട്.പ്രഗൽഭ ആയുർവേദാചാര്യൻ, സാമവേദജ്ഞൻ, ഒരു നല്ല സൈക്കോളജിസ്റ്റ്, എഴുത്തുകാരൻ വാഗ്മി, പ്രഭാഷകൻ:അങ്ങിനെ ഒരു ബഹുമുഖ പ്രതിഭയാണദ്ദേഹം. മലയാള മനോരമയുമായി സഹകരിച്ച് സാമവേദം മുഴുവൻ റിക്കാർഡു ചെയ്ത് എഡിറ്റു ചെയ്ത് സി.ഡിയിലാക്കിയിട്ടുണ്ട്. അത് രാഷ്ട്രപതി ഭവനിൽ വച്ച് ബഹുമാനപ്പെട്ട രാഷ്ട്രപതിയാണത് പ്രകാശനം ചെയ്തത്. ഇന്ന് ആസിഡി വിപണിയിൽ ലഭ്യമാണ്. കേരളത്തിനകത്തും പുറത്തും അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടത്തിയയാഗങ്ങൾ ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.. :ഇന്നദ്ദേഹം കുറിച്ചിത്താനത്ത് ശ്രീധരി ഫാർമസിക്യൂട്ടിക്കലിൻ്റെയും നേഴ്സി ഗ് ഹോംമിൻ്റെയും ഉടമസ്തനാണ്. പ്രസിദ്ധ സാഹിത്യ കാരൻ ശ്രീ.എസ് .പി.നമ്പൂതിരിയുടെ മകൾ Dr. മജുവാണ് ഭാര്യ. ഡോക്ട്ടർമാരായ നന്ദിതയും, നിവേദിതയും മക്കളാണ്.

Wednesday, March 29, 2023

മുത്തശ്ശൻ സെൽഫ് സഫിഷ്യൻ്റ്: [ അച്ചു ഡയറി-502] മുത്തശ്ശാ അച്ചുവാണ് ഇപ്പോൾ സാധനങ്ങൾ വാങ്ങാൻ പോകുന്നത്. ആവശ്യമുള്ള സാധനങ്ങൾ വാങ്ങി സ്ക്കാൻ ചെയ്ത് കാർഡ് സയ്പ്പ് ചെയ്ത് പുറത്തിറങ്ങുംമ്പഴേയ്ക്കും അച്ഛൻ കാറും കൊണ്ടുവരും. പാച്ചുവിനെ കൂട്ടില്ല. അവൻ ആവശ്യമില്ലാത്ത തൊക്കെ വാങ്ങിക്കൂട്ടും.പിന്നെ വഴക്കാകും. നാട്ടിൽ മുത്തശ്ശൻ്റെ അടുത്തു വന്നപ്പോൾ അച്ചു അൽഭുതപ്പെട്ടു പോയി. അവിടെ ആരും കടയിൽപ്പോകുന്നില്ല. ആവശ്യമുള്ളതെല്ലാം അവിടെത്തന്നെ കൃഷി ചെയ്തുണ്ടാക്കും. അരിയും, ഉഴുന്നും, പയറും, മുതിരയും വെളിച്ചണ്ണയും നല്ലണ്ണയും എല്ലാം. തലയിൽ തേയ്ക്കാൻ എണ്ണകാച്ചി എടുക്കും.പല്ലു തേയ്ക്കാൻ ഉമിക്കിരി .സോപ്പിനു പകരം ഇഞ്ച.ഷാമ്പുവിന് പകരം താളി. മുത്തശ്ശൻ ഉണ്ടാക്കുന്നവെന്ത വെളിച്ചണ്ണയുടെ സ്മെല്ല് മറക്കില്ല. എന്തിന് കണ്ണെഴുതാനുള്ള മഷി വരെ. ഇനി അസുഖം വന്നാൽ.ചെറിയ പനിയും ചുമയും ഒക്കെ പറമ്പിലുള്ള ഔഷധച്ചെടി ഉപയോഗിച്ച് മാറ്റും. നിവർത്തിയുണ്ടങ്കിൽ ഡോക്ടറെ കാണില്ല. ആയൂർവേദം മാത്രം. എണ്ണയും, കുഴമ്പും, കഷായവും അവിടെത്തന്നെ ഉണ്ടാക്കാനറിയാം.മരുന്നുകൾ മുഴുവൻ ഇല്ലപ്പറമ്പിൽ നിന്നുകിട്ടും.എല്ലാവർക്കും കാപ്പിയാണ്. തൊടിയിൽ കാപ്പി കു രുപറിച്ച് വറത്തു പൊടിച്ച് കാപ്പിയുണ്ടാക്കും. പഞ്ചസാരയും ഉപ്പും മാത്രമേ വാങ്ങുന്നത് കണ്ടിട്ടുള്ളു. നെല്ലും, എള്ളും, ഉഴുന്നും ഒക്കെ കൃഷി ചെയ്തുണ്ടാകും.എത്ര തരം പഴങ്ങളാണ് പറമ്പിൽ .ശുദ്ധമായ പാല് , വെള്ളം, വയൂ.... അച്ചൂന് നാടാണ് മുത്തശ്ശാ ഇഷ്ട്ടം. മധുരത്തിന് തേനാണ് പ്രധാനം.ചില മരപ്പൊത്തുള്ളിൽ തേനീച്ച ക്കൂടുണ്ട്. അവിടുന്ന് തേനെടുക്കുന്നത് അച്ചു കണ്ടിട്ടുണ്ട്. അതുപോലെ അച്ചു വാഴച്ചുണ്ടിൽ നിന്ന് തേൻ കുടിച്ചിട്ടുണ്ട്. എല്ലാം കൊണ്ടും മുത്തശ്ശൻ സെൽഫ്സഫിഷ്യൻ്റാണ്

Sunday, March 26, 2023

എൻ്റെ സുകുമാരൻ സാറിന് നവതി ആശംസകൾ അനിയൻ തലയാറ്റും പിള്ളി എനിയ്ക്ക് വലിയ ആരാധന തോന്നുന്ന ചില വ്യക്തിത്വങ്ങൾ എൻ്റെ ജീവിതത്തിലേക്ക് വരാറുണ്ട്. അങ്ങിനെയാണ് ജസ്റ്റീസ് സുകുമാരൻ സാറുമായുള്ള അടുപ്പം രൂപപ്പെട്ടത്. കൂടുതൽ അടുത്തപ്പോൾ അടുപ്പത്തിൻ്റെ അകലം കുറഞ്ഞു കുറഞ്ഞു വന്നു. ആ ബഹുമുഖ വ്യക്തിത്വം എന്നെ വല്ലാതെ സ്വാധീനിച്ചു.ഈ തൊണ്ണൂറാം വയസിലും ചെറുപ്പക്കാരേക്കാൾ ഊർജിതമായി തൻ്റെ കാഴ്ചപ്പാടിനനുസരിച്ച് കർമ്മരംഗം വെട്ടിപ്പിടിക്കുന്നത് അൽഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. ,എൻ്റെ "അച്ചുവിൻ്റെ ഡയറി " വായിച്ചഭിപ്രായം പറയാനാണ് ആദ്യം വിളിച്ചത്. എനിയ്ക്കൽ ഭൂതം തോന്നി എൻ്റെ ആ പുസ്തകം എത്ര ഭംഗിയായാണ് അദ്ദേഹം വിലയിരുത്തിയത്. ഒരെഴുത്തുകാരന് കിട്ടിയ വലിയ ഭാഗ്യം!പിന്നെ എൻ്റെ ബാക്കി പുസ്തകങ്ങൾ അദ്ദേഹത്തിനയച്ചുകൊടുത്തു.കൂടെ എൻ്റെ "കാനന ക്ഷേത്രം " എന്ന ജൈവ വൈവിദ്ധ്യ ഉദ്യാനത്തിന്‌ ബ്രോഷറും വച്ചിരുന്നു. പ്രകൃതി സ്നേഹി ആയ അദ്ദേഹം കാനനക്ഷേത്രം സന്ദർശിക്കാൻ വീട്ടിൽ വന്നു.അത് എനിക്ക് ഒരു വലിയ അംഗീകാരമായിരുന്നു. ഹോർത്തൂസ് മലബാറിക്കയുടെ പ്രവർത്തനത്തിലും ഇൻസായിലും അദ്ദേഹത്തോടൊപ്പം കൂടി . എൻ്റെ "കൃഷ്ണൻ്റെ ചിരി "ഇൻ്റർനാഷണൽ ബുക്ക് ഫെയറിൽ അദ്ദേഹം പ്രകാശനം ചെയ്തു. അച്ചുവിൻ്റെ ഡയറിയുടെ മൂന്നാം ഭാഗം അദ്ദേഹത്തിൻ്റെ മുൻ കയ്യിൽ ഇൻസായുടെ ആഭിമുഖ്യത്തിൽ എറണാകളത്ത് പ്രകാശനം ചെയ്തു. പരിസ്ഥിതി പ്രവർത്തനവും എഴുത്തും സാധാരണക്കാർക്ക് പ്രയോജനപ്പെടുന്നതിന് ഇന്നും അക്ഷീണമായ പ്രവർത്തനത്തിലാണദ്ദേഹം.അദ്ദേഹത്തിൻ്റെ " നിയമവും ജീവിതവും " എന്ന പുസ്തകം സാധാരണക്കാർക്കു വേണ്ടി നിയമത്തിൻ്റെ നൂലാമാലകൾ മനസിലാക്കി കൊടുക്കുന്ന ഒരു അമൂല്യ ഗ്രന്ഥമാണ്. ഇനിയുമനേകം പൂർണ്ണ ചന്ദ്രന്മാരെക്കണ്ട് ആ ധന്യ ജീവിതം മുമ്പോട്ടു പോകട്ടെഎൻ്റെ സുകുമാരൻ സാറിന് നവതി ആശംസകൾ.... ഹൃദയത്തിൽ തൊട്ട്.

Wednesday, March 22, 2023

ശങ്കു [കീശക്കഥകൾ - 178] ശങ്കു ആണ് പത്രം കടിച്ചെടുത്ത കൊണ്ടുവന്ന് ചാരുകസേരയുടെ അടുത്തു വച്ചത്.ശങ്കു എൻ്റെ സന്തത സഹചാരി ആണ്. കാലൊടിഞ്ഞ് വഴിയരുകിൽ കിടന്ന അവനെ കൊണ്ടുവന്നു ചികിത്സിച്ചു ഭേദമാക്കി കൂടെ കൂട്ടി. അന്ന് ചെറിയ നായയായിരുന്നു. ഇന്നവൻ വളർന്നു വലുതായിരിക്കന്നു. ഈ വലിയ തറവാട്ടിൽ ധാരാളം കുടുംബക്കാരുമായുള്ള ആ നല്ല കാലമൊക്കെ കഴിഞ്ഞു. ഇന്നു കൂടെ ആരുമില്ല. കൂട്ടുകുടുംബത്തിൻ്റെ കാലം കഴിഞ്ഞു. ഭാര്യ മരിച്ചു.മക്കൊളൊക്കെ വിദേശത്ത് നല്ല നിലയിൽ കഴിയുന്നു. ഈ വിശാലമായ തൊടിയും ഇത്ര വലിയ തറവാടും പിന്നെ എൻ്റെ ശങ്കുവും. പറമ്പിനു ചുറ്റും വേലിയില്ല. ആർക്കു വേണമെങ്കിലും എതിലേ വേണമെങ്കിലും കയറാം. ചക്കയും മാങ്ങയും വിറകും എല്ലാം എടുക്കാം. അറിഞ്ഞനുവദിച്ച സൗജന്യം. പക്ഷേ ശങ്കു വലുതായപ്പോൾ കാര്യങ്ങൾ മാറി. ഒരാളെ അവൻ തൊടിയിൽ കയറ്റില്ല അവൻ്റെ കുരക്ക് അത്ര ശക്തി ആയിരുന്നു. അവൻ്റെ നോട്ടമെത്താത്ത സ്ഥലമില്ല. കടയിൽ നിന്ന് എനിയ്ക്കുള്ള സാധനങ്ങൾ വരെ അവനാണ് വാങ്ങിക്കൊണ്ടു വരുക. സഞ്ചിയിൽ ലിസ്റ്റ് എഴുതി കൊടുത്ത വിട്ടാൽ മതി എല്ലാം സഞ്ചിയിലാക്കിക്കൊടുക്കും അവൻ കടിച്ച് തൂക്കി കൊണ്ടുത്തരും. എൻ്റെ ആഹാരത്തിൻ്റെ ഒരു പങ്ക് അവനാണ്.പിന്നെ മാസത്തിലൊരിയ്ക്കൽ മാംസം കൊണ്ടു കൊടുക്കാൻ ഏർപ്പാടാക്കിയിരുന്നു. തൊടിയിൽ അങ്ങു ദൂരെ. പക്ഷേ അവൻ കഴിച്ചില്ല. ഞാൻ കൊടുത്തതേ അവൻ കഴിയ്ക്കൂ. ഇന്ന് ശങ്കുവിനെ കണ്ടില്ലല്ലോ? വിളിച്ചിട്ട് കേൾക്കുന്നുമില്ല. അടുത്തുള്ളവരൊക്കെ അവൻ്റെ ശത്രുക്കളാണ്. എന്തെങ്കിലും അനർത്ഥം. അന്നാകെ അസ്വസ്ഥത ആയിരുന്നു. ആഹാരം കഴിയ്ക്കാൻ തോന്നിയില്ല. രാവിലെ എഴുനേറ്റപ്പോൾ അവൻ്റെ കുര കേട്ടു .ഞാൻ വേഗം മുറ്റത്തെത്തി.അവൻ്റെ കൂടെ ഒരു നായകൂടിയുണ്ട്. അവൻ്റെ കൂട്ടുകാരി നന്നായി. എൻ്റെ കൂട്ട് ഒറ്റക്കാകില്ലല്ലോ? പക്ഷേ അവൾ കുറുമ്പി ആയിരുന്നു. അടുത്ത വീട്ടുകാർ പരാതി പറഞ്ഞു തുടങ്ങി. അവസാനം അവളെ തുടലിലിട്ടു.നല്ല നീളമുള്ള തു ട ലാ യി രു ന്നു. കുറേ ദൂരം ഓടിക്കളിയ്ക്കാം .ഒരു ദിവസം നിർത്താതെയുള്ള ശങ്കുവിൻ്റെ കുര കേട്ടാണുണർന്നത്. അവൻ കിനട്ടിനു ചുറ്റും ഓടിനടന്നു കരയ്ക്കുന്നു. ഞാൻ ഓടി കിനട്ടിൽ കരയിലെത്തി.ഞട്ടിപ്പോയി. കിനട്ടിൽ ശങ്കുവിൻ്റെ കൂട്ടു കാരി തുടലിൽ തൂങ്ങിക്കിടക്കുന്നു. അബദ്ധത്തിൽ വീണതാവാം. കരക്കെത്തിച്ചപ്പോഴേക്കും അവളുടെ ശരീരം നിശ്ചലമായിരുന്നു. അതിനെ കുഴിച്ചിട്ട സ്ഥലത്ത് അന്നു മുഴുവൻ ശങ്കു കഴിച്ചുകൂട്ടി. ആഹാരം കഴിച്ചില്ല. വിളിച്ചിട്ട് വന്നില്ല. കുററബോധം തോന്നി. ഒരുതരത്തിൽ ആ മരണത്തിന് കാരണം ഞാനാണ്. ക്രമേണ ശങ്കു പഴയ ശങ്കു വായി.പക്ഷേ എനിക്ക സുഖം ബാധിച്ചു കിടപ്പായി.ഡോക്ടർ വന്നു.. ഇനി എന്തെങ്കിലും ചെയ്യണമെങ്കിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണം: ഞാൻ സമ്മതിച്ചില്ല. മക്കളെ അറിയിക്കണ്ടേ. കൂടി വന്നാൽ നാലു ദിവസം അങ്ങയുടെ അസുഖം അങ്ങേക്ക് നന്നായറിയാമല്ലോ? ഇതുവരെ അസുഖവിവരം അവരിൽ നിന്നു മറച്ചു വച്ചില്ലെ ഈ സമയത്തെങ്കിലും വിളിച്ചു പറയൂ."വേണ്ട ഡോക്ട്ടർ ഇത്ര സീരിയസ് ആണന്നറിഞ്ഞാൽ എല്ലാം മാറ്റി വച്ച് അവർ വരും. എന്നിട്ട് ഞാൻ മരിച്ചില്ലങ്കിൽ! മരിക്കാൻ ആഗ്രഹിക്കുന്ന മക്കളേ എനിയ്ക്ക് കണണ്ടി വരും.. വേണ്ട ഡോക്ട്ടർ മരിച്ചിട്ട് വിവരം അറിയിച്ചാൽ മതി. ആ വക്കീലിനോട് വരാൻ പറയൂ.. ശങ്കു എൻ്റെ കട്ടിലിന്നരുകിൽ നിന്ന് മാറിയിട്ടില്ല എൻ്റെ സ്വത്തുവകകൾ എല്ലാം കൃത്യമായി വീതിച്ചു വച്ചു.ബാങ്കിലുള്ള അഞ്ച് ലക്ഷം എൻ്റെ ശങ്കുവിനാണ്. അവനേ നന്നായി നോക്കുന്നവന് അതിൻ്റെ പലിശ കൊണ്ടു നോക്കാം... രാവിലെ ശങ്കുവല്ലാതെ ഓലിയിടുന്നു.കാലൻ വരുന്നതാദ്യം അറിയുന്നത് ശ്വാനന്മാരാണ്. അവൻ അപകടം മണത്തു: ഞാൻ ശാന്തമായി കട്ടിലിൽ നിവർന്നു കിടന്നു. എൻ്റെ വലത്തു കൈ ശങ്കുവിൻ്റെ ചുമലിലാണ്. സാവനാനം കണ്ണടച്ചു. എന്നെന്നേക്കുമായി

Saturday, March 18, 2023

കടുമാങ്ങയുടെ കണക്ക് പുസ്തകം.[കീശക്കഥകൾ -177] ഇല്ലപ്പറമ്പിലെ ചന്ത്രക്കാരൻ പൂത്തു.നമ്പ്യാത്തൻ നമ്പൂതിരിയുടെ മനസു നിറഞ്ഞു.മഴക്കാറു വന്ന് കരി യാ തിരുന്നാൽ മതി.മാവിൻ്റെ ചുവട്ടിൽ ചപ്പ് ചവറിട്ട് പുകയ്ക്കണം പുക ചെന്നാൽ മാoമ്പൂ പിടിയ്ക്കും. കടുമാങ്ങയ്ക്ക് പറ്റിയ മാങ്ങയാണ് 'നല്ല ചനയുള്ള ഒന്നാന്തരം നാട്ടുമാങ്ങാ. ഇത്തവണ ചീനഭരണി നിറച്ചിടണം. ആ മോഹത്തിൽ തുടങ്ങി തടസങ്ങൾ . വലിയ മാവാണ് കയറിപ്പറിയ്ക്കണം. നാട്ടിലാകെ അതിനു പൊന്നവൻ ഒരാളെ ഉള്ളു. ചുള്ളി രാമൻ.ഏതു ചുളളിക്കമ്പിലും കയറി മാങ്ങാ പറിയ്ക്കും. ചുള്ളി വന്ന് മാവിന് ചുറ്റും നടന്നു.തമ്പുരാനെ ഇതിൽ നിറയെ നിശിറാണ് മരുന്നു തളിച്ച് രണ്ടു ദിവസം കഴിഞ്ഞ് പറിയ്ക്കാം. നിശിറ് മാറിക്കിട്ടും. മരുന്നു വാങ്ങാൻ അഞ്ഞൂറു രൂപയുമായി ചുള്ളി മുങ്ങി. പിന്നെ പൊങ്ങിയത് മൂന്നുദിവസത്തിന് ശേഷം .ഒരേണി വാങ്ങണം ഇവിടുത്തെ ഒടിഞ്ഞു പോയി: ഒരു ചെറിയ തോട്ടിയും. രണ്ടും കൂടെ നാനൂററി അമ്പത് രൂപാ മതി. അടുത്ത ദിവസം തന്നെ ഏണി കൊണ്ടു കെട്ടി. ഇനി വെയിലായി നാളെ വരാം.കള്ളുകുടിയ്ക്കാനെന്തെങ്കിലും .അങ്ങിനെ ഇരുനൂറ്റി അമ്പതു രൂപ കൂടി കൊടുത്തു. ഞാൻ തന്നെ പറ്റില്ല. ഒരാൾ കൂടി വേണം. എന്തെങ്കിലും ചെയ്യ്.മാങ്ങായ്ക്ക് വലുപ്പം കൂടുന്നതിനു മുമ്പ് വേണം. വലിപ്പം കൂടിയാൽ കടുമാങ്ങയ്ക്ക് കൊള്ളില്ല. പിറ്റേ ദിവസം ചുള്ളി മറ്റൊരാളെ കൂട്ടി വന്നു.. ചുവട് മുഴുവൻ കാടാണ്.. കാട് തെളിച്ച് കിളച്ചിടണം അല്ലങ്കിൽ താഴെ വീ ഴുന്ന മാങ്ങാ പൊട്ടിപ്പോകും. രണ്ടു പേരും കൂടി ചുവട് കിളച്ച് വൃത്തിയാക്കി.അതിന് രണ്ടായിരം രൂപയേ ചുള്ളി വാങ്ങിയുള്ളു.മഹാമനസ്ക്കൻ. ഇന്ന് വെയിലുറച്ചു നാളെ ഞായറാഴ്ച്ച.ഞായറാഴ്ച്ച മാവിൽക്കയറില്ല. തിങ്കളാഴ്ച്ച വരാം. നാട്ടിലെ പല മാവിലും ഏണി കെട്ടി വച്ചിട്ടുണ്ട് ചുള്ളി. നമ്മുടെ ഊഴം വരുമ്പോൾ ചുള്ളിവരും. കാത്തിരിക്കുക തന്നെ. അവസാനം ചുള്ളി അവതരിച്ചു. സഹായിയും ഉണ്ട്. മാങ്ങാ പറിച്ചു തന്നു. പകുതിയിൽ കൂടുതൽ വലിപ്പം കൂടി .രണ്ടു പേർക്ക് നാലായിരം. പിന്നെപ്പറുക്കിച്ചുവന്ന് എത്തിച്ചതിന് ഇരുനൂറ്റമ്പത് വേറെ .മുളക് കടുക് എണ്ണ നാലായിരം പൊടിച്ചു കൊണ്ടുവന്ന ചെലവ് ഉൾപ്പടെ .തമ്പുരാൻ ആ വലിപ്പം കൂടിയത് വേറേ ഭരണിയിൽ ഇട്ടാൽ മതി ചുള്ളിയുടെ ഉപദേശം': കഷ്ട്ടിച്ച് ഒരു ഭരണി നല്ല മാങ്ങ കിട്ടി. 'നമ്പ്യാത്തൻ നമ്പൂതിരി കണക്കു ബുക്കെടുത്തു. കണക്കു കൂട്ടി നോക്കി. ഒരു കിലോ കടുമാങ്ങയ്ക്ക് അഞ്ഞൂറു രൂപാ മുകളിലാകും. എന്നാലും നമ്മുടെ മാങ്ങായാണല്ലോ? നമ്പ്യാത്തൻ സമാധാനിച്ചൂ

Friday, March 17, 2023

ഋതുമതി [കീശക്കഥകൾ - 176] ഈശ്വരാ എൻ്റെ മോൾക്ക് പന്ത്രണ്ട് വയസേ ആയുള്ളു. അവൾ ഋതുമതി ആയിരിക്കുന്നു. പണ്ട് നമ്മുടെ തറവാട്ടിൽ എന്തെല്ലാം ചടങ്ങുകൾ. മാറി ഇരിയ്ക്കണം. ആരെയും തൊടാൻ പാടില്ല. ഒറ്റയ്ക്ക് കിടക്കണം. ആഹാരത്തിലും നിഷ്കർഷ.എല്ലാവരും രഹസ്യമായി അന്യോന്യം സംസാരിക്കുന്നു. നാലുകെട്ടിൻ്റെ മൂലയിലുള്ള ഒരു മുറിയിലേയ്ക്ക് എന്നെ മാറ്റി. ആരും എന്നോട് ഒന്നും പറയുന്നില്ല. എനിക്കെന്താ സംഭവിച്ചത്. മുത്തശ്ശി ആണ് അടുത്തുവന്നു പറഞ്ഞത് " കുട്ടി വലുതായി "ഒന്നും മനസിലായില്ല. പക്ഷേ അന്നു ബാത്തു റൂമിൽ വച്ചു കണ്ട രക്തം എന്നെ ഭയപ്പെടുത്തിയിരുന്നു. വല്ലാത്ത ഉൽഘണ്ട. സങ്കടം: എല്ലാം കൂടി കരച്ചിൽ വന്നു.അമ്മയുടെ ചൂടുപറ്റി കിടന്നു ശിലിച്ച ഞാനിന്ന് ഒറ്റക്ക് ഒരു മുറിയിൽ .കൂട്ടിന് നാണിത്തള്ളയുണ്ട്. അവരുടെ മുറുക്കിച്ചുംപ്പിച്ച പല്ലിലെകറപോലും എനിക്ക് വെറുപ്പണ്ടാക്കി. അന്നെനിക്കു വന്ന വിഷമം എൻ്റെ കുട്ടിയ്ക്ക് വരരുത്. നല്ല ജോലിയുമായി നാട്ടിൽ നിന്ന് വിട്ട് ഈ ആധുനിക ലോകത്ത് ജീവിക്കുന്ന എനിയ്ക്ക് ഇതെങ്ങിനെ എൻ്റെ കുട്ടിയോട് സംസാരിയ്ക്കണമെന്നറിയില്ല. ഞാൻ വളർന്ന സാഹചര്യത്തിൻ്റെ എന്തൊക്കെയോ ഉള്ളിൽ അവശേഷിച്ച പോലെ.പക്ഷെ പറഞ്ഞു കൊടുത്തില്ലങ്കിൽ അവൾ ഭയപ്പെട്ടാലോ. ചിലർക്ക് മാനസികമായിപ്പോലും ബാധിക്കും. ആ ഉൽഘണ്ടയും സങ്കടവും എൻ്റെ കുട്ടിയ്ക്ക് ഉണ്ടാകരുത് ഞാൻ മോളെ അടുത്തു വിളിച്ചു "മോളെ അമ്മ ഒരു കാര്യം പറയട്ടെ?""എന്താ അമ്മേ ""നിനക്ക് ടീനേജ് ആയപ്പോൾ സംഭവിക്കുന്നതാണിതൊക്കെ. അതോർത്തു നീ വിഷമിക്കണ്ട; " അവൾ എൻ്റെ നേരെ നോക്കി.ആ ഓമന മുഖം അരുണാഭമാണ്.അങ്ങിങ്ങ് മുഖക്കുരുക്കൾ ഉണ്ട്.. എങ്ങിനെയാ ഈ കുട്ടിയെ ഇതൊക്കെപ്പറഞ്ഞു മനസ്സിലാക്കുക. എനിയ്ക്കാകെ വിഷമമായി ' അവൾ പൊട്ടിച്ചിരിച്ചു. "അമ്മ എൻ്റെ പീരിയഡിനേപ്പറ്റിയാണോ പറയാൻ ശ്രമിക്കുന്നത്. ഇത് ഈ ടീനേജിൽ പെൺകുട്ടികൾക്ക് ഇതൊക്കെ സ്വാഭാവികമല്ലെ .ഞാനിതിനെപ്പറ്റി ധാരാളം വായിച്ചിട്ടുണ്ട് പഠിച്ചിട്ടുണ്ട്. ഞാനും ഏട്ടനും കൂടി ഇതു പലതവണ ഡിസ്ക്കസ് ചെയ്തിട്ടുണ്ട്. " ഞാൻ വാ പൊളിച്ചിരുന്നു പോയി. ഇന്നത്തേ കുട്ടികൾ എല്ലാം മനസ്സിലാക്കുന്നു. അവൾ അവളുടെ ഏട്ടനുമായി അത് ചർച്ച ചെയ്തിരിക്കുന്നു. എനിയ്ക്ക് എന്നോട് തന്നെ പുഛം തോന്നി. ഞാൻ വല്ലാതങ്ങ് ചെറുതായപോലെ. "ഞനിപ്പോൾ ബയോളജിയ്ക്കൽ ക്ലോക്കിനെപ്പറ്റിയും, പി.എം.എസിനെപ്പാറ്റിയും മനസിലാക്കിയിട്ടുണ്ട്. ഈ വിഷയത്തെപ്പറ്റി ഒരു റൈറ്റ്അപ്പ് തയാറാക്കിയിട്ടുണ്ട്. നാളെ സ്കൂളിൽ സമർപ്പിക്കാനാണ്. അവൾ ഒരു ബുക്കെടുത്തു കയ്യിൽത്തന്നു.അമ്മ ഒന്നു വായിച്ചു നോക്കൂ ....

Tuesday, March 14, 2023

പാം ജ്യുമൈറ - മനോഹരമായ ഒരു കൃത്രിമ ദ്വീപ് [ദുബായി ഒരത്ഭുതലോകം .57] അറബിനാടുകളുടെ ഒരു സ്വകാര്യ അഹങ്കാരമാണ് ഈ ന്തപ്പനകൾ. ഒരു വലിയ ഈന്തപ്പനയുടെ ആകൃതിയിൽ സമുദ്രത്തിൽ ദൂ ബായി അതി മനോഹരമായ മൂന്നു ദ്വീപുകൾ നിർമ്മിച്ചെടുത്തു. പാം ജുമൈറ, പാം ജബൽ അലി, പാം ഡയാറ. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിതമായ ദീപാണ് പാം ജുമൈറ .വരുണ ദേവൻ പോലും കോപിയ്ക്കില്ല. അത്ര മനോഹരമാണ് അതിൻ്റെ നിർമ്മിതി., കടലിനെത്തടഞ്ഞു നിർത്തി ഈന്തപ്പനയുടെ ആകൃതിയിൽ നിർമ്മിച്ച ഈ ദ്വീപിൻ്റെ കൈവഴിക്കിടയിലൂടെ വലിയ തിരയുടെ ശല്യമില്ലാതെ ബോട്ടിൽ സഞ്ചരിയ്ക്കാം. സ്പീഡ് ബോട്ടിൽ ആ സമുദ്രത്തിലൂടെയുള്ള യാത്ര ത്രില്ലിഗ് ആണ്. അവസാനം അവർ സമുദ്രത്തിലൂടെ കുറെ ഉള്ളിലേയ്ക്ക് കൊണ്ടു പോകും. ഉൾക്കിടിലമുണ്ടാക്കുന്ന യാത്ര. വിമാനത്തിൽ ദൂ ബായിയോടുക്കുംമ്പോൾത്തന്നെ ഉയരത്തിൽ നിന്നതാസ്വദിയ്ക്കാം .ഒരു ഡച്ചു കമ്പനിയാണ് അത് രൂപകൽപ്പന ചെയ്തത്.കരഭൂമി അഞ്ഞൂറ്റി ഇരുപതു കിലോമീറ്ററോളം വർദ്ധിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. ലോക പ്രസിദ്ധ ഹോട്ടലുകൾ മുഴുവൻ അവിടുണ്ട്. അതിനൊക്കെ തിലകക്കുറി ആയി അറ്റ്ലാൻ്റിസ് ഹോട്ടൽ.വെറും ആറു വർഷം കൊണ്ടാണവർ ഈ ലോകാത്ഭുതം നിർമ്മിച്ചെടുത്തത്. ആഹാര പ്രിയർക്കി വിടം പറുദീസയാണ്. ലോകപ്രസിദ്ധ ആഹാര വിഭവങ്ങൾ മുഴുവൻ ഇവിടെ ആസ്വദിയ്ക്കാം. ദൂബായിലെ ലോക പ്രസിദ്ധമായ സ്ക്കയ് ഡൈവി ഗിൽ താഴേക്ക് പൊരുമ്പോൾ പാം ജുമൈറയുടെ മുകളിൽ നിന്നവർഉൾപ്പെയുള്ള യു ള്ള ഒരു ഫോട്ടോ എല്ലാ സാഹസികരുടേയും ഒരു മോഹമാണ്. ദ്വീപിലേക്ക് എത്തിപ്പെടാൻ എല്ലാ മാർഗ്ഗങ്ങളും അവർ സൗകര്യപ്പെടുത്തിയിട്ടുണ്ടങ്കിലും കടലിൽക്കൂടി സ്പീഡു ബോട്ടിലുള്ള യാത്രയാണ് അവിസ്മരണീയം .അത് കഴിഞ്ഞ് 'അവർ സമുദ്രമദ്ധ്യത്തിലേക്കൊരു യാത്രക്കുണ്ട്.ഉൾക്കിടിലമുണ്ടാകുന്ന ഒരു യാത്ര. ഹോട്ടലുകൾ കൂടാതെ സ്വകാര്യ വ്യക്തികൾക്കും അവിടെ വില്ലകൾ വാങ്ങാം. എഴുപത്തിരണ്ടു കോടി വരെ വിലയുള്ള വില്ലകൾ ഉണ്ട്. ആഡംബരത്തിൻ്റെ അവസാന വാക്ക് .സമുദ്രത്തെയും സമുദ്രതീരത്തേയും ഇത്ര ഭാവനാപൂർണ്ണമായി വിനോദസഞ്ചാരത്തിനുപയോഗിക്കുന്ന രീതി കണ്ടു പഠിക്കണ്ടതാണ്

പൊടിയരിക്കഞ്ഞീം, ചുട്ടപപ്പടവും ,കടുമാങ്ങയും [ദൂബായി- 58] രണ്ടു മാസത്തെ ദൂബായ് വാസം .അവിസ്മരണീയം. ആഹാരം, വ്യാപാരം, സഞ്ചാരം ഇതൊക്കെ ആയിരുന്നു പരിപാടി. പ്രത്യേകിച്ചും ആഹാരം.നമുക്ക് പരിചയമില്ലാത്ത ആയിരക്കണക്കിന് വിഭവങ്ങൾ. വിവിധ രീതിയിലുള്ള പാചകം. അവിടെ എല്ലായിടത്തും തന്നെ അടുക്കള സുതാര്യമാണ്. നല്ല വൃത്തിയും വെടിപ്പമുള്ള അടുക്കള '. മനസിൽ പിടിക്കാത്തതു പോലും ആ പാചകരീതി കണ്ടാൽ കൊതിയോടെ കഴിച്ചു പോകും. അങ്ങിനെ ഈ പാവം യാത്രനമ്പൂതിരി ഭക്ഷണത്തിൽ പുലർത്തിയിരുന്ന ചാരിത്രം മുഴുവൻ നഷ്ടപ്പെട്ട്, കിട്ടുന്നതെല്ലാം കഴിച്ച് രണ്ടു മാസം . ഇവിടെ ഡോക്ടർമാർ ഭയപ്പെടുത്തുന്ന കൊളോസ്റ്റ റോൾ, ഡയബറ്റിക്, അൾസർ, ഗ്യാസ്, പൈൽസ് ഇതൊന്നും അവിടെ ആരേയും ഭയപ്പെടുത്തിയിരുന്നതായി തോന്നിയില്ല. കാരണം കിട്ടുന്ന ഭക്ഷണത്തിൻ്റെ ഗുണനിലവാരം പരിശോധിയ്ക്കാൻ അവിടെ കടുത്ത സംവിധാനം ഉണ്ട്. ഭക്ഷണത്തിലെ മായം പിടിക്കപ്പെട്ടാൽ കൊലപാ തകത്തിന് സമാനമായ കുറ്റമാണ്. അതു കൊണ്ട് എല്ലാവരും മനസമാധാനത്തോടെ ഭക്ഷണം കഴിക്കുന്നു. ഫുഡ് ടൂറിസം ഇത്ര ഭംഗിയായി കൈകാര്യം ചെയ്യുന്ന വേറൊരു രാജ്യം ഇതുപോലെ ഉണ്ടന്നു തോന്നുന്നില്ല. അതു കൊണ്ട് തന്നെ ഇവിടെ ഇപ്പോൾ മദ്യവും നിഷിദ്ധമല്ല. പക്ഷേ നാട്ടിലെത്തിയപ്പോൾ ഒരു പൊടിയരിക്കഞ്ഞി കുടിയ്ക്കാൻ മോഹം.നല്ല നാടൻ ചെമ്പാവിൻ്റെ കുത്തരിയുടെ പൊടി അരി! നന്നായി വെന്ത ചൂടുകഞ്ഞിയിൽ തുമ്പപ്പൂവും, നാളികേരം ചിരകിയതും നെയ്യും ഉപ്പും കൂട്ടി ഇളക്കി., ചുട്ട പപ്പടവും കടുമാങ്ങയും കൂട്ടി ഒരു പിടി .ഏത് ഇൻ്റർ കോണ്ടിനൻ്റൽ വിഭവവും തോറ്റു പോകും. അല്ലങ്കിൽ അമ്പലത്തിലെ നിവേദ്യം. ഉണക്കലരിയുടെ ചൊറ് കട്ടത്തയിര് കൂട്ടി ഉപ്പും കാന്താരിമുളക് പൊട്ടിച്ചതും ചേർത്ത് .കൂടെ കായ്യ് കൊണ്ടൊരു മെഴുക്കുപുരട്ടിയും. ഒരു കൊണ്ടാട്ടം മുളകും അവിടെ ആഹാര രീതിയിൽ അർമ്മാദിച്ചു നടക്കുമ്പഴും ഇതൊക്കെ മോഹിച്ചിട്ടുണ്ട്. നല്ല ചിൽഡ് ബിയറിന് പകരം കരിങ്ങാലി വെള്ളവും .... പരമാനന്ദം:

Saturday, March 11, 2023

വിടപറയും മുമ്പേ ....[ ദൂബായി ഒരൽഭുതലോകം] അറബിക്കഥകളിലെ ആയിരൊത്തൊന്നു രാവുകളില്ലങ്കിലും ആയിരത്തി അഞ്ഞൂറു മണിക്കൂറുകൾ! ദൂബായി എന്ന മാദക സുന്ദരിയെ അടുത്തറിയാൻ ആ സമയം ധാരാളം. ഇനി വിട പറയാറായി. ഉള്ളിലൊരു ദു:ഖം, ചെറിയ ഒരു നീററൽ, ഒരു ചെറിയ തേങ്ങൽ. വേർപാടിൻ്റെ ദു:ഖം. തുഷാരയും ഹരികൃഷ്ണനും ആദിയും ആമിയു മൊത്ത് രണ്ടുമാസം. എല്ലാത്തിരക്കുകളും മാറ്റി വച്ച്., എല്ലാ ദു:ഖത്തിനും അവധി കൊടുത്ത് ആസ്വദിച്ച രണ്ടു മാസം. എല്ലാം പെട്ടന്നവസാനിച്ച പോലെ. സംഭവബഹുലമായ അറുപതു ദിവസം പെട്ടന്നുതീർന്നു പോയ പോലെ. കാണാനൊത്തിരിമാറ്റി വച്ച്, കണ്ടതു തന്നെ എഴുതാൻ ബാക്കി വച്ച്.വിട .ഒരു പുസ്തകത്തിനുള്ളതായി എന്ന തൃപ്തിയോടെ വിട. ബാക്കി രണ്ടാമൂഴത്തിൽ. എത്തും. അന്ന് ദൂബായി പുതിയ വിഭവങ്ങൾ ഒരുക്കി കാത്തിരിപ്പുണ്ടാകും എന്ന വിശ്വാസത്തോടെ. എൻ്റെ " യാത്രാ നുറുങ്ങുകൾ " എന്ന യാത്രാവിവരണ പരീക്ഷണത്തിലെ രണ്ടാമത്തെ ബുക്കാണ് "ദൂബായ് ഒരൽഭുതലോകം ".അമേരിയ്ക്കാ ഇംഗ്ലണ്ട് യാത്രാവിവരണത്തിൻ്റെ വിജയത്തിൻ്റെ പ്രചോദനം ഉൾക്കൊണ്ട് അടുത്ത സംരംഭം.ലോക പ്രസിദ്ധ സഞ്ചാരി ശ്രീ സന്തോഷ് ജോർജ് കുളങ്ങര അന്നതിന് അവതാരിക തന്നനുഗ്രഹിച്ചിരുന്നു. ഇതിനും അദ്ദേഹത്തിൻ്റെ അനുഗ്രഹാശി സോടുകൂടിയാണ് പുറപ്പെട്ടത്.ഈ നാടിൻ്റെ എല്ലാ പ്പരിഗണനയും പരിലാളനവും എനിയ്ക്ക് കിട്ടി .ഇനി വിട. തത്ക്കാലം വിട. രണ്ടാമൂഴത്തിന് ഇനിയും വരാമെന്ന പ്രതീക്ഷയോടെ.. . വിട.

Wednesday, March 8, 2023

സർബനിയാസ് ഐലൻ്റിലെ പുലിമടയിലേയ്ക്ക് [ ദൂബായി ഒരത്ഭുതലോകം .56] ഇനി അപകടകാരികളായ ചീറ റപ്പുലികളുടെ ഇടയിലേക്ക്.നമ്മുടെ വണ്ടിക്ക് മുമ്പിൽ ഭീമാകാരമായ ഒരു ഇരുമ്പ് ഗയ്റ്റ്. ജൂറാസിക്ക് പാർക്കിനെ ഓർമ്മിപ്പിച്ച് ' കറകറ " ശബ്ദത്തോടെ ഗേററ് സാവകാശം രണ്ടു വശങ്ങളിലേക്കും തെന്നിമാറി. നമ്മൾ അകത്തു കടന്നതും വാതിൽ പുറകിൽ അടഞ്ഞു. അവിടെ ഒരു ഗാർഡുണ്ട്. ഒററ തിരിഞ്ഞ് ഓടി നടക്കുന്ന മാനുകൾ'ചീറ്റപ്പുലിക്കുവേണ്ടിയുള്ള ബലിമൃഗങ്ങൾ' അവയുടെ കണ്ണുകളിലെ ഭയം എൻ്റെ ഹൃദയത്തിലെയ്ക്ക് അരിച്ചിറങ്ങി. എപ്പോൾ വേണമെങ്കിലും ഒരു പുലി ചാടി വീഴാം. വണ്ടിയുടെ തുറന്ന വശങ്ങളിൽ നിന്ന് ഒരാളെ ചാടിപ്പിടിച്ചു കൊണ്ടുപോവുകയും ചെയ്യാം. നമ്മുടെ സാരഥിക്ക് ഒരു കുലുക്കവുമില്ല. വിശക്കുന്ന പുലിയെ മാത്രം പേടിച്ചാൽ മതി.അല്ലങ്കിൽ പ്രത്യാക്രമണം: നമ്മൾ അവരേ ഉപദ്രവിയ്ക്കാതിരുന്നാൽ മതി. അവയ്ക്ക് വിശക്കുന്നുണ്ടോ എന്നു നമ്മൾ എങ്ങിനെ അറിയും. മുമ്പോട്ട് പോയപ്പോൾ ഒരു മാൻപേടയുടെ ചോര ഒലിപ്പിച്ച മൃതദേഹം. പകുതിയോളം പുലിക്ക് ഭക്ഷണമായിരുന്നു. ബാക്കി കഴുകൻ കൊത്തി വലിയ്ക്കുന്നു. കൊല കഴിഞ്ഞിട്ട് അധികനേരമായില്ല. അടുത്തെവിടെയോ ആ കൊലയാളി യുണ്ട്.ഞട്ടിപ്പോയി വഴിയരുകിൽ രണ്ടു ഭീമാകാരികൾ.അമൃതേത്ത് കഴിഞ്ഞ് വെയിലത്ത് നീണ്ട് നിവർന്നു കിടക്കുകയാണ്. നമ്മളെക്കണ്ടതും ഒരുത്തൻ തലപൊക്കി നോക്കി. അവൻ്റെ വായിൽ ഇപ്പഴും ചുടുചോര ഒലിയ്ക്കുന്നുണ്ട്. വെയിലത്ത് അവൻ്റെ കോൺപല്ലുകൾ ചോര നിറത്തിൽ തിളങ്ങി. അവന്റെ കുതിപ്പിൽ നമ്മളിൽ ഒരാളെപ്പിടിക്കാം. അത്ര അടുത്താണവൻ. ആവശ്യമുള്ളവർക്ക് ഫോട്ടോ എടുക്കാം. ഫ്ലാഷ് വേണ്ട. കൈ പുറത്തിടരുത്. രണ്ടും പതുക്കെ എഴുനേറ്റു. ഉടനേ വണ്ടി സാവധാനം മുന്നോട്ടു പോയി. അര മണിക്കൂർ കൊണ്ട് ഒരു പ്രകാരത്തിൽ ആ പുലിമടയിൽ നിന്ന് രക്ഷപെട്ടു. ഞങ്ങളുടെ പുറകെ രക്ഷ പെടാൻ ശ്രമിച്ച രണ്ട് നിസ്സഹായരായ രണ്ടു മാൻപേടകളെ തടഞ്ഞ് വണ്ടിയുടെ പുറകിൽ ഗെയ്റ്റSഞ്ഞു. ആ ബലിമൃഗങ്ങളുടെ കാതര നയനങ്ങൾ ഇപ്പോഴും എന്നേ വേട്ടയാടുന്നു.

Sunday, March 5, 2023

ഗ്ലോബൽ വില്ലേജ് - ലോകം മുഴുവൻ ഒരു കുടക്കീഴിൽ [ ദൂബായി ഒരൽഭുതലോകം - 51] അതിരുകളില്ലാത്ത ലോകം.അല്ലങ്കിൽ ലോകം മുഴുവൻ ഒരു ഗ്രാമത്തിലേയ്ക്കാവാഹിച്ച വ്യാപാരതന്ത്രം. തൊണ്ണൂറിലധികം രാജ്യങ്ങൾ' അവരുടെ പ്രൗഡിക്കനുസരിച്ച് പടുകൂറ്റൻ പവ്വലിയൻ'. ഇതെല്ലാം ദൂബായിലെ ഗ്ലോബൽ വില്ലേജിൽ. ഒരു കോടി എഴുപത്തി അഞ്ചു ലക്ഷം ചതുരശ്ര അടിയിൽ ലോക സംസ്കാരങ്ങൾ മുഴുവൻ അവർ ഏകോപിപ്പിച്ചു. അവരവരുടെ വിപണനം ', സംസ്കാരം, രുചിക്കൂട്ടുകൾ, കലാപരിപാടികൾ എല്ലാം നമുക്കവിടെ ആസ്വദിക്കാം. ഭാഗഭാക്കാകാം.പത്തൊമ്പതിനായിരത്തോളം കാറുകൾ പാർക്കു ചെയ്യാനുള്ള സൗകര്യം സഞ്ചാരികൾക്ക് ചില്ലറ ആശ്വാസമല്ല നൽകുന്നത്. പ്രധാനമായും രണ്ടു പടുകൂറ്റൻ കവാടങ്ങൾ .വൈദ്യുത ദീപങ്ങൾ നിറമാറ്റം കൊണ്ട് മാറിക്കൊണ്ടിരിക്കുന്ന മനോഹാരിത ദൂരെ നിന്നു കാണുമ്പോൾത്തന്നെ നമ്മൾ ആവേശഭരിതരാകും. അകത്തു കയറിയാൽ ഒരോ രാജ്യത്തിനും ഒരോ പവലിയൻ ആണ്. അവരുടെ പരമ്പരാഗത ഉൽപ്പന്നങ്ങളുടെ വിപണനം, രുചിക്കൂട്ടുകളുടെ പരിചയപ്പെടുത്തൽ, സാംസ്ക്കാരിക പൈതൃകം മനസിലാക്കിക്കൊടുക്കൽ എല്ലാം ഇതിൻ്റെ ഭാഗമാണ്. ഒരോ പവലിയനിലും അവരുടെ കലാപരിപാടികൾക്ക് ഒരോ വേദി ഒരുക്കിയിട്ടുണ്ട്.. പത്തു മണിക്കൂർ കൊണ്ട് നമുക്ക് ലോകം മുഴുവൻ ഒരോട്ടപ്രദിക്ഷിണം നടത്താം. വ്യാപാരം ടൂറിസമാക്കുന്ന ഒരു വലിയ സാമ്പത്തിക ശാസ്ത്രം കൂടി ഇവിടെ അരങ്ങേറുന്നുണ്ട്.അതു പോലെ ലോക സംസ്ക്കാരങ്ങളുടെ സമന്വയിപ്പിയ്ക്കലും. നവമ്പർ മുതൽ ഏപ്രിൽ വരെ ആറു മാസമാണ് ഈ രാജ്യാന്തര ഉത്സവം. ഒരു ഉത്സവത്തിനു മാറ്റൂ കൂ ട്ടണ്ടതെല്ലാം ഇവിടുണ്ട്. പടുകൂറ്റൻ ഇൻഡ്യൻ പവലിയൻ കണ്ടപ്പോൾ മനൊസൊന്നു കളിർത്തു. ഒരു വല്ലാത്ത ഗൃഹാതുരത്വം. കോലാപ്പൂരി മുതൽ നാടൻ സെററുമുണ്ട് വരെ ഇവിടുണ്ട്. ഫുഡ്ക്കോർട്ടിൽ നല്ല നെയ്റോസ്റ്റ്. മൺഗ്ലാസിൽ ചൂടു ചായ. സർദാർ വല്ലഭായ് പട്ടേലിൻ്റെ ഒരു പൂർണ്ണകായ പ്രതിമ ഈ രാജ്യങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവന്നതിൻ്റെ പ്രതീകമായി അവിടെക്കാണാം. ആഫ്രിക്കൻ രാജ്യങ്ങളുടെ പവലിയൻ ആണ് എന്നേ കൂടുതൽ ആകർഷിച്ചത്. ഒരോ രാജ്യങ്ങളും കണ്ടു കണ്ട് പുറത്തിറങ്ങിയാൽ അതിൻ്റെ നടുക്ക് ഒരു കമനീയമായ വേദി. അവിടെ എപ്പഴും പരിപാടികൾ ഉണ്ട്. അവിടുത്തെ റയിൽ മാർക്കറ്റ് രസമായിത്തോന്നി. ഒരു വലിയ ട്രയിനിൻ്റെ കമ്പാർട്ട്മെൻ്റ് മുഴുവൻ നിരനിരയായിത്തട്ടുകടകൾ! നടന്നു നടന്നു ക്ഷീണിച്ച് വിരിവച്ച് കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നത് അവിടുത്തെ ഒരു സ്ഥിരം കാഴ്ച്ചയാണ്. ആർക്കും ഒരു ധൃതിയുമില്ല. ലക്ഷക്കണക്കിനാളുകൾ കൂടുന്ന ഇവിടെ ഒരപസ്വരവും കണ്ടില്ല. ഒമ്പതു മണിയുടെ കരിമരുന്നു പ്രയോഗത്തോടെ അന്നത്തെ യാത്ര അവസാനിപ്പിച്ച് ലോക സഞ്ചാരം പൂർത്തിയാക്കി.

Saturday, March 4, 2023

ചിന്മയാ മിഷൻ്റെ പുതിയ പരിപാടി [അച്ചു ഡയറി-501 ] മുത്തശ്ശാ അച്ചു ആഴ്ച്ചയിൽ രണ്ടു ദിവസം അമേരിയ്ക്കയിൽ ചിന്മയയിൽ പോകും.ഗീതാ ക്ലാസും, യോഗയും, പുരാണ കഥകളും ഒക്കെയായി രണ്ടു ദിവസം. അച്ചൂന് വലിയ ഇഷ്ടമാണ് അവിടെപ്പൊകാൻ.കഴിഞ്ഞ ദിവസം ക്ലാസ് കഴിഞ്ഞ് പ്ലാസ്റ്റിക്ക് മാലിന്യ റീസൈക്ലി ഗിനെപ്പറ്റി ഒരു ക്ലാസുണ്ടായിരുന്നു. നമ്മുടെ എൻവയർമെൻ്റ് തകർക്കുന്ന പ്ലാസ്റ്റിക്കിനെ റീസൈക്കിൾ ചെയ്ത് പുതിയ ഉപകരണങ്ങൾ ഉണ്ടാക്കുന്നതിനേപ്പറ്റി ആയിരുന്നു ക്ലാസ്. അതിനായി ചിന്മയാ സ്ക്കൂൾ ഒരു പരിപാടി ഇട്ടത് അച്ചുനിഷ്ടായി. എല്ലാ ശനിയാഴ്ച്ച ചെല്ലുമ്പഴും പരമാവധി പ്ലാസ്റ്റിക്ക് സാധനങ്ങൾ തരം തിരിച്ച് കളക്റ്റ് ചെയ്ത് സ്കൂളിൽ എത്തിയ്ക്കണം.അത് അവർ റീ സൈക്കിൾ ചെയ്യുന്ന വലിയ കമ്പനിയേ ഏൾപ്പിക്കും. അത് കൊണ്ട് അവർ സ്ക്കൂളിനാവശ്യമുള്ള ഫർണീച്ചർ ഉണ്ടാക്കി സ്കൂളിൽ എത്തിച്ചു നൽകും. നല്ല പരിപാടിയാണ്.ഞങ്ങൾ എല്ലാവരും മത്സരിച്ച് പ്ലാസ്റ്റിക് കളക്റ്റ് ചെയ്ത് ശനിയാഴ്ച്ച ചിന്മയിൽ എത്തിക്കും. ഒരു മാസം ഏററവും കൂടുതൽ എത്തിക്കുന്നവർക്ക് സമ്മാനമുണ്ട്.പാച്ചു അവൻ കളക്റ്റ് ചെയ്യുന്നത് പ്രത്യേകം വയ്ക്കണം എന്നു പറഞ്ഞ് ബഹളം.ഏട്ടന് സമ്മാനം കിട്ടിയാലോ എന്നു കരുതിയാണ്.പാവം. നമ്മൾ കളക്റ്റ് ചെയ്യുന്നത് മുഴുവൻ പാച്ചുവിൻ്റെ പേരിൽ ആക്കാം. നിൻ്റെ ഏട്ടന് സമ്മാനമൊന്നും വേണ്ട. അത് പാച്ചൂന് കിട്ടട്ടെ. അവന് സന്തോഷമായി. സമ്മാനത്തിനല്ല മുത്തശ്ശാ അച്ചു ഇതൊക്കെ ചെയ്യുന്നത്.പ്ലാസ്റ്റിക് മാലിന്യം ഉണ്ടാക്കുന്ന അപകടത്തെപ്പറ്റി അച്ചു സ്കൂളിൽ പഠിച്ചിട്ടുണ്ട്. അത് നശിപ്പിക്കുന്നതോടൊപ്പം അതുകൊണ്ട് ആവശ്യമുള്ള സാധനങ്ങൾ നിർമ്മിക്കാനും പറ്റും എന്നത് വലിയ കാര്യമാണ്. . ഇ ന്നച്ചു അവർ റീ സൈക്കിൾ ചെയ്തു തന്ന ബഞ്ചിലാണിരുന്നു പഠിച്ചത്. എന്തു ഭംഗിയാണന്നോ അതു കാണാൻ. നല്ല ഉറപ്പും ഉണ്ട്. നമ്മുടെ നാട്ടിൽ സ്ക്കൂളിൽ ഇങ്ങിനെ ഒരു പരിപാടി തുടങ്ങിയാൽ രണ്ടാഴ്ച്ചകൊണ്ട് നാട്ടിലെ പ്ലാസ്റ്റിക്ക് മാലിന്യം മുഴുവൻ തീർന്നു കിട്ടും. നാട്ടിൽ അതിനു മാത്രം സ്ക്കൂളുകൾ ഉണ്ടല്ലോ? ഫർണീച്ചറിന് വെറുതെ മരംമുറിക്കുന്ന പരിപാടി ഒഴിവാക്കുകയും ചെയ്യാം.

Friday, March 3, 2023

റാസൽഖൈമയിലെ മലമുകളിൽ [ ദുബായി ഒരൽഭുതലോകം - 50] ' ദുബായിൽ നിന്ന് ഷാർജ, അജ്മാൻ പിന്നെ റാസൽഖൈമ.ഈ ഗൾഫ് യാത്രയിൽ ഇതുവരെ കാണാൻ സാധിക്കാത്ത മലനിരകളാണ് എന്നെ കൂടുതൽ ആകർഷിച്ചത്. ആറായിരത്തി ഇരുനൂറ്റി ഏഴ് അടി ഉയരമുള്ള പർവ്വത ശ്രേഷ്ട്ടൻ. ആ പർവ്വതനിരകളിലൂടെ പന്ത്രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ഒരു മലയുടെ അടിവാരത്തിലെത്താം. അവിടന്നങ്ങോട്ട് നടന്നു കയറണം. ജീവിതത്തിൽ ഒരിയ്ക്കലും മറക്കാത്ത യാത്രാനുഭവം! ഇരുപത്തി ഒന്നോളം ഐയർ പിൻ ബന് റ്റുകൾ കയറി വേണം അതിൻ്റെ അടുത്തെത്താൻ.പ്രകൃതിദത്തമായ ഗുഹാ വ്യൂഹം ഉൾപ്പെടുന്ന ആ മലനിരകൾ നിഗൂഢതകൾ നിറഞ്ഞതാണ്. അതിനിടയിലൂടെ നീരുറവകൾ ഒലിച്ചിറങ്ങി അവിടെവിടെയായി ചെറിയ തടാകങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ദൂരെ നിന്നു നോക്കിയാൽ നമ്മുടെ ബേലൂർ ഹാലേബി ഡ് കൊത്തുപണികളെ അനുസ്മരിപ്പിക്കുന്ന പ്രകൃതിദത്ത കൊത്തുപണികളോടെ മലഞ്ചെരുവുകൾ. ഒരു വലിയ കലാകാരൻ്റെ കരവിരുത് പോലുണ്ട്. എഴുനൂറ് കിലോമീറ്റർ നീളത്തിൽ നൂറു കിലോമീറ്റർ വീതിയിൽ രണ്ടു രാജ്യങ്ങളെ ചുറ്റി ആ പർവ്വതശ്റേഷ്ഠൻ നിലകൊള്ളുന്നു. ട്രക്കിഗ്, സാഹസിക സൈക്കിൾ സവാരി തുടങ്ങി പർവ്വത പ്രദേശ സാഹസികതയ്ക്കുള്ള എല്ലാ സൗകര്യവും ഇവിടുണ്ട്. ഒരോ കാലാവസ്ഥയിലും വ്യത്യസ്ഥമുഖ മാണിതിന് .ചിലപ്പോൾ മഞ്ഞുമൂടിക്കിടക്കും. ചിലപ്പോൾ വലിയ മഴ. ആലിപ്പഴ വർഷം. വെള്ളപ്പൊക്കം മൂലം ഉണ്ടാക്കാവുന്ന മലവെള്ളപ്പാച്ചിൽ . അതിൻ്റെ മുകളിൽ ബെയ്സ് പോയിൻ്റിൽ എത്തിയാൽ കുത്തനെ ഉള്ള മലമുകളിലേക്ക് നമുക്ക് നടന്നു കയറണം. ചെറിയ ചെറിയ പാറക്കൂട്ടങ്ങളുടെ ഇടയിലൂടെ നടന്നു കയറുക ദുഷ്ക്കരമാണ്.നല്ല ബലവത്തായ കുറിച്ചെടികളിൽപ്പിടിച്ച് മുകളിലെത്താം. മുകളിൽ എത്തിയാൽ മറു വശത്തെക്കാഴ്ച്ച അവർണ്ണനീയമാണ്. അത്യഗാധതയിൽ കടലും കടൽത്തീരും. അങ്ങു ദൂരെ വരെ യമൻ വരെ നീളുന്ന മലനിരകൾ. സൂര്യസ്ഥ മനം ഇത്ര നന്നായി ആസ്വദിച്ച ഒരിടമില്ലന്നു തന്നെ പറയാം.അത്ര മനോഹരമാണാക്കാഴ്ച്ച.കടലിനോടു ചേർന്ന ഉയർന്ന പ്രദേശങ്ങൾ .ഇംഗ്ലണ്ടിലെ സ്ലോ ഡോണിയയിലും പിന്നെ ഗോകർണ്ണത്തും ഒരു പരിധി വരെ നമ്മുടെ വർക്കലയിലും ഇതു കണ്ടിട്ടlണ്ട്. സൂര്യഭഗവാൻ തൻ്റെ ചെങ്കതിരുകളാൽ വർണ്ണ പ്രപഞ്ചം സൃഷ്ട്ടിച്ച് ചക്രവാളത്തിൽ മറഞ്ഞു. പിന്നെയാണ് അപകടം മനസിലായത്. അസ്ഥ മനത്തിനു ശേഷം കൂററാക്കൂറ്റിരിട്ട് അവിടെ മുഴുവൻ വ്യാപിച്ചു. ഒന്നും കാണാൻ വയ്യ.വിവിധ ഇനം വവ്വാലുകൾ, പാമ്പുകൾ, കുറുക്കൻപോലുള്ള ജീവികളുടെ വിഹാര ഭൂമിയാണ് ഇവിടം;ഈ ഇരുട്ടത്ത് എങ്ങിനെ തിരിച്ചു പോകും.ചന്ദ്രഭഗവാൻ ചെറിയ തോതിൽ സഹകരിച്ചു എങ്കിലും അതു മതിയാകില്ല. ഭാഗ്യത്തിന് ഒരു വലിയ ഗ്രൂപ്പ് വിളക്കുമായി ഇറങ്ങുന്നുണ്ട്. അവരുടെ കൂടെ കൂടി.ഒരു വിധം കാറിനടുത്തെത്തി. ' അങ്ങിനെ മരുഭൂമിയുടെ ഒരു വ്യത്യസ്ഥ മുഖം ദർശിച്ച അനുഭൂതിയോടെ ആ ഗിരിപുംഗവ നോട് വിട പറഞ്ഞു.

Thursday, March 2, 2023

ശൈവ-വൈഷ്ണവക്ഷേത്രസമുച്ചയം ദൂബായിൽ [ ദൂബായി ഒരത്ഭുതലോകം - 49] ദൂ ബായിലെ ആദ്യകാല ക്ഷേത്രങ്ങളാണിവ. ബുർദൂബായിൽ ക്രീക്കിൻ്റെ ഓരം ചേർന്നുള്ള നടത്തം രസകരമാണ്. സമുദ്രജലം വെട്ടിയിറക്കി ഒരു പുഴ തന്നെ അവർ തീർത്തിരിക്കുന്നു. അതിനിരുവശവും കണ്ണഞ്ചിപ്പിക്കുന്ന വ്യാപാര സമുച്ചയം, വിനോദ സഞ്ചാരകേന്ദ്രം. മനോഹരമായ ഒരു ചെറിയ ടൗൺഷിപ്പ് വിനോദസഞ്ചാരത്തിനായി അവർ സൃഷ്ടിച്ചിരിക്കുന്നു. അതിനൊരു വശത്താണ് ഈ ക്ഷേത്രസമുച്ചയം. ശ്രീകൃഷ്ണ ഹവേലി. ഒരു കൊച്ചു ശ്രീകൃഷ്ണ ക്ഷേത്രം. ഒരു വലിയ പ്രാർത്ഥനാ ഹാൾ എന്നു പറഞ്ഞാൽ മതി.ഉണ്ണിക്കൃഷ്ണനാണ് സങ്കൽപ്പം. എങ്കിലും ഒരോ സമയത്ത് ഒരോ തരത്തിൽ വസ്ത്രങ്ങളും ആഭരണങ്ങളും കൊണ്ട് ശ്രീകൃഷ്ണൻ്റെ പല ഭാവങ്ങൾ അവർ ആരാധനക്ക് പാകത്തിന് രൂപപ്പെടുത്തുന്നു. അവസാനം ആരതി കഴിഞ്ഞാൽ പ്രസാദ വിതരണം. വളഞ്ഞുപുളഞ്ഞ തടി ഗോവണി കയറി വേണം ശിവമന്ദിറിൽ എത്താൻ .ക്യൂ നിന്ന് ഇടനാഴികയിലൂടെ നടക്കുമ്പോൾ അതിനിരുവശവും ഉള്ള വച്ചു വാണിഭം കൗതുകമുണർത്തി. പൂജാദ്രവ്യങ്ങളും, മററു കരകൗശല വസ്തുക്കളും അവിടെ കിട്ടും. ഈ ഇടനാഴിക കടന്നു വേണം ഗോവണിച്ചുവട്ടിൽ എത്താൻ. വടക്കേ ഇൻഡ്യൻ രീതിയിലുള്ള ആരാധനാ ക്രമമാണിവിടെ. പാർവ്വതീസമേതനായി ഗണപതിക്കും മുരുകനുമൊപ്പം സാക്ഷാൽ ശിവഭഗവാൻ.ശ്രീകോവിലിൻ്റെ ചുറ്റും പകുതി ഗ്ലാസിട്ട് മറച്ചിരിക്കുന്നു. നിശബ്ദമായ അന്തരീക്ഷം. തിരക്ക് നിയന്ത്രിക്കാനുള്ള പൂജാരിയുടെ ശബ്ദമൊഴിച്ച്. വർണ്ണ ബൾബുകളാൽ അലങ്കരിച്ച ഒരു വലിയ ഹാൾ.ഒരു ഓംങ്കാര ശബ്ദമോ പഞ്ചാക്ഷര മന്ത്രമോ അവിടെ കേട്ടില്ല. ധാരാളം എണ്ണ വിളക്കുകളും. കരിങ്കല്ലിൽ തീർത്ത വിഗ്രഹവും. സോപാനവും.അതിൽ എണ്ണ വീണ ഗന്ധവും മണിനാദവും, ദേവവാദ്യമായ ഇടയ്ക്കയുടെ താളവും, ശംഖധ്വനിയും ഒന്നുമില്ല. എങ്കിലും ആ സങ്കേതത്തിന് എന്തോ ഒരു വശ്യത തോന്നി. ഈ അത്യന്താധുനിക ശബ്ദമുഖരിതമായ ടൗൺഷിപ്പിൽശാന്തമായൊരിടം ആശ്വാസമാണ്.നിർദി സായി ബാബാ ടെമ്പിളും ഈ ക്ഷേത്രസമുച്ചയത്തിൽ പെടും .