Wednesday, August 31, 2022

കൊട്ടിന് മട്ടന്നൂർ " മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ ട്രിപ്പിൾ തായമ്പക . ചെണ്ടയെ വാദ്യോപകരണങ്ങളിൽ എക്കാലത്തെയും വിസ്മയമാക്കി മാറ്റിയ ശ്രീ.മട്ടന്നൂരിൻ്റെ ട്രിപ്പിൾ തായമ്പകയിൽ ലയിച്ച് രണ്ടു മണിക്കൂർ ! മക്കൾ ശ്രീകാന്തും ശ്രീരാജും ചേർന്നപ്പോൾ ലയം പുർണ്ണം.മലമേക്കാവ് 'ശൈലിയും, പാലക്കാടൻ ശൈലിയും യോജിപ്പിച്ച് ഒരു പുതിയ ശൈലി അദ്ദേഹം രൂപപ്പെടുത്തിയതായിത്തോന്നി. . പരമ്പരാഗത തായമ്പകാസ്വാദകർ നെറ്റി ചുളിച്ചേക്കാം. എത്ര ഉദാത്ത കല ആയാലും ആവർത്തന വിരസമാകരുത്.പുതിയ പരീക്ഷണങ്ങൾക്ക് വിധേയമാക്കണം. താളസ്ഥിതി, സാധകം, ശബ്ദ ഭംഗി, കാല പ്രമാണം, ഭാവം, സംഗീതം ഈ സിദ്ധികൾ എല്ലാം സ്വായത്തമാക്കിയ മട്ടനൂരിനെ അതു സാധിക്കൂ.ഫ്യൂഷൻ മ്യൂസിക്കിൽ പാശ്ചാത്യ പൗരസ്ത്യ വാദ്യങ്ങളുമായി ഇണക്കിചെണ്ടയേ ഒരു ഉദാത്ത വാദ്യോപകരണമാക്കി മാറ്റിയ ആ ഫ്യൂഷൻ ടച്ച് ഈ ട്രിപ്പിൾ തായമ്പകയിലും കാണാം. ഇവിടെ ഈ താള വിസ്മയത്തിൽ ഇലത്താളക്കാരനു പോലും പ്രാധാന്യം ഉണ്ട്. അന്യോന്യം പ്രോത്സാഹിപ്പിച്ച് സംവദിച്ച് ആ അസുര വാദ്യം മുന്നേറുമ്പോൾ നമ്മൾ പരിസരം മറന്ന് ഒരു മാസ്മരിക ലോകത്തെത്തിയ പോലെ .കാലാനുസരണമായ മാറ്റങ്ങൾ വേണമെന്ന പക്ഷക്കാരനാണ് ഞാനും. അതിന് പൂർണ്ണത കൈവരിയ്ക്കാൻ ഈ മേള കുലപതിക്കേ സാധിക്കൂ. ആശംസകൾ ...

Tuesday, August 30, 2022

ജലാധി വാസഗണപതിക്ക് " ഒറ്റയട". കോട്ടയം ജില്ലയിൽ മണ്ണക്കനാട് ശ്രീ മഹാഗണപതി ക്ഷേത്രം .ജലാധിവാസഗണപതി . അമ്പലത്തിനടുത്തുള്ള ചിറയിൽ ദേവസാന്നിധ്യം [ഗണപതി ] . ആചിറയിൽ നിന്ന് ദേവനെ ആവാഹിച്ച് പീ0ത്തിൽ ഇരുത്തി പൂജകഴിഞ്ഞു തിരിച്ച് ജലത്തിലേക്ക് ഉദ്വസിക്കുന്നു. ചിറയിൽ കരിമുണ്ടതേവർ ഉണ്ട് എന്ന് പഴമക്കാർ പറയാറുള്ളത് ഓർക്കുന്നു . ആ ചിറയാണ് പ്രസിദ്ധമായ കുറിച്ചിത്താനം പൂ തൃക്കൊവിൽ അമ്പലത്തിന്റെ ആറാട്ടുകടവ്‌ .ക്ഷേത്രത്തിലെ ഒറ്റയട വഴിപാട് പ്രസിദ്ധമാണ് . ഈ ക്ഷേത്രത്തിൽ മാത്രമുള്ള ഒരു വഴിപാട് . ഒരുനാഴി അരി ,ഒരു നാളികേരം നാല് പലം ശർക്കര .അതാണ്‌ ഒരടക്ക് . ക്ഷിപ്രപ്രസാദിയായ ഗണപതി ഭഗവാനെ പ്രസാദിപ്പിക്കാൻ ആയിരക്കണക്കിനാളുകൾ ഒറ്റയട നേരുന്നു. ഈ ചിറ പണ്ട് ഋ ഷിമാരുടെ ഹോമകുണ്ഡമായിരുന്നു എന്നാണ് അഷ്ടമംഗലപ്രശനത്തിൽ തെളിഞ്ഞത് .അവിടെ ദേവചയ്തന്യം അങ്ങിനെയാണ് ഉണ്ടായതത്രെ .പിൽക്കാലത്ത്‌ അതൊരു വലിയ ചിറയായി രൂപാന്തരപ്പെട്ടു. അവിടെ ഷോഡശ്ശദ്രവ്യ ഗണപതിഹോമാമാണ് നടക്കാറ് .അവിടുത്തെ വിനായക ചതൃത്ഥി ആഘോഷം പ്രസിദ്ധമാണ്

അത്തം മുതൽ പത്തുനാൾ [നാലുകെട്ട് -364] അന്ന് തറവാട്ടിൽ പിള്ളേരോണം മുതൽ തുടങ്ങും ഓണത്തിൻ്റെ ആവേശം. അത്തമാ കുമ്പഴേയ്ക്കും ഓണംപടിവാതുക്കലെത്തിയ സന്തോഷം. അത്തത്തിന് തുമ്പപ്പൂവും ഒരു നിര തുളസിയും മാത്രം. ചുവന്ന പൂ അന്ന് ഉപയോഗിക്കാറില്ല. പിന്നെ ഒരോ ദിവസവും പടിപടി ആയി പൂക്കളത്തിൻ്റെ വലിപ്പവും ചാരുതയും കൂടും ഒപ്പം മനസിൻ്റെ ഉത്സാഹവും ഓലകൊണ്ട് മുത്തശ്ശൻ നല്ല പൂക്കൂട ഉണ്ടാക്കിത്തരും. അന്ന് തൊടി നിറയെ പൂക്കളാണ്. കൊങ്ങിണിയം. അരി പൂവും, ശംഖുപുഷ്പ്പും മുക്കൂററിയും.പല നിറത്തിലും ആകൃതിയിലും ഉള്ള പൂക്കൾ. അന്ന് ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് പൂവിളിയോടെ തൊടികൾ മുഴുവൻ താണ്ടി ആർത്തുല്ലസിച്ച് പൂക്കൾ ശേഖരിക്കും. അടുത്തുള്ള കാളാം പുലി മലയിൽ ധാരാളം പൂക്കളുണ്ട്. പക്ഷേ കൊടും കാടാണ്. പണ്ടു പുലി ഇറങ്ങിയിരുന്നുവത്രേ. നല്ല ധൈര്യമുള്ള ഏട്ടന്മാർ മാത്രമേ അവിടെപ്പോകാറുള്ളു. അവിടെപ്പോയി പൂ പറിച്ച് വരുന്നവർ അന്ന് നാട്ടിലെ ഹീറോ ആണ്. മുറ്റത്ത് വട്ടത്തിൽ ചാണകം കൊണ്ടു മെഴുകി അതിലാണ് പൂവിടുക. മണ്ണിൻ്റെ മണവും കാടിൻ്റെ ചാരുതയും ഉള്ള ഓണക്കാലം ഇന്നില്ല. ഓണത്തുമ്പികളുടെ ചാഞ്ചാട്ടവും ഇന്നപൂർവ്വം. സ്വീകരണ മുറിയിലേക്കും മറ്റോഡിറ്റോറിയങ്ങളിലേയ്ക്കും ഒതുങ്ങിയ ഓണാഘോഷങ്ങൾ മാറിയപ്പോൾ ഹൃദയം കൊണ്ടാഘോഷിച്ചിരുന്ന ഓണ ദിനങ്ങൾ അന്യം നിന്നപോലെ .അന്ന് ഓണക്കോടിയുടെ ഗന്ധം ഒരു ഹരമായിരുന്നു. ഒരു തരത്തിൽ ഇന്ന് എന്നും ഓണമാണ്

Tuesday, August 23, 2022

മുത്തശ്ശാ അച്ചു ഡിഷ്നറി ഉണ്ടാക്കി [അച്ചു ഡയറി-493] അച്ചൂൻ്റെ സ്ക്കൂളിൽ "സ്പെല്ലിഗ് ബീ " മത്സരം ഉണ്ട്.ഒരു ഇംഗ്ലീഷ് വാക്കിൻ്റെ സ്പെല്ലിഗ്, മീനിഗ് എല്ലാം പഠിയ്ക്കണം.5, 6, 7 ക്ലാസുകളിൽ സാധാരണ ഉപയോഗിക്കുന്ന വാക്കുകൾ ആണ് പ്രധാനമായും വരുന്നത്. ഒരു തേനീച്ച തേൻ ശേഖരി ച്ചു സൂക്ഷിയ്ക്കുന്ന പോലെ പലിടത്തു നിന്നും അച്ചു വാക്കുകൾ കണ്ടു പിടിച്ച് അതിൻ്റെ സ്പെലിഗും അർത്ഥവും ക്രമത്തിൽ അച്ചൂൻ്റെ ടാബിൽ ടാബുലേറ്റ് ചെയ്ത് വയ്ച്ചു. പിന്നീട് അതിന് മത്സരമുണ്ട്.അച്ചൂന് സമ്മാനമൊന്നും കിട്ടിയില്ല മുത്തശ്ശാ. അച്ചൂനേക്കാൾ മിടുക്കന്മാർ അച്ചൂൻ്റെ ക്ലാസിലുണ്ട്. പക്ഷേ അച്ചു ഒരു കാര്യം ചെയ്തു. അച്ചു പഠിച്ച വാക്കുകൾ ആൽഫബറ്റ് ഓർഡറിൽ ക്രമീകരിച്ചു.അതിൻ്റെ സ്പെല്ലിഗ്, മീനിംഗ് .എല്ലാം അതിൽ വന്നു. അച്ചൂൻ്റെ ടാബിൽ ആണത് ചെയ്തത്.എന്നിട്ട് അച്ചു ഒരു ചെറിയ ഡിഷ്ണറി ഉണ്ടാക്കി.അച്ചുവിൻ്റെ ക്ലാസിൽ ആവശ്യം വരുന്ന എല്ലാ വാക്കുകളും ചേർത്ത് ."അച്ചൂസ് ഡിഷ്നറി" എന്നു പേരും ഇട്ടു. അതിൻ്റെ ഒരു കോപ്പി ടീച്ചർക്ക് കൊടുത്തു. ടീച്ചർ അത്ഭുതപ്പെട്ടു പോയി എന്നച്ചൂന് മനസിലായി. എല്ലാവരുടേയും മുമ്പിൽ അച്ചൂൻ്റെ കൊച്ചു ഡിഷ്നറി പ്രദർശിപ്പിച്ചു. എല്ലാവരോടും എഴുനേറ്റുനിന്ന് കയ്യടിക്കാൻ പറഞ്ഞു. സമ്മാനം കിട്ടിയില്ലങ്കിലും അച്ചൂന് സന്തോഷായി.പേരൻ്റ്സ് അച്ചൂൻ്റെ കൊച്ചു ഡിഷ്നറി വേണമെന്നു പറയുന്നുണ്ട്.

Monday, August 15, 2022

ആയൂർവേദത്തിലെ ഗണങ്ങൾ [ കനനക്ഷേത്രം - 3 o] കാനന ക്ഷേത്രത്തിലെ അടുത്ത പ്രോജക്റ്റ് ആയൂർവേദത്തിലെ ഗണങ്ങൾ ആണ്. ഒരോ അസുഖത്തിനും നിഷ്ക്കർഷിച്ചിട്ടുള്ള ഔഷധ സസ്യങ്ങൾക്രമത്തിൽ വച്ചുപിടിപ്പിക്കുക. നല്ല തയാറെടുപ്പ് വേണ്ട സംരംഭമാണ്. ഇപ്പോൾ ഒരു മോഹം മാത്രമാണ്. പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങൾ ഉടനേ തുടങ്ങണം അസനാദിഗണം, ഗുളുച്ചാദിഗണം, വിദാര്യാദി ഗണം, ജീവനീയംഗണം, പടോലാദിഗണം, പത്മ കാദിഗണം തുടങ്ങിയവയാണ് ഈ കാനന ക്ഷേത്രത്തിൽ പ്ലാൻ ചെയ്തിരിക്കുന്നത്. ഒരോഗണങ്ങളുടെ ഔഷധങ്ങളും ഫലശ്രുതിയും വിശദമായി അറിയിയ്ക്കാം', അറിവുള്ളവരുടെ നിർദ്ദേശങ്ങൾക്കായി സമർപ്പിക്കാം

തിരുനെല്ലി - ഒരു സഹ്യമല ക്ഷേത്രം [ യാത്രാനുറുങ്ങു കൾ - 700 ]വയനാട് സന്ദർശനത്തിൽ കാനനക്ഷേത്രങ്ങൾ തേടിയുള്ള യാത്രയിൽ ആദ്യം പോകണ്ടത് തിരുനെല്ലി ക്ഷേത്രമായിരുന്നു എന്നു തോന്നി. ദക്ഷിണ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം.ബ്രഹ്മഗിരി മലനിരകളാൽ ചുറ്റപ്പെട്ട് കൊടുംകാടിന് നടുവിൽ. കമ്പ മല, കരിമല, വരഡിക മലകൾ ഇവയുടെ സംരക്ഷണത്തിൽ. ത്രിമൂർത്തി സാന്നിദ്ധ്യമുള്ള ഈ ക്ഷേത്രം സാക്ഷാൽ ബ്രഹ്മാവ് നിർമ്മിച്ച് മഹാവിഷ്ണുവിന് കൊടുത്തതാണന്ന് ഐതിഹ്യം. മുപ്പത് കരിങ്കൽ തൂണുകളിൽ ഉയർന്നു നിൽക്കുന്ന ഈ കാനന ക്ഷേത്രം ചേരരാജാവ് ഭാസ്ക്കര രവിവർമ്മ പുതുക്കിപ്പണിതത് എന്നു ചരിത്രം. വളരെ അധികം ജൈവ വൈവിദ്ധ്യമുള്ള സസ്യ, ജന്തുസമന്വയം കൊണ്ട് സമ്പന്നമായ ഈ ക്ഷേത്രം ദക്ഷിണ ഗയ എന്നും അറിയപ്പെടുന്നു.ബ്രഹ്മഗിരിമലയുടെ മുകളിൽ നിന്നുൽഭവിച്ച ആ ചെറുകാട്ടരുവി ഔഷധ സമ്പന്നമായ നീരുറവയായി പ്രവഹിച്ച് ക്ഷേത്രത്തിനടുത്ത് പാപനാശിനി ആയി ഒഴുകുന്നു. ഇതിൽ കുളിച്ചാൽ സകല പാപവും തീരും.ക്ഷത്രീയ കുലം മുഴുവൻ നശിപ്പിച്ച് അതിൻ്റെ പാപം തീരാൻ സാക്ഷാൽ പരശുരാമൻ പാപനാശിനിയിൽ സ്നാനം ചെയ്തിരുന്നു എന്ന് ഐതിഹ്യം.പാപം മാത്രമല്ല സകല അസുഖത്തിനും പരിഹാരം എന്ന് സാക്ഷ്യം. ഈ ക്ഷേത്രത്തിലെ ശുദ്ധജല സ്രോതസിനെപ്പറ്റിയും ഒരു കഥയുണ്ട്. രാജപ ത്നി വാരിക്കരത്തമ്പുരാട്ടി ദർശനം കഴിഞ്ഞ് ദാഹജലം ചോദിച്ചപ്പോൾ ജലം ക്ഷേത്രത്തിലെത്തിക്കാനുള്ള ബുദ്ധിമുട്ട് പൂജാരി വിവരിച്ചു കൊടുത്തു. ഇനി ഇവിടെ ശുദ്ധജലം എത്തിക്കാതെ താൻ ജലപാനം കഴിക്കില്ലന്നു നടയിൽ നിന്നു സത്യം ചെയ്യുവത്രെ,. ഉടനേ രാജ കിങ്കരന്മാർ ബഹ്മഗിരി ശ്രിംഗത്തിൽ നിന്ന് കൽത്തൂണുകളിൽ ഉറപ്പിച്ച കരിങ്കൽപ്പാത്തിയിൽ സുലഭമായി ജലം ക്ഷേത്രത്തിൽ എത്തിച്ചു കൊടുത്തുവത്രേ. ആ കരിങ്കൽ പാത്തി ഇന്നും അവിടെ കാണാം. ഈ ക്ഷേത്ര പരിസരത്തുള്ള, പഞ്ച തീർത്ഥക്കുളവും, പാപനാശിനിയും, ഗരുഡൻ അമൃത് ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന പക്ഷിപാതാള ഗുഹയും. ശിവൻ്റെ ഗണ്ഡിക ഗുഹയും ഒക്കെ പ്രകൃതിയുടെ അത്ഭുതങ്ങളാണ്.. ഒരു വലിയ പാറ തുരന്നുണ്ടാക്കിയ ഗണ്ഡിക ഗുഹക്ക് അകത്ത് പ്രവേശിക്കാൻ വിഷമമാണ്. നു ഴഞ്ഞു കയറണ്ടി വരും. ഈ പ്രകൃതിയുടെ വരദാനത്തിനു നടുവിൽ, പാപമുക്ത്തനായി ,രോഗമുക്തനായി, ഒരുധ്യാനതലത്തിലൂടെ മനസും ശരീരവും ശുദ്ധമാക്കി ബാഹ്യലോകത്തിലേയ്ക്ക്.

ഇരുവഴിഞ്ഞിപ്പുഴയിലെ അരിപ്പാറ വെള്ളച്ചാട്ടം [ യാത്രാ നുറുങ്ങുകൾ - 699] തുഷാരഗിരിയിൽ നിന്ന് ആനിയ്ക്കാംപൊയിലിലേയ്ക്ക്. അവിടെ ആണ് അരിപ്പാറ വെള്ളച്ചാട്ടം.ഒരു വെള്ളച്ചാട്ടമല്ല. മിനുസമായ പാറക്കൂട്ടത്തിൽ തട്ടി വലുതും ചെറുതുമായ അനേകം വെള്ളച്ചാട്ടങ്ങൾ.കാടിനിടയിലൂടെ വരുന്ന കാട്ടരുവി ,ആ പുഴയുടെ കൈവഴി, പല കാഴ്ച്ചകൾ സൃഷ്ട്ടിച്ച് പലിടത്തായി പ്പരന്നു കിടക്കുന്നു. കണ്ടാൽ ശാന്തഭാവമാണങ്കിലും അപകടകാരിയാണിവൾ. ഇതിനോടകം പത്തൊമ്പതോളം ജീവനാണ് ഇവൾ അപഹരിച്ചത്. പുഴയുടെ തീരങ്ങളിൽ കമ്പിവേലി കെട്ടിയിട്ടുണ്ട്.ശ്വാസക്കുഴ, പാണ്ടിയാർ, വട്ടക്കിനർ, സ്പടിക തടാകം, താമരക്കുളം ഇവൾ കടന്നു പോകുന്നിടത്തൊക്കെ കാലം കൊത്തിവച്ച അത്ഭുതങ്ങളാണിവ. ഏതു കൊടും ചൂടിലും ഇവിടെ നല്ലകളിർമ്മയാണ്. ചെറുതെങ്കിലും ശക്തിയുള്ള ഒഴുക്കുകൾ സഞ്ചാരികളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു. കാലൊന്നു തെറ്റിയാൽ പിടിച്ചു നിൽക്കാൻ നല്ല മിനുസമുള്ള പാറകൾ മാത്രം. ദൂരെ മലമടക്കുകളിൽപ്പെയ്യുന്ന മഴ ഒരു വലിയ മഴവെള്ളപ്പാച്ചിലായി അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്നു. അതാണപകടം ഇത്രയും കൂടാൻ കാരണം.നൂററി അറുപത് അടി ഉയരവും മൂന്നു മീററർ വീതിയുമുള്ളതാണ് പ്രധാന വെള്ളച്ചാട്ടം. അതിലെ ചതിക്കുഴികൾ മനസിലാക്കിയാൽ ഇത്രയും വൈവിദ്ധ്യമുള്ള ജലാശയം കേരളത്തിൽ വേറേ കാണില്ല. അങ്ങു ദൂരെ മലയിൽ മഴ പെയ്താൽ പരിചയസമ്പന്നരായ നാട്ടുകാർക്ക് അത് ഉടൻ മനസിലാക്കും.അവരുടെ സമയോചിതമായ ഇടപെടൽ ആണ് ഞങ്ങൾ പെട്ടന്ന് കരയ്ക്കു കയറാൻ കാരണം. കുറച്ചു സമയം കൊണ്ട് അവൾ ഭീതിപ്പെടുത്തുന്ന ഭീകരരൂപവുമായി പാഞ്ഞു വന്നു. വലിയ മഴക്കാലത്ത് ഇതിൽ ഇറങ്ങുന്നത് ഒഴിവാക്കുകയാണ് ബുദ്ധി.

Monday, August 1, 2022

യാത്രാ നുറുങ്ങുകൾ " യാത്രാവിവരണത്തിന് ഒരു പരീക്ഷണം വലിയ വലിയ കാഴ്ച്ചകൾ സുതാര്യമായ ഒരു ചെറിയ ചെപ്പിൽ ഒതുക്കി അതിൻ്റെ "ഫീൽ" മാത്രം ലളിതമായി വായനക്കാരിൽ എത്തിക്കുക .ഇത് വിജയിക്കുമോ എന്നു സംശയം ഉണ്ടായിരുന്നു.എൻ്റെ സോഷ്യൽമീഡിയ സുഹൃത്തുക്കളാണ് അതിന് പ്രോത്സാഹനം തന്നത്.ആ പരമ്പര ഇന്ന് 647 എപ്പിസോഡായി പുരോഗമിക്കുന്നു. വീണ്ടും അതു പുസ്തകമാക്കാൻ ധൈര്യം തന്നത് സുപ്രസിദ്ധ സഞ്ചാര സാഹിത്യകാരനായ ശ്രീ.സന്തോഷ് ജോർജ് കുളങ്ങരയാണ്.ഈ ഗ്രന്ഥത്തിന് അനുയോജ്യമായ ഒരു ചെറിയ അവതാരികയും അദ്ദേഹം എഴുതിത്തന്നു .പിന്നെ അതി മനോഹരമായ ഒരവതാരിക കൊണ്ട് ശ്രീ.എസ്.പി നമ്പൂതിരി അതിന് നിറം പകർന്നു.പ്രഭാത് ബുക്ക് ഹൗസിൻ്റെ മുൻ കൈ വന്നതോടെ ഈ പരീക്ഷണ ഗ്രന്ഥം പ്രസിദ്ധീകൃതമായി. ഇന്ന് കുറിച്ചിത്താനം ലൈബ്രറിയുടെ അറിവരങ്ങിൽ വച്ച് ഡോ.കെ.കെ ശിവദാസ് [ പ്രഫസർ കേരളാ സർവ്വകാല, മലയാളം ലക്സിയ്ക്കൻ എഡിറ്റർ ] പ്രകാശനം നിർവഹിക്കുന്നു..ഏവരേയും പ്രകാശന ചടങ്ങിലേക്ക് 'സാദരം ക്ഷണിക്കുന്നു