Thursday, March 2, 2023

ശൈവ-വൈഷ്ണവക്ഷേത്രസമുച്ചയം ദൂബായിൽ [ ദൂബായി ഒരത്ഭുതലോകം - 49] ദൂ ബായിലെ ആദ്യകാല ക്ഷേത്രങ്ങളാണിവ. ബുർദൂബായിൽ ക്രീക്കിൻ്റെ ഓരം ചേർന്നുള്ള നടത്തം രസകരമാണ്. സമുദ്രജലം വെട്ടിയിറക്കി ഒരു പുഴ തന്നെ അവർ തീർത്തിരിക്കുന്നു. അതിനിരുവശവും കണ്ണഞ്ചിപ്പിക്കുന്ന വ്യാപാര സമുച്ചയം, വിനോദ സഞ്ചാരകേന്ദ്രം. മനോഹരമായ ഒരു ചെറിയ ടൗൺഷിപ്പ് വിനോദസഞ്ചാരത്തിനായി അവർ സൃഷ്ടിച്ചിരിക്കുന്നു. അതിനൊരു വശത്താണ് ഈ ക്ഷേത്രസമുച്ചയം. ശ്രീകൃഷ്ണ ഹവേലി. ഒരു കൊച്ചു ശ്രീകൃഷ്ണ ക്ഷേത്രം. ഒരു വലിയ പ്രാർത്ഥനാ ഹാൾ എന്നു പറഞ്ഞാൽ മതി.ഉണ്ണിക്കൃഷ്ണനാണ് സങ്കൽപ്പം. എങ്കിലും ഒരോ സമയത്ത് ഒരോ തരത്തിൽ വസ്ത്രങ്ങളും ആഭരണങ്ങളും കൊണ്ട് ശ്രീകൃഷ്ണൻ്റെ പല ഭാവങ്ങൾ അവർ ആരാധനക്ക് പാകത്തിന് രൂപപ്പെടുത്തുന്നു. അവസാനം ആരതി കഴിഞ്ഞാൽ പ്രസാദ വിതരണം. വളഞ്ഞുപുളഞ്ഞ തടി ഗോവണി കയറി വേണം ശിവമന്ദിറിൽ എത്താൻ .ക്യൂ നിന്ന് ഇടനാഴികയിലൂടെ നടക്കുമ്പോൾ അതിനിരുവശവും ഉള്ള വച്ചു വാണിഭം കൗതുകമുണർത്തി. പൂജാദ്രവ്യങ്ങളും, മററു കരകൗശല വസ്തുക്കളും അവിടെ കിട്ടും. ഈ ഇടനാഴിക കടന്നു വേണം ഗോവണിച്ചുവട്ടിൽ എത്താൻ. വടക്കേ ഇൻഡ്യൻ രീതിയിലുള്ള ആരാധനാ ക്രമമാണിവിടെ. പാർവ്വതീസമേതനായി ഗണപതിക്കും മുരുകനുമൊപ്പം സാക്ഷാൽ ശിവഭഗവാൻ.ശ്രീകോവിലിൻ്റെ ചുറ്റും പകുതി ഗ്ലാസിട്ട് മറച്ചിരിക്കുന്നു. നിശബ്ദമായ അന്തരീക്ഷം. തിരക്ക് നിയന്ത്രിക്കാനുള്ള പൂജാരിയുടെ ശബ്ദമൊഴിച്ച്. വർണ്ണ ബൾബുകളാൽ അലങ്കരിച്ച ഒരു വലിയ ഹാൾ.ഒരു ഓംങ്കാര ശബ്ദമോ പഞ്ചാക്ഷര മന്ത്രമോ അവിടെ കേട്ടില്ല. ധാരാളം എണ്ണ വിളക്കുകളും. കരിങ്കല്ലിൽ തീർത്ത വിഗ്രഹവും. സോപാനവും.അതിൽ എണ്ണ വീണ ഗന്ധവും മണിനാദവും, ദേവവാദ്യമായ ഇടയ്ക്കയുടെ താളവും, ശംഖധ്വനിയും ഒന്നുമില്ല. എങ്കിലും ആ സങ്കേതത്തിന് എന്തോ ഒരു വശ്യത തോന്നി. ഈ അത്യന്താധുനിക ശബ്ദമുഖരിതമായ ടൗൺഷിപ്പിൽശാന്തമായൊരിടം ആശ്വാസമാണ്.നിർദി സായി ബാബാ ടെമ്പിളും ഈ ക്ഷേത്രസമുച്ചയത്തിൽ പെടും .

No comments:

Post a Comment