Wednesday, May 31, 2017

 അച്ചൂന്റെ തീസിസ് ........[അച്ചുഡയറി -163 ]

         മുത്തശ്ശാ അച്ചൂന് സ്കൂളിൽ ഒരു സെമിനാർ ഉണ്ടായിരുന്നു .നമുക്കിഷ്ടമുള്ള ഒരു ആനിമലിനെ കുറിച്ച് . ഒരു തിസീസ് അവതരിപ്പിച്ചു സംസാരിക്കണം . അച്ചൂന് ഏറ്റവും ഇഷ്ട്ടമുള്ള സബ്ജറ്റാ . ഏത് ആനിമലിനെ പറ്റി വേണമെന്ന്  സെലക്ട് ചെയ്യാനാ വിഷമിച്ചേ . ടൈഗറിനെ കുറിച്ചാകാം .അതിൻറെ കാട്ടിലെ ജീവിതം .ഇരതേടൽ ,വിവിധതരം കടുവകൾ എല്ലാത്തിനെ പറ്റിയും ചിത്രങ്ങൾ സഹിതം വിവരിച്ചു .കൂട്ടുകാരും ,ടീച്ചർമാരും എല്ലാം ഉണ്ടായിരുന്നു .പുലിമുരുകനും ,ലൈഫ് ഓഫ് പൈ യും ഒക്കെ ചേർത്താ അവസാനിപ്പിച്ചത് . അവസാനം സ്വാമി അയ്യപ്പൻറെ വാഹനമാണ് ടൈഗർ എന്ന് പറഞ്ഞപ്പോൾ എല്ലാവരും ചരിച്ചു .ജോബ് കളിയാക്കി . അച്ചുവും വിട്ടില്ല നമ്മുടെ ദൈവങ്ങളുടെ ഒക്കെ വാഹനങ്ങളെ പറ്റി യും വിസ്തരിച്ചു പറഞ്ഞു . വിഷ്ണുവിൻറെ ഗരുഡൻ ,ശിവൻറെ കാള ,ഭദ്രയുടെ സിംഹം , മുരുകന്റെ മയിൽ അങ്ങിനെ എല്ലാം പറഞ്ഞു . അവർ അത്ഭുതപ്പെട്ടുപോയി . 
        ഗണപതിയുടെ വാഹനത്തിൻറെ കാര്യം അച്ചു പറഞ്ഞില്ല . ഏലി ആണെന്നത് അച്ചൂനുതന്നെ വിശ്വാസം വരുന്നില്ല ഈ ചെറിയ എലിയുടെ പുറത്ത് ഇത്രയും വലിയ ഗണപതിയെങ്ങിനെയാ യാത്ര ചെയ്യുക !.അതുകൊണ്ട് വേറൊരാളെവിശ്വസിപ്പിക്കാനും അച്ചൂന് കഴിയില്ല . സബജറ്റിൽ നിന്ന് വിട്ടുപോയത് കൊണ്ട് അച്ചൂന് സമ്മാനം കിട്ടിയില്ല .പക്ഷേ ഏറ്റവും നല്ല  "ഇന്ട്രാക്ഷന് "അച്ചൂനാ സമ്മാനം കിട്ടിയത്  

Sunday, May 28, 2017

              പിശാങ്കത്തി ---[നാലുകെട്ട് -൧൩൧ ]

    മുത്തശ്ശൻറെ അടക്കാ കത്തിയായിരുന്നു അത്  . ഇന്നത് തുരുമ്പിച്ചിരിക്കുന്നു .അതിലെ നാരായവും ,ചെവിത്തോണ്ടിയും ,പല്ലിടകുത്തിയും  ഒക്കെ പോയിരിക്കുന്നു .അത് ആ പ്രതാപകാലത്തിൻറെ ഒരസ്തി പഞ്ജരമായി അവശേഷിക്കുന്നു . ഒരു ചൈനീസ് നിർമ്മിതിയുടെ രൂപഭംഗിയുണ്ടായിരുന്നു അതിന് .പണ്ട് തറവാടുകളിൽ കണ്ടിരുന്ന "എഴുത്താണി പിശാങ്കത്തി "യുമായി എന്തൊക്കെയോ സാമ്യം . പിശാങ്കത്തിയിൽ അടയ്ക്കാ വെട്ടാനുള്ള കത്തിയുടെ കൂടെ എഴുത്താണിയും  [നാരായം ] ഉണ്ടാകും . അന്നത് ജീവിതത്തിൻറെ ഭാഗമാണ് . അന്ന് എല്ലാം എഴുതിയിരുന്നത് താളിയോലയിൽ ആയിരുന്നു .ഓല പാലിലും മഞ്ഞളിലും പുഴുങ്ങിയെടുക്കും . തണലത്തിട്ട് ഉണക്കിയെടുക്കും . എന്നിട്ട് പാകത്തിന് മുറിച്ചെടുത്ത് അതിലാണ് എഴുതുക . അന്ന് വരവുചെലവ് കണക്കുമുതൽ എല്ലാം ഓലയിലാണ് എഴുതി സൂക്ഷിക്കാറ് .
           കുട്ടിക്കാലത്തു്  നിലത്തെഴുത്ത് പഠിപ്പിച്ചിരുന്ന നാണു ആശാനെ ആണ് പെട്ടന്ന് ഓർമവന്നത് .അന്ന് മണലിൽ ആണ് എഴുതിക്കുക .കൈവിരൽ അമർത്തി മണലിൽ എഴുതിക്കുമ്പോൾ വേദനിക്കും .പക്ഷേ ആ വേദന അക്ഷരരൂപത്തിൽ അതിനകം ബോധമണ്ഡലത്തിൽ പതിഞ്ഞിരിക്കും .ആശാൻ ഓലയിലാണെഴുതിത്തരുക .ഇതുപോലെ ഒരുകത്തി ആശാൻറെ വശവും ഉണ്ടായിരുന്നത് ഓർക്കുന്നു .പഠിച്ചില്ലങ്കിൽ ആ നാരായം കൂട്ടിയാണ് ശിക്ഷ .അതിൻറെ വേദന ഇന്നും മായാതെ മനസിലുണ്ട് .പഠനം പൂർത്തിയായാൽ അന്ന് "ഓലവര " എന്നൊരു ചടങ്ങുണ്ട് .അന്ന് ആശാന്‌ ഗുരുദക്ഷിണ കൊടുത്ത് പിരിയും .
              കുട്ടിക്കാലത്തെ മധുരനൊമ്പരങ്ങളിലേക്ക് എത്താൻ ഈ തുരുമ്പിച്ച കത്തി ഒരു ഹേതു ആയി .

Friday, May 26, 2017

 പ്രണാമം ചാച്ചാജി പ്രണാമം ....

        ഓർമ്മയിൽ താലോലിക്കുന്നത് "ചാച്ചാ നെഹ്‌റുവിനെ ".മാത്രം .ഒരു പനിനീർപ്പൂ ആഭരണമാക്കി ഇന്ത്യയെ കണ്ടെത്തിയ പിതാവ് ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നത്  "അച്ഛൻ മകൾക്കയച്ച കത്തുകളിലൂടെ "ആണ് . ജയിലിൽ കിടന്ന് സ്വന്തം മകൾക്ക് ഇൻഡ്യ മഹാരാജ്യത്തിന്റെ തുടിപ്പുകളും ,പൈതൃകവും ,പാരമ്പര്യവും ,ഭാവിയും എല്ലാം സമഗ്രമായി പകർന്നുനൽകിയ ക്രാന്തദർശിയായ ആ എഴുത്തുകാരനെ ആണ് ഞാൻ ഇഷ്ട്ടപ്പെടുന്നത് 
                         പ്രണാമം..... അനന്തകോടി പ്രണാമം

Thursday, May 25, 2017

ഫോസിൽ ഫാക്ടറി  [ഇംഗ്ലണ്ടിന്റെ ഇടവഴിയിലൂടെ -3 ]

          ഹൈറ്റ്‌സ് ഓഫ് എബ്രഹാമിലെ ഫോസിൽ ഫാക്ടറി വേറൊരത്ഭുതമാണ് .നമ്മളെ ആയിരക്കണക്കിന് വർഷങ്ങൾ പുറകോട്ട് നടത്തുന്ന ഒരു പ്രദർശന ശാല .ഒരു വലിയ മുഖപ്പുള്ള ഒരു ചെറിയ കെട്ടിടം . വളരെ അധികം വിവിധവർണ്ണങ്ങളിലുള്ള കല്ലുകളുടെ സമാഹാരമാണ് നമ്മേ എതിരേക്കുന്നത്  .ഖാനിക്കടിയിൽ നിന്ന് പാലപ്പഴായി കുഴിച്ചെടുത്തത് .ഒരു വശത്ത് ഒരു വലിയ മരത്തൊട്ടിൽ .അതിൽ കണ്ണഞ്ചിക്കുന്ന മണൽക്കൂമ്പാരമാണ് 
.അതിൽ ഒരരിപ്പ വച്ചിട്ടുണ്ട് .ആ മണൽ തരികൾ ആ അരിപ്പയിൽ അരിച്ചെടുത്താൽ സ്വർണത്തിന്റെയും  ഈയ്യത്തിന്റെയും തരികൾ കിട്ടും . അവിടുന്നു ഒരു ചെറിയ ഷോപ്പിംഗ് മോളിലേക്ക് ആണ് കിടക്കുക .അതിൽ മിക്കതും മനോഹരമായ കല്ലുകൾകൊണ്ടും പ്രകൃതി ദത്തമായവകൊണ്ടും ഉള്ള ഉൽപ്പന്നങ്ങൾ മാത്രം . ഈ ഷോപ്പിംഗ് സംസ്കാരത്തോട് വിരക്തിയുള്ള എനിക്കുപോലും ഇവ ആവേശമുണർത്തി .മകളുടെ മകൻ അച്ചു കൂടെയുണ്ട് അവനേ നിയന്ത്രിക്കാൻ വിഷമിച്ചു . 
      അവിടുന്ന് താഴേക്ക് ഒരു കോവണിയുണ്ട് അതിൽകൂടി  താഴേക്കിറങ്ങിയാൽ പ്രസിദ്ധമായ ഫോസിൽ ഫാക്ടറി .ആയിരക്കണക്കിന് വർഷങ്ങൾ മുമ്പുള്ള വയുടെ ഫോസിൽ അവിടെക്കാണാം .വളരെക്കാലം പുറകോട്ട് ഒരു കാലാന്തര യാത്ര . അതിൻറെ ഒരുമൂലക്ക് ഏബ്രഹാം ഹില്ലിൻറെ ഒരു 3 D -പെയിന്റിംഗ് .അവിടെ നിന്ന് നമുക്ക് ഫോട്ടോ എടുക്കാം . ആ വലിയ ദിനോസറിന്റെ ഫോസിൽ അച്ചൂന് ഏറെ ഇഷ്ട്ടമായി . ആയിരത്തിലധികം വർഷങ്ങൾ പുറകോട്ടു സഞ്ചരിച്ച പ്രതീതി . അടുത്ത് ഒരു ചിത്രപ്രദര്ശനമാണ് .ഈ സ്ഥലത്തിൻറെ പഴയകാല ചരിത്രം മുഴുവൻ അവർ ക്യാൻവാസിൽ ആക്കി പ്രദർശ്ശിപ്പിച്ചിരിക്കുന്നു .
     അവിടുന്ന് ഇറങ്ങിയപ്പോൾ തണുത്തു വിറച്ചിരുന്നു .നല്ല വിശപ്പും ഉണ്ട് ."ടേക്ക് എവേ ഫുഡ് "ആണ് അവരുടെ രീതി .ആഹാരവും ബിയറും രുചിച്ചു നടന്നുകാണുക അവിടെ ആർക്കും ഒരുതിരക്കുമില്ല .അതവരുടെ ഒരു സംസ്കാരമാണ് .എന്തുചെയ്താലും വൃത്തിയായി,വെടിപ്പായി സമയമെടുത്ത് ചെയ്യുക . 

Monday, May 22, 2017

     വാഗവണ്ണി ലെ പൈൻ കാടുകൾ             

    അനന്തമായ ആ പൈൻ കാടുകൾ ഒരനുഭൂതിയാണ് . വാഗവണ്ണി ലേ മായക്കാഴ്ചകളിൽ ഒന്ന് ഈ കാടുകൾ തന്നെ . അടിക്കാടുകൾ ഇല്ലാത്ത ഘോരവനം .  കൊടിമരം പോലെ മാനം മുട്ടെ  ഉയർന്നുനിൽക്കുന്ന പൈൻ മരങ്ങൾ മാത്രമുള്ള കാട് . ആ വനാന്തരങ്ങളിലൂടെ എത്രവേണമെങ്കിലും നടക്കാം .വന്യജീവികളുടെ ശല്യമില്ലാതെ .. നല്ല തണുത്ത അന്തരീക്ഷം . അനന്ത നിശബ്ദത . ഒരുമരത്തിന്റെ ചുവട്ടിൽ ചാരിയിരുന്ന് നമുക്ക് സ്വപ്നം കാണാം . പൈൻ മരങ്ങളുടെ ശിഖരങ്ങളെ കുലുക്കി ,ഇലകളെ  ഇളക്കി ,വരുന്ന ശക്തമായ ആ കാറ്റിലുമുണ്ട് മനസ്സിനെ മയക്കുന്ന ഒരു ദിവ്യ സംഗീതം . 
        1939 -തിൽ ഈരാറ്റുപേട്ട -തീക്കോയി പാത തീർത്തപ്പോൾ മുതലാണ് വാഗവണ് കൈപ്പിടിയിലായത് . അവിടുത്തെ മൊട്ടക്കുന്നുകളും ,തങ്ങൾ പാറയും ,കുരിശുമലയും ,മുരുകൻ മലയും എല്ലാം കൊണ്ട് വാഗവണ്ണിന്റെ വന്യ സൗന്ദര്യം മനം മയക്കുന്നു . പൈൻ മരങ്ങൾ ഇരുപത് വർഷത്തിൽ ഒരിക്കൽ തിരഞ്ഞെടുത്ത് വെട്ടിമാറ്റുന്നു .ഇത് പ്രധാനമായും കറൻസി അടിക്കാനാണ് ഉപയോഗിക്കുന്നത് 
           പ്ലാസ്റ്റിക് കുപ്പികളും കവറുകളും ചപ്പുചവറുകളും വച്ചുവാണിഭക്കാരും ഒക്കെക്കൂടി ഈ മനോഹര വനഭൂമി ഒരു ശവപ്പറമ്പാക്കി മാറ്റിയിരിക്കുന്നു . പ്ലാസ്റ്റിക്കും മറ്റും നിക്ഷേപിക്കാൻ വച്ചിരിയ്ക്കുന്ന  "ബിൻ ' നിറഞ്ഞു കവിഞ്ഞിരിക്കുന്നു .ആരും എടുത്തു മാറ്റാനില്ല . അവിടെ പ്രവേശനം സൗജന്യമാണ് . അവിടെയൊരു ഫീസ് വാങ്ങി യിട്ടായാലും ഇവിടം വൃത്തിയായി സൂക്ഷിക്കപ്പെടേണ്ടതാണ് . നമ്മുടെ ദൈവത്തിൻറെ ഈ മനോഹര നാട് ഇനി എന്ന് നന്നാകും 

Saturday, May 20, 2017

      പണപ്പലക --[ നാലുകെട്ട് -൧൩൦ ]

        ദീർഘചതുരാകൃതിയിൽ ഒരു പലക . വിലങ്ങനെ പന്ത്രണ്ടും നീളത്തിൽ പതിനേഴും കുഴികളുണ്ടതിൽ . നാലുമൂലക്കും ഓരോകുഴികൾ അടച്ചിരിക്കുന്നു . അപ്പോൾ അതിൽ ആകെ ഇരുനൂറു കുഴികൾ .ഇതിനാണ് പണപ്പലക എന്നുപറഞ്ഞിരുന്നത് . പണ്ടത്തെ നാണ്യവ്യവസ്ഥയിൽ "പുത്തൻ  ,പുതിയപണം ,തിരുവതാംകൂർ പണം . തുടങ്ങിയ നാണയങ്ങൾ സുലഭമായിരുന്നു .ഇതെല്ലാം വളരെ ചറുത് ആയിരുന്നു .ഓരോന്നും എണ്ണാൻ ബുദ്ധിമുട്ടായിരുന്നു . അങ്ങിനെ ഉള്ള പണം എണ്ണിത്തിട്ടപ്പെടുത്താൻ വേണ്ടിയാണ് ഈ പലക . ഈ പലകയിൽ പണം ഇട്ടു പറ വടിക്കുന്നതുപോലെ വടിച്ചാൽ ഈ കുഴികളിൽ കൃത്യം ഓരോപണം വീതം വീഴും .അങ്ങിനെ 200 -പണം ഒറ്റയടിക്ക് എണ്ണിക്കിട്ടും . അങ്ങിനെ പെട്ടന്നു പണം എണ്ണിത്തീർക്കാം . 
          പലവലിപ്പത്തിൽ ഉള്ളനാണയങ്ങൾ എണ്ണാൻ അതതു വലിപ്പത്തിലുള്ള പലക ഉപയോഗിച്ചിരുന്നു ഇരുമ്പുകൊണ്ടും ഉണടായിരുന്നുവത്രെ .അതിൻറെ ഒരുകഷ്ണമാണത്രെ ആ നിലവറ കോണിൽ നിന്ന് കിട്ടിയത് .പിൽക്കാലത്ത് ഈ ഓരോതുളകളിലും ആണിയടിച്ചു് തുളച്ചു് അടയ്ക്ക ഉരക്കാൻ ഉപയോഗിച്ചിരുന്നു .ആണി അടിക്കുമ്പോൾ മറുവശത്തേക്ക് മൂര്ച്ചയുള്ള ഇരുമ്പിൻ കഷ്ണം പൊങ്ങിവരും .അതിന് നല്ല മൂർച്ചയാണ് .അതിൻറെ മുകളിൽ അടയ്ക്കാ ഉരച്ചാൽ പൊടിയായി അടിയിൽ അടിയും .മുത്തശ്ശനാണ് ഇതിൻറെയൊക്കെ പുരാവൃത്തം പറഞ്ഞുതരുന്നത്

Friday, May 19, 2017

                                         പ്രിയ സഖാവേ ലാൽ സലാം

    ഓൾ റൈറ്റ് ....താങ്ക്യൂ .........ഇ .കെ .നയനയനാരെ പോലുള്ള ഒരു രാഷ്ട്രീയ നേതാവിന് വേണ്ടി മോഹിക്കാറുണ്ട് . എപ്പഴും ചിരിച്ചുകൊണ്ട് ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന ആ തികഞ്ഞ കമ്യൂണിസ്റ്റുകാരനോട് എനിക്ക് സ്നേഹമായിരുന്നു .ആദരവായിരുന്നു . അദ്ദേഹം നമ്മേ വിട്ടുപോയിട്ട് 13 വർഷം ആ തെളിഞ്ഞ ചിരി ,ആ വള്ളുവനാടൻ ഭാഷ ,ആ ഹൃദയ നൈർമ്മല്യം  അത് നയനാർക്കുമാത്രം സ്വന്തം .ഇന്നത്തെ രാഷ്ട്രീയക്കാർ അദ്ദേഹത്തെ മാതൃകയാക്കേണ്ടതാണ് .
                                                                 പ്രിയ സഖാവേ ലാൽ സലാം ......

Thursday, May 18, 2017

വിക്ടോറിയ പ്രോസ്പ്പെറ്റ് ടവർ --[ഇംഗ്ലണ്ടിന്റെ ഇടവഴിയിലൂടെ -2 ]

    എബ്രഹാം ഹൈട്സിൽ റൂട്ട്ലാൻഡ് കവേണിൽ നിന്ന് പുറത്തിറങ്ങിയപ്പഴാണ് സമാധാനമായത് .ആ പഴയ ഖനിയുടെ ആഴങ്ങളിൽ മനസ്സ് ആകെ അസ്വസ്‌തമായിരുന്നു .അവിടുന്ന് ഒരുകയറ്റം കയറി സ്വൽപ്പം നടന്നാൽ ഒരു വലിയടവർ കാണാം .വിക്ടോറിയ പ്രോസ്‌പെട് ടവർ . 1844 -ൽ പണിതതാണ് .സത്യത്തിൽ ഈ ടവർ ജോലിയില്ലാതെ നടന്ന കുറെ ചെറുപ്പക്കാരുടെ തമാശ ആയിരുന്നു .നാടൻ കല്ലുകൾ കൊണ്ടാണത് ഉണ്ടാക്കിയിരിക്കുന്നത് .ഖനിയിലെ വെയിസ്റ്റും ഉപേയാഗിചിട്ടുണ്ടാവാം .വലിയ വിദദ്ധ തൊഴിലാളികൾ ഒന്നുമല്ല അത് പണിതത് .പ്രത്യേകിച്ചു ഒരു ലക്ഷ്യവും ആ ടവറിനു അവർ ഉദ്ദേശിച്ചിരുന്നുമില്ല .ഇത്രയും കാലം കഴിഞ്ഞിട്ടും അതിന് ഒരു കോട്ടവും സംഭവിച്ചില്ല . 
        ടവ്വറിന് മുമ്പിൽ ഒരു ചെറിയ കവാടം . അതിലൂടെ മുകളിലേക്ക് കയറാം . വളഞ്ഞുചുറ്റി 52 -സ്റ്റെപ്പുകൾ ഉണ്ട് .നാൽപ്പത് അടി ഉയരം വരുന്ന അതിന് മുകളിൽ എത്തുമ്പഴേ തലകറങ്ങും . മുകളിൽ എത്തിയാൽ ഒരു പഴയ കോട്ടയുടെ പ്രതീതി . മെറ്റലക്ക് സിറ്റി മുഴുവനും കാണാം അതുപോലെ വിശാലമായ ആ മലനിരകളും . ആ കൊടും കാടിനു മുകളിലൂടെ വരുന്ന കേബിൾ കാർ ഈ ടവറിനടുത്തു കൂടെയാണ് പോകുന്നത് . അങ്ങ് ദൂരെ " റൈബർ കാസിൽ " എന്ന ഭീകര കോട്ട കാണാം .1862 -ൽ ആണ് ആകോട്ട പണിതത് .ആ പുരാതന കോട്ട സന്ദർശിക്കണമെന്ന് മനസുകൊണ്ട് ഉറച്ചതാണ് .പക്ഷേ അവിടെ ഇന്നാർക്കും പ്രവേശനം ഇല്ല .
        ആ ടവറിന്റെ മുകളിൽനിന്ന് ആ ഭീകരവനാന്തരവും വിശാല താഴ്വരകളും എല്ലാം ഒരു നല്ല കണ്ണാടിയിൽ എന്നപോലെ കാണാം . നമ്മുടെ നാട്ടിലായിരുന്നെങ്കിൽ എത്ര കോൺക്രീറ്റ് റിസോർട്ടുകൾ അവിടെ വന്നേനെ . ലണ്ടന് ഒരു സ്ത്രൈണ ഭാവമാണ് .ഒരു തൂവൽ കൊണ്ട് പോലും അവർ ഭൂമീദേവിയെ നോവിക്കില്ല  .    

Tuesday, May 16, 2017

                  അച്ചൂന്  "അച്ചൂന്റെ ഡയറി "കിട്ടി --[അച്ചു ഡയറി -162 ]

         മുത്തശ്ശാ അച്ചൂന്റെ ഡയറി കിട്ടി . സന്തോഷായി . അതുപോലെ പ്രോഗ്രാമിൻറെ CD .യും .കണ്ടപ്പോൾ അച്ചൂന് സങ്കടോം സാന്തോഷോം കൊണ്ട് എന്താ ചെയ്യണ്ടത് എന്നറിയാതായി . പക്ഷേ മുത്തശ്ശാ അച്ചൂന് ഇതു കൂട്ടിവായിക്കാൻ പറ്റുന്നില്ല . പഠിച്ച മലയാളം കുറേ മറന്നുപോയി . അച്ചു മലയാളം പഠിക്കും .ഈ പുസ്‌തകം വായിക്കണം .'അമ്മ പഠിപ്പിച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ട് . മുത്തശ്ശനും കൂടി ഇങ്ങു വന്നെങ്കിൽ .
         അച്ചൂന് അമേരിക്ക മടുത്തു .അധികം വൈകാതെ ഇന്ത്യയിലേക്ക് വരണമെന്നുണ്ട് .കേരളത്തിൽ സ്കൂളിൽ മലയാളം  മസ്റ്റ്  ആയിയെന്നറിഞ്ഞു . അവിടെ വന്ന് സ്കൂളിൽ ചേരാനും എന്തായാലും മലയാളം വേണ്ടിവരും . അച്ചൂന് രണ്ടര മാസത്തോളം വെക്കേഷൻ ഉണ്ട് . നാട്ടിൽ വന്നു മലയാളം പഠിക്കാമെന്നാ വിചാരിച്ചെ . പക്ഷേ വരാൻ പറ്റില്ല . വിസയുടെ എന്തോ പ്രോബ്ലം പറയുന്നതുകേട്ടു . സങ്കടായി .നാട്ടിൽ പോകാൻ പോലും ഫ്രീഡം ഇല്ലാത്ത ഇവിടം മടുത്തു . 
         അച്ചുവിൻറെ ഡയറി  അച്ചു സ്കൂളിൽ കൊണ്ടുപോയി .ടീച്ചറെ കാണിച്ചു .ഒരു കാര്യോമില്ല .ടീച്ചർക്ക്‌ മലയാളം ഒട്ടും അറിയില്ല . പിന്നെ അച്ചു എല്ലാം പറഞ്ഞുകൊടുത്തു .ഇത് ഫേസ്ബുക്കിൽ വന്നതാണെന്ന് പറഞ്ഞപ്പോൾ ടീച്ചർക്ക് അത്ഭുതം . ഇത് ഉടനെ ഇംഗ്ളീഷിൽ ആക്കും എന്ന് പറഞ്ഞിട്ടുണ്ട് .അപ്പോൾ ഒരുബുക് ടീച്ചർക്ക് കൊടുക്കാമെന്നും പറഞ്ഞു . ജോബിനും കൊടുക്കണം .അച്ചുവിന്റെ കഥയാണെന്ന് ലൈ പറയുകയാണന്നാ അവൻ പറഞ്ഞേ . ഇംഗ്ളീഷിൽ ആക്കുമ്പോൾ കവർപേജ് മാറ്റരുത് മുത്തശ്ശാ .ജോബ് ഈ പുസ്തകം ആണെന്ന് സമ്മതിക്കില്ല .   
പരുന്തുംപാറ --വന്യ വനത്തിന്റെ ഒരു നേർകാഴ്ച 

      വാഗവണ്ണിൽ നിന്ന് പീരുമേട്ടിലേക്കു . അവിടുന്ന് എട്ടു കിലോമീറ്റര് സഞ്ചരിച്ചാൽ പരുന്തുംപാറ എത്താം . യാത്രയിലൊന്നും ഇത്ര വന്യമായ ഒരു വനഭംഗിയുടെ സൂചന ഒരിടത്തുമില്ല .എന്നാൽ പരുന്തുംപാറ എത്തിയപ്പോൾ ഞെട്ടിപ്പോയി . ഒരുവലിയ പർവത നിരയുടെ വക്കിലാണ് നമ്മൾ എത്തിപ്പെട്ടത് . അവിടെ ഒരു കിലോമീറ്ററോളം നടപ്പാത ഒരുക്കിയിരിക്കുന്നു . അതിൻറെ വശത്ത് ഉറപ്പുള്ള കമ്പി വേലി .അതിനിബിഢമായ മായ മലനിരകൾ ,പാറക്കെട്ടുകൾ .എല്ലാം അവിടുന്ന് തുടങ്ങുന്നു .അത്യഗാധതയിലേക്കു നീളുന്ന പാറക്കെട്ടുകൾ ഭീതിയുണർത്തി . പച്ചപ്പുതപ്പണിഞ്ഞ മലനിരകൾ മനസിന് കുളിർമയേകി .അവിടെ കാടിന്റെ സംഗീതം കേൾക്കാം . വനത്തിൻറെ നൈർമ്മല്യം നുകരാം .കാട്ടുചോലയുടെ കിലുകിലാരവത്തിൽ ലയിക്കാം .തെളിഞ്ഞ ആകാശത്തിൽ ശബരിമലക്കാടുകൾ വരെക്കാണാം . പൊന്നമ്പലമേടും മകരജ്യോതിയും അവിടെ നിന്ന് ദർശിക്കാം . അത്യഗാധതയിൽ ഒരു   3 d  സിനിമപോലെ ആ മലനിരകളുടെ സംഗീതം ആസ്വദിച്ചു് എത്രസമയം വേണമെങ്കിലും അവിടിരിക്കാം . നല്ല തണുപ്പും ,കാറ്റും നമ്മേ തഴുകി താലോലിക്കും . 
         ഇടക്ക് കോടമഞ്ഞു നിറയും .കാഴ്ച മറക്കും .ഉടനെ ആ പഞ്ഞിക്കെട്ടുകൾ കാറ്റ് ആട്ടിയകറ്റും . അവിടെ രവീദ്രനാഥ ടാഗോറിൻ്റെ ശിരസ്സുമായി സാമ്യമുള്ള ഒരു വലിയ പാറ പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ട് . ഒരുചെറിയ കൈവഴിയിലൂടെ "ടാഗോർ പാറ"യിലേക്ക്  കയറാം . ചുവടൊന്നു പിഴച്ചാൽ അത്യഗാധതയിൽ പതിക്കും . ഒരു നീണ്ട അതീദ്രിയധ്യാനത്തിൻറെ പുണ്യവുമായാണ് അവിടുന്നിറങ്ങിയത് . 
       സഞ്ചാരികൾക്ക് സൗകര്യം ഒരുക്കുന്നതിൽ ഇവിടെയും ടൂറിസം ഡിപ്പാർട്ടുമെന്റ് പരാജയപ്പെടുന്നത് ദുഖത്തോടെ ഓർത്തുകൊണ്ടാവും നമ്മൾ മലയിറങ്ങുന്നത്    

Sunday, May 14, 2017

   ഇന്ന് മാതൃപൂജ ......[നാലുകെട്ട് ൧൨൯ ]

    എൻറെ പ്രിയപ്പെട്ട അമ്മക്ക് പ്രണാമം . ഈ നാലുകെട്ടിൻറെ മാറാലപിടിച്ച അകത്തളത്തിലേയ്ക്ക് കാലെടുത്തു വച്ച  അന്നുമുതലുള്ള ത്യാഗത്തിൻറെ കഥ പറഞ്ഞറിഞ്ഞിരുന്നു .പിന്നീട് അടുത്തറിഞ്ഞിരുന്നു .അന്ന് ഒരു വലിയ നമ്പൂതിരി തറവാട് .പുറമെ ഭദ്രം . പക്ഷേ അന്തർജനങ്ങളാകാൻ വിധിക്കപ്പെട്ടവരുടെ കാര്യം കഷ്ടം . അഫന്മ്മാരും ,മുത്തഫന്മാരും അടങ്ങിയ ഒരു വലിയ തറവാട് .രാവിലേ ഏഴരവെളുപ്പിന് തുടങ്ങും ഒരുദിവസം .  കുളിച്ചുവന്നാൽ നിത്യപൂജക്കുള്ളത് ഒരുക്കുന്നത് മുതൽ തുടങ്ങും ജോലി .എല്ലാവർക്കും ആഹാരം ഒരുക്കണം .പണിക്കാരുണ്ടാകും ,വിരുന്നുകാരുണ്ടാകും .എത്ര വയ്ക്കണമെന്ന് ഒരുകണക്കുപോലും ഉണ്ടാകില്ല .അതുകൊണ്ടൊക്കെ ചിലപ്പം പട്ടിണിയാകും . അന്ന് ഇന്നത്തെ സൗകര്യങ്ങൾ ഒന്നുമില്ല . വെള്ളം കോരണം അരക്കുന്നത് അമ്മിക്കല്ലിൽ പൊടിക്കാൻ ഉരള് ,തിരിക്കല്ല് . എല്ലാം നല്ല അദ്ധ്വാനം തറനിരപ്പിൽ അടുപ്പ് ഊതി കത്തിച്ചു് കലങ്ങിയ കണ്ണുമായി നിൽക്കുന്ന അമ്മയേ ഇന്നും ഓർക്കുന്നു .പകുതി ദിവസം ഒരിക്കൽ [ഒരുനേരം ആഹാരം ] ,ഉവാസം [അന്ന് ആഹാരം കഴിക്കില്ല ]

         മിക്കവാറും ശ്രാദ്ധം ,വാവുബലി ,വിശേഷാൽ പൂജകൾ ,പിറന്നാൾ എല്ലാത്തിനും അമ്മയുടെ കയ്യെത്തണം . ഒരുപരിഭവവുമിലാതെ ഒരു യോഗിനി യുടെ മനസുമായി എൻറെ 'അമ്മ .പുരാണത്തിലും ,ജ്യോതിഷത്തിലും പാണ്ഡിത്യമുണ്ടായിരുന്ന അമ്മ ജങ്ങൾക്ക് പുരാണകഥകൾ പറഞ്ഞുതരാനുള്ള സമയവും കണ്ടെത്തിയിരുന്നു . ആ വലിയ കുടുംബം കാല ക്രമത്തിൽ ഒരു ചെറിയ കുടുംബത്തിലേക്ക് ചുരുങ്ങി .ഇനി 'അമ്മ കഷ്ട്ടപ്പെടരുത് . ഞാൻ തീരുമാനിച്ചുറച്ചിരുന്നു .പക്ഷേ വിധി മറിച്ചായിരുന്നു . അച്ഛൻറെ അസുഖം ,മരണം ഇ തമ്മയേതളർത്തി എങ്കിലും പിടിച്ചുനിന്നു . അന്നാണറിയുന്നത് മാരകമായ ക്യാൻസർ അമ്മയെ വിഴുങ്ങിയിരുന്നെന്ന് .ദീർഘമായ ചികിത്സ .അതിന്റെ ഭീകരമായ വേദനയും കഷ്ടപ്പാടും നമ്മളെ അറിയിക്കാതിരിക്കാൻ 'അമ്മ ശ്രദ്ധിച്ചിരുന്നു . ആയുസ് എന്നെത്തും എന്ന് 'അമ്മ കൃത്യമായി പ്രവചിക്കുന്നു . ആ ദിവസം വന്നു .എൻറെ മടിയിൽ തലവച്ചു് ആ സംഭവബഹുലമായ ജീവിതത്തിന് വിരാമം .
                           എൻറെ പ്രിയപ്പെട്ട അമ്മക്ക് പ്രണാമം 

Thursday, May 11, 2017

   ഇംഗ്ലണ്ടിന്റെ ഇടവഴിയിലൂടെ ------1 
                                                                          ഏബ്രഹാം ഹൈറ്സ് .അതുതന്നെ ആകട്ടെ ആദ്യം .അവിടെ ആണ് ആ  "റൂട്ട്ലാൻഡ് കാവെൺ ". കാറുപാർക്ക് ചെയ്ത് ആ മലയുടെ മുകളിലേക്ക് കയറാൻ   വിഞ്ച് ഉണ്ട് .സർബിഷൻ കൗണ്ടി യുടെ പീക് ഡിസ്ട്രിക്ടിലൂടെ ഉള്ള യാത്ര തന്നെ ചേതോഹരമായിരുന്നു .ആ ഗുഹാകവാടത്തിൽ എത്തി ടിക്കറ്റ് എടുത്തു .ഒരുസമയത്ത് ഇരുപത് പേരെ കടത്തിവിടും .ആചെറിയ ഗുഹാകവാടത്തിലൂടെ ഭൂമിക്കടിയിലേക്ക് .കുത്തനെ ഉള്ള പടികളാണ് . ഏഴു ഡിഗ്രിയിൽ താഴെ തണുപ്പാണ് .വശത്തുള്ള സ്റ്റീൽ കൈപ്പിടിയിൽ പിടിച്ചപ്പഴേ കൈ മരച്ചുപോയി . ഏതാണ്ട് 150 പടികളോളം ഞാൻ എണ്ണി .അടിയിൽ എത്തിയാൽ വിശാലമായ ഒരു പ്രദേശം . അവിടുന്ന് ഗുഹ രണ്ടായി പ്പിരിയുന്നു .ഒന്നിൽ കൂടിയേ പ്രവേശനം ഉള്ളു . പതിനേഴാം നൂറ്റാണ്ടിലെ ഒരു ഖനിയാണത് . ലെഡ് ,ലൈം എന്നിവക്കുവേണ്ടി ജോൺ പി മൈനർ നിർമ്മിച്ച ഒരു പുരാതന ഖനി.
          വളരെ ഉയരത്തിൽ ഖനനം ചെയ്തിട്ടുണ്ട് .  വല്ലാത്ത ഒരു ഭീകരാന്തരീക്ഷം . പഴയ അറബി കഥയിലെ ഭീകര ഗുഹകൾപോലെ . ചിലസ്ഥലത്തുകല്ലിൽ എന്തോ കൊത്തിവച്ചിട്ടുണ്ട് .അന്ന് ഏഴു വയസ്സുള്ള കുട്ടികളെ കൊണ്ടുവരെ അടിമപ്പണി എടുപ്പിച്ചിരുന്നു .അവർക്കു പരമാവധി 15 വർഷമേ ആയുസുള്ളൂ . അത്ര കഠിനമാണ് ജോലി .അന്ന് മെഴുകുതിരി വെളിച്ചത്തിലാണ് പണിയിച്ചിരുന്നത് .ഗൈഡ് പെട്ടന്ന് ലൈറ്റ് അണച്ചു . നമുക്ക് സങ്കൽപ്പിക്കാൻ പോലും പറ്റാത്ത കൂറ്റാക്കൂരിരുട്ട് . അവർ അവിടെ മെഴുകുതിരി തെളിച്ചു .ആ അരണ്ട പ്രകാശം കൂടുതൽ ഭീകരതയാണ് ഉണ്ടാക്കിയത് .ചാട്ടവാറടിയേറ്റു അവിടെ പണുതിരുന്നവരുടെ ദീനരോദനം കാതിൽ പതിച്ചപോലെ . പല സ്ഥലത്തും വെള്ളം ഒലിച്ചിറങ്ങുന്നുണ്ട് . കാൽസിയം ഫോർമേഷൻ കൊണ്ട് പതിറ്റാണ്ടുകൊണ്ടുണ്ടായ രൂപങ്ങൾ ഭീതി പരത്തി .ആ മെഴുകുതിരി വെളിച്ചത്തിൽ ,അവിടെ ജീവിതം ഹോമിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു മടങ്ങി .
     മനസിന് ഒരു വിങ്ങൽ . എങ്കിലും ഉപയോഗ ശൂന്യമായ ആ ഖനി ടൂറിസത്തിനു പാകപ്പെടുത്തിയ അവരെ മനസുകൊണ്ട് അഭിനന്ദിച്ചു .
ശ്രീമത് സിദ്ധിനാധാനന്ദ സ്വാമി ...[നാലുകെട്ട് -1 2 8 ]

    സ്വാമിയുടെ പൂർവാശ്രമം കുറിച്ചിത്താനത്താണ് . അച്ഛൻറെ കളികൂട്ടുകാരനായിരുന്ന സ്വാമിയെ പറ്റി  അച്ഛനിൽനിന്നാണ്ആദ്യമായറിഞ്ഞത്  . ഒരു സാധാരണ നായർ തറവാട്ടിൽ {പേപ്പതി തറവാട് ] ജനിച്ച അദ്ദേഹത്തിൻറെ കഥ അത്ഭുതകരം . വെറും സാധാരണക്കാരനായ ഒരു മനുഷ്യൻ സ്വന്തം കർമ്മം കൊണ്ട് മഹായോഗി ആയ കഥ . പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഒരാൾ പഠനം കൊണ്ടും ,മനനം കൊണ്ടും അതീദ്രധ്യാനത്തിലൂടെയും മഹാജ്ഞാനി ആയ കഥ . മാനവസേവയാണ് മാധവസേവ എന്ന് എല്ലാവരെയും മനസിലാക്കിക്കൊടുത്ത മഹാനുഭാവന്റെ കഥ . രാമകൃഷ്‌ണാ ശ്രമത്തിൽ ചേർന്ന് വേദാന്ത പണ്ഡിതനും എഴുത്തുകാരനുമായി  അദ്ദേഹം . വളരെ ലളിതമായി വേദാന്ത രഹസ്യങ്ങൾ സാധാരണക്കാർക്കുവേണ്ടി വ്യാഖ്യാനിച്ചു തന്നു  . ഒരു കുടുംബ സുഹൃത്ത് എന്നുള്ള നിലയിലും അച്ഛന്റെ  കളിക്കൂട്ടുകാരൻ എന്ന നിലയിലും അദ്ദേഹം ഈ തറവാടുമായി നല്ല ബന്ധം പുലർത്തിയിരുന്നു . കോഴിക്കോട്ടും ,പുറനാട്ടുകരയിലും അദ്ദേഹത്തെ കാണാൻ വേണ്ടി പോയിട്ടുണ്ട് . 

         ഇന്നദ്ദേഹം സമാധി ആയിട്ട് പതിമൂന്നു വർഷമായി . അദ്ദേഹത്തിൻറെ അനുസ്മരണ സമ്മേളനത്തിൽ ശ്രീമത് അഭയാനന്ദ തീർത്ഥപാദസ്വാമികൾക്കൊപ്പം പങ്കെടുത്തപ്പോൾ പഴയ കാര്യങ്ങൾ ഒന്നൊന്നായി മനസിലൂടെ കടന്നുപോയി   

Tuesday, May 9, 2017

       കുഞ്ഞുണ്ണിമാഷ് ........

        ആ ചെറിയ വലിയ മനുഷ്യൻ .  ആ ചെറിയ വാക്കുകളിൽ വലിയ കാര്യങ്ങൾ . മലയാള ഭാഷയെ ഇത്ര അധികം സ്നേഹിച്ച ഒരു കവി ഇല്ലതന്നെ ..എന്നിട്ടും എന്തുകൊണ്ട് അദ്ദേഹത്തിന് ഉചിതമായ ഒരുസ്‌മാരകം ?..ശ്രെഷ്ടഭാഷയായ മലയാളത്തെ സ്നേഹിച്ച മാഷ്ക്കും ഒരു കുഞ്ഞു സ്മാരകം .സർക്കാർ കനിയുമെന്നാശിക്കുന്നു ....

Monday, May 8, 2017

    അച്ചുവിന് എലിബിലിറ്റി ടെക്സ്റ്റ് .....{അച്ചുദായറി -൧൬൧ }

                   മുത്തശ്ശ അച്ചുവിന് സ്കൂളിൽ ഒരു ടെക്സ്റ്റ് ഉണ്ടായിരുന്നു . COG-AT.. എബിലിറ്റി ടെക്സ്റ്റ് ആണ് .ഇവിടെ അമേരിക്കയിൽ എല്ലാസ്കൂളുകൾക്കും വേണ്ടിയാണ് . കുട്ടികൾ ഓരോരുത്തർക്കും അവരുടെ  "ടാലന്റ് " ഏതിലൊക്കെയാണ് , കുറവുകൾ ഏതിലൊക്കെയാണ്‌ .ഇതൊക്കെ അറിയാനാണ് . ഇതിൻറെ റിസൽട് വച്ച് ടീച്ചേർസ് കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കും . ചില സബ്‌ജെറ്റിൽ നല്ലകഴിവുള്ളവരെ കൂടുതൽ ശ്രദ്ധിച്ചു അതിൽ കൂടുതൽ സ്കോളരാക്കും . അതുപോലെ ടാലന്റ് കുറഞ്ഞവരേയും പ്രത്യേകം ശ്രദ്ധിക്കും . 
     അച്ചൂനും ഉണ്ടായിരുന്നു ടെസ്റ്റ് .അതിന് പ്രത്യേകം തയാറാകാനൊന്നുമില്ല .എങ്കിലും അച്ചൂന് ടെൻഷൻ ആയിരുന്നു .ബിലോ ആവറേജ് ആയിപ്പോയാലോ ?വിഷമിച്ചിട്ടുകാര്യമില്ല .അങ്ങിനെയുള്ളവർക്കും മാറ്റം വരാനല്ലേ ഇ ടെസ്റ്റ് .ഇന്ത്യയിലും ഇങ്ങിനെ ഒക്കെ ആകാമായിരുന്നു ബിലോ ആവറേജ് , ആവറേജ് ,എബൗആവെറേജ് , എക്സലന്റ് .അതിൽ എക്സലന്റ് കിട്ടിയാൽ ഡബിൾ പ്രമോഷൻ വരെ കിട്ടാം . റിസൾട്ട് വന്നു .അച്ചൂന് എബൗആവറേജ് ആണ് .എക്സലന്റ്  ആകാത്തതിന് 'അമ്മ വഴക്കുപറഞ്ഞതു തന്നെ . പക്ഷേ അമ്മക്ക് ഇതു തന്നെ അത്ഭുതമായാ തോന്നിയെ . ഒരു തയാറെടുപ്പും ഇല്ലാതെ യാണ് ടെസ്റ്റ് എഴുതുക .അച്ചു ഇവിടെ നിൽക്കുന്നു എന്നറിയാനല്ലേ ടെസ്റ്റ് . അച്ചൂന്റെ  "വീക്ക് ഏരിയ "അച്ചു ഓവർ കം ചെയ്യും .

        ഇന്ത്യയിൽ 100 %വിജയമാണ് നല്ല സ്കൂളിന്റെ മാനദണ്ഡം .ഇവിടെ അങ്ങിനെയല്ല .ആ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങുന്നവരുടെ "സ്റ്റഫ് " ആണ് നോക്കുക . മിടുക്കുള്ള കുട്ടികളെ മാത്രം ശ്രദ്ധിച്ചുള്ള രീതി തെറ്റാണ് മുത്തശ്ശാ 

Sunday, May 7, 2017

  അന്തോണി എൻറെ തറവാടിന്റെ ഭാഗം ...{നാലുകെട്ട് -127 }

                എനിക്കോർമ്മവച്ച കാലം മുതൽ അന്തോണി ഇങ്ങനെതന്നെയുണ്ട് .ഒരുമാറ്റവുമില്ല . ഒറ്റത്തോർത്ത് ,ഒരു പാളത്തൊപ്പി !ആടയാഭരണങ്ങൾ അത്രമാത്രം .ഇല്ലത്തെ പണിക്കാരനാണ് . പകലന്തിയോളം പണിയെടുക്കും . വെയിലും മഴയും പ്രശ്നമല്ല .തൊണ്ണൂറ്റിമൂന്നാം വയസിലും തലമുടി നരച്ചിട്ടില്ല .പല്ല് കൊഴിഞ്ഞിട്ടില്ല . കൂടുതൽ ആശയില്ല .അതുകൊണ്ട് നിരാശയും . എല്ലാ കുടികിടപ്പുകാർക്കും പത്തു സെൻന്റ് എന്ന് നിയമം വന്നപ്പോൾ അന്തോണിക്ക് എത്ര സ്ഥലം വേണമെന്ന് അന്തോണി തന്നെ തീരുമാനിച്ചോളാൻ അച്ഛൻ പറഞ്ഞതാ .അന്തോണിക് അങ്ങിനെ പ്രത്യേകിച്ച് ഒരാഗ്രഹംഇല്ല .  .ഇരട്ടിസ്ഥലം പതിച്ചു നല്കിയപ്പോഴും പ്രത്യേകിച്ച് ഒരു സന്തോഷവും കണ്ടില്ല . 
         പ്രധാനാഹാരം തെങ്ങിൻകള്ളു . പനങ്കള്ളു തണുപ്പുകാലത്ത് മാത്രം .അടുത്ത ഷാപ്പിലെ ആദ്യകസ്ടമർ ആയിരുന്നു അന്തോനി .സ്ഥാപകൻ എന്നാണറിയപ്പെടുക .എന്നും അന്തോണിക് ഒരു കുപ്പി ഫ്രീ . പണിതുണ്ടാക്കുന്നത് മുഴുവൻ കുടിക്കും .രാത്രി ഏതു പാറപ്പുറത്തും കിടന്നു സുഖമായി ഉറങ്ങും . ജീവിതത്തിൽ ഒരു ടെൻഷൻ നും ഇല്ല . 

      അന്തോണിയുടെ ഭാര്യ കുഞ്ഞാറോത .അതൊരു കഥയാണ് . അന്തോണിയുടെ അച്ഛൻ ,അന്തോണിയുടെ 'അമ്മ മരിച്ചപ്പോൾ ഭർത്താവ് ഉപേക്ഷിച്ച കുഞ്ഞാറോതയുടെ അമ്മേ വിവാഹം കഴിച്ചു . അതിനു ശേഷമാണ് അന്തോണിയും കുഞ്ഞാറോതയും വിവാഹം കഴിക്കുന്നത് .സാങ്കേതികമായി സഹോദരിയാണ് .എന്നാൽ ഒരുബന്ധവും ഇല്ലതാനും . ആ കറുത്ത മേനിയഴകിൽ ഒരു വെളുത്ത മനസിൻറെ നിഷ്ക്കളങ്ക ഭാവം ഉണ്ടായിരുന്നു ഞങ്ങൾക്കൊക്കെ അത്രക്കിഷ്ടമായിരുന്നു . ഒരിക്കൽ കുടുംബ സംഗമ വേദിയിൽ കയറ്റി പൊന്നാട അണിയിച്ചു ആദരിച്ചപ്പോൾ അന്തോണി പൊട്ടിക്കരഞ്ഞു .അന്തോണി ഇതുവരെ കരഞ്ഞുകണ്ടിട്ടില്ല .അതിനു ശേഷവും .ഇന്നന്തോണി ഇല്ല ..പഴയ ഒരു കാലഘട്ടത്തിന്റെ ഓർമ്മക്കുറിപ്പായി ഇന്നും അന്തോണി മനസിലുണ്ട് .  

Thursday, May 4, 2017

  ബാഹൂ ബലിയും " വ്യാസോഛിഷ്ടമോ??".....

      വ്യാസമഹാഭാരതം .അതിലെല്ലാമുണ്ട് !.അതിലില്ലാത്തതൊന്നുമില്ല . ഭൂതം ,ഭാവി ,വർത്തമാനം എല്ലാം കാലദേശത്തിനതീതമായി അതിൽ കാണാം .പിൽക്കാലത്ത്‌ വന്ന പലകൃതികളിലും  അതിൻറെ നിഴൽ കാണാം ..പ്രത്യക്ഷമായും  പരോക്ഷമായും .  ബാഹുബലിയും   വ്യാസോഛിഷ്ടമാണ് .എന്നൊരഭിപ്രായം വന്നിരുന്നു .ഞാനും അതിനോട് പൂർണ്ണമായി യോജിക്കുന്നു . അതിലില്ലാത്ത ഒരു ഇതിഹാസം രചിക്കാൻ പറ്റാത്തത്ര ബ്രഹ്‌മാണ്ഡമാണത് .വേറൊരുതരത്തിൽ പറഞ്ഞാൽ പിൽക്കാലത്തു വന്ന പൂരിഭാഗം കൃതികളും ....വ്യാസോഛിഷ്ട൦ തന്നെ .അതൊരപരാധമല്ല .ആഭരണമാണ് ......