Saturday, June 13, 2020

അടിമക്കൊലയാളി [കീ ശക്കഥകൾ - 165 ]വിഷജന്തുക്കൾ എന്നു നിങ്ങൾ പുഛത്തോടെ വിളിക്കുന്നില്ലേ? പക്ഷേ ഞങ്ങൾ ആരേയും മനപ്പൂർവം കൊന്നിട്ടില്ല. വേദനിപ്പിച്ചാൽ കടിക്കാറുണ്ട്.സ്വരക്ഷക്കാണത്.പക്ഷേ നിങ്ങൾ മനുഷ്യർ ! എന്നെയും എൻ്റെ മക്കളേയും നിങ്ങളിൽ ഒരുവൻ പിടിച്ചു കൊണ്ടുപോയി തടവിലിട്ടിരിക്കുകയാണ്. അവൻ്റെ ഗോഡൗണിൽ ഞങ്ങളുടെ സഹോദരങ്ങൾ ഒത്തിരി എണ്ണത്തിനെ ഭരണിയിലാക്കി സൂക്ഷിക്കുന്നുണ്ട്. ഞങ്ങളുടെ വിഷത്തിന് ലക്ഷങ്ങളുടെ വിലയുണ്ടത്രേ. അതെടുത്ത് വിറ്റ് അവനിന്ന് ലക്ഷാപതിയാണ്.കഴിഞ്ഞ ദിവസം ഒരാൾ അവനെക്കാണാൻ വന്നു. കണ്ടാൽ നല്ല തറവാടി. അവന് ഒരു വിഷപ്പാമ്പിനെ വേണം. വിഷം എടുക്കുന്നത് നിർത്തിവച്ച നല്ല വിഷം മുറ്റിയതിനെത്തന്നെ വേണം.. അവരുടെ സംസാരം കേട്ടപ്പോൾ ഞാൻ ഞട്ടിപ്പോയി."ആരും അറിയാതെ ഒരാളെക്കൊല്ലണം.പാമ്പുകടിയേറ്റ് മരിച്ചതാണന്നേ പുറത്തറിയാവൂ. അതിന് വിഷം മുറ്റിയ ഒരു പാമ്പിനെ വേണം.""ആരെയാണ് കൊല്ലണ്ടത്. എന്തിനാ കൊല്ലുന്നെ?""എൻ്റെ ഭാര്യയെത്തന്നെ.ഭീമമായ സ്വത്തു മുഴുവൻ അവളുടെ പേരിലാണ്. അതെനിക്ക് കിട്ടണം. എന്നിട്ടെനിക്ക് എൻ്റെ കാമുകിയുമായി ജീവിക്കണം. മകൻ എ നെറ് കൂടെ വേണം. അല്ലങ്കിൽ സ്വത്തിൻ്റെ കാര്യം എളുപ്പമാകില്ല.""എന്നത്തെക്ക് ആണ് വേണ്ടത് ""ഒരു ഭീമമായ തുകയ്ക്ക് അവളുടെ പേരിൽ ഒരു ഇൻഷ്വറൻസ് കൂടി എടുക്കണം. അതിലെ നോമിനി എൻ്റെ പേര് വയ്ക്കണം""നല്ല തുക തരണ്ടി വരും. നിങ്ങൾക്ക് ലാഭമുണ്ടാകുന്നതല്ലേ. ഒരു പാമ്പിന് ഇരുപത്തി അയ്യായിരം രൂപാ "" സമ്മതം"ഞാൻ ഞട്ടിത്തരിച്ചു പോയി. സ്വന്തം ഭാര്യയെ കൊല്ലാൻ... ഇതു മനുഷ്യർക്ക് മാത്രമേ പറ്റൂ. ഞങ്ങൾ മൃഗങ്ങൾ ആഹാരത്തിനു വേണ്ടി മാത്രമേ കൊല്ലൂ. ആ മഹാപാപം എന്നെ ഉപയോഗിച്ചു ചെയ്യാനാണ് പ്ലാൻ. കൊലക്കുത്തരവാദി ഞാൻ .ആ ദുഷ്ടൻ രക്ഷപെടും.പത്ത് ദിവസം എന്നെപ്പട്ടിണിയ്ക്കിട്ടു. എന്നിട്ട് ആ രുമറിയാതെ ഒരു ഭരണി യിലാക്കി അവൻ്റെ അലമാരിയിൽ സൂക്ഷിച്ചു. ഇടക്ക് വന്നു ഒന്നു പതുക്കെ അടപ്പ് തുറന്ന് അടച്ചു വയ്ക്കും.വായൂ കയറാനാണ്. അന്നു രാത്രിയും അവൻ വന്നു. ഇന്ന് തുറന്നാൽ കുതറിച്ചാടി അവനെക്കൊത്തണം. തീരുമാനിച്ചുറച്ചു.നല്ല ഇരുട്ട്. അവൻ കട്ടിലിലിരുന്ന് അടപ്പ് മുഴുവൻ തുറന്നു.ഞാൻ പുറത്തുചാടി. ആഞ്ഞ് കൊത്തി.മൂന്നു പ്രാവശ്യം. അവസാനം ഒരു അലമാരിക്കടിയിലൊളിച്ചു. അവൻ പുളഞ്ഞ് ചാകണത് കാണണം. കുറച്ചു സമയം കഴിഞ്ഞു അവൻ പെട്ടന്ന് കതക് തുറന്നു പുറത്തു പോയി വാതിലടച്ചു.അയ്യോ.... അപ്പോൾ അവനെ അല്ലേ ഞാൻ കടിച്ചത്. പാവം അവൻ്റെ ഭാര്യയെയാണ് ഞാൻ കടിച്ചത്.മൂന്നു മണിക്കൂർ കഴിഞ്ഞു. പുറത്ത് "പാമ്പ് പാമ്പ് ' എന്നവൻ്റെ അലർച്ച കേട്ടു.വടിയും ടോർച്ചുമായി ആളുകൾ കൂടി. എനിക്ക് രക്ഷപെടാൻ സാധിക്കുന്നതിന് മുമ്പ് ആദ്യം അടി എന്നിൽ പതിച്ചു.പിന്നെ ഒന്നും ഓർമ്മയില്ല. എൻ്റെ ബോധം പോയി.

No comments:

Post a Comment