നെട്ടൂർപെട്ടി ---[നാലുകെട്ട് -19 ]
അറയുടെ ഒരു മൂലയ്ക്ക് ഇന്നും അതുഭദ്രം . നെട്ടൂർപെട്ടി .നല്ല വീട്ടിത്തടിയിൽ തീർത്തത് . തൂക്കിക്കൊണ്ട് നടക്കാവുന്ന ചെറിയപെട്ടി . അന്ന് പ്രധാനമായും ആഭരണങ്ങൾ സൂക്ഷിക്കുന്നതതിലാണ് .പിന്നെ വിലപ്പിടിപ്പുള്ളതെല്ലാം . അതിൻറെ അടപ്പ് "പിരമിഡ് " ആകൃതിയിലാണ് . നല്ല കൊത്തുപണികളുള്ള പിച്ചള തകിടുകൊണ്ട് അത് ബാലപ്പെടുത്തിയിരിക്കും . പെട്ടിയുടെ കോണും പിച്ചളകൊണ്ട് പൊതിഞ്ഞിരിക്കും. പൂട്ടും ഒടാമ്പലും പിച്ചളയിൽ . മുകളിൽ തൂക്കിനടക്കാൻ ഒരു പിടി . അത് തുറന്നാൽ രണ്ടു വശത്തും ചെറിയകള്ളികൾ .
അന്ന് മുത്തശ്ശിയുടെ സംബാദ്യങ്ങൾ അതിലാണ് . ഞങ്ങൾ അന്നത് തുറക്കുന്നത് കാണാൻ അടുത്തുകൂടും .നാഗപടത്താലി ,ആമത്താലി ,കാശുമാല ,തോട ,അങ്ങിനെ എന്തെല്ലാം ആഭരണങ്ങൾ !പിന്നെ പഴയ "രാശി " .പ്രശ്നം വയ്ക്കാൻ ഇന്നും രാശി ഉപയോഗിക്കുന്നുണ്ട് .അന്നത്തെ നാണയങ്ങൾ ധാരാളം ഉണ്ടാകും .മുത്തശ്ശിയുടെ കയ്യിൽ നിന്ന് കിട്ടുന്ന ആ "ഓട്ടക്കാലണ "അന്നൊരു നിധി ആയിരുന്നു . ക്ലാവുപിടിച്ച് പൊടികയറിയ ആ പെട്ടി , പഴയകാല ചരിത്രത്തിൻറെ ഒരു "നിധിപേടകം "മായി ഇന്നും കണ്മുമ്പിൽ .
No comments:
Post a Comment