Sunday, November 29, 2020

ഇരിഞ്ഞോൾക്കാവ്

വൃക്ഷങ്ങൾ ഉപദേവതകൾ ആയ ഇരിഞ്ഞോൾ കാവ് [ഉണ്ണിയുടെ യാത്രകൾ - 1 ]

        "  മരം ഒരു വരം " ഇതിലെ പ്രചോദനമാണ് ഈ യാത്രകൾ. വൃക്ഷങ്ങൾ ഉപദേവതകളായി സങ്കൽപ്പിക്കുന്ന ഒരു ക്ഷേത്രത്തിൽ നിന്നു തന്നെയാകട്ടെ തുടക്കം. പെരുമ്പാവൂർ നിന്ന് നാലു കിലോമീറ്റർ അകലെ ഇരിഞ്ഞോൾക്കാവ്. അമ്പത്തി അഞ്ച് ഏക്കർ വരുന്ന കൊടും കാടിന് ഒത്ത നടുക്ക്.ഔഷധ സസ്യങ്ങളും വൃക്ഷലതാദികളും നിറഞ്ഞ് നിമിഡമായ വനം. അതിന് ഒത്ത നടുക്ക് വനദുർഗ്ഗ.രാവിലെ സരസ്വതി, ഉച്ചക്ക് വനദുർഗ്ഗ, വൈകിട്ട് ഭദ്രകാളി.ദേവിയുടെ മൂന്ന് വ്യത്യസ്ഥ ഭാവങ്ങൾ.ഈ ഭാവവ്യത്യാസം ഈ കാടിൻ്റെ സംഗീതത്തിലും നമുക്കനുഭവപ്പെടും. നൂറ്റി എട്ട് ദേവീക്ഷേത്രങ്ങളിൽ പ്രധാനമാണ് ഈ കാനന ക്ഷേത്രം.പരശുരാമനാൽ പ്രതിഷ്ടിച്ചതാണന്ന് വിശ്വാസം. എട്ടാമത്തെ പുത്രനു പകരം മായയേ പാറയിലടിച്ചു കൊല്ലാൻ ശ്രമിച്ച കംസനിൽ നിന്നും വായുവിൽ ഉയർന്ന ദേവീ ചൈതന്യം ഈ കാവ് ഇരിക്കുന്ന സ്ഥലത്ത് ലയിച്ചു ചേർന്നു എന്നും ഐതിഹ്യം ഉണ്ട്.ഹനുമാൻ്റെ സാന്നിദ്ധ്യവുമായി ബന്ധപ്പെട്ട ഒരു വൃക്ഷ മുത്തശ്ശനേ ഇവിടെ കാണാം.
 
      വിഷജന്തുക്കളോ വന്യമൃഗങ്ങളോ ഇവിടെ ഇല്ല. അമ്പതോളം ഇനം അപൂർവ്വ പക്ഷികൾ, ചിലത്തികൾ, നാൽപ്പതിൽപ്പരം അപൂർവ്വ ഇനം മരങ്ങൾ എന്നു വേണ്ട സമ്പുഷ്ടമായ ജൈവസമ്പത്തിനാൽ അനുഗ്രഹീതമായ ഈ കാവ് ഇന്ന് തിരുവതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലാണ്.
      തിരിച്ചു പോരാൽ തോന്നണില്ല. പകൽ മുഴുവൻ കാടിൻ്റെ സംഗീതം ആസ്വദിച്ച്, പക്ഷികളുടെ കളകൂജനം ശ്രവിച്ച് അവിടെ കൂടി. ഒരു രാത്രി കൂടി തങ്ങാൻ സൗകര്യം കിട്ടിയെങ്കിൽ മോഹിച്ചു പോയി.കാവിലേയ്ക്ക് മൂന്നു വഴികൾ ആണ് പ്രധാനം. പിന്നെ കാടിനു നടുവിലൂടെയുള്ള നാട്ടുവഴികൾ വേറേ .ആകാടിൻ്റെ സംഗീതത്തിൽ നിന്ന് നാഗരികതയുടെ ശ്രുതിയിലേക്ക് പതിച്ചപ്പോൾ ഉള്ള നഷ്ടബോധം വലുതായിരുന്നു. 

എ.ന്നെ വിൽക്കാനുണ്ട് [ ലംബോദരൻ മാഷും തിരുമേനീം - 62 ]

" എന്താ മാഷേ ഇന്നു സന്തോഷത്തിലാണല്ലോ; "
"ഞാൻ ഈ വാർഡിലെ സ്ഥാനാർത്ഥിയാണ് തിരുമേനീ

ആദ്യം ഒരു മുന്നണി സമ്മതിച്ചതാ. പക്ഷേ അവസാനം അവർ കാലുമാറി. അപ്പം ഞാൻ അടുത്ത മുന്നണി യേ സമീപിച്ചു. അവർ ആലോചിക്കാം എന്നു പറഞ്ഞതാ അവസാനം അവരുടെ ഹൈക്കമാൻ്റ് പറ്റിച്ചു "
"കഷ്ടായിപ്പോയി. ഈ നാട്ടിൽ ഇത്രയും സ്വാധീനമുള്ള മാഷേ തഴഞ്ഞത് തെറ്റായിപ്പോയി. "
"അതുകൊണ്ടൊന്നും മാഷ് തോക്കില്ല തിരുമേനി.ഇനി ഒരു മൂന്നാം മുന്നണി ഉണ്ടല്ലോ "
"എന്നാലും ഇത്രയും നാൾ ചീത്ത പറഞ്ഞു നടന്ന ആ മുന്നണിയേ മാഷ് സമീപിക്കാൻ പോവുകയാണോ?"
"അവർ സ്ഥാനാർത്ഥിയെ ഈ വാർഡിൽ നിർത്തുന്നില്ലന്നാ അറിഞ്ഞെ. അപ്പം സീററ് ഉറപ്പാ"
"ഇനി അവരും സമ്മതിച്ചില്ലങ്കിലോ.?"
"തിരുമേനി ആ കരുനാക്കു കൊണ്ടൊന്നും പറയാതെ "
" എന്നെപ്പോലെ സ്വാധീനമുള്ള ഒരാളെ അവർ തഴയില്ല. അതവർക്ക് മുതൽക്കൂട്ടാകും എന്നവർക്കറിയാം"
"പക്ഷേ അവരും തഴഞ്ഞാൽ...."
"അവിടെയാണ് മാഷ ടെകളി. തിരുമേനി കണ്ടോ. ഒരു പാർട്ടിയുടെ സ്ഥാനാർത്ഥിയുടെ പേരും എൻ്റെ പേരും ഒന്നാണ്. അവരുടെ ഛിന്നത്തിനോട് സാമ്യമുള്ള ഒരു ഛിന്നവും തിരഞ്ഞെടുക്കും. അങ്ങിനെ നിൽക്കാൻ വേണ്ടി എതിർകക്ഷികളിൽ നിന്ന് ക്യാഷ് മേടിക്കും. അവസാനം പിൻമാറാൻ മറ്റവരുടെ കയ്യിൽ നിന്നും ക്യാഷ് വാങ്ങും. എന്നിട്ട് തെറ്റായി അപേക്ഷ കൊടുത്ത് പത്രിക തള്ളിയ്ക്കും, അപ്പോൾ രണ്ടു പേരുടെയും ക്യാഷ് എൻ്റെ കയ്യിൽ വന്നില്ലേ?
" ഇനി ഇതൊന്നും നടന്നില്ലങ്കിലോ?"
"ഞാൻ സ്വതന്ത്രമായി അങ്ങോട്ടു നിൽക്കും. ഈ വാർഡിൽ ഞാൻ പഠിപ്പിച്ച കുട്ടികളുടെ രക്ഷകർത്താക്കളുടെ വോട്ട് മാത്രം മതി എനിക്കു ജയിയ്ക്കാൻ "
" അങ്ങിനെ ജയിച്ചാൽത്തന്നെ എന്തു പ്രയോജനം "
"അവിടെയാണ് തിരുമേനീ മാഷടെകളി. ഞാൻ സ്വതന്ത്രനല്ലേ.എനിക്കാരുടെ കൂടെ വേണമെങ്കിലും കൂടാം. കൂറുമാറ്റ നിയമവും ബാധകമല്ല. ഏറ്റവും നല്ല ഓഫർ തരുന്നവരുടെ കൂടെപ്പോകും. ക്യാഷും സ്ഥാനവും വിലപേശി വാങ്ങും.രണ്ടു കൂട്ടരും തുല്യ ശക്തി ആയതു കൊണ്ട് എൻ്റെ സാന്നിദ്ധ്യം നിർണ്ണായകമാകും. എന്തു ചോദിച്ചാലും അവർഎനിക്ക് തരും"
" അടുത്ത തലമുറയേ വാർത്തെടുക്കണ്ട മാഷുടെ ജനാധിപത്യ ബോധം ഭയങ്കരം. സമ്മതിച്ചിരിയുന്നു."
"

Friday, November 27, 2020

ഓടക്കുഴൽ തൻ്റെ പ്രിയ രാധയ്ക്ക് [കൃഷ്ണൻ്റെ ചിരി- 92 ]കണ്ണൻ്റെ വേണുഗാനം വശ്യമായിരുന്നു. ആ മുരളീരവത്തിൽ മുഴുകി ഗോപികമാരും മറ്റെല്ലാ ചരാചരങ്ങളും തങ്ങളുടെ കർമ്മം പോലും മറന്നു പോകുന്നു.ഈ ഗാനം എനിക്ക് മാത്രം മതി. ഇന്നേക്ക് ഏഴുദിവസത്തിനകം ആ മുരളി ഞാൻ കൈക്കലാക്കും.രാധ വൃന്ദാവനത്തിൽ കണ്ണൻ്റെ സവിധത്തിലെത്തി ആ സ്വരരാഗക്കുഴൽ വായിയ്ക്കാൻ പഠിപ്പിക്കണമെന്നു പറഞ്ഞു.ആദ്യം സംഗീതം പഠിപ്പിക്കാം എന്നിട്ട് മുരളി. ശ്രീകൃഷ്ണൻ രാധയെ സംഗീതം അഭ്യസിപ്പിക്കാൻ തുടങ്ങി.ഏഴാം ദിവസമായി.ഓടക്കുഴൽ കൊടുക്കുന്ന ക്ഷണമില്ല. അവസാനം ആ ഓടക്കുഴൽരാധക്ക് കൊടുത്ത് വായിക്കാൻ പറഞ്ഞു.ഓടക്കുഴൽ കിട്ടിയതും രാധ അതു കൊണ്ട് യമുനാതീരത്തുകൂടി ഓടി. കൃഷ്ണൻ പുറകേയും.അവസാനം യമുനാ നദിയിൽ ഇറങ്ങി നീന്തി വേഗം രാധയുടെ അടുത്തെത്താൻ കണ്ണൻ തീരുമാനിച്ചു. വസ്ത്രങ്ങൾ അഴിച്ചു വച്ച് പുഴയിലേയ്ക്ക് ചാടി.. രാധ തിരിച്ചോടി വന്ന് കൃഷ്ണൻ്റെ വസ്ത്രങ്ങൾ കൈവശപ്പെടുത്തി. ശ്രീകൃഷ്ണൻ താണു വീണപേക്ഷിച്ചിട്ടും കൊടുത്തില്ല. അന്ന് നീ ഗോപിക്കമാരെപ്പറ്റിച്ചതല്ലേ അതിനു പകരം ഇവ ഞാനെടുക്കുകയാണ്.രാധ കൃഷ്ണൻ്റെ വസ്ത്രങ്ങൾ ധരിച്ചു, തലയിൽ പീലി ചൂടി ആ കടമ്പു മരത്തി നെറെ ചുവട്ടിൽ പോയിരുന്നു ഓടക്കുഴൽ വയിക്കാൻ തുടങ്ങി.ഓടക്കുഴൽ വിളി കേട്ടതും ഗോപികമാർ ഓടിക്കൂടി. കൃഷ്ണനെന്നു കരുതി അവർ പുറകിൽ നിന്ന് വന്ന് കെട്ടിപ്പിടിച്ചു.അവർക്ക് അമളി മനസിലായി. കൃഷ്ണനെവിടെ എന്നന്വേഷിച്ച് അവർ പോയപ്പോൾ രാധ കൃഷ്ണന് വസ്ത്രങ്ങൾ കൊടുത്തു. അവർ മുരളിയുമായി വൃന്ദാവനത്തിലൊടിക്കളിച്ചു.പെട്ടന്നാണ് ആ ദുരന്തവാർത്ത .കൃഷ്ണനെ മധുരാപുരിക്ക് കൊണ്ടുപോകാൻ അ ക്രൂ രൻ വന്നിരിക്കുന്നു എന്ന്. വൃന്ദാവനം നിശ്ചലമായി.ഗോപികമാർ കൂട്ടക്കരച്ചിലായി. ഗ്രാമവാസികളാകമാനം ദുഖത്തിലമർന്നു. കൃഷ്ണൻ്റെ കണ്ണുകൾ രാധയേ തിരയുന്നുണ്ട്. അവിടെ എങ്ങും രാധയെക്കണ്ടില്ല. അങ്ങു ദൂരെ യമുനാതീരത്ത് ആ കടമ്പുമരത്തിനു ചുവട്ടിൽ ശോകമൂകയായി, ദുഖത്തിൻ്റെ പ്രതീകമായി രാധ ഇരിക്കുന്നുണ്ട്. കണ്ണൻ രാധയുടെ അടുത്തെത്തിരാധ കൃഷ്ണനോട് :കണ്ണൻ പോയാൽ ഇനി രാധയേക്കാണാൻ വരില്ലന്നെനിക്കറിയാം.രാജ്യ കാര്യങ്ങളിൽ മുഴുകി ബാക്കി ഉള്ളവർക്ക് വേണ്ടി മാത്രം ജീവിച്ച് ധർമ്മസ്ഥാപനത്തിന് ജീവിതം ഉഴിഞ്ഞുവച്ച്..... ഇല്ല. ഞാൻ ഒരിക്കലും ശല്യപ്പെടുത്തില്ല ആ നല്ല നാളുകൾ ഓർത്ത് ഞാനിവിടെത്തന്നെ ഉണ്ടാകും." ശ്രീ കൃഷ്ണൻ ഒന്നും പറഞ്ഞില്ല.തൻ്റെ എല്ലാമെല്ലാമായ ആ ഓടക്കുഴൽ രാധയുടെ കയ്യിൽ പ്പിടിപ്പിച്ച് സാവധാനം വന്ന് തേരിൽക്കയറി.പിന്നീട് ശ്രീകൃഷ്ണൻ ഓടക്കുഴൽ വായിച്ചിട്ടില്ല. കർമ്മനിരതമായ ആ ജീവിതം ഉത്തമമായ ലക്ഷ്യത്തിനു വേണ്ടി അർപ്പിച്ച് ബാക്കി ഉള്ളവർക്ക് വേണ്ടി ജീവിച്ച് സ്വയം ശാപം ഏറ്റുവാങ്ങി മുമ്പോട്ടു പോയി. അപ്പഴും ഹൃദയത്തിൻ്റെ ഒരു കോണിൽ തൻ്റെ പ്രിയ രാധയെ ഒളിപ്പിച്ചു വച്ചിരുന്നു.

Wednesday, November 25, 2020

അശ്വസ്ഥാമാവിൻ്റെ ദുരന്ത പർവ്വം [ കൃഷ്ണൻ്റെ ചിരി- 91]ദ്രോണാചാര്യർ ശിവഭഗവാനെ തപസു ചെയ്ത് പ്രത്യക്ഷപ്പെടുത്തി. അങ്ങയേപ്പോലെ ധീരനായ ഒരു പുത്രനേ വേണമൊന്നായിരുന്നു ആവശ്യപ്പെട്ടവരം.ശിവൻ്റെ അനുഗ്രഹത്താൽ അങ്ങിനെ അശ്വസ്ഥാമാവ് ജന്മമെടുത്തു. തൻ്റെ പിതാവിനെ ചതിച്ചുകൊന്നതിൻ്റെ പക ഒരഗ്നിയായി മനസിൽ സൂക്ഷിച്ചിരുന്ന അശ്വസ്ഥാമാവ് അവസാന നിമിഷം ദുര്യോധനൻ്റെ അടുത്തെത്തുന്നു.രണ്ടു തുടകളും ചതഞ്ഞരഞ്ഞ് വേദന കൊണ്ടു പുളഞ്ഞ് മൃത പ്രായനായ ദുര്യോധനൻ അശ്വ സ്ഥാമാവിനെ പടനായകനാകുന്നു. പാണ്ഡവരെക്കൊന്നു ആ രക്തം കാണുന്നതു വരെ ഞാൻ എൻ്റെ ജീവൻ നിലനിർത്തിക്കൊള്ളാമെന്ന് ദുര്യോധനൻ പറയുന്നു.രാത്രിയുടെ രണ്ടാം യാമത്തിൽ അശ്വ സ്ഥാമാവ് കൃപരും കൃതവർമ്മാവു മാ യി പുറപ്പെട്ടു. യുദ്ധത്തിൻ്റെ ക്ഷീണത്താൽ തളർന്നുറങ്ങുന്ന ദൃഷ്ടദ്യുമനൻ്റ പട കുടീരത്തിൽ പ്രവേശിച്ചു. മറ്റുള്ളവരെ കാവൽ നിർത്തി അശ്വ സ്ഥാമാവ് അകത്തു കയറി. കാവൽക്കാരെ മുഴുവൻ അരിഞ്ഞു വീഴ്ത്തി.അകത്തു കയറി നിരായുധരായി തളർന്നുറങ്ങിക്കിടക്കുന്ന ദൃഷ്ടമ്യം ന്നുനയും പാണ്ഡവപുത്രന്മാരേയും നിഷ്ക്കരുണം കൊന്നു തള്ളി. ചോര വാർന്ന വാളുമായി ദുര്യോധനൻ്റെ അടുത്തെത്തി.ഭുര്യാധനൻ അങ്ങിനെ ജീവൻ വെടിഞ്ഞു.കോപാക്രാന്തനായി ഭീമൻ നകുലനെ കൂട്ടി അശ്വ സ്ഥാമാവിനേ തേടി പോയി. അവൻ്റെ കയ്യിൽ ബ്രഹ്മാസ്ത്രം ഉണ്ട് ഭീമന് പിടിച്ചു നിൽക്കാൻ പറ്റില്ല എന്നു പറഞ്ഞ് ശ്രീകൃഷ്ണൻ മറ്റു പാണ്ഡവരുമായി ഭീമനൊപ്പം എത്തി.ഗംഗാ തീരത്ത് വ്യാസ ഭഗവാനുമായി സംസാരിച്ചുകൊണ്ടിരുന്ന അശ്വസ്ഥാമാവിന് പാണ്ഡവരുടെ പടപ്പുറപ്പാട് ഭയം ഉളവാക്കി. പാണ്ഡവരെ മുഴുവൻ നശിപ്പിക്കാൻ ലക്ഷ്യം വച്ച് അവൻ ബ്രഹ്മാസ്ത്രം പ്രയോഗിച്ചു.അർജുനനോട് ഉടനേ ബ്രഹ്മാസ്ത്രം പ്രയോഗിച്ച് അതിനെ തടയാൻ കൃഷ്ണൻ പറഞ്ഞു.രണ്ട സ്ത്രവും കൂട്ടിമുട്ടിയാൽ ലോകം നശിക്കും വ്യാസ ഭഗവാൻ രണ്ട സ്ത്രങ്ങളുടേയും നടുവിൽ വന്ന് അവരോട് അസ്ത്രം പിൻവലിക്കാൻ ആവശ്യപ്പെട്ടു.അർജുനൻ അനുസരിയ്ക്കാൻ തയാറായി. പക്ഷേ അശ്വ സ്ഥാമാവ് തയാറായില്ലന്നു മാത്രമല്ല. ഉത്തരയുടെ ഗർഭത്തിലുള്ള അഭിമന്യു പുത്രനേ ലക്ഷ്യമാക്കി അസ്ത്രം അയച്ചു. പാണ്ഡവരുടെ അനന്തരാവകാശിയെ വരെ നശിപ്പിക്കണം.ശ്രീകൃഷ്ണൻ കുട്ടിയെ രക്ഷിച്ചെടുത്തു. കൃഷ്ണൻ അശ്വ സ്ഥാമാവിനോട് :- "നീ ഈ ചെയ്തു കൂട്ടിയതു മുഴുവൻ മഹാപാതകമാണ്. രാത്രിയുടെ മറവിൽ ഉറങ്ങിക്കിടന്ന നിരായുധരായവരെ കൊല്ലുക. അവസാനം ഗർഭസ്ഥ ശിശുവിനെ വരെ കൊല്ലുവാൻ ശ്രമിക്കുക. ഇതിൻ്റെ ശിക്ഷ മരണത്തേക്കാൾ ഭീകരമായിരിക്കും. നീ മരിക്കില്ല. പക്ഷേ നിൻ്റെ ശരീരത്തിലുണ്ടാകുന്ന മുറിവുകൾ ഒരു കാലത്തും ഉണങ്ങുകയില്ല. അങ്ങിനെ പുഴുത്ത് നാറി നീ കൽപ്പാന്തകാലത്തോളം മരിച്ചു ജീവിക്കണ്ടി വരും."ശ്രീകൃഷ്ണൻ പറഞ്ഞിട്ട് ദീ മൻ അവൻ്റെ തലയിലേ "ശിരോമണി " എന്ന രത്നം തല തകർത്ത് പുറത്തെടുത്തു. ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുമായി അലഞ്ഞു നടന്ന് ശിഷ്ടകാലം മുഴുവൻ കഴിച്ചുകൂട്ടണ്ടി വന്നു അശ്വ സ്ഥാമാവിന് .ഒരു പക്ഷേ ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ ശിക്ഷ

Monday, November 23, 2020

പാരിജാതം [ കൃഷ്ണൻ്റെ ചിരി- 90 ]ഒരു ദിവസം ശ്രീകൃഷ്ണൻ്റെയും രുഗ്മിണിയുടേയും അടുത്തേക്ക് നാരദമുനി ആഗതനായി. കയ്യിൽ സ്വർഗ്ഗത്തിൽ മാത്രം ലഭ്യമാകുന്ന " പാരിജാതം" എന്ന മനോഹരമായ പൂവ് ഉണ്ട്.ആ പൂവ് നാരദൻ ശ്രീകൃഷ്ണനു കൊടുത്തു. ഉടനേകൃഷ്ണൻ അത് രുക്മിണിയുടെ തലയിൽ ചൂടിക്കൊടുത്തു. കുശലങ്ങൾക്ക് ശേഷം നാരദൻ പിൻ വാങ്ങി.നാരദൻ നേരേ പോയത് സത്യഭാമയുടെ അറിലേക്കാണ്. ഭാമ നാരദരെ ആനയിച്ചിരുത്തി.നാരദൻ: "ഞാൻ സ്വർഗ്ഗത്തിലെ മനോഹരമായ പാരിജാതം പുഷ്പ്പവുമായി വന്നതാണ്.അത് ശ്രീകൃഷ്ണന് കൊടുത്തു. അത് ശ്രീകൃഷ്ണൻ തൻ്റെ ഇഷ്ട പത്നിരുക്മിണിയുടെ തലയിൽ ചൂടിച്ചു.അതു് സത്യഭാമയുടെ തലയിലായിരുന്നു ചൂടിയതെങ്കിൽ നല്ല ഭംഗി ആയിരുന്നു."ഭാമയുടെ മുഖഭാവം മാറുന്നത് നാരദൻ ശ്രദ്ധിച്ചു. പതുക്കെ അവിടന്ന് പിൻവലിഞ്ഞു.പിന്നീട് ശ്രീകൃഷ്ണൻ ഭാമയുടെ അടുത്തുവന്നപ്പോൾ കോപിഷ്ടയായ ഭാമയെ ആണ് കണ്ടത്. നാരദൻ കൊണ്ടുവന്ന പൂവ് എനിക്ക് തരാത്തതെന്താ. ഭാമ കരഞ്ഞുകൊണ്ട് മഞ്ചത്തിലേക്ക് മറിഞ്ഞു.നാരദൻ പണിപറ്റിച്ചു എന്ന് കൃഷ്ണനു മനസിലായി. ഭാമയെ സമാധാനിപ്പിക്കാൻ പടിച്ച പണി നോക്കിയിട്ടും രക്ഷയില്ല" നമുക്ക് ഒരു കാര്യം ചെയ്യാം. നമുക്ക് സ്വർഗ്ഗത്തിൽ പോയി ഇന്ദ്രനെക്കണ്ട് പാരിജാതം സംഘടിപ്പിക്കാം."ഭാമക്ക് സന്തോഷമായി.അവർ സ്വർഗ്ഗത്തിൽ എത്തി.ഇന്ദ്രൻ അവരേ യഥാവിധി സ്വീകരിച്ചു. ഭാമയെ ഇന്ദ്രാണി അകത്തേക്കാനയിച്ചു.ശ്രീകൃഷ്ണൻ ഇന്ദ്രനുമായി ഉദ്യാനത്തിലെത്തി. ശ്രീകൃഷ്ണൻ കാര്യം അവതരിപ്പിച്ചു. അത് സ്വർഗ്ഗത്തിൽ ദൈവങ്ങൾക്ക് മാത്രമുള്ളതാണ്. ഭൂമിയിലെ നിസ്സാരമനുഷ്യർക്ക് വേണ്ടിയുള്ള തല്ല ഇന്ദ്രൻ കൃഷ്ണൻ്റെ ആവശ്യം നിരസിച്ചു.പ്രകൃതി വിഭവങ്ങൾ എല്ലാവർക്കും അവകാശപ്പെട്ടതാണ് അതു കൊണ്ട് ഞാനിതു കൊണ്ടുപോവുകയാണ്.ശ്രീകൃഷ്ണൻ ആ പാരിജാതത്തിൻ്റെ ചെടിയോടെ പറിച്ച് ഭാമയുമായി ഭൂമിയിലേക്ക് പോന്നു.ഇന്ദ്രഭഗവാന് ദ്വേഷ്യം വന്നു.ദേവഗണങ്ങൾ ക്രുദ്ധരായി പക്ഷേ ശ്രീകൃഷ്ണനോടേറ്റുമുട്ടാൻ ആർക്കും താത്പ്പര്യമില്ലായിരുന്നു.സത്യഭാമയ്ക്ക് വേണ്ടി ആ പാരിജാതം അവരുടെ ഉദ്യാനത്തിൽ വച്ചുപിടിപ്പിച്ചു.

Saturday, November 21, 2020

കർണ്ണൻ്റെ ദാനം ഉദാത്തം [ കൃഷ്ണൻ്റെ ചിരി- 88]കർണ്ണനാണ് കൂടുതൽ ദാനശീലൻ എന്ന് ശ്രീകൃഷ്ണൻ ഒരിക്കൽ അർജുനന് തെളിയിച്ചു കൊടുത്തതാണ്. എന്നാലും പൂർണ്ണമായി അർജ്ജുനൻ അത് അംഗീകരിച്ചില്ല. കയ്യിലുള്ളത് ദാനം ചെയ്യുന്നതിന് അത്ര വലിയ മഹത്വം ഇല്ല എന്നായിരുന്നു അർജുനൻ്റെ പക്ഷം. പക്ഷേ കയ്യിലുണ്ടായിട്ടും ദാനം ചെയ്യാത്തവർ ഉണ്ടല്ലോ? എന്നു കൃഷ്ണൻ മറുപടി പറഞ്ഞു.അങ്ങിനെ ഇരിക്കെ ഒരു ദിവസം നാട്ടിൽ മുഴുവൻ ഘോരമായ മഴ. സകല വസ്തുക്കളും നനഞ്ഞു കുതിർന്നു .ഒരു സാധുവായ മനുഷ്യൻ അർജുനനെ സമീപിച്ചു. എൻ്റെ ഭാര്യ മരിച്ചു പോയി. ദഹിപ്പിക്കാൻ നനയാത്ത വിറക് നാട്ടിൽ കിട്ടാനില്ല. അങ്ങ് സഹായിയ്ക്കണം.അർജുനൻ ആ പാവത്തിനെ സഹായിയ്ക്കാൻ അവിടെ മുഴുവൻ അന്വേഷിച്ചിട്ടും ഉണങ്ങിയ വിറക് കിട്ടാനില്ല.അർജുനന് വിഷമമായി. അപ്പോൾ കൃ ഷണൻ അയാളെ കർണ്ണൻ്റെ അടുത്തേക്ക് പറഞ്ഞു വിട്ടു.അയാൾ ഓടി കർണ്ണൻ്റെ അടുത്തെത്തി വിവരം പറഞ്ഞു.കർണ്ണനും മനസിലായിനനയാത്ത വിറക് കിട്ടാൻ വിഷമമാണന്നു്. കർണ്ണൻ രണ്ടാമതൊന്നാലോചിച്ചില്ല കോടാലി എടുത്ത് തൻ്റെ ഭവനത്തി ൻ്റെ ചന്ദനം കൊണ്ടുള്ള കട്ടിള വെട്ടിക്കീറികെട്ടാക്കി ആ പാവത്തിൻ്റെ വീട്ടിലെത്തിച്ചു.അർജുനനെ നോക്കി കൃഷ്ണൻ ചോദിച്ചു. " നിൻ്റെ ഭവനത്തിലും കട്ടിള ഉണ്ടായിരുന്നല്ലോ എന്നിട്ടെന്താ ആ പാവത്തിനെ സഹായിക്കാത്തത്.അർജുനൻ തല കുനിച്ചു.അർജുനന് ഉത്തരമില്ലായിരുന്നു.കൃഷണൽ ചിരിച്ചു.

Wednesday, November 18, 2020

ശ്രീകൃഷ്ണനും ഭൂതവും [കൃഷ്ണൻ്റെ ചിരി- 88 ]ഒരു ദിവസം ബലരാമനും സാത്യകിയും, ശ്രീകൃഷ്ണനൊത്ത് കൊടുംകാട്ടിൽ വേട്ടക്ക് പോയി. രാത്രി ആയപ്പോൾ കാനന മദ്ധ്യത്തിൽ കുടുങ്ങിപ്പോയി. ഇനി പ്രഭാതമാകാതെ പുറത്തു കടക്കാൻ പറ്റില്ല. രാത്രി അവർ കാട്ടിൽ തന്നെ കൂടാൻ തീരുമാനിച്ചു.രണ്ടു പേർ ഉറങ്ങുമ്പോൾ ഒരാൾ കാവൽ നിൽക്കണം എന്നു നിശ്ചയിച്ചു.ആദ്യം സാത്യകിയാണ് കാവൽ നിന്നത്. കുറച്ചു കഴിഞ്ഞപ്പോൾ ഭീകരരൂപി ആയ ഒരു ഭൂതം അവിടെ പ്രത്യക്ഷപ്പെട്ടു. ഞാൻ നിങ്ങളുടെ കൂട്ടുകാരേ രണ്ടു പേരേയും വധിക്കാൻ പോവുകയാണ് എന്നു പറഞ്ഞു.സാത്യകികോപിഷ്ടനായി ഭൂതത്തിനു നേരേ വാളും ഊരിപ്പിടിച്ച് കുതിച്ചു.സാത്യകിക്ക് കോപം കൂടുംതോറും ശത്രു വിൻ്റെ ശക്തി കൂടി കൂടി വന്നു.അപ്പോൾ ബലരാമൻ ഉണർന്നു. തത്ക്കാലം ഭൂതം പിൻ വാങ്ങി.സുക്ഷിക്കണം എന്നു പറഞ്ഞ് സാത്യകി ഉറങ്ങി.ബലരാമൻ കാവലിരുന്നു. രണ്ടു പേർ ഉറക്കമായന്നു് ഉറപ്പായപ്പോൾ ഭൂതം വീണ്ടും പ്രത്യക്ഷപ്പെട്ടു.ഉറങ്ങുന്നവരെ കൊല്ലാൻ മുതിർന്നു .ബലരാമൻ ക്രോധിഷ്ടനായി. കലപ്പയുമായി ഭൂതത്തിന് നേരേ കുതിച്ചു. ചൂടാകുംതോറും ഭൂതത്തിൻ്റെ ശക്തി കൂടി കൂടി വന്നു.അപ്പഴാണ് കൃഷ്ണൻ ഉണർന്നത്. ഭൂതം വീണ്ടും അപ്രത്യക്ഷനായി. ബലരാമൻ ശ്രീകൃഷ്ണനോട് കാര്യങ്ങൾ പറഞ്ഞു. ആ ഭൂതത്തിന് ശക്തി കൂടിക്കൂടി വരുകയാണ്. സൂക്ഷിക്കണം. എന്നു പറഞ്ഞ് ബലരാമനും കിടന്നുറങ്ങി. ശ്രീകൃഷ്ണൻ കാവലിരുന്നു. പൂർവ്വാധികം ശക്തിയോടെ ഭൂതം പ്രത്യക്ഷപ്പെട്ടു. ഇത്തവണ ഉറപ്പായും നിൻ്റെ രണ്ടു കൂട്ടുകാരെ ഞാൻ വധിക്കും. അതു കഴിഞ്ഞ് നിന്നേയും.ശ്രീകൃഷ്ണൻ ഭൂതത്തിനെ നോക്കി ചിരിച്ചു. " സുഹൃത്തേ ഞാൽ തന്നെ ഇവർക്ക് കാവലിരിയുന്നത് വിരസമാണ്. ഒരു കൂട്ടുകിട്ടിയത് നന്നായി " എന്നു പറഞ്ഞ് വീണ്ടും ചിരിച്ചു. സമചിത്തതയോടെ ചിരിച്ചു കൊണ്ട് ഭൂതത്തേ അഭിമുഖീകരിച്ചപ്പോൾ അവൻ്റെ ശക്തി കുറഞ്ഞു കുറഞ്ഞു വന്നു. അവൻ്റെ വലിപ്പവും കുറഞ്ഞു വന്നു. പെട്ടന്ന് ബലരാമനും സാത്യകിയും ഉണർന്നു. ഭൂതം എവിടെപ്പോയി എന്നു ചോദിച്ചു.ശ്രീകൃഷ്ണൻ തൻ്റെ മേലങ്കിയിലെ ഒരു ചെറിയ കെട്ട് കാണിച്ചു കൊടുത്തു. ഇതിൽ ഒരു ചെറിയ പുഴുവായി അവനുണ്ട്. എന്നു പറഞ്ഞു. അവർക്കൽഭുതമായി. ഇതെങ്ങിനെ സംഭവിച്ചു. എന്നു ചോദിച്ചു.അപ്പം കൃഷ്ണൻ പറഞ്ഞു. ശത്രുവിനെ എതിരിടുമ്പോൾ അവൻ്റെ ദൗർബല്യങ്ങൾ അറിയണം. ദേഷ്യം കൂടിയാൽ അവൻ്റെ ശക്തിയും വലിപ്പവും ഇരട്ടിയ്ക്കും. അതേ സമയം ചിരിച്ചു കൊണ്ട് സമചിത്തതയോടെ അവനെ നേരിട്ടാൽ അവൻ്റെ ശക്തി കുറഞ്ഞു കുറഞ്ഞു വരും. അവൻ്റെ രൂപവും ചെറുതാകും. ഇതു മനസിലാക്കാതെ നിങ്ങൾ ചൂടായതാണ് പ്രശ്നമായത്. ഈ തത്വം നിങ്ങൾ ഏതു പ്രശ്നത്തിൽ ഇടപെടുംമ്പഴും ഒരു പാഠമാകണ്ടതാണ്.

മോഷ്ടാവായ ഭാസുരാംഗൻ. [കൃഷ്ണൻ്റെ ചിരി- 87]ജീവന പുരിയിൽ താമസിച്ചിരുന്ന ഭാസുരാംഗൻ ഒരു പെരും കള്ളനാണ്. വിലപിടിപ്പുള്ള എന്തെവിടെക്കണ്ടാലും അവൻ സ്വന്തമാക്കും. ഒരു ദിവസം ഒരമ്പലത്തിൽ മോഷണത്തിൻ്റെ സാദ്ധ്യത പരിശോധിക്കാൻ ചെന്നതാണ്. അവിടെ ഒരു പ്രഭാഷണം നടക്കുകയാണ്.ഭക്തജനങ്ങൾക്കൊപ്പം ഭാസുരാംഗനും കൂടി.ശ്രീകൃഷ്ണകഥകൾ വർണ്ണിയ്ക്കുന്നതിനൊപ്പം ശ്രീകൃഷ്ണൻ്റെ വിലമതിക്കാനാവാത്ത രത്ന കിരീടത്തേപ്പറ്റിയും പ്രഭാഷകൻ വിസ്തരിച്ചു.അമൂല്യ രത്നങ്ങൾ പതിച്ച ആ സ്വർണ്ണ കിരീടത്തിൻ്റെ വില ഇനിയും ആർക്കും തിട്ടപ്പെടുത്താൻ സാധിച്ചിട്ടില്ല എന്നും പറഞ്ഞു. പ്രഭാഷണം കഴിഞ്ഞ് എല്ലാവരും പി രിഞ്ഞു.ഭാസുരാംഗൻ പ്രഭാഷകൻ്റെ അടുത്തെത്തി." അങ്ങ് ഒരു കിരീടത്തേപ്പറ്റിപ്പറഞ്ഞല്ലോ അതെവിടെയാണ്."പ്രഭാഷകൻ: "ഇത്രയൊക്കെപ്പറഞ്ഞിട്ടും നീ കിരീടത്തേപ്പറ്റി മാത്രമേ കേട്ടുള്ളു. ഇവിടുന്ന് കുറേ വടക്ക് മധുരാപുരി എന്ന രാജ്യമുണ്ട്. അവിടെയാണ് ശ്രീകൃഷ്ണൻ.കൊട്ടാരത്തിൽപ്പോയി അന്വേഷിച്ചാൽ മതി ദർശനം നൽകും"എങ്ങിനേയും ആ കിരീടം കൈക്കലാക്കണം.ഭാസുരംഗൻ തീരുമാനിച്ചു.അയാൾ വടക്കുദിശയേലക്ഷ്യമാക്കി യാത്ര തുടങ്ങി.പോകുന്ന വഴിക്ക് പേരു് മറക്കാതിരിക്കാൽദ്വാരക എന്നും കൃഷ്ണൻ എന്നും ഉരുവിട്ടുകൊണ്ടിരുന്നു. ദിവസങ്ങൾ കഴിഞ്ഞു. അവൻ മധുരയിൽ എത്തി. തൻ്റെ നാമവും ജപിച് ഒരാൾ വരുന്നുണ്ട്‌ എന്ന് കൃഷ്ണൻ മനസിലാക്കി.ക്രിഷ്ണന്കാര്യം മനസിലായി. അയാൾ വന്നപ്പോൾ ശ്രീകൃഷ്ണൻ കിരീടവും കയ്യിൽ പ്പിടിച്ച് കോട്ടവാതുക്കൽ തന്നെ നിലയുറപ്പിച്ചു.ഭാസുരാംഗൻ അവിടെ എത്തി ശ്രീകൃഷ്ണനേപ്പറ്റിത്തിരക്കി.ഞാൻ തന്നെയാണ് കൃഷ്ണൻ.ഞാൻ ഒരു യാത്ര പുറപ്പെടാൻ പോവുകയാണ്. ഞാൻ വരുന്നത് വരെ അങ്ങ് ഈ കിരീടം സൂക്ഷിക്കണം. എന്ന് പറഞ്ഞ് കിരീടം ഭാസുരംഗൻ്റെ കയ്യിൽ ക്കൊടുത്തു. അയാൾ ഞട്ടിപ്പോയി. ഞാനെത്തിനിത്ര കഷ്ടപ്പെട്ടു വന്നോ ഒരു ബുദ്ധിമുട്ടും കൂടാതെ ആ കിരീടം കയ്യിൽ കിട്ടി. പക്ഷേ ഒരു കഷ്ട്ടപ്പാടും കൂടാതെ ആ കിരീടം കയ്യിൽക്കിട്ടിയപ്പോൾ എന്തോ അയാൾക്ക് അതിനോട് താത്പ്പര്യം തോന്നിയില്ല. മാത്രമല്ല ഈ കൃഷ്ണൻ്റെ പേര് ഉച്ചരിച്ചു്ച്ചരച്ച് ശ്രീകൃഷ്ണനോട് ഒരു മമത തോന്നിത്തുടങ്ങി.iആ മമത ക്രമേണ ഒരുതരം ഭക്തിയായി മാറിയതയാളറിഞ്ഞു.ഭാസുരംഗൻ ആ കിരീടം ശ്രീകൃഷ്ണൻ്റെ കാൽക്കൽ വച്ച് മാപ്പിരന്നു.ഞാൻ വന്നത് ഈ കിരീടം മോഷ്ട്ടിക്കാനാണ്. എൻ്റെ അവിവേകം പൊറുക്കണം എന്നു പറഞ്ഞു. അങ്ങിനെ അയാൾ ശ്രീകൃഷ്ണൻ്റെ ഒരു ഭക്തനായി മാറിയത്രെ

Tuesday, November 17, 2020

സാമ്പാർ ഇങ്ങിനെയും ഉണ്ടാക്കാം [തനതു പാകം - 44] ഉരുളക്കിഴങ്ങ്, ക്യാരറ്റ്, ബീറ്റ്റൂട്ട്, ചേന, ചെറുതായി പഴുത്ത കപ്ലങ്ങാ ,മുരിങ്ങക്കാ ഇവ അരിഞ്ഞ് കഴുകി വയ്ക്കുക. തക്കാളി, വഴുതനങ്ങ, വെണ്ടയ്ക്കാ എന്നിവ വേറേയും അരിഞ്ഞു വയ്ക്കണം. കുക്കറിൽ വെളിച്ചണ്ണ ഒഴിച്ച് അടുപ്പത്തു വയ്ക്കണം, കടുക്, മുളക്, കരിവേപ്പില എന്നിവ ചേർക്കുക. കടുക് പൊട്ടിക്കഴിഞ്ഞാൽ അതിൽ കുറച്ച് സമ്പാർ പരിപ്പ് ചേർത്തിളക്കണം.പരിപ്പ് നന്നായി പാകമായാൽ അതിൽ ഉപ്പ്, കായം, സാമ്പാർ പൊടി എന്നിവ ചേർത്ത് ഇളക്കണം. ഉടനേ അതിൽ ആദ്യം മുറിച്ചു വച്ച കഷ്ണം ചേർത്ത് നന്നായി യോജിപ്പിക്കുക. കഷ്ണത്തിൽ ഈ മിശ്രിതം നന്നായി പിടിച്ച് ജലാംശം വറ്റുന്നതു വരെ ഇളക്കണം.അതിൽ പുളിവെള്ളം ചേർത്ത് കുക്കർ അടച്ചു വച്ച് വേവിക്കുക. പാകമാകുമ്പോൾ കൂക്കർ തുറന്നാൽ പുളിവെള്ളത്തിൽ കഷ്ണം നന്നായി വെന്നതായി കാണാം. ഇനി അതിൽ രണ്ടാമത്തെ സെററ് കഷ്ണം ചേർത്ത് തിളപ്പിക്കണം. കുക്കർ അടച്ചു വയ്ക്കണമെന്നില്ല. കുറച്ച് ശർക്കര കൂടി ചേർക്കുന്നത് നല്ലതാണ്. ഇനി നാളികേരം വറത്തരച്ച് ചേർക്കണമെന്നുള്ളവർ വറക്കുമ്പോൾ കുറച്ച് പരിപ്പു കൂടി ചേർത്താൽ നന്നായി. നാളികേരം ചേർക്കാതുള്ളതിന് വേറൊരു സ്വാ ദാണ്. കേടുകൂടാതെ ഒരു ദിവസത്തിൽ കൂടുതൽ ഇരിക്കുകയും ചെയ്യും.

Monday, November 16, 2020

ബിലഹരി ബാലൻ ഭാഗവതർ. [ കീശക്കഥകൾ - 190 ]ബാലൻ ഭാഗവതർ നാദസ്വര വിദ്വാനാണ്. സംഗീതത്തിൽ അഗ്രഗണ്യനാണന്നാണ് ഭാവം.ബിലഹരി ബാലൻ ഭാഗവതർ എന്ന് സ്വയം വിശേഷിപ്പിക്കുന്നു. ഏററവും നല്ല രാഗം "ബിലഹരി ' ആണന്നാണ് കക്ഷിയുടെ അഭിപ്രായം. ആരേക്കിട്ടിയാലും ബിലഹരി രാഗത്തിൻ്റെ സവിശേഷതകൾ പറഞ്ഞ് വധിക്കും. തറവാട്ടിൽ കുട്ടികളെ കർണ്ണാടക സംഗീതം പഠിപ്പിക്കാൻ ബാലൻ ഭാഗവതരെയാണ് ചുമതലപ്പെടുത്തിയത്. അമ്പലത്തിലെ ശീവേലി കഴിഞ്ഞാൽ ഭാഗവതർ വേറേ ഒരു പണിയുമില്ല. കാർന്നോർക്ക് ഒരു സഹാനുഭൂതി തോന്നിയതിൻ്റെ ഫലമാണ് ബാക്കിയുള്ളവർ അനുഭവിക്കുന്നത്. രാവിലത്തെ പഠനം കഴിഞ്ഞാൽ അവിടെത്തന്നെ കൂടും.കോവണിയുടെ ചുവട്ടിൽ ഉള്ള ഒരിടം ഭാഗവതർ തന്നെ തരപ്പെടുത്തിയിട്ടുണ്ട്.ഒരു ദിവസം വളരെ ഗൗരവമുള്ള ഒരു കാര്യം സംസാരിക്കാനാണ് എല്ലാവരും ഒത്തുകൂടിയത്.ഭാഗവതവർക്ക് സന്തോഷമായി. ഇന്ന് പുതിയ ആൾക്കാരും ഉണ്ട്. രാഗ വിസ്താരവും ആകാം. യാതൊരു ഔചിത്യവുമില്ലാതെ ഭാഗവതർ അവിടെ പ്രത്യക്ഷപ്പെട്ടു. പിന്നെ ബിലഹരിയുടെ വിശേഷം.കർണ്ണാടക സംഗീതത്തിലെ ഇരുപത്തി ഒമ്പതാമത്തെ മേളകർത്താരാഗമായ 'ശങ്കരാഭരണത്തിൻ്റെ 'ജന്യ രാഗമാണ് ബിലഹരി. തിരുമേനിമാർക്കറിയൊ? അതിൻ്റെ ആരോഹണം മോഹനം, അവരോഹണം ശങ്കരാഭരണം. പ്രഭാത രാഗമായതുകൊണ്ട് ഭക്തിരസപ്രധാനമാണ്. ഭാഗവതർ വിടുന്ന ലക്ഷണമില്ല." ഇതെത്ര പ്രാവശ്യം പറഞ്ഞതാ "ഇന്നു പുതിയ ആൾക്കാരില്ലേ ഭാഗവതർ രാഗ വിസ്താരം തുടങ്ങി...ഓ ക്ഷമയ്ക്കും ഒരതിരില്ലേ... ഇതൊന്നു നിർത്തണമല്ലാ...അഫനാണ് തുടങ്ങി വച്ചത് " അപ്പോ ബാലൻ ഭാഗവതർ അറിഞ്ഞില്ലേ ഈ "ബിലഹരി "വേണ്ടന്നു വച്ച വിവരം.ഗവർണ്മെൻ്റ് തീരുമാനമാണന്നാ കേട്ടേ "ഭാഗവതർ ചൂടായി "എന്തു വിഡിത്തമാ പറയുന്നേ.. ഒരു രാഗം അങ്ങടു വേണ്ടന്നു വയ്ക്കുകയോ? അതുംബിലഹരി! "അഫൻ:( ഒരു നെടുവീർപ്പിട്ട്.ഗൗരവത്തോടെ ] "കഷ്ടായിപ്പോയി.കലാമണ്ഡലവും ശുപാർശ ചെയ്യന്നാ കേട്ടതു് " .ഭാഗവതർക്കിരിക്കപ്പൊറുതി ഇല്ലാതായി.ബിലഹരി ചൂടായിത്തുടങ്ങി.അഫൻ [ ഗൗരവത്തിൽത്തന്നെ ] " ഇനി അതു പുനസ്ഥാപിച്ചു കിട്ടുക എളുപ്പമാണന്നു തോന്നുന്നില്ല."എല്ലാവരും കൂടിക്കൊടുത്തു. ഭാഗവതരുടെ ശുണ്ഡി കാണാനൊരു രസം. അപ്പഴാണ് മുത്തശ്ശൻ്റെ വരവ്. അവിടുത്തെ കലാപരിപാടികൾ അറിഞ്ഞാണ് വരവ്.ഇവരുടെ കൂടെ കൂടി ഭാഗവതരെ ഒന്നു കലശൽ കൂട്ടാം എന്നു തീരുമാനിച്ചാണ് വരവ്.ബാലൻ ഭാഗവതർ: [ 'സമക്ഷം താണു തൊഴുത് ] " ആവൂ.. സമാധാനമായി. സംഗീതത്തെപ്പറ്റി അറിയാവുന്ന ഒരാളെങ്കിലും ഉണ്ടല്ലോ. സംഗീതത്തേപ്പറ്റി ഒരു വിവരവുമില്ലാത്ത ഇവർ പറയുകയാ" ബിലഹരി '' നിരോധിച്ചെന്ന്. അങ്ങ് ഒന്നു പറഞ്ഞു മനസ്സിലാക്കിക്കൊടുക്കൂ".മുത്തശ്ശൻ ആകെ രംഗം ഒന്നു വീക്ഷിച്ചു.എന്നിട്ട് ദുഖത്തോടെ "ഞാനും കേട്ടു .എനിക്കൊരു ദു:ഖമേ ഒള്ളു ഇനി " ബിലഹരി ബാലൻ ഭാഗവതർ " എന്ന് ഭാഗവതർക്ക് പേരു വയ്ക്കാൻ പറ്റില്ലല്ലോ എന്നോർത്ത്. എന്നാലും കഷ്ടയിപ്പോയി ബിലഹരി നിർത്തണ്ടായിരുന്നു."ഇനി സത്യമായിരിക്കുമോ? ബിലഹരി നിരോധിച്ചൊ? ബാലൻ ഭാഗവതർക്ക് ഭൂമി കറങ്ങുന്ന പോലെ തോന്നി.ബിലഹരിയുടെ അവരോഹണം പോലെ ഭാഗവതർ തല കറങ്ങി നിലംപതിച്ചു.

Saturday, November 14, 2020

ആ കരിങ്കല്ലുകൊണ്ടുള്ള " ഓവ് ' [ നാലുകെട്ട് - 333 ]പറമ്പ് കിളച്ച് ചെന്നപ്പഴാണ് ആ കരിങ്കല്ലിൽ തീർത്ത ഓവ് കണ്ടത്. ഏതാണ്ട് ഏഴര അടിയോളം നീളം. ഒരറ്റം അർത്ഥവൃത്താകൃതിയിൽ കൊത്തി എടുത്തിരിക്കുന്നു. അവിടെ ഇരിക്കാൻ പാകത്തിത്പാദത്തിൻ്റെ ആകൃതിയിൽ രൂപപ്പെടുത്തിയിരിക്കുന്നു. ആ കരിങ്കല്ലിൻ്റെ ഭാരം മുഴുവൻ ആ അറ്റത്ത് ക്രമീകരിച്ചിരിക്കുന്നു. പിന്നെ ആ ഓവിന് നീളം കുറഞ്ഞു കുറഞ്ഞു വരുന്നു.അന്ന് കളപ്പുര മാളികയുടെ മുകളിൽ ഓവ് മുറിയിൽ വച്ചിരുന്നതാണ് ആ ഭീമാകാരമായ കരിങ്കൽ ഓവ്. നാലു കെട്ടിൻ്റെ പടിഞ്ഞാറുവശം താഴ്ന്നു കിടക്കരുത് എന്നാണ് ശാസ്ത്രം. കാറ്റിൻ്റെ ശല്യം ഉണ്ടാകുമത്രേ.അങ്ങിനെ താഴ്ന്നാണ് കിടക്കുന്നതെങ്കിൽ അവിടെ ഒരു രണ്ടുനില മാളിക പണിയും. നാലുകെട്ടിൻ്റെ സുരക്ഷക്കാണത്രേ.അങ്ങിനെ ഒരു മാളിക തറവാടിന് പടിഞ്ഞാറേ മുറ്റത്തിനരുകിൽ ഉണ്ടായിരുന്നു. ചുവട്ടിൽ വലിയ രണ്ടു മുറി .അതിന് മൂന്നു വശവും വിശാലമായ അഴിയിട്ട ഇറയം.അതിൻ്റെ ഒരറ്റത്ത് തടികൊണ്ടുള്ള ഭീമാകാരനായ ഒരു ഗോവണി. മുകളിൽ ഒരു വലിയ ഹാൾ ആണ്. അതിനു ചുറ്റും പത്തോളം ജനലുകൾ. മച്ചിനു മുകളിൽ തേക്കില നിരത്തി അതിനു മുകളിൽ വെട്ടുകല്ല് പാകി അതിനു മുകളിൽ തറയോട് പാകി മനോഹരമാക്കിയിരുന്നു. അതിൻ്റെ ഒരു മൂലയിൽ ആണ് പല ക കൊണ്ട് മറച്ച ആ ഓവുപുര .അവിടെയാണ് ആ കരിങ്കല്ലിൽ തീർത്ത ഓവ് സ്ഥാപിച്ചിരിക്കുന്നത്. അതിൻ്റെ മറ്റേ അറ്റം ദൂരെ മാറി പറമ്പിൽ വെള്ളം വീഴാൻ പാകത്തിനാണ് ക്രമീകരിച്ചിരിക്കുന്നത്. ആ പഴയ മാളിക ഇന്ന് ഒരു ഗതകാല ഓർമ്മ മാത്രം. ആ ഓർമ്മകളുടെ ഒരു പ്രതീകമായി ആ നെടുനീളൻ കരിങ്കല്ലിൽ തീർത്ത ഓവ് മണ്ണിൽ പുതഞ്ഞു കിടക്കുന്നു.

Friday, November 13, 2020

യുധിഷ്ടിരൻ്റെ അഹങ്കാരം ശമിക്കുന്നു. [കൃഷ്ണൻ്റെ ചിരി-86 ]മഹാഭാരത യുദ്ധം കഴിഞ്ഞു. ശ്രീകൃഷ്ണൻ്റെയും മഹാമുനിമാരുടേയും നിർദ്ദേശപ്രകാരം ഹിമാലയ സാനുക്കളിൽ നിന്ന് അളവറ്റ ധനം യുധിഷ്ഠിരന് കിട്ടി.രാജസൂയം നടത്തി. യുധിഷ്ടിരൻ ചക്രവർത്തി ആയി .നാട്ടിലെ പ്രജകൾക്ക് മുഴുവൻ അന്നദാനം നടത്താൻ യുധിഷ്ടിരൻ തീരുമാനിച്ചു.അതിവിപുലമായ ആ അന്നദാനസമയത്ത് ശ്രീകൃഷ്ണനെയും ക്ഷണിച്ചു. . അന്നദാനത്തിനോളം മഹത്തായ ഒരു കർമ്മം വേറെയില്ല. അതു കൊണ്ട് എല്ലാവർക്കും പ്രൗഢഗംഭീരമായ സദ്യ തന്നെ കൊടുക്കാൻ തീരുമാനിച്ചു. യുധിഷ്ട്ടിരൻ ശ്രീകൃഷ്ണനോട് പറഞ്ഞു. ശ്രീകൃഷ്ണൻ ഒന്നു ചിരിച്ചു.അവർ അങ്ങിനെ നടക്കുമ്പോൾ വിചിത്രമായ ഒരു കാഴ്ച്ച കണ്ടു. ഒരു കീരി അന്നദാനം കഴിഞ്ഞ ഇലകളിൽ കിടന്നുരുളുന്നു. ആ കീരിയുടെ പകുതി സ്വർണമാണ്. നീ എന്താണ് ചെയ്യുന്നത് എന്നു കൃഷ്ണൻ കീരിയോട് ചോദിച്ചു.അത്ഭുതം. ആ കീരി സംസാരിയ്ക്കാൻ തുടങ്ങി. ഞാൻ പാവപ്പെട്ട ഒരു നേരം പോലും ആഹാരമില്ലാത്ത ഒരു കുടുബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. അന്ന് നാലു ദിവസമായി ആഹാരം കിട്ടാതെ ആ ഗൃഹനാഥനും ഭാര്യയും മകനും മരണം സംഭവിക്കും എന്ന സ്ഥിതി വരെയായി.ആ കഷ്ടതയിലും ഞാൻ അവരെ വിട്ടു പോയില്ല. അതേ സമയം ഒരു വഴിപോക്കൻ ഒരു പാത്രം നിറയെ ആഹാരം അവർക്ക് കൊണ്ടുവന്ന് കൊടുത്തു. അവർ ആർത്തിയോടെ അത് മൂന്നായി പ്പങ്കുവച്ചു.കഴിക്കാൻ തുടങ്ങിയപ്പോൾ വിശന്നുവലഞ്ഞ് ഒരു സാധു ബ്രാഹ്മണൻ അതിലേ വന്നു. എന്തെങ്കിലും കഴിക്കാൻ തരണമെന്ന് അപേക്ഷിച്ചു.ഗൃഹനാഥൻ ഒരു മടിയും കൂടാതെ തൻ്റെ ഇല അങ്ങിനെ തന്നെ ആ ബ്രാഹ്മണന് കൊടുത്തു. അദ്ദേഹത്തിന് അതുകൊണ്ട് വിശപ്പ് മാറ്റിയില്ലന്നറിഞ്ഞ് അദ്ദേഹത്തിൻ്റെ പത്നിയും പിന്നെ മകനും ഗൃഹനാഥൻ്റെ പാത പിന്തുടർന്നു. ബ്രാഹ്മണൻ സന്തോഷത്തോടെ തിരിച്ചു പോയി. അന്നു രാത്രി ആ ഭവനത്തിൽ ഒരനക്കവും കേൾക്കാത്തതിനാൽ ഞാൻ പോയി നോക്കി. ആ മൂന്നു പേരും പട്ടിണി കൊണ്ട് മരിച്ചിരുന്നു. ദേഷ്യവും സങ്കടവും കൊണ്ട് ഞാൻ ആ ഏച്ചിലിലയിൽ കിടന്നുരുണ്ടു.അത്ഭുതം !എൻ്റെ ശരീരത്തിൻ്റെ പകുതി സ്വർണ്ണമായി മാറി. ആ ഉദാത്തമായ അന്നദാനത്തിൻ്റെ മഹത്വം കൊണ്ടാണങ്ങിനെ സംഭവിച്ചതെന്ന് എനിക്ക് മനസിലായി. അതിൽപ്പിന്നെ എൻ്റെ ശരീരത്തിൻ്റെ ബാക്കി ഭാഗം കൂടി സ്വർണ്ണമാക്കാൻ ഉദാത്തമായ അന്നദാനം നടത്തുന്നിടത്തെല്ലാം പോയി ഇലയിൽക്കിടന്നുരുണ്ട് നോക്കി. ഒരു ഫലവുമുണ്ടായില്ല. അപ്പഴാണ് ധർമ്മിഷ്ടനായ യുധിഷ്ട്ടിരൻ്റെ അന്നദാനത്തെപ്പറ്റി കേട്ടത്.അതാണ് ഇവിടെയും ഇലയിൽ കിടന്നുരുണ്ടു നോക്കി. പക്ഷേ ഈ അന്നദാനവും അത്രയും നിസ്വാർത്ഥവും ഉദാത്തവും ആയിരുന്നില്ലന്നാണ് ഇപ്പോൾ മനസിലാക്കുന്നത്‌. ആ കീ രി ഇത്രയും പറഞ്ഞ് നിരാശനായി അവിടെ നിന്നു പോയി.ശ്രീകൃഷ്ണൻ ഒരു ചെറുചിരിയോടെ യുധിഷ്ടിരനെ നോക്കി. തൻ്റെ സമ്പത്തിൻ്റെയും അധികാരത്തിൻ്റെയും ഹുങ്കിൽ താൻ നടത്തിയ അന്നദാനം ഉദാത്തമായിരുന്നില്ലന്ന് യുധിഷ്ഠിരന് മനസിലായി.അദ്ദേഹം തൻ്റെ അഹങ്കാരത്തിന് ശ്രീകൃഷ്ണനോട് മാപ്പ് ചോദിച്ചു.

ഓൺലൈൻ ഇൻട്രാക്ഷൻ വിത്ത് ദി ഓതർ [ അച്ചു ഡയറി-402 ] മുത്തശ്ശാ അച്ചു ഇന്ന് ലൈബ്രറിയിൽ പോയിരുന്നു.അവർ ഒരു പുസ്തകം ഫ്രീ ആയി അച്ചുവിന് തന്നു." ഫ്രണ്ട് ഡസ്ക്ക്". ഇത് വായിച്ചു തീർത്ത് ആ ബുക്ക് എഴുതിയ ആളുമായി ഒരു ഓൺലൈൻ ഇൻട്രാക് ഷന് സൗകര്യമുണ്ട്. നമുക്ക് ചോദ്യങ്ങൾ ചോദിക്കാം. അച്ചുവിനും ചില കാര്യങ്ങൾ ചോദിയ്ക്കണം. ഈ കൗണ്ടിയിലുള്ളവർക്ക് മുഴുവൻ ഈ പുസ്തകം അവർ സൗജന്യമായിക്കൊടുത്തു. ഈ കൗണ്ടിയിൽ ഒരാൾ സംഭാവന ചെയ്തതു് ഒരു വലിയ തുകയാണ്.ഈ കൗണ്ടിയേ പ്രമോട്ട് ചെയ്യാൻ എന്തിനും ഈ തുക ഉപയോഗിക്കാം എന്നും പറഞ്ഞു. അവർ ഈ ബുക്കുകൾ വിതരണം ചെയ്യാനാണ തുപയോഗിച്ചത്. അച്ചു അത്ഭുതപ്പെട്ടു പോയി. പക്ഷേ പുസ്തകം വായിച്ചപ്പഴാണച്ചൂന് മനസിലായത് അത് എന്തിനാണന്ന്. ഈ നാട്ടിൽ കുടിയേറിപ്പാർത്ത ഒരു ഇമി ഗ്രൻ്റിൻ്റെ കുട്ടിയുടെ കഥയാണിത്. അതിലൂടെ ഈ കൗണ്ടിയുടെ ചരിത്രം മുഴുവൻ ആൾക്കാർക്ക് മനസിലാകും. അവസാനം ആ കുട്ടിക്ക് ഒരു വലിയ ടൂറിസ്റ്റ് ഹോട്ടലിൽ റിസപ്ഷണിസ്റ്റായി ജോലി കിട്ടി. അവിടെ ഇരുന്നും പലതരത്തിലുള്ള ആൾക്കാരുമായി അവർ പരിചയപ്പെട്ടു. അവരുടെ പ്രശ്നങ്ങൾ അറിഞ്ഞു. അവൾ ഇതുവരെ അനുഭവത്തിലൂടെ ആർജ്ജിച്ച അറിവുകൾ വച്ച് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കി.കഥ അങ്ങിനെ തുടരുന്നു.ആ പുസ്തകം തീർന്നു കഴിഞ്ഞപ്പോൾ അച്ചുതാമസിക്കുന്ന ആ കൗണ്ടിയുടെ ചരിത്രം മുതൽ ഇപ്പഴത്തെ അവസ്ഥ വരെ എല്ലാം മനസിലായി. അടുത്ത ആഴ്ച്ച ആ പുസ്തകത്തിൻ്റെ ഓതർ ഓൺലൈനിൽ വരുമ്പോൾ ചോദ്യങ്ങൾ ചോദിയ്ക്കാൻ അച്ചുവും ഉണ്ടാകും. അച്ചു കാത്തിരിക്കുന്നു. മുത്തശ്ശാ നമ്മുടെ നാട്ടിലാണങ്കിൽ ഇങ്ങിനെ ഒരു വലിയ തുക കിട്ടിയാൽ ഒരു വലിയ കെട്ടിടം അല്ലങ്കിൽ ഒരു ബസ് സ്റ്റേഷൻ, ഒരു ടൂറിസ്റ്റ് സെൻ്റർ.ഇങ്ങിനെ അവനവൻ താമസിയുന്ന സ്ഥലത്തിൻ്റെ ഒരു സമഗ്ര പഠനത്തിനുള്ള ഒരു പുസ്തകത്തിന് ഇൻവെസ്റ്റ് ചെയ്യില്ല ഉറപ്പ്. അതാണ് ഇൻഡ്യയും അമേരിക്കയുമായുള്ള ഒരു വ്യത്യാസം.അവർക്ക് നാനൂറു വർഷത്തെ ചരിത്രമേ ഒള്ളു. പക്ഷേ അത് സംരക്ഷിക്കാനും പ്രൊമോട്ട് ചെയ്യാനും അവർ എന്തും ചെയ്യും.

Monday, November 9, 2020

കൃഷ്ണയും കൃഷ്ണനും [കൃഷ്ണൻ്റെ ചിരി-84 ]ഒരു പക്ഷെ മഹാഭാരതത്തിലെ ഏറ്റവും ഉദാത്തമായ ഒരു ബന്ധത്തിൻ്റെ കഥയാണ് വ്യാസഭഗവാൻ പറയുന്നത്. പാഞ്ചാലിയും കൃഷ്ണനും തമ്മിലുള്ള ബന്ധം.പാഞ്ചാലീ സ്വയംവരത്തിന് വന്നപ്പോൾ കൃഷ്ണന് പാഞ്ചാലിയെ വിവാഹം ചെയ്തു കൊടുക്കണമെന്ന് ദ്രുപതന് ആഗ്രഹമുണ്ടായിരുന്നു. അന്നു ജീവിച്ചിരിക്കുന്നവരിൽ ദ്രോണരേ തോൽപ്പിയ്ക്കാൻ ശ്രീകൃഷ്ണനു മാത്രമേ പറ്റുകയുള്ളു എന്ന് ദ്രുപതൻ വിശ്വസിച്ചിരുന്നു..പക്ഷേ കൃഷ്ണൻ പാഞ്ചാലിയെ ഒരു സഹോദരിയുടെ സ്ഥാനത്താണ് കണ്ടത്.അല്ലങ്കിൽ ഒരു ഉത്തമ സുഹൃത്തിൻ്റെ സ്ഥാനത്ത്. പാർത്ഥനേക്കൊണ്ട് പാഞ്ചാലിയെ വിവാഹം കഴിപ്പിക്കാനാണ് ശ്രീകൃഷ്ണൻ ആഗ്രഹിച്ചത്.അത് ദൃപതനോട് പറയുകയും ചെയ്തു.അങ്ങിനെ കൃഷ്ണൻ്റെ ഉപദേശപ്രകാരമാണ് അർജുനന് മാത്രം വിജയിയ്ക്കാൻ പറ്റുന്ന ഒരു മത്സരം സംഘടിപ്പിച്ചത്. പക്ഷേ ആപ്രതീക്ഷിതമായി കർണ്ണൻ അവിടെ വരുന്നു. പരീക്ഷണത്തിൽ പങ്കെടുക്കാൻ സന്നദ്ധനാകുന്നു. സൂതപുത്രനേ വരിക്കില്ല എന്ന് പാഞ്ചാലിയെക്കൊണ്ട് പറയിപ്പിക്കുന്നതും കൃഷ്ണനാണ്.കൃഷ്ണനും കൃഷ്ണയും തമ്മിൽ ഒരു തരം വല്ലാത്ത സുഹൃത്ബന്ധം നമുക്ക് കാണാൻ പറ്റും. രാജസൂയ സമയത്ത് ശിശുപാലനെ ചക്രം ചുഴറ്റി വ ധിക്കുമ്പോൾ കൃഷ്ണൻ്റെ കൈ മുറിഞ്ഞ് ചോര വരുന്നു. സുഭദ്ര ഉടനേ അകത്തേക്കോടിമരുന്നുമായി വരുന്നു.പക്ഷേ അപ്പഴേക്കും ദ്രൗപതി തൻ്റെ ചേലവലിച്ചു കീറി ആ കൈ കെട്ടിക്കൊടുക്കുന്ന ഒരു രംഗം ഉണ്ട്. പിന്നീട് ഈ സുഹൃത്ബന്ധത്തിന് രാഖി കെട്ടിക്കൊടുക്കുന്ന ചടങ്ങായി ഇതിന് തുടർച്ചയായി. എന്നെങ്കിലും ഇതിന് നിനക്ക് പ്രത്യുപകാരം ചെയ്യും എന്ന് ശ്രീകൃഷ്ണൻ പാഞ്ചാലിയ്ക്ക് വാക്കു കൊടുക്കുന്നുണ്ട്. ചൂതു സഭയിൽ പാഞ്ചാലിയുടെ വസ്ത്രാക്ഷേപ സമയത്ത് ശ്രീകൃഷ്ണൻ തൻ്റെ വാക്കുപാലിയ്ക്കുന്നുമുണ്ട്.ശ്രീകൃഷ്ണന് പാഞ്ചാലിയുമായി വേറൊരു ജന്മാന്തര ബന്ധമുണ്ട്.അതായത് രാവണൻ സീതാദേവിയെ അപഹരിച്ചു കൊണ്ട് പോകുമ്പോൾ യധാർത്ഥ സീത അഗ്നിദേവൻ്റെയും സൂര്യദേവൻ്റെയും സംരക്ഷയിലായിരുന്നു.മായാ സീതയെ ആണ് അന്ന് രാവണൻ കൊണ്ടുപോയത്.രാവണവധം കഴിഞ്ഞ് അഗ്നിപരീക്ഷകഴിഞ്ഞ് യധാർത്ഥ സീത രാമനടുത്തെത്തുന്നു. അപ്പോൾ മായാസീതഅവിടുന്ന് തൻ്റെ ദൗത്യം പൂർത്തിയാക്കി മടങ്ങുന്നു. ശിവനെ തപസു ചെയ്തു വരം വാങ്ങുന്നു. അടുത്ത ജന്മം അഞ്ചു ഗുണങ്ങളോടുകൂടി ഒരു രാജകുമാരി ആയി നീ ജനിയ്ക്കും എന്നും ഒരോ ഗുണവും ഉള്ള അഞ്ച് ഭർത്താക്കന്മാർ നിനയുണ്ടാകും എന്നും ശിവഭഗവാൻ അനുഗ്രഹിച്ചു.അങ്ങിനെ ആ മായാസീത പാഞ്ചാലി ആയി പുനർജനിച്ചു.അതു കൊണ്ട് തന്നെ കൃഷ്ണന് പാഞ്ചാലിയോട് ഒരു പ്രത്യേക കടപ്പാടും മമതയും ഉണ്ടായിരുന്നു.ഇന്നത്തേക്കാലത്ത് ഇങ്ങിനെയുള്ള ഉദാത്ത ബന്ധങ്ങൾ വിരളമാണ്. "ബാംഗ്ലൂർ ഡേയ്സ് ' എന്ന സിനിമയിൽ ആ തലത്തിലുള്ള ബന്ധം നന്നായി ചിത്രീകരിച്ചിട്ടുണ്ട്.

Saturday, November 7, 2020

സാംബൻ -ശ്രീകൃഷ്ണൻ്റെ ദു:ഖംശ്രീകൃഷ്ണൻ്റെയും, ജാംബവതിയുടേയും പുത്രനാണ് സാംബൻ. താന്തോന്നിയാണ്. ശ്രീകൃഷ്ണനേപ്പോലും ധിക്കരിക്കുന്ന നിഷേധി.ചീത്ത കൂട്ടുകെട്ടിൽപ്പെട്ട് മധുപാനവുമായി തൻ്റെ കുത്തഴിഞ്ഞജീവിതം തള്ളിനീക്കുന്നു. ദുര്യോധന പുത്രി ലക്ഷ്മണയുടെ വിവാഹ ദിവസം സാoബൻ അവളെ തട്ടിക്കൊണ്ടു പോന്നു. കൗരവർ അവനേ കയ്യോടെ പിടിച്ച് കാരാഗ്രഹത്തിലടച്ചു.നാരദനിൽ നിന്ന് വിവരങ്ങൾ അറിഞ്ഞ കൃഷ്ണൻ മകനേ രക്ഷിക്കാനായി പോകാനൊരുങ്ങുന്നു. ബലരാമൻ കൃഷ്ണനെത്തടഞ്ഞു." ഞാൻ പോകാം എൻ്റെ പ്രിയശിഷ്യനാണ് ദുര്യോധനൻ ഞാൻ സംസാരിച്ച് ഒരു യുദ്ധം ഒഴിവാക്കാം " ബലരാമൻ ദുര്യോധനൻ്റെ അടുത്തെത്തി സാംബനെ മോചിപ്പിക്കാൻ ആവശ്യപ്പെട്ടു. ദുര്യോധനൻ ഗുരുവിൻ്റെ ആവശ്യം നിരസിച്ചു.ബലരാമൻ കോപംപൂണ്ട് യുദ്ധത്തിന് തയാറായി. ഭീഷ്മരും കൂട്ടരും അപകടം മനസിലാക്കി. ദുര്യോധനുമായി സംസാരിച്ചു. അവസാനം ദുര്യോധനൻ വഴങ്ങി. തൻ്റെ മകളെ സാംബനൊപ്പം യാത്രയാക്കി.എന്നും ശ്രീകൃഷ്ണനെ ധിക്കരിക്കാറുള്ള സാംബൻ ഇതും എൻ്റെ അച്ഛനെക്കണ്ടു പഠിച്ചതാണ്.ഇതിൽ അച്ഛന് എന്നെ കുറ്റപ്പെട്ട ത്താൻ അവകാശമില്ല എന്നും പറഞ്ഞു.കാലം കുറേക്കഴിഞ്ഞു.മഹാഭാരത യുദ്ധം കഴിഞ്ഞ് മുപ്പത്തി ആറ് വർഷം പൂർത്തിയായി.ആ കാലത്ത് നാരദർ ഉൾപ്പടെ കുറച്ച് മഹർഷിമാർ ദ്വാരക സന്ദർശിച്ചു.സാംബനും കൂട്ടരും സുരപാനത്തിൽ മദോന്മത്തരായി ഇരിക്കമ്പഴാണ് അവരുടെ വരവ്. അവരെ ഒന്നു പറ്റിയ്ക്കാൻ തന്നെ അവർ തീരുമാനിച്ചു.സാംബനെ ഒരു ഗർഭിണിയുടെ വേഷം കെട്ടിച്ച് മഹർഷിമാരുടെ മുമ്പിലെത്തിച്ചു.ഇവൾ പ്രസവിക്കുന്നത് ആൺ കുട്ടിയാണോ പെൺകുട്ടിയാണോ എന്നു പറഞ്ഞു തരണമെന്ന് അപേക്ഷിച്ചു.മഹർഷിമാർക്ക് കാര്യം മനസിലായി.അവർ അന്യോന്യം നോക്കി ' എന്നിട്ട് പറഞ്ഞു."ഇവൾ പ്രസവിക്കുന്നത് ഒരു ഇരുമ്പൊലക്ക' ആയിരിക്കും. അതു കൊണ്ട് നിങ്ങളുടെ കുലം മുഴുവൻ നശിക്കും" എന്നു ശപിച്ചു. അവർ പറഞ്ഞ പോലെ സാംബൻ ഒരു ഇരുമ്പ് ഉലക്ക പ്രസവിച്ചു. അവർ ഭയന്നു.എല്ലാവരും കൂടി ആ ഉലക്ക രാകിപ്പൊടിച്ച് കടലിൽ കലക്കി. അവസാനം മിച്ചം വന്ന ഒരു കഷ്ണം കടലിലെറിഞ്ഞു.. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആ പൊടി കരയ്ക്കടിഞ്ഞു. അതു മുഴുവൻ നല്ല ബലമുള്ള എയ്യാംപുല്ലുകളായി വളർന്നു വലുതായി. യാദവ കുലം കുടിച്ച് മദോന്മത്തരായി ആ പുല്ല് പറിച്ചെടുത്ത് അന്യോന്യം തല്ലി നശിച്ചു.കടലിൽ എറിഞ്ഞ ആ മിച്ചം വന്ന ഇരുമ്പിൻ കഷ്ണം ഒരു മത്സ്യം വിഴുങ്ങി. അതിനെ ഒരു മുക്കുവൻ പിടിച്ചു.അതിൻ്റെ വയറ്റിൽക്കണ്ട ആ ഇരുമ്പിൻ കഷ്ണം ഒരു വേടന് സമ്മാനിച്ചു. അവൻ അതു കൊണ്ട് ഒരസ് ത്രമുണ്ടാക്കി വേട്ടക്കിറങ്ങി.ഒരു മരത്തിൻ്റെ ചുവട്ടിൽ യോഗ നിന്ദ്രയിൽ ഇരുന്നിരുന്ന കൃഷ്ണനെക്കണ്ട് ഒരു മാ നാണന്നു കരുതി വേടൻ അമ്പയച്ചു. ഒരു ചെറു മന്ദഹാസത്തോടെ പ്രതീക്ഷിച്ചിരുന്ന വിധിയേ സന്തോഷത്തോടെ സ്വീകരിച്ച് സ്വർഗ്ഗസ്ഥനായി

Tuesday, November 3, 2020

. ഭഗവാൻ കൃഷ്ണൻ - US എമിഗ്രേഷൻ കൗണ്ടറിൽ.....ആദ്യത്തെ അമേരിയ്ക്കൻ യാത്രയുടെ ഒരോർമ്മയാണ്.വാഷിഗ്ടൻDC യിലെ വിമാനത്താവളത്തിലാണ് ലാൻ്റ് ചെയ്തത്.ഞാനെൻ്റെ പെട്ടികളുമായി പല കടമ്പകൾ കടന്ന് എമിഗ്രേഷൻ കൗണ്ടറിൽ. അവിടെ ഒരു മദാമ്മ. പൂതനയുടെ ഭാവം. കൂടെ വേറൊരു കൂറ്റൻ അസുരനും."എനി' റൈസ്, ഹാൻ്റീക്രാഫ്റ്റ് "പൂതനയുടെ ചോദ്യം"നോ നത്തിഗ് മാഡം" ആദ്യം എഴുതി ഒപ്പിട്ടു കൊടുത്തതാണ്. നുണ പറഞ്ഞേ പറ്റൂ. ആ പെട്ടികൾ, കൂടെയുള്ള അസുരൻ പുഷ്പ്പം പോലെ എടുത്ത് ഒരു യന്ത്രത്തിലൂടെ കയറ്റി വിട്ടു.അതിൽ നിന്നും ഒരു പെട്ടി മാറ്റിവച്ചു. രൂക്ഷമായി എന്നെ നോക്കി. പിടിക്കപ്പെട്ടു. ഞാൻ തീരുമാനിച്ചു."ഓപ്പണിറ്റ് " എനിക്ക് പരിഭ്രമത്തിൽ താക്കോൽ തപ്പി എടുക്കാൻ കുറച്ചു സമയമെടുത്തു. അവർ ലോക്ക് തകർത്തു പെട്ടി തുറന്നു.അവർ ഞട്ടി. പാവം നമ്പൂതിരിയുടെ പെട്ടിയിൽ...... പൂതന വീണ്ടും എന്നെ നോക്കി. പെട്ടിയിലെ സാധനങ്ങൾ എമിഗ്രേഷൻ കൗണ്ടറിൽ നിരത്തി വച്ചു.ഒരു കിലോ ഉണ്ടശർക്കര, അവിൽ, പിന്നെ ഒരു കിഴി പൊടിയരി.അഷ്ടമംഗല്യ സെററ്, ഒരാന, ഗുരുവായൂർ നിന്നു വാങ്ങിയ ഒരു ഫൈബർ താളിയോല ഗ്രന്ഥം, വിഷ്ണു സഹസ്രനാമം, അവസാനം പട്ടിൽപ്പൊതിഞ്ഞ ഒരു ശ്രീകൃഷ്ണ വിഗ്രഹം ഫൈബറിൽ തീർത്തത്.ആ പട്ടുവിരിച്ച് അവർ ആ വിഗ്രഹം അവിടെ പ്രതിഷ്ടിച്ചു.അരിയാണ് അവിടെ പ്രശ്നമായത്. രൂക്ഷമായി പൂതത എന്നെ നോക്കി." കൃഷ്ണാ .. ഒന്നു രക്ഷിക്കൂ മാഷേ? ഒന്നുകിൽ ഞാനകത്താകും... അല്ലങ്കിൽ ഒരു മടക്കയാത്ര.... അതുമല്ലങ്കിൽ അങ്ങയ്ക്കവർ വില പറയും. എൻ്റെ കയ്യിൽ പത്തു ഡോളർ പോലും തികച്ച് എടുക്കാതില്ല. "...എവിടെ.... ആ കള്ള ചിരിയും ചിരിച്ച് ഓടക്കുഴലും വായിച്ച് നീയവിടെ ഇരുന്നോ..... അനുഭവിക്കുന്നത്. ഞാനല്ലേ. രംഗം വഷളായിത്തുടങ്ങി.അവർ ഭഗവാൻ്റെ മുമ്പിൽ ഇതെല്ലാം നിരത്തി വച്ചു.ആൾക്കാർ ശ്രദ്ധിയ്ക്കുന്നുണ്ട്. അവർ അഷ്ടമംഗല്യ സെററും നിരത്തി.അതിൽ നിന്നും മണി എടുത്തതും അതിൻ്റെ ശബ്ദം അവിടെ മുഴങ്ങി.പൂതന ഒന്നു പരുങ്ങി.."കള്ളത്തിരുമാടി.... ഞാൻ അറ്റകൈ പ്രയോഗിക്കാൻ പോവുകയാ... രക്ഷിച്ചേക്കണം"ഞാൻ കണ്ണടച്ച് കൈകൂപ്പി ഉറക്കെ സഹ ശ്രനാമത്തിൻ്റെ ആദ്യ രണ്ടുവരി ഒരു കാച്ചങ്ങടു കാച്ചി." പ്ലീസ്" പൂതനയാണ്. ഞാൻ കണ്ണു തുറന്നു. രംഗം മാറിയിരിക്കുന്നു.പരിപൂർണ്ണ നിശബ്ദത."ഓ... ഇററ് ഈസ് ഗോഡ് " പൂതന മാറി നിന്ന് കുരിശു വരയുന്നു.അസുരൻ തൻ്റെ മാലയിലെ കുരിശ് മുത്തുന്നു. ആൾക്കാർ ചുറ്റും കൂടി.അവർ എല്ലാം എടുത്ത് പെട്ടിയിൽ വച്ച് സോറി പറഞ്ഞ് സുരക്ഷിതമായി പുറത്തെത്തിയ്ക്കാ കിങ്കരനോട് കൽപ്പിച്ചു.അങ്ങിനെ അന്ന് ആ ചൂടൻ രംഗത്തു നിന്ന് രക്ഷപെട്ട് തണുത്തുറഞ്ഞ അമേരിയ്ക്കൻ മണ്ണിലേയ്ക്ക്

ഭീഷ്മ പരശുരാമയുദ്ധം [ കൃഷ്ണൻ്റെ ചിരി- 82 ]കാശീ പുത്രിമാരെ വിചിത്രവീര്യന് വേണ്ടി ബലം പ്രയോഗിച്ച് ഭീഷ്മർ പിടിച്ചു കൊണ്ടു പോന്നു.അംബ, അംബിക, അംബാലിക.എന്നാൽ അംബ ഭീഷ്മരോട്, താൻ സ്വാല രാജാവിനെ സ്നേഹിക്കുന്നു എന്നും എന്നെ തിരിച്ചയക്കണമെന്നും അപേക്ഷിക്കുന്നു. ഭീഷ്മർ സമ്മതിച്ചു. പക്ഷേ ഭീഷ്മർ പിടിച്ചു കൊണ്ടുപോയ അംബയേ സ്വീകരിക്കാൻ പറ്റില്ല എന്നു തീർത്തു പറഞ്ഞു തിരിച്ചയച്ചു.അംബ ഭീഷ്മരുടെ അടുത്ത് തിരിച്ചെത്തി. തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു.താൻ നിത്യബ്രഹ്മചാരി ആണ് അതു നടക്കില്ലന്നു തീർത്തു പറഞ്ഞു. കോപം കൊണ്ട് അംബപ്രതികാര ദുർഗ്ഗയായി മാറി. നേരെ ഭീഷ്മരുടെ ഗുരു പരശുരാമൻ്റെ അടുത്തെത്തി .അംബയുടെ ഭാഗത്ത് ന്യായം ഉണ്ടന്ന് പരശുരാമന് തോന്നി. അദ്ദേഹം ഭീഷ്മരുടെ അടുത്ത് വന്ന് അംബയെ സ്വീകരിക്കാൻ പറഞ്ഞു. ഭീഷ്മർ നിരസിച്ചു. വാക്കുതർക്കമായി.രണ്ടു പേരും തമ്മിൽ യുദ്ധമായി. അവസാനം യുദ്ധത്തിൽ പരശുരാമൻ തോറ്റു. അദ്ദേഹത്തിന് ശിഷ്യൻ്റ പേരിൽ അഭിമാനം തോന്നി..പക്ഷേ അംബ തോൽക്കാൻ തയാറല്ലായിരുന്നു. പകയുടെ അവതാരമായ അംബ ശിവനെ തപസു ചെയ്തു പ്രത്യക്ഷപ്പെടുത്തി.ഭീഷ്മരെക്കൊല്ലാനുള്ള വരം തരണമെന്ന് ആവശ്യപ്പെട്ടു. നിൻ്റെഅടുത്ത ജന്മത്തിൽ അതു സാദ്ധ്യമാകും എന്നു വരും കൊടുത്തു.അംബ അഗ്നിയിൽചാടി ആത്മാഹൂതി ചെയതു.അങ്ങിനെ അംബ ദ്രുപത രാജാവിൻ്റെ മകളായി പുനർജനിച്ചു.ശിഖണ്ഡിനി ആയി.മഹാഭാരത യുദ്ധം ആയി .ശിഖണ്ഡിയെ മുമ്പിൽ നിർത്തി യുദ്ധം ചെയ്താൽ ഭീഷ്മ വധം ഉടൻ സാദ്ധ്യമാക്കും എന്നു കൃഷ്ണനറിയാമായിരുന്നു.എന്നാൽ പുരുഷന്മാർ മാത്രമേയുദ്ധത്തിൽ പ്പങ്കെടുക്കാവൂ എന്ന് ശകുനി ഒരു നിബന്ധന വച്ചു. ഭീഷ്മരെ രക്ഷിച്ചെടുക്കാനായി ശകുനിയുടെ മറുതന്ത്രം.മഹാഭാരത യുദ്ധം തുടങ്ങി. ഭീഷ്മർ ജീവിച്ചിരിക്കുന്നിടത്തോളം കാലം നിങ്ങൾ വിജയിക്കില്ലന്ന് കൃഷ്ണൻ പാണ്ഡവരെപ്പറഞ്ഞു മനസിലാക്കി. യുദ്ധത്തിൻ്റെ ഒമ്പതാം ദിവസം. പാണ്ഡവപക്ഷം കൂടിയാലോചന തുടങ്ങി.. ശിഖണ്ഡിവരണം. അതിനവൾ എവിടെ. അപ്പോൾ കൃഷ്ണൻ പറഞ്ഞു." ഞാൻ ശിഖണ്ഡിനിയെ യക്ഷ രാജൻ സൂ ത ക ർ ണ്ണനെ ഏർപ്പിച്ചിട്ടുണ്ട്. ഇന്നൊരു ദിവസത്തേക്ക് സൂത കർണ്ണൻ്റെ പുരുഷത്വം ശിഖണ്ഡിനിക്ക് കൊടുക്കും.ഇന്ന് സൂര്യനസ്ഥമിക്കുന്നതിന് മുമ്പ് ഭീഷ്മരെ ശിഖണ്ഡിയെ മുന്നിൽ നിർത്തി നിങ്ങൾ വധിയ്ക്കണം. ശിഖണ്ഡി വന്നാൽ ഭീഷ്മർ ആയുധം താഴെ വയ്ക്കും. അപ്പോൾ നിങ്ങൾ ഭീഷ്മരെ വീഴ്ത്തണം അങ്ങിനെ ശ്രീകൃഷ്ണൻ്റെ പദ്ധതി നടപ്പായി. ഭീഷ്മപിതാമഹൻ ശരശയ്യയിലായി.അംബ തൻ്റെ പ്രതിജ്ഞ പൂർത്തിയാക്കി.