Tuesday, March 8, 2016

  ആ ചീനഭരണിയിലെ കടുമാങ്ങ .....[നാലുകെട്ട് ഭാഗം -13 ]

ആ കറുത്ത ചീനഭരണി ഉണ്ണി നോക്കി നിന്നു .ചിന്ത വീൺഡും പുറകോട്ട് .നല്ലചീന ഭരണികളിൽ ഇടുന്ന കടുമാങ്ങക്ക് ഒരു പ്രത്യേക സ്വാദാണ് . നല്ല നാട്ടുമാവിന്റെ വേണം .വടക്കെ പറമ്പിലെ ചന്ത്രക്കാരൻ മാവ് പൂത്തിട്ടുണ്ട് .പൂവ് പോഴിയാതിരിക്കാൻ അതിൻറെ ചുവട്ടിൽ കരിയില കൂട്ടി പുകച്ചിരുന്നു .പാകമായാൽ നിലത്ത് വീഴാതെ പറിച്ചെടുക്കും .ഞെട്ട്‌ നിർത്തി ഓരോന്നും പോട്ടിചെടുക്കും . ഞെട്ട് പൊട്ടിക്കുമ്പോൾ ചോന തെറിക്കും .ഇടക്കിടെ കല്ലുപ്പ് വിതറി അത് ഭരണിയിൽ നിറക്കുന്നു .ഒരു കൽചട്ടിയിൽ കുറച്ചു മാങ്ങാ വേറെ ഇടും .മാങ്ങാ ചുങ്ങുമ്പോൾ ഭരണി നിറയാൻ അതുവേണം കടുകും മുളകും അന്നമ്മിക്കല്ലിലാണ് അരച്ചെടുക്കുക .ഞെട്ട് കളഞ്ഞ മുളക് വെണ്ണപോലെ അരയണം .കടുക് അത്രവേണ്ട.
             നാലാം ദിവസം കടുമാങ്ങ കൂട്ടിന് പാകം . വലിയ പ്ലാവിൻതടികൊണ്ടുള്ള തോണി ഉണ്ട് അതിലേക്ക് കടുമാങ്ങയുടെ വെള്ളം മുഴുവൻ പകരും .മുളകും കടുകും നന്നായി യോജിപ്പിക്കാൻ മരകൈൽ ആണൂപയോഗിക്കുക .ലോഹം തൊടീക്കില്ല . ഭാരണിയിലേക്ക് മാറ്റി വക്ക് നല്ല എണ്ണ ശീലകൊണ്ട് തുടക്കുന്നു . അതിനു മുകളിൽ കശുമാങ്ങയുടെ പിഞ്ച് അണ്ടി അഞ്ചാറെണ്ണം പിളർത്തി കമിഴ്ത്തി വയ്ക്കും . വീര്യം കൂടാനാണത്. അതിന് മുകളിൽ എണ്ണ ശീല ഇടുന്നു .പൂപ്പൽ വരാതിരിക്കാൻ . തടികൊണ്ടുള്ള അടപ്പാണ് .അടച്ച് മെഴുകുകൊണ്ട് തിരുമ്മി ഉറപ്പിക്കുന്നു . ആറു മാസം കഴിഞ്ഞേ എടുക്കൂ . നല്ലചീനഭരണിയാണങ്കിൽ മൂന്ന് വർഷം വരെ ഒരുകുഴപ്പവുമില്ല ഒരു "പ്രിസർവേടിവും " വേണ്ട .

   അന്ന് കടുമാങ്ങ ഉണ്ടാക്കുന്നത്‌ ഉണ്ണി നോക്കി നിന്നിട്ടുണ്ട് .. 'കണ്ണിൽ തെറിക്കും ഉണ്ണി മാറിനിന്നോളൂ ."മുത്തശ്ശൻറെ ശാസന ചെവിയിൽ മുഴങ്ങുന്നപോലെ .       .  

No comments:

Post a Comment