Monday, June 29, 2020

ഞങ്ങൾ തിരോന്തോരം കാര്.....ധാരാളം സമരങ്ങൾ കണ്ടിട്ടുണ്ട്. കേരളത്തിൻ്റെ ഏതു മൂലയിൽ നിന്നും സമരത്തിന് കൂടും കുടുക്കയുമെടുത്ത് ഇങ്ങോട്ടു പോരും. സെക്രട്ടറിയേറ്റ് പടിക്കൽ, ക്ലിഫ് ഹൗസ്, മന്ത്രിമന്ദിരങ്ങൾ, അസംബ്ലികവാടം അങ്ങിനെയുദ്ധഭൂമി ഇവിടെ അനവധിഞങ്ങൾ സമരങ്ങൾക്കെതിരല്ല. പക്ഷേ ഈ സമയം. ഈ മഹാമാരിയുടെ സാമൂഹിക വ്യാപന ഭീതിയിൽ കഴിയുന്ന ഞങ്ങൾക്ക് ഇത് സഹിക്കാവുന്ന തിനപ്പുറമാണ്.പോലീസുകാരുടെ കാര്യമാണതിലും കഷ്ടം. സാമൂഹികാക ലം പാലിക്കാതെ പിടിച്ചു മാറ്റണ്ടി വരുന്നു. അറസ്റ്റ് ചെയ്യണ്ടി വരുന്നു.പിന്നെയുള്ളത് പാവം മാധ്യമ പ്രവർത്തകരുടെ കാര്യമാണ്.ക്യാമറയിൽപ്പെടാൻ മാസ്ക് പോലും മാറ്റി അവരുടെ മുമ്പിൽച്ചാടി വീഴുന്നവർ അനവധി. ഒന്നുകിൽ കുറച്ചു കാലത്തേക്ക് കൊവിഡ് പ്രൊട്ടോക്കോൾ പാലിക്കാത്ത ഈ സമരം നേതാക്കൾ ഉത്തരവാദിത്വത്തോടെ വിലക്കുക.അല്ലങ്കിൽ ഇത് നേരിടുന്ന രീതി മാറ്റുക. ജലപീരങ്കിയും, ടിയർഗ്യാസും, തീരെ നിവർത്തിയില്ലങ്കിൽ റബർ ബുള്ളറ്റും. ഒരു കാരണവശാലും അവരെ അറസ്റ്റു വരിക്കാൻ അനുവദിക്കാതിരിക്കുക.മാധ്യമങ്ങൾ ഈ സമരങ്ങൾ എത്ര ന്യായമാണങ്കിലും കുറേ നാളത്തേക്ക് റിപ്പോർട്ട് ചെയ്യില്ലന്നുറപ്പിക്കുക.ഞങ്ങൾ തിരോന്തരംകാരെ രക്ഷിക്കൂ. നമുക്കെല്ലാവർക്കും കൂടി ഈ മഹാമാരിക്കെതിരെ ഒറ്റക്കെട്ടായിപ്പോരാടാം...

Wednesday, June 24, 2020

കണ്ണാടി പൈക്കൂറ. [നാലുകെട്ട് - 26 5 ]നമ്പൂതിരി സമുദായത്തിലെ പഴയ വേളിച്ചsങ്ങുകൾ രസകരമാണ്. വരൻ്റെ ഗൃഹത്തിലേയ്ക്ക് കൂടി വയ്പ്പിൻ്റെ സമയത്ത്, കൈക്കുടുന്നയിൽ നിറയെ ഉണക്കലരിയുമായി അകമ്പടിയോടെ കുരവയിട്ട്, ആർപ്പ് വിളിച്ചു വേണം അകത്ത് കയറ്റാൻ.വരൻ്റെ അമ്മ പൂവ് അക്ഷതം എന്നിവ ഉഴിഞ്ഞിട്ട് വധൂവരന്മാരെ സ്വീകരിയ്ക്കുന്നു. വരൻ അകത്തു കടന്നാൽ വാതിൽ അടയ്ക്കുന്നു. അപ്പോൾ വധു കതക് ചവിട്ടിത്തുറന്ന് വേണം അകത്തു കയറാൻ.വധുവിൻ്റെ കാൽപ്പാദം ആദ്യം പതിഞ്ഞിടത്ത് വട്ടത്തിൽഅണിഞ്ഞ് നെല്ലും പൂവും ഇടുന്നു.വധൂഗൃഹത്തിൽ നിന്ന് വരുന്ന വധുവിൻ്റെ കയ്യിൽ " കണ്ണാടി പൈക്കൂറ " ഉണ്ടാകും.കോടിത്തോർത്ത് രണ്ടു കള്ളിയായിത്തുന്നി ഒന്നിൽ അരി നിറക്കുന്നു. അടുത്ത തിൽ രണ്ടു ചെപ്പുകൾ, മഷിക്കൂട്. ചന്ദനം മുട്ടി, വാൽക്കണ്ണാടി, കളി അടയ്ക്കാ, വെററില, അലക്കിയ മുണ്ട്.കറുകമാല, പച്ച മഞ്ഞൾ, ആവണക്കിൻ കുരു, പൂ വിത്തുകൾ ചാന്ത് എന്നിവ ഇടും. ഗൃഹത്തിൻ്റെ കിഴക്കുവശത്ത്, വിളക്ക് വച്ച് കിഴക്കോട്ട് തിരിഞ്ഞു നിന്ന് പൂവി ത്തുകൾ പാകണം.കാർ ഷിക സംസ്കാരവുമായി പഴയ ചടങ്ങുകൾക്ക് നല്ല ബന്ധമുണ്ട്.

Tuesday, June 23, 2020

വർണ്ണവിവേചനം [കീ ശക്കഥകൾ - 169 ]എനിക്കും ശ്വാസം മുട്ടുന്നു.അത് വർണവിവേചനത്തിൻ്റെ രോദനമായിരുന്നില്ല. കൊറോണാ ലക്ഷണവുമല്ലായിരുന്നു.പ്രകൃതിയിലെ നല്ലവർണ്ണങ്ങൾ മുഴുവൻ ഇവിടുത്തെ രാഷ്ട്രീയപ്പാർട്ടികൾ വീതിച്ചെടുത്തതു കൊണ്ടാണ് എനിയ്ക്ക് ശ്വാസം മുട്ടിയത്.വിവേചനത്തിനുള്ള അടയാളമാക്കി അവർ നിറങ്ങളെ മാറ്റി. ചുവപ്പ്, പച്ച, കാവി, നീല എല്ലാം വീതിച്ചു മൂന്നു നിറങ്ങളും മൊത്തത്തിലെടുത്ത് വേറൊരു പാർട്ടി.മത രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി ഈ മഹാമാരിയ്ക്ക് എതിരെ പോരാടിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇലക്ഷൻ്റെ കാഹളം മുഴങ്ങിയത്.പിന്നെ പഴയ കലാപരിപാടികൾ അവർ ഓർത്തെടുത്തു. കുറ്റപ്പെടുത്തൽ, പഴി ചാരൽ, എല്ലാം വിവാദമാക്കൽ, കുടുംബം പോലും മറന്ന് ഈ മഹാമാരിക്കെതിരെ പ്രവർത്തിച്ചവരേ തേജോവധം ചെയ്യൽ.... എന്നു വേണ്ട വൈറസിനെക്കാൾ വേഗത്തിൽ ആ കലാപരിപാടികൾ പടരുമ്പോൾ ജീവൻ കയ്യിലെടുത്ത്, ഭയപ്പെട്ട് നെഞ്ചു പിടക്കുന്ന നിറങ്ങളില്ലാത്ത കുറേ ജനങ്ങളുണ്ടിവിടെ എന്ന വർ മറന്നു.ഒറ്റക്കെട്ടായി നിന്നവർ ഇപ്പോൾ സേവനം പോലും ഒറ്റതിരിഞ്ഞാക്കി. മാസ്കുകൾക്ക് നിറം കൊടുത്തു. ചുവപ്പ്, പച്ച, കാവി, നീല, പിന്നെ ത്രിവർണ്ണം. എന്നീ നിറങ്ങളിലുള്ള മാസ്കുകളുമായി അവർ വീടുകൾ കയറി ഇറങ്ങി.ജോലിയില്ല. ഭക്ഷണം സമൂഹ അടുക്കളയിൽ നിന്നെത്തിച്ചു തരും. ഉള്ളതുകൊണ്ട് ഓണം പോലെ കിട്ടുന്ന ഭക്ഷണം വീതിച്ചെടുത്ത് ഞങ്ങൾ കഴിഞ്ഞു കൂടി. പക്ഷേ ഇന്ന് കിട്ടിയത് എട്ട് പൊതിച്ചോർ. പല രായി അവരുടെ ഇഷ്ട വർണ്ണത്തിൽ പൊതിഞ്ഞ പൊതിച്ചോർ.ഈശ്വരാ.... വിശന്നിട്ട് ഒരു രക്ഷയുമില്ല. ഇതിലേത് ആദ്യം തുറക്കും. ഒന്നു മാത്രം തുറന്നാൽ മറ്റവർ അടിക്കും.അല്ലങ്കിൽ നീരസമാകും. അവസാനം ഒരു വലിയ പാത്രം കൊണ്ടുവന്ന് എല്ലാം തുറന്ന് അതിലിട്ടു.അത്ഭുതം! ... ആഹാരത്തിനും നിറ വൈവിദ്ധ്യം.......

Monday, June 22, 2020

സ്പെഷ്യൽ റവ ഉപ്പുമാവ് [ തനതു പാകം - 34 ]റവ ഉപ്പുമാവിൻ്റെ വേറൊരു പാചകരീതി.ഇതിനായി വറുത്തവ ഒരു ഗ്ലാസ്.ഇഞ്ചി, പച്ചമുളക്, ക്യാരറ്റ്, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ്, കരിവേപ്പില, ചുവന്നുള്ളി എന്നിവ പ്രത്യേകം പ്രത്യേകം ചെറുതായി അരിഞ്ഞുവയ്ക്കുക. ഇതെല്ലാം കൂടി റവയുടെ മൂന്നിരട്ടി അളവ് വേണംഉരുളി അടുപ്പത്ത് വച്ച് നല്ല ശുദ്ധമായ വെളിച്ചണ്ണ പകരുക. നന്നായി ചൂടായാൽ ഇഞ്ചിയും, പച്ചമുളകും, ഉള്ളിയും, കരിവേപ്പിലയും അരിഞ്ഞത് ചേർത്ത് ഇളക്കണം. അതു ഒന്നുലന്നു കഴിയുമ്പോൾ ബാക്കി അരിഞ്ഞുവച്ച വെജിറ്റബിൾസ് ചേർക്കുക. നന്നായി ഇളക്കണം. ആവശ്യത്തിനു് പൊടിയുപ്പ് ചേർക്കണം.അതിൽ ഉപ്പു പിടിക്കാൻ അതു നല്ലതാണ്.അത് ഒന്ന് ഉലന്നു കഴിയുമ്പോൾ അതിൽ അഞ്ച് ഗ്ലാസ് തിളച്ചവെള്ളം ചേർത്ത് നന്നായി ഇളക്കണം .അതിൽ സ്വൽപ്പം മഞ്ഞൾപ്പൊടിയും മുളക് പൊടിയും ചേർക്കണം. ആ വെള്ളം വെട്ടിത്തിളച്ച് അതിലെ വെജിറ്റബിൾസ് നന്നായി വേകണം.അതിലേക്ക് എടുത്തു വച്ച റവ കുറശ്ശേ ഇട്ട് ഇളക്കണം. കുറേ ഇളക്കി കഴിയുമ്പോൾ വെള്ളം വറ്റി റവ ഉപ്പുമാവ് റഡിയാകും. അതിൻ്റെ മുകളിൽ കുറച്ച് കരിവേപ്പില വിതറി പച്ചവെളിച്ചണ്ണ ത ളി ച്ച് അടച്ചു വയ്ക്കണം.നല്ല നാരങ്ങാക്കറിയോ, പപ്പടം കാച്ചിയ തോ ഉണ്ടങ്കിൽ നല്ല ഒരു ബ്രയ്ക്ഫാസ്റ്റാകും

Sunday, June 21, 2020

റൂം ക്വാറൻ്റയിൻ [ കീശക്കഥകൾ - 168 ]നാലുകെട്ട് അനക്കം വച്ചു.നാലു തലമുറയും ഒന്നിച്ച്.ആ ഭീകരമാരി ഓടിച്ചകത്തു കയറ്റിയതാണ്. മുതുമുത്തശ്ശനായി ഞാൻ. ഏതോ വലിയ ഐ.റ്റി. കമ്പനിയിലെ ജോലി വർക്ക് അറ്റ് ഹോം ആക്കി മകൻ്റെ മകനും ഭാര്യയും. കൊളും ജോലിയുമായി അവർ രണ്ടു മുറിയിലാണ്. മകൻ ഓൺലൈൻ സാഹിത്യവുമായി അല്ലങ്കിൽത്തന്നെ കമ്പ്യൂട്ടറിൻ്റെ മുമ്പിലാണ്. മരുമകൾ ഈ വയസാംകാലത്ത് ആദ്ധ്യാത്മിക ലോകത്താണ്. നാരായണീയം, ഭാഗവതം.... എല്ലാം ഓൺലൈനിൽ വിവിധ വാട്സ് അപ്പ് ഗ്രൂപ്പുകളിൽ. അവൾ ഫോണുമായി ഏതെങ്കിലും ഒരു മൂലയിൽ ഉണ്ടാകും. മിക്കവാറും പൂജാമുറിയിൽ.അപ്പഴാണ് പേരക്കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്. മൂത്തവന് ലാപ്ടോപ്പും പ്രത്യേക മുറിയും നിർബ്ബന്ധം. അങ്ങിനെ അവനും ഒരു മുറിയിലായി.എൽ.കെ.ജിക്കാർക്കും ഓൺലൈൻ ക്ലാസ്. ഈശ്വരാ... ഇനി കൊച്ചുമോളെ എവിടെ ഇരുത്തും. അവൾക്ക് ടി.വിമതി. തളത്തിൽത്തന്നെ ആക്കാം. അവളുടെ കാർട്ടൂൺ കഥാപാത്രവുമായുള്ള കളിക്കളമാണ് ആ വലിയ ടി.വി. അത് ക്ലാസ് റൂം ആക്കുന്നതിനോട് യോജിപ്പില്ലങ്കിലും അവളും ഓൺലൈൻ ക്ലാസ്സിലായി. ഇനി മിച്ചം. ഈ പടുവൃദ്ധൻ.പ്രത്യേകം റൂമില്ല. ഒച്ച എടുക്കാൻ പാടില്ല. ഉറക്കെ ച്ചുമയ്ക്കാൻ പാടില്ല. ആകെ ഐ.എസ്.ആറോയിലെ കൺട്രോൾ റൂം പോലെ ആയി എൻ്റെ നാലുകെട്ട്.കഷ്ടിച്ച് അടുക്കളയും പിന്നെ എൻ്റെ പച്ചക്കറിത്തോട്ടവും.കൃഷി ഇഷ്ടമായതുകൊണ്ട് രക്ഷപ്പെട്ടു. പിന്നെ കൂട്ട് നന്ദിനി പ്പശുവും അവളുടെ വികൃതി കിടാവും." മുത്തശ്ശാ നമുക്ക് ഈ കൃഷിയും ഓൺലൈനാക്കിയാലോ. നല്ല വാട്സസ്സ് ഗ്രൂപ്പ് ഉണ്ട് കൃഷിക്ക്.ഗവന്മേൻ്റിൻ്റെ നല്ല ഓൺലൈ സൈറ്റുണ്ട്. ഒന്നു ട്രൈ ചെയ്യുന്നോ?""വേണ്ട മോനേ നിങ്ങൾ എല്ലാവരും ആകാശത്തിൽ ക്ലൗഡിലും, മേഘസന്ദേശങ്ങളിലും അല്ലേ? ഞാൻ ഈ മണ്ണിൽ ചവിട്ടി ഒന്നു നിന്നോട്ടെ. മണ്ണ് ഒരിയ്ക്കലും ചതിയ്ക്കില്ല.പാവലി നോടും, വെണ്ടയോടും, പയറിനോടും കിന്നരിച്ച് മുത്തശ്ശൻ കഴിഞ്ഞോളാം"

Saturday, June 20, 2020

മുളംകുറ്റിയിൽ ആദിവാസി നാരങ്ങാക്കറി [തനതു പാകം - 33 ]വയനാട്ടിൽ കുറുവ ദ്വീപിലെ കുറിച്ച്യ രൂടെ ഊരിൽ പോകാനിടയായി.പൊതുവേ വെജിറ്റേറിയൻ കൂടുതൽ താത്പ്പര്യമുള്ള അവരെ "മലയിൽ ബ്രാമ്മിൻസ് " എന്നാണ് പറയുക.അവരുടെ പ്രധാന പാചകങ്ങൾ മുളംകുററിയിൽ ആണ്. അവരുടെ മുളംകുറ്റിയിലെ നാരങ്ങാക്കറിയുടെ സ്വാദ് ഇന്നും നാവിലുണ്ട്. പച്ചമുള വെട്ടി എടുത്ത് കമ്പുകളഞ്ഞ് അതിൻ്റെ മുട്ട് നിർത്തി മുറിച്ചെടുത്ത് മുളംകുറ്റി തയ്യാറാക്കും.അതിനൊരു വശം കത്തി കൊണ്ട് തുരന്ന് തുള ഉണ്ടാക്കും. നല്ല മൂത്തുപഴുത്ത ചെറുനാരങ്ങാ ഇരുപത് എണ്ണം കഴുകിത്തുടച്ച് എടുക്കണം. ഒരെണ്ണം രണ്ടായി മുറിച്ചു വയ്ക്കണം. ബാക്കി ചെറുതായി അരിഞ്ഞു വയ്ക്കണം.നാരങ്ങയുടെ അത്രയും കാന്താരിമുളക് ഞട്ടുകളഞ്ഞ് ഒന്നു ചതച്ച് വയ്ക്കുക. ആ വ ശ്യത്തിന് കല്ലുപ്പ് കരുതുക.കരിവേപ്പില ഞ ട്ടു കളഞ്ഞ് ചെറുതായി അരിഞ്ഞു വയ്ക്കണം.ഒരു വശം തുളച്ച് കഴുകി വച്ച മുളംകുറ്റിയിൽ സ്വൽപ്പം തേൻ ഒഴിച്ച് തന്നായി കുലുക്കുക.അതിൻ്റെ അകവശം മുഴുവൻ തേൻ പറ്റിപ്പിടിക്കണം.മുറിച്ചു വച്ച നാരങ്ങാമുറി മുറിച്ച വശം മുകളിലേയ്ക്കാക്കി അടിയിൽ ഒരു കമ്പ് കൊണ്ട് കുത്തി ഉറപ്പിക്കുക. സ്വൽപ്പം കല്ലുപ്പ് ചേർക്കണം അരിഞ്ഞു വച്ച നാരങ്ങ കുറച്ച് അതിലിടണം. അത്രയും കാന്താരിമുളകും പിന്നെ അരിഞ്ഞുവച്ച കരിവേപ്പിലയും കുറച്ചിടണം.അത് അറ്റം പരന്ന കമ്പു കൊണ്ട് കുത്തി ഉറപ്പിക്കണം. വീണ്ടും പുട്ടുകുറ്റി നിറയ്ക്കുന്നതു പോലെ ഇടകലർത്തി പല പ്രാവശ്യം ഇട്ട് ഉറപ്പിച്ച് കുറ്റി നിറക്കണം. അവസാനം മുറിച്ചു വച്ച അടുത്ത കഷ്ണം മുറിച്ച വശം അകത്തേയ്ക്കാക്കി വയ്ക്കണം. മുള കൊണ്ടുള്ള ഒരടപ്പ് ഉണ്ടാക്കി വായു കിടക്കാതെ അടച്ചു വയ്ക്കണം. നല്ല മെഴുകു കൊണ്ട് സീലുചെയ്യുക. നല്ല പുററ് മണ്ണ് കുഴച്ച് മുളംകുറ്റി നന്നായി പൊതിയണം. എന്നിട്ട് മണ്ണിൽ കുഴിച്ചിടണം. ഒരു മാസം കഴിഞ്ഞ് മുള പൊട്ടിച്ച് നല്ല സ്വാദിഷ്ടമായ നാരങ്ങാറി പുറത്തെടുക്കണം. നല്ല ഔഷധ ഗുണമുള്ള ആ മുളയുടെ നീര് നാരങ്ങാക്കറിയിൽക്കലർന്ന് അതിന് കൈപ്പ് കുറഞ്ഞ് നല്ല സ്വാദ് കൈവരുന്നു. ഇനി ചെറിയമുളയാണങ്കിൽ ചെറുതായി അരിഞ്ഞ് അതിൽ നിറച്ചാലും മതിഇതു പോലെ " മുള അരി "കുറ്റിയിൽ നിറച്ച് കനലിൽ ചുട്ടെടുത്ത ചോറിന് ഒരു പ്രത്യേക സ്വാദാണ്.വാ ജീകരണത്തിനും, വിരശല്യത്തിനും, ഒരു ജനറൽ ടോണിക്കായും ഇത് പ്രയോജനപ്പെടും എന്ന് ആയൂർവേദാചാര്യന്മാർ പറഞ്ഞു വച്ചിട്ടുണ്ട്.

Thursday, June 18, 2020

തൈര് മുളക് [തനതു പാകം - 32 ]കൊണ്ടാട്ടം മുളകിന് പറ്റിയ എരിവു കുറഞ്ഞ, വലിയ പച്ചമുളക് അരക്കിലോ വാങ്ങി ഉപ്പും മഞ്ഞപ്പൊടിയും ഇട്ട വെള്ളത്തിൽ ഒരു മണിക്കൂർ ഇട്ടു വയ്ക്കണം. മുളക് എടുത്ത് കത്തി കൊണ്ട് കുറച്ചു നീളത്തിൽ കീറി വയ്ക്കണം.അതിൽ പാകത്തിന് പൊടിയുപ്പും, മഞ്ഞൾപ്പൊടിയും ചേർത്ത് തിരുമ്മി ഒരു ദിവസം അടച്ചു വയ്ക്കണം.ഒരു ചീനച്ചട്ടിയിൽ കുറച്ച് വെണ്ണ ഇട്ട് ചൂടാക്കണം. നന്നായി ഉരുകി ചൂടായാൽ നമ്മൾ തയാറാക്കി വച്ച പച്ചമുളക് അതിലിട്ട് ഒന്ന് ഉലത്തി എടുക്കണം.അതിലേക്ക് ഒരു കപ്പ് കട്ട തൈർ ചേർത്ത് ഇളക്കി വററിക്കയണം.അത് ഒരു പാത്രത്തിൽ ഇട്ട് കുറച്ചു തൈര് കൂടിച്ചേർത്തു അടച്ചു വയ്ക്കണം. പിറ്റെ ദിവസം അത് ഒരു സ്റ്റീൽപ്ലെയിറ്റിൽ വെയിലത്തുവച്ച് ഉണക്കണം. വൈകിട്ട് വീണ്ടും മുളക് ഈ തൈരിൽ ഇട്ടു വയ്ക്കണം.ആ തൈരു മുഴുവൻ ആഗീരണം ചെയ്തു വീർത്ത മുളക് വീണ്ടും പിറേറദിവസം വെയിലത്തിടണം. അങ്ങിനെ രണ്ടു ദിവസം ആവർത്തിക്കണം. നന്നായി ഉണക്കി ജലാംശം വററിച്ച തൈര് മുളകിന് നല്ല സ്വാ ദാണ്.

Monday, June 15, 2020

ഗുഹാ മനുഷ്യൻ [ കീശക്കഥകൾ 166 ]എനിക്ക് പാസ്പ്പോർട്ട് വേണ്ട. വിസ വേണ്ട. ലോകത്തുള്ളു ഏതു കമ്പനിയിലും എവിടെ ഇരിന്നു വേണമെങ്കിലും ഏതു സമയത്തും ജോലി ചെയ്യാം. കമ്പനികൾക്ക് പൊഷ് ഓഫീസുകൾ വേണ്ട. നമുക്ക് പാർക്കാൻ ഫ്ലാറ്റുകൾ വേണ്ട. സിനിമാ കാണാൻ തിയേറ്റർ വേണ്ട. ആഹാരം കഴിക്കാൻ ഹോട്ടലും.. എൻ്റെ ജോലി അളക്കാൻ ആർട്ടിഫിഷ്യൽ ഇറ്റലിജൻസിൻ്റെ സഹായമുണ്ട്. റിസൽട്ട് ആണ് പ്രധാനം. അവൻ്റെ ചാരക്കണ്ണുകൾ എൻ്റെ ചുറ്റുമുണ്ട്. പണിതില്ലങ്കിൽ പണ്ടിയുണ്ടാകില്ല. ലോകമേ തറവാട്.മുഖം മൂടി ധരിച്ച് ആരാലും തിരിച്ചറിയാതെ പഴയ ഗുഹാ മനുഷ്യരുടെ കൂട്ട്. വസ്ത്രം അത്യാവശ്യം മതി. പുതിയതു് വാങ്ങണ്ട കാര്യമില്ല. കുട്ടികൾക്ക് യൂണീഫോം വേണ്ട, ബാഗു വേണ്ട. കൂടുബത്തിൽ ഓരോ മുറിയിൽ പഠിക്കുന്നു, പഠിപ്പിക്കുന്നു. മറ്റു ജോലികൾ ചെയ്യുന്നു. എല്ലാം എൻ്റെ സ്വന്തം ഗുഹയി ൽ ഒളിച്ചിരുന്നു ചെയ്യാം ആരേയും കാണണ്ട. കാണാൻ പാടില്ല. ആ ഭീകര നൊപ്പം ജീവിയ്ക്കാൻ പഠിക്കുകയായിരുന്നു. അവൻ ഒത്തിരി പാഠങ്ങൾ പറഞ്ഞു തന്നു. ഗുരുവേ നമ.

Saturday, June 13, 2020

അടിമക്കൊലയാളി [കീ ശക്കഥകൾ - 165 ]വിഷജന്തുക്കൾ എന്നു നിങ്ങൾ പുഛത്തോടെ വിളിക്കുന്നില്ലേ? പക്ഷേ ഞങ്ങൾ ആരേയും മനപ്പൂർവം കൊന്നിട്ടില്ല. വേദനിപ്പിച്ചാൽ കടിക്കാറുണ്ട്.സ്വരക്ഷക്കാണത്.പക്ഷേ നിങ്ങൾ മനുഷ്യർ ! എന്നെയും എൻ്റെ മക്കളേയും നിങ്ങളിൽ ഒരുവൻ പിടിച്ചു കൊണ്ടുപോയി തടവിലിട്ടിരിക്കുകയാണ്. അവൻ്റെ ഗോഡൗണിൽ ഞങ്ങളുടെ സഹോദരങ്ങൾ ഒത്തിരി എണ്ണത്തിനെ ഭരണിയിലാക്കി സൂക്ഷിക്കുന്നുണ്ട്. ഞങ്ങളുടെ വിഷത്തിന് ലക്ഷങ്ങളുടെ വിലയുണ്ടത്രേ. അതെടുത്ത് വിറ്റ് അവനിന്ന് ലക്ഷാപതിയാണ്.കഴിഞ്ഞ ദിവസം ഒരാൾ അവനെക്കാണാൻ വന്നു. കണ്ടാൽ നല്ല തറവാടി. അവന് ഒരു വിഷപ്പാമ്പിനെ വേണം. വിഷം എടുക്കുന്നത് നിർത്തിവച്ച നല്ല വിഷം മുറ്റിയതിനെത്തന്നെ വേണം.. അവരുടെ സംസാരം കേട്ടപ്പോൾ ഞാൻ ഞട്ടിപ്പോയി."ആരും അറിയാതെ ഒരാളെക്കൊല്ലണം.പാമ്പുകടിയേറ്റ് മരിച്ചതാണന്നേ പുറത്തറിയാവൂ. അതിന് വിഷം മുറ്റിയ ഒരു പാമ്പിനെ വേണം.""ആരെയാണ് കൊല്ലണ്ടത്. എന്തിനാ കൊല്ലുന്നെ?""എൻ്റെ ഭാര്യയെത്തന്നെ.ഭീമമായ സ്വത്തു മുഴുവൻ അവളുടെ പേരിലാണ്. അതെനിക്ക് കിട്ടണം. എന്നിട്ടെനിക്ക് എൻ്റെ കാമുകിയുമായി ജീവിക്കണം. മകൻ എ നെറ് കൂടെ വേണം. അല്ലങ്കിൽ സ്വത്തിൻ്റെ കാര്യം എളുപ്പമാകില്ല.""എന്നത്തെക്ക് ആണ് വേണ്ടത് ""ഒരു ഭീമമായ തുകയ്ക്ക് അവളുടെ പേരിൽ ഒരു ഇൻഷ്വറൻസ് കൂടി എടുക്കണം. അതിലെ നോമിനി എൻ്റെ പേര് വയ്ക്കണം""നല്ല തുക തരണ്ടി വരും. നിങ്ങൾക്ക് ലാഭമുണ്ടാകുന്നതല്ലേ. ഒരു പാമ്പിന് ഇരുപത്തി അയ്യായിരം രൂപാ "" സമ്മതം"ഞാൻ ഞട്ടിത്തരിച്ചു പോയി. സ്വന്തം ഭാര്യയെ കൊല്ലാൻ... ഇതു മനുഷ്യർക്ക് മാത്രമേ പറ്റൂ. ഞങ്ങൾ മൃഗങ്ങൾ ആഹാരത്തിനു വേണ്ടി മാത്രമേ കൊല്ലൂ. ആ മഹാപാപം എന്നെ ഉപയോഗിച്ചു ചെയ്യാനാണ് പ്ലാൻ. കൊലക്കുത്തരവാദി ഞാൻ .ആ ദുഷ്ടൻ രക്ഷപെടും.പത്ത് ദിവസം എന്നെപ്പട്ടിണിയ്ക്കിട്ടു. എന്നിട്ട് ആ രുമറിയാതെ ഒരു ഭരണി യിലാക്കി അവൻ്റെ അലമാരിയിൽ സൂക്ഷിച്ചു. ഇടക്ക് വന്നു ഒന്നു പതുക്കെ അടപ്പ് തുറന്ന് അടച്ചു വയ്ക്കും.വായൂ കയറാനാണ്. അന്നു രാത്രിയും അവൻ വന്നു. ഇന്ന് തുറന്നാൽ കുതറിച്ചാടി അവനെക്കൊത്തണം. തീരുമാനിച്ചുറച്ചു.നല്ല ഇരുട്ട്. അവൻ കട്ടിലിലിരുന്ന് അടപ്പ് മുഴുവൻ തുറന്നു.ഞാൻ പുറത്തുചാടി. ആഞ്ഞ് കൊത്തി.മൂന്നു പ്രാവശ്യം. അവസാനം ഒരു അലമാരിക്കടിയിലൊളിച്ചു. അവൻ പുളഞ്ഞ് ചാകണത് കാണണം. കുറച്ചു സമയം കഴിഞ്ഞു അവൻ പെട്ടന്ന് കതക് തുറന്നു പുറത്തു പോയി വാതിലടച്ചു.അയ്യോ.... അപ്പോൾ അവനെ അല്ലേ ഞാൻ കടിച്ചത്. പാവം അവൻ്റെ ഭാര്യയെയാണ് ഞാൻ കടിച്ചത്.മൂന്നു മണിക്കൂർ കഴിഞ്ഞു. പുറത്ത് "പാമ്പ് പാമ്പ് ' എന്നവൻ്റെ അലർച്ച കേട്ടു.വടിയും ടോർച്ചുമായി ആളുകൾ കൂടി. എനിക്ക് രക്ഷപെടാൻ സാധിക്കുന്നതിന് മുമ്പ് ആദ്യം അടി എന്നിൽ പതിച്ചു.പിന്നെ ഒന്നും ഓർമ്മയില്ല. എൻ്റെ ബോധം പോയി.

Friday, June 12, 2020

ഒരു നിഴൽ നാടകത്തിൻ്റെ ഓർമ്മ [ നാലുകെട്ട്. 254]നാലുകെട്ടിൻ്റെ പടിഞ്ഞാറ്റി. ഒഴുകാരം എന്നാണാമുറിയ്ക്കു പറയുക. അതിൻ്റെ പുറത്തേക്കുള്ള കതക് പെയ്യിൻ്റ് ചെയ്യാൻ മിനുക്കിയപ്പഴാണ് അതിനു നടുക്കുള്ള ആ സുഷിരം തെളിഞ്ഞു വന്നത്.അതെന്നെ കുട്ടിക്കാലത്തെ നിഴൽ നാടകത്തിലേക്ക് കൂട്ടി കൊണ്ടുപോയി.പുറത്ത് മുറ്റത്ത് വെയിലത്തു ആരെങ്കിലും നിന്നാൽ അതിൻ്റെ തല തിരിഞ്ഞ നിഴൽ ഭിത്തിയിൽ തെളിയും. അടച്ചിട്ട മുറിയിൽ അത് നല്ല വ്യക്തമായി കാണാം. അന്ന് പടിഞ്ഞാറുവശത്തെ മുറ്റത്താണ് നമ്മൾ കുട്ടികൾ നിഴൽ നാടകം അരങ്ങേറാറുള്ളത്. എല്ലാവരെയും അകത്തിരുത്തി വാതിലും ജനലും അടച്ചാണ് ഈ നിഴൽ സിനിമ കാണിയ്ക്കാറ്. നിശബ്ദ സിനിമാ പോലെ ആസ്വദിക്കാം. പുറത്ത് ഉറക്കെ സംസാരിച്ചാൽ ശബ്ദവും അകത്തു കേൾക്കാം. പുരാണകഥകളിലെ പ്രധാന ഭാഗങ്ങളാണ് അരങ്ങേറുക. കല്യാണസൗഗന്ധികത്തിൽ ഭീമസേനൻ ഹനുമാനെക്കാണുന്ന രംഗമാണ് എല്ലാവർക്കും ഇഷ്ടം.ഇന്നത്തെ കുട്ടികൾക്ക് ഇങ്ങിനെയുള്ള ഓർമ്മ അരോചകമായിത്തോന്നാം.എന്നാൽ അന്നത്തെ കുട്ടിക്കാലത്തെ വിനോദങ്ങൾ കുട്ടികളെ ഹരം കൊള്ളിച്ചിരുന്നു. ഇന്നവരുടെ സ്വീകരണമുറിയിൽ വലിയ ഹൈ 'ടെക് സിനിമാ വരെ ആസ്വദിക്കാം. അവൻ്റെ കൈക്കുള്ളിൽ എന്തും കാണാനും കാണിക്കാനുമുള്ള സംവിധാനം ഉണ്ട്.

Wednesday, June 10, 2020

അച്ചു "വിക്റ്റർ ചാനൽ "കാണാറുണ്ട് [അച്ചു ഡയറി- 348]മുത്തശ്ശാ അച്ചൂ നും പാച്ചൂനും സ്ക്കൂളടച്ചു.ഇന്ന് നാട്ടിലെത്തണ്ടതായിരുന്നു. സങ്കടായി.വെക്കേഷൻ മുഴുവൻ നാട്ടിൽ അടിച്ചു പൊളിക്കാം എന്നു കരുതിയതാ. കൊറോണാ പറ്റിച്ചു.വെക്കേഷന് പുതിയ പരിപാടി കണ്ടു പിടിയ്ക്കണം.പാച്ചുവിനെ മാനേജ് ചെയ്യുക പ്രശ്നമാണ്.മലയാളം പഠിക്കണമെന്നുണ്ട്. അച്ചൂന് അത്യാവശ്യം മലയാളം അറിയാം. വായിക്കാനും പറ്റും.പക്ഷേ പാച്ചു. ഒരു രക്ഷയുമില്ല.മലയാളം സംസാരിക്കാൻ പോലും അറിയില്ല. പക്ഷേ അവൻ്റെ ഇഗ്ലീഷ് കേട്ടാൽ തമ്മൾ തന്നെ ഞട്ടിപ്പോകും.നമ്മുടെ കേരളത്തിൻ്റെ "വിക്റ്റർ ചാനലിൽ മലയാളം ക്ലാസ് കാണണം. പഠിക്കണം. അവനേം കൂട്ടണം. അവൻ ആദ്യം സമ്മതിച്ചില്ല. പക്ഷേ അതിൽ വന്ന തങ്കുപ്പൂച്ചയുടെ കഥ പറഞ്ഞ ടീച്ചറെ അവനിഷ്ടപ്പെട്ടു. ഇപ്പം മലയാളം പഠിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. പക്ഷേ ഇവിടെ അമേരിക്കയിൽ മലയാളം അക്ഷരം പഠിപ്പിക്കാനാളില്ല. കൊറോണാക്കാലത്ത് ഒട്ടും നടക്കില്ല. ചാനലിൽ കൂടി മാത്രം പഠിക്കാൻ പറ്റില്ല. ആരെങ്കിലും കൂടെ ഇരുന്ന് പഠിപ്പിക്കണം. അച്ചൂ നെ അച്ചൂൻ്റെ അമ്മയാപഠിപ്പിച്ചെ.ലോകത്ത് മലയാളം പഠിക്കാനാ ഏററവും വിഷമം.പാച്ചുവിനേം എങ്ങി നെം പഠിപ്പിച്ചെടുക്കണം. ഇപ്പം മലയാളം സംസാരിക്കാറായാലും മതിയായിരുന്നു.ഇവിടെ മുമ്പും ഓൺലൈൻ ക്ലാസുണ്ട്. അച്ചൂന്സ്ക്കൂളിൽ നിന്ന് ലാപ്ടോപ്പ് തരും. ഹോംവർക്കും പരീക്ഷയും എല്ലാം അതിലാണ്. ടീച്ചർ ഇൻട്രക്ഷൻ തരുന്നതും ഓൺലൈനിൽ ആണ്.കഴിവതും പേപ്പറിൻ്റെ ഉപയോഗം കുറക്കണം. അങ്ങിനെ പെപ്പർലസ് എഡ്യൂക്കേഷനാക്കണം. പേപ്പറിൻ്റെ ഉപയോഗം കുറയുമ്പോൾ അത്രയും മരങ്ങളാ രക്ഷപെടുന്നത്.നമ്മുടെ കേരളത്തിൽ ഇത്ര പെട്ടന്ന് ഇതു നടപ്പിൽ വരുത്താൻ പറ്റുമെന്ന് കരുതിയില്ല. അതുപോലെ ഇൻഡ്യ മുഴുവൻ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾക്ക് പ്രത്യേകം ചാനൽ വരുമെന്നു കേട്ടു. നന്നായി.അച്ചൂന് സന്തോഷായി മുത്തശ്ശാ.

Tuesday, June 9, 2020

കാന്താരി കൊണ്ടൊരു മുളകാക്കറി [തനതു പാകം - 31]ഇതു കാന്താരിമുളകിൻ്റെ കാലമാണ്.ഇത് മുളകാക്കറി ആക്കിസൂക്ഷിച്ചു വയ്ക്കാം. പണ്ട് കാന്താരിമുളക് അധികം കഴിച്ചാൽ രക്തം വെള്ളമാകും എന്നു കാർന്നോന്മാർ പറയാറുണ്ട്. ഇന്ന് കൊളോസ്ട്രോൾ കൂടി രക്തം കട്ടയാകുന്നത് തടയാൻ കാന്താരി വളരെ വിശേഷമാണന്നു തെളിയിക്കപ്പെട്ടു കഴിഞ്ഞു.അഞ്ഞൂറ് ഗ്രാം കാന്താരി പറിച്ച് കഴുകി ഉപ്പ് തിരുമ്മി വയ്ക്കണം. പഴുത്തതും, മൂത്തതും, മൂപ്പുകുറഞ്ഞതും ഒന്നിച്ച് ഉപയോഗിക്കാം. ഞ ട്ട് കളയണമെന്നില്ല. കരിവേപ്പില ചെറുതായി അരിഞ്ഞു വയ്ക്കണം.കായം, മുളക്, മഞ്ഞൾ എന്നിവ പൊടിച്ചത് നൂറു ഗ്രാം കരുതണം. മു ണ്ണൂറു ഗ്രാം വാളൻപുളി കുരു കളഞ്ഞതിനു കൂടെ സ്വൽപ്പം ശർക്കരയും ചേർത്തു മിക്സിയിൽ നന്നായി അരച്ച് കുഴമ്പ് പരുവത്തിലാക്കി വയ്ക്കുക• നൂറു ഗ്രാം നല്ലണ്ണ ഒരു ചീനച്ചട്ടിയിൽ നന്നായി ചൂടാക്കണം.ആദ്യം അതിലേക്ക് കരിവേപ്പില ഇടണം. അതിന് ശേഷം കാന്താരിമുളക് ചേർത്ത് ഇളക്കണം. വേഗം തന്നെ നന്നായി അടച്ചു വയ്ക്കണം. ചിലത് പൊട്ടിത്തെറിക്കാൻ സാദ്ധ്യതയുണ്ട്. ഇടയ്ക്ക് അടപ്പ് ഉയർത്തി ഇളക്കി അടച്ചു വയ്ക്കണം. കാന്താരിമുളക് നന്നായി ഇളക്കി ഉലത്തി എടുക്കണം.പുളിയും ശർക്കരയും കൂട്ടിയമിശ്രിതം അതിൽ ചേർത്തിളക്കി അതിലുള്ള അധികജലം വററിച്ചെടുക്കണം.പാകമായാൽ അതിലേക്ക് മുളക് പൊടിമിക്സ്ചേർത്ത് നന്നായി ഇളക്കണം. തീ കെടുത്തി അതിൽ കുറച്ച് ഉലുവാപ്പൊടി വിതറണം. നല്ലമുളകാക്കറി തയാർ. എത്ര കാലം വേണമെങ്കിലും ഇത് കേടുകൂടാതെ സൂക്ഷിക്കാം

Monday, June 8, 2020

ഞവര കൃഷി [ നാലുകെട്ട് -263]കരപ്പാടി പാടത്താണ് "ഞവര" ഞങ്ങൾ കൃഷി ചെയ്യാറ്. കുറച്ചുയർന്ന വെള്ള ശല്യം അധികമില്ലാത്ത പാടം. മററു നെൽകൃഷി പോലെ വലിയ വിളവ് കിട്ടില്ല. പക്ഷേ കിട്ടുന്നതിൻ്റെ മൂല്യം വലുതാണ്.നല്ല ഔഷധ ഗുണമുള്ള ഞവര അരി പഞ്ചകർമ്മ ചികിത്സയിൽ പ്രധാനമാണ്. വാതത്തിനും സന്ധീ വേദനക്കും ഞവരക്കിഴി ചെയ്യാറുണ്ട്. കുട്ടികൾക്ക് ഞവരപ്പായസം തേൽപ്പിച്ച് തിരുമ്മുന്നത് ഇല്ലത്തു വച്ചുതന്നെ നടത്താറുണ്ട്. ശരീരപുഷ്ടിക്കും, ഞരമ്പുകളുടെ ഉണർവിനും, തൊലിക്ക് നിറം കിട്ടുന്നതിനും ഒരു സുഖചികിത്സ പോലെ കുട്ടിക്കാലത്ത് ചെയ്തത് ഓർക്കുന്നു. പച്ച ഞവരനെല്ലു കുത്തി അരിയാക്കി കിറുന്തോട്ടിക്ക ഷായത്തിൽ വേവിച്ച് അഭ്യംഗത്തിന് ശേഷം ഞവരപ്പായസം ശരീരത്തിൽ തേച്ച് തിരുമ്മുന്നു.അങ്ങിനെ ഏഴു ദിവസം.ഞവരക്കഞ്ഞി ഇടക്ക് കഴിക്കാറുണ്ട്. കർക്കിടക മാസത്തിൽ എന്നും ഒരനുഷ്ടാനം പോലെ കഴിക്കാറുള്ളത് ഓർക്കുന്നു. ഞവരക്കഞ്ഞിവെള്ളം നേർപ്പിച്ച് ധാര കോരുന്നത് തലമുടി വളരാൻ ഉത്തമമാണന്നമ്മ പറയാറുണ്ട്.ഞവരനെല്ല് ഒരിക്കലും വിലയ്ക്കു കൊടുക്കാൻ അച്ഛൻ സമ്മതിക്കാറില്ല. ചികിത്സക്കുള്ളതിന് ഒരിക്കലും വില വാങ്ങാൻ പാടില്ല എന്നാണച്ഛൻ്റെ മതം. വളരെ പഴയ ഞവരനെല്ല് ഇന്നും അറയിൽ സൂക്ഷിച്ചിട്ടുണ്ട്. പഴക്കം ചെല്ലുംതോറും അതിത് ഗുണം കൂടുമത്രേ.

Saturday, June 6, 2020

പാവം കള്ളൻ [ കീശക്കഥകൾ - 162 ]രാത്രി മുഖം മൂടിവച്ച് അവൻ അകത്തു കയറി. കത്തികാണിച്ച് ഭയപ്പെടുത്തിയാണ് ഞങ്ങളെ കസേരയിൽ പിടിച്ചുകെട്ടിയിട്ടത്." അനങ്ങുകയോ ഒച്ച ഉണ്ടാക്കുകയോ ചെയ്താൽ കൊന്നുകളയും. സെയ്ഫിൻ്റെ താക്കോ ലെവിടെ."അവൻ താക്കോൽ പിടിച്ചു വാങ്ങി സെയ്ഫ് തുറന്നു. അതിലെ സാധനങ്ങൾ മുഴുവൻ അവൻവലിച്ചു പുറത്തിട്ടു."സ്വർണ്ണവും രൂപയും എവിടെ "അവൻ്റെ കത്തി കഴുത്തിലമർന്നു.."കഷ്ടം. നിങ്ങൾ ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്. ഇതൊക്കെ ആരെങ്കിലും വീട്ടിൽ വയ്ക്കുമോ? സ്വർണ്ണവും വിലപ്പിടിപ്പുള്ളതു മുഴുവൻ ബാങ്ക് ലോക്കറിൽ ആണ്. വിവാഹമോതിരം വരെ "അപ്പഴാണവൻ പേഴ്സ് കണ്ടെടുത്തതു് അവൻ ആർത്തിയോടെ അതു തുറന്നു. അതിൻ പാത്തു പൈസയില്ല!. കുറേ കാർഡ് കളും, ചെക്ക് ലീഫും മാത്രം .അത് ഭ്രാന്തു പിടിച്ചു." ഇപ്പോൾ എല്ലാ പേയ്മെൻ്റും ഓൺലൈനിൽ ആണ്. ചിലർക്ക് ചെക്ക് കൊടുക്കും. അത്യാവശ്യം ക്യാഷ് വേണ്ടി വന്നാൽ എ.ടി.എം അടുത്തുണ്ടല്ലോ? പിന്നെന്തിന് ക്യാഷ് എടുത്തു വയ്ക്കണം."നിങ്ങളുടെ താലിമാല കാണുമല്ലോ" അവൻ ഭാര്യയുടെ നേരേ തിരിഞ്ഞു."മാലയില്ല. ഒരു താലി മാത്രം .നിങ്ങൾക്ക് ഒരു ഭാര്യയുണ്ടങ്കിൽ അതിൻ്റെ വില നിങ്ങൾക്കറിയുമായിരിക്കും." അവൻ കൈ പതുക്കെ പിൻവലിച്ചു."ഈ ഫോൺ ഞാനെടുക്കുകയാ" അവൻ എൻ്റെ ഫോൺ കയ്യിലെടുത്തു."അതു കൊണ്ട് പോയാൽ നിങ്ങൾ കുടുങ്ങും. നിങ്ങൾ എവിടെപ്പോയാലും നിങ്ങളെ ട്രയ്സ് ചെയ്യാനുള്ള സംവിധാനം അതിലുണ്ട്."അവൻ നിരാശനായി ഫോൺ താഴെ വച്ചു."നാശം ഞാൻ പോവുകയാ"" അടുക്കളയിൽ നല്ല ചൂട് ഇഢലി യി രുപ്പുണ്ട്. ആവിപറക്കുന്ന സാമ്പാറും. വിശക്കുന്നുണ്ടങ്കിൽ കഴിച്ചിട്ട് പൊയ്ക്കൊള്ളൂ.അവൻ സാവധാനം അടുക്കളയിലേക്ക് നടന്നു. കുറച്ച് സമയത്തെക്ക് ഒരനക്കവും കെട്ടില്ല. പിന്നെ വാതിൽ തുറന്നടയ്ക്കുന്ന ശബ്ദം.

വാഴപ്പിണ്ടി അച്ചാർ [തനതു പാകം -29 ]നല്ല വാഴപ്പിണ്ടി വട്ടത്തിൽ വലിയ കനമില്ലാതെ അരിഞ്ഞെടുക്കുക. അത് അകത്തുമ്പോൾ നൂറുകണക്കിന് നൂല് വലിഞ്ഞ് വരും. അത് വിരളിൽ ചുറ്റിക്കളയണം.അത് ചെറുതായി അരിഞ്ഞ് ഉപ്പും മഞ്ഞൾപ്പൊടിയും തിരുമ്മി അര മണിക്കൂർ വയ്ക്കുക. അത് പിഴിഞ്ഞെടുക്കണം. അടുപ്പത്ത് ഉരുളിയിൽഅത് ഉലത്തി എടുക്കാൻ പാകത്തിന് നല്ലണ്ണ ഒഴിച്ച് ചൂടാക്കണം. അതിലേയ്ക്ക് പിണ്ടി അരിഞ്ഞത് ചേർത്ത് ഇളക്കണം. ചെറിയ ചുവന്ന നിറം വരുമ്പോൾ കരിവെപ്പിലയും, കാന്താരിമുളകും അരിഞ്ഞുവച്ചത് ചേർത്ത് നന്നായി ഇളക്കണം. നന്നായി ചുവന്ന നിറം വരുമ്പോൾ തീ കെടുത്തുക.കുരു കളഞ്ഞ പുളി നൂററമ്പത് ഗ്രാം, ഉപ്പ് , കായപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് കുറച്ച് വെള്ളം കൂട്ടി മിക്സിയിൽ അരച്ച് കുഴമ്പ് പരുവത്തിലാക്കണം.നൂറു ഗ്രാം മുളക് പൊടി, അമ്പത് ഗ്രാം ഉലുവപ്പൊടി എന്നിവ ചേർത്ത് പിണ്ടി വറത്തു വച്ചത് യോജിപ്പിക്കുക.ചീനച്ചട്ടിയിൽ കഴമ്പ് പരുവത്തിലാക്കിയ പുളിക്രൂട്ടി വച്ചത് )ഒഴിച്ച് ഇളക്കി നന്നായി കുറുക്കണം.അതിൽ നമ്മൾ ആദ്യം തയാറാക്കിയ വാഴപ്പിണ്ടി മിക്സ്ചേർത്ത് ഇളക്കണം. നല്ല സ്വാദും ദഹനത്തിന് നല്ലതും ആയ വാഴപ്പിണ്ടി അച്ചാർ തയാർ.രണ്ടു ദിവസം അടച്ചു വച്ചതിന് ശേഷം ഉപയോഗിക്കാം. കേടുകൂടാതെ കുറേക്കാലം വയ്ക്കാം

Friday, June 5, 2020

ഓൺലൈൻ ക്ലാസ് [ ലംബോദരൻ മാഷും തിരുമേനീം - 117]" ഇത്ര പെട്ടന്ന് കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് തുടങ്ങണ്ട ഒരു കാര്യവുമില്ല തിരുമേനീ ""ഓ.. മാഷോ? മാഷ് തന്നെ പറയണം ഇത്.എത്ര കാലം അടച്ചിടണ്ടി വരുമെന്നറിയാത്ത അനിശ്ചിതത്വത്തിൽ കുട്ടികളു ഭാവിയെക്കരുതി എന്തു കഷ്ടപ്പെട്ടാണ് ഈ സംവിധാനം ഒരുക്കിയതെന്ന് മാഷു ചിന്തിച്ചിട്ടുണ്ടോ?""എല്ലാവരിലും എത്തിയില്ലല്ലോ?""ഇതു വരെ ആരും പരിചയിച്ചിട്ടില്ലാത്തവ കൊണ്ടു വരുമ്പോൾ ബാലാരിഷ്ടകൾ സ്വാഭാവികം. പക്ഷേ ആദ്യത്തെ രണ്ടാഴ്ച്ച ട്രയൽ. ആർക്കും ക്ലാസ് നഷ്ടപ്പെടില്ല എന്നു പറഞ്ഞിരുന്നു.""എന്നിട്ടാണ് ഒരു പാവം കുട്ടി."" കേട്ടപ്പോൾ വിഷമം തോന്നി. എല്ലാ കുട്ടികളുടെയും വീടുകളിൽ പ്പൊയി മാഷന്മാർ പറഞ്ഞിരുന്നു. ഇതു ട്രയയൽ മാത്രം. എല്ലാവർക്കും സൗകര്യമാകുമ്പോൾ മാത്രം ശരിക്കുള്ള ക്ലാസ്. എന്നു്. ""സംഭവിക്കാനുള്ളത് സംഭവിച്ചില്ലേ?""പക്ഷേ മാഷേ പ്പോലെ ഒരാൾ ഇത് പറഞ്ഞ് ഇതിനു വേണ്ടി അഹോരാത്രം കഷ്ട്ടപ്പെട്ടവരേ കുറ്റപ്പെടുത്തുക അല്ലായിരുന്നു വേണ്ടിയിരുന്നത്. ഒപ്പം നിന്ന് പ്രശ്നങ്ങൾ പരിഹരിക്കണമായിരുന്നു "" ഇത് അല്ലങ്കിലും ശരിയാകില്ല. കുട്ടികളെ വഴക്കു പറയാതേം, പേടിപ്പിക്കാതേം ഒരു കുട്ടീം പഠിക്കില്ല. ഓൺലൈൻ ക്ലാസിൽ എങ്ങിനെ അവരെ അനുസരിപ്പിക്കും"" മാഷ് ഇപ്പഴും പഴയ കാലത്താണ്. ഇന്നത്തേ കുട്ടികൾ അവരുടെ ലക്ഷ്യത്തേപ്പറ്റി ബോധവാൻമ്മാരാണ്""പക്ഷേ കുറേ അധികം പേർ ഇപ്പഴും ഇതിന് സൗകര്യം ഇല്ലാത്തവരാണ്.""എല്ലാം നെഗറ്റീവ് ആയിച്ചിന്തിക്കാതെ മാഷേ. നമ്മുടെ പ്രബുദ്ധ കേരളം ഇതു പരിഹരിക്കും.ഇപ്പോൾത്തന്നെ ടി.വി യും, സ്മാർട്ട് ഫോണും സംഭാവന ചെയ്യാൻ എത്ര പേരാണ് തയാറായത്. മെയിൻ ചാനലുകൾ ക്ലാസുകൾ കാണിച്ചു തുടങ്ങി. കേബിൾ ടി.വി ക്കാർ പാവപ്പെട്ടവർക്ക് സൗജന്യ കണക്ഷൻ കൊടുത്തു. വായനശാലകളും, തദ്ദേശ സ്ഥാപനങ്ങളും., സ്കൂളുകളും ചേർന്ന് അവർക്ക് സൗകര്യം ഒരുക്കിക്കഴിഞ്ഞു. മാഷേ പ്പോലെ കുറച്ചു പേർ മാത്രം നിരന്തരം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഏതു കാര്യത്തിനും. പരീക്ഷാ നടത്തിപ്പിൻ്റെ കാലത്തും ഈ നിലപാട് കണ്ടതാണ്. കഷ്ടമുണ്ട് മാഷേ""എന്തു പറഞ്ഞാലും എനിക്ക് ഈ ഓൺലൈൻ ക്ലാസിനോട് യോജിക്കാൻ പറ്റില്ല. തർക്കിക്കാനില്ല ഞാൻ പോണു. "

Wednesday, June 3, 2020

ആ കൺമഷി ഒരൗഷധക്കൂട്ട് [നാലുകെട്ട് -253]ദശപുഷ്പ്പത്തിൽ ,ശ്രീ ഭഗവതീ സങ്കൽപ്പത്തിലുള്ള, പൂവ്വാംകുരിന്നിലയുടെ രണ്ടിലയും തണ്ടും കഴുകിത്തുടച്ച് നീരെടുക്കുക. മുന്ന് തിരി എടുത്ത് ഈ നീരിൽ മുക്കി തണലത്തിട്ട് ഉണക്കി എടുക്കണം ഇത് മൂന്നു പ്രാവശ്യം ആവർത്തിച്ചാലും നല്ലതാണ്. ഇനി നിലവിളക്കിൽ നല്ല എള്ളാട്ടിയ എണ്ണ ഒഴിച്ച് ഈ തിരിയിട്ട് കൊളുത്തണം. അതിൻ്റെ കരി പിടിക്കാൻ പാകത്തിന് ചെമ്പു കൊണ്ടുള്ള പൂവട്ട പോലുള്ള ഒരു പാത്രം കമിഴ്ത്തിവയ്ക്കുക. ആ കരിമുഴുവൻ അതിൽ പിടിക്കും. ആ കരി നല്ലൊരു വെള്ളക്കടലാസിൽ ശേഖരിക്കുക.ഒരു ഇരുമ്പ് കരണ്ടിയിൽ കുറച്ച് എള്ളണ്ണ എടുത്ത് അടുപ്പത്തു വച്ച് ചെറുചൂടിൽ കുറുക്കണം.അത് കട്ടിയാകുമ്പോൾ അതിൽ തിളപ്പിച്ചാറിച്ച തണുത്ത വെള്ളം ചേർക്കണം.അത് ഒരു ദിവസം അടച്ചു വയ്ക്കണം. പിറേറദിവസം അതിലെ വെള്ളത്തിൻ്റെ അംശം കളഞ്ഞ്, ആദ്യം ഉണ്ടാക്കിയ മഷിപ്പൊടി ചേർക്കുക.അതിൽ കുറച്ച് പച്ചക്കർപ്പൂരം പൊടിച്ചു ചേർക്കണം.ഇത് നല്ല കഴമ്പ് പരുവത്തിലാക്കി എടുക്കാൻ ശ്രദ്ധിക്കണം. പണ്ട് ഓടു കൊണ്ടുള്ള, പകുതി നിരക്കി നീക്കാവുന്ന ഒരു അളുക്കിലാണ് അതുസൂക്ഷിക്കുക.അതിൽ കരടും പൊടിയും വീഴാതെ സൂക്ഷിക്കാൻ ഈ "മഷിക്കൂട്" നല്ലതാണ്. ഈ "കൺമഷിക്കൂട്ട് " കണ്ണിന് നല്ലൊരൗഷധവും ആണ്. ചിലി ട ങ്ങളിൽ ആവണക്കെണ്ണ ഉപയോഗിക്കുന്നതും കണ്ടിട്ടുണ്ട്.

Tuesday, June 2, 2020

നാൽപ്പാമരക്കുറി [നാലു കെട്ട് -252 ]കുളി കഴിഞ്ഞ് വന്ന് മുടി കെട്ടി വലത്തോട്ട് തിരി കി വച്ച് കറുകമാല ചൂടി സദാ നാമം ജപിച്ച് തേവാരത്തിൽ മുഴുകിയിരിക്കുന്ന അമ്മയേക്കണി കണ്ടാണ് ഞാൻ മിക്കവാറും ഉണരാറ്. അമ്മ ഓപ്പളെക്കുറിയിടീക്കുന്ന രീതി പലപ്പഴും ശ്രദ്ധിച്ചിട്ടുണ്ട്. വാഴയില നെററിക്ക് പാകത്തിന് കീറി എടുക്കുന്നു. അതിൽ നീളത്തിൽ ഇല മുറിച്ചുമാറ്റി മൂന്നു കോളമായിത്തിരിക്കുന്നു. അത് നെറ്റിയിൽ വച്ച് അതിനു മുകളിൽ ചന്ദനം അരച്ച് നീളത്തിൽ ചാർത്തുന്നു. സാവധാനം ഇല മാറ്റുമ്പോൾ മൂന്നു വരിയായി ചന്ദനക്കുറി കാണാം. അതിനിടക്കുള്ള കോളത്തിൽ മുകളിലും താഴെയും നാൽപ്പാമരക്കുറിയും നടുക്ക് ദശപുഷ്പ്പക്കുറിയും ഇടുന്നു. ദശപുഷ്പ്പം അരച്ചുണക്കി ദശപുഷ്പ്പക്കുറിഉണ്ടാക്കാം. അതിന് ചില സ്ഥലങ്ങളിൽ പെട്ടിക്കുറി എന്നും പറയാറുണ്ട്.അത്തി, ഇത്തി, പേരാൽ ,അരയാൽ എന്നിവയുടെ തൊലി ആവണക്കിൻ കുരുവും പച്ചമഞ്ഞളും കൂട്ടി അരച്ച് ഉരുളയാക്കി ഉണക്കി വയ്ക്കുന്നു. അത് വെള്ളത്തിൽ അരച്ചാണ് നാൽപ്പാമരക്കുറി ഉണ്ടാക്കുന്നത്.നമ്മുടെ നാഡീവ്യൂഹത്തെ ആകെ തണുപ്പിക്കാനും., ഉത്തേജിപ്പിക്കാനും ശരീരത്തിൻ്റെ ഏറ്റവും പ്രധാന ഭാഗം നെറ്റിയാണന്നാണ് അമ്മ പറയാറ്. ദൈവികമായ ഒരു ചടങ്ങായി ഈ അലങ്കാരത്തെക്കാണണ്ടതില്ല, അതൊര ഔഷധ പ്രയോഗമായിക്കണ്ടാൽ മതി എന്നമ്മ പറഞ്ഞതോർക്കുന്നു.

Monday, June 1, 2020

മള്ളിയൂരിൻ്റെ അനുഗ്രഹംപതിനേഴ് വർഷം മുമ്പ് എൻ്റെ മോൾ തുഷാരയുടെ വിവാഹം. ക്ഷണപത്രിക ആദ്യം കൊടുക്കണ്ടത് മള്ളിയൂരിന് തന്നെ. സംശയമുണ്ടായില്ല. കൂടെ മോളേക്കൊണ്ട് അഭിവാദ്യം ചെയ്യിപ്പിച്ച് ആ പാദങ്ങളിൽ നമസ്കരിപ്പിക്കണം.നിഷ്ക്കളങ്കമായ ആ ദിവ്യ തേജസിൻ്റെ പാദങ്ങളിൽ നമസ്ക്കരിച്ച് എഴുനേറ്റപ്പോൾ ,ആ രണ്ടു കൈകളും തലയിൽ വച്ച നുഗ്രഹിച്ചു.മൊളുടെ കണ്ണിൽക്കണ്ണീരിൻ്റെ നനവ് ഞാൻ ശ്രദ്ധിച്ചു. അത്രമാത്രം ആ ദിവ്യ ചൈതന്യത്തിൽ അവൾ ലയിച്ചിരുന്നു.ഞാൻ വിവാഹക്ഷണക്കത്ത് അദ്ദേഹത്തിന് സമർപ്പിച്ച് തൊഴുതു. പഴയ താളിയോല ഗ്രന്ഥത്തിൻ്റെ രീതിയിൽ പനയോലയിലായിരുന്നു ആ ക്ഷണപത്രിക. രണ്ടു വശവും പടിവച്ച് പട്ടുനൂലുകൊണ്ട് കെട്ടിയ ആ കത്ത് ഒരു പട്ടിൽ പൊതിഞ്ഞാണ് സമർപ്പിച്ചത്. അദ്ദേഹം തെല്ലൊരൽഭുതത്തോടെ ആണത് തുറന്നു നോക്കിയത്.ആദ്യ ഓലയിൽ വേളി ഓത്തിൻ്റെ ഒരു ഭാഗമായിരുന്നു." സുമംഗലീരിയം വധൂഇമാം സമേത പശ്വത: "അദ്ദേഹം അത് ഓത്തു ചെല്ലുന്ന രീതിയിൽ ഉറക്കെ വായിച്ചു. ഇതു തന്നെ ഒരു ക്ഷണമായല്ലോ. ഇവൾ സുമംഗലിയാകാൻ പോകുന്ന വധുവാകുന്നു, അവളെ പതിയോടു കൂടി കണ്ടാലും. അസ്സലായി അനിയൻ്റെ ഔചിത്യം. എന്നെ അടുത്തു പിടിച്ചിരുത്തി.ആ ഋഷി പുംഗവൻ്റെ അനുഗ്രഹം എൻ്റെമോൾക്കും എനിക്കും ഇന്നും കൂടെയുണ്ട്.അടുത്ത വർഷം അദ്ദേഹത്തിൻ്റെ ജന്മശതബ്ദിയാണ്. ദൈവങ്ങൾക്ക് മരണമില്ല. ആ സുഖമുള്ള ഓർമ്മയിൽ അദ്ദേഹത്തെ സാഷ്ടാഗം നമസ്കരിക്കുന്നു.