Wednesday, October 31, 2018


aniyan thalayattumpilly aniyantn@gmail.com

Wed, Oct 31, 8:34 PM (13 hours ago)
to me
ശങ്കരൻ [കീ ശക്കഥ-65]

     മുടി വെട്ടണം. ടൗണിൽ ആദ്യം കണ്ട ബാർബർ ഷോപ്പിൽ ത്തന്നെ കയറി. എല്ലാ ആധുനിക സൗകര്യങ്ങളും. ഭവ്യതയോടെ എന്നെ കസേരയിൽപ്പിടിച്ചിരുത്തി.
" തമ്പുരാന്റെ തലമുടി ഞാൻ വെട്ടാം."
മുറിയുടെ മൂലയിൽ നിന്നും ഒരു ശബ്ദം. ഞാൻ തിരിഞ്ഞു നോക്കി. ഒരു വൃദ്ധൻ. ചുക്കിച്ചുളിഞ്ഞ മുഖം.
" വേണ്ട അച്ഛൻ വെറുതെ ഇരുന്നാൽ മതി." മകന്റെ ശബ്ദം ഉയർന്നു.ഞാൻ കറങ്ങുന്ന ആ കസേര തിരിച്ചു. എങ്ങോ പരിചയമുള്ള മുഖം.
" ശങ്കരൻ !"
അയാൾ എഴുനേറ്റു.തിരുമനസ് അടിയനെ ത്തിരിച്ചറിഞ്ഞു.ഇല്ലേ?
      ഞാൻ ചാടി എഴുനേറ്റു.ശങ്കരനെ മറക്കാൻ പറ്റുമോ? കുട്ടിക്കാലത്ത് ഞങ്ങളുടെ ഒക്കെത്തലമുടി വെട്ടുന്നത് ശങ്കരനാണ്. ഒരു തകരപ്പെട്ടിയുമായി, തോളിൽ ഒരു മാറാപ്പും തൂക്കി പടി കടന്ന വരുന്ന ശങ്കരനെ ഇന്നും ഓർമ്മയുണ്ട്. നാട്ടിലെ കഥകൾ മുഴുവൻ പറഞ്ഞ് രസിപ്പിച്ചാണ് തലമുടി വെട്ടുക. നല്ല വേദന എടുക്കും. ആ തുരുമ്പിച്ച കത്രികക്ക് മൂർച്ച കുറവായിരിന്നു.ആ ഹാരത്തിനു പുറമേ അരിയും എണ്ണയും നാളികേരവും ശങ്കരനു കൊടുക്കും. വീണ്ടും തല ചൊറിഞ്ഞ് ശങ്കരൻ അവിടെത്തന്നെ നിൽക്കും. അച്ഛന്റെ കയ്യിൽ നിന്ന് ചില്ലറ വല്ലതും കിട്ടണം. അതും ശങ്കരന് കൊടുക്കും.ശങ്കരന് എന്തുകൊടുക്കാനും ഞങ്ങൾക്കിഷ്ടമായിരുന്നു. നെരേഷാപ്പിലേക്കാണ് ശങ്കരൻ പോവുക. കടിച്ചു കഴിഞ്ഞാൽ വലിയ സ്നേഹവും വിനയവുമാണ്. എപ്പം വന്നാലും മുത്തശ്ശൻ എന്തെങ്കിലും കൊടുക്കും. മുഴുവൻ കള്ളുകുടിച്ച് കളയരുതെന്ന ഉപദേശവും.
     മകൻ ഗൾഫിൽപ്പോയി വന്നാണ് ഇത്ര വലിയ കട തുടങ്ങിയത് മുടി വെട്ടാൻ അവൻ സമ്മതിക്കില്ല. കൈ വിറയ്ക്കുമത്രേ സാറുമ്മാർക്കിഷ്ടപ്പെടില്ലത്രേ.ശങ്കരൻ ദയനീയമായി എന്നെ നോക്കി.
"എന്റെ മുടി ശങ്കരൻ വെട്ടിയാൽ മതി."
ആകണ്ണുകളിൽ ഒരു തിളക്കം. മകന്റെ എതിർപ്പ് വകവയ്ക്കാതെ കത്രികയും ചീപ്പും കയ്യിലെടുത്തു. വളരെക്കഷ്ട്ടപ്പെട്ട് പണി ഒരു വിധംപൂർത്തിയാക്കി.ആ ചുക്കിച്ചുളിഞ്ഞ മുഖത്ത് ഒരു സംതൃപ്ത്തി. തിരിച്ചുപോരുമ്പോൾ ഒരു അഞ്ഞൂറു രൂപാ കയ്യിൽ വച്ചു കൊടുത്തു. ആ കണ്ണുകളിൽ വന്ന നനവ് ഞാൻ ശ്രദ്ധിച്ചു.

Sunday, October 28, 2018

  മെയ്ഡ് ഇൻ ഇൻഡ്യാ [ 238]

     മുത്തശ്ശാ പാച്ചൂന്പനി. ആഹാരം കഴിക്കുന്നില്ല. കരച്ചിലു തന്നെ. അച്ചൂന് സങ്കടാ യി. അച്ഛൻ ഒഫീഷ്യൽ ടൂറി ലാ ണ്. അവസാനം അമ്മയും അച്ചുവും കൂടി അവനെ ആശുപത്രിയിൽ കൊണ്ടുപോയി. നാട്ടിലെപ്പോലെ ഇവിടെ ഓടിച്ചെന്ന് ഡോക്ടറെ കാണാൻ പറ്റില്ല.നേരത്തേ ബുക്ക് ചെയ്യണം. അല്ലങ്കിൽ അത്ര എമർജൻസി ആകണം. ഡോക്ടറെക്കണ്ടു. ത്രോട്ട് ഇൻഫക്ഷൻ ആയിരുന്നു. സാരമില്ല ഒരാഴ്ച്ച മരുന്നു കഴിച്ചാൽ മതി. സമാധാനമായി.

         ഇവിടെ മരുന്ന് അടുത്ത മെഡിക്കൽ സ്റ്റോറിലേക്ക് ആശുപത്രയിൽ നിന്ന് നേരിട്ടറിയിക്കും നമ്മൾ അവിടെച്ചെന്ന് നമ്പർ കൊടുത്തു വാങ്ങണം. അല്ലാതെ നാട്ടിലേപ്പോലെ ഏതുമരുന്നും മെഡിക്കൽ സ്റ്റോറിൽ നിന്ന് നമുക്ക് വാങ്ങാൻ പറ്റില്ല.സമ്മതിക്കില്ല.
        അച്ചു ആണ് പോയി മരുന്നു മേടിച്ചത്. അതവനെക്കുടിപ്പിക്കണം. നല്ല പണിയാ. പാവത്തിന് തൊണ്ണക്ക് വേദന ഉള്ള തു കൊണ്ട് കൂടുതൽ പ്രശ്നമാണ്. മരുന്ന് കൊടുക്കുന്നതിന് മുമ്പ് എക്സ്പ്പയറി ഡെയിറ്റ് നോക്കണം. ടീച്ചർ പറഞ്ഞു തന്നത് അച്ചു ഓർത്തു. അത് ഒകെ. അപ്പഴാ അച്ചു ശ്രദ്ധിച്ചത് ആ മരുന്ന് " മെയ്ഡ് ഇൻ ഇന്ത്യാ .നമ്മുടെ ഇന്ത്യയിലുണ്ടാക്കിയ മരുന്നാ അമേരിക്കയിൽ ഗവന്മേന്റ് ഹോസ്പിറ്റലിൽ നിന്ന് കുറിച്ചത്. അച്ചൂ നങ്ങട് സന്തോഷായി.

Thursday, October 25, 2018

  ദുരന്തഭുമി [ കീ ശക്കഥ-64]

  എത്ര നല്ല കാലമായിരുന്നു അത്. ആൾക്കാരു തമ്മിൽ എന്തു യോജിപ്പായിരുന്നു. അന്യോന്യം സഹായിക്കാൻ എന്തൊരു ത്സാഹമായിരുന്നു. മതമില്ല, ജാതിയില്ല, രാഷ്ട്രീയമില്ല, ഒരു വിഭാഗീയ ചിന്തയുമില്ല. ഒരു ദുരന്തം വന്നപ്പോൾ എല്ലാവരും ഒന്നായ പോലെ. ആ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവനാണ് ഞാൻ.വീടും കുടുംബവും എല്ലാം.പക്ഷേ അന്ന് എനിക്കൊത്തിരി പേർ ഉണ്ടായിരുന്നു ചുറ്റും. എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചവർ. സഹായിച്ചൻ. ഇന്നും ഒരു കരക്കെത്തിയിട്ടില്ല. എന്നെപ്പോലെ എത്ര ആയിരം പേർ. എന്നേക്കാൾ ദുരിതം പേറി യ വർ അതിലും കൂടുതൽ. പക്ഷേ ആ കഷ്ടപ്പാടുകളൂം ദുഖങ്ങളും ഞങ്ങൾ മറന്നു.ചുറ്റുമുള്ളവരുടെ സ് നേഹ മസൃണമായ ആ തലോടൽ അനുഭവിച്ച സമയത്ത്.
        പക്ഷേ ഇന്ന് മനസ്സിനെ കൊത്തിവലിക്കുന്നു. കുത്തിനോവിക്കുന്നു. അന്ന് ഞങ്ങൾക്കു് വേണ്ടി ഒറ്റക്കെട്ടായി അണിനിരന്നവർ ഇന്ന് അന്യോന്യം പടവെട്ടുന്നു. യുദ്ധകാഹളം മുഴക്കുന്നു. എന്തിനൊക്കെയോ വേണ്ടി ചോര ചിന്തുന്നു. അന്യോന്യം ചീത്ത വിളിക്കുന്നു ദുരന്ത ശേഷം മനസമാധാനം വീണ്ടെടുത്തുവന്നതേ ഉണ്ടായിരുന്നുള്ളു. കൂട്ടിന് നമ്മൾ അതിജീവിക്കും എന്ന ഉറച്ച വിശ്വാസവും. ഇന്ന് ഭയം തോന്നുന്നു. നമ്മൾ അതിജീവിക്കുമോ?

      ഇല്ലങ്കിൽ എന്തിനിങ്ങിനെ ജീവിതം. പ്രളയജലം ഇറങ്ങിയയാൾത്തന്നെ ചെളി വാരി എറിയൽ തുടങ്ങിയിരുന്നു,. ഇന്ന് അതിന്റെ ഭീകരാവസ്ഥയിൽ എത്തിയിരിക്കുന്നു. എന്തിന് വേണ്ടി! ആഹാരത്തിനു് വേണ്ടിയോ? ഭുമി ക്കു വേണ്ടിയോ? സ്വന്തമായി ഒരു വീടിനു വേണ്ടിയോ? സ്വാതന്ത്ര്യത്തിനു വേണ്ടിയൊ? ഒന്നിനുമല്ല. എന്റെ ശിഷ്ടജീവിതം മുഴുവൻ ഇങ്ങിനെ കഷ്ടപ്പെട്ടവർക്ക് വേണ്ടി നീക്കിവച്ചതാ. മരണത്തിൽ നിന്ന് കൈ പിടിച്ചുയർത്തിയവർക്കെതിരേ പോലും വാളോങ്ങുന്നതു കാണുമ്പോൾ ചങ്കതകരുന്നു. ഈ നിരർദ്ധകമായ യുദ്ധകാഹളം കേട്ട് മടുത്ത് വീണ്ടും ജീവിതം അവസാനിപ്പിക്കാൻ തുടങ്ങിയതാണ്.
പക്ഷേ..... ഇല്ല. മരിക്കില്ല. നമ്മുടെ നാടിന്റെ പുനർനിർമ്മിതിക വേണ്ടി നമുക്ക് ജീവിച്ചേ പറ്റൂ

Tuesday, October 23, 2018

അച്ചൂന് അയ്യപ്പനേ ഇഷ്ടാ [അച്ചു ഡയറി-237]

      മുത്തശ്ശാ അച്ചൂന്നാട്ടിലെ ന്യൂസ് കേൾക്കുമ്പോൾ പേടി ആകുന്നു.അതു പോലെ സങ്കടവും വരുന്നു. അച്ചു ശബരിമലയ്ക്ക് പോയിട്ടുണ്ട്. എന്തു രസമായ അമ്പലമാണ്. കാടിന് നടുക്ക്. അല്ലങ്കിലും അച്ചൂന് കാട് ഇഷ്ടാണ്. അതിരാവിലെ പമ്പയിൽ മുങ്ങിക്കുളിച്ച് തണുത്തു വിറച്ച് ഉറക്കെ ശരണം വിളിച്ചു കൊണ്ടുള്ള യാത്ര അച്ചൂന് മറക്കാൻ പറ്റില്ല. ഇപ്പഴാണ് അച്ചു ആലോചിച്ചത് സ്ത്രീകൾ അവിടെപ്പോകുന്നില്ലല്ലോ എന്ന്. എന്താണതെന്ന് അച്ചൂനറിയില്ല. അങ്ങിനെ ആണങ്കിൽ അങ്ങിനെ ആകട്ടെ. ഇനിപ്പോകാനിഷ്ടമുള്ളവരുണ്ടങ്കിൽ പ്പോകട്ടെ. തീർന്നില്ലേ പ്രശ്നം. പക്ഷേ എന്താണവിടെ പ്രശ്നം തീരാത്തത്. എന്തിനാ അതിന്റെ പേരിൽ വഴക്ക്.
         വലിയ കൊടും കാട്ടിൽ കൂടിപ്പോകാനുള്ള ബുദ്ധിമുട്ടായിരിക്കും. അതങ്ങിനെ പാടില്ലാത്തതാണന്നമ്മ പറഞ്ഞു.ദോഷം വരുമത്രേ.കോടതി വിധിയുണ്ടന്നച്ഛൻ പറഞ്ഞു.
    അച്ചു നമ്മുടെ കേരളത്തിലെ വെള്ളപ്പൊക്ക കൊടുതികൾ പരിഹരിച്ചോ എന്നറിയാനാ ന്യൂസ് വച്ച്.അച്ചുവിന് ആറാട്ടുപുഴ പഴയ പോലെ ആയോ എന്നും അറിയണായിരുന്നു. പക്ഷേ അതൊന്നും ന്യൂസിൽക്കണ്ടില്ല. ഇത്ര പെട്ടന്ന് ഇതൊക്കെ പ്പരിഹരിച്ചങ്കിൽ അത്ഭുതമാണ്.
        ഇപ്പോൾ ശബരിമല ന്യൂസ് മാത്രമേ ഉള്ളു ടി.വി.യിൽ. ശബരിമലയിൽ എന്താണ് പ്രശ്നം എന്ന് അച്ചൂന് മനസിലാകണില്ല. അച്ചൂന് അയ്യപ്പനേ ഇഷ്ടാ. അടുത്തതവണ അമേരിക്കയിൽ നിന്ന് വരുമ്പോൾ അച്ചൂന് അവിടെപ്പൊകണം. പാച്ചൂനേം കൊണ്ടുപോകാമെന്ന് അവന് അച്ചു വാക്കു കൊടുത്തതാ. അന്നത്തേക്ക് ഈ ബഹളങ്ങളൊക്കെ ത്തീർന്നാൽ മതിയായിരുന്നു.

Thursday, October 18, 2018

  അക്ഷര പൂജ..

    ഇന്നു വിജയദശമി. അക്ഷര പൂജക്കൊരു ദിനം. വിദ്യക്കൊരു ദേവി.വിദ്യാരംഭത്തിനൊരു ദിവസം. എത്ര മഹത്തായ സങ്കൽപ്പം. ലോകത്ത് മറ്റൊരിടത്തും കാണാത്ത ഒരു പരിപാവന സങ്കൽപ്പം. നമ്മുടെ ആചാരങ്ങളിൽ ഏറ്റവും ഉദാത്തമായത്. സരസ്വതീപൂജ.
           വാണീദേവിയെ ധ്യാനിച്ച് അക്ഷരമാല കോർത്തെടുത്ത് ഇന്ന് എഴുത്തിന് തുടക്കം കുറിക്കൂ. സാമൂഹ്യ മാധ്യമത്തിലെ ഈ വിശാലമായ ഇടത്തിൽ അക്ഷരക്കൂട്ടങ്ങൾ നിറയട്ടെ. നമുക്ക് പറ്റുമോ എന്നു ശങ്കിക്കണ്ട പറ്റും. നിങ്ങളുടെ ചെറിയ ചെറിയ അനുഭവങ്ങൾ, ഭാവനകൾ, കവിതാ ശകലങ്ങൾ എല്ലാം ഈ ഇടത്തിൽ നിറക്കൂ. വായിക്കാനാളുണ്ടാവും, ആസ്വദിക്കാനാളുണ്ടാവും.ഈ പ്രവണത തുടരുമ്പോൾ, അങ്ങിനെ പടരുമ്പോൾ ഈ വിശാലമായ ഇടവും അക്ഷര പൂജ കൊണ്ട് ശുദ്ധമാകും. വെള്ളവും പാലും വേർതിരിച്ചെടത്തു പാനം ചെയ്യുന്ന അരയന്ന വാഹിനിയായ വാണീദേവിയെ സാക്ഷിനിർത്തി നമുക്ക് ഒരു പുതിയ അക്ഷര സംസ്കാരം ഇന്നാരംഭിക്കാം, ഇവിടെ ആരംഭിക്കാം... ആശംസകൾ..

Tuesday, October 16, 2018

   കാറ്  [ കീ ശക്കഥ - 63]

         അങ്ങിനെ എന്റെ കാറു കൊടുത്തു. ബുക്ക് ചെയ്ത കാർ കിട്ടാൻ താമസം വരും.ആകെടൻഷൻ ആയി.കാറില്ലാതെ എങ്ങിനെ. ചിന്തിക്കാൻ കൂടി വയ്യ. കഴിഞ്ഞ നാൽപ്പത് വർഷമായി സ്വന്തമായ വാഹനം എന്റെ സന്തത സഹചാരി ആയിരുന്നു. അടുത്ത ദൂരത്തേക്കാണങ്കിലും കാറിലേ പോകൂ എന്നൊരു സംസ്കാരം പലരേയും പോലെ എന്നിലും ആവേശിച്ചിരുന്നു.
            ആദ്യമൊക്കെ ഓട്ടോറിക്ഷയെ ആശ്രയിച്ചു. എന്തിനാണ് വാഹനം. നടന്നാലെന്താ. ഞാൻ കോളെജിൽ അഞ്ചു കിലോമീറ്റർ നടന്നാണ് പോയിരുന്നത്.അഞ്ചു വർഷം. ഇനി നടന്നേ പോകൂ എന്ന് തീരുമാനിച്ചു.ദൂരസ്ഥലങ്ങൾ ഒഴിച്ച്.കുറച്ചു കഴിഞ്ഞപ്പോൾ അതൊരു രസമായി. എന്റെ മനോഹരമായ നാട്ടിൻപുറം ഞാനാസ്വദിച്ചു തു ട ങ്ങി. പല തരത്തിലുള്ള ആൾക്കാരുമായി ഒരു വല്ലാത്ത അടുപ്പം വന്നു തുടങ്ങി. ഇതിനകം വഴിവക്കത്തുയർന്നു വന്ന പല മനോഹര ഭവനങ്ങളും ശ്രദ്ധിച്ചു തുടങ്ങി.
       ഗ്രൗണ്ടിൽ കുട്ടികളുടെ കളി കാണുന്നവരുടെ കൂടെ കൂടാൻ സമയം കണ്ടെത്തി.അമ്പലത്തിലെ ആൽത്തറയിലെ വെടിവട്ടം ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരമായ ഒരിടമായി മാറി. അമ്പലക്കുളത്തിലെ നീന്തിക്കുളി സമൂഹത്തിലെ സാധാരണക്കാരുടെ കൂടെ ആയി. ശിവരാമന്റെ ചായക്കടയിലെ പരിപ്പുവടയുടെ സ്വാദും, അവിടുത്തെ ചർച്ചകളും എന്റെ മനസിന് കുളിർമ്മ നൽകിത്തുടങ്ങി. കള്ളുകുടിക്കാറില്ലങ്കിലും ആ ഓല മേഞ്ഞ കള്ളുഷാപ്പിൽപ്പോയിരുന്ന് പച്ചയായ, പുറമോടിയില്ലാത്ത മനുഷ്യരുടെ കഥകൾക്കൊപ്പം സമയം ചിലവഴിച്ചു.
       എന്റെ നാട്ടിൻപുറം എത്ര സുന്ദരമാണ്.ഇതിൽ നിന്നൊക്കെ അകന്ന് ശീതീകരിച്ച ആ ഡ ബരക്കാറിൽ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്ത നഷ്ടപ്പെടുത്തിയ ആ നല്ല നാളുകളെ ഓർത്ത് ദുഖം തോന്നി. എത്ര നല്ല കാലമാണ് ഈ യാത്രാ സംസ്കാരം എന്നിൽ നിന്നപഹരിച്ചത്.

Saturday, October 13, 2018

         

Friday, October 12, 2018

     അച്ചുവിന്റെ സോഷ്യൽ സ്റ്റ ഡീസ്. [ അച്ചു ഡയറി-236]

    അച്ചുതാമസിക്കുന്ന വെർജീനിയയെപ്പറ്റി ഒരു സ്റ്റഡി വേണം. സ്കൂളിൽ സോഷ്യൽ സ്റ്റഡീസ് അതാണ്. ആദ്യം ടീച്ചർ വെർജീനിയയുടെ മാപ്പ് കാണിച്ച് സ്ഥലങ്ങൾ മുഴുവൻ പരിചയപ്പെടുത്തും.പിന്നെ ഞങ്ങൾ ഗൂഴിളിൽ സ ർ ച്ചു ചെയ്ത് എല്ലാക്കാര്യങ്ങളും മനസിലാക്കണം. മദ്ധ്യ അററ്ലാന്റിക് മേഖലയിൽ അപ്പാലേ ചൃൻ പർവതനിരകൾക്കിടയിലാണ് ഈ സ്ഥലം. ടീച്ചർ കുട്ടികളുമായി കഴിവതും സ്ഥലങ്ങൾ സന്ദർശിക്കുന്നു,.റിച്ച് മൗണ്ടാണ് ഈ കൗണ്ടിയുടെ തലസ്ഥാനം. അവിടെപ്പൊകാൻ ഇതു വരെ സാധിച്ചില്ല.57 29 അടി ഉയരമുള്ള മൗണ്ട് റോ ജേഴ്സിൽ പോകാനായിരുന്നു അച്ചൂന് താൽപ്പര്യം. കൂട്ടുകാർ കളിയാക്കി. പക്ഷേ ടീച്ചർ എന്നെ അഭിനന്ദിച്ചു.
   ഇവിടുത്തെ ട്രാൻസ്പ്പോർട്ട്, പോസ്റ്റ് ഓഫീസ്, ലൈബ്രറി കൾ എല്ലാം പോയിക്കണ്ട് കുട്ടികൾ തന്നെ പ്രോജക്റ്റ് തയ്യാറാക്കും.ഏറ്റവും പാരമ്പര്യമുള്ള കൗണ്ടിയാണിത്. അതു കൊണ്ട് " ഓൾഡ് ഡൊമിനിയൻ " എന്നും ഇതിനെപ്പറയും.
      ഞാൻ മുത്തശ്ശനോ ടി തൊക്കെപ്പറയാൻ കാരണം നമ്മുടെ കേരളത്തിലെ സ്ക്കൂളിലെ രീതി ഇതല്ല എന്നു തോന്നിയതുകൊണ്ടാണ്. അവിടെ ഒരു ക്ലാസിൽ കേരളം മുഴുവൻ." സോഷ്യൽ സ്റ്റഡീസിൽ "ഒത്തിരി കാര്യങ്ങളാളൾപ്പെടുത്തിയിരിക്കുന്നത് എന്നു തോന്നണു. കുട്ടികൾക്ക് അവർ താമസിക്കുന്ന സ്ഥലത്തെപ്പറ്റി ഒരു കoപ്ലിറ്റ് നോളജ് ഉണ്ടായിക്കൊണമെന്നില്ല. പക്ഷെ അച്ചൂന് വെർജീനിയയെപ്പറ്റി എല്ലാമറിയാം. അത്ര നല്ല ഒരു പ്രോജക്റ്റ് ആണ് അച്ചു തയാറാക്കിയിരിക്കുന്നത്. അതിന്റെ കോപ്പിയുത്തശ്ശന് അയച്ചു തരാം.

Wednesday, October 10, 2018

   വൃതം  [ കീ ശക്കഥ-61]

     സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരം മടുത്തിട്ടാണ് അങ്ങിനെ ഒരു തീരുമാനം എടുത്തതു്. മൂന്നു ദിവസത്തേക്ക് ഒരു " സാമൂഹ്യ മാധ്യമ വൃതം". ഫോൺ, ടി.വി, ഇൻറർനെറ്റ് എല്ലാം കട്ടു ചെയ്തു.ഫോണുകൾ ലോക്കറിൽ വച്ചു പൂട്ടി. ലോകത്തു നടക്കുന്ന കാര്യങ്ങൾ വളരെ സെൻസേഷണലായി അവതരിപ്പിച്ച് അവരുടെ റെയിററി ഗ്കൂട്ടുമ്പോൾ തകരുന്നത് നമ്മുടെ സമാധാനം. അതിനൊരു പരിഹാരമായാണ് ഈ വൃതം.
        രാവിലെ എഴുനേറ്റപ്പോൾ ഒരു പണിയുമില്ല. കുട്ടികളുമായി ഇടപഴകാൻ ഒരു പാട് സമയം. ഒന്നിച്ചിരുന്ന് അന്യോന്യം കണ്ണിൽ നോക്കി തമാശകൾ പറഞ്ഞ് ആഹാരം. കളി .ചിരി ആകെ പിരിമുറുക്കം കുറഞ്ഞ പോലെ. പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടം പോലെ സമയം. മുറ്റത്തും പറമ്പിലും കുട്ടികളുമായി ചുറ്റിനടന്ന് പ്രകൃതിയോടും പക്ഷിമൃഗാദികളോടും ചെങ്ങാത്തം. വാഴച്ചുണ്ടിൽ നിന്ന് തേൻ നുകർന്ന്, പേരക്കയും മാമ്പഴവും പറിച്ചുതിന്ന് അങ്ങിനെ ഒന്നിച്ചുല്ലസിച്ച് യാത്ര.കുട്ടികളുടെ ഉത്സാഹവും കളിയും ചിരിയും കണ്ടപ്പോൾ ഇതിനകം നഷ്ടപ്പെടുത്തിയ നാളുകളെ ഓർത്ത് ദുഖം തോന്നി. ഫെയ്സ് ബുക്കും, ടി.വി യും ഇന്റർനെറ്റുമില്ലാത്ത ആ പഴയ കാലത്തേക്ക് ഒരു കാലാന്തര യാത്ര.
          അങ്ങിനെയാണ് എന്റെ സുഹൃത്ത് അജിത നെ വിളിച്ച് അനുഭവങ്ങൾ പറഞ്ഞത് അവനും കുടുബ സഹിതം ഈ ചലഞ്ചിൽ പങ്ക് ചേരാമെന്ന് സമ്മതിച്ചു. ഫോണിന് റയ്ഞ്ച് ഇല്ലാത്തിടത്ത് വന്നു പെട്ടാൽ അവന് ഭ്രാന്തു പിടിക്കും .എന്തായാലും അവനും കൂടാമെന്ന് കേട്ടപ്പോൾ വിശ്വസിക്കാൻ പറ്റിയില്ല.
      രണ്ടു ദിവസം കഴിഞ്ഞു. ഒരു കാറ് മുറ്റത്ത് വന്നു നിന്നു.അജിതന്റെ അച്ഛനാണ്. ഉടനേ കൂടെ വരണം. എന്തോ അപകടം ഉണ്ട്. വേഗം വണ്ടിയിൽക്കയറി. കാറ് നേരേ ആശുപത്രിയിലേക്കാണ് പോയത്.രണ്ടു ദിവസം കഴിഞ്ഞപ്പഴേ അജിതൻ ഒരു തരം വിഭ്രാന്തി കാണിച്ചു തുടങ്ങിയിരുന്നു. ഫോൺ കൊടുത്തില്ല. ഒരു ദിവസം കൂടിക്കഴിഞ്ഞ് കൊടുക്കാമെന്ന് വച്ചതാണ്. ആദ്യം തമാശായാണ് തോന്നിയത്.പിന്നെ പ്രശ്നം ഗൗരവമായി.മയക്കുമരുന്നിനടിമ ആയവർക്ക് അത് കിട്ടാണ്ട് വരുമ്പോൾ ഉള്ള ഒരു തരം അവസ്ഥ.ഇന്റർനെറ്റും സോഷ്യൽ മീഡിയയും അഡിക്ററായ അവന് അത് പെട്ടന്ന് നിർത്തിയതുകൊണ്ടാണത്രേ. ഞാനടുത്ത്ചെന്നപ്പോൾ അവനെന്നെ കെട്ടിപ്പിടിച്ചു. "എനിക്കിങ്ങിനെ ജീവിക്കാൻ വയ്യ എന്റെ സൗഹൃദം മുഴുവൻ നഷ്ടപ്പെട്ടു. എന്നെ രക്ഷിക്കടാ. അവൻ ഒരു ഭ്രാന്തന്റെ കൂട്ട് പുലമ്പിക്കൊണ്ടിരുന്നു.സൊ ക് ട്ടർ ഒരു സെഡെഷൻ കൊടുത്തു. ഒന്നുറങ്ങട്ടെ. ഉണരുമ്പോൾ മാറ്റം വരും. നമുക്ക് ക്രമേണ പഴയ ജീവിതത്തിലെക്ക് അവനെത്തിരിച്ച് കൊണ്ടു വരാം. ഭയപ്പടാനൊന്നുമില്ല.

Tuesday, October 9, 2018

  ഞാനും വരുന്നു [ കീ ശക്കഥ-6o]

       ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് ജീവഛവം പോലെയാണ് വീട്ടിലെത്തിയത്. അതിമനോഹരമായിരുന്ന എന്റെ വീട് ഇന്നതൊരു പ്രേതാലയമാണ്. നാട്ടുകാർ വീട് വൃത്തിയാക്കിയിട്ടുണ്ട്. അദ്ദേഹം ഇരുന്ന ആചാരുകസേര അവിടെത്തന്നെയുണ്ട്. എഴുനേക്കാൻ വയ്യാതെ അതിലിരുന്നാണദ്ദേഹം ശ്വാസം മുട്ടി മരിച്ചത്. രക്ഷിക്കാനായില്ല. കോവണി കയറി മുകളിലത്തെ നിലയിൽ എത്തി. എന്റെ സകല നിയന്ത്രണവും വിട്ടു. അവിടുന്നാണെന്റെ പേരക്കുട്ടി എന്റെ കൈവിട്ടു പോയത്. എന്റെ ഭർത്താവും നാലുവയസുള്ള എന്റെ പേരക്കുട്ടിയും മാത്രമായിരുന്നു ഇവിടെ.അവന്റെ അച്ഛനമ്മമാർ കാറപകടത്തിൽ മരിച്ചപ്പോൾ അവനു വേണ്ടി ആയിരുന്നു ഞങ്ങൾ ജീവിച്ചത്. എന്റെ നെഞ്ചിലെ ചൂടേറ്റാണ് അവൻ വളർന്നത്.
        അന്ന്, പെട്ടന്നായിരുന്നു ആ പ്രളയം. ഇതുവരെ ആരും കണ്ടിട്ടില്ലാത്ത പോലെ വളരെപ്പെട്ട ന്നു വെള്ളം കയറി. താഴത്തെ മുറിയിൽ വെള്ളം കയറുമ്പോൾ അദ്ദേഹം ചാരുകസേരയിൽ ആയിരുന്നു. നടക്കാൻ ബുദ്ധിമുട്ടുള്ള അദ്ദേഹത്തെ താങ്ങിപ്പിടിച്ചാണ് ആ കസേരയിൽ ഇരുത്താറ്.കൊച്ചുമോൻ കോവണി കയറി ഓടുന്ന തുകണ്ടപ്പോൾ അവന്റെ പിറകേ പോയതാണ്. മുറിയിലൊക്കെ നോക്കി. അവനെക്കണ്ടില്ല. അവസാനം കണ്ടു പിടിച്ചു ബാൽക്കണിയിൽ പിടിച്ച്, പേടിച്ചു വിറച്ച് അവനിരിക്കുന്നു. ഓടിച്ചെന്നവനെ എടുത്തു മാറോട് ചേർത്തു. ആശ്വസിപ്പിച്ചു.പെട്ടന്ന് താഴേക്ക് ഓടി.ഞട്ടിപ്പോയി. ഭീകരമായ കാഴ്ച. താഴത്തെ നില മുഴുവൻ വെള്ളം മൂടിയിരിക്കുന്നു. അദ്ദേഹം! അനങ്ങാൻ വയ്യാത്ത അദ്ദേഹം ശ്വാസം മുട്ടി.... ഞാനലറി വിളിച്ചു. ഓടി ബാൽക്കണിയിൽ എത്തി. മുഴുവൻ പ്രളയ മയം. എങ്ങുന്നൊക്കെയോ കൂട്ടക്കരച്ചിൽ.ഞങ്ങളുടെ കരച്ചിൽ ആരും കേട്ടില്ല. സമയം കടന്നു പോയി. ഇരുട്ടായി. മോനെ മാറത്തടുക്കിപ്പിടിച്ചിട്ടുണ്ട്. അകലെ ഒരു രക്ഷാ ബോട്ട്. പെട്ടന്ന് വെട്ടിത്തിരിഞ്ഞ് ടോർച്ചെടുക്കാൻ ഓടിയതാണ്. തെന്നിത്തെറിച്ച് വീണു.കയ്യിൽ നിന്ന് കൊച്ചുമോൻ തെറിച്ചു പോയി വെള്ളത്തിന്റെ കുത്തൊഴുക്കിൽപ്പതിച്ചു.പിന്നെ അവനെക്കണ്ടിട്ടില്ല.ബോധം വീണപ്പോൾ ഞാൻ ദുരിതാശ്വാസ ക്യാമ്പിലാണ്. അവസാനത്തെ ആളായി ദിവസങ്ങൾ കഴിഞ്ഞാണ് ഞാൻ തിരിച്ചെത്തിയത്.
ഞാൻ സാവധാനം മുറിയിൽക്കയറി.അദ്ദേഹം ഇരുന്ന ചാരുകസേര അവിടെത്തന്നെയുണ്ട്. നിസ o ഗയായി സാവധാനം ഞാൻ ഗോവണി കയറി ബാൽക്കണിയിലേക്ക് ഒന്നേ നോക്കിയുള്ളു. ഞാൻ തിരിച്ച്മുറിയിൽ കയറി.
"ഞാൻ പോകുന്നു. വീട് നഷ്ടപ്പെട്ടവർക്ക് ഈ വീടും സ്ഥലവും കൊടുക്കണം" എന്നെഴുതിയ പെപ്പർ മേശപ്പുറത്തു വച്ചു. മുകളിലെ ഫാനും അരുകിലുള്ള കയറും എന്നെ മാടി വിളിച്ചു.


[വളരെപ്പെട്ട ന്ന് പ്രളയദുരിതങ്ങൾ മറന്നു പോയ മലയാളികൾക്ക് ഈ കഥ സമർപ്പിക്കുന്നു]

Saturday, October 6, 2018

      ഹെൽത്തി സ്ലീപ്പ് പാറ്റേൺ [അച്ചു സയറി. 235]

   മുത്തശ്ശാ അച്ചു സ്കൂളിൽപ്പോയിത്തുടങ്ങി. ഇവിടെ കുട്ടികളുടെ ആരോഗ്യ കാര്യത്തിൽ നാട്ടിലെക്കാൾ ശ്രദ്ധയുണ്ട്. കുട്ടികളുടെ ഉറക്കത്തിനു പോലും ഇവിടൊരു 1ചിട്ടയുണ്ട്.ഒരു "ഹെൽത്തി സ്ലീപ്പ് ഹാബിറ്റ് ". അതിനു സഹായിക്കാൻ പീഡിയാട്രിക് ഡോക്ട്ടർമാരുടെ ഒരു സംഘടന തന്നെയുണ്ട്.
      അച്ചൂന്റെ പ്രായത്തിലുള്ളവർ ഒരു ദിവസം ഒമ്പതു മുതൽ പന്ത്രണ്ടു മണിക്കൂർ വരെ ഉറങ്ങണം. ഏർലി ടു ബഡ് നിർബ്ബന്ധമാണ്. കിടക്കുന്നതിന് മുമ്പ് പല്ല് ബ്രഷ് ചെയ്യണം. ഉറങ്ങാൻ കിടക്കുമ്പോൾ അമ്മയോ അച്ഛനോ നല്ല കഥകൾ പറഞ്ഞു തരും. നല്ല ബുക്കുകൾ വായിച്ച് ഉറങ്ങുന്നത് ഒരു ഹാബിറ്റ് ആക്കണം. അങ്ങിനെ നല്ല ഉറക്കം കിട്ടിയാൽ പിറേറദിവസം നമ്മുടെ ആക്റ്റിവിറ്റീസ് "കാം ആൻന്റ് എൻ ജോയ ബിൾ "ആക്കാം. അതുപോലെ ഇവിടെ കുട്ടികൾ രാത്രി ഒറ്റക്കു കിടക്കണം.
        നാട്ടിൽ മുത്തശ്ശൻ പറയാറില്ലേ താരാട്ടുപാടി മുത്തശ്ശിക്കഥകൾ പറഞ്ഞാണ് കുട്ടികളെ ഉറക്കാറെന്ന്. പക്ഷേ നാട്ടിൽ വന്നപ്പോൾ ആർക്കും ഒരു നിർബ്ബന്ധവുമില്ല. രാത്രി കൂറേ അധികനേരം ടിവി കണ്ടിരിക്കും അതു കഴിഞ്ഞ് വളരെ വൈകിയാണുറങ്ങുന്നത്. വലിയ വരും അങ്ങിനെയാണ്.പലരും കുട്ടികളെ ശ്രദ്ധിക്കപോലുമില്ല. അങ്ങിനെ വരുമ്പോൾ രാത്രി ദു:സ്വപ്നം കാണും ഉറക്കം ശരിയായില്ലങ്കിൽ പിറ്റേ ദിവസം ഒന്നും ശരിയാകില്ല. കുട്ടികൾക്ക് നാട്ടിൽ സ്കൂളിൽ വർക്ക് ലോഡും ഒത്തിരി കൂടുതലാണന്നു തോന്നണു.
        നമ്മുടെ നാട്ടിലും കുട്ടികൾക്ക് ശാസ്ത്രീയമായ ഒരു സ്ലീപ്പി ഗ് പാറ്റേൺവേണമെന്ന് അച്ചൂന് തോന്നണു.

Friday, October 5, 2018

പകുതി ആയുസ്  [ കീ ശക്കഥ-59]

        ആർത്തലച്ചു കരയുന്ന ആ മനുഷ്യനെക്കണ്ടപ്പോൾ എല്ലാവരുടേയും കണ്ണു നനഞ്ഞു. തന്റെ പ്രിയപ്പെട്ട അനുജന്റെ മൃതദേഹത്തിനടുത്താണ് ഏട്ടൻ. അവിടുന്ന് മാറിയിട്ടില്ല. അനിയന്റെ അകാലമരണമായിരുന്നു,.
" എന്റീശ്വരാ... എന്റെ ജീവൻ എടുത്തിട്ടായാലും അവനെ ജീവിപ്പിക്കൂ."
   അപ്പഴാണ് ഏട്ടന്റെ തോളിൽ ഒരു കൈ പതിഞ്ഞത്‌. അയാൾ തിരിഞ്ഞു നോക്കി. ഒരു പ്രത്യേക മനുഷ്യൻ .കണ്ണിൽ ഒരു വല്ലാത്ത കാന്തിക ഭാവം.കൈ ക്ക് നല്ല തണുപ്പ്. ഇതിനു മുമ്പ് ഇവിടെങ്ങും കണ്ടിട്ടില്ല.
"വരൂ "
ഏതോ ഒരു ശക്തി ആ വാഹിച്ച പോലെ അയാൾ അങ്ങേരുടെ പുറകേ പോയി. മുറിക്കകത്തു കയറി അപരൻ വാതിൽ അകത്തുനിന്ന് കുറ്റിയിട്ടു.
"നിങ്ങൾ എന്താ പറഞ്ഞത് നിങ്ങളുടെ ജീവൻ എടുത്ത് അനിയനെ ജീവിപ്പിക്കണമെന്ന്. അല്ലേ?"
"അതേ അങ്ങ് ആ രാ ണ്, "
"ഞാൻ ഈശ്വരൻ സ്വന്തം ജീവൻ അനിയനു വേണ്ടി ക്കളയണ്ട. എന്നാൽ എനിക്ക് അങ്ങയെ സഹായിച്ചാൽക്കൊള്ളാമെന്നുണ്ട്. നിങ്ങളുടെ ബാക്കിയുള്ള ആയുസിന്റെ പകുതി അനിയനു കൊടുക്കാമെന്ന് സമ്മതിച്ചാൽ മതി ഞാൻ അവനെ ജീവിപ്പിക്കാം. നിങ്ങൾക്ക് ഒരിക്കൽ ഒന്നിച്ചു മരിക്കുകയും ചെയ്യാം "
"അത്... ഞാൻ കുഞ്ഞുകുട്ടി പരാധീനക്കാരനാണ്.അവരെക്കരക്കെത്തിക്കാൻ എത്ര ആയുസുണ്ടങ്കിലും മതിയാകില്ല. അപ്പോ എങ്ങിനെ.?"
ഈശ്വരൻ അയാളെ നോക്കി ചിരിച്ചു. 
" ശരി എന്നാൽ ഞാൻ പോണു. നിങ്ങൾ അനിയന്റെ മൃതദേഹത്തിനടുത്തു പോയിക്കരച്ചിൽ തുടർന്നോളു".

Monday, October 1, 2018

   ഇവിടേയും വെള്ളപ്പൊക്കമാ മുത്തശ്ശാ. [അച്ചു ഡയറി-234]

        വെള്ളപ്പൊക്കത്തിന്റെ ബഹളം കഴിഞ്ഞാണ് മുത്തശ്ശാ അച്ചു നാട്ടിൽ നിന്നു പോന്നത്. അമേരിക്കയിൽ വന്നപ്പോൾ ഇവിടെ അതിലും വലിയ വെള്ളപ്പൊക്കം. കാറ്റും, മഴയും.വാഷിഗ്ടൻD.c.യിൽ ഇറങ്ങാൻ പറ്റുമെന്ന് വിചാരിച്ചില്ല. വെർജീനിയയിൽ റഡ് അലർട്ട് ആയിരുന്നു.
      അച്ഛന്റെ ഫ്രണ്ട് കാറും കൊണ്ട് വന്നു. ഉടനേ പോകണം. അതുപോലെ ഒരാഴ്ച്ചത്തേക്കുള്ള ആഹാരസാധനങ്ങൾ കരുതണം. ഗവണ്മെന്റിന്റെ അറിയിപ്പ് വന്നിരുന്നു. ഇവിടെ നാട്ടിലെപ്പോലെ അല്ല മുത്തശ്ശാ.ഗവർണ്മെന്റ് മുന്നറിയിപ്പ് തരും മാറാൻ ആവശ്യപ്പെടും.റഡ് അലർട്ട് പ്രഖ്യാപിക്കും. എല്ലാ സൗകര്യങ്ങളും ചെയതു തരും. പിന്നെ നമ്മുടെ സ്വന്തം ഉത്തരവാദിത്വമാണ് രക്ഷപെടുന്നത്.നാട്ടുകാരുടെ നമ്മുടെ നാട്ടിലേപ്പോലെ ഇവിടെ സഹായമുണ്ടാവില്ല. നാട്ടിൽ എന്തൊരു സഹായമായിരുന്നു. കേട്ടറിഞ്ഞ് ഫിഷർമെൻ വരെ ഓടി എത്തി.അതു പോലെ എല്ലാ വരും. സ്നേഹത്തോടെ എത്ര പേരാണ് സഹായിക്കാനുണ്ടാവുക.ഇത് നമ്മുടെ കേരളത്തിൽ മാത്രമേ നടക്കൂ.
     ഭാഗ്യത്തിന് കാറ്റിന്റെ ഡയറക്ഷൻ മാറി. അതു കൊണ്ട് രക്ഷപെട്ടു അല്ലങ്കിൽ കുടുങ്ങിയേനേ. ഇനി നാളെ മുതൽ സ്ക്കൂളിൽ പോകണം. കൂട്ടുകാരോട് വിശേഷങ്ങൾ പറയാൻ ധൃതി ആയി അച്ചൂന്.