Wednesday, November 30, 2016

കൊടി വിളക്ക് [നാലു കെട്ട് - 100]
   നാലുകെട്ടിന്റെ നൂറാം ഭാഗം കുടുംബശ്വര്യമായ ആ കൊടി വിളക്കിനെപ്പറ്റിത്തന്നെയാകട്ടെ. ആ മനോഹര കൊടി വിളക്കിന് പൂജാ പാത്രങ്ങളിൽ മുഖ്യ സ്ഥാനം തന്നെ. വടുക്കിണിയിൽ മുത്തശ്ശന്റെ മന്ത്രോച്ചാരണത്തോടു കൂടിയ ആരതി, ധൂമ കുറ്റിയിൽ നിന്ന് അഷ്ടഗന്ധവും കർപ്പൂരവും ഉണ്ടാക്കുന്ന ഹൃദ്യമായ ധ്യമ പടലങ്ങൾ, ചന്ദനത്തിരിയുടെ ദിവമായ ഗന്ധം, മണിനാദം, എല്ലാം കൊണ്ട് ഭക്തിയുടെ ഒരു മായിക പ്രപഞ്ചം സൃഷ്ടിക്കാൻ മുത്തശ്ശന് കഴിഞ്ഞിരുന്നു.
    കൊടി വിളക്കിൽ നെയ്യാണ് ഒഴിക്കുക. ദീപം ഐശ്വര്യദായകമാണ്.അബ് പകർന്നു നൽകാനുള്ളതാണ്. ജ്ഞാനത്തിന്റെ അക്ഷരദീപം പകർന്നു തന്ന ആ കാലഘട്ടം ഇന്നും ഉണ്ണിയുടെ മനസ്സിൽ ഉണ്ട്. ലോകത്തിന്റെ ഏതു മൂലയിൽ എത്തിയാലും ഇല്ലത്തിന്റെ വടുക്കിണിയുടെ ചാണകം മെഴുകിയ ആ വൈദിക അന്തരീക്ഷത്തിലേക്ക് ഉണ്ണിയുടെ മനസു പോകാറുണ്ട്. ഗണപതി  ഹോമവും ഭഗവത് സേവയും, ത്രികാലപൂജയും എല്ലാം അന്നവിടെയാണ്.ഭര ദേവതയുടെ മുമ്പിൽ. ഗായത്രി മന്ത്രവും സഹസ്രനാമവും എല്ലാം അവിടെ മുഴങ്ങിയിരുന്നു. മുതുമുത്തശ്ശൻമാരുടെ വരെ കര സ്പർശം കൊണ്ട് പരിപാവനമായ ആ കൊടി വിളക്ക് ഇന്ന് നാലുകെട്ടിന്റെ ഷോ കെയ്സിൽ ഒരലങ്കാര വസ്തുവാണ്.  എന്നാൽ ഉണ്ണിയുടെ മനസിൽ അത് ഉദാത്തമായ ഒരു പൈതൃകസമ്പത്താണ്

Tuesday, November 29, 2016

ACHUVINTE DAYARY-1



ഞാൻ അഭിമന്യു!

നീയാരാണ്? ഞാൻ അഭിമന്യു!                                                                            സുഭദ്രയുടെ ഗർഭത്തിൽ കിടന്ന് സകലതും കേട്ടുപഠിച്ച അഭിമന്യുവിനെ കേട്ടിട്ടില്ലേ? മുത്തശ്ശനൊന്നുമറിയില്ല.                                                        മുത്തശ്ശനോ?

അതെ, മുത്തശ്ശന്റെ പൊന്നുമോളുടെ വയറ്റിൽ കിടന്ന് നിങ്ങളുടെയൊക്കെ ആധിമുഴുവൻ കണ്ടുവളർന്ന പുതിയ അഭിമന്യു! ആദ്യം മുതൽ എല്ലാം അറിയാം. ഭ്രൂണാവസ്ഥയിൽ അമ്മയുടെ വയറ്റിൽ ജീവൻകൊണ്ട അന്നുമുതൽ എല്ലാം.

ആദ്യമൊക്കെ അമ്മയെന്നേക്കൊണ്ട് കുറച്ചൊന്നുമല്ല കഷ്‌ടപ്പെട്ടത്. വിഷമം തോന്നിയിട്ടുണ്ട്. അതിനിടെ അച്ഛന്റെ ആധി മറ്റൊരിടത്ത്. സന്തോഷവും ആധിയും കലർന്ന അവസ്ഥ എനിക്കു മനസ്സിലായിവരുന്നതേ ഉണ്ടായിരുന്നൊള്ളൂ. മുത്തശ്ശനും മുത്തശ്ശിയും പറന്നെത്തിയപ്പോഴാണ് സ്വൽപം ആശ്വാസമായത്. അമ്മയുടെ ഛർദിയുടെ മുഴക്കം എന്റെ കാതിൽ അലയടിച്ചിട്ടുണ്ട്, ഒപ്പം അച്ഛന്റെ സാന്ത്വനവും.

ചിരിച്ചുകൊണ്ടു, കരയുന്ന അമ്മ! ആദ്യമൊക്കെ എല്ലാം നോക്കിക്കാണാൻ ഒരു രസമായിരുന്നു എനിക്ക്.

മഹാനഗരത്തിൽനിന്ന് അടുത്ത നഗരത്തിലേക്കു കൂടുമാറുന്ന സമയം അങ്ങനെയൊരിടവേള. മുത്തശ്ശന്മാരും മുത്തശ്ശിമാരും. അമ്മയ്‌ക്കും അച്ഛനും ദുഃഖം പങ്കിടാൻ എത്ര ആളുകൾ! വേണ്ടപ്പെട്ടവർ. എനിക്ക് അസൂയ തോന്നിയോ. പുഴകളുടെയും കാവുകളുടെയും നാട്. പരദേവതയുടെയും ഗ്രാമദേവന്മാരുടെയും നാട്. എല്ലാം അന്നുമുതൽ ശാന്തമായി എന്നു തോന്നിച്ചു. തിങ്കൾ ഭജനവും നെയ്സേവയും ആകപ്പാടെ രസം തന്നെ. അതിരാവിലെ ഒന്നും കഴിക്കാതെ അമ്പലത്തിലേക്ക്. പന്ത്രണ്ടു ദിവസം. പ്രദക്ഷിണം വച്ച് തളർന്ന അമ്മയ്ക്ക് ഭഗവാന്റെ പാദത്തിൽ വച്ചു പൂജിച്ച സ്വൽപം വെണ്ണ, അതുമതി അമ്മയ്‌ക്കു സമാധാനത്തിന്. വീണ്ടും ഇല്ലത്തുവന്ന് പരദേവതയ്‌ക്കു മനസ്സർപ്പണം. അതുകഴിഞ്ഞ് ദേവീഭാഗവതം കൈയിലെടുക്കും. വയറ്റിൽ ഒരാൾ കിടപ്പുണ്ടെന്ന ചിന്തപോലും ഇല്ലേ എന്നു തോന്നിയിട്ടുണ്ട്. എല്ലാം എനിക്കുവേണ്ടിയായിരുന്നു.

വീണ്ടും അച്ഛന്റെ ജോലിസ്ഥലത്തേക്ക്. മറ്റൊരു പുതിയ മഹാനഗരം. അവസ്ഥയിൽ അമ്മ അച്ഛന്റെ അടുത്തുതന്നെ വേണം. പ്രധാനമായും മുത്തശ്ശന്റെ തീരുമാനമായിരുന്നെന്ന് അറിയാം. നന്നായി. ആർക്കും പങ്കിടാതെ അമ്മയും അച്ഛനും മത്സരിച്ച് എന്നെ സ്‌നേഹിച്ചുതുടങ്ങി.

മുത്തശ്ശനും മുത്തശ്ശിയും അമ്മാവനും വീണ്ടും വന്നപ്പോൾ മനസ്സിലായി ഞങ്ങളെ നാട്ടിലേക്കു കൊണ്ടുപോകാനാണെന്ന്. ഒരു കണക്കിൽ സന്തോഷമായി. കാരണം, അമ്മ ചിരിച്ചുതുടങ്ങി. അച്ഛനും ആശ്വാസമായപോലെ.

മേഘസന്ദേശം വഴിയാണ് എന്റെ ഒരേട്ടനെപ്പറ്റി അറിഞ്ഞത്. ഭയങ്കര ചട്ടമ്പിയാണെന്നു തോന്നുന്നു. അതുപോലെ പേരശ്ശിയെപ്പറ്റിയും. ഒരു കാര്യം എനിക്കു മനസ്സിലായി. പേരശ്ശിയുമായി കുറച്ചു സംസാരിച്ചു കഴിഞ്ഞാൽ അമ്മ പെട്ടെന്നു ശാന്തമാകുന്നപോലെ ഇത്രയധികം ദൂരെയിരുന്ന് പേരശ്ശിക്ക് അമ്മയെ സമാധാനിപ്പിക്കാൻ പറ്റുന്നു. അമ്മയുടെ ഏറ്റവും അടുത്ത്, ശരീരത്തിന്റെ ഭാഗമായിരുന്ന എനിക്ക് അമ്മയ്ക്കുവേണ്ടി ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്തൊരു നിസ്സഹായാവസ്ഥ.

വന്നയുടനെ അടുത്ത ആസ്‌പത്രിയിലേക്ക്. അതിനുശേഷം എല്ലാവരുടേയും മുഖത്തൊരു പരിഭ്രമം. വളരെ സൂക്ഷിക്കണം കൃത്യമായി മരുന്നു കഴിക്കണം. എനിക്കുവേണ്ടിയാണ്. എന്നെപ്പറ്റിമാത്രമാണോ നിങ്ങളൊക്കെ ചിന്തിക്കുന്നത്?

ഒരു ദിവസം ഡോക്‌ടറെ കണ്ടപ്പോഴാണ് അമ്മയോടു ചോദിച്ചത്, ഞാൻ ആണോ പെണ്ണോ എന്ന് അറിയേണ്ടേ എന്ന്. ഡോക്‌ടർ പറയില്ല. എനിക്കുറപ്പായിരുന്നു. അവർക്കതു പറഞ്ഞുകൂടാ. എന്നാലും അമ്മയോടു ചോദിച്ചു.

‘‘എന്തായാലും എന്റെ കുഞ്ഞിനെ ആരോഗ്യത്തോടെ കിട്ടിയാൽ മതി.’’ എനിക്ക് അമ്മയോടു ബഹുമാനം തോന്നി. പക്ഷേ, ഒരു പ്രാവശ്യം കൂടി ഡോക്‌ടർ അതു ചോദിക്കും എന്ന് അമ്മ ആഗ്രഹിച്ചതുപോലെ തോന്നി.

പിന്നെയങ്ങോട്ട് ഒരുതരം കഠിന തപസ്സായിരുന്നു. എല്ലാം എനിക്കുവേണ്ടി. അമ്മയുമായുള്ള പൊക്കിൾക്കൊടി ബന്ധത്തിൽത്തന്നെ എന്നെ പൂർണവളർച്ച എത്തിക്കുക. അതിനുള്ള ഒരു ഭഗീരഥപ്രയത്നമാണ് പിന്നെക്കണ്ടത്.

അങ്ങനെ സമയമടുത്തു. നാളെയാണത്. ഡോക്‌ടർ പറയുന്നത് ഞാൻ കേട്ടു, നാളെ ഓപ്പറേഷൻ. എന്നെ കേടുകൂടാതെ പുറത്തെടുക്കാൻ. എനിക്കും സന്തോഷം തോന്നി. കാരണം, ഒരായുസ്സിന്റെ വേദന മുഴുവൻ ദിവസങ്ങളിൽ അമ്മയനുഭവിച്ചിരുന്നു. ഇനിയും വേദനിപ്പിക്കാതെ കഴിഞ്ഞല്ലോ.

നാളെ ഞാൻ പുറത്തുവരും അപ്പോൾ കാണാം.                                      മുത്തശ്ശാ, നന്ദി എല്ലാത്തിനും നന്ദി.                                           ഞെട്ടിയുണർന്നു. ചുറ്റും  ഇരുട്ടുമാത്രം. എന്റെ മോൻ എവിടെ?