Saturday, January 20, 2024

എൻ്റെ അച്ഛൻ എൻ്റെ സുഹൃത്ത്. നാൽപ്പത് വർഷമായി എൻ്റെ അച്ഛൻ എന്നെ വിട്ടുപിരിഞ്ഞിട്ട്.ഒരു യാഥാസ്ഥിക കുടുംബത്തിലാണ് ഞാൻ പിറന്നത്. എന്നെ സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും പഠിപ്പിച്ചത് എൻ്റെ അച്ഛനാണ്. എന്നെ പുസ്തകം വായിക്കാൻ പഠിപ്പിച്ചതുംഎൻ്റെഅച്ഛനാണ്.കൗണ്ട് ഓഫ് മൊണ്ടി ക്രിസ്റ്റോയും, പാവങ്ങളും, മൂന്നു പോരാളികളും എല്ലാം. കഥയുടെ ഏറ്റവും രസകരമായ ഭാഗം വരെ വായിച്ച് തരും എന്നിട്ട് ബാക്കി വായിച്ചോളാൻ പറയും.അങ്ങിനെ അച്ഛനൊപ്പം അനേകം പുസ്തകങ്ങൾ വായിച്ചു. കഥകളിയിൽ കമ്പം കയറി അച്ഛൻ കൂട്ടുകാർക്കൊപ്പം കലാമണ്ഡലം കൃഷ്ണൻ നായർക്കൊപ്പം കുറേക്കാലം നാടുചുററി .കഥകളിമുദ്രകൾ ഒക്കെ ഹൃദിസ്ഥമാക്കി. അന്നത് കുറേ ഒക്കെ എന്നേയും പഠിപ്പിച്ചു തന്നു. ഞാൻ ഗ്രാജുവേഷൻ കഴിഞ്ഞിരിക്കുന്ന കാലം. അന്നാണ് ലോർഡ് കൃഷ്ണാ ബാങ്ക് കുറി ച്ചിത്താനത്തു വരുന്നത്. അന്ന് ഒരു ഷേണായി സാറായിരുന്നു ജനറൽ മാനേജർ.അന്ന് ഗൃഹസന്ദർശനത്തിനിടെ ഇവിടെയും വന്നു. അപ്പോൾ അച്ഛനും ഞാനും പറമ്പിൽ കിളച്ചു കൊണ്ടിരിക്കുകയായിരുന്നു. അന്ന് അച്ഛൻ പറമ്പിൽ നന്നായി പ്പണി എടുക്കുമായിരുന്നു. ഷേണായി സാറിനൽഭുതമായി.നമ്പൂതിരിമാർ പറമ്പിൽപ്പണിയുമോ? പിന്നീട് ബാങ്കിൽ ജോലിക്ക് എന്നെപ്പരിഗണിക്കുമ്പോൾ ഈ സംഭവമായിരുന്നു എന്നെ തിരഞ്ഞെടുക്കാൻ പ്രധാന കാരണം. സാറ് പിന്നീടും പലരോടും അത് പറഞ്ഞിട്ടുണ്ട്. അന്ന് ഇവിടന്ന് രണ്ടു മൈൽ ദൂരെ ഒരു കാടിന് നടുക്ക് ഒരു കാവ്യണ്ട്.കുര്യനാട് ചെറുവള്ളിക്കാവ്. അവിടെ അച്ഛൻ ശാന്തിക്ക് പോകാറുണ്ട്. ഒരു തപസ് പോലെ ഫലേച്ഛ കൂടാതെ ഉള്ള കർമ്മം. ഈ കുടുബാവകാശമുള്ള ക്ഷേത്രമായിരുന്നു. ഞാനും പലപ്പഴുംകൂടെപ്പൊകും. ആഡംബരം മുറ്റുന്ന വലിയ ക്ഷേത്രങ്ങളെക്കാൾ പ്രകൃതിയൊടിണങ്ങിയ ഈ മൂർത്തികളെ ആണ് ആരാധിക്കണ്ടത്. അച്ഛൻ പറയാറുണ്ട്. അന്ന് കോളേജിൽ സമരം ചെയ്തതിന് പ്രിൻസിപ്പൽ അച്ഛനെ വിളിച്ചു കൊണ്ടുവരാൻ പറഞ്ഞു. അന്ന് അച്ഛൻ വന്നില്ല. പ്രിൻസിപ്പലിന് ഒരു കത്ത് തന്നു വിട്ടു." അവൻ സ്വതന്ത്രമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ്. അവൻ കോളേജിൽ കലാപം ഉണ്ടാക്കി എങ്കിൽ ന്യായത്തിനാവും.അല്ലങ്കിൽ അവനെ കഠിനമായി ശിക്ഷിക്കാം. അതിന് ഞാൻ വരണ്ട കാര്യമില്ല "അച്ഛൻ്റെ ഓർമ്മക്ക് മുമ്പിൽ സാഷ്ടാംഗനമസ്ക്കാരം

കുര്യനാട് ചെറുവള്ളികാവ് -[ നാലുകെട്ട് - 569 ] തറവാട്ടിൽ അച്ഛനും മുത്തശ്ശനും ഏറ്റവും പരിഗണന നൽകിയ ഒരു കാവാണ് ചെറുവള്ളിക്കാവ് .സാമ്പത്തികമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന ഒരാരാധനാലയം . അത് പണ്ട് ഇവിടുത്തെ ഉടമസ്ഥതയിലായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് . ഒരു തപസ്സുപോലെ യാതൊരു ലാഭേച്ഛയും കൂടാതെ ആണ് അച്ഛൻ അവിടെ ശാന്തി കഴിച്ചിരുന്നത് . രണ്ട് മൈൽ നടന്നുവേണം അവിടെ എത്താൻ .അന്നവിടെ കാട്ടുപ്രദേശമായിരുന്നു . കാടിന്റെ വന്യതയും ഇടിഞ്ഞുപൊളിഞ്ഞ കാവും ,അവിടെ ഭദ്രകാളിയും യക്ഷിയും !വെള്ളംകോരുന്ന ആ പൊട്ടക്കിണറും എല്ലാം കൂടെ ഒരു ഭീകരാന്തരീക്ഷം .ഉണ്ണി ഓർക്കുന്നു .സ്വയം ഭൂ ആയ ബാലഭദ്രയാണ് അവിടുത്തെ പ്രതിഷ്ഠ .ദക്ഷിണാമൂർത്തിയും ,ഗണപതിയും അന്ന് പ്രധാന ശ്രീകോവിലിൽ തന്നെയാണ് . ഉഗ്ര രൂപിയായ യക്ഷി ക്ഷേത്രത്തിൻറെ സംരക്ഷണ ഭാവത്തിൽ സ്ഥിതിചെയ്യുന്നു . കവിപാടിയ പോലെ രത്‌ന മാല ധരിച്ച കൃഷ്ണനേക്കാൾ തുളസിമാല ധരിച്ച കൃഷ്ണനെ ഇഷ്ട്ടപ്പെടുന്ന ആ ഉദാത്ത സംസ്ക്കാരം ഈ തറവാടിൻറെ പൈതൃകം ആയിരുന്നു .ഉണ്ണി ഓർത്തു . ഒന്നും ഇല്ലാത്തവരെ ആണ് നാം സഹായിക്കണ്ടത് ..അച്ഛൻ പറയാറുണ്ട് . കൂട്ടിക്കാലത്തു അച്ഛന്റെ കൂടെ നടന്ന് പോയിട്ടുണ്ട് . നൈവേദ്യ൦ വച്ചു പകർന്ന ആ ഓട്ടുരുളിയിൽ സ്വൽപ്പം നെയ്യ് ഒഴിച് തകരയിലയും ,തഴുതാമ ഇലയും അരിഞ്ഞിടും .പൂജ കഴിഞ്ഞു വരുമ്പഴേക്കും അത് നറുമണം പൊഴിച് നല്ലവണ്ണം ഉലന്നിരിക്കും .അതിൽ നേദ്യച്ചോർ ഇട്ട് ഉപ്പും കൂട്ടി ഇളക്കും . അതാണ് അന്നത്തെ പ്രഭാദഭക്ഷണം .ഇന്നും അതോർക്കുമ്പോൾ ഉണ്ണിയുടെ വായിൽ വെള്ളമൂറും . .അന്ന് ഇടിഞ്ഞുപോളിഞ്ഞു കിടന്നിരുന്ന ആ കാവ് ഇന്ന് ദേവസ്വം ബോർഡിന്റെ കീഴിലാണ് .സുമനസുകളായ നാട്ടുകാരുടെയും ഭക്തജനങ്ങളുടെയും അർപ്പണ മനോഭാവം കൊണ്ടും അകമഴിഞ്ഞ സഹകരണം കൊണ്ടും ഇന്ന് അതൊരു ലക്ഷണമൊത്ത ക്ഷേത്രമായി ഉയർന്നിരിക്കുന്നു.

Thursday, January 18, 2024

ഇനി ഏട്ടാന്നു വിളിക്കില്ല. [അച്ചു ഡയറി-516 ] " ഇനി ഏട്ടാന്നു വിളിയ്ക്കില്ല അച്ചൂന്നേ വിളിക്കൂ" മുത്തശ്ശാ പാച്ചു പറഞ്ഞതാണ് അവൻ്റെ കൂടെ കളിയ്ക്കാനും തല്ലു കൂടാനും ഈ ഇടെ ഏട്ടന് സമയമില്ലാത്തതിൻ്റെ പരാതിയാണ്. ഏട്ടൻ ഒരനുജന് ചെയ്തു തരുന്നതിനൊന്നും ഈ ഇട ആയി ഏട്ടന് സമയമില്ല. പിന്നെ എന്തിന് ഏട്ടാന്നു വിളിയ്ക്കണം.പാച്ചുവിൻ്റെ തീരുമാനമാണ്. മുത്തശ്ശാ അവൻ പറഞ്ഞതിലും കാര്യമുണ്ട് മുത്തശ്ശാ. ഇന്ന് മുമ്പത്തെപ്പോലെയല്ല അച്ചൂന് ഒത്തിരി പഠിയ്ക്കാനുണ്ട്. അസയ്ൻ്റ്മെൻ്റും, പ്രോജക്റ്റും വേറേ.ചെറിയ ക്ലാസുകളിൽ ഇവിടെ അമേരിയ്ക്കയിൽ സുഖമാ.ഇഷ്ടം പോലെ സമയം കിട്ടും. ഒരു ടൻഷനുമില്ല. പക്ഷേ ഹൈസ്ക്കൂൾ തലത്തിലെത്തിയാൽ വലിയ ലോഡാണ്.പെട്ടന്നു വരുന്ന ആ മാറ്റം ഉൾക്കൊള്ളാൻ തന്നെ സമയമെടുത്തു. അതു കൊണ്ടാ മുത്തശ്ശാ അവനുമായി കളിയ്ക്കാൻ സമയം കിട്ടാത്തത്. മനപ്പൂർവ്വമല്ല. പക്ഷേ അവന് ഇത് ഇത്ര ഫീൽ ചെയ്യുമെന്ന് ഞാൻ കരുതിയില്ല. അവൻ പറയുന്നത് ശരിയാണന്നച്ചൂന് തോന്നണു. കുറച്ചു സമയം അവനു കൂടി കണ്ടെത്തണം." അച്ഛന് ജോലിത്തിരക്കുള്ളപ്പോൾ നിന്നെ ശ്രദ്ധിക്കാൻ പറ്റിയില്ലങ്കിൽ നീ അച്ഛനേം പേരു വിളിക്കുമോ?" അവനെ ഒന്നു ചൂടാക്കാൻ പറഞ്ഞതാ."ഒരച്ഛൻ ചെയ്തു തരുന്നതും ഏട്ടൻ്റെ സ്നേഹവും വേറേ ആണ്. ഞാൻ ചിലപ്പോൾ വല്ലാതെ ബോറടിക്കുന്നു ഏട്ടാ. അതു കൊണ്ട് പറഞ്ഞതാ."അവൻ്റെ ഭാഗത്തും ന്യായമുണ്ടന്നച്ചൂന് തോന്നി. "നമുക്ക് രണ്ടു പേർക്കുo ആലോചിച്ച് കളിയ്ക്കാനും തല്ലു കൂടാനും ഒരു സമയം കണ്ടെത്താം. "അവനൊന്നു ചിരിച്ചു "അതായത് ടൈം ടേബിൾ വച്ച് സ്നേഹിക്കാം അല്ലേ "മുത്തശ്ശാ ഞാനവനേക്കൊണ്ടു തോറ്റു.

Friday, January 12, 2024

അരയാൽ മുത്തശ്ശി [ ' കീശക്കഥ-306]. കുടിവെള്ളം മുട്ടി. പൈപ്പിൽ വെള്ളമില്ല. ഉണ്ടായിരുന്ന കിനർമൂടിക്കളഞ്ഞു. എവിടെയാണ് കുഴപ്പം. അവസാനം കണ്ടെത്തി. ഒരു വലിയ ആൽമരം. അവൻ്റെ വേരുകൾ കയറി പൈപ്പ് ബ്ലോക്കായ താണ്. പരിഹാരം ആ ആൽമരം മുറിച്ചു മാറ്റണം. ആ ആൽ മുത്തശ്ശിയുടെ പ്രായം ആർക്കും അറിയില്ല. ഒരു നൂറ റി അമ്പത് വർഷം ഉറപ്പ്. ആൽമരത്തിന് രണ്ടായിരം വർഷമാണായ സ്. ശുദ്ധവായുവും തണലും തന്ന ആ മുത്തശ്ശിയുടെ ഗള ഛേദം മാത്രമല്ല ഉന്മൂലനം. അതാണ് പരിഹാരം: എത്രയോ ജീവജാലങ്ങൾക്കഭയമാണ് ആ പടർന്നു പന്തലിച്ച വൃക്ഷം. അതിൻ്റെ തണലിൽ സുഖം അനുഭവിച്ചത് തലമുറകളാണ്. പ്രാണവായൂജീവവായു വായി സ്വീകരിച്ചവരും അനവധി.പക്ഷെ ഇതൊന്നു ആ ക്രൂരമായ തീരുമാനത്തെ സ്വാധീനിച്ചില്ല. പരമ്പരാഗതമായ ആ തറവാടിനെ പരിരക്ഷിച്ച ആ വൃക്ഷ മുത്തശ്ശിയുടെ ദുര്യോഗത്തിൽ ഒരു ചെറുവിരൽ അനക്കാൻ പോലും ആരുമുണ്ടായില്ല. അത് നമ്മുടെ ദേശീയ വൃക്ഷമാണ്. വേരിൽ ബ്ര ഹ്മാവും,മദ്ധ്യത്തിൽ മഹാവിഷ്ണുവും അഗ്രത്തിൽ സാക്ഷാൽ ശിവഭഗവാനും.എല്ലാ ശനിയാഴ്ചയും, പാലാഴി കടഞ്ഞപ്പോൾ ഉൽഭവിച്ച ജ്യേഷ്ടാ ഭഗവതിയുടെ സാന്നിദ്ധ്യം വേറേയും .അതുകൊണ്ട് വെറുതേ മുറിക്കാൻ പാടില്ല. ഓവിയ്ക്കാൻ്റെ കൽപ്പന. പ്രശ്നവിധി പ്രകാരമാവണം. പരിഹാരം ചെയ്യണം. വേറൊരാൽ വച്ചു പിടിപ്പിക്കണം. വിധി പ്രകാരം ആൽമരത്തിനെ സംസ്ക്കരിക്കണം. എല്ലാ സംസ്ക്കാരച്ചടങ്ങുകളോടും കൂടി. മൂന്നു ലക്ഷം രൂപയോളം ചെലവ് വരും. സാരമില്ല ആ മരം അവിടുന്നു മാറണം. കുടിവെള്ളം തടയുന്നവന് മരണശിക്ഷ തന്നെ വിധി. ചടങ്ങുകൾക്ക് മുമ്പ് വൃക്ഷ പൂജ ചെയ്യണം.അതിൽ വസിക്കുന്ന സകല ചരാചരങ്ങളോടും അനുവാദം വാങ്ങണം. അവർക്ക് പുതിയ ആവാസവ്യവസ്ഥ ഉണ്ടാക്കിക്കൊടുത്തു കൊള്ളാമെന്ന് വാക്കു കൊടുക്കണം. പുതിയ മരം വയ്ക്കാൻ സ്ഥാനം ഗണിച്ചു.കുഴിപകുതി ആയപ്പോൾ ഗംഗാ പ്രവാഹം. ശുഭലക്ഷണം: കുടിവെള്ള പൈപ്പ് പൊട്ടിയതാണ് പണിക്കാരൻ പറഞ്ഞു. അത് ആദ്യം ശരിയാക്കണം. അങ്ങിനെ എല്ലാ ച്ചടങ്ങുകളോടും കൂടി ആ ആൽത്തറ മുത്തശ്ശിയുടെ അംഗങ്ങൾ ഒന്നൊന്നായി അറത്തെടുത്തു. തായ് തടിയും വീണു. എല്ലാം വിധിപ്രകാരം . സായൂജ്യമായി . " മണ്ടന്മാരെ നമ്മുടെ വാസസ്ഥലം നശിപ്പിച്ചതിനു ചെലവ് മൂന്നര ലക്ഷം.ആ കുടിവെള്ള പൈപ്പ് മാറ്റി വേരൊരു സ്ഥലത്തു കൂടിക്കൊണ്ടു വന്നെങ്കിൽ ആകെ ചെലവ് ഇ രു നുറ്റി അമ്പത് രൂപയിൽ നിന്നേ നേ " അതും പറഞ്ഞ് ആ ആൽമരത്തിലെ കാക്ക അവർക്കു മുകളിലൂടെ പറന്ന് അപ്രത്യക്ഷമായി

Thursday, January 4, 2024

പാച്ചുവിൻ്റെ സ്ലീപ് ഓവർ [ അച്ചു ഡയറി-515]മുത്തശ്ശാ പാച്ചു ഇന്നവൻ്റെ കൂട്ടുകാരൻ്റെ വീട്ടിൽ സ്ലീപ്പൊവറിന് പോയിരിക്കുകയാണ്. ആദ്യമായാണവൻ രാത്രിയിൽ വിട്ടു നിൽ ക്കുന്നത്. അമ്മയ്ക്കാണ് കൂടുതൽ വിഷമം. അച്ചൂ നും വിഷമമുണ്ട്. അവിടെ അങ്കിളിനെ രാത്രി വിളിച്ചു നോക്കി. അവന് ഒരു കുലുക്കവുമില്ല. അവൻ തീരുമാനിച്ചുറച്ച താണ്. ഏട്ടന് പോകാമെങ്കിൽ എനിയ്ക്ക് എന്താ പോയാല് .അവസാനം സമ്മതിച്ചു. അവർ വന്നു കൊണ്ടുപോയി. അവൻ കാറിൽ കയറുമ്പോൾ ഒന്നു തിരിഞ്ഞു നോക്കിയതുപോലുമില്ല. ദുഷ്ടൻ. അവൻ്റെ ബസ്റ്റ് ഫ്രണ്ടാണ് കൂടെ. പക്ഷേ മുത്തശ്ശാ അച്ചൂന് രാത്രി ഉറക്കം വന്നില്ല. അവനുറങ്ങണമെങ്കിൽ ഞങ്ങൾ അടുത്തു വേണം. എങ്ങിനെ ആകുമോ ആവോ? ' വീണ്ടും പത്തു മണിക്ക് വിളിച്ചു നോക്കി .പാച്ചുവിനി തൊന്നും പ്രശ്നമല്ല. അവൻ കൂട്ടുകാരനുമായി അടിച്ചു പൊളിക്കുന്നു. ഏട്ടനെ ഒന്നു വിളിയ്ക്കാൻ പോലും തയാറായില്ല. രാത്രി രണ്ടു പേരും ഒരു മുറിയിൽ കിടന്നോളാം എന്ന വാശി പിടിച്ചുവത്രെ. രാവിലെ ആണ് അങ്കിൾ കൊണ്ടു വിട്ടത്. എങ്ങിനെയുണ്ട് നിൻ്റെ കൂട്ടുകാരൻ." ഹി ഈസ് ബറ്റർ ദാൻ യൂ ഏട്ടാ " അവൻ മുഖത്തടിച്ചു പറഞ്ഞു. അച്ചൂന് വിഷമമായി മുത്തശ്ശാ. സാരമില്ല. അവൻ വലിയ കുട്ടി ആകുന്നതിൻ്റെ ലക്ഷണമാണ്. പക്ഷേ അവൻ അമ്മയുടെ അടുത്ത് ചെന്ന് സ്വാകാര്യമായി പറയുന്നത് അച്ചു കേട്ടു ." വെറുതേ ഏട്ടനെ ചൂടാക്കാൻ പറഞ്ഞതാ ഏട്ടനടുത്തില്ലാത്തോട്ട് രാത്രി ശരിക്കുറങ്ങാൻ കഴിഞ്ഞില്ല " ഭയങ്കരാ അവനെന്നോടിങ്ങിനെ ഒന്നുമല്ല പറഞ്ഞത്. എന്തായാലും അവനെന്നെ വലിയ ഇഷ്ടമാണ് മുത്തശ്ശാ.i