Friday, April 19, 2024

സ്ക്കേ വെനിങ്കൻ ബീച്ച് അനുപമം [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 8] അതി മനോഹരമായ ബീച്ച്. ഏതാണ്ട് പതിനൊന്ന് കിലോമീറ്റർ നീളത്തിൽ. അതെങ്ങിനെ പ്രൊഫഷണൽ ആയി പരിപാലിക്കാം. എങ്ങിനെ ഒരു വ്യാപാര സമുച്ചയം അവിടെ പരീക്ഷിക്കാം, ഒരു വിനോദോപാധി ആയി എങ്ങിനെ അതിനേ രൂപാന്തി രപ്പെടുത്താം. സ്വന്തം സാങ്കേതിക വിദ്യകൊണ്ട് എങ്ങിനെ കടലാക്രമണത്തെ ചെറുക്കാം.ഇതിനൊക്കെ ഒറ്റ ഉത്തരമേയുള്ളു. നെതർലൻ്റിലെ സ്ക്കേ വനിങ്കൻ ബീച്ച്.. മനോഹരമായ ബീച്ചിൻ്റെ കരയിൽ മുഴുവൻ ബീച്ച് റിസോർട്ടും,സ്റ്റാർ ഹോട്ടലുകളും, കളിസ്ഥലങ്ങളും മറ്റു വിനോദോപാധികളും. ആ ബീച്ചിൽ ഒരു ഭീമാകാരമായ മുഖകണ്ണാടി ഉറപ്പിച്ചിട്ടുണ്ട്. ആ ബീച്ചും അവരുടെ സംസ്കാരവും അവരുടെ മിത്തുകളും അവരുടെ കാഴ്ച്ചപ്പാടിൽ കാണണം എന്ന പ്രതീകാത്മകമായ ഒരു സന്ദേശം. ആ ബീച്ചിനു നടുവിൽ നിന്ന് സമുദ്രത്തിനെ കീറി മുറിച്ചു കൊണ്ട് ഏതാണ്ട് അരക്കിലോ മീറ്റർ നീളത്തിൽ രണ്ടു നിലയിൽ ഒരു വ്യാപാര സമുച്ചയം തന്നെ പണിതിരിക്കുന്നു. അതിൻ്റെ വശങ്ങളിൽ മുഴുവൻ ഗ്ലാസ് ആണ്. സമുദ്രത്തിനു നടുവിൽ കടലുമായി സംവദിച്ച് നമുക്ക് ആഹാരം കഴിക്കാം, ബിയറടിച്ച് 'സ്ക്കോച്ച് നുകർന്ന് ഉല്ലസിക്കാം: അതിൻ്റെ അങ്ങേത്തലക്കൽ ഒരു വലിയ ഒബസർവേഷൻ Sവർ ഉണ്ട്. വൃത്തത്തിൽ അനേകംപടികൾ കയറിമുകളിലെത്താം. അവിടെ എത്തിയാലുള്ള കാഴ്ച്ച അവർണ്ണനീയമാണ്.കപ്പലിൻ്റെ പായ്മരത്തിനു് മുകളിൽ ഇരുന്നു കടൽ കാണുന്ന ഒരു പ്രതീതി. അവിടുന്നിറങ്ങിയാൽ ലണ്ടൻ ഐ യെ വെല്ലുന്ന ഒരു വീൽ ഉണ്ട്. ഭൂമിയുടെ ഒരോ ഉയരത്തിലും ഇരുന്ന് വരുണ ദേവനെ നമുക്ക്നമസ്ക്കരിയ്ക്കാം സൂര്യൻ, സമുദ്രം, ഭക്ഷണം, വിനോദം ഇവ സമജ്ഞസമായി ഇവിടെ കൂട്ടി ഇണക്കിയിരിക്കുന്നു. രാത്രി തുടങ്ങിയാൽ വേറൊരു മുഖമാണ് ഈ ബീച്ചിന്. ഇതുവരെക്കണ്ടതൊന്നുമാല്ല പിന്നെ ഒരു മാദക സൗന്ദര്യമാണ്. നൃത്തം, സംഗീതം, കാബറേ, നാടകം വേണമെങ്കിൽ എല്ലാം മദ്യലഹരിയിൽ അത് പുലർച്ചയോളം നീളുന്ന ദിവസങ്ങൾ ഉണ്ട്.ഒരേ സ്ഥലത്ത് ഏഴു ഭൂഘണ്ഡത്തിലേയും ആഹാരം നമുക്ക് രുചിക്കാം. ഇവിടെ നല്ല ഒരു മ്യൂസിയവും അക്വെറിയവും നമുക്ക് കാണാം.മണൽപ്പുറത്ത് ലോഹ നിർമ്മിതമായ അനേകം രൂപങ്ങൾ കാണാം. എല്ലാം കടലുമായി ബന്ധപ്പെട്ടത്.ശക്തമായ തണുന്ന കാറ്റും നുനുത്ത മഴയും ആസ്വദിക്കാനുള്ള മാനസികാവസ്ഥ നിങ്ങൾ നേടിയാൽ ഇവിടം സ്വർഗ്ഗമാണ്. എല്ലാ വിഷമങ്ങളും കടലമ്മക്ക് സമർപ്പിച്ച് ആശ്വസിക്കാവുന്ന ഒരേ ഒരു സ്ഥലം