Thursday, September 10, 2020

ഒരു ഇതിഹാസ പുരുഷൻ്റെ പൂർണ്ണാവതാരം [കൃഷ്ണൻ്റെ ചിരി- 49 ] കംസൻ തൻ്റെ അച്ഛൻ ഉഗ്രസേനനെ തടവിലാക്കിയാണ് രാജാവായത്.തൻ്റെ സഹോദരി ദേവകിയെവസുദേവരെക്കൊണ്ട് വിവാഹം കഴിപ്പിച്ചു.വിവാഹ ഘോഷയാത്രയിൽ ഒരശരീരി കേട്ടു.ദേവകിയുടെ എട്ടാമത്തെ പുത്രൻ നിന്നെക്കൊല്ലും എന്ന്. ക്രുദ്ധനായ കംസൻ വാളും ഊരിപ്പിടിച്ച് ദേവകിയെക്കൊല്ലാനായി അടുത്തു. വസുദേവർ തടഞ്ഞു.ദേവകിയെക്കൊല്ലരുത്‌ ഞങ്ങൾക്കുണ്ടാകുന്ന എല്ലാ കുട്ടികളേയും ജനിക്കുമ്പോൾത്തന്നെ അങ്ങേയ്ക്ക് തന്നുകൊള്ളം എന്നു പറഞ്ഞു. കംസൻ സമ്മതിച്ചു. പക്ഷേ രണ്ടു പേരെയും കാരാഗ്രഹത്തിലടച്ചു.ഒരോ കുട്ടികൾ ഉണ്ടാകുമ്പഴും താണുകേണപേക്ഷിച്ചിട്ടും കംസൻ സമ്മതിച്ചില്ല. പ്രസവിച്ച ഉടനെ അവരെ എല്ലാംപാറയിലടിച്ചു കൊന്നുകളഞ്ഞു. അങ്ങിനെ ദേവകി എട്ടാമത്തെ ഗർഭം ധരിച്ചു.കൃഷ്ണനെ പ്രസവിച്ചു. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയുടെ അന്ന് അർദ്ധ രാത്രി.തേജസ് സ്വരൂപനായ ആ ഉണ്ണിയെ കംസൻ വധിക്കും എന്നോർത്ത് വിഷമിച്ചിരിക്കുമ്പോൾ ആ കുഞ്ഞിൻ്റെ മുഖത്ത് ഒരു തെളിഞ്ഞ പുഞ്ചിരി. ഭൂമിയിൽ ദിവ്യമായ ഒരു തേജസ് ജന്മമെടുത്തതായി അവർക്ക് തോന്നി.എന്തോ ഒരരുളപ്പാട് പോലെ വസുദേവർ എഴുന്നേറ്റു.. തന്നെ രക്ഷിക്കാനുള്ള മാർഗ്ഗം മുഴുവൻ ആ ചിരിയിലൂടെ വസുദേവർക്ക് പകർന്നു കിട്ടിയതുപോലെ അദ്ദേഹത്തിന് തോന്നി. തടവറയുടെ പൂട്ടും ,കാവൽക്കാരും, പ്രകൃതിക്ഷോപങ്ങളും പിന്നെ വസുദേവർക്കു് തടസമായില്ല.എല്ലാ പ്രകൃതി ശക്തികളുടെയും സഹായത്തോടെ വസുദേവർ തൻ്റെ അരുമയായ പുത്രനെ അമ്പാടിയിൽ യശോദയുടെ അരികിൽ എത്തിച്ചു.യശോദ പ്രസവിച്ച ചോരക്കുഞ്ഞിനെ പകരമായി എടുത്തു തിരിച്ചു പോന്നു. ആ പെൺകുഞ്ഞുമായി തിരിച്ച് കാരാഗ്രഹത്തിൽ പ്രവേശിച്ച ഉടനെ കുഞ്ഞു കരഞ്ഞു. കാവൽക്കാർ ഉണർന്നു. കംസൻ വിവരമറിഞ്ഞു കാരാഗ്രഹത്തിൽ എത്തി. എട്ടാമത്തെ പുത്രൻ എന്നല്ലേ പറഞ്ഞത്, ഇതു പെൺകുഞ്ഞല്ലേ ഇതിനേക്കൊല്ലരുത്.ദേവകി കംസൻ്റെ കാൽക്കൽ വീണു.. ആരു കേൾക്കാൻ. ആ കുഞ്ഞിൻ്റെ കാലിൽപ്പിടിച്ച് തറയിലടിച്ചു കൊല്ലാൻ തുടങ്ങിയപ്പോൾ കൈവിട്ട് ആ കുഞ്ഞ് ഉയർന്നു പോയി. "കംസാ നിന്നെ കൊല്ലാൻ ഒരുണ്ണി പിറന്നിട്ടുണ്ട് ഭൂമിയിൽ. നീ കരുതിയിരുന്നോ?" എന്നു പറഞ്ഞ് ആ ദിവ്യ തേജസ് അപ്രത്യക്ഷമായി..പിന്നെ നന്ദഗോപരുടേയും യശോദയുടേയും മകനായി യദുകുലത്തിൽ കളിക്കൂട്ടുകാരുമായി കാലിമേച്ചുനടക്കുന്ന കൃഷ്ണനെയാണ് നമ്മൾ കാണുന്നത്.സാധാരണക്കാരിൽ സാധാരണക്കാരനായി വളർന്ന് സ്വന്തം കർമ്മം കൊണ്ട് വിശ്വം കീഴടക്കി ആ വിശ്വരൂപം നമുക്ക് കാണിച്ചു തന്ന കൃഷ്ണൻ്റെ കഥകൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല.ഭാഗവതത്തിലും, മഹാഭാരതത്തിലും മാത്രമല്ല ബ്രഹ്മ വൈവർത്തപുരാണത്തിലും, വിഷ്ണുപുരാണത്തിലും ഹരിവംശത്തിലും, കൃഷ്ണോ പനിഷത്തിലും കൃഷ്ണൻ്റെ കഥകൾ നമുക്ക് വായിച്ചെടുക്കാം. ഭാരതത്തിൽ മാത്രമല്ല ലോകത്തിൻ്റെ നാനാഭാഗത്തും ആ കർമ്മയോഗിയുടെ കഥകൾ പാടിപ്പറഞ്ഞ്, പകർന്നു നൽകിക്കൊണ്ടിരുന്നു. അതെല്ലാം ഒന്നു കോർത്തിണക്കാനുള്ള ഒരു എളിയ ശ്രമമാണ് ഈ "കൃഷ്ണൻ്റെ ചിരി " എന്ന പരമ്പരക്ക്. എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം'

No comments:

Post a Comment