Tuesday, October 16, 2018

   കാറ്  [ കീ ശക്കഥ - 63]

         അങ്ങിനെ എന്റെ കാറു കൊടുത്തു. ബുക്ക് ചെയ്ത കാർ കിട്ടാൻ താമസം വരും.ആകെടൻഷൻ ആയി.കാറില്ലാതെ എങ്ങിനെ. ചിന്തിക്കാൻ കൂടി വയ്യ. കഴിഞ്ഞ നാൽപ്പത് വർഷമായി സ്വന്തമായ വാഹനം എന്റെ സന്തത സഹചാരി ആയിരുന്നു. അടുത്ത ദൂരത്തേക്കാണങ്കിലും കാറിലേ പോകൂ എന്നൊരു സംസ്കാരം പലരേയും പോലെ എന്നിലും ആവേശിച്ചിരുന്നു.
            ആദ്യമൊക്കെ ഓട്ടോറിക്ഷയെ ആശ്രയിച്ചു. എന്തിനാണ് വാഹനം. നടന്നാലെന്താ. ഞാൻ കോളെജിൽ അഞ്ചു കിലോമീറ്റർ നടന്നാണ് പോയിരുന്നത്.അഞ്ചു വർഷം. ഇനി നടന്നേ പോകൂ എന്ന് തീരുമാനിച്ചു.ദൂരസ്ഥലങ്ങൾ ഒഴിച്ച്.കുറച്ചു കഴിഞ്ഞപ്പോൾ അതൊരു രസമായി. എന്റെ മനോഹരമായ നാട്ടിൻപുറം ഞാനാസ്വദിച്ചു തു ട ങ്ങി. പല തരത്തിലുള്ള ആൾക്കാരുമായി ഒരു വല്ലാത്ത അടുപ്പം വന്നു തുടങ്ങി. ഇതിനകം വഴിവക്കത്തുയർന്നു വന്ന പല മനോഹര ഭവനങ്ങളും ശ്രദ്ധിച്ചു തുടങ്ങി.
       ഗ്രൗണ്ടിൽ കുട്ടികളുടെ കളി കാണുന്നവരുടെ കൂടെ കൂടാൻ സമയം കണ്ടെത്തി.അമ്പലത്തിലെ ആൽത്തറയിലെ വെടിവട്ടം ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരമായ ഒരിടമായി മാറി. അമ്പലക്കുളത്തിലെ നീന്തിക്കുളി സമൂഹത്തിലെ സാധാരണക്കാരുടെ കൂടെ ആയി. ശിവരാമന്റെ ചായക്കടയിലെ പരിപ്പുവടയുടെ സ്വാദും, അവിടുത്തെ ചർച്ചകളും എന്റെ മനസിന് കുളിർമ്മ നൽകിത്തുടങ്ങി. കള്ളുകുടിക്കാറില്ലങ്കിലും ആ ഓല മേഞ്ഞ കള്ളുഷാപ്പിൽപ്പോയിരുന്ന് പച്ചയായ, പുറമോടിയില്ലാത്ത മനുഷ്യരുടെ കഥകൾക്കൊപ്പം സമയം ചിലവഴിച്ചു.
       എന്റെ നാട്ടിൻപുറം എത്ര സുന്ദരമാണ്.ഇതിൽ നിന്നൊക്കെ അകന്ന് ശീതീകരിച്ച ആ ഡ ബരക്കാറിൽ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്ത നഷ്ടപ്പെടുത്തിയ ആ നല്ല നാളുകളെ ഓർത്ത് ദുഖം തോന്നി. എത്ര നല്ല കാലമാണ് ഈ യാത്രാ സംസ്കാരം എന്നിൽ നിന്നപഹരിച്ചത്.

No comments:

Post a Comment