Thursday, March 31, 2016

   ചെമ്പേടിലെ കുറിമാനം .......[നാലുകെട്ട് -25 ]

   അറവാതിലിന്റെ മുകളിലുള്ള ഒരു രഹസ്യ അറയിൽ നിന്നും യാദൃശ്ചികമായാണ് ആ ചെമ്പോല കണ്ടെടുത്തത് .അതിൽ എന്തൊക്കെയോ കുറിച്ചിട്ടുണ്ട് .അക്ഷരങ്ങൾ വ്യക്തമാണ് .പക്ഷേ ഒന്നും മനസിലായില്ല . മലയാളമല്ല .കൊട്ടെഴുത്താണത്രെ .നല്ല കനമുള്ള ചെമ്പോലയാണ് .അതിൻറെ രഹസ്യം അറിയണം .കാലത്തെ പറ്റി ഒരു നല്ല സൂചികയാകാനും മതി . അത് ഏതുവിധേനയും വായിച്ചെടുക്കണം . അങ്ങിനെയാണ് അതിൻറെ വിദദ്ധ  രുമായി  സംസാരിച്ചത് .കൊട്ടെഴുത്തു തന്നെയാണ് .അത് ഒരു ക്ഷേത്രത്തിൻറെ കാരാണ്മ്മ അവകാശവും ആയി ബന്ധപ്പെട്ട ഒരു അമൂല്യ ഉടമ്പടി ആണ് .നമ്മുടെ മൂലതറവാട് ഇവിടെ അടുത്താണ് .  അവിടുത്തെ അന്നത്തെ നമ്മുടെ പൂർവികർക്കാർക്കൊ എഴുതിക്കൊടുത്ത ഒരുടമ്പടിയാണത്രേ  അത് .പക്ഷേ കാലനിർണ്ണയംപൂർണ്ണമായും സാധിച്ചില്ല . അഞ്ഞൂറ് വർഷത്തിനുമുകളിൽ പഴക്കമുണ്ടന്നു അവർ ഉറപ്പുപറയുന്നു .  അതിൽ കുറെ എണ്ണം ഇതിനകം നഷ്ട്ടപ്പെട്ടിരിക്കുന്നു .ഇന്നും ആ പ്രസിദ്ധമായ ക്ഷേത്രം ഉണ്ട്.
       പൈതൃകസ്പർശം കൊണ്ട് ധന്യമായ ആ ചെമ്പോലയിൽ കൈ ഓടിച്ചപ്പോൾ ഈ കുടുംബത്തിൻറെ വേരുകളിലേക്ക് ഉണ്ണിയുടെ മനസും ആഴ്ന്നിറങ്ങിയിരുന്നു. ഒരു സ്പടിക കണ്ണാടിയിൽ എന്നപോലെ ആ കുടുംബ ചരിത്രം ഉണ്ണിയുടെ ഹൃദയത്തിൽ തെളിഞ്ഞു വന്നു . 

Wednesday, March 30, 2016

മഷികുപ്പിയും -സ്റ്റീൽ പേനയും     -[നാലുകെട്ട് - 25     ]
     കേരളത്തിൽ ആദ്യമായി "ഫൌണ്ടൻ പേന " കണ്ടുപിടിച്ചത് 1920 -ൽ . അതിനുമുമ്പ് 1829 -ൽ 'ബഞ്ചമിൻ ബെയിലി 'അച്ചടി കൊണ്ടുവന്നു .പിന്നീട് തൂവലുകൊണ്ട് മഷിയിൽ മുക്കി എഴുതിയിരുന്നത്രേ . പിന്നെയാണ് 'സ്റ്റീൽ പെന്നിന്റെ 'വരവ് .
       തടി കൊണ്ടുള്ള ആ മഷിക്കുപ്പിയും നീളത്തിൽ പിടിയോടുകൂടിയ  സ്റ്റീൽ പെന്നും ഈ തറവാടിന്റെ വിലപ്പിടിപ്പുള്ള സമ്പാദ്യം . കുപ്പിയുടെ വക്ക് ഒന്നടർന്നതോഴിച്ചാൽ ഇന്നും ഒരു കേടും ഇല്ല . കുപ്പിയിൽ മഷി കട്ടപിടിചിരിക്കുന്നു . എഴുത്തിനെ സ്നേഹിച്ച എനിക്ക് അവ സമ്മിശ്ര വികാരമാണ് സമ്മാനിച്ചത്‌ . മണ്മറഞ്ഞ ഈ കുടുംബചരിത്രം ഈ പേനത്തുമ്പുകൊണ്ട്  രേഖ പ്പെടുത്തിയിട്ടുണ്ടാവാം . ഇതുപയോഗിച്ചിരുന്ന പ്രതിഭാസമ്പന്നരായ എഴുത്തുകാർ പൂർവികരിൽ കണ്ടിരിക്കാം . അതിൻറെ തിരുവിശേഷിപ്പുകൾ കൂടാരമച്ചിൽ ഭദ്രമായി കണ്ടേക്കാം .
എല്ലാം ഒന്നരിച്ചു പെറുക്കണം  ആ പുരാതന കുപ്പിയിൽ 'ക്യാമൽ ഇങ്ക് 'വാങ്ങി ഒഴിച്ച് ആ സ്റ്റീൽ പേനകൊണ്ട് എഴുതി നോക്കി . ഗതകാലവിഞ്ജാനത്തിന്റെ  ഒരു മിന്നൽപ്പിണർ ഏറ്റതുപോലെ ഉണ്ണി ഒന്ന് ഞട്ടി .

Tuesday, March 29, 2016

        ഹോമപ്പെട്ടി [നാലുകെട്ട്-24 ]

     അറയിൽ സൂക്ഷിച്ചിരിക്കുന്ന പലതും അത്ഭുതപ്പെടുത്തുന്നതാണ് . ആ ചെറിയ ഹോമപ്പെട്ടി അതിലൊന്നാണ് . ദീർഗ്ഘ ചതുരത്തിലുള്ള ഒരു തടി പെ ട്ടി .  അതിൻറെ അടപ്പ് കുറിയ വശത്തേക്ക് വലിച്ചുതുറക്കാം . അതിൽ സമചതുരത്തിൽ ഉള്ള പന്ത്രണ്ട് അറകൾ . അതിൽ ഓരോന്നിലും പല മരുന്നുകളും നിറച്ചിട്ടുണ്ട് .  എന്തെല്ലാം മരുന്നുകൾ എന്നറിയില്ല .നല്ല പഴക്കമുണ്ട് .ഉറപ്പ് ! .പത്തുകൊല്ലമെങ്കിലും ആയിട്ടുണ്ടാകും അത് തുറന്നിട്ട്‌ .ഇതേ ആകൃതിയിൽ ഉള്ള പെട്ടി ഹോമപ്പെട്ടിയായും ഉപയോഗിക്കാറുണ്ട് .ഒരു ഹോമത്തിനു അത്യാവശ്യം വേണ്ട ദ്രവ്യങ്ങൾ അതിലാണ് സൂക്ഷിക്കുക . ഹോമപ്പാത്രങ്ങളും അതിനടുത്തായി സൂക്ഷിച്ചിട്ടുണ്ട് . ഈ  പെട്ടിയുടെ തന്നെ വലിയ ഒരു പതിപ്പാണ്‌ അടുക്കളയിൽ അന്ന് നമ്മൾ ഉപയോഗിക്കാറ് . പലവ്യഞ്ജനങ്ങൾ അതിൽ സൂക്ഷിച്ചിരിക്കും . അതിൽ പാറ്റയോ മറ്റ് കീടങ്ങളോ കയറാത്ത അത്ര കൃത്യമാണ് അതിൻറെ അടപ്പ് .ജലാംശം വലിച്ചെടുക്കാൻ കഴിവുള്ള ഒരുതരം പ്രത്യേക തടി കൊണ്ടാണ് അതുണ്ടാക്കിയിരിക്കുന്നതെന്ന് പഴമക്കാർ പറയുന്നു  .ഉപ്പ് ഇട്ടുവക്കാനുള്ള  ആലില ആകൃതിയിൽ ഉള്ള "മരിക " ,അതിനും ഇത്തരം മരമാണ് ഉപയോഗിച്ചിരുന്നതത്രേ  .
    
      തൻറെ നാലുകെട്ടിൻറെ അപൂർവതകളിലേക്ക് ഉണ്ണി നടന്നടുത്തുകൊണ്ടിരുന്നു

Monday, March 28, 2016

കഴഞ്ചിക്കോൽ -വെള്ളിക്കോൽ -[നാലുകെട്ട് 23 ]

    പണ്ട് നമ്മുടെ തറവാടുകളിലെ ഒരു നിത്യോപയോഗ സാധനം .തൂക്കം അറിയാൻ "ഉത്തോലകതത്വം "ഉപയോഗിച്ച പ്രാചീനരീതി . അന്ന് അസുഖങ്ങൾക്ക് ആയുർവേദ ചികിത്സയാണ് പ്രധാനം . മരുന്നുകൾ നമ്മൾ തന്നെ ഉണ്ടാക്കും .അതിന് ഓരോന്നിന്റേയും തൂക്കവും ,മാത്രയും പ്രധാനം ..ചെറിയ ചെറിയ    
തൂക്കങ്ങൾക്ക് "കഴഞ്ചിക്കോൽ "ആണ് ഉപയോഗിക്കുന്നത് .ഒരറ്റത്തേക്ക് വണ്ണം കൂടി കൂടി വരുന്ന ,മരത്തിൻറെ ഒരു ഉരുളൻ വടി . വണ്ണം കുറഞ്ഞ അറ്റത്ത്‌ ഒരു കൊളുത്ത് .മൂന്നു വശത്തായി ചരടിൽ കെട്ടിയ ഒരു ചിരട്ട ഈ കൊളുത്തിൽ തൂക്കിയിരിക്കും . ഈ കോലിൽ തോത് അടയാളപ്പെടുത്തിയിരിക്കും .  കുറെ വരകളും ഇടക്ക് ഗുണന ച്ചിന്നവും .ചിരട്ടയിൽ തൂക്കം നോക്കാനുള്ളത് ഇടുക .മുകളിലത്തെ ചരടിൽ തൂക്കി   കഴഞ്ചിക്കോൽ തിരച്ചീനമായാൽ  തൂക്കം നോക്കാം .കഴഞ്ചു ,പലം ,റാത്തൽ അങ്ങിനെ പോകുന്നു അതിൻറെ യൂണിറ്റ് . കരിപിടിച്ച കഷായക്കലവും ,ഈ കഴഞ്ചിക്കോലും രോഗാവസ്ഥയുടെ പ്രതീകമായാണ് അന്ന് മനസ്സിൽ പതിയുന്നത്‌ .

    വെള്ളിയുമായി ഒരു ബന്ധവുമില്ല "വെള്ളിക്കൊലിനു ". തത്ത്വം കഴഞ്ചിക്കൊലിന്റെ തന്നെ . വലിയ തൂക്കങ്ങൾക്കാണിത് . തടിയുടെ രണ്ടറ്റത്തും പിച്ചള കെട്ടിയോ ,മുഴുവൻ ഇരുമ്പിൽ തീർത്തതോ ആകാം .   

Sunday, March 27, 2016

...കളമെഴുത്ത് പാട്ട് ----[നാലുകെട്ട് 22 ]

         നാലുകെട്ടിൻറെ തളത്തിലാണ് കളമെഴുത്ത് .കുട്ടിക്കാലത്ത് അതോരുത്സവമാണ് .ബാലക്കുറൂപ്പ് ചെണ്ടയും ,ചെങ്ങിലയും ആയി വരുമ്പോൾ തന്നെ മനസ്സിൽ ഉൽസാഹകമാവും .  ആദ്യം കെട്ടിവിദാനമാണ്.    കുരുത്തോല ,ആലില ,വെറ്റില ,പൂക്കില .മാവില  ഇവകൊണ്ടാണ് അലങ്കാരം . ഭദ്രകാളി നടുക്കും ,രണ്ടുവശത്തും യക്ഷിയും ,ശാസ്താവും . ആദ്യം അരിപ്പൊടികൊണ്ട്‌  "ആയുർ രേഖ " വരയ്ക്കുന്നു . അതിന് ശേഷം പ്രകൃതിദത്തമായ അഞ്ചുതരം പൊടികൾ കൊണ്ടാണ് കളമെഴുത്ത് . കറുപ്പ് ,വെള്ള ,പച്ച ,മഞ്ഞ ,ചുവപ്പ് .ഈ പഞ്ചവർണ്ണപ്പോടികൾ കൊണ്ട് തീർക്കുന്ന കളം അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട് . ഭദ്രകാളിയുടെയും ,യക്ഷിയുടേയും ഭീകര രൂപം പതുക്കെ പതുക്കെ ഉരുത്തിരിഞ്ഞ്‌ വരും .അന്ന് ആ ഭീകര ദംഷ്ട്രങ്ങൾ ഭയം ജനിപ്പിച്ചിരുന്നു . അരിപ്പൊടികൊണ്ട്  അതിരുവരച്ചു ചുറ്റും അക്ഷദവും പൂക്കിലയും നാളികേരവും വച്ച് അലങ്കരിക്കുന്നു .

          നന്തുണി കൊട്ടി ദേവസ്തുതി പാടുന്നു . പിന്നെ കളം പൂജ . മുറ്റത്ത്‌ അഞ്ച് വാഴപ്പിണ്ടികൾ നിരയായി ഉറപ്പിച്ചിരിക്കും . സന്ധ്യക്ക്‌ അതിൽ പന്തവും ,കൊൽത്തിരിയും കത്തിച്ച് പൂജിച്ച് പ്രദക്ഷിണം വച്ച് വീൺ ഡും  തളത്തിലേക്ക്‌ . കർപ്പൂരം കത്തിച്ച് ദീപാരാധന . കുറുപ്പ്  വലംതലയിൽ കൈ കൊണ്ട് താളത്തിൽ കൊട്ടി കളമെഴുത്ത്പാട്ട് . പതിഞ്ഞ ശബ്ദത്തിലുള്ള  ആ പാട്ട് ഇന്നും ചെവിയിൽ മുഴങ്ങുന്നു . അവസാനം കുരുത്തോലകൊണ്ട് കളം മായ്ക്കുന്നു . മാറിടം ഒഴിച്ച് .അന്ന് ആ മനോഹരരൂപം മാച്ച് വിക്രുതമാക്കുംപോൾ കുരുപ്പിനോട് ദ്വേഷ്യം തോന്നിയിട്ടുണ്ട് .   

Saturday, March 26, 2016

..പാച്ചുവിൻറെ കുത്തിവയ്പ്പ് --[അച്ചു ഡയറി -110 ]

     മുത്തശ്ശാ  അച്ചുവിനാകെ സങ്കടായി . ഇന്നു പാച്ചുവിൻറെ "ഇഞ്ജക്ഷൻ "ആയിരുന്നു .അച്ചുവും പോയ്യി .അച്ചുവിൻറെ ഡോക്ടർ തന്നെ . അവനേ വേദനിപ്പിക്കരുതെന്ന് അച്ചു പറഞ്ഞതാ . മൂന്ന് കുത്ത് കുത്തി .അവനുറക്കെ കരഞ്ഞു .അച്ചുവിന് സങ്കടം വന്നു .അച്ചുവിനോട് അവൻറെ കൈ പിടിച്ചു വയ്ക്കാൻ പറഞ്ഞതാ . എനിക്ക് വയ്യ . പാവം . അവൻ ഏങ്ങലടിച്ചു കരഞ്ഞു .കണ്ണിൽ നിന്ന് വെള്ളം വന്നു . നന്നായി വേദനിചിട്ടുണ്ടാവും .അച്ചുവിനും കരച്ചിൽ വന്നു .വാതിലിൻറെ മറവിൽ പോയി ആരും അറിയാതെ കരഞ്ഞു . അമ്മയ്ക്കും സങ്കടായിക്കാണൂ ൦ .

     കുത്തിവച്ചാൽ ചിലപ്പം പനി വരും എന്ന് ഡോക്ടർ പറഞ്ഞു .പിന്നെ എന്തിനാ ഈ കുത്തിവയ്പ്പു . അച്ചുവിന് ഒന്നും മനസിലായില്ല ഇപ്പം അവൻ എൻറെ മടിയിൽ തലയിണ വച്ച് തളർന്ന് ഉറങ്ങുകയാ .അനങ്ങിയാൽ ഉണരും .അനങ്ങണ്ടാ    

Friday, March 25, 2016

സർപ്പക്കാവ് --പരിസ്ഥിതിസൌഹൃദം  [നാലുകെട്ട് -21 ]

      നാഗരാജാവും ,നാഗയക്ഷിയും അടങ്ങുന്ന നാഗസങ്കൽപ്പങ്ങൾ . നാഗത്തറയിൽ പ്രതിഷ്ട്ട . താഴെ ചിത്ര കൂടങ്ങൾ വേറെ ആ കൊടും കാടിനരുകിൽ വയസ്സ് നിർണ്ണയിക്കാനാവാത്ത ഒരു കണികൊന്നമുത്തശ്ശി . വർഷങ്ങളായി നറൂമണം വിതറി ഒരു വലിയ ഇലഞ്ഞി മരം .പനംകുലകൾ വിടർത്തി ഭീകരരൂപത്തിൽ ഒരു കാളിപ്പന .പടർന്നു നിൽക്കുന്ന പാലമരം .അമൃതും ,ഞറളയും  കെട്ടുപിണഞ്ഞുചമച്ച നാഗരൂപം  .അടപൊതിയനും ,അമൽപ്പൊപോരിയും,ചതാവരിയും അടങ്ങിയ ജൈവസമ്പത്ത് വേറെ. പൂർവസൂരികൾ വിഭാവനം ചെയ്ത പരിസ്ഥിതി സംരക്ഷണം ഇവിടെ പൂർണ്ണമാകുന്നു .
      അതാണ്‌ ഞങ്ങളുടെ നാഗലോകം . പാമ്പുകളെ ഉപദ്രവിക്കാൻ മുത്തശ്സൻ സമ്മതിക്കാറില്ല . ചിലപ്പോൾ നാലുകെട്ടിലും .നിലവറയിലും കയറിവരും . മറ്റുള്ളവർക്ക് ഇന്നും ഭയമാണ് .ഇവിടെ കാണുന്ന  എല്ലാ പാമ്പുകൾക്കും അവർ ദൈവ സങ്കല്പം നല്കി . അനുഗ്രഹ ശക്തിയില്ലാത്ത  നാഗദൈവങ്ങളെ നിഗ്രഹിക്കാതിരിക്കാൻ പൂജിക്കുക !."സർപ്പ കോപം "സകലജാതി മതസ്ത്തരും ഇന്നും ഭയപ്പെടുന്നു .
     തൂശനില വെട്ടിയിട്ട് നൂറും പാലും നല്കി ആയില്ല്യത്തിനു സർപ്പപൂജ . പന്തത്തിന്റെ പ്രഭയിൽ മഞ്ഞളിൽ കുളിച്ച് ,കവുകിൻ പൂക്കുലയാൽ അലങ്കരിക്കപ്പെട്ട ആ നാഗസങ്കൽപ്പം ഉള്ളിൽ ഭയം ജനിപ്പിച്ചിരുന്നു . അടുത്ത സ്ഥലങ്ങളിൽ നിന്ന് വിറ്റുപോയവർ പോലും മൈലുകൾ താണ്ടി സർപ്പപൂജക്കിവിടെ എത്തുന്നത് അത്ഭുതം ജനിപ്പിച്ചിരുന്നു .പക്ഷേ കുട്ടിക്കാലത്ത് അവിടെ നിവേദിക്കുന്ന അപ്പത്തിലും പാൽപ്പായസത്തിലും ആയിരുന്നു കണ്ണ് .

Thursday, March 24, 2016

മുല്ലക്കൽ തേവർക്കു "കൊട്ടും ചിരിയും "  [നാലുകെട്ട് -20 ]
                   
               ഭരദേവതക്കു പുറമേ  "മുല്ലക്കൽ തേവർ " ഉണ്ട് . നാലുകെട്ടിൻറെ പുറത്ത് ഈശ്സാനുകോണിൽ . ഭദ്രകാളിയും ,യക്ഷിയും ശ്രീകൊവിലിനകത്തും വനദുർഗ പുറത്തും . ഇടിഞ്ഞു പൊളിഞ്ഞ് വീഴാറായത് നന്നാക്കിയിട്ടുണ്ട് . കുട്ടിക്കാലത്ത് എത്രയോ പ്രാവശ്യം "നർക്കിലയിൽ "നേദിച്ചിട്ടുണ്ട്   . ഉണ്ണിയുടെ ഓർമ്മ ഒത്തിരി പുറകോട്ട് പോയി . അന്ന് നാട്ടുകാർക്ക് പലർക്കും അതിന് പരിസരത്തുപോലും പോകാൻ ഭയമാണ് . ഇന്നും . 
             കുട്ടിക്കാലത്ത് എന്തെങ്കിലും കാണാതെ പോയാൽ ഞങ്ങൾ എല്ലാവരും കൂടി മുല്ലക്കൽ ചെല്ലും . വിളക്കു വയ്ക്കും . എന്നിട്ട് ഉറക്കെ ഉറക്കെ കൈ കൊട്ടി  ചിരിച്ചുകൊണ്ട് പ്രദിക്ഷിണം വയ്ക്കും .കളഞ്ഞു പോയ സാധനം കിട്ടുമത്രേ . അതൊരു വഴിപാട് പോലെയാണ് . ചിരിക്കുമ്പോൾ "ടെൻഷൻ "പോകും .അങ്ങിനെ സമാധാനമായി തിരയുമ്പോൾ അതു  കിട്ടുന്നു . അതാകാം അതിൻറെ മനശാസ്ത്രം .
               ശ്രീകോവിലിന് വടക്കുവശത്ത്   നന്നായി ചാണകം കൊണ്ട് മെഴുകിയ ഒരു തറയുണ്ട്. സൂര്യ നമസ്ക്കാരത്തിന് . ത്വക്ക് രോഗങ്ങൾക്ക് രാവിലെ ഇളവെയിലത്ത് ഇവിടെ 101 -സൂര്യനമസ്ക്കാരം,.അതന്നത്തെ ഒരു ചികിത്സാ രീതി തന്നെ ആയിരുന്നു .
               ആചാരങ്ങളെ എത്ര അധികം, ആരോഗ്യവുമായി ബന്ധപ്പെടുത്തുന്ന ഒരു രീതി ലോകത്ത് നമുക്ക് മാത്രമേ ഉള്ളു എന്നു തോന്നുന്നു .

Wednesday, March 23, 2016

നെട്ടൂർപെട്ടി ---[നാലുകെട്ട് -19 ]

     അറയുടെ ഒരു മൂലയ്ക്ക് ഇന്നും അതുഭദ്രം . നെട്ടൂർപെട്ടി .നല്ല വീട്ടിത്തടിയിൽ തീർത്തത് . തൂക്കിക്കൊണ്ട്‌ നടക്കാവുന്ന ചെറിയപെട്ടി . അന്ന് പ്രധാനമായും ആഭരണങ്ങൾ സൂക്ഷിക്കുന്നതതിലാണ് .പിന്നെ വിലപ്പിടിപ്പുള്ളതെല്ലാം . അതിൻറെ അടപ്പ് "പിരമിഡ് " ആകൃതിയിലാണ് . നല്ല കൊത്തുപണികളുള്ള പിച്ചള തകിടുകൊണ്ട് അത് ബാലപ്പെടുത്തിയിരിക്കും . പെട്ടിയുടെ കോണും പിച്ചളകൊണ്ട്  പൊതിഞ്ഞിരിക്കും.  പൂട്ടും ഒടാമ്പലും പിച്ചളയിൽ . മുകളിൽ തൂക്കിനടക്കാൻ ഒരു പിടി . അത് തുറന്നാൽ രണ്ടു വശത്തും ചെറിയകള്ളികൾ .

         അന്ന് മുത്തശ്ശിയുടെ സംബാദ്യങ്ങൾ അതിലാണ് . ഞങ്ങൾ  അന്നത് തുറക്കുന്നത് കാണാൻ അടുത്തുകൂടും .നാഗപടത്താലി ,ആമത്താലി ,കാശുമാല ,തോട ,അങ്ങിനെ എന്തെല്ലാം ആഭരണങ്ങൾ !പിന്നെ പഴയ "രാശി " .പ്രശ്നം വയ്ക്കാൻ ഇന്നും രാശി ഉപയോഗിക്കുന്നുണ്ട് .അന്നത്തെ നാണയങ്ങൾ ധാരാളം ഉണ്ടാകും .മുത്തശ്ശിയുടെ കയ്യിൽ നിന്ന് കിട്ടുന്ന  ആ "ഓട്ടക്കാലണ "അന്നൊരു നിധി ആയിരുന്നു . ക്ലാവുപിടിച്ച് പൊടികയറിയ ആ പെട്ടി , പഴയകാല ചരിത്രത്തിൻറെ ഒരു "നിധിപേടകം "മായി ഇന്നും കണ്മുമ്പിൽ .    

Tuesday, March 22, 2016

 വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരി ...........

അദ്ദേഹം എനിക്ക് ഈശ്വര തുല്യൻ . എൻറെ അമ്മക്ക് കാൻസർ ബാധിച്ച് മെഡിക്കൽ കോളേജിൽ നിന്ന് വെറും പത്തു ദിവസത്തെ ആയുസ് പ്രവചിച്ച് വിട്ടതാണ് .അങ്ങിനെ അദ്ദേഹത്തിൻറെ അടുത്തെത്തിച്ചു .ആ അത്ഭുത ചികിത്സയിൽ  വേദനയില്ലാതെ ,അത്യാവശ്യം ആഹാരം കഴിച്ച് ,ഉറക്കത്തിന് കുഴപ്പമില്ലാതെ ഒരു വർഷം കൂടി എൻറെ അമ്മ ജീവിച്ചു . ആദ്യം തന്നെ അവിടെ ചെന്നിരുന്നെങ്കിൽ മോഹിച്ചുപോയി . അമ്മയുടെ അവസാന ആഗ്രഹമായിരുന്നു അദ്ദേഹത്തെ ഒന്നുകൂടി കാണണമെന്ന് . സബരിമലക്ക് പോണ വഴി അദ്ദേഹം കുറിചിതാനത്തുകൂടി വന്നു .ഇവിടെ കയറി പിറ്റേ ദിവസമാണ് പോയത് . ആ മഹാമനസ്കത മറക്കില്ല . അന്നദ്ദേഹം അമ്മയുടെ മരണസമയം ,വ്യൻഗ്യമായി ,പ്രവചിച്ചിരുന്നു .

       അമ്മ മരിചുഒരുവർഷം കഴിഞ്ഞ് അമ്മയുടെ ആണ്ടുബലിക്കു അദ്ദേഹത്തെ കൃത്ഞ്ഞതയോടെ ഓർത്ത്‌ ഞാനോരുകത്തയച്ചിരുന്നു .അദ്ദേഹത്തിൻറെ മറുപടി ഞാൻ പൊന്നുപോലെ സൂക്ഷിച്ചിരുന്നു .
     "ചികിത്സ പരാജയപ്പെട്ടിട്ടും ഒരുവർഷം കഴിഞ്ഞും വൈദ്യനെ ഓർക്കുന്നത്,പതിനായിരക്കണക്കിനാളുകളെ ചികിൽസിച്ചിട്ടുള്ള,എനിക്ക് ആദ്യാനുഭവമാണ് ..നന്ദി    "
 
 പക്ഷേ ആ ചികിത്സ വിജയമായിരുന്നു .വേദനയില്ലാതെ ഒരുവർഷം കൂടി എൻറെ പ്രിയപ്പെട്ട അമ്മയെ എനിക്ക് തിരിച്ചുതന്ന ആ മഹാ ഭിഷഗ്വരന്റെ വിജയം .
  

Monday, March 21, 2016

  പാതാളക്കരണ്ടി ---[നാലുകെട്ട് -18 ]

           ഭൂമിപൂജക്ക് ശേഷം ഗംഗാദേവിയെ നാലുകെട്ടിൻറെ ഈശാനുകോണിലേക്ക് ആവാഹിച്ച് നിർമ്മിച്ചതാണ് അടുക്കള കിണർ .നല്ല ആഴമുണ്ട് . വിസ്താരവും . അടിമുതൽ വെട്ടുകല്ലുകൊണ്ട് വൃത്തത്തിൽ കെട്ടിയിരിക്കുന്നു . അത് കെട്ടുമ്പോൾ ഒരടി ചുറ്റും കരിയും മണലും ചേർന്ന മിസൃതം നിറച്ചിരുന്നു . വെള്ളം അരിച്ചിറങ്ങാനാണ്. അന്ന് കരിക്ക് കുലയോടെ വെട്ടി കയറിൽകെട്ടി ഈ കിണറ്റിലെ വെള്ളത്തിൽ താഴ്തിയിടും .അതിൻറെ തണുപ്പും സ്വാദും ഇന്നും നാവിലുണ്ട് .
         ഈ കിനട്ടിൽ എന്തെങ്കിലും പോയാൽ എടുക്കാനാണ് "പാതാളക്കരണ്ടി ".കുട്ടിക്കാലത്ത് ആ പേരുതന്നെ പേടിയാ .കാണുന്നതും . അത് മുകളിൽ കെട്ടി സൂക്ഷിച്ചിരിക്കും   . ഇരുമ്പുകൊണ്ടുള്ള അനവധി നാക്കുകളുണ്ടതിനു. കപ്പലിലെ ന്കൂരത്തിന്റെ ആകൃതിയിൽ .രാത്രിയിൽ അതിൻറെ നിഴൽ ഭയപ്പെടുത്തിയിരുന്നു . അതിൻറെ വക്കിനു   നല്ല മൂർച്ച . നാഗപ്പത്തിപോലെ അനേകം കൊളുത്തുകൾ ചുറ്റും .അത് കയറിൽ കെട്ടി വെള്ളത്തിൽ ഇറക്കും . കയർ വെട്ടിച്ച് കിണറ്റിലെ സാധനങ്ങൾ അതിൽ കോർത്തെടുക്കാം .
          ഇന്നാ കിനരിന്റെ അരുകിൽ ചെടികൾ പടർന്നിരിക്കുന്നു . ആ  പാതാളക്കരണ്ടി തുരുമ്പിച്ച്‌ കാലപ്പഴക്കത്തിൽ ദ്രവിച്ചിരിക്കുന്നു .ഇനിയും തുരുമ്പിക്കാത്ത ആ നല്ല ഓർമ്മകളിലേക്ക് അത് എന്നേ കോർത്തു വലിക്കുന്നതുപോലെ തോന്നി .

Sunday, March 20, 2016

  മുത്തശ്ശാ അച്ചുവിന് ആറാട്ടുപുഴ പൂരം കാണണം -[അച്ചു ഡയറി -109 ]

    മുത്തശ്ശാ ഇന്നല്ലേ ആറാട്ടുപുഴ പൂരം .അച്ചൂന് പോണന്നു തോന്നണു  . ആനകളെ കാണണം . ഇത്തവണ "പാമ്പാടി രാജൻ "ഉണ്ടന്നറിഞ്ഞു .അച്ചു കണ്ടിട്ടില്ല . കാണണന്നുണ്ടായിരുന്നു.പാമ്പാടി രാജൻറെ ഫോട്ടോ അച്ചുവിൻറെ കൈലുണ്ട് . നല്ല ഭംഗിയുണ്ട് .അച്ചു അമേരിക്കയിൽ അല്ലായിരുന്നെങ്കിൽ എന്തായാലും പോയേനെ . അമ്പലത്തിൽ രണ്ടാം നിലയുടെ മുകളിൽ ഞങ്ങൾക്ക് ഒരു കട്ടിലിടാനുള്ള സ്ഥലമുണ്ട് .അവിടെ ഇരുന്നാൽ പൂരം നന്നായി കാണാം .

     ഊരകത്തമ്മത്തിരുവടിയുടെ യക്ഷികൾ വേഷം മാറി പൂരത്തിന് വരും എന്ന് പറഞ്ഞ് അമ്മ പേടിപ്പിച്ചു . അച്ചുവിന് യക്ഷികളെ പേടിയില്ല . പക്ഷേ കോൺപല്ലുള്ള യക്ഷികളെ പേടിയാ .യക്ഷികൾക്ക് കൊൺ പല്ല് വേണ്ടായിരുന്നു . 


Saturday, March 19, 2016

 " ..തുടി" - ആതിഥ്യ സംസ്ക്കാരത്തിൻറെ തുടികൊട്ട് --[നാലുകെട്ട് -17 ]

     അടുക്കളയിൽ അടുപ്പ് നിലത്തിനോടു ചേർന്നാണ് . വിറക് കത്തിച്ച ചാരവും കരിയും .പുകപിടിച്ച ഭിത്തി . അതിനോട് ചേർന്നാണ് കൊട്ടത്തളം .കരിങ്കൽ പാളിയിൽ തീർത്ത കൊട്ടത്തളത്തിൽനിന്നു ഒരു ചെറിയ കിളിവാതിൽ .   .അടുക്കളക്കിനട്ടിൽ നിന്ന് വെള്ളം കോരാനാണ് . ചെരിച്ചു വച്ച രണ്ട് തടിയിലാണ് "തുടി "പിടിപ്പിച്ചിരിക്കുന്നത് . കനം കൂടിയ രണ്ട് പലക ചക്രങ്ങൾ.  അതിൻറെ നടുക്ക് ആക്സിൽ . അതിനു ചുറ്റും അഴികൾ .അതിനുള്ളിൽ ചതുരക്കട്ടകൾ  . അന്ന് "കപ്പി"ക്കു പകരം ഈ "തുടി " യാണ് വെള്ളം കോരാൻ ഉപയോഗിക്കുന്നത് . അഴികളിൽ ഒന്നിൽ കയറിന്റെ ഒരറ്റം കെട്ടും . മറ്റേ അറ്റത്ത്‌ വെള്ളംകൊരാൻ തൊട്ടി .കമുകിൻ പാളകൊണ്ട് പ്രത്യേക രീതിയിൽ കെട്ടിയുണ്ടാക്കിയ പാള . അല്ലങ്കിൽ ചെമ്പുകൊണ്ടുള്ള കുടം .അതാണ്‌ സാധാരണ . വെള്ളം നിറച്ച് മുകളിലേക്ക് വലിക്കുന്നതിനനുസരിച്ച് കയർ തുടിയിൽ ചുറ്റും .  
   
     വെള്ളം അതിനുള്ളിലെ മരക്കട്ടകൾ "കട .കട "ശബ്ദം ഉണ്ടാക്കുന്നു .അന്ന് വീടുകൾ അപൂർവമാണ് .ഈ ശബ്ദം കേട്ടാണ് അടുത്തൊരു വീടുണ്ടന്നു വഴിയാത്രികർ അറിയുന്നത് .അങ്ങിനെ വരുന്നവർക്ക് എന്നും ആഹാരം കരുതിയിരിക്കും . അതിഥി ദേവോ ഭവ !..അങ്ങിനെ അന്നത്തെ ആതിദ്ധ്യസംസ്ക്കാരത്തിൻറെ തുടികൊട്ടായി ആ തുടിയുടെ ശബ്ദം   .അങ്ങിനെ ആയിരക്കണക്കിന് ആൾക്കാരെ സൽക്കരിചതിന്റെ ബാക്കിപത്രമായി ആ തേഞ്ഞു  തീരാറായ തുടി എന്നെ ഭൂതകാലത്തേക്ക് കൈ പിടിച്ച് നടത്തി .

Friday, March 18, 2016

  ശരറാന്തൽ-...[നാലുകെട്ട് -16 ]

   ഇടപ്പുരയുടെ മൂലയിൽ ആ ശ രറാന്തൽ ഇപ്പഴും ഉണ്ട് . കരിപുരണ്ട ചില്ലുമായി .എത്രയോ പ്രാവശ്യം അതിൻറെ ചിമ്മിനി തുടച്ച് നാടയിട്ട്‌ ,മ്ണ്ണണ്ണ  ഒഴിച്ച് കത്തിച്ചിട്ടുണ്ട് . നിലവിളക്ക് കഴിഞ്ഞാൽ ആ നാലുകെട്ടിൻറെ ഇത്തിരി വെട്ടം ആ ശരറാന്തൽ ആണ് . അതിൻറെ ചുവട്ടിൽ വട്ടത്തിൽ ചേർന്നിരുന്ന് ഞങ്ങൾ പഠിച്ചിരുന്നത് ഇന്നും ഓർക്കുന്നു . ആ മണ്ണണ്ണയുടെ മണം ഇന്നും മൂക്കിൽ അടിച്ചുകയറൂന്നതുപോലെ . പിന്നെ മുത്തശ്ശിക്ക് വേറൊരു വിളക്കുണ്ട് .ഒരു മൊന്തയുടെ ആകൃതിയിൽ ഉള്ള ഒരു ഓട്ടുവിളക്ക് . അതിൻറെ തിരി മുകളിൽ കാണാം .കത്തിക്കുമ്പോൾ പുകയും കരിയും നിറയും .എന്നാലും മുത്തശ്ശിക്കതാനിഷ്ട്ടം   . 

      വിശാലമായ ലോകത്തേക്ക് ഇറങ്ങുന്നതിന് മുമ്പ് എൻറെ ഒരു വലിയ സാമ്രാജ്യമായിരുന്നു ആ നാലുകെട്ട് . ആ കരിപിടിച്ച ശരരാന്തലിലൂടെ അന്ന് ഞാൻ ലോകം മുഴുവൻ കണ്ടു .സ്നേഹത്തിൻറെയും ,സംത്രുപ്ത്തിയുടേയും  സുരക്ഷിതത്വത്തിന്റെയും ലോകം . വിശേഷാൽ ദിവസങ്ങളിൽ അപൂർവമായി കൊണ്ടുവരുന്ന "പെട്രോ മാക്സ് "   അന്നോരൽഭുതമാണ് .ആ വെള്ളിവെളിച്ചം ഒരു വലിയ ആഖോഷത്തിന്റെ പ്രതീകമായിരുന്നു . മണ്ണണ്ണ പമ്പ് ചെയ്ത് അതിൻറെ ഫിലമെന്റ് കത്തിക്കുന്നവർ അന്നെന്റെ ഹീറോ ആയിരുന്നു .      

Thursday, March 17, 2016

  അച്ചുവിൻറെ സോഷ്യൽ വർക്ക്‌ .[.അച്ചു ഡയറി -108 ]

      മുത്തശ്സാ അച്ചു സ്കൂളിൽ നിന്ന് "സോഷ്യൽ വർക്കിന് " പോകുവാ . പാവപ്പെട്ടവരെ സഹായിക്കാൻ പണമുണ്ടാക്കാനാ . അച്ചുവിൻറെ കൈലുള്ളത് കൊടുത്തു . ഞങ്ങൾ ഗ്രൂപ്പായി തിരിഞ്ഞ് ഓരോ വീട്ടിലും പോകുന്നു .അവിടെ നമുക്ക് പറ്റുന്ന പണി ചെയ്യുന്നു .അതിൻറെ കൂലി വാങ്ങുന്നു . പാവങ്ങളെ സഹായിക്കാനായതു കൊണ്ട് കൂടുതൽ കാഷ് തരും .മുത്തശ്ശനും ,മുത്തശ്ശിയും ഉള്ള വീടാ അച്ചുവിന് ഏറ്റവും ഇഷ്ട്ടം . അവർ വയ്യാത്തവരല്ലേ .അവർക്ക് ജോലി ചെയ്തു കൊടുത്താൽ അതും  നല്ലതല്ലേ .? 

   ഞങ്ങളുടെ ടീമിനാ ഏറ്റവും കൂടുതൽ ഡോളർ കിട്ടിയത് . അച്ചു അച്ചന്റെ മെയിലിൽ നിന്ന് ഒരു "റിക്വസ്റ്റ് " അയച്ചിട്ടുണ്ട് .അച്ഛന്റേയും അമ്മയുടെയും ഫ്രണ്ട്സിന് . അതും കുറെ കിട്ടുമായിരിക്കും . ചില വീടുകളിൽ ഞങ്ങൾക്ക് "ഐസ് ക്രീം"തരും .അമ്മയോട് പറയണ്ട  .ഒരു സ്ടലത്ത് നിന്ന് മാത്രമേ ഞങ്ങൾ വാങ്ങിച്ചുള്ളൂ .വേണ്ടായിരുന്നു .       

Wednesday, March 16, 2016

          സപ്രമഞ്ചക്കട്ടിൽ -[നാലുകെട്ട് -15 ]

            നാലുകെട്ടിൻറെ അറയുടെ പുറകുവശത്തു ഒരു കിടപ്പുമുറിയുണ്ട്  . "ഒഴുകാരം "എന്നാണ് നമ്മൾ പറയാറ് .ആ മുറിയിലായിരുന്നു ആ സപ്രമഞ്ചകട്ടിൽ . നല്ല വണ്ണമുള്ള കാലുകൾ . അതിൻറെ ശിൽപ്പ ചാതുരി മനോഹരം .കട്ടിലിനു മുകളിലായി കാലുകളിൽ തുള ഇട്ടിരിക്കും .കുറിയവശത്തെ കൊത്തുപണികളോടുകൂടിയ അഴികൾ .അതിൽ ചലിപ്പിക്കാവുന്ന മനോഹരമായ കട്ടകൾ നാലുകാലുകലുടെ യും  മുകളിൽ നിന്ന് മേൽക്കട്ടിയിലെക്കുള്ള തൂണുകൾ . മേൽക്കട്ടി .ഔഷധ ഗുണമുള്ള മരങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത് . അതിനുപയോഗിച്ചിരിക്കുന്ന പെയിന്റ് ആണൽഭുതം .പ്രകൃതി ദത്തമായ സസ്യ ചാറൂകളും  മറ്റും ചേർത്തുണ്ടാക്കുന്ന ഒരുതരം പ്രത്യേക മാന്ത്രികക്കൂട്ട്‌ . കാലപ്പഴക്കം കൊണ്ട് അതിന് ഒരു മങ്ങലും ഏറ്റിട്ടില്ല .
     നല്ല വൃത്തത്തിൽ മിനുക്കി എടുത്ത നാലുകല്ലുകളിൽ  ആണ് കാലുകൾ ഉറപ്പിച്ചിരിക്കുന്നത് . ആ കല്ലുകളുടെ അരുകിൽ ചാലുകൾ കീറിയിട്ടുണ്ട് . ആചാലുകളിൽ വെള്ളം ഒഴിച്ചിരിക്കും .ഉറുമ്പ്‌ കയറാതിരിക്കാനുള്ള മുൻകരുതൽ ..ആ മുറി തറയോടുമാറ്റി സിമിന്റിട്ടത് ഇന്നും ഓർക്കുന്നു .സിമിന്റ് ഉണങ്ങുന്നതിന് മുമ്പ് എൻറെ അമ്മ ചവിട്ടിയപ്പോൾ ഉണ്ടായ കാലടിപ്പാട് ഇന്നും ഇവിടുണ്ട് .അന്നതുമാറ്റാൻ ഞാൻ സമ്മതിച്ചില്ല ..പിൽക്കാലത്ത്‌ ആ കാൽപ്പാടുകൾ ആണ് എൻറെ എല്ലാ ഭാഗ്യ ചുവടുവയ്പ്പുകൾക്കും പ്രചോദനമായത് .എൻറെ പ്രിയപ്പെട്ട അമ്മയുടെ ദീപ്തമായ ഓർമ്മയോടെ ഞാൻ ആ സപ്രമഞ്ചൽ കട്ടിലിൽ ഇരുന്നു    

Thursday, March 10, 2016

       ... ഉരപ്പുര .......[നാലുകെട്ട് 14 ]

    നാലുകെട്ടിൻറെ വടക്കുപടിഞ്ഞാറെ മൂലയിൽ ആണ് ഉരപ്പുര . രണ്ട് മുറികൾ ഉണ്ട് .നിലം ചാണകം കൊണ്ട് മെഴുകിയിരിക്കുന്നു . ഒത്ത നടുക്ക് ഒരു വലിയ ഉരൽ കുഴിചിട്ടിട്ടുണ്ട് .ഇരുമ്പ് ചുറ്റിട്ട നല്ല കരിമ്പനയിൽ തീർത്ത ഉലക്കകൾ മൂലയ്ക്ക് ചാരി വച്ചിട്ടുണ്ട് . അന്ന് നെല്ലുകുത്തി അരിയാക്കുന്നത് അവിടെയാണ് .അരിയിടിച്ച് നല്ല അവിലും . നെല്ലുകുത്തുന്ന സ്ത്രീകളുടെ മൂളലും ,ഉരലിൽ ശക്തിയായി ഇടിക്കുമ്പോൾ ഉള്ള മുഴക്കവും .ഉണ്ണി ഇന്നും ഓർക്കുന്നു . അന്ന് ആഹാരത്തിനായി ആരോഗ്യം ഹോമിച്ച ആ അമ്മമാരൊക്കെ ഇന്ന്  മൺമരഞ്ഞിട്ടുണ്ടാവും . കുത്തിയ നെല്ല് മുറം  കൊണ്ട് പേറ്റിയെടുക്കുന്നത് നോക്കി ഇരുന്നിട്ടുണ്ട് . അതിൻറെ താളവും ശബ്ദവും ,ഒരുകാലത്തെ കാർഷിക സമൃദ്ധിയുടെ സംഗീതമായിരുന്നു . അവിടെ ഉമ്മിയും തവിടും അരിയും വേർതിരിക്കുന്നു . ആ തവിടുകൊണ്ട് "തവിടപ്പം "ഉണ്ടാക്കിയിരുന്നത് ഇന്നും ഓർക്കുന്നു .സംപുഷ്ട്ടമായ  "ബി കോംപ്ലക്സ് ". ഉമി കത്തിച്ച്‌ ഉമിക്കരി ഉണ്ടാക്കും . പല്ലു തേക്കാൻ . കുരുമുളകും ഉപ്പും ചേർത്ത് പൊടിച്ച് ചെറിയ കടലാസ് പൊതിയാക്കി ,പച്ച ഈർക്കിലി രണ്ടായി പിളർന്നു ഓരോന്നും അതിനിടയിൽ വച്ച് കുളപ്പുരമാളികയിൽ കൊണ്ട് വയ്ക്കുന്നതും ഓർക്കുന്നു .

    ഉപ്പും മണ്ണെണ്ണയും മാത്രമേ അന്ന് വിലക്കുവാങ്ങുകയുള്ളൂ .ബാക്കി എല്ലാം സ്വന്തമായി ഉണ്ടാക്കും . കല്ലുപ്പ് വെള്ളത്തിൽ കലക്കി വറ്റിച്ച് നല്ല പൊടിയുപ്പ് ഉണ്ടാക്കിയിരുന്നു .പറമ്പിൽ സുലഭമായുള്ള ഒരുതരം പചിലവള്ളിചേർത്താൽ ഉപ്പിന് നല്ല വെള്ള നിറം കിട്ടും . ഇന്നുമായം ചേർത്ത്  "മായമാണ് അമൃത് "എന്നു പഠിപ്പിച്ച് നമ്മേ കൊണ്ട് വാങ്ങിപ്പിക്കുന്ന ആ  ഉപഭോക്ത്തു സംസ്ക്കാരത്തിന് ഉള്ള ഒരു മറുപടിയായിരുന്നു അത് .ഇന്നു നല്ല ഉപ്പ് വേണമെങ്കിൽ വീണ്ടും   ഒരു "ദണ്ടി  യാത്ര "വേണ്ടിവരും .ഉണ്ണി ഓർത്തു     

Tuesday, March 8, 2016

  ആ ചീനഭരണിയിലെ കടുമാങ്ങ .....[നാലുകെട്ട് ഭാഗം -13 ]

ആ കറുത്ത ചീനഭരണി ഉണ്ണി നോക്കി നിന്നു .ചിന്ത വീൺഡും പുറകോട്ട് .നല്ലചീന ഭരണികളിൽ ഇടുന്ന കടുമാങ്ങക്ക് ഒരു പ്രത്യേക സ്വാദാണ് . നല്ല നാട്ടുമാവിന്റെ വേണം .വടക്കെ പറമ്പിലെ ചന്ത്രക്കാരൻ മാവ് പൂത്തിട്ടുണ്ട് .പൂവ് പോഴിയാതിരിക്കാൻ അതിൻറെ ചുവട്ടിൽ കരിയില കൂട്ടി പുകച്ചിരുന്നു .പാകമായാൽ നിലത്ത് വീഴാതെ പറിച്ചെടുക്കും .ഞെട്ട്‌ നിർത്തി ഓരോന്നും പോട്ടിചെടുക്കും . ഞെട്ട് പൊട്ടിക്കുമ്പോൾ ചോന തെറിക്കും .ഇടക്കിടെ കല്ലുപ്പ് വിതറി അത് ഭരണിയിൽ നിറക്കുന്നു .ഒരു കൽചട്ടിയിൽ കുറച്ചു മാങ്ങാ വേറെ ഇടും .മാങ്ങാ ചുങ്ങുമ്പോൾ ഭരണി നിറയാൻ അതുവേണം കടുകും മുളകും അന്നമ്മിക്കല്ലിലാണ് അരച്ചെടുക്കുക .ഞെട്ട് കളഞ്ഞ മുളക് വെണ്ണപോലെ അരയണം .കടുക് അത്രവേണ്ട.
             നാലാം ദിവസം കടുമാങ്ങ കൂട്ടിന് പാകം . വലിയ പ്ലാവിൻതടികൊണ്ടുള്ള തോണി ഉണ്ട് അതിലേക്ക് കടുമാങ്ങയുടെ വെള്ളം മുഴുവൻ പകരും .മുളകും കടുകും നന്നായി യോജിപ്പിക്കാൻ മരകൈൽ ആണൂപയോഗിക്കുക .ലോഹം തൊടീക്കില്ല . ഭാരണിയിലേക്ക് മാറ്റി വക്ക് നല്ല എണ്ണ ശീലകൊണ്ട് തുടക്കുന്നു . അതിനു മുകളിൽ കശുമാങ്ങയുടെ പിഞ്ച് അണ്ടി അഞ്ചാറെണ്ണം പിളർത്തി കമിഴ്ത്തി വയ്ക്കും . വീര്യം കൂടാനാണത്. അതിന് മുകളിൽ എണ്ണ ശീല ഇടുന്നു .പൂപ്പൽ വരാതിരിക്കാൻ . തടികൊണ്ടുള്ള അടപ്പാണ് .അടച്ച് മെഴുകുകൊണ്ട് തിരുമ്മി ഉറപ്പിക്കുന്നു . ആറു മാസം കഴിഞ്ഞേ എടുക്കൂ . നല്ലചീനഭരണിയാണങ്കിൽ മൂന്ന് വർഷം വരെ ഒരുകുഴപ്പവുമില്ല ഒരു "പ്രിസർവേടിവും " വേണ്ട .

   അന്ന് കടുമാങ്ങ ഉണ്ടാക്കുന്നത്‌ ഉണ്ണി നോക്കി നിന്നിട്ടുണ്ട് .. 'കണ്ണിൽ തെറിക്കും ഉണ്ണി മാറിനിന്നോളൂ ."മുത്തശ്ശൻറെ ശാസന ചെവിയിൽ മുഴങ്ങുന്നപോലെ .       .  
  സേതുബന്ധനം--- ദൂബായ് മോഡൽ !
[ദൂബായ് -22 ]

   വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്ന ഒരു ഭീമാകാരമായ പാലത്തെ പറ്റി ചിന്തിച്ചു നോക്കൂ .അതസാധ്യമല്ല .ദൂബായിൽ ഒന്നും അസാദ്ധ്യമല്ല . "ദൂബായ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് ".365 മീറ്റർ നീളം .22 -മീറ്റർ വീതി .ആറുവരി പാത .മണിക്കൂറിൽ 6000 -വാഹനങ്ങൾ .!ഈ 'പൊന്ടൂൻ ബ്രിഡ്ജ് ' ദയാറാ സിടിക്കും റിയാദ്സ്ട്രീറ്റിനും ഇടയിൽ ."പോളിസ്ട്രെയിൻ പ്ലേറ്റ്കൾ "ഉപയോഗിച്ച് നിർമ്മിതി .വെറും  23 -ദിവസങ്ങൾ കൊണ്ടാണ് ഇത് കൂട്ടിയിണക്കി പാലമാക്കിയത് . പണ്ട് ശ്രീരാമഭാഗവാൻ നിർമ്മിച്ച സേതുബന്ധനത്തിന് കല്ലുകൾ വെള്ളത്തിൽ പൊങ്ങി കിടന്നു എന്ന് കേട്ടിട്ടുണ്ട് .ഇവിടെ അത് നേരിൽ കാണാം . നിശ്ചിത സമയത്ത് മാത്രം ഇത് തുറക്കുന്നു .ബോട്ടുകൾക്ക് സഞ്ചരിക്കാൻ ഈ പാലം രണ്ടായി മുറിഞ്ഞ് തെന്നി മാറുന്ന കാഴ്ച എത്രകണ്ടാലും മതിവരില്ല .

      ദൂബായിൽ ഇതൊന്നും അത്ഭുതമല്ല .നമ്മൾ പുഴക്ക്‌ മുകളിലൂടെ പാലം തീർക്കുന്നു . ഇവർ ആദ്യം പാലം തീർത്ത്‌ അതിനടിയിലൂടെ സമുദ്രജലം കയറ്റി ഒരു പുഴതന്നെ തീർക്കുന്നു .ആ പുഴയുടെ തീരം മുഴുവൻ ഒരു പുതിയ  വാണിക്കസംസ്ക്കാരം വളർത്തുന്നു  . അതിൻറെ പണിയും അവസാനഖട്ടത്തിലാണ് .   

Monday, March 7, 2016

   ..വംശവൃക്ഷത്തിൻറെ വേരുകൾ .....[നാലുകെട്ട് -ഭാഗം 12 ]

   ഈ തറവാടിന്റെ വേരുകൾ കണ്ടെത്തണം .പഴക്കം അറിയണം .താളിയോലയിലുള്ള ഒരു "പ്രശ്ന ചാർത്ത് " കുറച്ച് സഹായിച്ചു . മംഗലാപുരത്തുള്ള "ബയ്സൽ മിഷൻ "കമ്പനിയുടെ ഓടും തറയോടും ആണ് നാലുകെട്ടിൻറെ പണിക്കുപയോഗിച്ചിരുന്നത്. 165 -വർഷത്തെ പഴക്കമുണ്ട് അതിന് . പോരാ ഇനിയും ആഴങ്ങളിലേക്ക് പോകണം .അപ്രതീക്ഷിതമായി ആണ്  ആ വിളിവന്നത് .പ്രസിദ്ധചരിത്രകാരനായ മാത്യു താമരക്കാടിൽ നിന്നായിരുന്നു. നാലുകെട്ടിൻറെ പഴക്കം നിശ്ചയിക്കാനുള്ള ഒരു പാട്ടചീട്ട് അദ്ദേഹത്തിന്റെ കൈവശം ഉണ്ടത്രെ .ഉണ്ണി നേരേ കോഴിക്കൊട്ടെയ്ക്ക് .അന്നദ്ദേഹം കോഴിക്കോട് ദേവഗിരി കോളേജ് പ്രഫസർ .

        അദ്ദേഹം ഒരു ഓലക്കെട്ട് എൻറെ കൈയിൽ തന്നു .500 -വർഷം പഴക്കം .ഒരു മഹത്തായ അടിയാൻ കുടിയാൻ ബന്ധത്തിൻറെ ചുരുളവിടെ അഴിയുന്നു . "കാലനിർണ്ണയത്തിനതീതമായി ഇതിൽ പലതുമുണ്ട് . അങ്ങയുടെ പൂർവസൂരികൾ ആരോ എൻറെ അപ്പനപ്പൂപ്പന്മാർക്ക് ആർക്കോ എഴുതിക്കൊടുത്ത ഒരു പാട്ടചീട്ട് .! ഇതൊരു "ഈക്വൽ എഗ്രിമെന്റാണ് ".രണ്ടു കക്ഷികൾക്കും തുല്യ പ്രാധാന്യം .ഇതു നിങ്ങളുടെ പൂർവികരുടെ സംസ്ക്കാരത്തെ ആണ് കാണിക്കുന്നത് .500 -വർഷം മുമ്പുള്ള ഒരു നമ്പൂതിരിയും ക്രിസ്ത്യാനിയും തമ്മിലുള്ള സൌഹൃദ രേഖ . "..ഉണ്ണി അത്   കയ്യിൽ വാങ്ങി .  അവൻറെ കൈ വിറച്ചു .കാലപ്പഴക്കത്തിൽ നശിക്കാത്ത ഉണ്ണിയുടെ വംശവൃക്ഷത്തിൻറെ വേരുകൾ ! .അവനതിൽ മുഖം ചേർത്ത് അമർത്തി .ഒരു കാലാന്തരയാത്രയുടെ അനുഭൂതി . "നല്ല മലയാളമല്ല ",കൊട്ടെഴുത്ത് " ആണ് .ഇതെന്റെ ചരിത്ര ശേഖരത്തിൽ ഉണ്ടാകും . ഒരിക്കലും നഷ്ട്ടപ്പെടാതെ ."അതദ്ദേഹത്തെ മനസില്ലാമനസോടെ ,എന്നാൽ തികഞ്ഞ നന്ദിയോടെ അത്  തിരിച്ചേൽപ്പിച്ചു .         
അമൂല്യ ഗ്രന്ഥശേഖരം---നാലുകെട്ട് ഭാഗം -11

  ഉണ്ണി സാവധാനം പൂജാമുറിയിൽ പ്രവേശിച്ചു .നാലുകെട്ടിന്റെ "വടുക്കിണി " യിലാണ് പൂജാമുറി .കുട്ടിക്കാലത്ത് പൂജമുറിയിലെ ഗന്ധം ഉണ്ണിക്കിഷ്ട്ടായിരുന്നു .കർപ്പൂരത്തിന്റെയും ,ചന്ദനത്തിരിയുടേയും;അഷ്ട്ട ഗന്ധതിന്റെയും മണം .പൂജാമുറിയുടെ മുകളിൽ ഒരു പ്രത്യേക അറയുണ്ട് .അവിടെ ചൂരൽ കൊണ്ട് മെടഞ്ഞ ഒരു വലിയപെട്ടിയുണ്ട് .അടപ്പും .അതിനുള്ളിലാണ് ആ അമൂല്യ ഗ്രന്ഥങ്ങൾ സൂക്ഷിച്ചിരുന്നത്‌ . അറിവ് ദേവതയാണ് .ഭരദെവതയായ ഭദ്രക്ക് വാണീദേവിയുടെ ഒരു ഭാവം കൂടിയുണ്ട് .അതവിടെ തന്നെയാണ് സൂക്ഷിക്കപ്പെടെണ്ടത്.  അമ്മ പറയും .താളിയോല ഗ്രന്ഥങ്ങളുടെ ഒരു വിപുല ശേഖരം തന്നെ പരമ്പരാഗതമായി സംരക്ഷിച്ചു വന്നിരുന്നു . നവരാത്രിക് അത് പൂജക്ക്‌ വക്കാറുണ്ട് . ദേവിപ്രസാദമായി ത്രുമധുരം ,മലർ ശർക്കര പിന്നെ "ഗുരുതി ".അതിനോടാണ് കുട്ടികൾക്ക് അന്ന് പ്രിയം .
അതി പ്രശസ്ഥനായ ഒരു "വിഷഹാരി "ഉണ്ടായിരുന്നു ഇവിടെ .വിഷചികിൽസയുടെ ഗ്രന്ഥങ്ങൾ അദ്ദേഹമായിരുന്നു സൂക്ഷിച്ചിരുന്നത് . താൻ ജീവനുതുല്യം സ്നേഹിച്ചിരുന്ന ഒരു സുഹൃത്തിന് "സർപ്പ ദംശം "ഏറ്റു .അദേഹത്തിന്റെ അടുത്താണ് കൊണ്ടുവന്നത് .ചികിത്സ പിഴച്ചു ! ആ മരണത്തിൽ മനം നൊന്ത് അദ്ദേഹം ചികിത്സ നിർത്തി . ആ ഗൃന്ഥങ്ങൾ മുഴുവൻ അഗ്നിദേവന് സമർപ്പിച്ചു .അതിൽ കത്താതെ അവശേഷിച്ച ചില ഗ്രന്ധങ്ങളും ആ ശേഖരത്തിലുണ്ടായിരുന്നു. പിൽക്കാലത്ത് അതു നോക്കി മുത്തശ്സൻ "വിഷക്കല്ല് "നിർമ്മിച്ചിരുന്നത് ഇന്നും ഓർക്കുന്നു .
     ഈ വിലപിടിപ്പുള്ള ഗ്രന്ഥങ്ങൾ ആർക്കും പ്രയോജനപ്പെടാതെ ഇവിടെ വച്ചിട്ടെന്താ പ്രയോജനം അങ്ങിനെയാണ് ആ ഗ്രന്ഥങ്ങൾ തിരുവനന്തപുരം "മാൻ സ്ക്രിപ്റ്റ് ലൈബ്രറിക്ക് "കൈ മാറിയത് . അച്ഛന്റെ തീരുമാനമായിരുന്നു അത് .ഇന്നും അതവിടെ ഭദ്രം . പരമ്പരാഗതമായി അതിൽ നിന്ന് മാറ്റി വച്ച ദിവ്യ ഗ്രന്ഥങ്ങൾ ആണ് .പൂജാമുറിയിൽ ഇന്നു കാണുന്നത് . അന്ന് ഇല്ലപ്പറംപിൽ കാണുന്ന ഒരുതരം സസ്യത്തിന്റെ ഇലയും തണ്ടും തിരുമ്മി അതുകൊണ്ടുതുടച്ചാൽ ഒലയിലെ എഴുത്തുകൾ തെളിഞ്ഞ് വരും . ഇതു പലപ്രാവശ്യം ചെയ്തത് ഉണ്ണി ഓർക്കുന്നു . .           

Saturday, March 5, 2016

  ആ പ്രാചീന  ചീനഭരണിയുടെ രഹസ്യം അഴിയുന്നു ..........
          [ ഭാഗം -10 ]

        മുത്തശ്ശൻറെ പൂർണ്ണകായ ചിത്രമുണ്ട്  നാലുകെട്ടിൽ .ഉണ്ണി അവിടെ താണുവണങ്ങി . ആ ഭരണി തുറക്കുന്നതിനുള്ള അനുവാദത്തിന് വേണ്ടി .വടുക്കിണിയിൽ ഭാരദേവതയുണ്ട്  അവിടുന്നും അനുവാദം വാങ്ങണം . മുത്തശ്ശൻ   പറഞ്ഞപോലെ തോന്നി .
ഞാൻ സാവധാനം നിലവറയിൽ ഇറങ്ങി . പൊതുവേ യുക്തിവാദിയായ എൻറെ മനസ്സ് ഒന്ന് ചഞ്ചലിച്ചു .ആ നാലുകെട്ടിൻറെ വാസ്തുശിൽപ്പ ദുരൂഹതയും .,കുട്ടിക്കാലത്ത് ആ ഇളം മനസിനെ സ്വാധീനിച്ചിരുന്ന ആ വേദിക് ഭാവവും ,ആ നിലവറയിലെ ഇരുട്ടും എൻറെ യുക്തിയവാദചിന്തകളെ കീഴടക്കുന്നോ ?.ധൈര്യം സംഭരിച്ച് ആ ഭരണിയുടെ അടപ്പിൽ പൊതിഞ്ഞ ആ മണ്ണ് സാവകാശം നീക്കി ഭരണിക്ക് കേടുവരാതെ അതു നീക്കുക അസാധ്യമായി തോന്നി ഏതോ പ്രാചീന കൂട്ട് അതിന് നല്ല കടുപ്പം നല്കിയിരുന്നു . ഏതാണ്ട് ഒരുമണിക്കൂർ കൊണ്ട് മണ്ണ് പൂർണ്ണമായും നീക്കി . ഭരണിയുടെ വക്കിലെ ചിത്രപ്പണികൾ തെളിഞ്ഞു വന്നു . അടപ്പ് തടികൊണ്ടാണ്. അത് വജ്ര പശകൊണ്ട് ഉറപ്പിച്ചിരിക്കുന്നു . ഒരു പ്രകാരത്തിൽ അതും തുറന്നു.ഒരു സീൽക്കാരത്തോടെ ആ അടപ്പ് തെറിച്ചു താഴെ വീണു .   ചിലപ്പോൾ ഒരുവലിയ നിധി എന്നേ കാത്തിരുപ്പുണ്ടാകും . എൻറെ ഹൃദയം പെടക്കാൻ തുടങ്ങി .ഞാൻ ടോർച്ച് അതിലേക്ക് തെളിച്ചു .ഞാൻ ഞട്ടിപ്പൊയി ! അതിൽ കൊഴു്പ്പുള്ള  ഒരുതരം ചുവന്ന ദ്രാവകം . അത് ടോർച്ചിന്റെ പ്രകാശത്തിൽ രത്നം പോലെ തിളങ്ങി .

  പിന്നീടാണ് അറിഞ്ഞത് അത് നല്ല 'കാറെള്ള് ' ആട്ടിയ എണ്ണയാണന്നു .ചില അമൂല്യ ഔഷധങ്ങൾ ചേർത്ത് പാകപ്പെടുത്തിയ ആ എണ്ണ ആയുർവേദത്തിൽ സിധൗഷധമാണന്നു  . പഴകും തോറും അതിൻറെ ഗുണം കൂടുമത്രേ ."തിലഹോമത്തിൻറെ " നെയ്യ് ചേർത്ത് അതിന് മന്ത്രസിദ്ധി വരുത്തിയിട്ടുണ്ടാകുമത്രേ    . 

Friday, March 4, 2016

എൻറെ നാലുകെട്ടിൻറെ നടുമുറ്റത്ത് --ഭാഗം -9

          അറ --നിലവറ -കൂടാരം ....

             അറതുറന് അകത്തു കയറിയാൽ മൂന്ന് വശത്തും പത്താഴം ക്രമീകരിച്ചിരിക്കുന്നു . വലുതും ചെറുതുമായി ഏഴെണ്ണം . ധാന്യങ്ങൾ സൂക്ഷിക്കാനാണത് .കായ് പഴുപ്പിക്കാൻ പത്താഴതിൽ കായ്‌ വച്ചു പുകയിടുന്നു . ചൂട്ടുകെട്ടി കത്തിച്ച് അതുകൊണ്ടാണ് പോകയിടുന്നത് നാലുകെട്ടിലേക്ക് ആ പുക വ്യാപിക്കുന്നത് നോക്കിനിന്നിട്ടുണ്ട് . അതിൻറെ മുകളിൽ മച്ച് .അതിൻറെ മുകളിലാണ് കൂടാരം . മുകളിലേക്ക് ഒരു രഹസ്യ വാതിൽ ഉണ്ട് .അങ്ങിനെ ഒരു വാതിൽ അവിടെ ഉണ്ടന്ന് മനസിലാക്കാൻ വിഷമം . കൂടാരം കോണിക്കൽ ആകൃതിയിൽ ആണ് .അതിൻറെ മുകൾവശവും നല്ല കട്ടിയുള്ള പലകകൊണ്ടു ഉറപ്പിച്ചിരിക്കുന്നു . വിശാലമായ ആ മുറിയിൽ കയറിനിൽക്കാം . വായൂപോലും കിടക്കാതെ അത് ബന്ധിക്കാം . കൂടാരമച്ചുള്ള നാലുകെട്ടുകൾ വിരളം .

           മണിച്ചിത്ര താഴ് പൂട്ടി തളത്തിലേക്ക്‌ ഇറങ്ങി . തളത്തിന്റെ വടക്കേ അറ്റത്തുനിന്ന് ഒരു കിളിവാതിൽ ഉണ്ട് .അതിൽ കൂടെ നിലവറയിലേക് ഊർന്നിറങ്ങാം  . ഭൂമിക്കടിയിലുള്ള ആ അറ പഴയ പാത്രങ്ങൾ കൊണ്ടും ,ചീന ഭരണികൾകൊണ്ടും നിറഞ്ഞിരിക്കുന്നു .അവിടെ പ്രത്യേകമായി ഒരു വലിയ ചീനഭരണി വച്ചിട്ടുണ്ട് . അത് അടച്ചു മണ്ണ് പൊതിഞ്ഞിരിക്കുന്നു .അത് തുറന്നുനോക്കാൻ മുത്തശ്ശൻ ഒരിക്കലും സമ്മതിച്ചിട്ടില്ല .അതിലെന്താണന്ന്  ആർക്കും അറിയില്ല .തറവാടിന്റെ രക്ഷക്കുവേണ്ടിയാണ് അതുവച്ചിരിക്കുന്നത്.   തുറന് അപകടം അപകടം വിളിച്ചുവരുത്തണ്ടാ .അത് തുറക്കാനുള്ള ആവേശം ഇന്ന് ഇരട്ടിയായി .അതിലെ രഹസ്യത്തിൻറെ ചുരുളഴിക്കാൻ തന്നെ ഉണ്ണി  തീരുമാനിച്ചു .  

Thursday, March 3, 2016

   എൻറെ നാലുകെട്ടിൻറെ നടുമുറ്റത്തേക്ക് ---ഭാഗം -8

           .....മണിച്ചിത്രത്താഴ് .........കൊൽത്താഴ്‌ ....

     മനസുകൊണ്ട് പൂർവസൂരികളെ വണങ്ങിയാണ് നാലുകെട്ടിൽ പ്രവേശിച്ചത്‌ .എല്ലാം പൊടിപിടിച്ച് കിടക്കുന്നു .ഐശ്വ്വര്യമുള്ള  അറ മണിച്ചിത്രത്താഴിട്ട്  പൂട്ടിയിരിക്കുന്നു . അത് കൂടാതെ ഒരു "കൊൽത്താഴ്‌ "കൊണ്ടുകൂടി ബന്ധിചിട്ടുന്ണ്ട് . അത് മുത്തശ്ശൻറെ ഒരുമുൻകരുതൽ ആണ് .
      കൊൽത്താഴ്‌ ഉരുണ്ട ഒരു ഇരുമ്പ് കുറ്റി .  അതിനു ചുറ്റും ഇരുമ്പ് പട്ടവച്ച് ബാലപ്പെടുത്തിയിരിക്കുന്നു . അതിനുമുകളിൽ വില്ലുപോലെ ഒരു ദണ്ട് .ആദണ്ട് കതകിന്റെ കൊളുത്തിൽ കോർത്ത്‌ മറുവശത്ത് ഉറപ്പിക്കുന്നു . ഇനി 'ടി ' ആകൃതിയിൽ  നീളത്തിൽ ഉള്ള ഒരു ഇരുമ്പ് ദണ്ട് .അതാണിതിന്റെ വിചിത്രമായ താക്കോൽ .അത് ആകുറ്റിയുടെ അകത്ത് കയറ്റി ഒരു പ്രത്യേക രീതിയിൽ പൂട്ടുന്നു .അതുകൊണ്ട് പൂട്ടുന്നതും തുറക്കുന്നതും അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട് . വളരെ നിസ്സാരം എന്ന് തോന്നാവുന്ന ഈ പൂട്ട്‌ തകർക്കുക അസാദ്ധ്യം !.ഈ താക്കോലിന്റെ വലിപ്പമാണ് അതിൻറെ ന്യൂനത .ആ അറയും ,നിരയും ,നിലവറയും പിന്നെ ആ കൂടാരമച്ചും എന്നും മനസിന്‌ ഒരു ദുരൂഹത സൃഷ്ട്ടി ച്ചിരുന്നു .മന്ത്രചരടുകളാൽ ബന്ധിക്കപ്പെട്ട ആ പഴയ ഉണ്ണിനബൂതിരിയുടെ മനസിൻറെ വിഹ്വലത !..      

അച്ചുവിൻറെ ഡയറി -107
              
                .മുത്തശ്സാ ഇന്നിവിടെ .."സൂപ്പർ ചൊവ്വ :..

    ഇന്നിവിടെ ഇലക്ഷനാണ്   . ' സൂപ്പർ ചൊവ്വ; .സ്കൂൾ അവധി .ഭയങ്കര തണുപ്പ് .പുറത്തിറങ്ങാൻ വയ്യ . ബോറടിച്ചു തുടങ്ങി . അമ്മ അമ്മാവൻറെ വേളിയുടെ വീഡിയോ  വച്ചുതന്നു .എല്ലാ കൂട്ടുകാരേം എന്നാ കാണുക .അന്ന് അച്ചു ആർപ്പു വിളിച്ചു .ആ എട്ടൻമ്മാരെ ഒക്കെ കാണാൻ കൊതിയായി .അമ്മാത്തേക്ക് വരാൻ തോന്നണു . എന്ത് രസായിരുന്നു അന്ന് .അമ്മാത്തെ 'സ്വിമ്മിഗ് പൂൾ ' ആണ് അച്ചുവിന് ഏറ്റവും ഇഷ്ട്ടായെ .ഇനി രണ്ടുവർഷം കഴിഞ്ഞേ അച്ചുവിന് ഇന്ത്യയിലേക്ക്‌ വരാൻ പറ്റൂ .വിഷമായി . അമ്മയ്ക്കും സങ്കടം വന്നൂന്ന് തോന്നണു .അമ്മ കണ്ണ് തുടക്കുന്നത് അച്ചു കണ്ടു . അപ്പഴാ അച്ചുവിന് കൂടുതൽ സങ്കടായെ .നമുക്ക് ഇത് ഓഫ്‌ ചെയ്യാം .എന്നിട്ട് പാച്ചുവും ആയി കളിക്കാം .പിന്നെ ഒരു സന്തോഷ വാർത്ത യുണ്ട് . അച്ചുവിന് "ഓറഞ്ച് ബെൽറ്റ്‌ "  കിട്ടി .ഇനി 'ബ്ലാക്ക് ബെൽട്ട് ' വരെ എത്തണം   

Wednesday, March 2, 2016

........ നാരായം ......താളിയോല .....
 
         മുത്തശ്ശൻ താളിയോലയിൽ നാരായം കൊണ്ടാണെഴുതുക .ആ നാരായവും ഗ്രന്ഥങ്ങളും അലമാരയിൽ ഭദ്രം .ഭാഗ്യം . ഒരറ്റം കൂർത്ത് മറ്റേ അറ്റത്തേക്ക് വണ്ണം കൂടി കൂടി വരും .ഇരുംപുകൊണ്ടുണ്ടാക്കിയത്.കൈ ഒരു പ്രത്യേക രീതിയിൽ പിടിച്ചാണ് എഴുതുക . ഇടത്ത് കയിൽ ഓലയും കാണും .മുത്തശ്ശന് വച്ചെഴുതാൻ ഒരു സ്ഥലം ആവശ്യമില്ല .   അതിൻറെ മുകളറ്റത്തു  ചിത്രപ്പണികൾ ഉണ്ട് .അതിൻറെ നീളവും ,വണ്ണവും ,തൂക്കവും സൌകര്യപ്രദമായി ക്രമപ്പെടുത്തിയിട്ടുണ്ട് .ഓലയിൽ അന്ന് മുത്തശ്ശൻ   എഴുതുമ്പോഴുള്ള ആ "കറു കറ "ശബ്ധം ഇന്നും ചെവിയിൽ മുഴങ്ങുന്നു .

    കരിമ്പന ഓല കൊണ്ടുവന്ന് അത് പാലും മഞ്ഞളും ചേർത്ത് പുഴുങ്ങി എടുക്കുന്നു .എന്നിട്ട് നല്ല തണലത്തിട്ട്‌ ഉണങ്ങിയെടുക്കുന്നു .അത് കൃത്യമായ നീളത്തിലും വീതിയിലും കീറി എടുക്കുന്നു .മഞ്ഞൾ കിഴി കെട്ടി നന്നായി തുടച്ചെടുത്താൽ എഴുത്തോല തയാർ .അതിൽ രണ്ടു തുളകൾ ഇട്ടു രണ്ടുവശത്തും പലകവച്ച് കോർത്ത്‌ കെട്ടുന്നു .അങിനെ മുത്തശ്ശൻ താളിയോല ഉണ്ടാക്കുന്നത്‌ കുറേശ്ശെ ഓർമ്മവരുന്നു .ആ എഴുത്താണിയും ,താളിയോല ഗ്രന്ഥവും തറവാടിന്റെ അമൂല്യ സമ്പത്താണ്‌ .  ഇത്രകാലമായിട്ടും ഇതൊന്നും നഷ്ട്ടപ്പെട്ടിട്ടില് എന്നത് ആശ്വാസകരം എൻറെ ഭാഗ്യം. ഉണ്ണി ഓർത്തു       

     ദൂബായ്  ഒരത്ഭുത ലോകം -ഭാഗം -21

             ദൂബായ് ശലഭോദ്യാനം ........

    ദൂബായ് ബട്ടർഫ്ലൈ ഗാർഡൻ .പൂന്തേൻ നുണയുന്ന ,പൂമ്പൊടി ഉണ്ണുന്ന വർണ്ണശലഭങ്ങൾക്കും ഉണ്ട് ഇവിടെ ഒരു മനോഹരോദ്യാനം !,--
4000 SQ .മീറ്ററിൽ നിർമ്മിച്ചിരിക്കുന്ന ഈ "പറക്കുന്ന പുഷ്പ്പങ്ങളുടെ "ഉദ്യാനം മത്തു പിടിപ്പിക്കുന്നതാണ് . ചൂടും ,വെളിച്ചവും ,വായുവും ശാസ്ത്രീയമായി ക്രമീകരിച്ച "ഡൂം " മുകളിലാണ് ഇവ സ്വര്യവിഹാരം നടത്തുന്നത്‌ . പലവർണ്ണങ്ങളിൽ പലതരത്തിലുള്ള ആയിരക്കണക്കിന് ചിത്രശലഭങ്ങൾ പാറിക്കളിക്കുന്ന ആ ഉദ്യാനത്തിലേക്ക്‌ നമുക്കും പ്രവേശിക്കാം .നമ്മുടെ കൈയിലും മുഖത്തും ഒക്കെ അവ വന്നിരിക്കും .നമ്മൾ അവയെ പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം . അവയുടെ വളർച്ചയുടെ ഖട്ടങ്ങൾ പഠിക്കാനും അവിടെ സൌകര്യമുണ്ട് . പണ്ട് അമേരിക്കയിലെ "പെററ് ബെർഡിന്റെ "ഒരുദ്യാനത്തിൽ പോയതോര്മ്മവന്നു .അതിലും വലിയ ഒരനുഭൂതിയാനിവിടെ .ഇവിടം നിശബ്ദമാണ് .  ഇവയുമായി കിന്നരിച്ച് സമയം പോയതറിഞ്ഞില്ല .ഇതെല്ലാം ഒരുക്കിയിരിക്കുന്നത് നമ്മളൊക്കെ കരുതുന്ന ഈ കൊടും മരുഭൂമിയിലാണ് .ഇവർക്കസാധ്യമായി ഒന്നുമില്ലേ !!..?        

Tuesday, March 1, 2016

.........അടക്കാ വെട്ടി ...
    മുത്തശ്ശൻറെ കസേരക്കടുത്ത് മുത്തശ്ശി ഉണ്ടാകും . ആവണി പ്പലകയിൽ കാലുനീട്ടിവച്ച് ,സ്വൽപ്പം കുനിഞ്ഞ് ,ഇലക്കുറിയും  അണിഞ്ഞ് ,തുളസിക്കതിരും ചൂടി ഭാസ്മ്മമിട്ടു വിളക്കിയ നിലവിളക്കുപോലെ .  രണ്ട് കാതിലും" തോട ". സത്രീ സൌന്ദര്യത്തിൻറെ ഒരു പ്രവ്ഡ ഭാവം !...
   ആ വെള്ളിചെല്ലത്തിനു അരുകിൽ ഒരു അടക്കാവെട്ടി യുണ്ട് .മുത്തശ്ശിയാ ആതുപയോഗിക്കാറു്.  . അറ്റം തത്ത ചുണ്ട് പോലെ വളഞ്ഞ ഒരു വിജാഗിരിയിൽ കത്തി പിടിപ്പിച്ചിരിക്കുന്നു . അടിയിലുള്ള ദണ്ടും ആ വിജാഗിരിയുടെ ഭാഗമാണ് . അത് നിലത്തുവച്ച് ഒരു ഉത്തോലകം പോലെ കത്തി ഉയർത്താം .അതിനിടയിൽ അടക്ക വച്ച് അമർത്തിയാൽ അത് നിഷ്പ്രയാസം പിളർന്ന് കിട്ടും .അതുകൊണ്ട് തന്നെ അതിൻറെ തോണ്ടും കളയാം .അവിലുപോലെ ചെറുതായി അടക്ക നുറുക്കി എടുക്കാനും പറ്റും .പക്ഷേ മുത്തശ്ശിക്ക് അതുപോര .പൊടിയായി കിട്ടണം .അതിനൊരു തകര പ്പെട്ടി അടുത്തുണ്ട് .അതിൻറെ അടപ്പിൽ നിറയെ തുളയാണ് .ഓരോ തുളയിലും താകരത്തിന്റെ വക്കു പുറത്തേക്ക് തള്ളിനിൽക്കുന്നു .തൊണ്ടുകളഞ്ഞ അടക്ക അതിൻറെ മുകളിൽ ഉരച്ചാൽ അടക്കാപ്പൊടി പെട്ടിക്കകത്ത് വീഴും . അടുത്തു" മൂന്നും കൂട്ടാൻ" ഇടിച്ചു കൂട്ടാൻ ഒരു കുഴി കല്ലും പിള്ളക്കല്ലും . മൂന്നും കൂട്ടുന്നത്‌ "നെടുമങ്ങല്യത്തിനാണ് ". മുത്തശ്ശൻറെ ആയുസ്സിന് ..
"ഉണ്ണീ "  മുത്തശ്ശീയുടെ ആ വിളി കാതിൽ മുഴങ്ങുന്നോ? .ഭർത്താവിൻറെ പെരുച്ചരിക്കാൻ പാടില്ല .അതാണ്‌ ഉണ്ണി എന്ന വിളിപ്പേര് മുത്തശ്ശി എനിക്ക് സമ്മാനിച്ചത്‌ .  ആ നാലുകെട്ടിറെ ഓർമ്മകളിലേക്ക് ഉണ്ണി ഊളിയിട്ടു .