Friday, September 4, 2015

 ഉണ്ണികൃഷ്ണന്റെ ഹാപ്പി ബര്ത്ഡേ .....

   മുത്തശ്ശാ നാളെ ഉണ്ണികൃഷ്ണന്റെ പുറന്നാളല്ലേ ? അച്ചുവിന് "ഹാപ്പി ബർത്ത് ഡേ " പറയണമെന്നുണ്ടായിരുന്നു .അതുപോലെ ഒരു കേക്കും കട്ട് ചെയ്യണം . പക്ഷേ എത്ര മെഴുകുതിരി വേണമെന്നറിയില്ല .  അല്ലങ്കിൽ മെഴുകുതിരി വേണ്ടാ .അത് ചിലപ്പോൾ ഉണ്ണികൃഷ്ണന് ഇഷ്ട്ടപ്പെട്ടില്ലങ്കിലോ .
അഷ്ട്ടമി രോഹിണിയുടെ അന്ന് അർദ്ധരാത്രീലാ ഉണ്ണികൃഷ്ണൻ ഉണ്ടായത് .കംസനെ പേടിച്ചാ ഉണ്ണികൃഷ്ണനെ അമ്പാടിയിൽ ആക്കിയത് . നാട്ടിൽ കുട്ടികൾ ഉണ്ണികൃഷ്ണന്റെ വേഷം കെട്ടി ശോഭായാത്ര ഉണ്ടന്ന് അമ്മ പറഞ്ഞു .അമേരിക്കയിൽ ഇതൊന്നുമില്ല .നാട്ടിലായിരുന്നങ്കിൽ കൂടാമായിരുന്നു . കഴിഞ്ഞ തവണ ടി വി  യിൽ കണ്ടിരുന്നു .എത്ര ഉണ്നിക്രിഷ്ണന്മാരാ . 
നാട്ടിൽ അമ്പലത്തിൽ ഉണ്ണിഅപ്പം  ഉണ്ടാക്കും . അച്ചുവിന് ഉണ്ണിയപ്പം വലിയ ഇഷ്ട്ടാ .അമ്മ ഉണ്ണിയപ്പം ഉണ്ടാക്കിത്തരാമെന്നു പറഞ്ഞിട്ടുണ്ട് .പിറന്നാളിന് കേക്ക് വേണ്ട ഉണ്ണിയപ്പം മതി . ഉണ്ണികൃഷ്ണനും അതാ ഇഷ്ട്ടം          

Wednesday, September 2, 2015

 തൃക്കാക്കരപ്പന് അച്ചുവിൻറെ "പൂവട "
 
  മുത്തശ്ശാ ഇന്നു തിരുവോണാ .തൃക്കാക്കരപ്പനെ ഉണ്ടാക്കി പൂജിക്കണം ."പൂവട " നേദിക്കണം . ഈ അമേരിക്കയിൽ എങ്ങിനെയാ ഉണ്ടാക്കുന്നേ .പാക്കറ്റിൽ മണ്ണൂവാങ്ങി ഓണത്തപ്പനെ ഉണ്ടാക്കി .അരിമാവ് കലക്കി അണിഞ്ഞു .പൂക്കൾ വിതറി . ബാൽക്കണിയിൽ ആണ് .അവിടെത്തന്നെയാണ് അന്ന് ക്രിസ്തുമസ് അപ്പൂപ്പനുവേണ്ടി പുൽക്കൂട്‌ ഉണ്ടാക്കിയത് . പക്ഷേ ഇന്നു രാവിലെ കുളിച്ചിട്ട് വേണ ന്ന് അമ്മ പറഞ്ഞു .അമ്മയുടെ കൂടെ അച്ചുവും രാവിലെ കുളിച്ചു .നല്ല തണുപ്പ് . അച്ഛനും പാച്ചുവും ഉണർന്നിട്ടില്ല .വിളിച്ചാലോ . വേണ്ട .

       ത്രിക്കാക്കരപ്പന് അടയാ നേദിക്കുന്നെ.  അടയുണ്ടാക്കാൻ അച്ചുവിനറിയാം . അമ്മ തലമുടി ചുറ്റിക്കെട്ടി ,സെറ്റുമുണ്ടുടുത്ത്‌ ..... കാണാൻ നല്ല രസം  . അച്ചുവും അടുത്തിരുന്നു . ഇന്നു മാവേലിത്തംപുരാൻ വരും .അതിനാ തൃക്കാക്കരപ്പനെ പൂജിക്കുന്നെ . പൂജകഴിഞ്ഞുവേണം അച്ചുവിനടകഴിക്കാൻ .അച്ചുവിന് അട വലിയ ഇഷ്ട്ടാ ....      
     മുത്തശ്ശാ അച്ചു മാവേലിതമ്പുരാനായി ......

  അമേരിക്കയിൽ ഓണാഖോഷത്തിന് അച്ചു ആയിരുന്നു മാവേലി . ഓലക്കുട ഉണ്ടാക്കാനാ വിഷമിച്ചേ .അവസാനം ബ്രവുണ്‍ പേപ്പർ കൊണ്ട് ഓലക്കുട ഉണ്ടാക്കി .ഭസ്മവും ചന്ദനവും തൊട്ട് ,കിരീടവും വച്ച് ,കസവുമുണ്ടുടുത്ത് ,ഓലക്കുടയും ചൂടി ...നല്ല രസം .കൂട്ടുകാരെല്ലാം പൂവിട്ട് തൊഴുതു .അച്ചു അവരെ അനുഗ്രഹിച്ചു .
   അച്ചുവിന് അടയും അപ്പവും കിട്ടുമെന്ന് വിചാരിച്ചു .എവിടെ ..ആരും ഒന്നും തന്നില്ല .ഇവിടെ എല്ലാവരും മഹാബലിക്ക് "ഷേക്ക്‌ ഹാൻഡ്‌ " തന്നു .അത്രമാത്രം .ഇനി അമേരിക്കയിൽ മഹാബലിയുടെ വേഷം കെട്ടാൻ അച്ചു ഇല്ല . എന്നാലും അച്ചുവിന് മാവേലിത്തമ്പുരാനെ ഇഷ്ട്ടാ .എല്ലാവരേയും എന്തിഷ്ട്ടാനന്നോ മഹാബലിചക്രവർത്തിക്ക് . കുട്ടികളെയാ കൂടുതലിഷ്ട്ടം . അതല്ലേ വാമനന് തനിക്കുള്ളതെല്ലാം കൊടുത്തത് .