Sunday, June 21, 2020

റൂം ക്വാറൻ്റയിൻ [ കീശക്കഥകൾ - 168 ]നാലുകെട്ട് അനക്കം വച്ചു.നാലു തലമുറയും ഒന്നിച്ച്.ആ ഭീകരമാരി ഓടിച്ചകത്തു കയറ്റിയതാണ്. മുതുമുത്തശ്ശനായി ഞാൻ. ഏതോ വലിയ ഐ.റ്റി. കമ്പനിയിലെ ജോലി വർക്ക് അറ്റ് ഹോം ആക്കി മകൻ്റെ മകനും ഭാര്യയും. കൊളും ജോലിയുമായി അവർ രണ്ടു മുറിയിലാണ്. മകൻ ഓൺലൈൻ സാഹിത്യവുമായി അല്ലങ്കിൽത്തന്നെ കമ്പ്യൂട്ടറിൻ്റെ മുമ്പിലാണ്. മരുമകൾ ഈ വയസാംകാലത്ത് ആദ്ധ്യാത്മിക ലോകത്താണ്. നാരായണീയം, ഭാഗവതം.... എല്ലാം ഓൺലൈനിൽ വിവിധ വാട്സ് അപ്പ് ഗ്രൂപ്പുകളിൽ. അവൾ ഫോണുമായി ഏതെങ്കിലും ഒരു മൂലയിൽ ഉണ്ടാകും. മിക്കവാറും പൂജാമുറിയിൽ.അപ്പഴാണ് പേരക്കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്. മൂത്തവന് ലാപ്ടോപ്പും പ്രത്യേക മുറിയും നിർബ്ബന്ധം. അങ്ങിനെ അവനും ഒരു മുറിയിലായി.എൽ.കെ.ജിക്കാർക്കും ഓൺലൈൻ ക്ലാസ്. ഈശ്വരാ... ഇനി കൊച്ചുമോളെ എവിടെ ഇരുത്തും. അവൾക്ക് ടി.വിമതി. തളത്തിൽത്തന്നെ ആക്കാം. അവളുടെ കാർട്ടൂൺ കഥാപാത്രവുമായുള്ള കളിക്കളമാണ് ആ വലിയ ടി.വി. അത് ക്ലാസ് റൂം ആക്കുന്നതിനോട് യോജിപ്പില്ലങ്കിലും അവളും ഓൺലൈൻ ക്ലാസ്സിലായി. ഇനി മിച്ചം. ഈ പടുവൃദ്ധൻ.പ്രത്യേകം റൂമില്ല. ഒച്ച എടുക്കാൻ പാടില്ല. ഉറക്കെ ച്ചുമയ്ക്കാൻ പാടില്ല. ആകെ ഐ.എസ്.ആറോയിലെ കൺട്രോൾ റൂം പോലെ ആയി എൻ്റെ നാലുകെട്ട്.കഷ്ടിച്ച് അടുക്കളയും പിന്നെ എൻ്റെ പച്ചക്കറിത്തോട്ടവും.കൃഷി ഇഷ്ടമായതുകൊണ്ട് രക്ഷപ്പെട്ടു. പിന്നെ കൂട്ട് നന്ദിനി പ്പശുവും അവളുടെ വികൃതി കിടാവും." മുത്തശ്ശാ നമുക്ക് ഈ കൃഷിയും ഓൺലൈനാക്കിയാലോ. നല്ല വാട്സസ്സ് ഗ്രൂപ്പ് ഉണ്ട് കൃഷിക്ക്.ഗവന്മേൻ്റിൻ്റെ നല്ല ഓൺലൈ സൈറ്റുണ്ട്. ഒന്നു ട്രൈ ചെയ്യുന്നോ?""വേണ്ട മോനേ നിങ്ങൾ എല്ലാവരും ആകാശത്തിൽ ക്ലൗഡിലും, മേഘസന്ദേശങ്ങളിലും അല്ലേ? ഞാൻ ഈ മണ്ണിൽ ചവിട്ടി ഒന്നു നിന്നോട്ടെ. മണ്ണ് ഒരിയ്ക്കലും ചതിയ്ക്കില്ല.പാവലി നോടും, വെണ്ടയോടും, പയറിനോടും കിന്നരിച്ച് മുത്തശ്ശൻ കഴിഞ്ഞോളാം"

No comments:

Post a Comment