Tuesday, June 2, 2020

നാൽപ്പാമരക്കുറി [നാലു കെട്ട് -252 ]കുളി കഴിഞ്ഞ് വന്ന് മുടി കെട്ടി വലത്തോട്ട് തിരി കി വച്ച് കറുകമാല ചൂടി സദാ നാമം ജപിച്ച് തേവാരത്തിൽ മുഴുകിയിരിക്കുന്ന അമ്മയേക്കണി കണ്ടാണ് ഞാൻ മിക്കവാറും ഉണരാറ്. അമ്മ ഓപ്പളെക്കുറിയിടീക്കുന്ന രീതി പലപ്പഴും ശ്രദ്ധിച്ചിട്ടുണ്ട്. വാഴയില നെററിക്ക് പാകത്തിന് കീറി എടുക്കുന്നു. അതിൽ നീളത്തിൽ ഇല മുറിച്ചുമാറ്റി മൂന്നു കോളമായിത്തിരിക്കുന്നു. അത് നെറ്റിയിൽ വച്ച് അതിനു മുകളിൽ ചന്ദനം അരച്ച് നീളത്തിൽ ചാർത്തുന്നു. സാവധാനം ഇല മാറ്റുമ്പോൾ മൂന്നു വരിയായി ചന്ദനക്കുറി കാണാം. അതിനിടക്കുള്ള കോളത്തിൽ മുകളിലും താഴെയും നാൽപ്പാമരക്കുറിയും നടുക്ക് ദശപുഷ്പ്പക്കുറിയും ഇടുന്നു. ദശപുഷ്പ്പം അരച്ചുണക്കി ദശപുഷ്പ്പക്കുറിഉണ്ടാക്കാം. അതിന് ചില സ്ഥലങ്ങളിൽ പെട്ടിക്കുറി എന്നും പറയാറുണ്ട്.അത്തി, ഇത്തി, പേരാൽ ,അരയാൽ എന്നിവയുടെ തൊലി ആവണക്കിൻ കുരുവും പച്ചമഞ്ഞളും കൂട്ടി അരച്ച് ഉരുളയാക്കി ഉണക്കി വയ്ക്കുന്നു. അത് വെള്ളത്തിൽ അരച്ചാണ് നാൽപ്പാമരക്കുറി ഉണ്ടാക്കുന്നത്.നമ്മുടെ നാഡീവ്യൂഹത്തെ ആകെ തണുപ്പിക്കാനും., ഉത്തേജിപ്പിക്കാനും ശരീരത്തിൻ്റെ ഏറ്റവും പ്രധാന ഭാഗം നെറ്റിയാണന്നാണ് അമ്മ പറയാറ്. ദൈവികമായ ഒരു ചടങ്ങായി ഈ അലങ്കാരത്തെക്കാണണ്ടതില്ല, അതൊര ഔഷധ പ്രയോഗമായിക്കണ്ടാൽ മതി എന്നമ്മ പറഞ്ഞതോർക്കുന്നു.

No comments:

Post a Comment