Monday, May 30, 2016

ഇനി എങ്ങിനെയാ അച്ചു മണ്ണിൽ കളിക്കുക -{അച്ചു ഡയറി -120 }
     
     മുത്തശ്ശാ അമ്മാത്തെ മുറ്റത്തിന്റെ ഫോട്ടോ കിട്ടി . അച്ചുവിന് സങ്കടായി . എന്തിനാ മുത്തശ്ശാ ആ "മഡഡൂ " നുപകരം മുറ്റത്ത് കരിങ്കൽ ചിപ്സ് ഇട്ടത് .? അച്ചുവിന് മണ്ണിൽ കളിക്കാൻ കൊതിയായിരുന്നു . അതുപോലെ ഓടിക്കളിക്കാനും ,ക്രിക്കറ്റ് കളിക്കാനും പറ്റില്ല . അച്ചു നാട്ടിൽ വരുമ്പോൾ അട്ടയേയും മണ്ണിരയേയും  കാണാന്നു വിചാരിച്ചിരുന്നു . ഇനി അതൊന്നും കാണില്ല . അന്ന് അച്ചുവും ആദിയേട്ടനും കൂടി ക്രിക്കറ്റ് കളിച്ചിരുന്നു .,കുട്ടീം കോലും കളിച്ചിരുന്നു മുത്തശ്ശൻറെ ഒരു പണി .ഇനി അതൊന്നും പറ്റില്ല . "ഗോലി" കളിക്കാനും മണ്ണിൽ കുഴിക്കണം   .ചിപ്സ് ഇട്ടാൽ എങ്ങിനെയാ ഗോലി കളിക്കുക . അച്ചുവിന് അമേരിക്കയിൽ മുറ്റം മുഴുവൻ ഐസ്  ആയിരുന്നു . ഇന്ത്യയിൽ വരുമ്പോൾ മുറ്റത്ത് മണ്ണിൽ ഓടിക്കളിക്കാം എന്നു വിചാരിച്ചിരുന്നു . അതുപോലെ മഴ പെയ്യുമ്പോൾ വെള്ളം തട്ടി തെറിപ്പിക്കാൻ എന്ത് രസാ . എല്ലാം മുത്തശ്ശൻ' സ്പോയിൽ ' ആക്കി

Saturday, May 28, 2016

ശ്രീരുദ്രം -അഭിഷേകത്തിന് കാട്ടുപോത്തിൻ കൊമ്പ് -{നാലുകെട്ട് -56 }
തറവാട്ടിൽ പരദേവതക്കൊപ്പം തേവാരമൂർത്തിയായി ശിവഭാഗവാനും ഉണ്ട് .ഭഗവാന് ശ്രീ രുദ്രാഭിഷേകം പതിവുണ്ട് . അതിനുപയോഗിച്ചിരുന്ന കാട്ടുപോത്തിന്റെ കൊമ്പ് കൌതുകം ഉണർത്തിയിരുന്നു . ആ പോത്തിൻകൊമ്പിൽ കൂടി ശിവ ശിരസിലേക്ക് ചെറിയ ധാരയായി അഭിഷേകം . അഭിഷേകത്തിന് ഉപയോഗിക്കുന്ന ദ്രവ്യം സങ്കൽപ്പത്തിനനുസരിച്ചു വ്യത്യസ്തമായിരിക്കും .
        " ഇത്ര പരിപാവനമായിക്കരുതുന്ന ഈ ചടങ്ങിന് ഇത്ര നിഷ്ക്രിഷ്ട്ടമായ കാട്ടുപോത്തിന്റെ കൊമ്പ്  ?" മുത്തശ്സന് അതിന് വ്യക്തമായ ഉത്തരമുണ്ടായിരുന്നു . "ശിവഭഗവാൻ ആഖോരമൂർത്തിയാണ് .ഭഗവാൻറെ ഉടുക്കിന് കാളക്കിടാവിന്റെ തോലാണ് . ധരിക്കാൻ പുലിത്തോലാണ് . തൊടുന്നത് ചുടലയിലെ ചാരം .പ്രകൃതിയുമായി ഇത്രയധികം താദാൽമ്യം പ്രാപിച്ച ഒരു ദേവ സങ്കല്പം വേറെ ഇല്ല . മാത്രമല്ല നമ്മൾ പൂജക്ക്‌ ഉപയോഗിക്കുന്ന ശംഖും ഒരു ജീവൻറെ ജഡാംശമല്ലേ ? ." മുത്തശ്സൻ എത്ര ഭംഗിയായി അത് മനസിലാക്കിത്തന്നു . ഉണ്ണി അത്ഭുതത്തോടെ ആ പോത്തിൻ കൊമ്പ് കയിൽ എടുത്തു .അതിമനോഹരമായി അത് മിനുക്കിയിട്ടുണ്ട് .പിച്ചളകെട്ടി ചേതോഹരമാക്കിയിരിക്കുന്നു  . നിമിഷ നേരം കൊണ്ടാണ് ഉണ്ണിയുടെ മുൻവിധി മാറിയത് . ഉണ്ണിക്ക് അത്ഭുതം തോന്നി .

Friday, May 27, 2016

       പവിത്രമോതിരം -----{ നാലുകെട്ട് -55  }
        രണ്ടു പവിത്രമോതിരങ്ങളാണ് മുത്തശ്ശന്റെ സമ്പാദ്യത്തിൽ ഉണ്ടായിരുന്നത് .  പരിപാവനമായി മുത്തശ്സൻ കരുതിയിരുന്ന "പയ്യന്നൂർ പവിത്രമോതിരം ". ദര്ഭപുല്ലുകൊണ്ട് കർമ്മങ്ങൾക്ക് ഉപയോഗിക്കുന്ന " ദർഭപവിത്രം " ത്തിൻറെ ആകൃതിയാണ് ഇതിനാധാരം . പ്രത്യേക രീതിയിലുള്ള ആ  "പവിത്ര കെട്ടാണ് " പൂണൂൽ കേട്ടുന്നതിനും ബ്രാഹ്മമണ ർ അവലംബിക്കാറ് . .വലത് കയിലെ ചെറൂവിരലിനും  , നടുവിരലിനും ഇടയിലുള്ള മോതിര വിരലിലാണ് { പവിത്രവിരൽ } ഇത് ധരിക്കുക .
         സൂര്യ ചന്ദ്രന്മ്മാരുടേയും ,ത്രിമൂർത്തികളുടെയും ,സപ്തർഷികളുടെയും ,നാലുവേദങ്ങളൂടേയും ,സാന്നിധ്യ സങ്കൽപ്പം ഈ മോതിരത്തിൽ സന്നിവേധിപ്പിചിട്ടുണ്ടത്രേ  അതുകൊണ്ട് നല്ല വൃത ശൂദ്ധി ഉള്ളവർ മാത്രമേ ഇത് ധരിക്കാവൂ എന്ന് മുത്തശ്സൻ പറയാറുണ്ട്‌ . കർമ്മങ്ങൾക്ക് ഈ മോതിരം  ധരിച്ചവർ  "ദർഭ പവിത്രം " ധരിക്കേണ്ടതില്ലത്രേ   . സുഴിമ്ന്നാനാഡി ഉൾപ്പെടെ മൂന്ന് പ്രധാന നാഡീവ്യൂഹത്തെ സംവേദിച്ചു ,പവിത്രക്കെട്ടിൽ യോജിപ്പിച്ച് കുണ്ഡലിനീ ശക്തിയെ ഉത്തേജിപ്പിക്കുന്ന യോഗാ സങ്കൽപ്പവും ഇതിൽ അന്തർലീനമാണ് .
     ആറംമുളകണ്ണാടി പോലെതന്നെ ഇതും നമ്മുടെ പൈതൃക സമ്പത്താണ്‌ . പക്ഷേ  വിശ്വാസങ്ങളുടേയും    ,മിത്തുകളുടെയും ,വൃതശുദ്ധിയുടേയും   ഒരു വൈദിക പരിവേഷം ഇതിന് കൂടുതൽ ഉണ്ടന്നുമാത്രം .ഗുരു കാരണവൻമ്മാരെ ധ്യാനിച്ച്‌ ആ മോതിരം വിരളിൽ ധരിച്ചപ്പോൾ ഉണ്ണിക്ക് എന്തോ ഒരു വൈദ്യുത തരംഗം ശരീരത്തിൽ വ്യാപിച്ചപോലെ തോന്നി .   

Wednesday, May 25, 2016

  കഥകളി കോപ്പ് പെട്ടി   {നാലുകെട്ട് -54 }
        ആ പെട്ടിയുടെ സാമ്യം ഒരുപാട് പഴയകാല ചിന്തകളിലേക്ക് ഉണ്ണിയെ നയിച്ചു .കഥകളിയുടെ വടക്കൻ ചിട്ട തെക്കുദേശത്തേക്ക് വ്യാപിക്കാനുള്ള ഒരു കവാടമായിരുന്നു അന്ന് കുറിച്ചിത്താനം . കലാമണ്ഡലം കൃഷ്ണൻ നായരാശ്സാൻ അന്ന് കഥകളിയുടെ പ്രചാരണത്തിന് ഇവിടെ വന്ന് താമസിച്ചിരുന്നത് ഉണ്ണി ഓർക്കുന്നു .അച്ഛനും പിന്നെ പഴയിടം ദാമോദരൻ നമ്പൂതിരി ,കാഞ്ഞിരക്കാട് ഉണ്ണിനമ്പൂതിരി ,കിഴക്കേടം കൃഷ്ണൻ നമ്പൂതിരി എന്നിവരും ആശാന്റെ അടുത്ത് കഥകളി മുദ്ര അഭ്യസിച്ചിരുന്നു . അന്ന് ആശാന്റെ "ഇളകിയാട്ടം "   ,"ഏകലോചനം " എന്നിവ അത്ഭുതത്തോടെ ഉണ്ണി നോക്കിനിന്നിട്ടുണ്ട് . രണ്ടുകണ്ണിലും രണ്ട് വ്യത്യസ്ഥ ഭാവങ്ങൾ ,അതും ഒരുസമയത്ത് പ്രകടിപ്പിക്കുന്ന  "ഏകലോചനം "ആശ്സാ ൻ നിഷ്പ്രയാസം ചെയ്തിരുന്നു .
   അതുപോലെ ആശ്സാൻ പദമില്ലാതെ കഥ  അഭിനയിച്ച് മനസിലാക്കിത്തന്നിരുന്നു . ------കാട്ടിലെത്തുന്ന നളൻ ഗര്ഭപരാർത്തയായ   ഒരു മാൻപേടയെ കാണുന്നു . ഒരുവശത്ത്‌ ഒരുവേടനും ,മറുവശത്തു ഒരുകടുവയും അതിനെ ആക്രമിക്കാൻ ആഞ്ഞു നിൽക്കുന്നു .ഒരുവശത്തുനിന്നു  കാട്ടുതീ പടരുന്നു .നിസഹായയായ ആ മാൻപേടയെ എങ്ങിനെ രക്ഷിക്കാം എന്ന് ചിന്തിച്ചിരുന്നപ്പോൾ ഒരിടി വെട്ടുന്നു .അതുവേടനിൽ കൊണ്ട് വേടന്റെ ഉന്നം തെറ്റി അസ്ത്രം കടുവയുടെ ദേഹത്ത് പതിച്ച് അതുചാകുന്നു .ഇടിയോടുകൂടി പെയ്ത മഴ കാട്ടുതീ കെടുത്തുന്നു .മാൻ പെടയുടെ സുഖപ്രസവം !. ഇതുമുഴുവൻ എളകിയാട്ടതിലൂടെ നമുക്ക് മനസിലാക്കിത്തരുമ്പോൾ ആശ്ശാനെ അത്ഭുതാദരങ്ങളോടെ നോക്കിനിന്നിട്ടുണ്ട് .
    അന്ന് അടുത്തുള്ള അമ്പലങ്ങളിലും ചുരുക്കം ചില ഗൃഹങ്ങളിലും കഥകളി നടന്നിരുന്നു .കഥകളി കോപ്പുകൾ സൂക്ഷിക്കുന്ന ആകൃതിയിലുള്ള ഈ പെട്ടി കണ്ടപ്പോൾ ഉണ്ണി ഇതൊക്കെ ഓർത്തുപോയി .
  

Sunday, May 22, 2016

  മുത്തശ്ശാ അമേരിക്കയിൽ  "സ്പ്രിംഗ് " വരാറായി -[അച്ചു ഡയറി -119}
    അച്ചുവും കൂട്ടുകാരും കൂടി  'സ്പ്രിഗിനെ "  വെൽക്കം  ചെയ്യാൻ സ്കൂളിൽ സൂര്യകാന്തിപൂവിൻറെ സീഡ് നട്ടു .മഞ്ഞുകാലം കഴിഞ്ഞ് സ്പ്രിഗ്  ആകുമ്പഴേക്കും അത് വലുതായി പൂത്ത് ധാരാളം പൂവുണ്ടാകും .
     മുത്തശ്സന് ഒരുകഥ അറിയോ ? ടീച്ചർ പറഞ്ഞതാ .ഒരു കുട്ടി അച്ഛന്റെ കൂടെ ട്രെയിനിൽ ദൂരെ യുള്ള അവൻറെ വീട്ടിലേക്കു പോവുകയായിരുന്നു .അവൻറെ കൈ നിറയെ സൂര്യകാന്തി പൂവിൻറെ" സീഡ് " മുറൂക്കെപ്പിടിച്ചിരുന്നു   .അവൻറെ വീട്ടിൽ കൊണ്ടുപോയി നടാനാ .രണ്ടു മാസം വെക്കേഷൻ ആണ് .അന്നത്തേക്ക്‌ പറമ്പ് മുഴുവൻ പൂവാകും .പക്ഷേ ട്രെയിൻ ഒരു സ്ഥലത്തെത്തിയപ്പോൾ അറിയാതെ കുട്ടി കൈ നിവർത്തി .ആ സീഡ്സ് മുഴുവൻ പുറത്തേക്ക് പറന്നു പോയി .കുട്ടിക്ക് സങ്കടായി . സാരമില്ല അതൊക്കെ അവിടെ കിടന്നു മുളക്കും .പൂവിടും .അപ്പോൾ അവിടുത്തെ കുട്ടികൾക്ക് സന്തോഷാകും .അച്ഛൻ സമാധാനിപ്പിച്ചു .വെക്കേഷൻ കഴിഞ്ഞ് അതേ ട്രെയിനിൽ കുട്ടി മടങ്ങി .ആ വിത്തുകൾ പറന്നുപോയ സ്ഥലം മുഴുവൻ സൂര്യകാന്തി പൂക്കാൾ കൊണ്ട് നിറഞ്ഞിരിക്കുന്നു .അച്ഛൻ കുട്ടിക്ക് കാണിച്ചുകൊടുത്തു .കുട്ടി സന്തോഷം കൊണ്ട് തുള്ളിച്ചാടി .പൂക്കളും മരങ്ങളും നമ്മുടെ വീട്ടുവളപ്പിൽ മാത്രം പോരാ .ലോകം മുഴുവൻ വേണം .അതിനാണ് കുട്ടികൾ ശ്രമിക്കണ്ടത് .
  അതുകൊണ്ടാ ഞങ്ങൾ സ്കൂളിൽ സൂര്യകാന്തി പ്പൂക്കൾ നട്ടത് .വെക്കേഷൻ കഴിഞ്ഞ് ചെല്ലുമ്പോൾ അവിടെ മുഴുവൻ പൂക്കളാകും .അച്ചു അന്ന് നാട്ടിൽ വന്നപ്പോൾ അവിടെ ഒരു നെല്ലിമരം നട്ടിരുന്നു..അത് വലുതായിക്കാണൂമോ ? എന്നാണാവോ അച്ചുവിന് കാണാൻ പറ്റുക.  

Saturday, May 21, 2016

ആവണിപ്പലക --{നാലുകെട്ട് -53 }
      പൂജാമുറിയിലെ സ്ഥിരം സാന്നിധ്യം .ആ ആവണിപ്പലക സാധാരണ പുറത്തെടുക്കാറില്ല . അഞ്ച് ഇന്ദ്രിയങ്ങളേയും  ഉള്ളിലേക്ക് ആവാഹിച്ച് എകാഗ്രമായ ധ്യാനത്തിനാണ് മുത്തശ്സൻ ആ പലകയിൽ ഇരിക്കാറ് . കൂർമ്മാക്രുതിയാണതിനു സങ്കൽപ്പിചിരിക്കുന്നത് .തലയും കാലും എല്ലാം ഉള്ളിലേക്ക് വലിച്ചആമയുടെ ആക്രുതിയാനതിന് എന്നത് ഒരു പ്രതീകമാണ് .
    അടുത്ത് കാരിപ്പടവത്തു കാവിൽനിന്നു ഇറക്കിപ്പൂജ ഉണ്ടായിരുന്നപ്പോൾ വടുക്കിണിയിൽ പരദേവതാ സങ്കൽപ്പത്തിനരുകിൽ ദേവിയെ ആനയിച്ചിരുത്തിയിരുന്നത് ഈ ആവണിപ്പലകയിൽ ആണ് .അതുപോലെ പൂത്തുർക്കൊവിലിൽ നിന്നും ഉത്സവക്കാലത്ത് ഇറക്കിപ്പൂജ ഉണ്ടായിരുന്നു . അന്ന് ദേവനെ തളത്തിലേക്കാണ്  ആവാഹിച്ചിരുത്തിയിരുന്നത് .അതിന് മാത്രമേ ഈ ദിവ്യഇരിപ്പടം പൂജാമുറിയിൽ നിന്ന് പുറത്തെടുക്കാറൂള്ളൂ .
    നല്ല പ്ലാവിന്തടിയിൽ തീർത്ത ആ പലക കണ്ടപ്പോൾ ദേവനും ,ദേവിയും എഴുന്നള്ളിയിരുന്നതും ,ആനക്കും ആനക്കാർക്കും ,മേളക്കാർക്കും പറയെടുപ്പിനിടയിൽ വിശ്രമം ഒരുക്കിയിരുന്നതും എല്ലാം എല്ലാം  ഉണ്ണിയുടെ മനസിലൂടെ കടന്നുപോയി .    

Thursday, May 19, 2016

ഗജേന്ദ്ര മോക്ഷം ---{നാലുകെട്ട് -52 }
    അറപ്പടിയുടെ രണ്ട് വശത്തും  ഭിത്തിക്കകത്തു ഉറപ്പിചിരുന്നതാണ് ആ മനോഹരമായ ആനകൾ .നല്ല തേക്കിൻ കാതലിൽ തീർത്തത് . അത് ചിതലെടുത്തപ്പോൾ നഷ്ട്ടപ്പെടാതിരിക്കാൻ എടുത്ത് മാറ്റിയതാണ് ."ഗജേന്ദ്രമോക്ഷം " !. അച്ഛനാണ് അതിന് മുൻകൈ എടുത്തത് .  ഒന്ന് പൂർണ്ണമായും ചിതലെടുത്തിരുന്നു .അന്നത് അറക്കകത്ത് സുരക്ഷിതമായി വച്ചത് ഇന്നും ഉണ്ണി ഓർക്കുന്നു . കുട്ടിക്കാലത്ത് അതിൻറെ കഴുത്തിൽ കയറിയിരിക്കും .അന്ന് ലോകത്ത് ഏറ്റവും ഇഷ്ട്ടം ആനയോടാണ് .പിന്നെ ആനക്കാരനോട് ഒരു വീരാരാധനയും . ഇത്രയും വലിയ ഈ വന്യ മൃഗത്തിനെ എങ്ങിനെ അവർ അനുസരിപ്പിക്കുന്നു .  കാലിൽ പതിനെട്ട് നഖം .,മുറം പോലത്ത ചെവി ,നല്ല അകന്ന കൊമ്പ് ചങ്ങല എല്ലാം മനോഹരമായി കൊത്തി വച്ചിരിക്കുന്നു . ആനക്കാരാൻ പകുതി കയറിയ നട മടക്കിയ ആനയുടെ ശിൽപ്പമാണത് . ഉത്സവത്തിന് പോയാൽ തലേക്കെട്ടഴിക്കുന്നത് കാണാനായിരുന്നു ഉണ്ണിക്ക് ഇഷ്ട്ടം . ഭയം മാറ്റാൻ ആനയുടെ ചുവട്ടിൽ കൂടി നടത്തിച്ചിട്ടുണ്ട് .അന്ന് ആനക്കാരന് ഒരു നാളികേരവും ഒരു 'മയ്മ്മൽ'മുണ്ടും. ആനക്ക് പഴവും ശർക്കരയും  .
        അന്ന് ആനയെ ക്കണ്ട് ആസ്വദിച്ചിരുന്നെങ്കിൽ ,ഇന്നു അതിനുകൊടുക്കുന്ന പീഡനം ഓർത്ത് ദുഖമാണ് ഉണ്ണിക്ക്

Tuesday, May 17, 2016

ആ പിച്ചള കോളാംബി -[നാലുകെട്ട് -51 ]
                      മുതുമുത്തശ്ശന്മ്മാരായി ഉപയോഗിച്ചിരുന്നതാണ് ആ തുപ്പൽ പാത്രം . .മുറിക്കകത്തിരുന്നു മുറുക്കിത്തുപ്പാൻ ഒരു പാത്രം .അത് ശരിയാണോ ?. മുത്തശ്ശന്റെ   മറുപടി ഇന്നും ഉണ്ണി ഓർക്കുന്നു  . "മുറ്റത്തും വഴിയിലും നമ്മൾ തുപ്പാൻ പാടില്ല . ആൾക്കാർ ചവിട്ടും .  ഒരു തുള്ളിപോലും പുറത്തു തെറിക്കാത്ത ഈ കോളാംബി തന്നെയാണ് അതിനുത്തമം . അത് ദൂരെ വളക്കുഴിയിൽ കൊണ്ടുപോയി കളയും .നമ്മൾ തന്നെ കഴുകിവക്കും .നമ്മുടെ വിസർജ്യ വസ്തുക്കൾ പോലെ തന്നെ അപകടകാരി ആണ് തുപ്പലും .രോഗങ്ങൾ പരത്താൻ സാധ്യതയുണ്ട് .  കോളാംബിക്ക്‌ അശൂദ്ധി ഉള്ളതിനാൽ മറ്റുപാത്രങ്ങളുടെ ഇടയിൽ വക്കരുത്   . " .മുത്തശ്ശൻറെ ഈ വിശദീകരണം ഉണ്ണിയെ അത്ഭുതപ്പെടുത്തി . നിസ്സാരകാര്യങ്ങൾ വരെ നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെടുത്തി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പൂർവികരെ ഓർത്ത്‌ ഉണ്ണിക്ക് അഭിമാനം തോന്നി . മുറുക്കിച്ചുവപ്പിച്ചു രണ്ടുവിരൽ ചുണ്ടിൽ വച്ച് ഇറയത്തിരുന്ന് മുറ്റത്തേക്ക്‌ നീട്ടി തുപ്പുന്നവരെ കണ്ടിട്ടുണ്ട് . ആ തുപ്പലിന്റെ കണങ്ങൾ കാറ്റത്ത് നമ്മുടെ ദേഹത്ത് പതിക്കുന്നതും   ഉണ്ണി അനുഭവിച്ചിട്ടുണ്ട് .തെക്കൻ പ്രദേശത്ത്  "പടിക്കം " എന്നപേരിൽ ചെറിയ ഒരുതരം കോളാംബി കണ്ടിട്ടുണ്ട് . 

       പക്ഷേ ഇന്നു ആ കൊളാബിക്ക് ഉപയോഗമില്ല .അത് തേച്ചുമിനുക്കി തൻറെ ശേഖരത്തിലേക്ക് മാറ്റുന്നതിനെ പറ്റിയാണ് ഉണ്ണി ആലോചിച്ചത് .

Monday, May 16, 2016

അച്ചു ഇപ്പം "ഫെയ്മസ്സാ "{-അച്ചു ഡയറി -118 }
        മുത്തശ്സൻ "അച്ചുവിൻറെ ഡയറി " എഴുതിത്തുടങ്ങിയതോടെ  അച്ചു  ഫെയ്മസ് ആയി . എവിടെ ചെന്നാലും അച്ചൂനെ എല്ലാവരും അറിയും .ഒപ്പം നിന്ന് ഫോട്ടോ എടുക്കും .മുത്തശ്സൻ അത് ബുക്ക്‌ ആക്കാൻ പോകുകയാണന്ന് അമ്മ പറഞ്ഞു .ഞാൻ' സുക്ബുർഗ്ഗിന്"  ഒരുകത്തയച്ചിട്ടുണ്ട് . റിപ്ലേ കിട്ടിയാൽ അതും ആ ബുക്കിൽ ചേർക്കാം .കത്തിൻറെ കോപ്പി താഴെ കൊടുക്കാം .


     Hi Zuckerberg,

I am achu. Studying in 2nd standard. I am settled in  Washington DC and my native is a small village in Kerala INDIA. First of all I would like to thank you for giving such a big platform to share all our thoughts in social media through facebook.

This is regarding a series of stories written by my grandfather " Achu's Diary" ( my small doubts , observations ,queries & some naughty incidents with family) which completed 118 episodes in FB, that  got all my friends and relatives attention through facebook. It would have not been so popular without a platform like this. Thanks again for Facebook.

My grandfather is a good writer. He has written so many travelogues, historical and short stories etc in our regional language ( Malayalam - Kerala , India ) and now he is working on  Achu's Diary to publish it as a book, as it crossed 118 episodes successfully through facebook. I would like to share this immense pleasure with you as well . It will be a huge motivation or most valued gift if you can send a small quote which can be mentioned in the cover page of this book.

My grandfather's fb page link is as follows,

I am not sure whether this mail will catch your eyes...but hoping for the best and waiting for your reply. I am mailing this from my grandfather's mail id. 

With lots of love,
Achu

Sunday, May 15, 2016

ഓട്ടക്കാലണ  .......[നാലുകെട്് -49 ]
       ക്ളാവുപിടിച്ച ആ പിച്ചള ചെല്ലത്തിന്റെചെറിയ കള്ളിയിലാണ് ആ പഴയ നാണയം "ആണ " കണ്ടത് . അതിൽ രണ്ട് "ഒട്ടക്കാലണയും ഉണ്ടായിരുന്നു .അന്ന് 16 .ആണ ഒരു രുപ്പിയ .12 പൈ ഒരണ .1957 മെട്രിക് നാണയ വ്യവസ്ഥ വരുന്നതുവരെ "അണ " ആയിരുന്നു നമ്മുടെ നാണയം . 
    അതിൽ ഒറ്റക്കാലണക്കാണ് എന്നും മനസ്സിൽ സ്ഥാനം . അതുകൊണ്ട് സ്കൂളിൽ പോയാൽ കൂട്ടുകാരുടെ ഇടയിൽ നമ്മൾ സമ്പന്നരാണ് .ഇഷ്ട്ടം പോലെ ശർക്കര ,കൽക്കണ്ടം എല്ലാം വാങ്ങാം . നാരങ്ങാ മിട്ടായി ആയിരുന്നു അന്നത്തെ ഏറ്റവും വലിയ ആർഭാടം . നാരങ്ങയുടെ അല്ലിയുടെ ആകൃതിയിൽ പലനിറത്തിൽ ആ സ്പടിക പാത്രത്തിൽ കാണുമ്പോൾ തന്നെ വായിൽ വെള്ളം ഊറും . വലിയ വലിയ വിലയുള്ള ചോക്ലേറ്റുകളൊക്കെ കിട്ടുന്ന ഈ കാലത്തും ആ ഓട്ടക്കാലണക്ക് കിട്ടുന്ന നാരങ്ങാ മിട്ടായി തന്നെയാണ് ഇന്നും മനസ്സിൽ രാജാവ് . ആ നാണയങ്ങൾ എടുത്ത് ഒരു നല്ല കടലാസിൽ ഉണ്ണി ഒട്ടിച്ചുവച്ചു .ഗതകാല സ്മരണയുടെ ആ വലിയ നിധി ,ആ ഒട്ടക്കാലണ . മനസിലുണ്ടാക്കുന്ന ആ ഗ്രഹാതുരത്വ ഭാവം ഉണ്ണി ശരിക്കും ആസ്വദിക്കുകയായിരുന്നു .    
      
  മുത്തശ്ശന് ഇന്ന് ഓട്ടുചെയ്യണ്ടേ  ?..[അച്ചുഡയറി -117 ]

     മുത്തശ്ശാ ഇന്നു നാട്ടിൽ ഇലക്ശൻ അല്ലേ ?. ഒരു ദിവസം കൊണ്ട് എല്ലാവർക്കും ഓട്ടു ചെയ്യാം . അമേരിക്കയിൽ എത്രഡിവസമാ  .ഇവിടെ ഞങ്ങൾക്ക് ഓട്ടീല്ല . ആരെങ്കിലും വിമാനക്കൂലി തന്നാൽ വന്ന് ഓട്ടു ചെയാമെന്ന് അമ്മ പറഞ്ഞു .അമ്മക്ക് നാട്ടിലേക്ക് വരാനുള്ള സൂത്രാ ..അവിടെ ഓട്ടു ചെയ്യുമ്പോൾ വിരലിൽ കറുത്ത 'ഇങ്ക് 'പുരട്ടുമെന്ന് മുത്തശ്സൻ പറഞ്ഞില്ലേ ?. അന്ന് മുത്തശ്ശന്റെ  വിരലിൽ കണ്ടിരുന്നു . അതെന്തിനാ മുത്തശ്ശാ മഷി പുരട്ടുന്നെ വീണ്ടും ചെയ്യാതിരിക്കാനെന്നല്ലേ മുത്തശ്സൻ പറഞ്ഞത് .അങ്ങിനെ ആരെങ്കിലും ഗവര്മ്മേന്റിനെ പറ്റിക്കോ ?.അച്ചു ആണങ്കിൽ ചെയ്യില്ല .ആ 'ഇങ്ക് 'അഭിമാനമാണന്നല്ലേ മുത്തശ്സൻ  പറഞ്ഞത്‌ .മുത്തശ്സനേ ഗവർന്മ്മേന്റിനു വിശ്വാസമില്ലാഞ്ഞിട്ടാണന്നാണ് അച്ചൂനു തോന്നുന്നേ .

       അച്ചു കാർട്ടൂൺ കാണുന്നപോലെ മുത്തശ്സൻ ടി .വി .ക്ക് മുമ്പിലിരുന്ന് എപ്പഴും 'ഇലക്ഷൻന്യൂസ്‌ ' കാണുവാണന്ന് അമ്മമ്മ   പറഞ്ഞല്ലോ ?. ഇഷ്ട്ടോള്ളത് കാണുന്നതിന് എന്താ തെറ്റ് . അല്ലേ ?.എന്തായാലും റിസ്സൾട്ടു വരുമ്പോൾ മുത്തശ്ശന്റെ  പാർട്ടി ജയിച്ചോ എന്ന് അച്ചൂനെ അറിയിക്കണം

Saturday, May 14, 2016

കുറിച്ച്യരുടെ അമ്പുകൾ -[നാലുകെട്ട് -50 ]

      മുത്തശ്ശൻ വളരെ ശ്രദ്ധയോടെ സൂക്ഷിച്ചുവച്ചിരുന്നതാണ് ആ അസ്ത്രങ്ങൾ . ഒരിക്കൽ തിരുനെല്ലി ക്ഷേത്രത്തിലേക്ക് പുറപ്പെട്ട മുത്തശ്സന് വഴിതെറ്റി കാട്ടിൽ അകപ്പെട്ടു . ആദിവാസികളുടെ ഊരിലാണ് ചെന്നുപെട്ടത് ".കുറിച്ച്യരുറെ " ഗ്രാമത്തിൽ .പഴശ്ശിരാജാവിൻറെ വലിയ ആരാധകനായിരുന്ന മുത്തശ്സൻ അവരുടെ മൂപ്പനെ കാണണമെന്ന് പറഞ്ഞു . അങ്ങിനെയാണ് 'പിട്ടൻ കാരണവരുടെ 'അടുത്തെത്തിയത് .അവിടെ മുത്തശ്സന് നല്ല സ്വീകരണമാണ് ലഭിച്ചത് . നമ്മുടെ ആചാര മര്യാദകളുമായി നല്ല സാമ്യമുണ്ടായിരുന്നു അവരുടേത് .കുളിച്ച് നെറ്റിയിലും മാറിലും ചന്ദനം അരച്ചു തൊട്ടിരുന്ന അവരെക്കണ്ട് മുത്തശ്സന് അത്ഭുതം തോന്നി . കൃഷിയും നായാട്ടുമായി കഴിഞ്ഞ അവർ  കൂട്ടുകുടുംബ വ്യവസ്ഥ പാലിച്ചിരുന്നു .നല്ല വൃത്തിയും ശുദ്ധവും പാലിച്ചിരുന്ന അവരുടെ ജീവിതരീതി  ഇഷ്ട്ടപെട്ട മുത്തശ്സൻ ഒരുദിവസം അവിടെ കൂടി .കട്ടാനകളുടെ ശല്യമുള്ള ആ കാട്ടിലൂടെ സുരക്ഷിതമായി അവർ മുത്തശ്ശനെ തിരുനെല്ലി ക്ഷേത്രത്തിൽ എത്തിച്ചു .അന്ന് കിട്ടൻ കാരണവർ  സമ്മാനമായി കൊടുത്തതാണ് ഈ അമ്പുകൾ. ആ അമ്പുകളുടെ കഥ പറയുമ്പോൾ മുത്തശ്സൻ വാചാലനാകുമായിരുന്നു .ഉണ്ണിക്ക് ആ അമ്പുകൾ കയിൽ എടുത്തപ്പോൾ ഈ കഥകളാണ് ഓർമ്മവന്നത് .
              പഴശ്ശി തമ്പുരാനൊപ്പം  സ്വാതന്ത്രിയ സമരത്തിൽ വീരേതിഹാസം സൃഷ്ട്ടിച്ച ആ ആദിവാസി വിഭാഗത്തോട് എന്നും ഉണ്ണിക്ക് ആരാധന ആയിരുന്നു

Sunday, May 8, 2016

    ..മാറാല പിടിച്ച ആ ഓലക്കുട ...[നാലുകെട്ട് -48 ]
       മടക്കാൻ വയ്യാത്തത് കൊണ്ട് സൂക്ഷിച്ചു വയ്ക്കാൻ നല്ല പാടാണ് . എന്നാലും ആ ഓലക്കുട അടുക്കളയുടെ ഒരു മൂലയിൽ തൂക്കിയിരുന്നു . അടുക്കളയിലെ പുകകൊണ്ട് ഒന്ന് കരിവാളിച്ചിട്ടുണ്ട് .നിറം സ്വൽപ്പം ഇരുണ്ടിട്ടുണ്ട്. എങ്കിലും കേടുപാടുകളില്ലാതെ ,ആ നാലുകെട്ടിന്റെ പല രഹസ്യങ്ങളും ആ മറക്കുടയിൽ ആവാഹിച്ച് അതവിടെത്തന്നെ ഉണ്ട് . 
    മഴയും വെയിലും തടയുക എന്നതിനപ്പുറം അന്നതിന് വേറൊരു ധർമ്മമുണ്ട് ." മറക്കുട"!... .അന്തർജനങ്ങൾ പുറത്തിറങ്ങുമ്പോൾ മറ്റുള്ളവർ കാണാതെ അതൊരു മറക്കുട ആയി ഉപയോഗിച്ചിരുന്നു . ഒത്തിരി ഒത്തിരി നെടുവീർപ്പുകളുടേയും,അവഗണനകളുടേയും കഥ അതിന് പറയാനുണ്ടാവും . ഉണ്ണി അതു കയിൽ എടുത്തപ്പോൾ ആ     " മറക്കുടക്കുള്ളിലെ മഹാ നരകത്തെ "  പറ്റി തന്നെയാണ് ചിന്തിച്ചത് . ഉൽപ്പതിഷ്ണുക്കളായ ഉണ്ണിനംപൂതിരിമാർ തന്നെ ആ മറമാറ്റി 'അടുക്കളയിൽനിന്നു അരങ്ങത്തേക്ക് ' അവരെ നയിച്ചപ്പോൾ അത് ഒരു വലിയ സാമൂഹിക വിപ്ലവത്തിന് തുടക്കമായി .
     ഈ മാതൃദിനത്തിൽ, മാറാലപിടിച്ച ആ മറക്കുടക്കുള്ളിൽ നീറി നീറി കാലം അവസാനിപ്പിച്ച ഈ തറവാട്ടിലെ ആരും അറിയാത്ത ആ  അമ്മമാരെ  ഓർത്തുകൊണ്ട്‌ ഉണ്ണി ആ കുട അവിടെ ത്തന്നെ വച്ചു  

Thursday, May 5, 2016

  രാമച്ച വിശറി -[-നാലുകെട്ട് -46 ]

      അരിക് കുറേശ്ശെ ചിതലെടുത്തു തുടങ്ങിയിരുന്നെങ്കിലും ആ രാമച്ച വിശറി നാലുകെട്ടിൽ ഭദ്രം . മുത്തശ്ശൻറെ സന്തത സഹചാരി ആയിരുന്നു അത് . രാമച്ചം കൊണ്ടാണതിന്റെ നിർമ്മിതി . അതുകൊണ്ട് വീശുമ്പോൾ കാറ്റിനൊപ്പം ഒരു നല്ല ഗന്ധവും പരന്നിരുന്നു .അത് ചെറിയ തോതിൽ നനച്ച് വച്ചിരിക്കും . വേനൽക്കാലത്ത് അതിൻറെ കാറ്റ് ഒരു ഹൃദ്യമായ അനുഭവം തന്നെ . കരിമ്പന ഓലകൊണ്ട് വേറൊരു വിശറിയും ഉണ്ട് .  
   ജനലിന് രാമച്ചം കൊണ്ടുള്ള കർട്ടനും ഉപയോഗിച്ചു കണ്ടിട്ടുണ്ട് . അതിൽ വെള്ളം തളിച്ചിരിക്കും .അതിൽകൂടി അരിച്ചുവരുന്ന കാറ്റ് മുറിയിൽ സുഗന്ധവും കുളിർമ്മയും നൽകും . ആയുർവേദത്തിൽ രാമച്ചം ഒരു സിദ്ധ ഔഷധമാണ് . അതിട്ട് കൂജയിൽ വെള്ളം വച്ചിരിക്കും .കുടിക്കാനാണ് .
     ആധുനിക സങ്കേതങ്ങളെ വെല്ലുന്ന തണുപ്പാണ് ഈ വേനൽക്കാലത്തും നാലുകെട്ടിൽ . അത് നിലനിർത്താനും മറ്റും ഇതുപോലെയുള്ള പ്രകൃതി വിഭവങ്ങളെ അന്ന് ഉപയോഗിച്ചിരുന്നു . പാരിസ്ഥിതി പ്രശ്നങ്ങൾ ഇല്ലാതെ
    ആ ചാരുകസേരയിൽ നീണ്ടു നിവർന്ന് കിടന്ന് ആ രാമച്ചവിശറി എടുത്ത് വീശിയപ്പോൾ ,ഉണ്ണി  പ്രകൃതിയെ ജീവിതത്തിലേക്ക് ആവാഹിക്കുന്ന  ആ പഴയ ശാസ്ത്രം പൂർണ്ണമായും അനുഭവവേദ്യമാക്കുകയായിരുന്നു   

Tuesday, May 3, 2016

സ്ലേറ്റും ,കല്ലുപെൻസിലും പിന്നെ മഷിപ്പച്ചയും ......[നാലുകെട്ട് -45 ]

          നാലുകെട്ടിൽ വടുക്കിണിക്ക് ഒരു ചായ്പ്പ് ഉണ്ട് .അവിടെ പഴയ അലമാരിയിൽ നിന്നാണ് ആ പൊട്ടിയ സ്ലേറ്റു കിട്ടിയത് .അതിന്റെ മൂല പൊട്ടി അടന്നു പോയിട്ടുണ്ട് . ഉണ്ണിയുടെ ചിന്ത പഴയ കുടിപ്പള്ളിക്കൂടത്തിൽ പഠിച്ചിരുന്ന കാലത്തേയ്ക്ക് പോയി .സ്ലേറ്റും ,കല്ലുപെൻസിലും അതിനുമുകളിൽ പുസ്തകം വച്ച് കറുത്ത ഒരുതരം റബ്ബർ ബാൻഡ് കൊണ്ട് കോണോടു കോൺ കോർത്തുകെട്ടും .അതിനിടയിൽ പെൻസിൽ തിരുകിയിരിക്കും . ആ പൊട്ടിയ തുളയിൽ കൈ ഇട്ടു തൂക്കി പ്പിടിച്ചാ ണ് സ്ചൂളിലെക്കുള്ള യാത്ര .എഴുതിയത് മായ്ക്കാൻ പറമ്പിൽ ഒരു "മഷിപ്പച്ച " കിട്ടും . അത് തിരുമ്മി തുടച്ചാൽ സ്ലേറ്റ്‌ വൃത്തിയാകും .
     അതിനുമുമ്പ് നാണു ആശ്സാൻറെ അടുത്താണ് അക്ഷരം പഠിച്ചിരുന്നത്‌ . തരിമണലിൽ ആണ് എഴുതുക . നല്ല തരിമണൽ കുടുക്കയിൽ ആക്കി കൊണ്ടുപോകും . ഓലയിൽ നാരായം കൊണ്ടാണ് ആശാൻ അക്ഷരങ്ങൾ എഴുതിത്തരുക . ഈ മണൽ ആശ്ശാനുമുമ്പിൽ നിലത്തുവിരിച്ച്‌ ചമ്പ്രം പടിഞ്ഞിരുന്ന് വിരൽ തുമ്പുകൊണ്ട് മണലിൽ അമർത്തി എഴുതും . ശെരിക്കും വേദനിക്കും . പക്ഷേ ആ വേദന ഒരു വൈദ്യുതതരഗമായി .ബോധമണ്ഡലത്തിൽ  അറിവിൻറെ ആദ്യ അക്ഷരം കുറിക്കും . ഇന്നത്തെ കുട്ടികൾക്ക് ആ പഠനോപകരണവും പഠനരീതിയും ചിന്തിക്കാൻ പോലും പറ്റില്ല . .ഉണ്ണി ആ സ്ലേറ്റിൽ 'അമ്മ ' എന്നെഴുതി . മായ്ക്കാൻ ഇന്നു പറമ്പിൽ ആ മാഷിപ്പച്ചയില്ല ! .അല്ലങ്കിലും അമ്മയെ മായ്ക്കാൻ ഈ  ലോകത്ത് ഒന്നിനും കഴിയില്ലല്ലോ .     

Monday, May 2, 2016

  'അച്ചുവിൻറെ ഡയറി' യ്ക്ക് ഒരു പൊൻതൂവൽ കൂടി ..
     
    'അശ്വ്വസ്ഥാമാവിന്റെ 'കഥാകാരൻ . സഹൃദയലോകം കീഴടക്കിയ സാഹിത്യകാരൻ .'ദേശാടനം '   തുടങ്ങി കുറെ അധികം മനോഹര സിനിമകളുടെ അണിയറ ശിൽപ്പി . ആനക്കഥകളിലൂടെ പ്രേക്ഷക ലോകം കീഴടക്കിയ അതുല്യ പ്രതിഭ . ജനമനസിൽ നല്ലൊരിടം നേടിയ അഭിനയ സാമ്രാട്ട് . ശ്രീ .മാടമ്പ് കുഞ്ഞിക്കുട്ടൻ .!   

        തമ്മിൽ കാണാനുള്ള ഭാഗ്യമുണ്ടായി . . "അച്ചുവിൻറെ ഡയറി"യ്ക്ക്  അദ്ദേഹത്തിന്റെ ഒരവതാരിക.  . .അതിമോഹമായിരുന്നു . എഴുതിത്തരാമെന്ന് ഏറ്റു .ഈ തിരക്കിനിടയിലും !. മനസുകൊണ്ട് ഒരായിരം തവണ നന്ദി പറഞ്ഞാണ് കീരാലൂരിലെ പ്രസിദ്ധമായ ആ മാടമ്പ് തരവാട്ടിൽനിന്നിറങ്ങിയത്.  

Sunday, May 1, 2016

  അച്ചുവിൻറെ ഡയറിക്ക് -സാഹിത്യമുത്തശ്ശിയുടെ ഒരാസ്വാദനം ....
 
പ്രസിദ്ധ എഴുത്തുകാരി  'സുമംഗല  'യുമായി കാണാനുണ്ടായ അവസരം എൻറെ ജീവിതത്തിലെ ഒരു മഹാഭാഗ്യമായി ഞാൻ കരുതുന്നു . സുമംഗല യുടെ എല്ലാ പുസ്തകങ്ങളും എനിക്ക് പരിചിതമാണ് . എന്നാൽ ഈ ഇടെ ഇറങ്ങിയ "പച്ചമലയാളം "ഒരത്ഭുത വിജ്ജാനകോശ൦ തന്നെയാണ് .വളരെപ്പേർ കൂടി ചെയ്തു തീർക്കാൻ പറ്റുന്ന ഈ ബ്രഹത്ത് സംരഭം ..ഒറ്റക്ക് ,അതും ഈ പ്രായത്തിൽ !..ആ കാൽ തൊട്ട് ഞാൻ നമസ്ക്കരിച്ചു .
      "അച്ചുവിൻറെ ഡയറി' പുസ്തകമാക്കുമ്പോൾ  സുമംഗലയുടെ ഒരാസ്വാദനം ..മോഹമായിരുന്നു . എഴുതിത്തരാമെന്നു പറഞ്ഞപ്പോൾ ഞാനത്ഭുതപ്പെട്ടുപോയി . നന്ദിയോടെ ആ പാദങ്ങളിൽ വീണ്ടും നമിച്ചായിരുന്നു ആ ധന്യ സന്നിധിയിൽ നിന്നു മടക്കം