Friday, August 31, 2018

  അച്ചൂന്റെ നെല്ലിമരം [അച്ചു ഡയറി- 229]

          മുത്തശ്ശാ അച്ചൂ ന്റെ നെല്ലിമരം വലുതായി. മൂന്നു വർഷം മുമ്പ് അച്ചു വന്നപ്പോൾ നട്ട താ. ഇല്ലത്ത് കുളത്തിന്റെ അടുത്ത്. വന്നപ്പോൾ ആദ്യം നോക്കിയത് അതാണ്. ചുവട് കാടുപിടിച്ചു കിടക്കുന്നു. അതിന് അച്ചൂനേക്കാൾ പൊക്കം വച്ചു.
        അച്ചു അതിന്റെ ചുവട് മുഴുവൻ വൃത്തിയാക്കി. ഒരു ചെറിയ തൂമ്പാ ഉണ്ടി വിടെ. അച്ചൂന് പാകത്തിന്. അതു കൊണ്ട് എളുപ്പമായി പണി. ഇനി വളമിടണം. ചാണകവും ചാരവും മതി എന്നാ അമ്മ പറഞ്ഞത്.അച്ചൂ ന്ചാണകം കൈകൊണ്ടെടുക്കാൻ മടിയാ.ഇവിടെ ഗ്ലൗസ് ഇല്ല താനും. അമ്മ അതിന് ചുവട്ടിൽ കൊണ്ടു വന്നിട്ടു തന്നു. അത് അച്ചു മണ്ണുമായി മിക്സ് ചെയ്തു. ചവറ് വെട്ടി അതിനടിയിൽ ഇട്ടു. ചുവട്ടിലെ മണ്ണ് ഉറച്ചു പോകാതിരിക്കാനാ. ചീഞ്ഞ് കഴിയുമ്പോൾ ജൈവവളവും ആകും.പാച്ചു കാണാതിരുന്നാൽ മതിയായിരുന്നു. അവൻ കുറുമ്പനാ. അവന തൊടിച്ചുകളയും.
        വെള്ളപ്പൊക്കം വന്നപ്പോൾ അച്ചൂന് sൻഷൻ ആയി. അത് ഒലിച്ചുപോയാലോ? ഭാഗ്യം. അതവിടെത്തന്നെ ഉണ്ട്. വെള്ളം കയറി ഇറങ്ങിയാൽ മണ്ണിന് വളം കൂടും എന്നച്ഛൻ പറഞ്ഞു. ഇപ്രാവശ്യം ഒരു മരം കൂടി നടണം.പാച്ചൂ നെക്കൊണ്ടും നടീക്കണം. നല്ല ഒട്ടുമാവ് മേടിച്ചു തരാമെന്നച്ഛൻ പറഞ്ഞിട്ടുണ്ട്. അച്ചൂന് മാമ്പഴം നല്ല ഇഷ്ടമാ.ഇനി വെള്ളം കേറാത്തിടത്തേ വയ്ക്കുന്നുള്ളു. അച്ചൂന് ടൻ ഷൻ അടിയ്ക്കാൻ വയ്യ......

Monday, August 27, 2018

ആളുകളെ രക്ഷിക്കുന്ന യുദ്ധമാഅച്ചൂന് ഇഷ്ടം [ അച്ചു ഡയറി- 228]

     ഫ്ലഡിൽ ആളുകളെ രക്ഷിക്കാനുള്ള യുദ്ധമായിരുന്നു ഇവിടെ. അച്ചൂന് യുദ്ധവീരന്മാരെ ഇഷ്ടാ. പക്ഷേ ഈ യുദ്ധത്തിലേ വീരന്മാരെയാ അച്ചൂന് കൂടുതൽ ഇഷ്ടം. ആദ്യത്തേത് ആളുകളെക്കൊല്ലുന്ന യുദ്ധമായിരുന്നു.ഇത് ആളുകളെ രക്ഷിക്കുന്ന യുദ്ധമല്ലേ.അതാ അച്ചൂന് അവരെ കൂടുതൽ ഇഷ്ടം.
            ഫിഷർമെൻ ആണ് അച്ചൂ നെ കൂടുതൽ അത്ഭുതപ്പെടുത്തിയത്. അവർക്ക് വള്ളവും വടവും മാത്രമേ ഒള്ളു.എന്നിട്ടും അവർ എത്ര പേരേ ആണ് രക്ഷപെടുത്തിയത്.അവർക്കു് ഒരു പേടിയുമില്ല. അല്ലങ്കിൽ കടലിൽ പ്പോകുന്നവർക്കെങ്ങിനെയാ വെള്ളത്തിനെ പേടി വരുന്നത്.അച്ചൂന്റെ ബന്ധുക്കളിൽ പലരേയും അവരാ രക്ഷിച്ചേ.
    അച്ചൂന്ഫിഷർമെനെക്കാണണന്നു തോന്നണു. മുത്തശ്ശൻ കൊണ്ടു പോകുമോ? കടപ്പുറത്ത് അവർ താമസിക്കുന്നിടത്ത്, അവരുടെ വീട്ടിൽ പ്പോകണം. അവരുടെ വള്ളവും വലയും കാണണം. അവർക്ക് കട്ടവള്ളം ഉണ്ടന്നച്ഛൻ പറഞ്ഞു.മൂന്ന് തടിക്കഷ്ണം മാത്രം കെട്ടി വച്ചുണ്ടാക്കിയ വള്ളം.അതിൽ അവർ കടലിൽപ്പോയി മത്സ്യം പിടിക്കും. അവർക്ക് പേടിയില്ലാത്തത് എന്താണന്നു മുത്തശ്ശനറിയോ.?അവരുടെ അമ്മയാണ് കടൽ." കടലമ്മ". അമ്മമാരെ ആരെങ്കിലും പേടിക്കു മോ?,,,,,

Wednesday, August 22, 2018

അച്ചൂന്  റിലീഫ് ക്യാമ്പിൽ പൊകണം [അച്ചു ഡയറി- 227)

       മുത്തശ്ശാ ഓണം എല്ലാവരുമൊത്ത് സെലിബ്രേറ്റ് ചെയ്യാനാ അച്ചു അമേരിക്കയിൽ നിന്ന് വന്നത്. മൂന്നു വർഷമായി ഓണക്കാലത്ത് നാട്ടിലുണ്ടായിട്ട്. പക്ഷേ ഇവിടെ വന്നപ്പോൾ സങ്കടായി.വെള്ളപ്പൊക്ക ദുരിതം കണ്ട് അച്ചു മടുത്തു.ടി.വി.ന്യൂസ് കണ്ടാൽ പേടി ആകും. അന്ന് ഫ്ലോറിസയിലേവെള്ളപ്പൊക്കത്തെപ്പറ്റി ഫ്രണ്ട്സ് പറഞ്ഞു കേട്ടതേ ഒള്ളു. ഇവിടെ നേരിൽക്കണ്ടു.അതിൽ എത്രയോ ഇരട്ടിയാണ് ഇവിടെ. കേരളം മുഴുവൻ ഒരു പോലെ, ഒരു സമയത്ത്. ഏതാണ്ട് എല്ലാം കുറഞ്ഞു എന്നു വിചാരിച്ചിരുന്ന പ്പഴാ ആറാട്ടുപുഴയിലെ അപകടം. പുഴ ബണ്ടു തകർത്ത് വഴിമാറി ഒഴുകി. അതു കാണാൻ അച്ചുവും പോയിരുന്നു. ശക്തമായ ഒഴുക്കോടെ വെള്ളം കയറിക്കയറി വന്നപ്പോൾ എല്ലാവരും പേടിച്ചു ഉടനെ ഇവിടുന്നു മാറണം.അച്ഛൻ ഉറക്കെപ്പറയുന്നതു കേട്ടു. എല്ലാവരും കൂടി മുകളിലേക്ക് നടന്നു. കുറചെന്നപ്പോൾ ഒരു വലിയ ടിപ്പറിൽക്കയറ്റി അച്ചോളൂടെ വീട്ടിൽ എത്തിച്ചു. അവിടെ സുരക്ഷിതമാണ്. പക്ഷേ അച്ചൂന് ആ വെള്ളം കയറി വരുന്നത് ടറസിൽക്കയറി നിന്ന് കാണണന്നുണ്ടായിരുന്നു. ആരും സമ്മതിച്ചില്ല.

           റിലീഫ് ക്യാമ്പിലേക്കാണന്നാ അച്ചു വിചാരിച്ചേ.അച്ചു ന് റിലീഫ് ക്യാമ്പിൽ ഒന്നു പോകണമെന്നുണ്ടായിരുന്നു. അവിടുത്തെ ആൾക്കാരുടെ ദു:ഖം ടി.വി.യിൽക്കണ്ടപ്പോൾ അച്ചൂ ന് സങ്കടം വന്നു. അവരെ സഹായിക്കാൻ പറ്റുമെങ്കിൽ അച്ചൂ നെക്കൊണ്ടുപോകാം എന്ന് അച്ഛൻ പറഞ്ഞു. എന്താ അച്ചൂന് ചെയ്യാൻ പറ്റുക. നമ്മുടെ കേരളത്തിലുള്ളവരൊക്കെ എന്തു നല്ല ആൾക്കാരാ. എല്ലാവരും എല്ലാവരേയും സഹായിക്കാനായി ഓടി നടക്കുന്നു. ഊണും ഉറക്കവും ഉപേക്ഷിച്ച്
[  ] റിയലി ഐ പ്രൗഡ് ഓഫ് മൈകൺട്രി മുത്തശ്ശാ. ലോകത്തിൽ ഇവിടെ മാത്രമേ ഇങ്ങിനെ കാണൂ.. കുറച്ചു സാധനങ്ങളുമായി അച്ചു റിലീഫ് ക്യാമ്പിൽപ്പോകും. അവിടെ പേടിച്ചു വിറച്ചിരിക്കുന്ന കുട്ടികളുടെ പേടി മാറ്റാൻ അച്ചൂന് കഴിയും. ഞങ്ങളുടെ സ്ക്കൂളിൽ അതൊക്കെപ്പഠിപ്പിക്കുന്നുണ്ട്,,,

Monday, August 20, 2018

ആചുവപ്പു കുപ്പായം   [കീശക്കഥ-43]

      ഫാനിൽ കുരുക്കു മുറുകി .സ്റ്റൂളിൽക്കയറി കഴുത്തിൽ കുരുക്കിട്ടു. പുറത്ത് ഭീകരരൂപി ആയ പുഴ. എന്റെ പ്രിയപ്പെട്ടവളുടേയും ഉണ്ണിക്കുട്ടന്റെയും ജീവനെടുത്ത പുഴ. ഒരു നിമിഷം ഞാൻ ആ പുഴയെത്തന്നെ നോക്കി നിന്നു. എന്റെ ജീവൻ നിന്റെ മുമ്പിൽ പൊലിയുന്നത് നീ കാണണം.
     പെട്ടന്നാണ് പുറത്തൊരു കരച്ചിൽ. എന്റെ ഉണ്ണിക്കുട്ടന്റെ കളിക്കൂട്ടുകാരന്റെ അമ്മയാണ്. അവൻ കുത്തൊഴുക്കിലേക്ക് വഴുതി വീണിരിക്കുന്നു. .ആ ചുവന്ന ഉടുപ്പു മാത്രം ഒരു നിമിഷം ഞാൻ കണ്ടു. എന്റെ ഉണ്ണിക്കും ഇതുപോലെ ഒരു ചുവപ്പടുപ്പ് വാങ്ങിയിരുന്നു.പിന്നെ ഒന്നും ആലോചിച്ചില്ല. ഓടിച്ചെന്ന് ആ പുഴയിലേക്ക് എടുത്തു ചാടി. സർവ്വ ശക്തിയും ഉപയോഗിച്ചു നിന്തി. അവന്റെ ഉടുപ്പിന്റെ ഒരറ്റം എന്റെ പിടിയിലായി. പിന്നെ ഒരു ജീവൻമരണ പോരാട്ടമായിരുന്നു. എങ്ങിനേയും അവനെ രക്ഷിക്കണം. ഒരു പ്രകാരത്തിൽ കരക്കടുപ്പിച്ചു .അവനെ രക്ഷിച്ചു.ആളുകൾ ഓടിക്കൂടി.എല്ലാവരുടേയും അഭിനന്ദനങ്ങൾ. ഞാനതു കേട്ടില്ല. എന്റെ പക മുഴുവൻ ആ പുഴയോടായിരുന്നു.പിന്നെ ഒരു വൃതം പോലെ ഈ പുഴയോടുള്ള യുദ്ധമായിരുന്നു. ഈ മഹാപ്രളയത്തിൽ ഇനി ആരുടേയും ജീവൻ ഇവളെടുക്കരുത്. മരിക്കാൻ തീരുമാനിച്ച എന്നെ ഭയപ്പെടുത്താൻ അവൾക്കുമായില്ല.'

ആർക്കും സാധിക്കാത്ത സാഹസികത ആയിരുന്നു എന്റെ നോട്ടം.  അനേകം ആളുകളെ ഞാൻ രക്ഷപെടുത്തി. അസാദ്ധ്യമായതിനൊക്കെ എന്നെ തേടി വന്നു. ഒരുന്മാദം പോലെ അവ ഞാൻ ഏറെറടുത്തു.ഈ ഒഴുക്കിൽപ്പെട്ട എന്റെ പ്രിയപ്പെട്ടവളേയും കുഞ്ഞിനേയും എനിക്കു കണ്ടെത്താനായില്ല.
     അക്കരെ കടുങ്ങിക്കിടക്കുന്നവർക്ക് ആഹാരം എത്തിക്കണം. ചുറ്റും പ്രളയമാണ്.ആർക്കും ധൈര്യമില്ല. മോട്ടോർ ബോട്ടു പോലും നിയന്ത്രിക്കാൻ പറ്റില്ല. ഞാനതേറ്റെടുത്തു.ഇക്കരെ തെങ്ങിൽ ബന്ധിച്ചവടവുമായി ഞാൻ ആ കുത്തൊഴുക്കിലേക്ക് എടുത്തു ചാടി. ഒഴുക്ക് എന്നെ ദൂരേക്ക് കൊണ്ടുപോയിക്കൊണ്ടിരുന്നു ഒരു പ്രകാരത്തിൽ അക്കരെ എത്തി. അവിടെ ഒരു മരത്തിൽ വടം ബന്ധിച്ചു. പുഴക്കരുകിൽ പൊന്തക്കാട്ടിൽ ഒരു ചുവപ്പു നിറം. ഞാൻ ചാടി ഇറങ്ങി.ഒരു സ്ത്രീ അവിടെക്കിടക്കുന്നു. മാറത്ത് ചേർത്തു പിടിച്ച ഒരു കുട്ടിയും. ഞാൻ ഞട്ടിപ്പോയി. അന്നെന്റെ ഉണ്ണിയ്ക്കും അവന്റെ കൂട്ടുകാരനും ചുവപ്പുടുപ്പാണ് വാങ്ങിയിരുന്നത്. ഞാൻ പൊന്തക്കാടുകൾ വകഞ്ഞ് അവരെ പുറത്തെടുത്തു.ഹൃദയഭേദകമായ കാഴച്ച. എന്റെ പ്രിയപ്പെട്ടവളും.എന്റെ ഉണ്ണിക്കുട്ടനും. ആ ചേതന അററ ശരീരങ്ങൾ ചേർത്തു പിടിച്ച് എത്ര നേരം. ഒന്നും ഓർമ്മയില്ല. അണ്ഡകടാഹം മുഴുവൻ നടുങ്ങുന്ന രീതിയിൽ ഞാൻ അലറി വിളിച്ചു........

Friday, August 17, 2018

തെങ്ങിൻ മുകളിൽ സെയ്ഫാണ് [കീ ശക്കഥ-427

       കോരപ്പന് തെങ്ങുകയറ്റമാണ് തൊഴിൽ. കഴിഞ്ഞ നാൽപ്പതു വർഷമായി തുടരുന്നു. ഒറ്റത്തടിയാണ്. ഒരൊറ്റമുണ്ട്. അരയിൽ ഒരു തോർത്ത് പിരിച്ചു കെട്ടിയിരിക്കും. ഒരു നീളമുള്ള വാക്കത്തി പുറകിൽ തൂക്കിയിരിക്കും, പാളത്തൊപ്പി തലയിൽ. തെങ്ങുകയറാൻ തളപ്പ്, കൈത്തളപ്പ്.ഇവസന്തത സഹചാരി.
         രാവിലെ പണിക്ക് തയാറായി വന്നതാണ്ട്. അപ്പഴാണ് ആ വലിയ ഇരമ്പൽ.പുഴ കവിഞ്ഞൊഴുകുന്നു. മലവെള്ളപ്പാച്ചിൽ. വെള്ളം ഉയർന്നു യർന്നു വരുന്നു. കൂടുതൽ ആലോചിച്ചില്ല. അടുത്തു നിന്ന തെങ്ങിൽച്ചാടിക്കയറി. വെള്ളം പൊങ്ങി വരുന്നു. കോരപ്പൻ മുകളിലേയ്ക്ക് തന്നെ കയറി. തന്റെ അന്നദാദാ വ് തന്നെ ചതിക്കില്ല. അങ്ങിനെ തെങ്ങിനു മുകളിൽ എത്തി. താഴെ ആളുകളുടെ ആർത്തനാദം. പതുക്കെ തെങ്ങിന്റെ കവിളിലേക്ക് കയറി.
  മഴയുണ്ട്. പക്ഷേ കാറ്റ് അപകടമാണ്. രണ്ടു മടൽ വെട്ടി അതിന്റെ മുകളിൽ വിലങ്ങനേ കെട്ടി ഉറപ്പിച്ചു.അതിന്റെ ഓലമെടഞ്ഞ് തത്ക്കാലം മഴക്ക് ഒരു മറ ഒരുക്കി. മണിക്കൂറുകൾ കഴിഞ്ഞു. താഴെ വെള്ളം പൊങ്ങി വരുന്നു.രണ്ടു കരിക്ക് വെട്ടിക്കുടിച്ചു.അതിന്റെ നമ്പ് വടിച്ച് കഴിച്ചു. തന്റെ പാളത്തൊപ്പിയിൽ മുറുക്കാനും കത്തിയുമുണ്ട്. വടക്കൻപുകയില കൂട്ടി ഒരുഗ്രൻ മുറുക്ക്.ആകെ ഉഷാറായി. ഉച്ചകഴിഞ്ഞു. അപ്പഴാണ് ശ്രദ്ധിച്ചത്. അതിന്റെ കുലചെത്തിക ള്ളെടുക്കാൻ ഒരു കുടം വച്ചിരിക്കുന്നു. അതിൽ കാൽ ഭാഗം കള്ള്.കോരപ്പൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അത് മുഴുവൻ അകത്താക്കി. രണ്ടു നാളികേരം വെട്ടി അതിന്റെ വെള്ളം കുടിച്ചു.കാമ്പ് കഴിച്ചു.ഒരു വടക്കൻപു കല കൂടി വായിലിട്ടു. പരമാനന്ദം. രാത്രി ആയി. ചുറ്റുപാടും കൂരാക്കൂരിരുട്ട്. തെങ്ങിന്റെ മടൽ കീറിക്കയറുപോലെ പിരിച്ച് തന്റെ ശരീരം തെങ്ങിനോട് ബന്ധിച്ചു 'റ' പോലെ വളഞ്ഞ് തെങ്ങിന്റെ കൂമ്പിൽക്കെട്ടിപ്പിടിച്ച് മെടഞ്ഞ ഓലയിൽ സുഖമായുറങ്ങി. ഇന്ന് ഈ പ്രദേശത്ത് ഇത്ര സുരക്ഷിതമായി ആരും ഉറങ്ങിയിട്ടുണ്ടാവില്ല.
          പക്ഷികളുടെ ചിറകടി കെട്ടാണ് ഉണർന്നത്. ഒന്നു പകച്ചുപോയി. തന്റെ വാസസ്ഥലം കണ്ടപ്പോൾ കോരപ്പന് ചിരി വന്നു.
കൊഞ്ഞാട്ടമുറിച്ചെടുത്ത് പല്ലുതേച്ചു. മഴവെള്ളം കൊണ്ട് മുഖം കഴുകി. താഴേക്ക് നോക്കിയപ്പോൾ ഞട്ടിപ്പോയി. നൊക്കെത്താത്ത ദൂരത്തോളം വെള്ളം.പ്രഭാദ ഭക്ഷണം കേരവൃ ക്ഷo തന്നെ തന്നു. ദൂരെ കെട്ടിടങ്ങളുടെ രണ്ടാം നിലയിലും വെള്ളം കയറി. ഇവിടെ ഇനി എത്രനാൾ. ഇരിപ്പിടം ഒന്നുകൂടി ബലപ്പെടുത്തി.
      താൻ മഹാഭാഗ്യവാനാണ്. കോരപ്പന് തോന്നി. എത്ര സുരക്ഷിതമായാണ് കഴിഞ്ഞുകൂടുന്നത്.നല്ല ആഹാരവും, വെള്ളവും, ആവശ്യത്തിന് മദ്യവും. ഇനിയും ഒരു പത്തു ദിവസം കൂടി കഴിയാനുള്ള ഇനമുണ്ട്. ഈ കൽപ്പവൃക്ഷത്തെ മറന്നതാണ് നമ്മുടെ ശാപം. തൊപ്പി തുറന്ന് മുറുക്കുന്നതിനിടയിലാണ് ആ ഇരുനൂറിന്റെ നോട്ട് കണ്ടത്. അതു കയ്യിലെടുത്തു. ഇന്നിതിനൊരു വിലയുമില്ല. ആയിരക്കണക്കിനു രൂപായുടെമുകളിലിരുന്ന് പട്ടിണി കിടക്കുന്നവരെ നീ കാണുന്നില്ലേ? ആഹാരം കിട്ടാനില്ല. വെള്ളമില്ല ആ ഇരുനൂറു രൂപാ കോ രപ്പൻ കാററിൽപ്പറത്തി.അടുത്ത ഫ്ലാറ്റിൽ നിന്നുള്ള കരച്ചിൽ നേർത്ത വരുന്നത് കോരപ്പന റിഞ്ഞു.നീണ്ട അഞ്ചു ദിവസം. താഴെ വെള്ളമിറങ്ങിത്തുടങ്ങി.തഴേക്ക് ഇറങ്ങാൻ കോരപ്പന് മടി തോന്നി. ഈ സമ്പന്നതയിൽ നിന്ന് ദാരി ദ്ര്യത്തിലേക്ക്. കഷ്ടപ്പാടിലേക്ക്. എന്തിന്?
താഴെ ഇറങ്ങിയപ്പോൾ പത്രക്കാരും ചാനലുകാരു നാട്ടുകാരും. ഒന്നു ചിരിച്ച് തന്റെ കഥ പറഞ്ഞ് കോരപ്പൻ നടന്നു നീങ്ങി.

Wednesday, August 15, 2018

മുത്തശ്ശാ അച്ചൂന് മഴ മതിയായി [അച്ചു ഡയറി- 22 6 ]

മുത്തശ്ശാ അച്ചു അമേരിക്കയിൽ നിന്ന് വരുമ്പോൾ നാട്ടിൽ മഴ തീരരുതേ എന്നു പ്രാർത്ഥിച്ചാ പോന്നെ. എന്റെമ്മോ ,മതിയായി.ആദ്യമൊക്കെ നല്ല രസായിരുന്നു. മുത്തശ്ശന്റെ നടുമുറ്റത്ത് മഴ പെയ്യുന്ന കാണാനാ ഏററവും രസം,. പക്ഷേ നിർത്താതെയുള്ള മഴ കാരണം പുറത്തിറങ്ങാൻ പറ്റിയില്ല. വെള്ളപ്പൊക്കത്തിന്റെ ന്യൂസ് കണ്ടപ്പോൾ അച്ചൂന് കുറേശ്ശേ പേടി ആയിത്തുടങ്ങി.
ആമിക്കുട്ടിയേം, ആദി ഏട്ടനേം തൊടുപുഴ ആക്കി ഇല്ലത്തേക്ക് പോകാനാ ഇറങ്ങിയത്. എന്തൊരു മഴ! രണ്ടിടത്ത് വെള്ളത്തിലൂടെയാഓടിച്ചത്. ഫസ്റ്റിലിട്ട് നിർത്താതെ ഓടിക്കണം.അല്ലങ്കിൽ വണ്ടി നിന്നു പോകും.
ഉച്ചക്കിറങ്ങിയതാ. അപ്പഴക്കും തൊടുപുഴയാറ്റിൽ വെള്ളം ഉയർന്നു.അവിടെ രണ്ടിടത്ത് ഉരുളു പൊട്ടി എന്നു കേട്ടു. ആകെ പേടി ആയി. ഉടനേ മൂവ്വാറ്റുപുഴ എത്തണം. പുറകേ വെള്ളം വരുന്നൂണ്ടന്നൊരു തോന്നൽ.ഗൂഗിൾ നോക്കിപ്പോയതാ കൊഴപ്പായേ. അവൻ എളുപ്പവഴിയാ കാണിച്ചെ. വെള്ളക്കെട്ടിൽപ്പെട്ടു. ഗൂഗിളിനേക്കാൾ ഭേദം നാട്ടുകാരും പൊലീസുകാരുമാ.അവർ ശരിക്ക് വഴികാണിച്ചു തന്നു. എന്തൊരു സഹായാ അവർ ചെയ്യുന്നത്. ചെന്നപ്പഴേക്കും മൂവാറ്റുപുഴ ടൗണിൽ വെള്ളം കയറിത്തുടങ്ങിയിരുന്നു. ഒരു പ്രകാരത്തിൽ രക്ഷപെട്ടു പക്ഷേ പെരുമ്പാവൂരും കാലടിയും ചതിച്ചു. പാലത്തിൽ നിന്ന് പുഴ കണ്ടപ്പഴേ അച്ചു പേടിച്ചു പോയി. പാച്ചു. അവന് ചിരിയാ. അവന് ആച്ചി കുളിക്കണന്ന്. മണ്ടൻ! അവിടുന്ന് രക്ഷപെടാൻ ഒരു മണിക്കൂർ എടുത്തു. ഒരു പ്രകാരത്തിൽ ഇരിഞ്ഞാലക്കുട വഴി ഇല്ലത്തെത്തി.
ഈ വെള്ളപ്പൊക്കത്തിൽ കഷ്ട്ടപ്പെടുന്നവരുടെ കഥ കേട്ടപ്പോൾ അച്ചൂന് സങ്കടായി.അച്ചൂന്റെ പെഴ്സിൽ അഞ്ഞൂറ്റി ഇരുപത്തി അഞ്ച് രൂപയുണ്ട്.ഒരു പത്തു ഡോളറും. പല രായിട്ട് തന്നതാ.അച്ചു ഒരു ഷട്ടിൽ ബാറ്റുവാങ്ങാൻ വച്ചതാ. അത് അച്ചൂ ന് " റിലീഫ് ഫണ്ടിലേക്ക് "കൊടുക്കണന്നു് തോന്നണു..

Saturday, August 11, 2018

നിളയുടെ പ്രതികാരം [കീ ശക്കഥ-41]

       സർവ്വതന്ത്ര സ്വതന്ത്രരായി ഓടി നടന്ന് എത്ര കാലം നിങ്ങളെ സേവിച്ചതാണ് ഞങ്ങൾ,. എത്ര സംസ്കാരങ്ങളാണ് നമ്മുടെ തീരങ്ങളിൽ രൂപപ്പെട്ട് നിങ്ങളെ സമ്പന്നമാക്കിയത്. എത്ര സന്തോഷകരമായിരുന്ന ആ പഴയ കാലം. അവസാനം ആർത്തി പിടിച്ച് കയ്യേറി നിങ്ങൾ ഞങ്ങളെ നശിപ്പിച്ചു,.മാലിന്യങ്ങൾ തള്ളാനുള്ള ഇടമാക്കി ഞങ്ങളെ മാറ്റി. എന്റെ ഒഴുക്ക് തടസപ്പെടുത്തി വലിയ ഡാമുകളും തടയിണകളും നിങ്ങൾ കെട്ടിപ്പൊക്കി,.അങ്ങിനെ ശുഷ്ക്കമായ ഞങ്ങളെ ഫ്ലാറ്റുകളും., റിസോർട്ടുകളും ഉയർത്തി ഞങ്ങളെ ഞരുക്കി,.ഞങ്ങളിൽപ്പലരും നിങ്ങളുടെ ക്രൂരമായ അധിനിവേശത്തിൽ ഈ ഭൂമുഖത്തു നിന്നും തുടച്ചു നീക്കപ്പെട്ടു. ആരും ഞങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ല.ചിലർ കവിത രചിച്ച് പാടി നടന്ന തൊഴിച്ചാൽ ഒരു ചെറുവിരൽ പോലും അനക്കിയില്ല.

         ഒരിക്കൽ ഞങ്ങൾ തിരിച്ചുവരും. അന്നു ഞങ്ങൾ തിരിച്ചടിക്കും. അത് അധിനിവേശക്കാർക്കുള്ള മുന്നറിയിപ്പായിരുന്നു,.അതും നിങ്ങൾ ചെവിക്കൊണ്ടില്ല.അഹങ്കാരികളായ നിങ്ങൾ ഞങ്ങളുടെ ശക്തിയെക്കുറച്ചു കണ്ടു,. ഇന്ന് ആ ദിവസം വന്നിരിക്കുന്നു. അടിമച്ചങ്ങല പൊട്ടിച്ചെറിയാനുള്ള അവസരം. ദൈവമായിട്ടു തന്നതാണ്. മഴ മേഘങ്ങളേ നന്ദി.

      ഞങ്ങളെ സ്വതന്ത്രമാക്കാൻ നിങ്ങൾ നിർബ്ബന്ധിതമായതാണന്നു ഞങ്ങൾക്കറിയാം.എല്ലാ തടവറകളും ഒരിക്കൽ തകരും, തകർക്കും അത് കാവ്യനീതി, ലോക നിയമം.കേരളത്തിൽ അങ്ങോളമിങ്ങോളം ഞങ്ങൾ തിരിച്ചടിക്കാൻ തയ്യാറായിരിക്കുന്നു. തടയാമെങ്കിൽ ഒന്നു ശ്രമിച്ച് നോക്കു.ഞങ്ങൾക്ക് നഷ്ടപ്പെട്ടതു മുഴുവൻ ഞങ്ങൾ തിരിച്ചുപിടിക്കും. പലിശ സഹിതം. അധിനിവേശങ്ങൾ എല്ലാം ഞങ്ങൾ ഒഴിപ്പിക്കും. ഇതുകൊണ്ടൊക്കെ ഒരു പാഠം പഠിച്ചാൽ നിങ്ങൾക്ക് നല്ലത്.ഈ പ്രചണ്ഡ പ്രതികാരത്തിൽ നിരപരാധികൾ പെട്ടുവെന്നതിൽ ദുഖമുണ്ട്. ഇനിയും ഭഗീരഥ മഹാരാജാക്കന്മാർ ഇവിടെ ഉണ്ടാകട്ടെ. ഞങ്ങളുടെ സാമിപ്യത്തിന്റെ അനിവാര്യത നിങ്ങൾ മനസിലാക്കട്ടെ. അതിനായി എല്ലാവരുടേയും, ഈ ഭൂമിയുടെ തന്നെയും നന്മക്കാവട്ടെ ഈ ഷോക്ക് ട്രീറ്റ്മെന്റ്.

Friday, August 10, 2018

അശ്രുപൂജ...........

       എന്റെ ശാന്തേടത്തി ഓർമ്മയായിട്ട് ഇന്ന് പത്തു ദിവസം. നാലു പതിറ്റാണ്ടിനിടെ ഹൃദയത്തിന് മൂന്നു മേജർ ഓപ്പറേഷൻ ധൈര്യപൂർവ്വം നേരിട്ട്, വിജയിച്ച് അവസാനം യുദ്ധം അവസാനിപ്പിച്ച് ഏടത്തി വിധിക്ക് കീഴടങ്ങി. അത്ഭുതകരമായ ആ മനോധൈര്യം ബാക്കിയുള്ളവർക്ക് ഒരു മാതൃകയാണ്. മൂന്നാമത്തെ ശസ്ത്രക്രിയക്ക് അപകടം നൂറു ശതമാനമാണന്ന് ഡോക്ട്ടർ പറഞ്ഞതാണ്. ധൈര്യത്തോടെ അതും നേരിട്ട് ഡോക്ട്ടർമാരെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ഏടത്തി തിരിച്ചു വന്നു.അല്ലങ്കിൽത്തന്നെ മൂഴികുന്നം ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ മകൾക്ക് എങ്ങിനെ ധൈര്യം കിട്ടാതിരിയ്ക്കും. തന്റെ ഭർത്താവ് എസ്.പി.നമ്പൂതിരി എന്ന ആ മഹാവൃക്ഷത്തിന്റെ തണൽ എങ്ങിനെ ഇതിനൊക്കെ സ്വാന്തനമാകാതിരിയ്ക്കും. അങ്ങിനെ നാലു പതിറ്റാണ്ടായി നീണ്ടു നിന്ന ആ യുദ്ധത്തിന് തിരിശീല വീണു.ഹൃദയ ശസ്ത്രക്രിയക്ക് കുറച്ചു പേർക്ക് സഹായം നൽകണമെന്ന അദമ്യമായ ഒരാഗ്രഹം ബാക്കി വച്ചായിരുന്നു ആ അന്ത്യം,.
           ശാന്തേടത്തിയും എസ്.പി.ഏട്ടനും കൂടി എഴുതിയ "ഹൃദയ സാന്ത്വനം" എന്ന പുസ്തകം ഇന്ന് ഹൃദ്രോഗികൾക്കു ഒരു റഫറൻസ് ഗ്രന്ഥമാണ്, ഒരു സാന്ത്വന സ്പർശ്ശമാണ്. രോഗത്തിനെതിരെ തങ്ങൾ നടത്തിയ ഒരു മഹാ യുദ്ധത്തിന്റെ വീര ചരിതമാണ്. അതിന്റെ പരിഷ്ക്കരിച്ച കോപ്പിയുടെ പ്രകാശനത്തിനൊപ്പം ഏടത്തിയുടെ എക്കാലത്തേയും ആ ആഗ്രഹം കൂടി നടത്തിക്കൊടുക്കാൻ നമുക്കെല്ലാവർക്കും കൂടി ഒത്തു ശ്രമിക്കാം......
   അശ്രുപൂജയോടെ ഏടത്തിക്ക് സാഷ്ടാഗപ്രണാമം

Thursday, August 9, 2018

   ബൈ ആമി .   [ അച്ചു ഡയറി-225 ]

    മുത്തശ്ശാ അച്ചു ഇന്ന് ഇല്ലത്തേക്ക് പോവുകയാ. അമ്മാത്ത് രണ്ടാഴ്ച അടിച്ചു പൊളിച്ചു,.ആമിക്കുട്ടിയും, ആദിഏട്ടനും ദൂബായിൽ നിന്ന് വന്നിരുന്നു, എല്ലാവരും കൂടി എന്തു രസമായിരുന്നു. അച്ചൂന് സങ്കടം വരുന്നുണ്ട്,.ആമിക്കും സങ്കടായി, അവളും കരയാറായി,.ഇനി എന്നാ കാണാൽ പറ്റുക. അ റി യില്ല,.
      അവള് കുറുമ്പിയാ. പക്ഷേ വഴക്കു കൂടിയാലും പെട്ടന്ന് കൂട്ടുകൂടും,. പാച്ചു, അവനാ ഭയങ്കരൻ,. അവൻ പുറകിൽക്കൂടി വന്ന് അടിച്ചിട്ടോടും. ആമിയും മോശമില്ല. അവളും തിരിച്ചടിയ്ക്കും,. ആകെ ബഹളം.പിന്നെ കോo പ്രമയിസ് ആക്കാൻ അച്ചുവേണം. പക്ഷേ അവൾ ഉടനെ പാച്ചൂ നെ മടിയിലിരുത്തി അവ നിഷ്ടമുള്ള കാർട്ടൂൺ വച്ചു കൊടുക്കും,.അവൾക്ക് അന്നേരമുള്ള ദേഷ്യമേ ഉള്ളു,
      ഇനി മിക്കവാറും രണ്ടു വർഷം കഴിയും ഇതുപോലെ ഒത്തു കൂടാൻ. അതവരെ ഓൺലൈനിൽ തല്ലുകൂടാം,.അച്ചൂന് ശരിക്കും കരച്ചിലു വരുന്നുണ്ട് മുത്തശ്ശാ. അതാ അച്ചു ഒന്നും മിണ്ടാതെ കാറിൽപ്പോയി ഇരുന്നേ.
       US ലേയ്ക്ക് തിരിച്ചു പോകുമ്പോൾ ദൂ ബായിൽ ഇറങ്ങാമെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്.അച്ചൂന്us ൽ ഒത്തിരി ഫ്രൺസുണ്ട്. വളരെ അടുത്ത കൂട്ടുകാർ.പക്ഷേ കസ്സിൻസുമായുള്ള ഫ്രണ്ട് ഷിപ്പ് ആണ് അച്ചൂന് കൂടുതൽ ഇഷ്ടം തോന്നുന്നത്.
ബൈ ആമീ..... ബൈ ഏട്ടാ....

Wednesday, August 8, 2018

എന്റെ ''ഫിംഗർ പ്രിൻറ് ' എന്ന അപസർപ്പകകഥകൾ പ്രസിദ്ധീകരണത്തിന് തയാറായിരിക്കുന്നു '.അച്ചുവിന്റെ ഡയറിയും'' ',ഛായ ദാനവും''  പോലെ സൗഹൃദയർ ഇതും സ്വീകരിക്കുമല്ലോ 

Tuesday, August 7, 2018

പാച്ചു നല്ല വികൃതിയാ [അച്ചു സയറി -2 23]
മുത്തശ്ശാ പാച്ചുവിനെക്കൊണ്ട് ഒരു രക്ഷയുമില്ല,. അവൻ മഹാവികൃതിയാ. ഒരോന്ന് അവനെ അച്ചു പഠിപ്പിച്ചു വരുന്നത്രേയുള്ളു,. എല്ലാം ഏട്ടൻ പറഞ്ഞാൽ അവൻ അനുസരിക്കും,.
നാട്ടിൽ വന്നപ്പോൾ അവന് വികൃതി കൂടി, ആഹാരം കഴിഞ്ഞ് വായ് കഴുകാനും മുഖം കഴുകാനും അച്ചു അവനെപ്പഠിപ്പിച്ചു,. പക്ഷേ അവൻ തുപ്പില്ല, ഇറക്കും. പറഞ്ഞു മടുത്തു.നാട്ടിൽ പൈപ്പുവെള്ളം ഉള്ളിൽച്ചെന്നാൽ കുഴപ്പാ, അച്ചു തിളപ്പിച്ചാറിച്ച വെള്ളമെടുത്ത് ഇറയത്ത് കൊണ്ടുപോയി വായിലൊഴിച്ച്, തുപ്പാൻ പഠിപ്പിച്ചു, അവൻ ഏട്ടൻ പറഞ്ഞാൽ അനുസരിക്കും,. ഇപ്പം വായിൽ വെള്ളമെടുത്ത് നന്നായി തുപ്പും.
പക്ഷേ അതാ കൊഴപ്പായേ. ഞാനും അവനും കൂടി അമ്പലത്തിൽ പോയതാ, മേശാന്തി അവന് തീർത്ഥം കൊടുത്തതാ, അതു വായിലെടുത്ത് മേശാന്തിയുടെ മുഖത്തേക്ക് ഒറ്റതുപ്പ്,. ആകെ പ്രശ്നമായി, അടി കൊണ്ടതു തന്നെ,. പക്ഷേ ഭാഗ്യം മേ ശാന്തി ഒന്നും പറഞ്ഞില്ല. അച്ചു അവന് വേണ്ടി സോറിപറഞ്ഞു. ഇനി അവനേക്കൊണ്ട് അച്ചു അമ്പലത്തിലേക്കില്ല.. .
അച്ചു ബുള്ളറ്റിൽക്കയറി [അച്ചു ഡയറി- 2 24 ]

       മുത്തശ്ശാ അച്ചു ഇൻസ്യയിൽ വന്നപ്പോൾ ഓട്ടോറിക്ഷയിൽ കയറാനായിരുന്നു മോഹം,. കൊതി തീർന്നു, ഇന്നും കാറിൽപ്പോകുന്നതിലും അച്ചൂ നിഷ്ടം ഓട്ടോ തന്നെ അതും തുറന്ന ഓട്ടോ,.ഇവിടുത്തെ റോഡിലെ ഗട്ടറിൽ കൂടി ച്ചാടിച്ചാടി, മഴവെള്ളം തെറിപ്പിച്ച് നല്ല രസം,.വിനു വങ്കിളിന്റെ ഓട്ടോയിലാ മിക്കവാറും അച്ചുവിന്റെ യാത്ര,.
     ഇനി അച്ചൂന് ബുള്ളറ്റ് മോട്ടോർ ബൈക്കിൽക്കയറണം. അച്ചൂന് ബുള്ളറ്റാ ഏറ്റം ഇഷ്ടം,.അതിന്റെ ശബ്ദം കേൾക്കാൻ തന്നെ സുഖമുണ്ട്,.കഴിഞ്ഞ ദിവസം വല്യ ച്ഛന്റെ ബുള്ളറ്റിൽക്കയറ്റി. സ്പീഡ് കൂട്ടിയപ്പോൾ അച്ചൂന്റെ കണ്ണിൽ വെള്ളം വന്നു,.ഇനിയും സ്പീഡ് കൂട്ടാൻ പറഞ്ഞതാ. വല്യച്ഛൻ കേട്ടില്ല,.അച്ചു പേടിക്കുമത്രേ,... അച്ചു വലുതാകുമ്പോൾ ഒരു ബുള്ളറ്റ് വാങ്ങണം,.കഴിഞ്ഞ ദിവസം " അച്ചു " എന്നു പേരെഴുതിയ ഒരോട്ടോ കണ്ടു, അതിലും ഒന്നു കയറണം,.
          ഏറ്റവും നല്ല ബൈക്ക് " ഹാർലി ഡേവിസ "നാണ്.അച്ചു അതിന്റെ പുറകിലിരുന്ന് പോയിട്ടുണ്ട്,. പക്ഷേ അച്ചൂന് എന്തോ ബുള്ളറ്റ് ആണഷ്ട്രം,.അന്ന് അമ്മാവൻ വേളി കഴിഞ്ഞ് കുടിയേപ്പിന് അമ്മായിയെക്കൊണ്ടു വന്നത് ബുള്ളറ്റിലാ,.ഞങ്ങൾ കാറിൽ വരുമ്പോൾ ആർപ്പൂവിളിക്കാൻ തയാറായി നിന്നതാണ്,.അന്നമ്മാവൻ എല്ലാവരേയും അത്ഭുതപ്പെടുത്തി ബുള്ളറ്റിലാവന്നത്,. അന്നാ അച്ചു ആദ്യമായി ബുള്ളറ്റ് കാണുന്നത്,.അന്നു മുതലാ അച്ചൂന് ബുള്ളറ്റ് ഇഷ്ടായേ........

ബാർട്ടർ ബാബു [കീ ശക്കഥ 40]

    ബാബു പൈസ കൈ കൊണ്ട് തൊടില്ല, പഴയ "ബാർട്ടർസിസ്റ്റമാണ് " ബാബുവിന്റെ തു്, അതു കൊണ്ട് നാട്ടുകാരി ട്ട പേരാണ് " ബാർട്ടർ ബാബു ". അവൻ അദ്ധ്വ>നിച്ചുണ്ടാക്കുന്ന തൊക്കെ ചന്തയിൽ ക്കൊണ്ടു കൊടുത്ത് പകരം ആവശ്യമുള്ളത് വാങ്ങും. ബാർബർ ഷോപ്പിൽ വരെ നാളികേരവും പഴുക്കയും നൽകി കാര്യം സാധിക്കും, :
         ഒറ്റത്തടിയാണ്,.ആ ഇ ടെയാണ് അസുഖങ്ങൾ ഒരു ഘോഷയാത്രയായി ബാബുവിനെ ആക്രമിച്ചത്, പല്ല് കണ്ണ് എല്ലാം പ്രശ്നം,.ഹെർണിയ, അപ്പൻ സിക്സ് എല്ലാം പുറകേ പുറകേ,.ചെറിയ അസുഖങ്ങൾ രക്തദാനം കൊണ്ട് പരിഹരിച്ചു,. പക്ഷേ ഇത്രയും അസുഖങ്ങൾ! ബാബു എന്തു ചെയ്യണമെന്നറിയാതെ പകച്ചു,.ക്യാഷ് വേണം, ബാബുവിന്റെ ജീവിതത്തിലിതുവരെ ബാബു രൂപാ ഉപയോഗിച്ചിട്ടില്ല,
അങ്ങിനെയാണ് ആവലിയ ആശുപത്രിയിൽ എത്തിയത്,.അങ്ങിനെ തന്റെ ഒരു കിഡ്നിവിൽക്കാൻ തീരുമാനിച്ചു,.
"എനിക്ക് ക്യാഷ് ഒന്നും വേണ്ട. എന്റെ നിലവിലുള്ള അസുഖം ചികിത്സിച്ചു ഭേദമാക്കിയാൽ മതി"
ആ ശൂപത്രി അധികൃതർ സമ്മതിച്ചു, അതും പോരാത്തതിന് ബാബുവിന്റെ തുടർചികിത്സ മുഴുവൻ അവർ ഏറ്റെടുത്തു,.സൗജന്യമായി. ഇന്ന് ബാബു ആരോഗ്യവാനാണ്, അസുഖങ്ങൾ എല്ലാം തിയന്ത്രണത്തിലാക്കി,.
അങ്ങിനെ ഇരിക്കുമ്പഴാണ് ആ മഹാപ്രളയം, ഒഴുക്കിൽപ്പെട്ട് പലർക്കും പലതും നഷ്ടമായി, പുഴയിൽ വീണ ഒരു കുട്ടിയെ രക്ഷിക്കാനാണ് ബാബു പുഴയിലേക്ക് ചാടിയത്,.ഒഴുക്കിൽപ്പെട്ട കുട്ടിയെ ഒരു പ്രകാരത്തിൽ രക്ഷിച്ചു കരക്കെത്തിച്ചു, പക്ഷേ തളർന്നു പോയ ബാബു ഒഴുക്കിൽപ്പെട്ടു,
അങ്ങിനെ സ്വന്തം ജീവന് പകരമായി ഒരു കുഞ്ഞിന് ജീവൻ തിരിച്ചുനൽകി,..