Sunday, December 25, 2022

അച്ചുവിൻ്റെ ക്രിസ്തുമസ് ട്രീ [ അച്ചു ഡയറി-498] മുത്തശ്ശാ അമേരിയ്ക്കയിൽ ക്രിസ്തുമസ് ആഘോഷത്തിൻ്റെ തിരക്കിലാണ് എല്ലാവരും. ഇത്തവണത്തെ മഞ്ഞുവീഴ്ച്ച ചെറിയ തോതിൽ ബാധിച്ചിട്ടുണ്ട്. എല്ലാ വീടുകളിലും ക്രിസ്തുമസ് ട്രീകളും നക്ഷത്രങ്ങളും. ഇതിനൊക്കെഇത്ര വലിയ തുക മുടക്കണ്ടതുണ്ടോ? ആ തുക പാവപ്പെട്ടവർക്ക് കൊടുത്തല്ലേ ക്രിസ്തുമസ് ആഘോഷിക്കണ്ടത്. അച്ചുവും ഫ്രണ്ട്സും കൂടി മുററത്ത് ഒരു വലിയ ക്രിസ്തുമസ് ട്രീ ഉണ്ടാക്കി. പാവങ്ങൾക്കു് ക്രിസ്തുമസ് ആഘോഷിക്കാൻ ആവശ്യമുള്ളവയുടെ കുറേ ബോർഡുകൾ അതിൽ തൂക്കി .പാവങ്ങൾക്ക് വേണ്ടി സംഭാവന ചെയ്യൂ എന്നും ബോർഡ് വച്ചു. മുത്തശ്ശാ അച്ചൂ നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അതിനു ചുവട്ടിൽ സാധനങ്ങൾ കുന്നുകൂടി. ഈ ക്രിസ്തുമസ് ട്രീക്ക് "ഗിവിഗ്ട്രീ" എന്നാണു പറയുക. ഇതു മുഴുവൻ എങ്ങിനെ എത്തിയ്ക്കുo അച്ചൂന് ടൻഷനായി. ഇവിടെ കുറെ അകലെ പാവങ്ങളുടെ ഒരു കോളനിയുണ്ട് അവിടെ എത്തിച്ചാൽ രക്ഷപെട്ടു.ഇത് പറഞ്ഞപ്പഴേ ഒരൊരുത്തർ വണ്ടിയുമായി വന്നു.അവടെക്കൊണ്ടുപോയി എല്ലാം വിതരണം ചെയ്തു. മുത്തശ്ശാ അവരുടെ സന്തോഷം കണ്ടപ്പോൾ ഞങ്ങൾക്ക് സന്തോഷായി.അച്ചു കുറച്ച് ധാന്യങ്ങൾ മാറ്റി വച്ചിരുന്നു. പക്ഷികൾക്കും അണ്ണാറക്കണ്ണനും കൊടുക്കാനാണ്.അച്ചു എന്നും വയ്ക്കുന്ന ഒരു സ്ഥലമുണ്ട് അവിടെ വച്ചപ്പഴേ പക്ഷികൾ പറന്നു വന്നു. മിച്ചം ഉള്ളത് അടുത്തുള്ള ലയ്ക്കിൽ വിതറി. മത്സ്യങ്ങൾ കൂട്ടമായി വന്നു തിന്നുന്നത് കാണാൻ നല്ല രസം .അച്ചുവിൻ്റെ അണ്ണാറക്കണ്ണൻ മാത്രം വന്നില്ല. വരുമായിരിക്കും.അങ്ങിനെ അച്ചുവിൻ്റെ ക്രിസ്തുമസ് ആഘോഷം തീർന്നു |

Saturday, December 24, 2022

കിടപ്പുരോഗികൾക്ക് ക്രിസ്തുമസ് സഹായവുമായി ശ്രീകൃഷ്ണാ സ്ക്കൂൾ ....മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ കിടപ്പു രോഗികൾക്ക് സഹായം മായി സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും വിശ്വസ്നേഹത്തിൻ്റെ ദിവ്യ തേജസ് കാലിത്തൊഴുത്തിൽ ജന്മo കൊണ്ടതു്ദർശിക്കാൻ വഴികാട്ടി ആയത് നക്ഷത്രങ്ങളാണ്. ത്യാഗത്തിൻ്റെയും സ്നേഹത്തിൻ്റെയും പ്രതീകമായി യേശുദേവൻ ഭൂമിക്ക് വെളിച്ചം നൽകി. എല്ലാവർക്കം സമ്മാനം നൽകുന്ന സാന്തക്ലോസും അന്യോന്യം സമ്മാനം നൽകുന്നവരും ക്രിസ്തുമസിൻ്റെ രീതി ആയി . ക്രിസ്തുമസ് ട്രീക്ക് "ഗിവിഗ്ട്രീ" എന്നും പറയും. പൊതു സ്ഥലത്ത് ഒരു ക്രിസ്തുമസ് ട്രീ വച്ച് അതിൻ്റെ കൊമ്പുകളിൽ അത്യാവശ്യ സാധനങ്ങളുടെ പട്ടിക എഴുതി വയ്ക്കുന്നത് കണ്ടിട്ടുണ്ട്. സുമനസുകൾ അതിൻ്റെ ചുവടു മുഴുവൻ സമ്മാനങ്ങൾ കൊണ്ടു നിറക്കും. അതു മുഴുവൻ ക്രിസ്തുമസ് സമ്മാനമായി പാവങ്ങൾക്ക് വിതരണം ചെയ്യും ഈ ആഘോഷം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റി വച്ച പ്രിയപ്പെട്ട കുട്ടികൾക്കും അവരെ നയിച്ചവർക്കും അഭിനന്ദനങ്ങൾ. എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ ....

Friday, December 23, 2022

തുളസീവനം [ കാനന ക്ഷേത്രം - 35] കാനന ക്ഷേത്രത്തിലെ തുളസീവനം ഒന്നുകൂടി വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ്. ലോകത്തിൽ ആകെ നൂറ്റി അമ്പത് ഇനം തുളസിയുണ്ടത്രെ. അതിൽ നാൽപ്പത്തി എട്ട് ഇനം ഇവിടെ വളരുന്നതാണു്. അവ സംഘടിപ്പിച്ച് കൃഷി ചെയ്യാനുള്ള ഒരു ഭഗീരഥപ്രയത്നത്തിലാണ് ഞാൻ.കൃഷ്ണ തുളസി, രാമ തുളസി, വാന തുളസി, മധുര തുളസി ഇവയൊക്കെ ഇവിടെ കിട്ടാൻ വിഷമമില്ല. .തുളസി എന്നാൽ സാമ്യമില്ലാത്തത് അല്ലങ്കിൽ തുലനം ചെയ്യാൻ പറ്റാത്തത് എന്നർത്ഥം. പ്രാചീന കാലം മുതൽ ഇത് ഒരു ദിവ്യ ഔഷധമായി കണക്കാക്കിയിരുന്നു. സരസ്വതീദേവിയുടെ ശാപം കൊണ്ട് ലക് ഷിമി ദേവി ഭൂമിയിൽ തുളസി ദേവി ആയി അവതരിച്ചതാണന്ന് അവർ വിശ്വസിച്ചിരുന്നു. ഇത്ര അധികം ഔഷധ ഗുണമുള്ള ഒരു സസ്യം ഭൂമിയിൽ ഇല്ലത്രേ. അതിൻ്റെ രോഗ പ്രതിരോധ ശക്തിയും ഔഷധ ഗുണവും അതുല്യമാണ്. ചെവിയിൽ തുളസിപ്പൂതിരുകുമ്പോൾ അതിൻ്റെ ഗുണം ത്വക്കിൽക്കൂടെ പോലും ആഗീകരണം ചെയ്യുമത്രേ. ഓസോൺ വാതകം ഉൽപ്പാദിപ്പിച്ച് അന്തരീക്ഷം ശുദ്ധീകരിക്കാനും ഇതിന് കഴിയും. ഇത്രയും രോഗപ്രതിരോധ ശക്തിയുള്ള ഒരു ദിവ്യ ഔഷധം വേറേ ഇല്ലന്നു തന്നെ പറയാം

Tuesday, December 6, 2022

മുരുഗൻ ഇഢലി- [ യാത്രാനുറുങ്ങുകൾ - 704] ഏർക്കാടു നിന്ന് രാവിലെ തന്നെ യാത്ര തിരിച്ചു. ബ്രയ്ക്ക് ഫാസ്റ്റ് എവിടെ എന്ന് മോന് സംശയമില്ലായിരുന്നു. കൃഷ്ണഗിരിയിലെ " മുരുഗൻ ഇഢ ലി" തന്നെ. ഒന്നാം തരം വൃത്തിയുള്ള റസ്റ്റോറണ്ട്. ആദ്യം അവിടെ പേരു കൊടുത്ത് എത്ര പേർ എന്നു പറയണം. മുമ്പ് വന്നവർ ഒത്തിരി പേർ കാത്തിരുപ്പുണ്ട്. നമ്മുടെ ഊഴം വന്നു. ആദ്യം ഇഢലി ,പിന്നെ വട .സാമ്പാറും നാലു കൂട്ടം ചട്ണിയും .എത്ര മൃദുവായ ഇഡലി!. തുമ്പപ്പൂ പൊലത്തത്. ഇപ്പഴും ആവി പറക്കുന്നുണ്ട്. നാക്കിൽ വച്ചപ്പഴേ അലിഞ്ഞു പോയ പോലെ. എല്ലാത്തിനും ഒരു വ്യത്യസ്ഥ രുചി. ഇ നി പൊടി ഇഡലി.ഇഢലി മുഴുവൻ പൊടിയിൽപ്പൊതിഞ്ഞ്. കൊള്ളാം. ഇതിനകം പാവം വടയെ മറന്നു പോയിരുന്നു. നല്ല ക്രിസ്പി ആയ വS. വയർ നിറഞ്ഞു.ഇവരുടെ ഊത്തപ്പം ചെറിയ ഉള്ളി കൊണ്ടാണ്. അതും രുചിച്ചു. എല്ലാത്തിനും ഒരു മുരുഗൻ ടച്ച്.ഈ രുചി ഇവിടെ മാത്രം.അവിടെച്ചെന്ന് രുചിച്ചാലേ അതിൻ്റെ ഗുണമറിയൂ

Saturday, December 3, 2022

അന്നദാന പ്രഭുവിൻ്റെ ഉണ്ണിയൂട്ട് [ഏകാദശി വിളക്ക് -12 ] കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രത്തിലെ "ഉണ്ണിയൂട്ടിൻ്റെ "പരിണാമം അത്ഭുതകരമാണ്. പന്ത്രണ്ട് വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കാണ് മുമ്പ് ഉണ്ണിയൂട്ട് വഴിപാട് നടത്തുക. ദേഹശുദ്ധി വരുത്തി കോടിമുണ്ടുടുത്ത് ആനപ്പന്തലിൽ തൂശനിലയിൽ ആണ് കുട്ടികൾക്ക് സദ്യ വിളമ്പുക. ഉപ്പേരി, പാൽപ്പായസം, പപ്പടം തൃമധുരം വെണ്ണ എന്നിവയും ദൈവേദ്യത്തിനൊപ്പം വിളമ്പും. .കുട്ടികളെ ഭഗവാനായി സങ്കൽപ്പിച്ചാണ് ഭക്തജനങ്ങൾ ഉണ്ണിയൂട്ട് വഴിപാട് നടത്തുക. സന്താന ലപ്തിക്കും ഐശ്വര്യത്തിനും ഈ വഴിപാട് ഉത്തമമെന്നാണ് ഭക്തജനങ്ങളുടെ വിശ്വാസം. ഉണ്ണിയൂട്ടിൻ്റെ സമയത്ത് വഴിപാട് നടത്തുന്നവരും ഒപ്പമുണ്ടാകണം. ഇപ്പോൾ ഈ വഴിപാട് നടത്തുന്നവർ പൂതൃക്കോവിൽ ക്ഷേത്രത്തിൻ്റെ ഉടമസ്ഥതയിലുള്ള വിദ്യാലയത്തിലെ കുട്ടികൾക്കും സദ്യകൊടുക്കാറുണ്ട്. ഉണ്ണിയൂട്ട് ഒരു വിശാലമായ കാഴ്ച്ചപ്പാടിൽ ഭഗവാനെ സാക്ഷിനിർത്തി ഇവിടെ നടപ്പിൽ വരുത്തുന്നതാണ് പിന്നീട് കണ്ടത്. ചിലർ ഉണ്ണിയൂട്ടി നോടനുബന്ധിച്ച് പൂതൃക്കോവിലപ്പൻ്റെ ഇഷ്ട്ട വിഭവമായ പാൽപ്പായസമെങ്കിലും കുട്ടികൾക്ക് കൊടുക്കാറുണ്ട്. കുട്ടികൾക്ക് ആഹാരം കൊടുക്കുന്നത് ഒരു വഴിപാടായി ഭക്തജനങ്ങൾ നെഞ്ചിലേറ്റുന്നത് ഈ ക്ഷേത്രത്തിലെ മാത്രം പ്രത്യേക ത ആയിത്തോന്നുന്നു.'