Tuesday, September 29, 2020

രജകനും ശ്രീകൃഷ്ണനും [ കൃഷ്ണൻ്റെ ചിരി- 63]മധുരാപുരി ചുറ്റിക്കറങ്ങി ജനഹിതവും, വേദനയും, ബുദ്ധിമുട്ടുകളും അറിയണം.അതിനാണ് കംസവധത്തിനു മുമ്പ് ജനമദ്ധ്യത്തിലേക്കിറങ്ങിയത്. അപ്പോൾ ഒരു രജകൻ എതിരേ വന്നു. ഒരു വസ്ത്രവ്യാപാരി. കംസരാജധാനിയിലേക്ക് വസ്ത്രങ്ങൾ എത്തിക്കുന്നവരുടെ തലവൻ.സ്വതവേ ദുഷ്ടനും അപവാദ പ്രചാരകനുമായ അവൻ കംസൻ്റെ അടുത്തുള്ള തൻ്റെ സ്വാധീനത്തിൻ്റെ പേര് പറഞ്ഞ് പാവങ്ങളെ നിരന്തരം ദ്രോഹിച്ചു കൊണ്ടിരുന്നു.തനിക്കും കൂട്ടുകാർക്കും കുറച്ച് വസ്ത്രങ്ങൾ തരൂ എന്ന് കൃഷ്ണൻ താഴ്മയായി അവനോടാവശ്യപ്പെട്ടു."ഛീ.. വഴിയിൽ നിന്ന് മാറി നിൽക്ക് നിന്നെപ്പോലെ കാലിമേച്ചു നടക്കുന്ന ഗോപാലന്മാർക്കുള്ളതല്ല ഈ വസ്ത്രങ്ങൾ.ഇത് കംസരാജധാനിയിലേക്കാണ്. വഴിയിൽ നിന്ന് മാറി നിന്നില്ലങ്കിൽ രാജ കിങ്കരന്മാരെക്കൊണ്ട് നിന്നെ ഞാൻ കൊല്ലിയ്ക്കും." വീണ്ടും കൃഷ്ണൻ ആവശ്യപ്പെട്ടപ്പോഴും അവൻ കൃഷ്ണനെ അപമാനിക്കുന്നത് തുടർന്നു.പക്ഷേ കുഷ്ണൻ്റെ ഒരു ചെറിയ താഡനത്തിന് അവൻ കാലപുരി പൂകി. അവൻ്റെ കൂട്ടുകാർ ഭയന്ന് വസ്ത്രമുപേക്ഷിച്ച് പാലായനം ചെയ്തു. ആ വസ്ത്രങ്ങൾ മുഴുവൻ ശ്രീകൃഷ്ണൻ പാവങ്ങൾക്ക് വിതരണം ചെയ്തു.ഇനി ഈ രജകൻ ആരായിരുന്നു എന്നു നോക്കാം. ശ്രീ രാമാവതാരത്തിൽ സീതയെപ്പറ്റി അപവാദം പ്രചരിപ്പിച്ച രജകൻ്റെ പുനർജന്മമാണവൻ. വേറൊരാൾ തട്ടിക്കൊണ്ടുപോയി പാർപ്പിച്ച സ്ത്രീയെ രാജപത്നി ആയി വാഴിക്കുന്ന രാജാവ് നമുക്ക് അപമാനമാണ് എന്നാണവൻ അന്നു പറഞ്ഞത്. പാവം സീതയേ അപമാനം ഭയന്ന് അന്ന് ശ്രീരാമൻ കാട്ടിലുപേക്ഷിച്ചു. അന്ന് മര്യാദാ പുരുഷോത്തമനായ ശ്രീരാമചന്ദ്രൻ അവനെ ശിക്ഷിച്ചില്ല. പക്ഷേ ശ്രീകൃഷ്ണൻ.! ഭൂമിക്ക് ഭാരമായി മനുഷ്യർക്ക് ഉപദ്രവം മാത്രം നൽകുന്നവരെ വച്ചുപൊറുപ്പിക്കില്ല. അതുകൊണ്ടാണവനെ കൊന്നുകളഞ്ഞത്. കംസ രാജധാനിയിലെ സ്വാധീനം പറഞ്ഞ് പാവങ്ങളെ ഭയപ്പെടുത്തുന്ന എല്ലാവർക്കും ഇതൊരു പാഠവുമായി.

No comments:

Post a Comment