Tuesday, September 29, 2020

മുത്തശ്ശാ പാച്ചൂന് "ബ്രയിൻ സ്റ്റോം " [ അച്ചുവിൻ്റെ ഡയറി-397 ]മുത്തശ്ശൻ പേടിച്ചു. പേടിക്കണ്ട അത് പാച്ചുവിൻ്റെ ഓൺലൈൻ ക്ലാസിൻ്റെ ഒരു രീതിയാണ്. കിൻ്റർഗാർഡനിലെ കുട്ടികൾക്ക് എഴുതാനറിയില്ലല്ലോ. അവർക്ക് വേണ്ടിയുള്ള ഒരു ഓൺലൈൻ ക്ലാസിൻ്റെ ഒരു സെക് ക്ഷൻആണിത്. മോനിട്ടറിന് മുമ്പിൽ അവനെ കൂടുതൽ സമയം പിടിച്ചിരുത്താൻ പാടാണ്. പക്ഷേ ഈക്ലാസ് അവനിഷ്ടാണ്. കണ്ണടച്ചിരുന്ന് പത്തു മിനിട്ട് ചിന്തിക്കാൻ പറയും. സ്റ്റാർട്ട് ചെയ്യാനും സ്റ്റോപ്പ് ചെയ്യാനും ടീച്ചർ ബല്ല് കൊടുക്കും. അവർക്കിഷ്ടമുള്ളത് എന്തും ചിന്തിക്കാം. അവൻ കണ്ണടച്ച് ഇരുന്നു.. കുട്ടികളുടെ ഇമ്മാ ജിനേഷൻ വളരാനാണീ ക്ലാസ്.അവസാനം ടീച്ചർ ബല്ലടിച്ചു. അവൻ കണ്ണു തുറന്നു.നാലുപാടും നോക്കി. ഒരു ഡ്രോയി ഗ് പേപ്പർ എടുത്ത് അതിൽ നിങ്ങൾ ചിന്തിച്ചത് വരയ്ക്കാൻ പറഞ്ഞു. അവൻ പേപ്പർ എടുത്ത് വരച്ചു തുടങ്ങി. മുത്തശ്ശൻ ബൈക്കിൽ കയറ്റിക്കൊണ്ടു സ്പീഡിൽ പോകുന്നതാ വരച്ചത്. അവൻ്റെ ബൈക്ക് കണ്ടപ്പോൾ അച്ചൂന് ചിരി വന്നു.കുട്ടിയല്ലേ? നന്നായി എന്നച്ചു അവനോട് പറഞ്ഞു. ഇനി അവർ എന്താണ് വരച്ചത് എന്ന് ടീച്ചറോട് വിശദീകരിച്ച് ,വരച്ചത് കാണിക്കണം. മുത്തശ്ശൻ്റെ കൂടെ ബൈക്കിൽ സ്പീഡിൽ പോകുന്നത് എന്നാണ് അവൻ പറഞ്ഞത്. ഇനി അതു് ഒരു ബയൻ്റിൽ ഒട്ടിച്ച് സ്റ്റഡീ റൂമിൽ തൂക്കാൻ പറഞ്ഞു.അവൻ ഏട്ടനുമായി അടിയുണ്ടാക്കുന്നത് വരയ്ക്കാത്തത് ഭാഗ്യം.

രജകനും ശ്രീകൃഷ്ണനും [ കൃഷ്ണൻ്റെ ചിരി- 63]മധുരാപുരി ചുറ്റിക്കറങ്ങി ജനഹിതവും, വേദനയും, ബുദ്ധിമുട്ടുകളും അറിയണം.അതിനാണ് കംസവധത്തിനു മുമ്പ് ജനമദ്ധ്യത്തിലേക്കിറങ്ങിയത്. അപ്പോൾ ഒരു രജകൻ എതിരേ വന്നു. ഒരു വസ്ത്രവ്യാപാരി. കംസരാജധാനിയിലേക്ക് വസ്ത്രങ്ങൾ എത്തിക്കുന്നവരുടെ തലവൻ.സ്വതവേ ദുഷ്ടനും അപവാദ പ്രചാരകനുമായ അവൻ കംസൻ്റെ അടുത്തുള്ള തൻ്റെ സ്വാധീനത്തിൻ്റെ പേര് പറഞ്ഞ് പാവങ്ങളെ നിരന്തരം ദ്രോഹിച്ചു കൊണ്ടിരുന്നു.തനിക്കും കൂട്ടുകാർക്കും കുറച്ച് വസ്ത്രങ്ങൾ തരൂ എന്ന് കൃഷ്ണൻ താഴ്മയായി അവനോടാവശ്യപ്പെട്ടു."ഛീ.. വഴിയിൽ നിന്ന് മാറി നിൽക്ക് നിന്നെപ്പോലെ കാലിമേച്ചു നടക്കുന്ന ഗോപാലന്മാർക്കുള്ളതല്ല ഈ വസ്ത്രങ്ങൾ.ഇത് കംസരാജധാനിയിലേക്കാണ്. വഴിയിൽ നിന്ന് മാറി നിന്നില്ലങ്കിൽ രാജ കിങ്കരന്മാരെക്കൊണ്ട് നിന്നെ ഞാൻ കൊല്ലിയ്ക്കും." വീണ്ടും കൃഷ്ണൻ ആവശ്യപ്പെട്ടപ്പോഴും അവൻ കൃഷ്ണനെ അപമാനിക്കുന്നത് തുടർന്നു.പക്ഷേ കുഷ്ണൻ്റെ ഒരു ചെറിയ താഡനത്തിന് അവൻ കാലപുരി പൂകി. അവൻ്റെ കൂട്ടുകാർ ഭയന്ന് വസ്ത്രമുപേക്ഷിച്ച് പാലായനം ചെയ്തു. ആ വസ്ത്രങ്ങൾ മുഴുവൻ ശ്രീകൃഷ്ണൻ പാവങ്ങൾക്ക് വിതരണം ചെയ്തു.ഇനി ഈ രജകൻ ആരായിരുന്നു എന്നു നോക്കാം. ശ്രീ രാമാവതാരത്തിൽ സീതയെപ്പറ്റി അപവാദം പ്രചരിപ്പിച്ച രജകൻ്റെ പുനർജന്മമാണവൻ. വേറൊരാൾ തട്ടിക്കൊണ്ടുപോയി പാർപ്പിച്ച സ്ത്രീയെ രാജപത്നി ആയി വാഴിക്കുന്ന രാജാവ് നമുക്ക് അപമാനമാണ് എന്നാണവൻ അന്നു പറഞ്ഞത്. പാവം സീതയേ അപമാനം ഭയന്ന് അന്ന് ശ്രീരാമൻ കാട്ടിലുപേക്ഷിച്ചു. അന്ന് മര്യാദാ പുരുഷോത്തമനായ ശ്രീരാമചന്ദ്രൻ അവനെ ശിക്ഷിച്ചില്ല. പക്ഷേ ശ്രീകൃഷ്ണൻ.! ഭൂമിക്ക് ഭാരമായി മനുഷ്യർക്ക് ഉപദ്രവം മാത്രം നൽകുന്നവരെ വച്ചുപൊറുപ്പിക്കില്ല. അതുകൊണ്ടാണവനെ കൊന്നുകളഞ്ഞത്. കംസ രാജധാനിയിലെ സ്വാധീനം പറഞ്ഞ് പാവങ്ങളെ ഭയപ്പെടുത്തുന്ന എല്ലാവർക്കും ഇതൊരു പാഠവുമായി.

ഞാനറിഞ്ഞില്ല. [ കീശക്കഥകൾ -186 ]അച്ഛന് മഹാമാരി. അമ്മയ്ക്കും ആരംഭം.തുടർന്ന് അച്ഛൻ്റെ മരണം. എല്ലാത്തിനും കാരണം ഞാൻ. ഇടനെഞ്ചു പൊട്ടുന്നു. ഭ്രാന്തു പിടിക്കുന്ന പോലെ. വിദ്യാർത്ഥി പ്രസ്ഥാനത്തിൽ തുടങ്ങിയതാണ് രാഷ്ടീയത്തോടുള്ള ആവേശം. പിന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിന് വേണ്ടി മാത്രമായി പഠനം.കഷ്ട്ടപ്പെട്ടു പഠിപ്പിച്ച അച്ഛനോട് ചെയ്ത ആദ്യത്തെ ചതി. തുന്നിച്ചേർത്ത ഒരു വെളുത്ത ഷർട്ടും ഒരു പോക്കറ്റ് സയറിയും. യൂണിഫോം കൽപ്പിച്ചു തന്നു. പിന്നെ രാഷ്ട്രീയ നേതാക്കന്മാരുടെ ചട്ടുകമായത്ഞാനറിഞ്ഞില്ല,. പ്രലോഭനങ്ങൾ ആവേശമായപ്പോൾ പഴയ ആദർശങ്ങൾ ഒന്നൊന്നായി നഷ്ടപ്പെട്ടതും ഞാനറിഞ്ഞില്ല.ഭീകര പകർച്ചവ്യാധിക്കെതിരേ ആയിരുന്നു പിന്നെ എൻ്റെ രാഷ്ട്രീയം. പക്ഷേ എപ്പഴോ കാലിടറി. രാഷ്ട്രീയ നേതാക്കൾ ജന്മിയും ഞാൻ അടിയാനുമായതും ഞാനറിഞ്ഞില്ല. പിന്നെ ആഹ്വാനമനുസരിച്ച് പകർച്ചവ്യാധി വകവയ്ക്കാതെ സമരം.അഴിമതിക്കെതിരായ സമരം എന്നു പട്ടം കിട്ടിയപ്പോൾ ആവേശത്തോടെ തെരുവിലിറങ്ങി. വ്യാധിയുടെ ലക്ഷണങ്ങൾ കണ്ടപ്പഴുംകൂട്ടായ സമരത്തിന് കൂടെ നിന്നു. അസുഖമായവര് പുറത്തറിയിക്കരുത്. രഹസ്യ നിർദ്ദേശം. അച്ഛൻ മരിച്ചിട്ട് ആരും തിരിഞ്ഞു നോക്കിയില്ല. ഈ മഹാമാരിക്കാലത്തെ നിയമം. എല്ലാം സഹിച്ചു. പക്ഷേ എൻ്റെ എല്ലാമെല്ലാമായ പാർട്ടി ഓഫീസിൽ അസുഖം കാരണം എന്നെ വിലക്കിയപ്പോൾ തകർന്നു പോയി.എൻ്റെ സ്വബോധം നഷ്ടപ്പെട്ട പോലെ. അപ്പഴേക്കും ഏതാണ്ട് ഇന്മാദത്തിൻ്റെ വക്കിലെത്തിയത് ഞാനറിഞ്ഞില്ല.. പിന്നെ മഹാമാരിയുടെ വിത്ത് വാരി എറിഞ്ഞ് മഹാകാളിയുടെ അവതാരമായി മാറിയ ഞാൻ സമൂഹത്തിൽ താണ്ഡവനൃത്തമാടി. എല്ലാം നഷ്ടപ്പെട്ടവൻ്റെ താണ്ഡവം

Monday, September 28, 2020

കാലയവനനും ശ്രീകൃഷ്ണനും [കൃഷ്ണൻ്റെ ചിരി- 62]കംസനെ കൊന്നതിന് പ്രതീകാരമായി ജരാസന്ധൻ കൃഷ്ണനോട് യുദ്ധം ചെയ്തു.പതിനെട്ട് വട്ടം.കൃഷ്ണനെ തോൽപ്പിക്കാൻ പറ്റിയില്ല. അപ്പഴാണ് ജരാസന്ധ ൻ്റെ സുഹൃത്ത് ദുഷ്ടനായ കാലയവനൻ കൃഷ്ണനുമായി ഏറ്റുമുട്ടിയത്. അവന് പരമശിവൻ ഒരു വരം നൽകിയിട്ടുണ്ട് ഒരായുധം കൊണ്ടോ, കൈ കൊണ്ടോ ആർക്കും അവനെ കൊല്ലാൻ പറ്റില്ല എന്ന്. ആ ഹുങ്കിലാണ് കൃഷ്ണനുമായി ഏറ്റുമുട്ടിയത്.കൃഷ്ണൻനിരായുധനായി അവൻ്റെ മുമ്പിൽ വന്നു.കൃഷ്ണനെപ്പിടിച്ച് വധിക്കാനായി അവൻ ഓടി അടുത്തു. കൃഷ്ണൻ പേടിച്ച പോലെ ഓടി.പുറകെ കാലയവനനും.കൃഷ്ണൻ ഓടി ഓടി ഒരു ഗുഹയിലൊളിച്ചു. പുറകേ അവനും ഗുഹയിൽക്കയറി. കുറേ ചെന്നപ്പോൾ അവിടെ ഒരാൾ കിടന്നുറങ്ങുന്നു. കൃഷ്ണൻ്റെ ഉത്തരീയവും പുതച്ച്.കൃഷ്ണനാണന്നുറച്ച് കാലുകൊണ്ട് ഒററച്ചവിട്ട്. കാലങ്ങളായി നിന്ദ്രയിലായിരുന്ന മുചുകുന്ദൻ എന്ന മഹർഷി ആയിരുന്നു അത്. തൻ്റെ നിദ്രക്ക് ഭംഗം വരുത്തിയതിൽ ക്രുദ്ധനായ മഹർഷി രൂക്ഷമായി അവനെ നോക്കി.ആ നോട്ടത്തിൽ അവൻ ഭസ്മമായി.ഇഷാക്കുവംശത്തിലെ മന്ധാതാവ് എന്ന രാജാവിൻ്റെ പുത്രനായിരുന്നു മുചു കുന്ദൻ.വീരപരാക്രമി ആയ അവനെ ഇന്ദ്രൻ ദേവ സംരക്ഷകനായി ദേവലോകത്തു നിയമിച്ചു. പരമശിവൻ്റെ പുത്രൻ സുബ്രമണ്യൻ ആ ചുമതല ഏറ്റെടുക്കുന്നവരെ അതു തുടർന്നു. സംപ്രീതനായ ഇന്ദ്രൻ മുചുകുന്ദനോട് ഒരു വരം ആവശ്യപ്പെട്ടോളാൻ പറഞ്ഞു. ഇത്രയും കാലം ഊണും ഉറക്കവുമുപേക്ഷിച്ച് ദേവരക്ഷക്ക് വേണ്ടി ജീവിച്ചു. എനിക്ക് സ്വസ്ഥമായി ഒന്നുറങ്ങിയാൽ കൊള്ളാമെന്നുണ്ട്. ദീർഘനിന്ദ്രക്കുള്ള വരം തന്നാൽ മതി എന്നു പറഞ്ഞു. ഇന്ദ്രൻ സമ്മതിച്ചു.കൂടെ ഒന്നുകൂടി പ്പറഞ്ഞു നീ ഉണർന്നാൽ ആദ്യം കാണുന്ന ആൾ ഭസ്മമായാത്തീരും.ഈ കാര്യങ്ങൾ അറിയാവുന്ന കൃഷ്ണൻ കാലയവനനെ ആഗുഹയിൽ എത്തിച്ചത്. തൻ്റെ ഉത്തരീയം കൊണ്ട് മഹർഷിയെ പുതപ്പിച്ചതും കൃഷ്ണനാണ്.അങ്ങിനെ ആയുധവും കയ്യും ഉപയോഗിക്കാതെ തന്നെ കാലയവനൻ കാലപുരി പൂകി.കൃഷ്ണൻ മഹർഷിയുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു.ശ്രീകൃഷ്ണനെതാണ് തൊഴുത് അനുഗ്രഹം വാങ്ങി. കലിയുഗാരംഭമായി എന്നു മഹർഷിക് മനസിലായി.അവിടെത്തന്നെ ആശ്രമം കെട്ടി ശിഷ്യഗണങ്ങളോടൊത്ത് അവിടെ വസിച്ചു. ദുഷ്ട്ടനിഗ്രഹം വൃതമാക്കിയ കൃഷ്ണൻ തൻ്റെ യാത്ര തുടർന്നു.തൻ്റെ സ്വതസിദ്ധമായ ചിരിയോടെ...

Sunday, September 27, 2020

സാളഗ്രാമം [നാലുകെട്ട് - 330] തറവാട്ടിൽ പൂജക്ക് പീഠത്തിൽ ആറ് സാളഗ്രാമങ്ങൾ ഉണ്ട്. നല്ല കറുത്ത നിറമുള്ള ഒന്ന് "ലക്ഷ്മീ ജനാർദനം" എന്ന ആപൂർവസാളഗ്രാമമാണന്ന് മുത്തശ്ശൻ പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നെ ചാരനിറമുള്ള പ്രദ്യുമ്നം. ചെറുത് വാമനം പിന്നെ ലക്‌ഷ്മി നാരായണം, സുദർശനം, അനിരുദ്ധം. അതിൽ ഒരെണ്ണത്തിൽ ഒരു വശത്ത് ഒരു ദ്വാരം കാണാം. അതിലൂടെ നോക്കിയാൽ അതിനുള്ളിൽ സ ർ പ്പിള ആകൃതിയിൽ രേഖകൾ കാണാം. അതിൻ്റെ ആകൃതി നോക്കിസാളഗ്രാമങ്ങൾ പത്തൊമ്പതോളം തരങ്ങൾ ഉണ്ട്.ഇവിടെ പീ0 ത്തിൽ വച്ച് പൂജിയ്ക്കുന്നതെല്ലാം വിഷണു സങ്കൽപ്പത്തിലാണ്. വിഗ്രഹം ഉണ്ടാക്കാൻ ഏറ്റവും ഉത്തമം ഈ സാളഗ്രാമശിലകളാണത്രേ. ശരിക്ക് ഇതൊരു ഫോസിൽക്കല്ലുകളാണ്. അമോണൈയ്ററുകൾ .'നേപ്പാളിലെ ഗണ്ഡക എന്ന നദിയിലാണ് ലക്ഷണമൊത്ത സാളഗ്രാമങ്ങൾ കാണാറ്.ആ നദിയിൽ വളരുന്ന "വജ്ര ദന്തം " എന്ന ജീവികൾ അതിൻ്റെ ശ്രവംകൊണ്ട് കളിമണ്ണ് കുഴച്ച് കൂടുണ്ടാക്കി അതിൽ വസിക്കുന്നുവത്രേ. നല്ല കടുപ്പമുള്ളതായിത്തീരുന്ന ഈ കല്ലുകൾ ഒരിയ്ക്കലും നശിക്കുന്നില്ല.ക്രമേണ നദിയിലെ ശക്തിയായ ഒഴുക്കിൽ ഉരുണ്ട കല്ലുകളായി മാറുന്നു. ചിപ്പിയിലെ മുത്ത് പോലെ അതിലും രത്നങ്ങൾ ഉണ്ടന്നു വിശ്വസിക്കുന്നവരും അനവധിയുണ്ട്. പ്രകൃതിയിലെ ഇങ്ങിനെയുള്ള അപൂർവ്വ സൃഷ്ടികൾ ക്ക് ദൈവ സങ്കൽപ്പം കൊടുത്ത് ആരാധിക്കുന്ന പ്രകൃതീ പൂജ ഹിന്ദു സംസക്കാരത്തിൽ പലിടത്തും കാണാം. സാളഗ്രാമം പോലെ രുദ്രാക്ഷവും അതിനൊരുദാഹരണമാണ്. വൈഷ്ണ സങ്കൽപ്പമാണ് പ്രധാനമായും.പാലാഴി മഥനത്തിൽ നിന്നു കിട്ടിയ അമൃത് സംരക്ഷിക്കുന്ന മോഹിനിയുമായും ഇതിനെ ബന്ധപ്പെടുത്തുന്ന ഒരു കഥയുണ്ട്. അതു കൊണ്ട് അപൂർവ്വമായി ശൈവ സങ്കൽപ്പത്തിലും സാളഗ്രാമപൂജകണ്ടു വരുന്നു. സ്ത്രീകൾ ഇതു തൊടുന്നതും, പൂജിക്കുന്നതും നിഷിദ്ധമാണത്രേ എന്തായാലും ഈ കുടുംബത്തിൻ്റെ സകല ഐശ്വര്യത്തിനും കാരണം ഈ ലക്ഷ്മീ ജനാർദനം ആണന്ന് പൂർവികൾ വിശ്വസിച്ചിരുന്നു.

Saturday, September 26, 2020

ലാഭവീതം... [ കീശക്കഥകൾ -185 ]റബർ വെട്ടിയിട്ട് ഒരു മാസമായി, ഇന്ന് മുതലാളിയെക്കാണണം. വഴക്കു കിട്ടിയതു തന്നെ. കാണിച്ചത് തെമ്മാടിത്തരമാണ്. വേറൊരു കോളു കിട്ടിയപ്പോൾ പോയതാണ്.അസുഖമാണന്നാണ് പറഞ്ഞത്. ചതിയാണ് ചെയ്തത്. വഴക്കു പറയുന്നത് മുഴുവൻ കേൾക്കാനുള്ള തയാറെടുപ്പിലാണ് പോകുന്നത്,. നാളെ മുതൽ കൃത്യമായി വെട്ടിക്കൊളാം എന്നു പറഞ്ഞു നോക്കണം.മുതലാളി നല്ല മൂഡിലായാൽ മതിയായിരുന്നു.മുതലാളി പൂമുഖത്ത് ചാരുകസേരയിൽ ഇരിക്കുന്നുണ്ട്. "ഹലോ .. ഇതാരാ? നമ്മുടെ റബർ വെട്ടുകാരനല്ലേ.? കണ്ടിട്ടൊരുപാട് നാളായി. ""മാപ്പ് തരണം ഒരു മാസമായി വെട്ടാൻ പറ്റിയില്ല.""സാരമില്ല ഞാൻ കണക്കു കൂട്ടിയപ്പോൾ എനിക്ക് മൂവ്വായിരം രൂപാ ലാഭമാണ്. നീ വെട്ടാത്തതു കൊണ്ട്. വെട്ടിയിരുന്നെങ്കിൽ ഇരുപത്തി ഒരായിരം രൂപയോളം കിട്ടിയേനേ? പക്ഷേ നിനക്ക് വെട്ടുകൂലി ഇരുപത്തിനാലായിരം രൂപയോളം തരണം.അതായത് കഴിഞ്ഞ മാസം നീവെട്ടാത്തതു കൊണ്ട് മൂവ്വായിരം രൂപാ ലാഭം. അതിൻ്റെ പകുതി നിനക്ക് ലാഭവീതമായിത്തരാമെന്നു വച്ചു.ഈ കവറിൽ ആയിരത്തി അഞ്ഞൂറു രൂപയാണ്.അത് നിനക്കിരിക്കട്ടെ.

Friday, September 25, 2020

മുത്തശ്ശാ അച്ചു " ടൂബാ " എന്ന മ്യൂസിക്കൽ ഇൻട്രമെൻ്റ് സിലക്റ്റ് ചെയതു [അച്ചു ഡയറി-396]ഓൺലൈൻ ക്ലാസ് ബോറടിച്ചു തുടങ്ങി.കൂട്ടുകാരെ നന്നായി മിസു ചെയ്യുന്നു മുത്തശ്ശാ.ബാക്കി പല കാര്യങ്ങളിലും ഓൺലൈൻ ക്ലാസ് കൊള്ളാം. വീട്ടിലാകുമ്പോൾ ബോറടിക്കുമ്പോൾ ഗിത്താറു വായിക്കാം, ടി.വി.കാണാം. സ്കൂളിൽ ഒരു വർഷം ഒരു പുതിയ മ്യൂസിക്കൽ ഇൻട്രമെൻ്റ് പരിചയപ്പെടണം. എല്ലാ കുട്ടികൾക്കും സ്കൂളിൽ നിന്ന് അത് തരും. ഇത്തവണയും കിട്ടി. പോയി മേടിക്കണ്ടി വന്നു. അച്ചു സെലക്റ്റ് ചെയ്തത് " ട്യൂബാ " എന്നബ്രാസ് മ്യൂസിക്കൽ ഇൻട്രമെൻ്റ് ആണ്. ഒരു വലിയ പെട്ടിയിൽ വച്ച് തന്നു.ബ്രാസ് ഫാമിലിയിൽപ്പെട്ട ഒരു വലിയ ഉപകരണമാണത്.ലിപ്പ് വൈബ്രേഷൻ കൊണ്ടാണത് വായിക്കുന്നത്. ഒരു വിൻഡ് ഇൻട്രമെൻ്റ് കൂടി പഠിക്കാമെന്ന് വിചാരിച്ചു.സ്ട്രിഗ് ഇൻട്രമെൻ്റ് അച്ചു പഠിക്കുന്നുണ്ട്.നല്ല വലിപ്പമാണ്. സ്വർണ്ണo പോലെ വെട്ടിത്തിളങ്ങും.ലോവസ്റ്റ് പിയച്ചിലുള്ള ഒരുപകരണമാണിത്‌. നമ്മുടെ നാട്ടിലെ ബാൻഡ് മേളത്തിന് ഉപയോഗിക്കുന്നതു പോലെ ഒന്നാണ് ട്യൂബാ. അഞ്ച് വാൽവാണി തിന്.ലാർജ് സൈസ്.ഡീപ് സൗണ്ട്. പക്ഷേ വീട്ടിൽ കൊണ്ടുവന്ന് ഒന്നു ഉറക്കെ വായിയ്ക്കാൻ പറ്റിയില്ല. അച്ഛൻ ഓൺലൈനിലിൽ വർക്കു ചെയ്യുമ്പോൾ ഡിസ്റ്റർബൻസാകും. പക്ഷേ പാച്ചു എടുക്കാതെ സൂക്ഷിക്കാനാ പണി. അതു് കണ്ടപ്പഴേ അതിൽ വെള്ളം നിറച്ചു വയ്ക്കാനാ അവൻ്റെ പ്ലാൻ. അതാ പേടി.

ഉപശ്ലോകൻ -ശ്രീകൃഷ്ണപുത്രൻ [കൃഷ്ണൻ്റെ ചിരി- 61]ആദ്യമായി മധുരാനഗരിയിൽ എത്തിയ ശ്രീകൃഷ്ണൻ ആദ്യം കണ്ടുമുട്ടുന്നത് കുബ്ജയേആണ്. കംസന് കുറിക്കൂട്ടുകളുമായി പോയ ത്രിവിക്ര എന്ന സൈരന്ധ്രി .അവൾ ജന്മനാ കൂനിയാണ്. ഭഗവാൻ്റെ സാന്നിദ്ധ്യമാണ് തൻ്റെ കൂന് മാറാൻ കാരണമെന്ന് കുബ്ജു വിശ്വസിച്ചു.കൃഷ്ണൻ്റെ ആഗ്രഹപ്രകാരം ശ്രീകൃഷ്ണൻ്റെ തിരുനെറ്റിയിൽ അവൾ തന്നെ തിലകം ചാർത്തി. ഒരു ദിവസം അങ്ങ് എൻ്റെ ആഥിത്യം സ്വീകരിക്കണം എന്നു പറഞ്ഞു.ഇനി ഒരിയ്ക്കൽ വരുമെന്ന് അന്ന് വാക്കു കൊടുത്തതാണ്. വിദ്യാഭ്യാസം പൂർത്തിയാക്കി തിരിച്ചെത്തിയ കൃഷ്ണൻ ത്രിവിക്ര ക്ക് കൊടുത്ത വാക്ക് മറന്നില്ല. അക്രൂരനോട് കൂടി അവളുടെ ഭവനത്തിലെത്തി.അവൾ സന്തോഷം കൊണ്ട് മറിമറന്നു.അവൾ അതീവ സുന്ദരി ആയിരിക്കുന്നു. കൃഷ്ണൻ വിചാരിച്ചു. അങ്ങ് കുറച്ചു ദിവസം എൻ്റെ ആഥിത്യം സ്വീകരിച്ച് ഇവിടെ കൂടിയെങ്കിൽ. അവൾ മടിച്ചു മടിച്ച് അവളുടെ ആഗ്രഹം പ്രകടിപ്പിച്ചു.ശ്രീകൃഷ്ണൻ സമ്മതിച്ചു.അങ്ങിനെ കുബ് ജയിൽ ശ്രീകൃഷ്ണന് ജനിച്ച പുത്രനാണ് ഉപശ്ലോകൻ. അതിബുദ്ധിമാനായ കൃഷ്ണപുത്രൻ നാരദമുനിയിൽ നിന്നും "പഞ്ചരാത്രം " എന്ന തത്വത തന്ത്രത്തെ ഗ്രഹിച്ചു.സംഖ്യാ യോഗാചാര്യനായ ഉപശ്ലോകൻ അറിവിൻ്റെ അവതാരമായി ശോഭിച്ചു.കുബ്ജ ,രാമാവതാര സമയത്ത് കൈയേയിയുടെ തോഴി ആയിരുന്ന മഥര ആയിരുന്നു എന്നൊരു കഥയുണ്ട്. അന്ന് ശ്രീരാമനെ പതിനാലു വർഷം വനത്തിലേയ്ക്കയച്ചത് കൈകേയിയെ മഥര പ്രലോഭിപ്പിച്ചത് കൊണ്ടാണ്. പിന്നീടതാണ് ദുഷ്ട നിഗ്രഹത്തിന് കാരണമായത്. ഭഗവാൻ അന്ന് മഥരയോട് കടപ്പെട്ടിരിക്കുന്നു എന്ന് ശ്രീരാമൻ ഓർക്കുന്നുണ്ട്. അതിനുള്ള പ്രത്യുപകാരമായാണ് കൃഷ്ണാവതാരത്തിൽ ഈ സൗഹൃദ സംഗമം എന്നാണ് കഥ.

Thursday, September 24, 2020

വിഷ്ണു ദേവൻ സാർ - എൻ്റെ പ്രിയപ്പെട്ട കായികാദ്ധ്യാപകൻ [ ഗുരുപൂജ - 6 ] കുറിച്ചിത്താനത്ത് ആദ്യകാലത്ത് ഫുട്ബോൾ നന്നായി പ്രചാരത്തിലുണ്ടായിരുന്നു. അന്ന് ചിരട്ടപ്പാൽ വീർപ്പിച്ചെടുത്ത് അതിനു മുകളിൽ ഒട്ടുപാൽ ചുറ്റിയാണ് പന്ത് ഉണ്ടാക്കാറ്. അന്നത്തേകളിക്കാരിൽ ചിലർ ഇന്നും ജീവിച്ചിരിപ്പുണ്ട്. അതിനു ശേഷമാണ് വിഷ്ണു ദേവൻ സാർകുറിച്ചിത്താനം ഹൈസ്ക്കൂളിൽ കായികാദ്ധ്യാപനായെത്തുന്നത്.നല്ല ചെറുപ്പം. കാരിരുമ്പു പോലത്ത ശരീരം. സരസൻ.ആ സ്നേഹത്തോടെയുള്ള പെരുമാറ്റ രീതി കൊണ്ട് തന്നെ കുട്ടികൾക്കും നാട്ടുകാർക്കും സാറ് പ്രിയങ്കരനായിരുന്നു. കായികാദ്ധ്യാപകനായിരുന്നെങ്കിലും അന്ന് ചില വിഷയങ്ങളിൽ ക്ലാസെടുക്കാറുണ്ട്. അദ്ദേഹം ശാസ്ത്രീയമായ പരിശീലനം കൊണ്ട് സ്കൂളിൽ ഒരു നല്ല ഫുട്ബോൾ ടീമിനെ വാർത്തെടുത്തു.സ്കൂൾ ടൈം കഴിഞ്ഞാലും നാട്ടിലുള്ള കായിക പ്രേമികളെ വിളിച്ചു കൂട്ടി ശാസ്ത്രീയമായി പരിശീലിപ്പിച്ച് ഫുട്ബോളും, വോളീബോളും.. ബോൾ ബാറ്റ് ബിന്ണ്ടനും ഒക്കെ ഈ നാടിൻ്റെ കായിക സംസ്കാരത്തിൻ്റെ ഭാഗമാക്കി. അന്ന് സ്കൂളിൽ ഡ്രില്ലിന് ഒരു പീരിയഡ് ഉണ്ട്. കുട്ടികൾക്ക് ഏറ്റവും ഇഷ്ടമുള്ള പീരിയഡ്. വിരസമായ ക്ലാസ് മുറികളിൽ നിന്ന് ഒരു മോചനം .അപ്പോൾ ആ അദ്ധ്യാപകൻ ഒരു കൂട്ടുകാരൻ്റെ തലത്തിലേക്ക് എത്തും. ഞങ്ങളുടെ ഒക്കെ ഒരു ഹീറോ ആയിരുന്നു വിഷ്ണു ദേവൻ സാർ. സാർ എൻ്റെ അടുത്താണ് താമസിച്ചിരുന്നത്‌. ഇല്ലപ്പറമ്പിൽ ഒരു വലിയ കളമുണ്ട്. എന്നും സാറ് അവിടെയാണ് കുളിയ്ക്കാൻ വരാറ്. ശാസ്ത്രിയമായി എന്നെ നീന്തൽ അഭ്യസിപ്പിച്ചത് സാറായിരുന്നു. എല്ലാവർക്കും പ്രിയപ്പെട്ട വിഷ്ണു ദേവൻ സാറിൻ്റെ അകാലമരണം ഇന്നും മനസിൽഒരു നൊമ്പരമായി അവശേഷിക്കുന്നു.

Wednesday, September 23, 2020

ശ്രീകൃഷ്ണൻ്റെ ഗുരുദക്ഷിണ [കൃഷ്ണൻ്റെ ചിരി- 6o]രാമകൃഷ്ണന്മാരുടെ വിദ്യാഭ്യാസം. ഗർഗ്ഗ മുനിയാണ് അവരെ സന്ദീപനി മഹർഷിയുടെ അടുത്തേക്ക് പറഞ്ഞു വിട്ടത്.സുദാമാവും അവിടെത്തന്നെ പഠിക്കാൻ എത്തി.അറുപത്തിനാലു കലകളും, ധനുർവേദവും എല്ലാം വളരെപ്പെട്ടന്ന് അവർ ഹൃദിസ്ഥമാക്കി.അങ്ങിനെ പഠന കാലം ചുരുങ്ങിയ സമയം കൊണ്ട് വിജയകരമായി അവർപൂർത്തിയാക്കി.ഗുരുത്വം എന്നത് ഗുരുശിഷ്യബന്ധത്തിൻ്റെ ഒരു ഉന്നതതലമാണ്. അത് വേണ്ടുവോളം അനുഗ്രഹിച്ചരുളിയിരുന്നു മഹർഷി.ഇനി ഗുരുദക്ഷിണ.സന്ദീപനിയുടെ പുത്രൻ പ്രഭാസ തീർത്ഥത്തിൽ സ്റ്റാനത്തിനു പോയതാണ് പിന്നെ കണ്ടിട്ടില്ല. അവനെക്കണ്ടു പിടിച്ച് തരണം എന്നതാണ് മുനി ഗുരുദക്ഷിണയായി ആവശ്യപ്പെട്ടത്. ശ്രീകൃഷ്ണൻ പ്രഭാസ തീർത്ഥത്തിലേക്ക് പുറപ്പെട്ടു.അതിനടിയിൽ ക്രൂരനായ ഒരസുരൻ പാർക്കുന്നുണ്ട്. ശംഖ:ാ സുരൻ. അവനാണ് ഗുരു പുത്രനെ അപഹരിച്ചത് എന്ന് കൃഷ്ണന് മനസിലായി. പഞ്ചജൻ എന്നും അവനെപ്പറയും.ശ്രീകൃഷ്ണൻ ഗുരു പുത്രനെ വിട്ടുതരാൻ ആവശ്യപ്പെട്ടു.. അവൻ അനുസരിച്ചില്ല. വെള്ളത്തിനടിയിൽ പാഞ്ചജന്യം എന്ന വിശിഷ്ടമായ ഒരു ശംഖുണ്ട്. അവൻ അതിനകത്ത് ഒളിച്ചു.ശ്രീകൃഷ്ണൻ തീർത്ഥത്തിലേക്ക് ചാടി. മുങ്ങിത്താഴ്ന്ന് അവനുമായി യുദ്ധം ചെയ്തു.. അവനെവധിച്ചു. അവൻ്റെ തടവിലായിരുന്ന മൃതപ്രായനായ ഗുരു പുത്രനേ വീണ്ടെടുത്തു. ഈശ്വര കൃപയാൽ പൂർണ്ണാരോഗ്യം വീണ്ടെടുത്തു.അങ്ങിനെ ഗുരു പുത്രനെ ഗുരുവിന് സമർപ്പിച്ചു. അദ്ദേഹം ആനന്ദം കൊണ്ട് കണ്ണുനീർ പൊഴിച്ചു.ശ്രീകൃഷ്ണനെ കെട്ടിപ്പിടിച്ചു.ആ അസുരൻ താമസിച്ചിരുന്ന പാഞ്ചജന്യം എന്ന വിശിഷ്ടമായ ശംഖ് വീണ്ടെടുത്തു.ശഖ് ,ചക്ര, ഗദാ ,പത്മം അങ്ങിനെ ശ്രീകൃഷ്ണൻ്റെ കയ്യിൽ പൂർണ്ണമായി.പാഞ്ചജന്യം മുഴക്കുമ്പോൾ ശത്രുക്കൾ ഞട്ടിവിറച്ചു.മഹാഭാരത യുദ്ധത്തിന് ആരംഭം കുറിച്ചത് ഈ പഞ്ചജന്യം മുഴക്കിയായിരുന്നു.

Tuesday, September 22, 2020

കുട്ടൻ്റെ ഫസ്റ്റ് നൈറ്റ് ചലഞ്ച് [കീശക്കഥ-182]കുട്ടൻ ചിരി ചലഞ്ചിൽ തുടങ്ങിയതാണ് ഫെയ്സ് ബുക്കിലെ ചലഞ്ച്. പിന്നെ അങ്ങോട്ട് ചലഞ്ചുകളുടെ ഒരു പ്രവാഹമായിരുന്നു. ബാത്ത് ചലഞ്ചാണ് വിവാദമായത്. ഷേവിഗ് ചലഞ്ച്, ഹെയർ കിട്ടഗ് ചലഞ്ചും ജനങ്ങൾ സഹിച്ചു.പിന്നെ ഒരു " റെയ്പ്പ് ചലഞ്ച് " കുട്ടന് പ്ലാനുണ്ടായിരുന്നു. ഭാഗ്യം! കുട്ടന് അതിന് സൗകര്യം കിട്ടിയില്ല. എങ്ങിനെയും സോഷ്യൽ മീഡിയയിൽ തരംഗമാക്കണം. അതിന് ഏതു ചലഞ്ചിനും കുട്ടൻ തയാർ.മുത്തശ്ശൻ്റെ ഡിസീസ് ചലഞ്ച് ക്രൂരമായിപ്പോയി.അപ്പഴാണ് കുട്ടൻ്റെ പെണ്ണുകാണൽ.പെണ്ണു കാണുന്നതിനേക്കാൾ അതെങ്ങിനെ ഒരു ചലഞ്ചാക്കാം എന്നാണ് കൂട്ടൻ ചിന്തിച്ചത്. ആ ചലഞ്ച് വൈറൽ ആയി. വിവാഹം കുട്ടൻ മൂന്നു ചലഞ്ചിൽ ഒതുക്കി. അവസാനം ഫസ്റ്റ് നൈറ്റ് ചലഞ്ചാണ് പ്രശ്നമായത്. അതോടു കൂടി ഭാര്യ പിണങ്ങിപ്പോയി. ഒരു ഡൈവോഴ്സ് ചലഞ്ചിൽ സ്ക്കൊപ്പ് ഉണ്ടന്നു കണ്ടപ്പോൾ കുട്ടന് സന്തോഷമായി.അവസാനം ഒരു സൂയിസൈഡ് ചലഞ്ച് കുട്ടന് വലിയ ആഗ്രഹമായിരുന്നു.. ഭാര്യ പിണങ്ങിപ്പോയതും ബന്ധുക്കളുടെ കുറ്റപ്പെടുത്തലുകളും കുട്ടന് അതിനുള്ള പരിസരം ഒരുക്കി.ഫാൻ പൊട്ടിവീണ് തൂങ്ങിമരണം നടന്നില്ലങ്കിലും ഒരു എസ് ക്കേപ്പിനുള്ള ചലഞ്ച് കുട്ടൻ മനസിൽക്കണ്ടു. പക്ഷേ കേസായി.പോലീസ് സ്റ്റേഷൻ ചലഞ്ച് കുട്ടന് ഒരു ഹീറോ പരിവേഷം നൽകി. പക്ഷേ കോടതിയിൽ സാക്ഷിക്കൂട്ടിൽ നിന്ന് ഓടി ഇറങ്ങി ജഡ്ജിക്കൊപ്പം സെൽഫി എടുത്തു. ഒരു കോടതി ചലഞ്ച് ആയിരുന്നു കുട്ടൻ്റെ ഉദ്ദേശ്യം. പക്ഷേ കോടതി അലക്ഷ്യത്തിന് ആറുമാസം ശിക്ഷ.ഒരുപ്രിസൻ ചലഞ്ചോടു കൂടി കുട്ടന് ആറു മാസത്തേ ഇടവേള കിട്ടി.

കംസവധം [കൃഷ്ണൻ്റെ ചിരി- 58]ശരിക്കും കംസൻ ഉഗ്രസേന നെറ് പുത്രനല്ല. ദ്ര മിളൻ എന്ന ഗന്ധർവ്വൻ ഉഗ്രസേനൻ്റെ രൂപം പൂണ്ട് ഉഗ്രസേനൻ്റെ പത്നിയെ പ്രാപിക്കുന്നു. അങ്ങിനെ ഉണ്ടായ പുത്രനാണ് കംസൻ.ഉഗ്രസേനൻ്റെ പരമ്പരയിലുള്ള ഒരാൾ തന്നെ നിൻ്റെ പുത്രനെ കൊല്ലും. തന്നെ ചതിച്ച ദ്രമിളനെ രാജപത്നി ശപിച്ചു.അതു വരെ ഞാൻ വളർത്തും.തൻ്റെ സഹോദരി ദേവകിയുടെ എട്ടാമത്തെ പുത്രൻ നിന്നെ വധിക്കുമെന്ന അശരീരി കംസനെ ഭയപ്പെടുത്തി.ഇടിവെട്ടുന്ന പോലെ ആചാപം മുറിഞ്ഞ ശബ്ദം കേട്ട് കംസൻ നടുങ്ങി.നാട് ഞട്ടിവിറച്ചു.കൃഷ്ണനാണ് ആ പരശുരാമ ചാപം മുറിച്ചത്.കൃഷ്ണനേയും ബലരാമനേയും ഉടനെ വധിക്കാൻ പദ്ധതി തയാറാക്കി. " കുവലയ പീഢം" എന്ന ഭീകരമദയാനയെ ഗോപുര കവാടത്തിൽത്തന്നെ നിർത്തി. വരുമ്പഴേ കൃഷ്ണനേയും ബലരാമനെയും ആ കൊല യാ ന ചവിട്ടി അരയ്ക്കും. കൃഷ്ണ ഗോപുര കവാടത്തിൽ വന്നപ്പഴേ ആ മദയാന പാഞ്ഞടുത്തു. ആയുധാദ്യാസത്തിനിടെ ഹസ്തമർമ്മവും കൃഷ്ണൻ പഠിച്ചിരുന്നു.' രണ്ടു പേരും കൂടി ആ മദയാനയെ വകവരുത്തി.അതിൻ്റെ കൊമ്പ് രണ്ടും വലിച്ചൂരി. പിന്നെ ആ കൊമ്പ് കൊണ്ട് തന്നെ ആക്രമിക്കാൻ വന്നവരേ ഒക്കെ കാലപുരിയ്ക്കയച്ചു.പിന്നെ മുരടികൻ', ചണൂരൻ, കൂടൻ, ശലൻ എന്ന ഭീകര രാക്ഷസന്മാർ അവരെ എതിരിട്ടു. രണ്ടു പേരും കൂടി അവരെ മുഴുവൻ കാലപുരിക്കയച്ചു. കോപാക്രാന്തനായ കംസൻ നന്ദ ഗോപരേയും കൂട്ടരെയും വധിക്കാൻ കൽപ്പിച്ചു.കൃഷ്ണൻകംസൻ്റെ സിംഹാസനത്തിൽ ചാടിക്കയറി കംസനെ എടുത്ത് താഴേക്കെറിഞ്ഞു. രണ്ടു പേരുമായ യുദ്ധത്തിനൊടുവിൽ കൃഷ്ണൻ കംസനെ വധിച്ചുകംസവധത്തിൽ ശേ.ഷം കൃഷ്ണൻ കാരാഗ്രഹത്തിൽ പ്രവേശിച്ചു. ജനിച്ചപ്പഴേ അച്ഛനേയും അമ്മയേയും പിരിയണ്ടി വന്നതായിരുന്നു. ആ കൂടിക്കാഴ്ച്ച വികാര തീവ്രമായിരുന്നു. ദേവകി ശ്രീകൃഷ്ണനെ കെട്ടിപ്പിടിച്ചു അവരുടെ കണ്ണിൽ നിന്ന് കണ്ണുനീർ ധാരയായി പ്രവഹിച്ചു. തൻ്റെ മകൻ ഒത്ത പുരുഷനായിരിക്കുന്നു. കാരാഗ്രഹത്തിൽ നിന്ന് തൻ്റെ മുത്തശ്ശൻ ഉഗ്രസേനനെ തടവറയിൽ നിന്ന് മോചിപ്പിച്ചു. മധുരാപുരിയിലെ രാജാവാക്കി അഭിഷേകം ചെയ്തു.

Monday, September 21, 2020

ചാപപൂജ [കൃഷ്ണൻ്റെ ചരി 57]അക്രൂരനൊപ്പം കൃഷ്ണനും ബലരാമനും തേരിൽക്കയറി. യദുകുലം മുഴുവൻ ഉറക്കെ ക്കരഞ്ഞുകൊണ്ട് പുറകേ കൂടി.രാധ മാത്രം കൃഷ്ണൻ കൊടുത്ത മുരളിയുമായി ദു:ഖത്തിൻ്റെ പ്രതീകമായി മാറി നിന്നു.ആദ്യം രഥവും, പിന്നെ കൊടിക്കൂറയും പിന്നെ പിന്നെ രഥചക്രം പറപ്പിക്കുന്ന പൊടിപടലങ്ങളും മറഞ്ഞു. കൃഷ്ണൻ്റെ യാത്രയുടെ ഉദ്ദേശം കംസവധമായിരുന്നു. കംസന് നേരേ മറിച്ചും. മധുരാപുരിയിലെത്തിയ കൃഷ്ണന് കാണാൻ കഴിഞ്ഞത് ഭയാത്രാന്തരായ ജനങ്ങളെയാണ്. ക്രൂരനായ ഒരു ഭരണാധികാരിയോടുള്ള ഭയം.ഒരു രാജാവിനെ കൊന്നതുകൊണ്ട് മാത്രമായില്ല. ജനങ്ങളുടെ വിശ്വാസം നേടണം.മധുരാപുരി ഒന്നു ചുറ്റിക്കാണാൻ കൃഷ്ണൻ തീരുമാനിച്ചു.അപകടമാണന്ന് അക്രൂരൻ മുന്നറിയിപ്പ് കൊടുത്തതാണ്. കംസന് വസ്ത്രവുമായിപ്പോകുന്നവനെയാണ് ആദ്യം കണ്ടത്. ധിക്കാരി ആയ അവനെ നല്ലപാഠം പടിപ്പിച്ചു. പറഞ്ഞയച്ചു.. അപ്പഴാണ് കൂഞ്ഞിക്കൂടി ഒരു സ്ത്രീ.കുബ്ജു.സന്ദരിയാണ് പക്ഷേ കൂനുണ്ട്. കംസനു മാത്രമായി കുറിക്കൂട്ടുകൾ എത്തിയ്ക്കുകയാണ് കുബ്ജുവിൻ്റെ ജോലി. തനിക്കു കൂടി ആ അംഗരാഗക്കൂട്ട് തരാൻ കൃഷ്ണൻ പറഞ്ഞു. അവർ പാടുപെട്ട് ക്ഷണനേ നോക്കി. ഈ മനോഹരമായ വദനമാണ് എൻ്റെ കുറിക്കൂട്ടിൻ്റെ ഉത്തമ സ്ഥാനം. അവൾ തീരുമാനിച്ചു. ഭവിഷ്യത്ത് അവൾ മറന്നു. കംസനറിഞ്ഞാൽ.... അങ്ങേയ്ക്കല്ലാതെ ആർക്കാണിതു തരുക .. എന്നാൽ എന്നെ തൊടീച്ചോളൂ. പാവം അവൾക്ക് നി വരാൻ മേല. ഭയം കൊണ്ട് കംസന്പാദസേവ ചെയ്താണിങ്ങിനെ ആയതെന്നു കൃഷ്ണന് തോന്നി .ധൈര്യമായി എൻ്റെ മുഖത്തു നോക്കൂ. നീ തന്നെ തിലകം ചാർത്തിക്കൂ. അവൾ ശ്രമിച്ചു. പാവം പറ്റുന്നില്ല. കൃഷ്ണൻ്റെ നിരന്തരമായ പ്രോത്സാഹനം തുടർന്നു. അത്ഭുതം. അവളുടെ ഭയം മാറി. അവൾ നിവർന്നുനിന്നു. കൃഷ്ണൻ്റെ തിരുനെറ്റിയിൽ കുറി ഇ ടീച്ചൂ. അവളുടെ കണ്ണുനിറഞ്ഞ് സന്തോഷം കൊണ്ട് കൃഷ്ണനെ സാഷ്ടാംഗം നമസ്കരിച്ചു."ചാപ പൂജ -യ്ക്കുള്ള സ്ഥലം കണ്ടു പിടിക്കണം. അവിടെ വലിയ കാവലാണ്. ഒന്നു കാണാനാണന്നു പറഞ്ഞ് കൃഷ്ണനും ഏട്ടനും അകത്തു കയറി. അവിടെ വലിയ ഒരു പീഠത്തിൽ പട്ടു വിരിച്ച് ആ 'ദിവ്യമായ ധനുസ് വച്ചിട്ടുണ്ടു്.അഷ്ട്ട ധാതുക്കൾ കൊണ്ടുണ്ടാക്കിയതാണ്. അയ്യായിരം പേരു് പിടിച്ചാൽപ്പോലും അനക്കാൻ പറ്റാത്തത് സാക്ഷാൽ ഭാർഗ്ഗവരാമൻ്റെ ധനുസ്.കൃഷ്ണനടുത്തു ചെന്നു. ആ ദിവ്യ ധനുസിനെ വണങ്ങി. അതു് നിഷ്പ്രയാസം ഉയർത്തി ഞാൺ ബന്ധിച്ചു.ഞാൺവലിച്ചപ്പോൾ ഒരു ഭയങ്കര ശബ്ദത്തോടെ അതു രണ്ട് കഷ്ണമായി.മധുരാപുരി നടുങ്ങി. കംസൻ ഭയന്നു. പക്ഷേ അവിടുത്തെ ജനങ്ങൾക്ക് വിശ്വാസമായി.കം സനേ വെല്ലാൻപററിയ ഒരു പ്രതിയോഗി തന്നെ .കൃ ഷണൻ എതിർത്ത കാവൽക്കാരെ മുഴുവൻ ആ മുറിഞ്ഞ വില്ലുകൊണ്ടുതന്നെ കാലപുരിയ്ക്കയച്ചു. നമുക്ക് ഈ ദുർഭരണത്തിനെ തകർക്കാൻ പോന്ന ഒരു രക്ഷകൻ തന്നെ കൃഷ്ണൻ.അങ്ങിനെ നാട്ടുകാരുടെ വിശ്വാസം കൃഷ്ണൻ ആദ്യം കയ്യടക്കി. ഇനി കംസവധം.

Friday, September 18, 2020

നരകാസുരവധം [ കൃഷ്ണൻ്റെ ചിരി 55 ]നരകാസുരൻ ഭൂമിദേവിയുടെ പുത്രനാണ്. നല്ല കുലത്തിൽ ജനിച്ചിട്ടും അസുര സ്വഭാവം കൊണ്ടാണ് നരകൻ നരകാസുരനായത്.തൻ്റെ ദുഷ്ട പ്രവർത്തികൾക്ക് ശക്തി വർദ്ധിപ്പിക്കാൻ ബ്രഹ്മാവിനെ തപസു ചെയ്തു. ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു. വരപ്രാപ്തിക്കിടെ ഒരു കാര്യം കൂടി നരകാസുരൻ ചോദിച്ചു. എൻ്റെ അമ്മയുടെ സഹായം കൊണ്ടു മാത്രമേ എന്നേ കൊല്ലാൻ പറ്റുകയുള്ളു എന്ന വരം. ആ വരം കൂടി കിട്ടിയപ്പോൾ അവൻ അജയ്യനായി. പിന്നെ നരകാസുരൻ്റെ മരണതാണ്ഡവമാണ് നമ്മൾ കാണുന്നത്. സകലരാജാക്കന്മാരെയും കൊന്ന് അവരുടെ സ്ത്രീകളെ കാരാഗ്രഹത്തിലടച്ചു. പതിനാറായിരത്തോളം സ്ത്രീജനങ്ങളെ ! .മഹർഷിമാരുടെ യാഗം തടസപ്പെടുത്തി. അവസാനം ഇന്ദ്രസദസിലെത്തി. ദേവന്മാരെ മുഴുവൻ ഭയപ്പെടുത്തി ഓടിച്ചു.ദേവമാതാവിനെ വലിച്ചിഴച്ച് അവരുടെ കാതിലെ അതിവി ശിഷ്ട കർണ്ണാഭരണം പറിച്ചെടുത്തു. ഇതിന് മുഴുവൻ കൂട്ട് മുരൻ എന്ന അഞ്ചു തലയുള്ള ഒരു ഭീകരൻ' ലവണാസുരൻ്റെ പടത്തലവനാണവൻ.അവൻ്റെ ശല്യം സഹിക്കവയ്യാതെ ഇന്ദ്രഭഗവാൻ ശ്രീകൃഷ്ണനെ ശരണം പ്രാപിച്ചു ശ്രീകൃഷ്ണൻ നരകാസുരവധത്തിനായി പുറപ്പെട്ടു. തൻ്റെ. പ്രിയ പത്നി സത്യഭാമയെക്കൂടി യുദ്ധത്തിന് തേർതെളിയ്ക്കാൻ കൂടെക്കൂട്ടി. കൃഷ്ണനറിയാം അവനെ അവൻ്റെ അമ്മയുടെ സഹായമില്ലാതെ കൊല്ലാൻ കഴിയില്ലന്ന്. സത്യഭാമ ഭൂമീദേവിയുടെ അവതാരമാണല്ലോ.?അവൻ്റെ പ്രജ്യോതിഷപുരത്തെ മാന്ത്രികക്കോട്ടയുടെ അടുത്തെത്തി.അത്യുന്നതങ്ങളായ ആ പാറക്കൂട്ടത്തിനപ്പുറമാണവൻ്റെ കോട്ട. കൃഷ്ണൻ അവിടെ എത്തിയപ്പഴേ ആപാറക്കൂട്ടങ്ങളിൽ നിന്ന് പല മാരകായുധങ്ങളും കൃഷ്ണൻ്റെ നേരേ പാഞ്ഞു വന്നു.അതു മുഴുവൻ തടഞ്ഞ് തൻ്റെ ഗദാ പ്രഹരത്താൽ ആ പാറക്കൂട്ടം മുഴുവൻതകർത്തു. ഇനി കോട്ടയുടെ മുകളിൽ എത്തണം.കൃഷ്ണൻ ഗരുഡൻ്റെ സഹായം തേടി. രണ്ടു പേരും ഗരുഡൻ്റെ പുറത്തു കയറി കോട്ടയിലെത്തി കാവൽക്കാരെ മുഴുവൻ വധിച്ചു. അപ്പോൾ മുരാസുരൻ യുദ്ധത്തിനായി എത്തി. പിന്നെ നടന്ന ഭീകര യുദ്ധത്തിൽ മുരാസുരൻ്റെ അഞ്ചു തലകളും അറത്ത് അവനെക്കൊന്നു.പിന്നെ അവൻ്റെ പുത്രന്മാരേയും. അപ്പഴേക്കും നരകാസുരൻ തൻ്റെ ഗജസൈന്യവുമായെത്തി കൃഷ്ണനേ നേരിട്ടു. ഗരുഡൻ പറന്നു നടന്ന് ആനകളുടെ കണ്ണുകൾ കുത്തിപ്പൊട്ടിച്ചു. ആനകൾ വിരണ്ടോടി. അവസാനം നരകാസുരനുമായി കൃഷ്ണൻ ഏറ്റുമുട്ടി. ശ്രീകൃഷ്ണൻ ശ്രീചക്രം കയ്യിലെടുത്തു. ആ ചക്രായുധം അവൻ്റെ തല കൊയ്യുന്നതോടൊപ്പം സത്യഭാമയുടെ അമ്പും അവൻ്റെ മാറിൽപ്പതിച്ചു.അവസാനം നരകാസുരൻ തൻ്റെ അമ്മയോട് ആവശ്യപ്പെട്ടത് എൻ്റെ മരണ ദിവസം നാട്ടിൽ ദീപം കത്തിച്ച് ആഘോഷമാക്കണമെന്നാണ്.അങ്ങിനെ എൻ്റെ പാപങ്ങൾ എരിതീയിൽ എരിയട്ടെ. അന്നാണ് നമ്മൾ ദീപാവലി ആഘോഷിക്കുന്നത്.ദേവമാതാവിൻ്റെ കർണ്ണാഭരണം ഇന്ദ്രന് തിരിച്ചുനൽകി.അസുരൻ തടവിലാക്കിയ പതിനാറായിരം രാജ കന്യകമാരുടേയും സംരക്ഷണം ശ്രീകൃഷ്ണൻ ഏറ്റെടുത്ത

Wednesday, September 16, 2020

സത്രാ ജിത്തിൻ്റെ സ്യമന്തകം മണി [ കൃഷ്ണൻ്റെ ചിരി- 54]സത്രാഞ്ജിത്തിന് സൂര്യഭഗവാൻ കൊടുത്തതാണ് സ്യമന്തകം മണി. ഈരത്നം കയ്യിൽ വയ്ക്കുന്നവർക്ക് എന്നും അളവറ്റ സ്വർണ്ണം ലഭിയ്ക്കും. പട്ടിണിയും ദു:ഖങ്ങളും മാറിക്കിട്ടും. ഒരു ദിവസം ഈ രത്നവുമായി ശ്രീ കൃഷ്ണൻ്റെ കൊട്ടാരത്തിൽ എത്തി.തൻ്റെ കൈവശമുള്ള അമൂല്യ രത്നം കൃഷ്ണന് കാണിച്ചു കൊടുത്തു. അതിൻ്റെ ഗുണഗണങ്ങൾ പറഞ്ഞു. ഇങ്ങിനെയുള്ള ഗുണങ്ങൾ ഉണ്ടെങ്കിൽ ഇത് ശൂരസേന രാജാവിനു കൊടുക്കൂ നാട് ഇന്ന് പട്ടിണിയിലാണ്. കംസൻ്റെ ദുർഭരണം കൊണ്ട് ഘജനാവും ശൂന്യമാണ്. കുറച്ചു കാലത്തേക്ക് മതി. അത് കഴിഞ്ഞ് തിരിച്ചേൽപ്പിക്കാം. ഇല്ല. ഇതൊരിക്കലും തരില്ല. പ്രത്യേകിച്ചും ഈ ദാരിദ്ര്യവാസികൾക്ക്.ശരി എന്നാൽ കൊണ്ടു പൊയ്ക്കോള്ളൂ. ഇത്രയും വില കൂടിയ രത്നം കഴുത്തിലണിണ് പുറത്തു നടക്കുന്നതപകടമാണ്. എന്നു കൃഷ്ണൻ പറഞ്ഞു.സത്രാ ജിത്ത് രത്നവുമായി മടങ്ങിപ്പോയി. അടുത്ത ദിവസം സത്രാ ജിത്തിൻ്റെ അനിയൻ പ്രസേനൻ ഈ മാലയും ധരിച്ച് വേട്ടക്കു പോയി. കാട്ടിൽ വച്ച് ഒരു സിംഹം പ്രസേനനെക്കൊന്നു.മാലയും കടിച്ചെടുത്ത് ഗുഹയിലേക്ക് പോയി. വഴിക്ക് വച്ച് ജാംബവാൻ സിംഹത്തെക്കൊന്ന് മാല മകന് കളിയ്ക്കാൻ കൊടുത്തു.ശ്രീകൃഷ്ണൻ പ്രസേനനെക്കൊന്ന് രത്നം കൈക്കലാക്കി എന്നും അതിൽ കൃഷ്ണനോട് പ്രതികാരം ചെയ്യുമെന്നും പറഞ്ഞു. അന്ന് ചോദിച്ചിട്ടുകൊടുക്കാത്തതു കൊണ്ടാണ് ആ കള്ള കൃഷ്ണൻ അതു ചെയ്തത് എന്നും പറഞ്ഞു. ഈ അപവാദം നാടു മുഴുവൻ പരന്നു. കൃഷ്ണൻ്റെ ചെവിയിലുമെത്തി.ഇതിൻ്റെ സത്യ സ്ഥിതി അറിയാനുറച്ചു.സ്യമന്തക രത്നം തേടി ശ്രീകൃഷ്ണൻ കാട്ടിലേക്ക് പുറപ്പെട്ടു. കൊടുംകാട്ടിൽ പ്രസേനൻ്റെ മൃതദേഹം കണ്ടു. സിംഹത്തിൻ്റെ കാലടിപ്പാടുകളും അതിനോക്കി മുമ്പോട്ട് നടന്നപ്പോൾ സിംഹത്തിനേയും കൊന്നിട്ടിരിയുന്നു. മുമ്പിൽക്കണ്ട ആ വലിയ ഗുഹയിലേയ്ക്ക് ക്ഷണൽ പ്രവേശിച്ചു. അവിടെ ഒരു കൊച്ചു കുട്ടി ഈരത്നമാലയുമായി ക്കളിക്കുന്നു. കൃഷ്ണനെക്കണ്ട് കുട്ടി കരഞ്ഞു. അപ്പോൾ ഭയങ്കര ശബ്ദത്തോടെ ജാം ബവാൻ കൃഷ്ണൻ്റെ മുമ്പിലെത്തി. എൻ്റെ കുട്ടിയെ ഭയപ്പെടുത്തിയവനെ ഞാൻ കൊല്ലും എന്നു പറഞ്ഞ് ഗദയുമായി കൃഷ്ണൻ്റെ നേർക്ക് ചാടി. കൃഷ്ണന് ഒന്നും പറയാൻ അവസരം കൊടുത്തില്ല. പിന്നെ രണ്ടു തുല്യശക്തികൾ തമ്മിൽ പൊരിഞ്ഞ പോരാട്ടം: ഇരുപത്തി എട്ടു ദിവസം അത് തുടർന്നു. അവസാനം ജാംബവാന് മനസിലായി ഇത് കൃഷ്ണനാണന്ന്. ആ മാലയും തൻ്റെ പുത്രിയേയും കൃഷ്ണന് സമ്മാനിച്ച് മാപ്പ് ചോദിച്ചു.കൃഷ്ണൻ രാജധാനിയിൽ തിരിച്ചെത്തി. ശൂരസേന രാജാവ് സത്രാ ജിത്തിന് ആളെ വിട്ടു .കാര്യം മനസ്സിലാക്കാതെ ആളുകളെപ്പറ്റി അപവാദം പറയരുത് എന്നു പറഞ്ഞ രത്നം തിരിച്ചു കൊടുത്തു. സത്രാ ജിത്തിന് വിഷമമായി. എങ്ങിനെ കൃഷ്ണനെ സന്തോഷിപ്പിക്കാം എന്നു ചിന്തിച്ചു. അവസാനം തൻ്റെ മകൾ സത്യഭാമയെകൃഷ്ണന് വിവാഹം ചെയ്തു കൊടുത്തു.കൂടെ ആ അമൂല്യ രത്നവും. സത്യഭാമ ഭൂമിദേവിയുടെ അവതാരമാണ്. അത് കൃഷ്ണനോട് തന്നെ ചേർന്നു.കൃഷ്ണൻ രത്നംസത്രാജിത്തിന് തിരിച്ചു കൊടുത്തു. ബത് അങ്ങേയ്ക്ക് സൂര്യഭഗവാൻ നൽകിയതാണ്.അതങ്ങു തന്നെ വച്ചു കൊള്ളൂ.ഭരണാധികാരികൾ സംശയത്തിനതീതരാകണം അൽപ്പന്മാർ തെറ്റായ ആരോപണം ഉന്നയിച്ച് അപവാദം പ്രചരിപ്പിക്കുമ്പോൾ അതു തെററന്ന് തെളിയിക്കണ്ട ഉത്തരവാദിത്വം ഭരണാധികാരിക്കു തന്നെയാണ്. ഇന്നും പ്രസക്തമാണ് കൃഷ്ണൻ്റെ ആ കാഴ്ച്ചപ്പാട്.

Tuesday, September 15, 2020

ഉതംഗമഹർഷിക്ക് കൊടുത്ത വരം [ കൃഷ്ണൻ്റെ ചിരി- 53]മഹാഭാരത യുദ്ധം കഴിഞ്ഞ് ശ്രീകൃഷ്ണൻ മടങ്ങുമ്പോൾ വഴിക്കു വച്ച് ഉതംഗ മഹർഷിയെ കണ്ടുമുട്ടി. ഞാൻ കൊടും കാട്ടിലൂടെയുള്ള ഒരു യാത്രയാണ് അനുഗ്രഹമുണ്ടാകണം എന്ന് മഹർഷി കൃഷ്ണനോട് പറഞ്ഞു."എപ്പോഴൊക്കെ എനിക്ക് ദാഹിക്കുന്നുവോ അപ്പോഴൊക്കെ എനിക്ക് കുടിവെള്ളം ലഭ്യമാക്കണം." എന്നൊരു വരം കൃഷ്ണനോട് ചോദിച്ചു.കൃഷ്ണൻ വരം കൊടുത്തു.ഉതംഗ മഹർഷി കാട്ടിലൂടെ യാത്ര തുടർന്നു. കുറച്ചു കഴിഞ്ഞപ്പോൾ വല്ലാത്ത ദാഹം തോന്നി. അടുത്തെങ്ങും ഒരു ജലാശയത്തിൻ്റെ ലക്ഷണമില്ല. അപ്പഴാണ് കൃഷ്ണൻ്റെ വരം ഓർമ്മ വന്നത്.ആ സമയത്ത് ഒരു പ്രാകൃതനായ കാട്ടാളൻ ആ വഴി വന്നു. കീറിയ മൃഗചർമ്മം കൊണ്ടുള്ള വേഷം. തലമുടി വളർന്ന് മുഖം പകുതി മറച്ച് കിടക്കുന്നു. കൂടെ രണ്ടു വേട്ടപ്പട്ടികൾ. കയ്യിൽ പ്രാകൃതായുധങ്ങൾ.തോളത്ത് തോലുകൊണ്ടൊരു സഞ്ചി.മറു തോളിൽ ചോരയൊലിപ്പിച്ച് ഒരു വേട്ടമൃഗം '" അങ്ങയെക്കണ്ടിട്ട് ദാഹിച്ചുവലഞ്ഞതായിത്തൊന്നുന്നു. ഇതു കടിച്ചാലും " കാട്ടാളൻ തൻ്റെ തോളത്തുള്ള തുകൽ സഞ്ചി എടുത്തു. അതിലെ വെള്ളം മഹർഷി ക്ക് നീട്ടി. പക്ഷെ ഉതംഗ മഹർഷിക്ക് വൃത്തിഹീനനായ ആ ചണ്ഡാലൻ്റെ കയ്യിൽ നിന്നുള്ള വെള്ളം വേണ്ട എന്നു തീരുമാനിച്ചു. കാട്ടാളൻ വീണ്ടും നിർബ്ബന്ധിച്ചു.ഉതംഗൻ നിരസിച്ചു. കാട്ടാളൻകാട്ടിൽ മറഞ്ഞു.ഇതാണോ കൃഷ്ണൻ്റെ വരം. മഹർഷി ദാഹം കൊണ്ട് അവശനായി. അപ്പോൾ കൃഷ്ണൻ അദ്ദേഹത്തിൻ്റെ അടുത്തെത്തി."ഈ വൃത്തിഹീനനായ ചണ്ഡാലൻ്റെ കയ്യിൽ നിന്നാണോ ഞാൻ വെള്ളം കുടിക്കണ്ടത്. ഇതാണോ അങ്ങയുടെ വരപ്രസാദം " മുനി അദ്ദേഹത്തിൻ്റെ നീരസം മറച്ചു വച്ചില്ല.കൃഷ്ണൻ ചിരിച്ചു. അങ്ങേയ്ക്ക് ദാഹിച്ചപ്പോൾ അങ്ങേയ്ക്ക് വേണ്ടി ഇന്ദ്രനോട്അമൃതാണ് ആവശ്യപ്പെട്ടത്. പക്ഷേ ഇന്ദന് അമൃത് ഒരു മനുഷ്യന് കൊടുക്കാൻ താൽപ്പര്യമില്ലായിരുന്നു. ഞാൻ നിർബ്ബന്ധിച്ചപ്പോൾ ഞാൻ ഒരു കാട്ടാളൻ്റെ വേഷത്തിലേ അദ്ദേഹത്തിന് അമൃത് കൊടുക്കുകയുള്ളു എന്നു പറഞ്ഞു. അങ്ങിനെ അങ്ങയുടെ മുമ്പിൽ വന്നത് സാക്ഷാൽ ഇന്ദ്രദേവനാണ്.അങ്ങക്ക് തരുവാൻ അമൃതുമായി.ഉതം ഗ മുനി ലജ്ജിച്ചു തലതാഴ്ത്തി." കാട്ടാളർക്കും, മുനിമാർക്കും, രാജാക്കന്മാർക്കും എല്ലാം ഒരു ദൈവമേ ഒള്ളു. എല്ലാവരുടേയും ചോരയ്ക്ക് ചുവപ്പു നിറവും. അങ്ങയുടെ മനസിലെ മാലിന്യം കൊണ്ടാണ് അങ്ങേക്ക് അതു തിരിച്ചറിയാതെ പോയത്.തെറ്റുപറ്റിയ ഉതംഗ മുനികൃഷ്ണനെ നമസ്ക്കരിച്ചു മാപ്പ് ചോദിച്ചു.കൃഷ്ണൻ അദ്ദേഹത്തിന് ജലം നൽകി യാത്രയാക്കി.നാനാജാതി മനസ്ഥതരേയും ഒരു പോലെ കാണാനുള്ള ഒരു വലിയ സന്ദേശമാണ് ശ്രീകൃഷ്ണൻ ഇവിടെ മാലോകർക്ക് നൽകിയത്.

Sunday, September 13, 2020

രാധ പ്രണയത്തിൻ്റെയും ത്യാഗത്തിൻ്റേയും ദേവി (കൃഷ്ണൻ്റെ ചിരി- 52 ]ഗാന്ധാരി ശാപത്താൽ യാദവകുലം മുഴുവൻ തമ്മിത്തല്ലി നശിച്ചു. താനുംഭൂമിയിൽ നിന്ന് വിട വാങ്ങാനുള്ള തയാറെടുപ്പിലാണ് കൃഷ്ണൻ. പ്രിയ സുഹൃത്ത് ഉദ്ദവർ കൃഷ്ണനെ കാണാൻ വരുന്നു.എന്തുകൊണ്ട് അങ്ങയുടെ പ്രണയിനി രാധയെ അങ്ങ് ഉപേക്ഷിച്ചു. എന്തുകൊണ്ട് പിന്നെക്കണ്ടില്ല. എന്നു ചോദിച്ചപ്പോൾ കൃഷ്ണൻ സ്വന്തം മാറിടത്തിലെ ഉത്തരീയം നീക്കി എന്നും രാധ ഇവിടുണ്ടായിരുന്നു എന്നു പറഞ്ഞു. ശ്രീകൃഷ്ണൻ്റെ മുഖത്ത് വിഷാദഛായയുള്ള ഒരു ചിരി.ഒത്തിരി ഒത്തിരി പ്രതിസന്ധികളിലൂടെ കടന്നുപോയ പ്പഴൊന്നും ഇങ്ങിനെ ഒരു ചിരി ആ മുഖത്തു കണ്ടിട്ടില്ല.വ്യഷഭാനുവിൻ്റെയും കീർത്തിയുടെയും മകളാണ് രാധ. മഹാലക്ഷ്മിയുടെ അവതാരമായ രാധ കണ്ണടച്ചു തന്നെയാണ് ജനിച്ചത്.അന്ധയാണന്നെല്ലാവരും കരുതി. പക്ഷേ കൃഷ്ണൻ്റെ മുഖമേ ആദ്യം കാണൂ എന്ന് രാധ ഉറച്ചിരുന്നുവത്രേ.അങ്ങിനെ വൃന്ദാവനത്തിൽ വച്ച് കൃഷ്ണനെ ത്തന്നെയാണ് രാധ ആദ്യമായി കാണുന്നത്.പിന്നീട് വൃന്ദാവനത്തിൽ ഗോപികമാർക്കൊപ്പം രാധ കൃഷ്ണൻ്റെ ഇഷ്ട സഖിആയിക്കഴിഞ്ഞു.രാധയ്ക്ക് കൃഷ്ണനെക്കാൾ പ്രായമുണ്ട്. പക്ഷേ അവരുടെ പ്രണയം ഉദാത്തമായിരുന്നു. കാളിയനെക്കൊല്ലാൻ കാളിന്ദിയിലേക്ക് ശ്രീകൃഷ്ണൻ ചാടാനൊരുങ്ങിയപ്പോൾ എല്ലാവരും എതിർത്തു.രാധ മാത്രം കൂടെ നിന്ന് പ്രോത്സാഹിപ്പിച്ചു. അവരുതമ്മിലുള്ള പ്രണയത്തിൻ്റെ തീവ്രത മനസിലാക്കുന്നത് അവരുടെ വിരഹത്തിലാണ്.കൃഷ്ണൻ മധുര ഉപേക്ഷിച്ചു പോകുന്ന നേരം എല്ലാ ഗോപികമാരും വാവിട്ടു കരഞ്ഞു.രാധ മാത്രം കരഞ്ഞില്ല. ശ്രീകൃഷണൻ നൽകിയ ആ മുരളിയും കയ്യിൽ പ്പിടിച്ച് അവൾ ദുഖത്തിൻ്റെ പ്രതീകമായി മാറി നിന്നു.ഇനി കൃഷ്ണൻ തിരിച്ചു വരില്ലന്നു് അവൾക്കറിയാമായിരുന്നു.ഇനി ജീവിതത്തിലൊരിക്കലും കാണില്ലന്നും. പിന്നീട് ആ മുരളിയുമായി വൃന്ദാവനത്തിൽ രാധ അലഞ്ഞു നടന്നു. കാളിന്ദീ തീരത്ത് ആ കടമ്പ് മരത്തിൻ്റെ ചുവട്ടിൽ ദുഖത്തിൻ്റെ പ്രതീകമായി ഇരിക്കുന്ന രാധയുടെ രൂപം കരളലിയിക്കുന്നതായിരുന്നു. കംസവധത്തിനു ശേഷം സ്വന്തം ഉത്തരവാദിത്വങ്ങളിൽ മുഴുകിയ കൃഷ്ണന് തൻ്റെ പ്രണയിനിയേക്കാണാൻ പോലും സമയം കിട്ടിയില്ല. ഒരിയ്ക്കൽ മധുരയിലും, പിന്നീട് ദ്വാരകയിലും കൃഷ്ണനെ ഒരു നോക്കു കാണാനായിരാധ പോയങ്കിലും കാണാതെ തിരിച്ചു പോരികയാണുണ്ടായത്.രാധയുടെ ഭർത്താവ് അയൻ ൻ്റെ ഒരു കഥയുണ്ട്. അ യ ൻ മഹാവിഷ്ണുവിനെ തപസു ചെയ്ത് പ്രത്യക്ഷപ്പെടുത്തി.ലക്ഷ്മീദേവിയെ ഭാര്യയായിക്കിട്ടണമെന്ന് വരം ചോദിച്ചു വത്രേ. അവസാനം വിഷ്ണു ഭഗവാൻ സമ്മതിച്ചു. അടുത്ത ജന്മം ദ്വാപരയുഗത്തിൽ ലക്ഷ്മിദേവി രാധയായി ജനിക്കുമെന്നും. അന്നവന് രാധയെ വിവാഹം ചെയ്യാമെന്നും പറഞ്ഞു. പക്ഷേ നീ ഒരു നപുംസകമായേ ജനിയ്ക്കൂ എന്നും പറഞ്ഞു. കൃഷ്ണനുമായുള്ള രാധയുടെ ചെങ്ങാത്തം അയന് വിരോധമില്ലായിരുന്നു

Saturday, September 12, 2020

ശ്രവണം മുക്തിദായകം " ' ആദ്യ ഭാഗവതസത്ര വേദിയിൽത്തന്നെ ആയിരുന്നു 25-മത് സത്രവും. കുറിച്ചിത്താനം പൂത്തൃക്കോവിൽ ക്ഷേത്രത്തിൽ. അന്ന് ആ സത്രത്തിൻ്റെ എല്ലാമെല്ലാമായിരുന്ന മള്ളിയൂർ ശങ്കരൻ നമ്പൂതിരിയാണ് ആ സത്രത്തിൻ്റെ "സ്ലോ ഗൺ" നിശ്ചയിച്ചത്. " ശ്രവണം മുക്തിദായകം". കാണുന്നതിനേക്കാൾ കേൾവി ആണ് മനസിൽ കൂടുതൽ കാലം നിലനിൽക്കുന്നതെന്നും അദ്ദേഹം അന്നു പറഞ്ഞിരുന്നു.ഞാൻ പിൽക്കാലത്തു് അമേരിയ്ക്കയിൽ കുറേക്കാലമുണ്ടായി. അന്നും അവിടെ ഓൺലൈൻ പഠനം വ്യാപകമായുണ്ട്. അവിടത്തെ വിദ്യാഭ്യാസ പ്രവർത്തകരുമായി അന്ന് അടുത്തിടപഴകാന വസരമുണ്ടായി. അവർ ഇപ്പോൾ പറയുന്നത് ഒരു വീഡിയോ കണ്ടു പഠിക്കുന്നതിനേക്കാൾ കേട്ടു പഠിക്കുന്നതാണ് മനസിൽ കൂടുതൽ കാലം തങ്ങിനിൽക്കുന്നതെന്നാണ്. അവിടെയാണ് കുട്ടികൾക്ക് കൂടുതൽ ചിന്തിക്കാനവസരം കിട്ടുന്നത്. വ്യത്യസ്ഥ അഭിപ്രായങ്ങളും ഉണ്ട്.പക്ഷേ അവിടെ കഥകൾ വായിച്ചു തരുന്ന ഈ ബുക്കുകൾ സർവ്വസാധാരണമാണ്. ലൈബ്രറി കളിൽപ്പോലും. മറ്റു ജോലികൾ [ ഡ്രൈവിംഗ് പോലെ ] ഇതു കേട്ടു കൊണ്ട് ചെയ്യാൻ പറ്റുന്നു എന്നത് പ്രധാനമാണ്പണ്ടു മുത്തശ്ശിമാർ പറഞ്ഞു തരുന്ന മുത്തശ്ശിക്കഥകൾ ഇന്നും നമ്മുടെ ഓർമ്മയിലുണ്ടാകും. കണ്ണിന് ഹാനികരമായ ഈ ക്ലാസുകൾ പകുതി എങ്കിലും ഓഡിയോ മുഖാന്തിരം ആക്കിയാൽ നന്നാവും എന്നു തോന്നുന്നു.

കാളിയമർദ്ദനം - കാളിന്ദീനദി ശുദ്ധീകരിയ്ക്കുന്നു. [കൃഷ്ണൻ്റെ ചിരി- 51]കൃഷ്ണൻ കാലിമേച്ച് കൂട്ടുകാരുമായി ഗോപികമാരോടു കൂടി വൃന്ദാവനത്തിലാണ് കളിച്ചു വളർന്നത്..ആ മനോഹരമായ സ്ഥലത്തിനരികിലൂടെയാണ് കാളിന്ദി നദി ഒഴുകുന്നത്. യമുനാ നദിയുടെ ഒരു ഭാഗം. ഒരു ദിവസം കൃഷ്ണൻ്റെ ചില സുഹൃത്തുക്കളും, പശൂക്കളും കാളിന്ദിയിലെ വെള്ളം കുടിച്ച് ബോധംകെട്ടുവീണു. കാളിന്ദിയിൽ കാളിയൻ എന്നു പേരായ ഒരു ഭീകര സർപ്പം വസിക്കുന്നുണ്ട്. അവൻ ചീററിയ വിഷം കൊണ്ടാണ് ജലം വിഷലിപ്തമായത്.കൃഷ്ണന് കാര്യം മനസിലായി. സാഹസികനായ കൃഷ്ണൻ നദീതീരത്തുള്ള കടമ്പ് വൃക്ഷത്താൽക്കയറി നദിയിലേക്ക് ചാടി.എല്ലാവരും ഭയപ്പെട്ടു.ക്രുദ്ധനായ കളിയൻ തൻ്റെ ഫണങ്ങൾ ഉയർത്തി ശ്രീകൃഷ്ണനെ ആക്രമിച്ചു. പക്ഷേ കൃഷ്ണൻ്റെ താഡനത്താൽ അവൻ വശംകെട്ടു .അവൻ്റെ വാലിൽപ്പിടിച്ച് ഫണത്തിൽ ചാടിക്കയറി നൃത്തം ചെയ്യാൻ തുടങ്ങി. അവസാനം കാളിയൻ ചോര ഛർദ്ദിച്ചു.കാളിയനും അവൻ്റെ ഭാര്യമാരും കാലിൽ വീണപേക്ഷിച്ചു. രക്ഷിക്കണം. ഗരുഡനെപ്പേടിച്ചാണ് കാളിന്ദിയിൽ എത്തിയത്.ഇവിടെ മഹർഷിയുടെ ശാപം കൊണ്ട് ഗരുഡന് വരാൻ പറ്റില്ല... കൃഷ്ണൻ അവർക്ക് മാപ്പ് കൊടുത്തു. കൊല്ലാതെ വെറുതെ വിട്ടു. മാത്രമല്ല രമണകദ്വീപ് താമസിക്കാനായി വിട്ടുകൊടുത്തു. അവിടെ ഗരുഡൻ ഉപദ്രവിക്കില്ലന്നും പറഞ്ഞു.മലിനമാകാതെ നദി കൾ സൂക്ഷിക്കുന്നതിൻ്റെ ഒരു മഹത് സന്ദേശമാണ് കൃഷ്ണൻ ഇവിടെ കൊടുക്കുന്നത്. അതോടൊപ്പം അതിൽ കാരണക്കാരനായ കാളിയനെ കൊല്ലുന്നുമില്ല. അവന് സംരക്ഷിതമായ ഒരു സ്ഥലം ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഒരു വലിയ സന്ദേശം ഈ കഥയിൽ കാണാം.ഇനി കാളിയന് ഒരു പൂർവ്വ കഥയുണ്ട്. ശാപങ്ങളുടെയും, ശാപമോക്ഷങ്ങളുടേയും കഥകൾ കോർത്തിണക്കിയ നമ്മുടെ പുരാണ കഥകളിലൂടെയുള്ള സഞ്ചാരം രസാവഹമാണ്. വേദ സരസ് എന്ന. ഋഷിവര്യൻ ഒരു നദീതീരത്ത് തപസു ചെയ്യുകയായിരുന്നു. അപ്പഴാണ് അവിടെത്തന്നെ അശ്വ ശിരസ്സും തപസിനു വന്നത്. അത് വേദ ശിരസിന് ഇഷ്ടപ്പെട്ടില്ല. ഇത് അങ്ങയുടെ മാത്രം സ്ഥലമല്ല എല്ലാവർക്കും അവകാശപ്പെട്ടതാണ് എന്നായി അശ്വ ശിരസ്,.വാക്കുതർക്കമായി. വഴക്കായി. അവസാനം അവസാനം വേദ ശിരസ് അശ്വ ശിരസിനെ ശപിച്ചു. നീ വിഷം ചീറരുന്ന ഒരു ഘോര സർപ്പമായിപ്പോകട്ടെ എന്ന് .ആ സർപ്പമാണ് കാളിയൻ.മറിച്ച് അശ്വശി രസ് നീ ഒരു കാക്കയായിപ്പോകട്ടെ എന്നു ശപിച്ചു. അവസാനം രണ്ടു പേർക്കും വിഷമമായി. ഭഗവാർ കൃഷ്ണൻ്റെ പാദാംശു നിൻ്റെ ശിരസിൽ പതിയാൻ യോഗമുണ്ടാകട്ടെ എന്നനു ഗ്രഹിച്ചു. നീ ത്രികാലജ്ഞാനി ആയ ഒരു കാക്ക [ദു ഡൂകൻ] ആകട്ടെ എന്ന് മറിച്ചുംഅനുഗ്രഹിച്ചു.

Friday, September 11, 2020

ഗോവർദ്ധന ഗോപാലൻ - കർഷകരുടെ ഉപാസനാമൂർത്തി [കൃഷ്ണൻ്റെ ചിരി- 50]കംസൻ്റെ വധശ്രമങ്ങളിൽ നിന്ന് പല പ്രാവശ്യം രക്ഷപെട്ട കഥകൾ ശ്രീകൃഷ്ണന് ഒരു വീരപരിവേഷം നൽകിയിരുന്നു.എങ്കിലും അവർ ബലരാമൻ്റെ കലപ്പയും, ശ്രീകൃഷ്ണൻ്റെ ഗോപാലനവുമായി കർഷകവൃത്തിയുടെ മൂല്യം വിളിച്ചോതി ലളിതമായിത്തന്നെ ജീവിച്ചു. നന്ദഗോ പരും, യദുകുലവാസികളും കൃഷിയും പശുവളർത്തലുമായി സ്വസ്ഥമായി ജീവിതം നയിക്കുന്നവരാണ്. എല്ലാ വർഷവും ജനങ്ങൾ ഇന്ദ്രദേവന് ഒരു പൂജ പതിവുണ്ട്. പൂജ ചെയ്തില്ലങ്കിൽ ഇന്ദ്രദേവൻ കോപിക്കും.മഴയും കാറ്റും കൊണ്ട് കൃഷി മുഴുവൻ നശിപ്പിക്കും എന്നവർ ഭയപ്പെട്ടിരുന്നു. ഇനി മുതൽ ഇന്ദ്രപൂജ വേണ്ട. പൂജിക്കുകയാണങ്കിൽ പശുക്കളേയും, പർവ്വതത്തെയുമാണ് പൂജിക്കണ്ടത്. കൃഷ്ണൻ പറഞ്ഞപ്പോൾ എല്ലാവരും ഞട്ടി. അതപകടമാണ്. ഇന്ദ്രകോപം അശ്വനീപാതമായി പതിച്ച് നമ്മെ ഉന്മൂലനം ചെയ്യും.അവർ ഭയന്നു. അവസാനം ശ്രീകൃഷ്ണൻ്റെ അഭിപ്രായത്തിനവർ വഴങ്ങി. പ്രകൃതീ പൂജയുടെ പ്രതീകമായി ഗോവർദ്ധന പൂജ നടന്നു.ഒപ്പം ഗോപൂജയും. ഇന്ദ്രൻ കോപാകുലനായി തൻ്റെ മേഘങ്ങളെ അയച്ച് അവിടെ കെടും കാറ്റും, പേമാരിയും അശ്വനീ പാതവും കൊണ്ട് യാദവരെ ഒന്നടങ്കം ഭയവിഹ്വലരാക്കി. അവർ രക്ഷപെടാൻ പരക്കം പാഞ്ഞു തുടങ്ങി. അവസാനം ഗോവർദ്ധന പർവ്വതംതൻ്റെ ചെറുവിരളി നാൽ ഉയർത്തി എല്ലാവരേയും അതിനടിയിൽ സുരക്ഷിതരാക്കി.അങ്ങിനെ ഏഴു ദിവസം. അവസാനം ഇന്ദ്രൻ വന്ന് മാപ്പ് ചോദിച്ചു. എന്നാണ് കഥ. പട്ടിളം പുല്ല് നിറഞ്ഞ ഗിരിതടങ്ങളും, നീർച്ചാലുകളും, നറുമണം പരത്തുന്ന പൂക്കളും, ധ്യാനത്തിനുതകുന്ന വലിയ ഗുഹകളും ഒക്കെ ക്കൊണ്ട് സമ്പന്നമായ പ്രകൃതിയെ സംരക്ഷിക്കണ്ടതിൻ്റെ ആവശ്യകതയാണ് ഗോവർദ്ധന ഗോപാലനായ കൃഷ്ണൻ നമ്മെ പഠിപ്പിച്ചത്.ഈ ഗോവർദ്ധന പർവ്വതത്തെപ്പറ്റി ഒരു കഥയുണ്ട്. ഒരിക്കൽ പുല സ്ത്യ മഹർഷി ദ്രോണാചല പർവതത്തെ ക്കണ്ട് പുത്രനായ ഗോവർദ്ധന പർവ്വതത്തെ കൊടുക്കണമെന്നാവശ്യപ്പെട്ടു.മഹർഷിയുടെ ദേശത്ത് മലകൾ ഇല്ലാത്തതു കൊണ്ട് അവിടെ സ്ഥാപിക്കാനാണന്നാണ് പറഞ്ഞത്. മനസ്സില്ലാ മനസോടെ മഹർഷിശാപം ഭയന്ന് തൻ്റെ പുത്രനെ മഹർഷിക്ക് ദാനം ചെയ്തു. എന്നെപ്പോലെ ഇത്ര വലിയ ഒരു പർവതത്തെ എങ്ങിനെ കൊണ്ടു പോകും എന്നു ചോദിച്ചപ്പോൾ എൻ്റെ യോഗവിദ്യകൊണ്ട് കൈ കൊണ്ട് ആ കാശമാർഗ്ഗേണ കൊണ്ടു പോകും എന്നു പറഞ്ഞു.. പക്ഷേ വഴിക്ക് എവിടെ എങ്കിലും എന്നേ ഇറക്കണ്ടി വന്നാൽ പിന്നെ എന്നെ ഉയർത്താൻ പാടില്ല എന്നു പറഞ്ഞു മഹർഷി സമ്മതിച്ചു.അങ്ങിനെ ആകാശമാർഗ്ഗേ പോയി യാദവ ദേശത്തിന് മുകളിലെത്തി. ഭഗവാൻ കൃഷ്ണൻ വസിക്കുന്ന സ്ഥലമാണ്. എനിക്കിവിടെയാണ് വസിക്കാനിഷ്ടം ശ്രീകൃഷ്ണനെ നേരിൽ കാണുകയും ചെയ്യാം. പർവ്വതംതൻ്റെ ഭാരം ഇരട്ടിയാക്കി. മഹർഷിക്ക് താങ്ങാൻ പറ്റാത്തത്ര ഭാരം! പുലസ്ത്യ മഹർഷി മടുത്ത് ഭാരം അവിടെ ഇറക്കി വച്ചു.. പക്ഷേ പിന്നെ കരാറു പ്രകാരം കൊണ്ടുപോകാൻ പറ്റില്ല. ആ പർവതമാണ് ശ്രീകൃഷ്ണൻ പ്രകൃതിസംരക്ഷണത്തൻ പൂജിച്ച ഗോവർദ്ധന പർവ്വതം.

Thursday, September 10, 2020

ഒരു ഇതിഹാസ പുരുഷൻ്റെ പൂർണ്ണാവതാരം [കൃഷ്ണൻ്റെ ചിരി- 49 ] കംസൻ തൻ്റെ അച്ഛൻ ഉഗ്രസേനനെ തടവിലാക്കിയാണ് രാജാവായത്.തൻ്റെ സഹോദരി ദേവകിയെവസുദേവരെക്കൊണ്ട് വിവാഹം കഴിപ്പിച്ചു.വിവാഹ ഘോഷയാത്രയിൽ ഒരശരീരി കേട്ടു.ദേവകിയുടെ എട്ടാമത്തെ പുത്രൻ നിന്നെക്കൊല്ലും എന്ന്. ക്രുദ്ധനായ കംസൻ വാളും ഊരിപ്പിടിച്ച് ദേവകിയെക്കൊല്ലാനായി അടുത്തു. വസുദേവർ തടഞ്ഞു.ദേവകിയെക്കൊല്ലരുത്‌ ഞങ്ങൾക്കുണ്ടാകുന്ന എല്ലാ കുട്ടികളേയും ജനിക്കുമ്പോൾത്തന്നെ അങ്ങേയ്ക്ക് തന്നുകൊള്ളം എന്നു പറഞ്ഞു. കംസൻ സമ്മതിച്ചു. പക്ഷേ രണ്ടു പേരെയും കാരാഗ്രഹത്തിലടച്ചു.ഒരോ കുട്ടികൾ ഉണ്ടാകുമ്പഴും താണുകേണപേക്ഷിച്ചിട്ടും കംസൻ സമ്മതിച്ചില്ല. പ്രസവിച്ച ഉടനെ അവരെ എല്ലാംപാറയിലടിച്ചു കൊന്നുകളഞ്ഞു. അങ്ങിനെ ദേവകി എട്ടാമത്തെ ഗർഭം ധരിച്ചു.കൃഷ്ണനെ പ്രസവിച്ചു. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയുടെ അന്ന് അർദ്ധ രാത്രി.തേജസ് സ്വരൂപനായ ആ ഉണ്ണിയെ കംസൻ വധിക്കും എന്നോർത്ത് വിഷമിച്ചിരിക്കുമ്പോൾ ആ കുഞ്ഞിൻ്റെ മുഖത്ത് ഒരു തെളിഞ്ഞ പുഞ്ചിരി. ഭൂമിയിൽ ദിവ്യമായ ഒരു തേജസ് ജന്മമെടുത്തതായി അവർക്ക് തോന്നി.എന്തോ ഒരരുളപ്പാട് പോലെ വസുദേവർ എഴുന്നേറ്റു.. തന്നെ രക്ഷിക്കാനുള്ള മാർഗ്ഗം മുഴുവൻ ആ ചിരിയിലൂടെ വസുദേവർക്ക് പകർന്നു കിട്ടിയതുപോലെ അദ്ദേഹത്തിന് തോന്നി. തടവറയുടെ പൂട്ടും ,കാവൽക്കാരും, പ്രകൃതിക്ഷോപങ്ങളും പിന്നെ വസുദേവർക്കു് തടസമായില്ല.എല്ലാ പ്രകൃതി ശക്തികളുടെയും സഹായത്തോടെ വസുദേവർ തൻ്റെ അരുമയായ പുത്രനെ അമ്പാടിയിൽ യശോദയുടെ അരികിൽ എത്തിച്ചു.യശോദ പ്രസവിച്ച ചോരക്കുഞ്ഞിനെ പകരമായി എടുത്തു തിരിച്ചു പോന്നു. ആ പെൺകുഞ്ഞുമായി തിരിച്ച് കാരാഗ്രഹത്തിൽ പ്രവേശിച്ച ഉടനെ കുഞ്ഞു കരഞ്ഞു. കാവൽക്കാർ ഉണർന്നു. കംസൻ വിവരമറിഞ്ഞു കാരാഗ്രഹത്തിൽ എത്തി. എട്ടാമത്തെ പുത്രൻ എന്നല്ലേ പറഞ്ഞത്, ഇതു പെൺകുഞ്ഞല്ലേ ഇതിനേക്കൊല്ലരുത്.ദേവകി കംസൻ്റെ കാൽക്കൽ വീണു.. ആരു കേൾക്കാൻ. ആ കുഞ്ഞിൻ്റെ കാലിൽപ്പിടിച്ച് തറയിലടിച്ചു കൊല്ലാൻ തുടങ്ങിയപ്പോൾ കൈവിട്ട് ആ കുഞ്ഞ് ഉയർന്നു പോയി. "കംസാ നിന്നെ കൊല്ലാൻ ഒരുണ്ണി പിറന്നിട്ടുണ്ട് ഭൂമിയിൽ. നീ കരുതിയിരുന്നോ?" എന്നു പറഞ്ഞ് ആ ദിവ്യ തേജസ് അപ്രത്യക്ഷമായി..പിന്നെ നന്ദഗോപരുടേയും യശോദയുടേയും മകനായി യദുകുലത്തിൽ കളിക്കൂട്ടുകാരുമായി കാലിമേച്ചുനടക്കുന്ന കൃഷ്ണനെയാണ് നമ്മൾ കാണുന്നത്.സാധാരണക്കാരിൽ സാധാരണക്കാരനായി വളർന്ന് സ്വന്തം കർമ്മം കൊണ്ട് വിശ്വം കീഴടക്കി ആ വിശ്വരൂപം നമുക്ക് കാണിച്ചു തന്ന കൃഷ്ണൻ്റെ കഥകൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല.ഭാഗവതത്തിലും, മഹാഭാരതത്തിലും മാത്രമല്ല ബ്രഹ്മ വൈവർത്തപുരാണത്തിലും, വിഷ്ണുപുരാണത്തിലും ഹരിവംശത്തിലും, കൃഷ്ണോ പനിഷത്തിലും കൃഷ്ണൻ്റെ കഥകൾ നമുക്ക് വായിച്ചെടുക്കാം. ഭാരതത്തിൽ മാത്രമല്ല ലോകത്തിൻ്റെ നാനാഭാഗത്തും ആ കർമ്മയോഗിയുടെ കഥകൾ പാടിപ്പറഞ്ഞ്, പകർന്നു നൽകിക്കൊണ്ടിരുന്നു. അതെല്ലാം ഒന്നു കോർത്തിണക്കാനുള്ള ഒരു എളിയ ശ്രമമാണ് ഈ "കൃഷ്ണൻ്റെ ചിരി " എന്ന പരമ്പരക്ക്. എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം'

Sunday, September 6, 2020

ദ്രുപത മഹാരാജാവും, ശ്രീകൃഷ്ണനും [കൃഷ്ണൻ്റെ ചിരി- 47]പിന്നെ ദ്രോണരും, കുചേലനും. രണ്ടു പേരുടേയും സൗഹൃദം വ്യത്യസ്ഥമാണ്. അഗ്നിവേ ശ്രമത്തിൽ ദ്രുപതനും ദ്രോണരും സതീർത്ഥ്യരായിരുന്നു. ഉററ ചെങ്ങാതിമാർ.ഞാൻ രാജാവാകുന്ന കാലത്ത് വന്നു കാണണമെന്നും അളവറ്റ സഹായം നിനക്ക് ചെയ്യാൻ പ്രാപ്തനാകുമെന്നും വാക്കു പറഞ്ഞാണ് അന്നവർപിരിഞ്ഞത്.കാലം കടന്നു പോയി.ദ്ര്യം പതൻ പഞ്ചാലത്തിലെ രാജാവായി. ദ്രോണരാണങ്കിൽ പട്ടിയും പരിവട്ടവുമായി കഷ്ടപ്പെട്ടു ജീവിച്ചു വന്നു. അപ്പഴാണ് തൻ്റെ സഹപാഠിയുടെ വാഗ്നാനം ഓർമ്മ വന്നത്. പക്ഷേ ദ്രുപത രാജധാനിയിൽ എത്തിയ ദ്രോണരെ അദ്ദേഹം കണ്ടു എന്നു പോലും നടിച്ചില്ല. ദ്രോണർ പഴയ കാലം സൂചിപ്പിച്ചു. അന്നു പറഞ്ഞിരുന്നത് ഓർമ്മിപ്പിച്ചു.പി ച്ചക്കാർ കയറി വന്ന് എന്തും ചോദിക്കാനുള്ള സ്ഥലമല്ല ഈ രാജധാനി.വേഗം ഇവനെപ്പിടിച്ചു പുറത്താക്ക് എന്ന് കൽപ്പിച്ചു.അങ്ങിനെ ഒരാണരെ ആ രാജധാനിയിൽ നിന്ന് അടിച്ചിറക്കി. കോപംപകയായി മാറിയപ്പോൾ ആ ബ്രാഹ്മണൻ ക്ഷത്രിയ സ്വഭാവമാണ് പുറത്തെടുത്തത്.ഇതിനു പകരം ചോദിക്കും എന്നു പ്രതിജ്ഞ ചെയ്ത് അവിടുന്നിറങ്ങി.ഏതാണ്ടീസമയത്ത്തന്നെ ദ്വാരകയിൽ ഒരു രംഗം അരങ്ങേറുന്നുണ്ടായിരുന്നു. ശ്രീകൃഷ്ണനും കുചേലനും സാന്ദീപനി മഹർഷിയുടെ ആശ്രമത്തിൽ സതീർത്ഥരായിരുന്നു. ഇണപിരിയാത്ത കൂട്ടുകാർ. പഠനം കഴിഞ്ഞ് രണ്ടു പേരും പിരിഞ്ഞു. കാലക്രമത്തിൽ ശ്രീകൃഷ്ണൻ മധുരയിലെ രാജാവായി. സുദാമാവ് എന്ന കളിക്കൂട്ടുകാരൻ ഈശ്വര ചിന്തയുമായി ,പട്ടിണിയും പരിവട്ടവുമായി ജീവിച്ചു പോന്നു.. സ്വന്തം ഭാര്യയും കുട്ടികളും വരെ ആഹാരമില്ലാതെ കരയുന്നത് കാണണ്ടി വന്നു. അവസാനം കുചേല പത്നി ശ്രീകൃഷ്ണനെ പോയിക്കാണാൻ നിർബന്ധിക്കുന്നു. നമ്മുടെ കഷ്ടപ്പാടിന് ഒരു പരിഹാരം അദ്ദേഹം ഉണ്ടാക്കിത്തരും. മടിച്ചു മടിച്ച് അവസാനം, ഭിക്ഷ യാചിച്ചു കിട്ടിയനെല്ല് കുത്തി അവിലാക്കി കൃഷ്ണന് കൊടുക്കാൻ അതും കരുതി പുറപ്പെട്ടു. ദൂരെ നിന്ന് തൻ്റെ കളിക്കൂട്ടുകാരൻ വരുന്നത് കൊട്ടാരത്തിൻ്റെ മട്ടുപ്പാവിലിരുന്ന് കൃഷ്ണൻ കണ്ടു. അദ്ദേഹം ഓടി ഇറങ്ങിച്ചെന്ന് സുദാമാവിനെ സ്വീകരിച്ചു. ആ വലിയ കൊട്ടാരം കണ്ടപ്പോൾത്തന്നെ കുചേലൻ ഒന്നു പകച്ചു. കൃഷ്ണൻ ഇറങ്ങി വന്നു കെട്ടിപ്പിടിച്ചപ്പോൾ അദ്ദേഹം അത്ഭുതം കൂറി.കളിക്കൂട്ടുകാരൻ എന്നെ മറന്നിട്ടില്ല!കചേലനെആനയിച്ച് സിംഹാസനത്തിലിരുത്തി കാലു കഴുകിച്ച് ഉപചാരം ചെയ്തു. പകച്ചു നിന്ന കുചേലൻ്റെ കയ്യിൽ നിന്ന് ആ അവിൽക്കിഴി പിടിച്ചു വാങ്ങി. കഴിച്ചു.മൂന്നാമത്തെ പിടിക്കും കഴിക്കാൻ തുടങ്ങിയപ്പോൾ രൂക്മിണീ ദേവി തടഞ്ഞു. തങ്ങളുടെ ഐശ്വര്യം മുഴുവൻ ഇതു മൂലം കുചേലനാകുമെന്നു ഭയന്നാണ് തടഞ്ഞത്. അവിടെ കൃഷ്ണൻ്റെ കൂടെ രണ്ടു ദിവസം കഴിഞ്ഞിട്ടും പാവം സുദാ മാവ് കൃഷ്ണനോട് ഒന്നും ആവശ്യപ്പെട്ടില്ല. കുചേലൻ്റെ ആഗ്രഹം മാനിച്ച് അദ്ദേഹം കുചേലനെ യാത്ര അയച്ചു. ആ പാവം ബ്രാഹ്മണന് തനിക്കു വേണ്ടി അദ്ദേഹത്തോട് ഒന്നും ചോദിച്ചില്ല. ചോദിക്കാൻ തോന്നിയില്ല. പക്ഷേ കൃഷ്ണൻ ഈ സമയം കൊണ്ട് കുചേലന് മണി മന്ദിരവും സമ്പത്തും ഏർപ്പാടാക്കിയിരുന്നു. കുചേലൻ നാട്ടിൽ വന്നപ്പോഴാണ് തനിക്കു കൈവന്ന ഐശ്വര്യം അറിഞ്ഞതു തന്നെ.ഇവിടെ ദ്ര്യംപതനേയും കൃഷ്ണനേയും താരതമ്യം ചെയ്യുന്നത് രസമാണ്. കുചേലനാണങ്കിലോ ഒരു സ്വാർത്ഥ താത്പ്പര്യവുമില്ലാതെ ഒന്നും ആവശ്യപ്പെടാതെ തിരിച്ചു പോന്നു.അവിടെ ദ്രോണരുംബ്രാഹ്മണനാണ്. ഏകലവ്യനിൽ നിന്ന് അർഹതയില്ലാഞ്ഞിട്ടും ക്രൂരമായി ഗുരുദക്ഷിണ വാങ്ങിയവനാണ്. സ്വന്തം ശിഷ്യന്മാരെ വച്ച് തൻ്റെ പ്രതീകാരം ചെയ്തവനാണ്.അങ്ങിനെ പാതി രാജ്യം കൈവശപ്പെടുത്തിയവനാണ്.ഒരു സ്ഥലത്ത് സൗഹൃദഭംഗത്തിൽ നിന്ന് ഉണ്ടായ പക. മറുവശത്ത് സമാനതകളില്ലാത്ത കറകളഞ്ഞ സൗഹൃദം.

Friday, September 4, 2020

മുത്തശ്ശാ ബാർബറിക്കിൻ്റെ കഥ അച്ചൂനിഷടായി [അച്ചു ഡയറി-375 ]മുത്തശ്ശാ അച്ചു അമേരിക്കയിൽ ആണങ്കിലും നമ്മുടെ പുരാണ കഥകൾ മുഴുവൻ അച്ചൂനറിയാം. അച്ഛനും, അമ്മയും, പിന്നെ അന്നു മുത്തശ്ശനും കറേ അധികം കഥകൾ പറഞ്ഞു തന്നിട്ടുണ്ടല്ലോ? പിന്നെ ഞാനിവിടെ ചിന്മയായുടെ ഗീതാ ക്ലാസിന് പോകുന്നുണ്ട്. അന്നു മുത്തശ്ശൻ നൂറു പുസ്തകങ്ങൾ കൊണ്ടു വന്നില്ലേ? അതു മുഴുവൻ അച്ചു വായിച്ചു തീർത്തു.അച്ചൂന് ഏറ്റവും ഇഷ്ടം ശ്രീകൃഷ്ണനേയാ.ഇപ്പം മുത്തശ്ശൻ്റെ "കൃഷ്ണൻ്റെ ചിരി " ഫെയ്സ് ബുക്കിൽ അമ്മ വായിച്ചു തരും.. അച്ചൂ നിഷ്ടായി. പക്ഷേ കഴിഞ്ഞ ദിവസം ഇട്ട ബാർബറിക്കിൻ്റെ കഥ അച്ചു ആദ്യമായി കേൾക്കുകയാ.ബാർബറിക്കിൻ്റെ മുത്തശ്ശൻ ഭീമസേനനാണന്നറിഞ്ഞപ്പോൾ അച്ചൂന് സന്തോഷായി.ഭീമനെപ്പിടിച്ചു കെട്ടണമെങ്കിൽ അവനെന്തു ശക്തിമാൻ ആയിരിക്കണംപക്ഷേ അവസാനം സങ്കടായി മുത്തശ്ശാ. എന്തിനാ സ്വന്തം തല വെട്ടിക്കൊടുത്തതു്. അതു വേണ്ടായിരുന്നു. വാക്കു പറഞ്ഞു പോയി എന്നതുകൊണ്ട് ഉടനേ അതു ചെയ്യണ്ടായിരുന്നു.കൃഷ്ണനോട് ഒന്നുകൂടി ചോദിച്ചിട്ടു മതിയായിരുന്നു. കൃഷ്ണൻ വേണ്ടന്നു പറഞ്ഞേനേ. കഷടായിപ്പോയി. ആയുദ്ധവീരന് മഹാഭാരത യുദ്ധം മുഴുവൻ കാണാൻ കൃഷ്ണൻ സഹായിച്ചില്ലേ? ഇതുപോലെ ആരും കേൾക്കാത്ത കഥകൾ ഇനിയും പറഞ്ഞുതരൂ മുത്തശ്ശാ.

Thursday, September 3, 2020

ഘടോൽക്കചപുത്രൻ്റെ ശിരസ് [ കൃഷ്ണൻ്റെ ചിരി- 46]മഹാഭാരത യുദ്ധം കഴിഞ്ഞു. ആരാണ് ഈ വിജയത്തിൻ്റെ ശിൽപ്പി? തർക്കമായി.ആ മലയുടെ മുകളിൽ ഈ യുദ്ധം മുഴുവൻ കണ്ടു കൊണ്ട് ബാർബറിക്കിൻ്റെ ജീവനുള്ള ശിരസ് ഇരിപ്പുണ്ട്. ഘടോൽക്കചപുത്രൻ ബാർബറി ക്ക്. അവനോട് ചോദിക്കൂ. പാണ്ഡവർ ബാർബറിക്കി നോട് ചോദിച്ചു" യാതൊരു സംശയവുമില്ല. അതു ശ്രീകൃഷ്ണൻ മാത്രം " എന്നായിരുന്നു ഉത്തരം.ആ ശിരസി നേപ്പററി ഒരു കഥയുണ്ട്. മഹാഭാരത യുദ്ധത്തിന് സഹായിക്കാൻ ഭീമൻ കാട്ടിൽ ഘടോൽക്കചനെ കാണാൻ പോയി. വഴിക്ക വച്ച് ബാർബറി ക്ക ഭീമനെ തടഞ്ഞു. രണ്ടു പേരും തമ്മിൽ യുദ്ധമായി. അവസാനം ബാർബറിക്ക് ഭീമസേനനെ പിടിച്ചു കെട്ടി ഹി ടുംബിയുടെ മുമ്പിൽ ഇട്ടു കൊടുത്തു."അയ്യോ.! ഇത് നിൻ്റെ മുത്തശ്ശൻ ഭീമസേനനാണ്.അദ്ദേഹത്തെ അഴിച്ചുവിട്ട് ആ കാലിൽ വീണ് മാപ്പു പറയൂ.ഭീമസേനൻ തൻ്റെ പൗത്രനെ കെട്ടിപ്പിടിച്ചു. ആഗമനോദ്ദേശം അറിയിച്ചു.' ഘടോൽക്കചന് സന്തോഷമായി. ബാർബറിക്കിന് യുദ്ധം ഒരു ഹരമായിരുന്നു അവനും ഉത്സാഹമായി. കാര്യങ്ങൾ അറിഞ്ഞപ്പോൾ ശ്രീകൃഷ്ണൻഅപകടം മണത്തു. കാരണം ശിവഭക്തനായ ബാർബറിക്കിന് സ്വയം ഉറപ്പിച്ച ഒരു നിയമമുണ്ട്. യുദ്ധത്തിൽ ദുർബലരുടെ ഭാഗത്തു നിന്നേയുദ്ധം ചെയ്യു. അങ്ങിനെ വരുമ്പോൾ പാണ്ഡവരുടെ സേനയാണ് ചെറുത്. അപ്പോ ൾ പാണ്ഡവരുടെ കൂടെ കൂടി യുദ്ധം ചെയ്യും. കുറച്ചു കഴിയുമ്പോൾ കൗരവസേന ദുർബലമാകും. അപ്പൊ ൾ അവിടെ കൂടി പാണ്ഡവരോട് യുദ്ധം ചെയ്യും. ചുരുക്കം സകലരുംനശിക്കും. അതിനും പുറമേ ഭീമനും, അർജുനനും എല്ലാവർക്കും അവരുടെ പ്രതിജ്ഞ നിറവേറ്റണ്ടതുണ്ട്.അതുകൊണ്ട് അപകടകാരി ആയ ബാർബറിക്കിനെ ഒഴിവാക്കണം.കൃഷ്ണൻ ബാർബറിക്കിനടുത്തെത്തി.അതിന് മുമ്പ് കൃഷ്ണൻ നിങ്ങൾ ഒറ്റക്കാണങ്കിൽ ഈ യുദ്ധം എത്ര ദിവസം കൊണ്ട് തീർക്കും എന്നു ഭീഷ്മരോടും കർണ്ണനോടും അർജുനനോടും ഒക്കെ ചോദിച്ചിരുന്നു, 24 ദിവസം, 25 ദിവസം, 28 ദിവസം എന്നിങ്ങിനെയാണ് ഉത്തരം കിട്ടിയത്.ഇതേ ചോദ്യം കൃഷ്ണൻ ബാർബറിക്കിനോടും ചോദിച്ചു" ഒരു നാഴിക കൊണ്ട് യുദ്ധം അവസാനിപ്പിച്ചു തരാം"ബാർബറിക് പറഞ്ഞു.കൃഷ്ണൻ അത്ഭുതപ്പെട്ടു. "അതെങ്ങിനെ "കൃഷ്ണൻ ചോദിച്ചു."എനിക്ക് മഹാദേവൻ മൂന്ന് ദിവ്യാസ്തങ്ങൾ തന്നിട്ടുണ്ട്. അതിലാദ്യത്തെ അസ്ത്രം കൊണ്ട് ശത്രുക്കളെ അടയാളപ്പെടുത്തും. രണ്ടാമത്തെ അസ്ത്രം കൊണ്ട് രക്ഷിക്കണ്ട മിത്രങ്ങളെ അളക്കും. മൂന്നാമത്തെ അസ്ത്രം കൊണ്ട് ശത്രുക്കളെ ഭസ്മമാക്കും""എന്നാൽ അവിടെ ഒരു വലിയ വൃക്ഷം നിൽക്കുന്നുണ്ട് അതിൻ്റെ തടിയും മുഴുവൻ ഇലകളും ഈ അസ്ത്രങ്ങൾ കൊണ്ട് നശിപ്പിക്കാൻ പറ്റുമോ:?""നിഷ്പ്രയാസം. സാധിച്ചില്ലങ്കിൽ ഞാൻ എൻ്റെ ശിരസറുത്ത് അങ്ങയുടെ കാൽക്കൽ വയ്ക്കാം."അവൻ ആദ്യ അസ്ത്രം കൊണ്ട് മരവും ഇലകളും അളന്നു. മൂന്നാമത്തെ അസ്ത്രം പ്രയോഗിക്കുന്നതിന് മുമ്പ് ശ്രീകൃഷ്ണൻ അതിലൊരില അവനറിയാതെ പറിച്ച് സ്വന്തം പാദത്തിനിടയിൽ ഒളിപ്പിച്ചു.ബാർബറി ക്ക് അസ്ത്രം പ്രയോഗിച്ചു മരം മുഴുവൻ ഭസ്മമാക്കി അസ്ത്രം കൃഷ്ണൻ്റെ പാദത്തിനു മുകളിൽ വിശ്രമിച്ചു.ആ ഒരില നശിപ്പിയ്ക്കാൻ കഴിഞ്ഞില്ല. ഘടോൽക്കചപുത്രൻ വാക്കുപാലിച്ചു അവൻ്റെ തല സ്വയം അറുത്ത് കൃഷ്ണൻ്റെ കാൽക്കൽ വച്ചു;" അങ്ങ് എനിക്കൊരുപകാരം ചെയ്യണം. ഇതു വരെ ആരും കണ്ടിട്ടില്ലാത്ത ഭീകരമായ ഒരു യുദ്ധമാകും കുരുക്ഷേത്രയുദ്ധം. അതു് കാണാൻ മോഹമുണ്ട്. എൻ്റെ ശിരസ് യുദ്ധം കാണാൻ പാകത്തിന് ആ മലയുടെ മുകളിൽ വച്ച് യുദ്ധം കഴിയുന്നത് വരെ എൻ്റെ ജീവൻ നിലനിർത്തണം"കൃഷ്ണൻ സമ്മതിച്ചു :അങ്ങിനെയാണ് ബാർബറിക്കിൻ്റെ തല അവിടെ സ്ഥാപിച്ചത്.

Wednesday, September 2, 2020

ധൃതരാഷ്ട്രാലിംഗനം [കൃഷ്ണൻ്റെ ചിരി- 45 ]മഹാഭാരത യുദ്ധം കഴിഞ്ഞു. ധൃതരാഷ്ട്രർ കരു ക്ഷേത്രഭൂമിയിലേക്ക് പുറപ്പെടുന്നു. ദുഃഖാർത്തയായ അന്തപ്പുര സ്ത്രീകളും പരിവാരങ്ങളും കൂടെയുണ്ട്. തൻ്റെ നൂറു പുത്രന്മാരും മൃഗീയമായിക്കൊല്ലപ്പെട്ട യുദ്ധഭൂമി.ഭീമസേനൻ അവനൊറ്റക്കാണ് ഇവരെ എല്ലാം കാലപുരിയ്ക്കയച്ചത്.ദൂ ശാസസ്സനനെ അതിഭീകരമായി മാറിടം അടിച്ചു പിളർന്ന് ! രണ്ടു തുടകളും അടിച്ച് തകർത്തു മൃതപ്രായനാക്കി മരണത്തിനായി കേഴുന്ന ദുര്യോധനൻ! ആ വൃദ്ധൻ്റെ ഉള്ള്കൊപം കൊണ്ട് തിളച്ചു.അപ്പഴാണ് ശ്രീ കൃഷ്ണൻ പാണ്ഡവരോടും സത്യകിയോടും കൂടെ അവിടെ എത്തിയത്. പാണ്ഡവർ എത്തി എന്നറിഞ്ഞപ്പോൾ ആ വൃദ്ധനേത്രം ഒന്നു തിളങ്ങി. അദ്ദേഹം പാണ്ഡവരെ സ്വാഗതം ചെയ്തു. യുധിഷ്ഠിരൻ ജേഷ്ഠ പിതാവിൻ്റെ കാലു തൊട്ട് വന്ദിച്ചു. അദ്ദേഹം യുധിഷ്ടിരനെ ആലിംഗനം ചെയ്തു.ഭീമസേനൻ എവിടെ? ഭീമൻ ധൃതരാഷ്ട്രറുടെ മുമ്പിലേയ്ക്ക് ചെന്നു. ആ വൃദ്ധ നേത്രത്തിലെ പകയുടെ ഭാവം കൃഷ്ണൻ ശ്രദ്ധിച്ചു. അദ്ദേഹം ഭീമനെ തടഞ്ഞു.ഭീമനു പകരം ഒരു വലിയ ഇരുമ്പു പ്രതിമ ധൃതരാഷ്ട്രരുടെ മുമ്പിലേക്ക് വച്ചു കൊടുത്തു.ഭീമനോ? രണ്ടു കൈയ്യും നീട്ടി ആ പ്രതിമയെ വരിഞ്ഞുമുറുക്കി, പതിനായിരം ആനയുടെ ശക്തിയുള്ള അവയോവൃദ്ധൻ്റെ പ്രതികാര ദാഹം കൂടി ആയപ്പോൾ ഇരട്ടി ശക്തി ആയി. ആ ആലിംഗനത്തിൻ്റെ ശക്തിയിൽ ആ ഇരുമ്പ് പ്രതിമ പൊടിഞ്ഞ് തരിപ്പണമായി. ആ ആയാസത്തിൻ്റെ ശക്തിയിൽ ആ വൃദ്ധൻ ചോര ഛർദ്ദിച്ച് മറിഞ്ഞു വീണു.ബോധം വീണപ്പോൾ മകനെ ഭീ മാ എന്നു പറഞ്ഞ് വിലപിക്കാൻ തുടങ്ങി. "അങ്ങു ദുഃഖിക്കണ്ട ഭീമൻമാരിച്ചിട്ടില്ല.പകരം ഞാൻ വച്ച ഇരുമ്പു പ്രതിമയാണ് തകർന്നത്. പിന്നെ അങ്ങയുടെ പുത്രന്മാരുടെ ദുഷ്ചെയ്തികൾ കൊണ്ടാണീ വിധി. അങ്ങയുടെ അന്ധമായ പുത്ര' സ്നേഹം കൊണ്ട് അങ്ങ് അതു കാര്യമാക്കിയില്ല. കുരുവംശം മുഴുവൻ നശിപ്പിക്കാൻ മനസുകൊണ്ട് പ്രതിജ്ഞ എടുത്ത ശകുനിയുടെ കയ്യിലെ ഒരു കളിപ്പാവയായി ദുര്യോധനൻ മാറി. ധൃതരാഷ്ടർ ക്രമേണ ശാന്തനായി. എല്ലാവരേയും സ്നേഹപൂർവ്വം അനൂ ഗ്രഹിച്ചു....

Tuesday, September 1, 2020

ഗാന്ധാരീ ശാപം ഏററുവാങ്ങി ശ്രീകൃഷ്ണൻ [ കൃഷ്ണൻ്റെ ചിരി- 44]മഹാഭാരത യുദ്ധം കഴിഞ്ഞു.. കൃഷ്ണൻ തൻ്റെ പ്രതിജ്ഞ നിറവേറ്റി. യുധിഷ്ടിരനെ രാജാവാക്കി.അവരുടെ അനന്തരാവകാശിയുടെ ജീവൻ രക്ഷിച്ചു."ഈ ഗാന്ധാരി മാതാവിനെക്കാണണം. ഭയമാണ്. മാതാവിൻ്റെ ശാപം പാണ്ഡവ കുലം മുഴുവൻ നശിപ്പിക്കും. അതിനും അങ്ങൊരു മാർഗ്ഗം കണ്ടു പിടിച്ചു തരണം."യുധിഷ്ഠിരൻ കൃഷ്ണനോട് പറഞ്ഞു." ഒരു രാജാവ് ഇങ്ങിനെ അധീരനാകരുത്. ശരി ഞാൻ പോകാം ഗാന്ധാരി മാതാവിൻ്റെ അടുത്ത്. ആ കോപം എന്നിലേക്കായിക്കൊള്ളും" കൃഷ്ണൻ ചിരിച്ചു കൊണ്ട് പറഞ്ഞു.ശ്രീകൃഷ്ണൻ അസ്തിനപുരം കൊട്ടാരത്തിലെത്തി. അവിടുത്തെ സ്ഥിതി കരളലിയിയുന്നതാണ്. ധൃതരാഷ്ട്രർ പുത്ര വിയോഗം അറിഞ്ഞ് ബോധംകെട്ട് വീണു കിടക്കുന്നു.വിധവകളായ നൂറ്റവരുടെ ഭാര്യമാർ അലമുറയിട്ട് കരയുന്നു.ഗാന്ധാരി മാതാവ് കരഞ്ഞ കണ്ണുമായി വെറും തറയിലിരിക്കുന്നു. കൃഷ്ണൻ അടുത്ത് ചെന്ന് ആ തോളത്ത് കൈവച്ചു.ആര് കൃഷ്ണനോ? നിനക്കിനിയും മതിയായില്ലേ. നീ വിചാരിച്ചിരുന്നെങ്കിൽ ഈ കൂട്ടക്കൊല ഒഴിവാക്കാമായിരുന്നു.എൻ്റെ നൂറു മക്കളേയും നീ കൊല്ലിച്ചില്ലെ? ഭീഷ്മ പിതാമഹനേയും, ദ്രോണരെയും, കർണ്ണനേയും നീ ചതിച്ചു കൊല്ലാൻ കൂട്ടുനിന്നില്ലേ?" മാതാവേ അങ്ങ് അന്ധനായ ഭർത്താവിനു വേണ്ടി കണ്ണുകെട്ടി സ്വയം കാഴ്ച്ച മറച്ചപ്പോൾ മക്കളുടെ തെറ്റുകൾ കാണാനും തിരുത്താനും കഴിഞ്ഞില്ല. ഇതു വരെ സ്വന്തം മക്കളേപ്പോലും കാണാൻ സാധിക്കാത്ത ഈ തീരുമാനം ഒരു നീതി പുസ്തകത്തിലും പറഞ്ഞിട്ടുള്ളതല്ല. മക്കളെ തെറ്റുതിരുത്തി നേർവഴിക്ക് നടത്താനുള്ള അവസരമാണ് മാതാവ് ഇതുകൊണ്ട് നഷ്ട്ടപ്പെടുത്തിയത്."' കൃഷ്ണാ നീ എനിക്കൊരുപകാരം ചെയ്യണം നീ എന്നെ കുരുക്ഷേത്രത്താൽക്കൊണ്ടു പോകണം. എനിക്കെൻ്റെ കുട്ടികളെ കാണാൻ അവസരമുണ്ടാക്കിത്തരണം"കൃഷ്ണൻ ഗാന്ധാരിയെ കുരുക്ഷേത്രയുദ്ധഭൂമിയിൽ എത്തിച്ചു. കൃഷ്ണാ എനിക്കിപ്പോൾ എല്ലാം കാണാം. ശരശയ്യയിൽ ഭീഷ്മപിതാമഹൻ, ശിരസറ്റ് പ്രോണാചാര്യർ., രഥം ഉയർത്താൻ ശ്രമിക്കുമ്പോൾ നീ കൊല്ലിച്ച പാവം കർണ്ണൻ, മാറുപിളർന്ന് കിടക്കുന്ന എൻ്റെ ദുശാസനൻ, ഊരുക്കൾ തകർന്ന് മരിച്ചു കിടക്കുന്ന എൻ്റെ സുയോധനൻ, എൻ്റെ ബാക്കി മക്കളും മകളുടെ ഭർത്താവും. എന്തിനെനിക്ക് നീ ഈ കാഴ്ച്ച തന്നു. ഉറക്കെ ക്കരഞ്ഞുകൊണ്ട് കൃഷ്ണൻ്റെ തോളത്ത് ചാരി .പെട്ടന്ന് ഗാന്ധാരിയുടെ ഭാവം മാറി." ഇതിനു മുഴുവൻ കാരണക്കാരൻ നീയാണ് വാസുദേവാ. നീ വിചാരിച്ചിരുന്നെങ്കിൽ നിനക്ക് ഇതു മുഴുവൻ തടയാമായിരുന്നു. ഇതു മൂലം വിധവകളായവരുടെ ദുഃഖം നീ കാണുന്നില്ലേ? ഇതിനെല്ലാം നീ അനുഭവിക്കും. ഞാൻ എൻ്റെ തപശക്തിയുടേയും, പാതിവൃത്യത്തിൻ്റെയും ശക്തിയിൽ ഞാൻ നിന്നെ ശപിക്കുന്നു: മുപ്പത്തിആറു വർഷം കഴിയുമ്പോൾ യാദവ കുലം മുഴുവൻ തമ്മിത്തല്ലിച്ചാകും.അവരുടെ വിധവകൾ അലമുറയിട്ട് കരയുന്നത് നീ കാണും അങ്ങിനെ നിൻ്റെ അന്ത്യവും സംഭവിക്കും." കൃഷ്ണൻ അപ്പഴും ചിരിച്ചു . ചിരിച്ചു കൊണ്ട് തന്നെ ഗാന്ധാരിയേ സമാധാനിപ്പിച്ചു:"അയ്യോ.. കൃഷ്ണാ ഞാൻ എന്തൊക്കെയോ പറഞ്ഞു. ദുഖം കൊണ്ടെല്ലാം മറന്നു. ക്ഷമിക്കണം വാസുദേവാ."സാരമില്ല മാതാവേ, വളരെ മുമ്പേ തീരുമാനിക്കപ്പെട്ടതിന് ഈ ശാപം ഒരു നിമിത്തമായി, അത്രയേ ഉള്ളു"കൃഷ്ണൻ ഗാന്ധാരിയെ കൊട്ടാരത്തിലെത്തിച്ചു.കാലു തൊട്ട് വന്ദിച്ച് തിരിച്ചു പോന്നു.

തിരുവോണ ദിവസത്തെ ." ടോപ്സിങ്ങേൾസ്:തിരുവോണത്തിൻ്റെ അന്ന് രാവിലെ ഒമ്പതു മണിക്ക് ടി.വിയുടെ മുമ്പിലിരുന്നതാണ്. നീണ്ട പതിനാലു മണിക്കൂർ ! ഫ്ലവേഴ്സ് ടി.വി.യിലെ ടോപ് സിംഗർ ഫ യ ന ൽ സ്. ലോകമെമ്പാടുമുള്ള ഭൂരിഭാഗം മലയാളികളുടെയും കഥയാണിത്. എന്തുകൊണ്ട്? അതിനുള്ള ഉത്തരം രസമാണ്. ചാനലുകളിലെ മനം മടുപ്പിക്കുന്ന സീരിയലുകളിൽ നിന്നും, സെൻസേഷണൽ വാർത്താ മസാലകളിൽ നിന്നും ഒരു മോചനം. അത്ര അധികം സ്വാധീനിച്ചിരുന്നു ഈ സംഗീത പരിപാടി.അനന്യ കുട്ടിയും, ഋതുക്കുട്ടനും, ഗളുമോളും ഒക്കെ കൂടി നമുക്ക് സമ്മാനിച്ച ആ നിമിഷങ്ങൾ മറക്കില്ല. രണ്ടു വർഷമായി ഈ പരിപാടി ഒരുദിനചര്യയുടെ ഭാഗമായി മാറിയിരുന്നു പലർക്കും.പ്രായമായ പലരും അവരുടെ ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും മാനസിക സംഘർഷങ്ങളിൽ നിന്നും ഈ പരിപാടി കാരണം മോചനം കിട്ടി എന്നത് ഒരു സത്യമാണ്. സംഗീത ചികിത്സ എന്നു കേട്ടിട്ടുണ്ട്. അത് കൊച്ചു കുഞ്ഞുങ്ങളുടെ സംഗീതമാകുമ്പോൾ അതിൻ്റെ മാറ്റ് വേറേയാണ്ആരേയും എലിമിനേറ്റ് ചെയ്യാതെ, എല്ലാവർക്കും സന്തോഷമായി പര്യവസാനിച്ച ആ പരിപാടി മറ്റുചാനലുകാർക്കും മാതൃകയാകേണ്ടതാണ്. അതിൻ്റെ അണിയറ പ്രവർത്തകർക്കും പ്രിയപ്പെട്ട ജഡ്ജസിനും വിശിഷ്യ ഫ്ലവേഴ്സ് ടി.വിക്കും അഭിനന്ദനങ്ങൾ