Monday, June 8, 2020

ഞവര കൃഷി [ നാലുകെട്ട് -263]കരപ്പാടി പാടത്താണ് "ഞവര" ഞങ്ങൾ കൃഷി ചെയ്യാറ്. കുറച്ചുയർന്ന വെള്ള ശല്യം അധികമില്ലാത്ത പാടം. മററു നെൽകൃഷി പോലെ വലിയ വിളവ് കിട്ടില്ല. പക്ഷേ കിട്ടുന്നതിൻ്റെ മൂല്യം വലുതാണ്.നല്ല ഔഷധ ഗുണമുള്ള ഞവര അരി പഞ്ചകർമ്മ ചികിത്സയിൽ പ്രധാനമാണ്. വാതത്തിനും സന്ധീ വേദനക്കും ഞവരക്കിഴി ചെയ്യാറുണ്ട്. കുട്ടികൾക്ക് ഞവരപ്പായസം തേൽപ്പിച്ച് തിരുമ്മുന്നത് ഇല്ലത്തു വച്ചുതന്നെ നടത്താറുണ്ട്. ശരീരപുഷ്ടിക്കും, ഞരമ്പുകളുടെ ഉണർവിനും, തൊലിക്ക് നിറം കിട്ടുന്നതിനും ഒരു സുഖചികിത്സ പോലെ കുട്ടിക്കാലത്ത് ചെയ്തത് ഓർക്കുന്നു. പച്ച ഞവരനെല്ലു കുത്തി അരിയാക്കി കിറുന്തോട്ടിക്ക ഷായത്തിൽ വേവിച്ച് അഭ്യംഗത്തിന് ശേഷം ഞവരപ്പായസം ശരീരത്തിൽ തേച്ച് തിരുമ്മുന്നു.അങ്ങിനെ ഏഴു ദിവസം.ഞവരക്കഞ്ഞി ഇടക്ക് കഴിക്കാറുണ്ട്. കർക്കിടക മാസത്തിൽ എന്നും ഒരനുഷ്ടാനം പോലെ കഴിക്കാറുള്ളത് ഓർക്കുന്നു. ഞവരക്കഞ്ഞിവെള്ളം നേർപ്പിച്ച് ധാര കോരുന്നത് തലമുടി വളരാൻ ഉത്തമമാണന്നമ്മ പറയാറുണ്ട്.ഞവരനെല്ല് ഒരിക്കലും വിലയ്ക്കു കൊടുക്കാൻ അച്ഛൻ സമ്മതിക്കാറില്ല. ചികിത്സക്കുള്ളതിന് ഒരിക്കലും വില വാങ്ങാൻ പാടില്ല എന്നാണച്ഛൻ്റെ മതം. വളരെ പഴയ ഞവരനെല്ല് ഇന്നും അറയിൽ സൂക്ഷിച്ചിട്ടുണ്ട്. പഴക്കം ചെല്ലുംതോറും അതിത് ഗുണം കൂടുമത്രേ.

No comments:

Post a Comment