Thursday, March 10, 2016

       ... ഉരപ്പുര .......[നാലുകെട്ട് 14 ]

    നാലുകെട്ടിൻറെ വടക്കുപടിഞ്ഞാറെ മൂലയിൽ ആണ് ഉരപ്പുര . രണ്ട് മുറികൾ ഉണ്ട് .നിലം ചാണകം കൊണ്ട് മെഴുകിയിരിക്കുന്നു . ഒത്ത നടുക്ക് ഒരു വലിയ ഉരൽ കുഴിചിട്ടിട്ടുണ്ട് .ഇരുമ്പ് ചുറ്റിട്ട നല്ല കരിമ്പനയിൽ തീർത്ത ഉലക്കകൾ മൂലയ്ക്ക് ചാരി വച്ചിട്ടുണ്ട് . അന്ന് നെല്ലുകുത്തി അരിയാക്കുന്നത് അവിടെയാണ് .അരിയിടിച്ച് നല്ല അവിലും . നെല്ലുകുത്തുന്ന സ്ത്രീകളുടെ മൂളലും ,ഉരലിൽ ശക്തിയായി ഇടിക്കുമ്പോൾ ഉള്ള മുഴക്കവും .ഉണ്ണി ഇന്നും ഓർക്കുന്നു . അന്ന് ആഹാരത്തിനായി ആരോഗ്യം ഹോമിച്ച ആ അമ്മമാരൊക്കെ ഇന്ന്  മൺമരഞ്ഞിട്ടുണ്ടാവും . കുത്തിയ നെല്ല് മുറം  കൊണ്ട് പേറ്റിയെടുക്കുന്നത് നോക്കി ഇരുന്നിട്ടുണ്ട് . അതിൻറെ താളവും ശബ്ദവും ,ഒരുകാലത്തെ കാർഷിക സമൃദ്ധിയുടെ സംഗീതമായിരുന്നു . അവിടെ ഉമ്മിയും തവിടും അരിയും വേർതിരിക്കുന്നു . ആ തവിടുകൊണ്ട് "തവിടപ്പം "ഉണ്ടാക്കിയിരുന്നത് ഇന്നും ഓർക്കുന്നു .സംപുഷ്ട്ടമായ  "ബി കോംപ്ലക്സ് ". ഉമി കത്തിച്ച്‌ ഉമിക്കരി ഉണ്ടാക്കും . പല്ലു തേക്കാൻ . കുരുമുളകും ഉപ്പും ചേർത്ത് പൊടിച്ച് ചെറിയ കടലാസ് പൊതിയാക്കി ,പച്ച ഈർക്കിലി രണ്ടായി പിളർന്നു ഓരോന്നും അതിനിടയിൽ വച്ച് കുളപ്പുരമാളികയിൽ കൊണ്ട് വയ്ക്കുന്നതും ഓർക്കുന്നു .

    ഉപ്പും മണ്ണെണ്ണയും മാത്രമേ അന്ന് വിലക്കുവാങ്ങുകയുള്ളൂ .ബാക്കി എല്ലാം സ്വന്തമായി ഉണ്ടാക്കും . കല്ലുപ്പ് വെള്ളത്തിൽ കലക്കി വറ്റിച്ച് നല്ല പൊടിയുപ്പ് ഉണ്ടാക്കിയിരുന്നു .പറമ്പിൽ സുലഭമായുള്ള ഒരുതരം പചിലവള്ളിചേർത്താൽ ഉപ്പിന് നല്ല വെള്ള നിറം കിട്ടും . ഇന്നുമായം ചേർത്ത്  "മായമാണ് അമൃത് "എന്നു പഠിപ്പിച്ച് നമ്മേ കൊണ്ട് വാങ്ങിപ്പിക്കുന്ന ആ  ഉപഭോക്ത്തു സംസ്ക്കാരത്തിന് ഉള്ള ഒരു മറുപടിയായിരുന്നു അത് .ഇന്നു നല്ല ഉപ്പ് വേണമെങ്കിൽ വീണ്ടും   ഒരു "ദണ്ടി  യാത്ര "വേണ്ടിവരും .ഉണ്ണി ഓർത്തു     

No comments:

Post a Comment