Monday, November 28, 2022

ഒരു മെഡിറ്റേഷൻ പാർക്ക് [ കാനനക്ഷേത്രം - 35] ഇന്ദ്രിയങ്ങളെ പ്രാപഞ്ചിക വിഷയങ്ങളിൽ നിന്ന് മുക്തമാക്കി മനസിനെ പൂർണ്ണമായും വിധേയമാക്കി ചിത്തം ഏകാഗ്രമാക്കി അതീന്ദ്ര്യധ്യാനത്തിലേയ്ക്ക് മനുഷ്യ നെ ഉയർത്താൻ പറ്റിയ ഒരിടം വേണം. കാനന ക്ഷേത്രം അതിന് സജ്ഞമാക്കുന്ന ഒരു പരിപാടിയാണ് മെഡിറ്റേഷൻ പാർക്ക്. ഇടതൂർന്ന കാടും, പക്ഷികളുടെ കളകൂജനവും, ജലപാതങ്ങളുടെ സംഗീതവും ആസ്വദിച്ച്നിങ്ങൾക്ക് പതുക്കെപ്പതുക്കെ ധ്യാനത്തിലെയ്ക്ക് മനസിനെപ്പറിച്ചുനടാം ആധുനിക കാലഘട്ടത്തിലെ സമ്മർദ്ദങ്ങളിൽ നിന്ന് മനസിനെ മുക്തമാക്കിയാൽത്തന്നെ അസുഖങ്ങൾ അകന്ന് ശരീരവും ശുദ്ധമാക്കുന്നു. ഇതിനൊക്കെ പ്രചോദനമായി ശ്രീബുദ്ധൻ്റെ ഒരു പ്രതിമയും അവിടുണ്ടാകും.

Monday, November 21, 2022

ഏർക്കാടിലെ കിളിയൂർ വെള്ളച്ചാട്ടം [ യാത്രാ നുറുങ്ങുകൾ - 702] ബാംഗ്ലൂർ നിന്ന് പൊന്ന് സേലത്തു നിന്ന് ഏർക്കാടിന് തിരിഞ്ഞു.പ്രതീക്ഷിച്ചതിലും നല്ല പാത. ഇനി മല കയറണം. ഇരുപത്തി ഒന്ന് ഹയർ പിൻബൻ്റുകൾ! അതി മനോഹരമായ യാത്ര. കാനന മദ്ധ്യത്തിലൂടെ കോടമഞ്ഞിൻ്റെ തഴുകലിൽ മനസ് ഉന്മത്തമായിരുന്നു. രണ്ടു വശങ്ങളിലും നിരനിരയായി കുരങ്ങന്മാർ .വിനോദ സഞ്ചാരികൾ എറിഞ്ഞു കൊടുക്കുന്ന ആഹാരത്തിനു വേണ്ടി അവർ കടിപിടികൂടുന്നു. റിസോർട്ടിൽ ഒന്നു വിശ്രമിച്ചിട്ട് ഏർക്കാട് ലെയ്ക്കിൽ എത്തി. അവിടുന്ന് മൂന്നരക്കിലോമീറ്റർ. കുറേപ്പോയാൽ വണ്ടി പാർക്ക് ചെയ്യാൻ സൗകര്യം ഉണ്ട്.പിന്നെ നടക്കണം. പിന്നെ ഇടത്തോട്ട് ഒരു തിരിവ്. ഇനി കുത്തനെ ഉള്ള സ്റ്റെപ്പാണ്. കുറേ ഇറങ്ങിയപ്പോൾ കൽപ്പടികൾ കുത്തനേ ഉള്ള ഇരുമ്പ് കോണികൾ ആയി.അങ്ങ് അഗാധതയിൽ താഴ് വര കാണാം. അങ്ങിനെ ഇരുനൂറിൽ അധികം പടികൾ ഇറങ്ങണം. പലിടത്തും സ്റ്റപ്പിന് ഉയരക്കൂടുതൽ..അങ്ങിനെ പാതാള ലോകത്തെത്തിയ പോലെ. വെള്ളച്ചാട്ടത്തിൻ്റെ അടിയിൽ എത്തി. ഏർക്കാട് തടാകത്തിൽ നിന്ന് നിറഞ്ഞൊഴുകുന്ന വെള്ളം ഷെർവാരോയൻ മലമുകളിൽ നിന്ന് പാറക്കൂട്ടങ്ങളിൽ തട്ടിത്തെറിച്ച് മനോഹരമായ ഒരു ജലപാത മാ യിത്താഴെപ്പതിക്കുന്നു. ഏതാണ്ട് മു ണ്ണൂറ് അടി ഉയരത്തിൽ നിന്ന്: ഭയം ജനിപ്പിക്കുന്ന കാഴ്ച്ച. ഒരു ചെറിയ കുലുക്കം മതി അവ മുഴുവൻ അടർന്നു താഴെപ്പതിയ്ക്കാൻ. അവിടുന്ന് പാറക്കൂട്ടങ്ങളിൽ അള്ളിപ്പിടിച്ചു കയറിയാലെ നന്നായി ഒന്നു നീരാടാൻ അവസരമുള്ളു. തണുത്തുറഞ്ഞ വെള്ളം ശരീരത്തിൽ പതിക്കുമ്പോൾ ഇതുവരെയുള്ള ക്ഷീണം മുഴുവൻ മാറി ഒരു പ്രത്യേക ഊർജ്ജം ശരീരത്തിൽ വ്യാപിക്കുന്നു. ആ സ്വർഗ്ഗീയ സുഖം അവസാനിപ്പിച്ചു മടങ്ങാറായി. വീണ്ടും ആ ചെങ്കുത്തായ പടികൾ ഭയപ്പെടുത്തി.ഏതാണ്ട് പകുതി എത്തിയപ്പഴേ അവശതയായി. അവിടെ ഒരു പാറയിടുക്കിൽ സർബത്തും നാരാങ്ങാവെള്ളവും വിൽക്കുന്നവർ ഉണ്ട്. തണുത്ത സോഡയും പച്ചമുളകും ഉപ്പും നാരങ്ങയും 'ഹൊ.! അതിൻ്റെ രുചി മറക്കില്ല. ഒരു വിധം മുകളിലെത്തി. എൻ്റെ ഹൃദയതാളത്തിൻ്റെ ഒരു പരീക്ഷണ നാളി പൊലെ ആ യാത്ര എന്നിൽ ആത്മവിശ്വാസം ഉയർത്തിയതുപോലെ .....

Friday, November 18, 2022

ബാംഗ്ലൂർ സിർദ്ദിസായി ബാബയുടെ അമ്പലം [ യാത്രാ നുറുങ്ങുകൾ -701] സായി ബാബയുടെ അമ്പലം വേറൊരനുഭൂതിയാണ് നൽകുന്നത് തിരക്കുള്ള പാതയ്ക്കരുകി ലാ ണങ്കിലും അകത്തു കയറിയാൽ നല്ല ശാന്തത .പരിപൂർണ്ണ നിശബ്ദത.ഒരു മെഡിറ്റേഷന് പററിയ അന്തരീക്ഷം. ആരതിയുടെ സമയം മാത്രം അവരുടെ ഒരു ഭജൻ‌ കേരളത്തിലെ നമ്മുടെ അമ്പലങ്ങളിൽ മന്ത്രധ്വനികളാലും കീർത്തനങ്ങളാലും നാമം ജപത്താലും മുഖരിതമായിരിക്കും. ഇവിടെ നേരെ മറിച്ചാണ്. തണുത്ത മാർ ബിൾത്തറയിൽ ചമ്രം പടിഞ്ഞ് കണ്ണുമടച്ചിരിക്കുമ്പോൾ ധ്യാനത്തിന് ഒരു പുതിയഭാവം വരുന്നു. ഇൻഡ്യൻ സ്പിരിച്വൽ മാസ്റ്റർ ആയാണ് ബാബ അറിയപ്പെടുന്നത് ഹിന്ദുയിസവും, ഇസ്ലാം ചിന്തകളും സംയോജിപ്പിച്ച അദ്ദേഹത്തിൻ്റെ പ്രബോധനങ്ങൾ വ്യത്യസ്ഥമായിത്തോന്നി. "മോറൽ കോഡ് ഓഫ് ലൗ ". ജാതി മത ചിന്തകൾക്കതീതമായ ഒരു ലോകം ചാരിറ്റിയിലും അന്യരെ സഹായിക്കുന്നതിലും ശ്രദ്ധയുള്ള ഒരു ലോകം. .ദത്താത്രയൻ്റെ അവതാരമാണന്നു കരുതപ്പെടുന്ന ബാബ തൻ്റെ ഗ്രാമത്തിലെ വേപ്പുമരത്തിൻ്റെ ചുവട്ടിലാണ് തപസു ചെയ്തിരുന്നത്.

Thursday, November 17, 2022

എച്ച്.എ.എൽ എയിറോ മ്യൂസിയം [ യാത്രാ നുറുങ്ങുകൾ 701 ] ബാംഗ്ലൂരെ ഏറ്റവും മനോഹരമായ വീഥി ഏതെന്നു ചോദിച്ചാൽ HAL ന് അരികിലൂടെയുള്ള രാജപാത എന്ന് പറയണ്ടി വരും.രണ്ടു വശവും ഇടതൂർന്ന മരങ്ങൾ, വൃത്തിയും വെടിപ്പും ഉള്ള പാത. പാത യരുകിൽ കടകമ്പോളങ്ങൾ ഒന്നുമില്ല. നമ്മുടെ അഭിമാന ഭാജനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ഏഷ്യയിലെത്തന്നെ ഒന്നാം സ്ഥാനത്താണ്. യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും നിർമ്മിക്കുന്ന സ്ഥലം. കേടുപാടുകൾ തീർക്കാനുള്ള സംവിധാനം. വൈമാനികൾക്കുള്ള ഒന്നാന്തരം ഒരു പരിശീലനക്കളരി. അവിടെയാണ് ഹിന്ദുസ്ഥാൻ എയ്റോ മ്യൂസിയം.. ടിക്കറ്റെടുത്ത് വിശാലമായ കോമ്പൗണ്ടിലേക്ക് പ്രവേശിച്ചാൽ ആദ്യം വ ശ ത്തുള്ള ഒരു വലിയ കെട്ടിടത്തിലേക്ക്. അവിടെ ഇതിൻ്റെ ചരിത്രത്തിലേയ്ക്ക് നമുക്കൊരോട്ടപ്രദക്ഷിണം നടത്താം ആദ്യകാലം മുതലുള്ള ഫോട്ടോഗ്രാഫ് സ്, പിന്നെ വിമാനത്തിൻ്റെ പാട്സിൻ്റെ ഒരു വർക്ക്ഷോപ്പ്. അവസാനം ഒരു മിനി തിയേറ്ററിൽ ഒരു ഫിലിം ഷോ. ഇനിയങ്ങോട്ട് വലിയ ഷഡുകളിൽ നമ്മുടെ അഭിമാന ഭാജനങ്ങളായ വിമാനങ്ങൾ ഹെലികോപ്റ്ററുകൾ എന്നിവ പ്രദർശിപ്പിച്ചിരിക്കുന്നു. അതുപോലെ എയർക്രാഫ്റ്റ് എൽജിൻ, എയർ ട്രാഫിക്ക് എൻജിൻ എല്ലാം അടുത്ത കാണാം. തൊട്ടറിയാം. അവസാനം ഒരു റോസ്ഗാർഡനും, ഓർക്കി ഡേ റിയവും. എല്ലാം കൂടി നല്ല അറിവ് പകർന്നു തന്ന ഒരു സായാഹ്നം.ബാംഗ്ലൂരെ വലിയ തിരക്കിൽ നിന്നു മാറിശുദ്ധവായു ശ്വസിച്ച് കുറേ സമയം.

Tuesday, November 15, 2022

ബാംഗളൂർ വിധാൻ സൗധാ - മാർബിളിൽ കടഞ്ഞെടുത്ത ഒരു കവിത ... ബാംഗ്ലൂർ സിറ്റിയിൽ കുബോൺ പാർക്കിൽ തല ഉയർത്തി നിൽക്കുന്ന ഈ ഭരണസിരാകേന്ദ്രം ഇൻഡ്യയിലെ ഏറ്റവും മനോഹരമായ നിയമസഭാ മന്ദിരസമുച്ചയമാണ്. നിയോ ദ്രാവിഡീയ ശൈലയിൽ നിർമ്മിച്ചിരിക്കുന്ന ഈ സൗധത്തിന് മനോഹരമായ ഒരു കൊട്ടാരത്തിൻ്റെ പ്രൗഡിയുണ്ട്.അറുപതേക്കറിൽ അമ്പതിനായിരം സ്ക്കയർഫീറ്റിലുള്ള ഈ മന്ദിരം മനോഹരമായ മാർബിളിൽ തീർത്തതാണ്. ആയിരത്തി അഞ്ഞൂറു ശിൽപ്പികളുടെ മേൽനോട്ടത്തിൽ അയ്യായിരം തടവുപുള്ളികളുടെ അസ്രാന്ത പരിശ്രമം ഇത് വളരെ വേഗം പൂർത്തി ആക്കാൻ സഹായിച്ചു.നിയമ ലംഘകരെ ഉപയോഗിച്ച് ഒരു നിയമസഭാ മന്ദിരം !.ഇത് വിരോധാഭാസമാവാം. പക്ഷേ ഇതൊരു നല്ല മാതൃകയായി എനിക്കു തോന്നി. ഇതിൻ്റെ നാലു വശവുമുള്ള ഡൂം മുകളുടെ ഉള്ളിലെ കൊത്തുപണി അതി മനോഹരമാണ്. കരിങ്കല്ലിൽ തീർത്ത ഈ കെട്ടിടത്തിൽ എ.സി ആവശ്യമില്ല. അത്ര കുളിർമയാണ്. അതിനു മുമ്പിലുള്ള മഹാത്മാവിനെ വണങ്ങിയാണ് തിരിച്ചു പോന്നത്.

Monday, November 14, 2022

കുന്ദനഹള്ളിയിലെ ജൈനക്ഷേത്രം [ യാത്രാ നുറുങ്ങുകൾ_699] രണ്ടു നിലകളിലുള്ള ഒരു ചെറിയ ജൈന ക്ഷേത്രം. ജൈനമത സ്ഥാപകനായ മഹാവീരൻ്റെ മാർബിളിൽ തീർത്ത വിഗ്രഹം മനോഹരമാണ്. അതിനു ചുറ്റും മാർബിളിൽ കൊത്തുപണികൾ ചെയ്തത് കാണുന്നത് തന്നെ മനസിന് ഒരു വിരുന്നാണ്. നിലത്തിരുന്ന് മുമ്പിലുള്ള പൊക്കം കുറഞ്ഞ ഡസ്ക്കിൽ ഗ്രന്ഥം വച്ച് പൂജാദ്രവ്യങ്ങളുമായി പ്രാർത്ഥിയ്ക്കുന്ന ഭക്തത്തനങ്ങളെ അവിടെക്കാണ്. നിശബ്ദമായാണവരുടെ പ്രാർത്ഥന. ജൈനമത തത്വങ്ങൾ അത്ഭുത പ്പെടുത്തുന്നതാണ്. ഏററവും പൗരാണികമായ സന്യാസ മതപാരമ്പര്യം. ലോകത്ത് ഒരു ജീവികളെയും അവർ ഉപദ്രവിക്കില്ല. സസ്യങ്ങളുടെ കിഴങ്ങുകളിൽ ആണ് അവയുടെ ആത്മാവ് എന്നു വിശ്വസിക്കുന്ന അവർ കിഴങ്ങുവർഗ്ഗങ്ങൾ ഒന്നും ഭക്ഷിക്കില്ല. ക്ഷേത്രങ്ങളിൽ അവർ വിളക്ക് കത്തിയ്ക്കാറില്ല. പ്രാണികൾ അതിൽ ആകർഷിക്കപ്പെട്ട് കത്തിത്തീരാതിരിക്കാൻ.വായും മൂക്കും ആവരണംചെയ്തേ അവർ പുറത്തിറങ്ങൂ. അമ്പലങ്ങളിലെ ജയിൻ ആർക്കിട്ട ചറിന് ഹിന്ദു, ബുദ്ധആർക്കിടച്ചറുമായി സാമ്യമുണ്ട്. ദക്ഷിണേ ഡ്യയിൽ ദ്രാവിഡ സ്റൈറയിൽ ആണ് കാണപ്പെടുന്നത്. എല്ലോറാ റോക്ക് കട്ട് ക്ഷേത്ര സമൂഹത്തിൽ ജൈന ക്ഷേത്രം കണ്ടിട്ടുണ്ട്.ശ്രാവണ ബല ഗുളയിലെ ഗോമ ഡേശ്വരൻ ലോകപ്രസിദ്ധമാണ്. അതിൻ്റെ നിർമ്മാണ രീതി അത്ഭുതപ്പെടുത്തുന്നതാണ്. സ്വന്തമായ തെല്ലാം ഉപേക്ഷിച്ച് ഭിക്ഷ സ്വീകരിച്ച് ജൈന സന്യാസിമാർ ജീവിയ്ക്കുന്നു. ജൈ നന്മാരിൽ രണ്ടു വിഭാഗം ഉണ്ട്. വെള്ള വസ്ത്രം മാത്രം ധരിക്കുന്ന ശ്വേതാoബരൻ.ദിക്കുകൾ മാത്രം വസ്ത്രമാക്കിയ ദിഗംബരൻ.ഉയർന്ന സാക്ഷരതയിലും, സമ്പത്തിലും ഇന്ത്യയിലെ പ്രബല വിഭാഗമാണവർ. ശാന്തമായ ആക്ഷേത്ര സങ്കേതം തന്ന ശാന്തി ഉൾക്കൊണ്ട് അവിടുന്ന് തിരിച്ചു പോന്നു.

Saturday, November 12, 2022

കൃപാൺ [ നാലുകെട്ട് -367] മുമ്പ് ആരോ സമ്മാനിച്ചതാണ് ആ കൃപാൺ‌. ഇന്നും നാലുകെട്ടിൽ അത് ഭദ്രം. ഈ ഇടെ കിട്ടിയ സിക്കു ക്കാർ ധരിക്കുന്ന സ്റ്റീൽ വളയും അതിനടുത്ത് വച്ചിട്ടുണ്ട് ഹിന്ദു മുസ്ലീം സമന്വയ ദർശനങ്ങൾ സമാഹരിച്ചാണ് ഗുരുനാനാക്ക് സിക്കു മതത്തിന് രൂപം നൽകിയത്.അവർ വിഗ്രഹാരാധനക്കെതിരാണ്. ഗ്രന്ഥാസാഹിബ് ആണ് സിക്ക് ക്ഷേത്രങ്ങളിൽ പ്രതിഷ്ഠയുടെ സ്ഥാനത്ത് കാണുക. സിക്കു മതത്തിൽ അഞ്ച് K എന്നു പറയാറുണ്ട്.കരാ [ സ്റ്റീൽ വള], കേശ് [തലമുടി ], കൺ ഗാ [ തടികൊണ്ടുള്ള ഒരു തരം ചീപ്പ് ] ', കചേര [ അടിവസ്ത്രം ] പിന്നെ കൃപാണും. വലിയ സ്റ്റീൽ കൊണ്ടോ ഇരുമ്പു കൊണ്ടോ ഉള്ള വാളാണ് കൃപാൺ.കരുണ എന്നത്ഥം വരുന്ന കൃപാൺ യുദ്ധത്തിനു മാത്രമല്ല അനീതിക്കെതിരെയുള്ള പടവാളായും സിക്കുകാർ കാണുന്നു. ഇന്ന് വലിപ്പം കുറഞ്ഞ കൃപാൺ ആണ് ധരിക്കുക.സ്റ്റീലുകൊണ്ടും, ഇരുമ്പു കൊണ്ടും കണ്ടിട്ടുണ്ട്. വിമാനത്തിൽ പോലും സിക്കുകാർക്ക് കൃപാൺ ധരിക്കുന്നതിന് വിലക്കില്ല

Saturday, November 5, 2022

ഒരു അവിസ്മരണീയ ദിവസം . അനിയൻ തലയാറ്റുംപിളളി ജസ്റ്റിസ് സുകുമാരൻ സാർ എൻ്റെ അച്ചൂൻ്റെ ഡയറി [ഇംഗ്ലീഷ് ] വായിച്ചിട്ടാണ് വിളിച്ചത്. അദ്ദേഹം പകർന്നു തന്ന ആ ആസ്വാദനം ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം വില പിടിക്കാനാവാത്തതാണ്.കൂടെ അദ്ദേഹം ഒന്നു കൂടെപ്പറഞ്ഞു, അവർ ആലുവായ്ക്കടുത്ത് SNGiri യിൽ ഒരു വലിയ ഓർഫനേജ് നടത്തുന്നുണ്ട് അവിടുത്തെ അന്തേവാസികൾക്ക് അച്ചുവിൻ്റെ ഡയറി അവതരിപ്പിച്ച് ഒരു മൊട്ടിവേഷൻ ക്ലാസ് കൊടുക്കാൻ പറ്റുമോ എന്നു്. ഇന്ന് അവിടെപ്പോയിരുന്നു. ജീവിതത്തിലെ അവിസ്മരണീയമായ ഒരു ദിവസം. ആരോരുമില്ലാത്ത അനാഥ കുട്ടികളെയും അമ്മമാരേയും പൊറ്റുന്ന ഒരു മഹത്തായ സ്ഥാപനം '. കുട്ടികൾക്ക് പഠനവും ഒരു നല്ല തൊഴിലും അവർ വിഭാവനം ചെയ്ത് നടപ്പിൽ വരുത്തുന്നു. അച്ചൂൻ്റെ ഡയറി ആകുഞ്ഞുങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചപ്പോൾ, മുത്തശ്ശനും അച്ഛനും, അമ്മയും, അനിയനും ഒക്കെയുള്ള അച്ചുവിൻ്റെ ഊഷ്മള ബന്ധം ആ കുഞ്ഞുങ്ങളുടെ കണ്ണു നനയിച്ചു. സത്യത്തിൽ വല്ലാത്ത കുറ്റബോധം തോന്നി. അച്ഛനെയും അമ്മയേയും മുത്തശ്ശനേയും ജീവിതത്തിൽ കണ്ടിട്ടില്ലാത്ത കുഞ്ഞുങ്ങളാണ് മുമ്പിലിരിക്കുന്നതെന്ന് പെട്ടന്നാ ന്നോർത്തത്. പക്ഷേ അവിടെ അവർക്ക് ഒത്തിരി അമ്മമാരും അനിയത്തിമാരും ചേച്ചിമാരും ഉണ്ടായിരുന്നു. ജസ്റ്റീസ് സുകുമാരൻ സാറിനെപ്പോലെ ദൈവതുല്യനായ ഒരു മുത്തശ്ശനുണ്ടായിരുന്നു. അവിടെ അവർ അനാഥരല്ല. അവിടന്ന് പഠിച്ച് ജോലി കിട്ടി വിവാഹം കഴിച്ച് അനവധി പേർ ലോകം മുഴുവൻ ഉണ്ട്. അവരുടെ ഒപ്പമിരുന്ന് ആഹാരവും കഴിച്ച് മനസ്സില്ലാ മനസോടെ ആ മഹായോഗിയുടെ സ്മരണയുറങ്ങുന്ന മണ്ണിൽ നിന്ന് വിട പറഞ്ഞു

Thursday, November 3, 2022

പളളിക്കുറിപ്പ് [ഏകാദശി വിളക്ക് - 9] ' പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിതനായ ഭഗവാനെ അമ്പലത്തിനകത്തേക്ക് ആനയിക്കുന്നു. മണ്ഡപത്തിൽ ശയ്യാപത്മമിട്ട് വിളക്ക് വച്ച് ശയ്യാ പൂജ.ചുറ്റും വാഴപ്പിണ്ടി വച്ച് അതിന് നടുക്ക് പട്ടുമെത്ത ഒരുക്കുന്നു. ശംഖുവിളിച്ച് പാണി കൊട്ടി ഭഗവാനെ ശയ്യയിൽ കിടത്തുന്നു. മുളപൂജ യിലൂടെ ദൈവാംശവും ജീവാംശവും പകർന്ന് മുളകൾ വളർന്ന തൈകൾ കൊണ്ട്ശയ്യക്ക് ചുറ്റും അലങ്കരിക്കുന്നു. അങ്ങിനെ ഭഗവാന് യോഗ നിദ്ര ക്ക് സമയ മൊരുക്കുന്നു. ചുറ്റും തുണികൊണ്ട് മറച്ച ശയ്യയിൽ ഭഗവാൻ തൂലിയാവസ്ഥയിലേക്ക് പ്രവേശിക്കുന്നു. :വാദ്യമേളങ്ങളും മറ്റു ശബ്ദകോലാഹലങ്ങളും നിർത്തുന്നു. വിളക്കുകൾ ഒന്നൊന്നായി കെടുത്തുന്നു. ശ്രീകോവിലിനഭിമുഖമായി മണ്ഡപത്തിൽ സുരക്ഷക്ക് രാത്രി മുഴുവൻ ഒരാൾ കാവലിരിക്കണം. ഭഗവാനെ മനുഷ്യനായി സങ്കൽപ്പിച്ചുള്ള ഈ ചടങ്ങുകൾ സാധാരണ ഉത്സവാഘോഷങ്ങൾക്കിടയിൽ ആരും ശ്രദ്ധിക്കാറില്ല. ഇനി രാവിലെ പള്ളിയുണർത്തൽ