Wednesday, August 30, 2023

ഓർമ്മയിലെ അവിട്ടം, ചതയം [ നാലുകെട്ട് - 46o] പണ്ട് പണ്ട് ജന്മി കുടിയാൻ ബന്ധം നിലനിന്നിരുന്ന കാലം. അന്ന് കൊടുക്കൽ വാങ്ങൽ പ്രധാനമാണ്. പ്രത്യേകിച്ചും ഓണക്കാലത്ത്.അന്ന് കുടിയാൻന്മാർക്കും പണിക്കാർക്കും ഒക്കെ സദ്യകൊടുക്കുന്നത് അവിട്ടത്തിൻ്റെ അന്നാണ്. ഒപ്പം നെല്ലും, അരിയും, എണ്ണയും കൊടുക്കും.അന്ന് ഓണക്കോടി വലിയ തോർത്ത് ആണ് .പരമാവധി മൈയ്മ്മൽ മുണ്ട് മുറിച്ചെടുത്ത് .അന്ന് കുടിയന്മാർ ഓണക്കാഴ്ച്ചയുമായി വരും.അതു പോലെ കൊല്ലപ്പണിക്കാരൻ പണി ആയുധങ്ങൾ കാഴ്ച്ച ആയി നൽകും. അന്ന് അവരെ സമഭാവനയോടെ ആണ് കണ്ടിരുന്നത്. അവർക്ക് ആവശ്യമുള്ളതൊക്കെ കൊടുക്കും. അവർക്കുള്ള പ്രധാന സദ്യയും അവിട്ടം നാളിലാണ്.'കുടിയാൻന്മാരും, പണിക്കാരും കൃഷി ചെയ്തുണ്ടാക്കിത്തരുന്നതിൻ്റെ ഭൂരിഭാഗവും പലപ്പഴായി അവർക്കു തന്നെ കൊടുക്കുന്ന ഉദാത്തമായ ഒരു ജന്മിത്ത വ്യവസ്ഥയാണ് അന്ന് കാരണവന്മാർ പുലർത്തിയിരുന്നത് എന്ന് പലപ്പഴും തോന്നിയിട്ടുണ്ട്. ചതയത്തിൻ്റെ അന്നാണ് പക്ഷിമൃഗാദികൾക്കുള്ള ഓണസദ്യ. തേങ്ങാപ്പീരയും ചേനയിലയും മററു മിച്ചം വരുന്ന പച്ചക്കറികളും അരിഞ്ഞ് ഉപ്പും ഇട്ട് അവർക്ക് തിന്നാൻ കൊടുക്കും. എന്തിനേറെ ഉറുമ്പിനും ഈ ച്ചയ്ക്കും വരെ നാലുകെട്ടിൻ്റെ നാലു മൂലക്കും വിതറിക്കൊടുത്തതിനു ശേഷമേ നമ്മൾ സദ്യ ഉണ്ണൂ.അങ്ങിനെ സമസ്ഥ ജീവജാലങ്ങളേയും ഒന്നുപോലെ കണ്ടിരുന്ന ആ കാലത്തിൻ്റെ ഓർമ്മയിൽ ഓണാശംസകൾ.

Tuesday, August 29, 2023

തിരുവോണത്തിൻ്റെ ചാരുത [നാലുകെട്ട് -459] പണ്ടു തറവാട്ടിൽ ഓണം ഏതാണ്ട് ഒരു മാസം നീണ്ടു നിൽക്കുന്ന ഉത്സവമാണന്നു പറയാം.കർക്കിടകത്തിലെ തിരുവോണം മുതൽ തുടങ്ങും ഒരുക്കങ്ങൾ. അന്നു മുതൽ ചെറു പൂക്കളങ്ങൾ ഒരുക്കുമെങ്കിലും അത്തം മുതലാണ് വിസ്തരിച്ചു പൂവിടുന്നത്.നടുക്ക് തുമ്പപ്പൂ നിർബന്ധം.പടിപടി ആയി ഒരൊ ദിവസവും പൂക്കളത്തിൻ്റെ വിസ്താരം കൂടി കൂടി വരും.ഉത്രാടത്തിനാണ് കലാശക്കൊട്ട്. അന്ന് ഏറ്റവും വലിയ പൂക്കളത്തിന് ഒരു മത്സരം തന്നെയാണു്. കൂട്ടുകാർ എല്ലാവരും പൂക്കൂടയുമായി കാടും മേടും കടന്ന് പൂ ശേഖരിക്കും. അതിൻ്റെ ത്രില്ല് ഒന്നു വേറേയാണ്. പൂവിടലും ഊഞ്ഞാലാട്ടവും തലപ്പന്തുകളിയും, പുഞ്ചകളിയും ഒക്കെ കൂടി കുട്ടികളുടെ മനസിലെ ആ ഓണത്തിൻ്റെ ചാരുത ഒന്നു വേറേയാണ്. ഇന്നത്തെ കുട്ടികൾക്കത് പൂർണ്ണമായും അത് മനസ്സിലാകില്ല . ഓണസദ്യയുടെ സ്വാദും ഓണക്കോടിയുടെ മണവും, ഓണക്കളികളുടെ ചടുലതയും എല്ലാം കൂടി അന്നു നൽകുന്ന ഒരു തരം ഉന്മാദം അതൊരനുഭവം തന്നെയാണ്.ഇന്നതിൻ്റെ തനതു രീതി നഷ്ടപ്പെട്ടെങ്കിലും കുറച്ചെങ്കിലും അതിൻ്റെ ചാരുത പോകാതെ കൊണ്ടു പോകുന്നത് ഓണാഘോഷം മാത്രമാണന്നു തോന്നുന്നു. . എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ

Sunday, August 27, 2023

ഉത്രാടവിളക്കും ഓണവിളക്കും [ നാലുകെട്ട് - 458] സമഭാവനയുടെ സാമ്രാട്ടായ മഹാബലിത്തമ്പുരാനെ വരവേൽക്കാൻ ഓണക്കാലം ഒരുങ്ങി.ഉത്രാടത്തിൻ്റെ അന്ന് വൈകുന്നേരം തന്നെ മഹാബലി നമ്മുടെ ഭവനങ്ങളിൽ എത്തും എന്നാണ് വിശ്വാസം.ഉത്രാടത്തിൻ്റെ അന്ന് സന്ധ്യാ ദീപം തെളിയുന്നതിനൊപ്പം മുറ്റത്ത് ഒരു പിണ്ടി വിളക്ക് ഉയരും.വാഴപ്പിണ്ടി പുറം പോളകളഞ്ഞ് വൃത്തിയാക്കി മുറ്റത്ത് നാട്ടി നിർത്തും. അതിനു ചുറ്റും ഈർക്കിലി വളച്ച് ഉറപ്പിച്ച്ച രാത് വയ്ക്കാൻ പാകത്തി നാക്കുന്നു. അതിൽ ചെരാത് വച്ച് എണ്ണ ഒഴിച്ച് ദീപം തെളിയിക്കും. അന്ന് മണ്ച രാതി ന് പകരം മരോട്ടിക്കായ് പിളർന്ന് അതിലെ പരിപ്പ് മാറ്റി എണ്ണ ഒഴിച്ചാണ് ഉപയോഗിക്കൂക.അത് രാത്രി മുഴുവൻ കത്തിനിൽക്കും എന്നുറപ്പുവരുത്തുന്നു കാരണം തമ്പുരാൻ എപ്പഴാണ് വരുന്നതെന്നുറപ്പില്ലല്ലോ? തിരുവോണത്തിൻ്റെ അന്ന് തൃക്കാക്കര അപ്പന് നേദിക്കുന്നതിന് നാലു ദിവസം മുമ്പ് തന്നെ ഓണ വിളക്ക് തെളിയിക്കും. ആ ഓട്ടു വിളക്കിനും ഉണ്ട് പ്രത്യേകത. അതിൻ്റെ നാരായത്തിൽ ലക്ഷ്മി .ഇരുപുറവും ആനകൾ, പുറകിൽ പ്രഭാമണ്ഡലം, തൂക്കു ചങ്ങലയിൽ ഗണപതി, ഗരുഡൻ .ഓണക്കാലത്ത് കൊളുത്തുന്ന ഈ വിളക്ക് നാലു ദിവസം മുഴുവൻ കെടാവിളക്കായി കത്തി നിൽക്കണം: അതിനിടെ കെട്ടുപോയാൽ ആ വർഷം മുഴുവൻ ദുരിതം അനുഭവിക്കും എന്നു വിശ്വാസം. മനോഹരമായ മിത്തുകളും, ആചാരങ്ങളും, ഐതിഹ്യങ്ങളും വിളക്കിച്ചേർത്ത ഓണക്കാലം മനുഷ്യ മനസിത് ആഹ്ലാദവും ഉണർവ്വം ഒരു പുതിയ തുടക്കവും നൽകുന്ന ഒരു നല്ല കാലം നമുക്കുണ്ടായിരുന്നു.ഇന്നതിൽ നിന്നൊക്കെ ഒത്തിരി മാറി. അന്ന് ഓണം ഹൃദയത്തിലായിരുന്നു.ഇന്നത് പുറംമേനിയുടെ പകിട്ടി ലാ ണ്.

Friday, August 18, 2023

പോക്കറ്റടിക്കാരൻ [കീശക്കഥകൾ-184] മുബൈ കാണണം.മോഹമായിരുന്നു. ട്രയിനിൽത്തന്നെ വേണം. കൂടുതൽ ജനകീയമാണ്. മുബൈ നഗരത്തെ കീറി മുറിച്ച് ചത്രപതി ശിവാജി ടർമിനലിൽ കിതച്ച് കിതച്ച് ട്രയിൻ നിന്നു. എന്തൊരു തിരക്ക്. ഇൻഡ്യയുടെ ഒരു പരിഛേ തം തന്നെയുണ്ടവിടെ. എങ്ങിനെയും പുറത്തു കിടക്കണം :ടിക്കറ്റ് കയ്യിൽ വയ്ക്കാം. ഗേറ്റ് കിടക്കാൻ അതു വേണം. പെഴ്സ് തപ്പി. അയ്യോ... അത് നഷ്ടപ്പെട്ടിരിക്കുന്നു. കാഷും, ഐഡി കാർഡും, ക്രഡിറ്റ് കാർഡും എല്ലാം അതിലാണ്. ആരും പരിചയക്കാരില്ല ആരോട് പറയാൻ.റയിൽവേ പൊലീസ് വിവരങ്ങൾ കുറിച്ചെടുത്തു.കിട്ടിയാൽ അറിയിക്കാം. തീർന്നു. ഇനി എന്തു ചെയ്യും. അപ്പഴാണ് ചന്ദ്രപ്പനെ ഓർമ്മ വന്നത്.ഇന്ന് ഇവിടെ വലിയ ബിസ്സിനസ് നടത്തുന്ന ആളാണ്. നാട്ടുകാരനാണ്. മാത്രമല്ല നാട്ടിലെ ആസ്ഥാന കള്ളൻ.. ഒരു ദിവസം പൊലീസ് അവനെ വളഞ്ഞു. അവനോ ടി വന്നു കയറിയത് എൻ്റെ വീട്ടിൽ ".രക്ഷിക്കണം പുറകേ പോലീസ് ഉണ്ട്, .അവനെ അടുത്ത മുറിയിലാക്കി വാതിലടച്ചു.അവൻ്റെ പുറകെ പോലീസ് എത്തി അവനെപ്പിടി കിട്ടിയാൽ വെറുതേവിടില്ല." ഇവിടെ ആരും വന്നില്ല. ഓടി രക്ഷപെട്ടു കാണും." പൊലീസുകാർ പറമ്പ് അരിച്ചുപറുക്കി. അവർ പോയപ്പോൾ അവനെപ്പൂട്ടിയിട്ട മുറി ഞാൻ തുറന്നു."നന്ദിയുണ്ട് തമ്പുരാൻ.... മറക്കില്ല""എന്തോ നിന്നെ പിടിച്ചു കൊടുക്കാൻ തോന്നിയില്ല. ഇനി ഇവിടെ നിന്നാൽ അപകടമാണ് ഈ നാട്ടിൽനിന്ന് രക്ഷപെടാൻ നോക്ക്. രാത്രി വണ്ടിക്ക് മുബൈയ്ക്ക് വിട്ടോ?അവിടെച്ചെന്ന് മാന്യമായി ജോലി ചെയ്ത് ജീവിയ്ക്കാൻ നോക്ക് " അന്ന് അവന് ആവശ്യമുള്ള രൂപാ കൊടുത്ത് സഹായിച്ചത് ഞാനാണ്.പിന്നീടൊരിക്കൽ അവൻ നാട്ടിൽ വന്നു. ആ വരവ് രാജകീയമായിരുന്നു. ആദ്യം എൻ്റെ അടുത്തേക്കാണ് വന്നത്. ഒത്തിരി സമ്മാനങ്ങളുമായി മുംബൈ ലെ എണ്ണം പറഞ്ഞ ബിസിനസ് കാരനാണയാൾ. അന്ന് കാല് തൊട്ട് വന്ദിച്ചാണ് തിരിച്ചു പോയത്. അന്ന് നമ്പർ തന്നിരുന്നു. വിളിച്ചു നോക്കാം."ങ്ങേ :: തമ്പുരാനോ? അവിടെ ത്തന്നെ നിൽക്കൂ ഞാനിപ്പം വരാം." അഞ്ച്മിനിട്ടിനകം അവനെത്തി. കൊട്ടാരസദൃശമായ അവൻ്റെ കാറിൽ അനുചരന്മാരോട് കൂടി .ഞാൻ പേഴ്സ് നഷ്ടപ്പെട്ട വിവരം അവനോട് പറഞ്ഞു.ഈ സ്റേറഷൻ്റെ പരിസരത്തുനിന്നാണ് നഷ്ടപ്പെട്ടത്.ഉറപ്പാണ്.""ഞാൻ നോക്കട്ടെ ഒരു അഞ്ചു മിനിട്ട് എനിക്കു തരു. എന്നെ അനുചരന്മാരെ ഏൾപ്പിച്ച് അയാൾ അപ്രത്യക്ഷമായി. അഞ്ചു മിനിട്ടിനകം ചന്ദ്രപ്പൻ എത്തി. അവൻ ആ പേഴ്സ് എൻ്റെ കയ്യിൽ ഏൽപ്പിച്ചു;" തമ്പുരാൻ്റെ ഫോട്ടോ പേഴ്സിൽ ഉണ്ടായിരുന്നതുകൊണ്ട് എളുപ്പമായി.തമ്പൂരാൻ വരൂ. അവൻ കാറിൻ്റെ ബാക്ക് ഡോർ തുറന്നു. അവനും കയറി. വണ്ടി മുമ്പോട്ടു കുതിച്ചു."എങ്ങിനെ ! ഇതെങ്ങിനെ സാധിച്ചു. " ഞാൻ അത്ഭുതത്തോടെ ചോദിച്ചു. അവനൊന്നു ചിരിച്ചു."നീ ആകെ മാറിയിരിക്കുന്നു എന്നൊരു സെററപ്പാണ്. ഇന്ന് മുബൈ ലെ അറിയപ്പെടുന്ന ബിസിനസ് കാരനാണ് നീ എന്നു നിൻ്റെ കൂട്ടുകാർ പറഞ്ഞു. ""ഒട്ടും മാറിയില്ല തമ്പുരാനെ പടിച്ച പണി ഒന്നു വിപുലപ്പെടുത്തി.അത്രയേ ഉള്ളു. വലിയ ഒരു നെറ്റ് വർക്ക് തന്നെ എൻ്റെ കീഴിൽ ഉണ്ട്. " ഞാൻ അൽഭുതത്തോടെ അവനെ നോക്കി.

Thursday, August 10, 2023

കുടജാദ്രി - മൂകാംബികയുടെ മൂലസ്ഥാനം.[ യാത്രാ നുറുങ്ങുകൾ - 1008] കർണ്ണാടകയിലെ സഹ്യപർവ്വതനിരകളിൽ ആയിരത്തി മുണ്ണൂറ്റി നാൽപ്പത്തിമൂന്ന് അടി ഉയരമുള്ള കൊടി മുടി കയറി ശങ്കരപീഠത്തിലെത്തണം. മൂകാംബിക ദേശീയോദ്യാനത്തിൻ്റെ ഒത്ത നടുക്കുള്ള കൊടി മുടി. ശ്രീ ശങ്കരാചാര്യർ ഈ കൊടും കാടു താണ്ടി അറിവിൻ്റെ ദേവതയേ ധ്യാനിച്ചിരുന്നത് ഇവിടെ ഇരുന്നാണ്. ദേവിയേ പ്രത്യക്ഷപ്പെടുത്തിയതും ശങ്കരപീഠത്തിൽ വച്ചായിരുന്നു .ശങ്കരപീഠത്തിലേയ്ക്കുള്ള യാത്ര അതികഠിനമാണ്. അതിസാഹസികമായ ഒരു ജീപ്പ്‌യാത്രയിലൂടെ പകുതിയിലധികം ദൂരം താണ്ടാം. അവിടന്ന് കൊടും കയററമാണ്. അതിശക്തമായ കാറ്റും ചാറ്റൽ മഴയും. ചിലപ്പോൾ കാഴ്ച്ച മറയ്ക്കുന്ന മൂടൽമഞ്ഞും യാത്രയിൽ വലതു വശത്ത് താഴോട്ടിറങ്ങിയാൽ ഗണപതിമൂല .അവിടുന്ന് ചിത്രമൂലയിലേയ്ക്ക് ഗുഹാ മാർഗ്ഗം പോകാനുള്ള സൗകര്യം ഉണ്ടായിരുന്നുവത്രേ.ഇതു കൂടാതെ വനപാതയിലൂടെ കാൽനട ആയും വരാം.പുള്ളിപ്പുലിയും, ആനയും, കാട്ടുപോത്തും ഉള്ള വഴി അപകടകരമാണ്. എന്നാലും ധാരാളം ഭക്തർ ആ വഴി തിരഞ്ഞെടുക്കുന്നുണ്ട്. ഈ വഴിയും കഠിനം തന്നെ. സകല അഹങ്കാരവും ശമിച്ച് ദേവിയിൽ മനസ്സുറപ്പിച്ച് അറിവിൻ്റെ പുതിയ തലത്തിലേയ്ക്കുള്ള ആ യാത്ര വേറൊരനുഭൂതിയാണ്. .മുകളിൽ ശങ്കരപീഠത്തിൽ എത്തിയപ്പോൾ അന്നവിടെ തങ്ങാൻ തോന്നി. രാവിലെ മനോഹരമായ സൂര്യോദയവും കണ്ട് മടങ്ങിയാൽ മതി എന്നു മോഹിച്ചു പോയി. അത്ര വശ്യമാണ് അവിടത്തെ അന്തരീക്ഷം.ശങ്കരപീഠത്തിനൊരുടയാട പോലെ അങ്ങു താഴെ ചുറ്റും ഘോരവനം.താഴെ നിന്ന് ഈ കൊടി മുടിയെപ്പോലും മറക്കുന്നത്ര വിശാലമായ വനപ്രദേശം.കുടകപ്പാലകൾ നിറഞ്ഞ ആ കുടകാചലം താണ്ടി തിരിച്ചിത്ര വേഗം പോരണ്ടായിരുന്നു.മനസു മന്ത്രിച്ചു.

Wednesday, August 9, 2023

മൂകാംബികാദേവിയുടെ കഷായ തീർത്ഥം [ യാത്ര നുറുങ്ങുകൾ - 1007] വിദ്യക്കൊരു ദേവത. എത്ര മനോഹരമായ ദേവീ സങ്കൽപ്പം.സൗപർണ്ണികാ തീരത്ത് സ്ഥിതി ചെയ്യുന്ന മൂകാoബികാ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാസരസ്വതിയാണ്.ആദ്യക്ഷരം കുറിയ്ക്കാൻ ആയിരങ്ങൾ അവിടെ എത്തുന്നു. തൻ്റെ കലാ ഉപാസനക്കു വേണ്ടി അനവധി പേർ ഇവിടെ ദേവിയേ ശരണം പ്രാപിക്കുന്നു. അവിടുത്തെ പ്രധാന പ്രസാദം കഷായ തീർത്ഥമാണ്. കുരുമുളക് ,ഇഞ്ചി, തിപ്പലി തുടങ്ങി നിരവധി ഔഷധങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന കഷായ തീർത്ഥം വൈകിട്ട് ഒമ്പത് മണിയ്ക്കാണ് പൂജിച്ചു നൽകുന്നത്. കഷായ ആരതി യോടെ പൂജിച്ച് മന്ത്ര സിദ്ധി വരുത്തിയ തീർത്ഥം രോഗശമനത്തിന് അത്യുത്തമമാണത്രേ. ദീർഘ ദൂരം യാത്ര ചെയ്തെത്തുന്ന ഭക്തജനങ്ങൾക്ക് ഇത് നൽകുന്ന ഉന്മേഷം ചെറുതല്ല.. .ശ്രീ ശങ്കരാചാര്യർ ദേവിയെ തപസു ചെയ്യുന്നതിനിടെ കഠിനമായ ജ്വരം ബാധിച്ചു എന്നും ദേവി ഒരു പെൺകുട്ടിയുടെ രൂപത്തിൽ വന്ന് ഈ ഔഷധം സ്വാമിക്ക്നൽകി രോഗം ശമിച്ചു എന്നും ഐതിഹ്യം. നമ്മുടെ പഞ്ചഗവ്യവും മോദകവും പോലെ ഔഷധ പ്രധാനമാണ് ഈ തീർത്ഥവും. രാത്രി ഒമ്പത് മണിയ്ക്ക് ശേഷം നാലമ്പലത്തിന് പുറത്തു വച്ചാണ് ഈ കഷായ തീർത്ഥം വിതരണം ചെയ്യുന്നത്. :ദേവിയുടെ ഏഴു നിലകളുള്ള ബ്രഹ്മ്മരഥം അലങ്കരിക്കാനുള്ള അവകാശം അവിടത്തെ കർഷകർക്കാണ്. അവരുടെ കാർഷിക ഉൽപ്പന്നങ്ങൾ കൊണ്ടാണ് അത് അലങ്കരിക്കുക. പ്രകൃതിയുമായി ഇത്ര അധികം താദാത്മ്യം പ്രാപിച്ച ഈ ദേവീ സങ്കൽപ്പം വെറേ എവിടെയും ഇല്ലന്നു തന്നെ പറയാം. കുടജാദ്രിയിൽ നിന്നൊഴുകി എത്തി സംഗമിക്കുന്ന സൗപർണ്ണികയിലെ ജലവും ഔഷധ സംമ്പുഷ്ടമാണ്. അവിടത്തെ കുളിയും മലനിരകളിൽ നിന്നുള്ള കുളിർ കാറ്റും ദേവീപ്രസാദമായ കഷായ തീർത്ഥവും... എല്ലാം കൂടി നൽകുന്ന അനുഭൂതി അവർണ്ണനീയമാണ്

Monday, August 7, 2023

ഉത്തരകന്നഡയിലെ മുരുദേശ്വർ ക്ഷേത്രം [ യാത്രാ നുറുങ്ങുകൾ - 1006] മൂകാംബിക്ക് അറുപത് കിലോമീറ്റർ മുമ്പ് മുരുദേശ്വർ ക്ഷേത്രം. അറേബ്യൻ സമുദ്രത്തിനരുകിലായി കന്ദുകഗിരി കുന്നിലാണ് നൂററി ഇരുപത്തിമൂന്നടി ഉയരമുള്ള ശിവ ഭഗവാൻ്റെ പ്രതിമ. ലോകത്തിലേ തന്നെ രണ്ടാമത്തെ വലിയ ശിൽപ്പം. അതിനു മുമ്പിലുള്ള ഇരുനൂറ്റി നാൽപ്പത്തി ഒമ്പത് അടി ഉയരത്തിൽ ഇരുപത് നിലകളുള്ള രാജഗോപുരം ! ക ന്ദുക ഗിരി മരുഗേശ്വരം ഒരു അരയഗ്രാമമായിരുന്നു. ആർ.എൻ.ഷട്ടി എന്ന വ്യവസായി ആണ് ഈ ക്ഷേത്രം പുനർനിർമ്മിച്ചത്.എസ്.കെ.ആചാരി എന്ന ശിൽപ്പിയുടെ ശിൽപ്പ ചാതുരി മുഴുവൻ ഈ രാജഗോപുരത്തിൽ കാണാം. രണ്ടു വലിയ ഗജവീരന്മാരുടെ പ്രതിമയ്ക്ക് നടുവിലൂടെ നമുക്ക് ഗോപുരത്തിൽ പ്രവേശിക്കാം.രാജഗോപുരത്തിൻ്റെ ഉള്ളിലൂടെ മുകളിൽ എത്താൻ ലിഫ്റ്റ് ഉണ്ട്. മുകളിൽ എത്തിയാൽ ഈ ക്ഷേത്രത്തിൻ്റെ ആകാശ കാഴ്ച്ച ഒരനുഭൂതി തന്നെയാണ്. ജാലകങ്ങളിലൂടെ ശക്തി ആയി വീശുന്ന കടൽക്കാറ്റ് നമുക്ക് കുളിർമ്മ ഏകുന്നു. അവിടെ നിന്നാൽ ശിവഭഗവാൻ്റെ പടുകൂറ്റൻ പ്രതിമ പൂർണ്ണമായും ദർശിക്കാം. ' താഴെ ഇറങ്ങി കരിങ്കൽ പടികൾ കയറി ഭഗവാൻ്റെ മുമ്പിൽ എത്താം. ആ വലിയ പ്രതിമക്കുള്ളിൽ രണ്ടു പുരാതന മ്യൂസിയങ്ങൾ ഉണ്ട്.പുരാണ കഥകളും, ഐതിഹ്യങ്ങളും അവിടെ അനാവരണം ചെയ്യപ്പെടുന്നു. കാശിനാഥൻ എന്ന ശിൽപ്പിയുടെ കരവിരുത് മുഴുവൻ ആഭഗവൽ പ്രതിമയിൽ കാണാം ഖോര തപസിലൂലൂടെ പരമശിവൻ്റെ ആത്മ ലിംഗം രാവണൻ കൈക്കലാക്കുന്നു. ഗണപതിയുടെ കൗശലത്താൽ ആബിംബം മുരുദേശ്വരത്ത് ഉറക്കുന്നു. ക്രുദ്ധനായ രാവണൻ വിഗ്രഹം തകർത്ത് വലിച്ചെറിയുന്നു. ആൽത്മലിംഗം ഗോകർണ്ണത്ത് പതിച്ചു എന്നും ബാക്കി പതിച്ചേടത്ത് ഈ ക്ഷേത്രം ഉയർന്നു എന്നും ഐതിഹ്യം. എത്ര കണ്ടാലും മതിവരാത്ത ആ സമുദ്രതീരത്തെ അൽഭുതത്തോട് വിട പറഞ്ഞ് മൂകാംബിയിലേയ്ക്ക്.

Sunday, August 6, 2023

ദേവീപ്രസാദം. [ കീശക്കഥകൾ - 183] അറിവിൻ്റെ മഹാപ്രവാഹം പോലെ സൗപർണ്ണികാ നദി. എൻ്റെ മോൻ അതിൽ നീന്തിത്തുടിച്ച് കയറുന്നത് നോക്കി നിന്നു പോയി. കൊടജാദ്രിയിൽ നിന്നുത്ഭവിച്ച അറുപത്തിമൂന്ന് അരുവികൾ സംഗമിച്ച് അറിവിൻ്റെ മഹാസാഗരം പോലെ ശാന്തമായ ഒഴുക്കിൽ അവൻ നീന്തിത്തുടിച്ചപ്പോൾ സരസ്വതീദേവിയുടെ സ്വാന്തനം അവൻ്റെ ഒപ്പമുണ്ടാകണമെന്ന് ഞാൻ മനസുരുകി പ്രാർത്ഥിക്കുകയായിരുന്നു. പതിനഞ്ചു വർഷം പുറകോട്ട് എൻ്റെ ചിന്തകൾ പോയി. അന്നവന് മൂന്നു വയസ്.അവൻ്റെ വിദ്യാരംഭം മൂകാംബിദേവീ സന്നിധിയിൽ വേണം. അന്ന് ഈ സൗപർണികയിൽ കളിപ്പിച്ച് ശുദ്ധി വരുത്തിയാണ് സരസ്വതീ മണ്ഡപത്തിൽ എത്തിയത്.മഹാസരസ്വതീദേവിയുടെ മുന്നിൽ പൂജാരി അവനെ മടിയിലിരുത്തി അവൻ്റെ നാവിൽ ആദ്യക്ഷരം കുറിച്ചു. ആദ്യം മഞ്ഞൾകൊണ്ടും, പിന്നെ സ്വർണ്ണം കൊണ്ടും. അതു കഴിഞ്ഞ് ഒരിയ്ക്കൽ കൂടി ഞങ്ങൾ ദേവീ സന്നിധിയിൽ എത്തി. അന്ന് അവൻ ഒരു നല്ല ബുക്കിലാണ് ആ ദിവ്യ സന്നിധിയിൽ വച്ച് അവൻ എഴുതിയത്.അതിൽപ്പിന്നെ ലോകത്തിൻ്റെ ഏതു കോണിലായാലും വിജയദശമി ദിനം അവൻ മൂകാംബികാദേവിയെ മനസിൽ ധ്യാനിച്ച് ആ ബുക്കിൽത്തന്നെ അവൻ്റെ അറിവുകൾ കുറിച്ചു വച്ചു. അവൻ്റെ ഭാവി വിദ്യാസമ്പത്തിനായി ദേവിയോട് പ്രാർത്ഥിക്കും. കൂടെ ഉണ്ടാകണമെന്ന പേക്ഷിക്കു o. പണ്ട് ശങ്കരാചാര്യർ ദേവിയേ തപസു ചെയ്ത് പ്രത്യക്ഷപ്പെടുത്തി തൻ്റെ കൂടെ പോരാൻ വരം ചോദിച്ചു. ദേവിസമ്മതിച്ചു.പക്ഷെ ഒരിയ്ക്കലും തിരിഞ്ഞു നോക്കരുത്. നോക്കിയാൽ എൻ്റെ യാത്ര അവിടെ അവസാനിപ്പിക്കും.അവർ നടന്നു തുടങ്ങി.മൂകാംബിയിൽ എത്തിയപ്പോൾ ദേവി തൻ്റെ പാദസ്വരത്തിൻ്റെ ശബ്ദം സ്തംഭിപ്പിച്ചു.ശുബ്ദം കേൾക്കാതെ വന്നപ്പോൾ ദേവി കൂടെ ഉണ്ടോ എന്നറിയാൻ ആചാര്യർ തിരിഞ്ഞു നോക്കി. അങ്ങിനെ ശങ്കരാചാര്യർക്ക് ദേവിയേ അവിടെ പ്രതിഷ്ഠിക്കണ്ടി വന്നു. ഞാനന്ന് മോനോടു പറഞ്ഞു.ദേവിയേ പ്രാർത്ഥിച്ച് തിരിഞ്ഞു നോക്കാതെ മടങ്ങൂ.ദേവി ഒപ്പമുണ്ടാകും.അവനൊന്നു ചിരിച്ചു. പക്ഷേ അനുസരിച്ചു.അന്നു മുതൽ വാണീദേവി അവൻ്റെ കൂടെത്തന്നെ ഉണ്ടന്നു തോന്നി., ഒരോ പടിയും അവൻ ചവിട്ടിക്കയറി. പരസഹായമില്ലാതെ ഒറ്റയ്ക്ക് .പലരും നിരുത്സാഹപ്പെടുത്തി എങ്കിലുംആതുര സേവനമാണ് തൻ്റെ ജീവിത ലക്ഷ്യമെന്നവ നുറച്ചു.എൻ്ററൻസ് കടമ്പ അവൻ ഒറ്റക്ക് കടന്നു കയറി. അവസാനം MBBS എവിടെ.അവനു സംശയിയില്ലായിരുന്നു. ദേവിയുടെ തട്ടകത്തിൽത്തന്നെ.അങ്ങിനെ കസ്തൂർബാ മെഡിയ്ക്കൽ കോളേജിൽത്തന്നെ അവനു കിട്ടി. ദേവിയുടെ മുമ്പിൽ സാഷ്ടാ ഗം വണങ്ങിയാ ണ് കോളേജിൽ ചേരാൻ പോയത്.നടയിൽ നിന്ന് പ്രാർത്ഥിച്ചപ്പോൾ എൻ്റെ കണ്ണിൽ സന്തോഷാശ്രുക്കൾ പൊടിഞ്ഞിരുന്നു. അവൻ തന്നെയാണ് എൻ്റെ കണ്ണു തുടച്ചു തന്നത്