Saturday, January 20, 2024

എൻ്റെ അച്ഛൻ എൻ്റെ സുഹൃത്ത്. നാൽപ്പത് വർഷമായി എൻ്റെ അച്ഛൻ എന്നെ വിട്ടുപിരിഞ്ഞിട്ട്.ഒരു യാഥാസ്ഥിക കുടുംബത്തിലാണ് ഞാൻ പിറന്നത്. എന്നെ സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും പഠിപ്പിച്ചത് എൻ്റെ അച്ഛനാണ്. എന്നെ പുസ്തകം വായിക്കാൻ പഠിപ്പിച്ചതുംഎൻ്റെഅച്ഛനാണ്.കൗണ്ട് ഓഫ് മൊണ്ടി ക്രിസ്റ്റോയും, പാവങ്ങളും, മൂന്നു പോരാളികളും എല്ലാം. കഥയുടെ ഏറ്റവും രസകരമായ ഭാഗം വരെ വായിച്ച് തരും എന്നിട്ട് ബാക്കി വായിച്ചോളാൻ പറയും.അങ്ങിനെ അച്ഛനൊപ്പം അനേകം പുസ്തകങ്ങൾ വായിച്ചു. കഥകളിയിൽ കമ്പം കയറി അച്ഛൻ കൂട്ടുകാർക്കൊപ്പം കലാമണ്ഡലം കൃഷ്ണൻ നായർക്കൊപ്പം കുറേക്കാലം നാടുചുററി .കഥകളിമുദ്രകൾ ഒക്കെ ഹൃദിസ്ഥമാക്കി. അന്നത് കുറേ ഒക്കെ എന്നേയും പഠിപ്പിച്ചു തന്നു. ഞാൻ ഗ്രാജുവേഷൻ കഴിഞ്ഞിരിക്കുന്ന കാലം. അന്നാണ് ലോർഡ് കൃഷ്ണാ ബാങ്ക് കുറി ച്ചിത്താനത്തു വരുന്നത്. അന്ന് ഒരു ഷേണായി സാറായിരുന്നു ജനറൽ മാനേജർ.അന്ന് ഗൃഹസന്ദർശനത്തിനിടെ ഇവിടെയും വന്നു. അപ്പോൾ അച്ഛനും ഞാനും പറമ്പിൽ കിളച്ചു കൊണ്ടിരിക്കുകയായിരുന്നു. അന്ന് അച്ഛൻ പറമ്പിൽ നന്നായി പ്പണി എടുക്കുമായിരുന്നു. ഷേണായി സാറിനൽഭുതമായി.നമ്പൂതിരിമാർ പറമ്പിൽപ്പണിയുമോ? പിന്നീട് ബാങ്കിൽ ജോലിക്ക് എന്നെപ്പരിഗണിക്കുമ്പോൾ ഈ സംഭവമായിരുന്നു എന്നെ തിരഞ്ഞെടുക്കാൻ പ്രധാന കാരണം. സാറ് പിന്നീടും പലരോടും അത് പറഞ്ഞിട്ടുണ്ട്. അന്ന് ഇവിടന്ന് രണ്ടു മൈൽ ദൂരെ ഒരു കാടിന് നടുക്ക് ഒരു കാവ്യണ്ട്.കുര്യനാട് ചെറുവള്ളിക്കാവ്. അവിടെ അച്ഛൻ ശാന്തിക്ക് പോകാറുണ്ട്. ഒരു തപസ് പോലെ ഫലേച്ഛ കൂടാതെ ഉള്ള കർമ്മം. ഈ കുടുബാവകാശമുള്ള ക്ഷേത്രമായിരുന്നു. ഞാനും പലപ്പഴുംകൂടെപ്പൊകും. ആഡംബരം മുറ്റുന്ന വലിയ ക്ഷേത്രങ്ങളെക്കാൾ പ്രകൃതിയൊടിണങ്ങിയ ഈ മൂർത്തികളെ ആണ് ആരാധിക്കണ്ടത്. അച്ഛൻ പറയാറുണ്ട്. അന്ന് കോളേജിൽ സമരം ചെയ്തതിന് പ്രിൻസിപ്പൽ അച്ഛനെ വിളിച്ചു കൊണ്ടുവരാൻ പറഞ്ഞു. അന്ന് അച്ഛൻ വന്നില്ല. പ്രിൻസിപ്പലിന് ഒരു കത്ത് തന്നു വിട്ടു." അവൻ സ്വതന്ത്രമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ്. അവൻ കോളേജിൽ കലാപം ഉണ്ടാക്കി എങ്കിൽ ന്യായത്തിനാവും.അല്ലങ്കിൽ അവനെ കഠിനമായി ശിക്ഷിക്കാം. അതിന് ഞാൻ വരണ്ട കാര്യമില്ല "അച്ഛൻ്റെ ഓർമ്മക്ക് മുമ്പിൽ സാഷ്ടാംഗനമസ്ക്കാരം

No comments:

Post a Comment