Tuesday, August 29, 2023
തിരുവോണത്തിൻ്റെ ചാരുത [നാലുകെട്ട് -459] പണ്ടു തറവാട്ടിൽ ഓണം ഏതാണ്ട് ഒരു മാസം നീണ്ടു നിൽക്കുന്ന ഉത്സവമാണന്നു പറയാം.കർക്കിടകത്തിലെ തിരുവോണം മുതൽ തുടങ്ങും ഒരുക്കങ്ങൾ. അന്നു മുതൽ ചെറു പൂക്കളങ്ങൾ ഒരുക്കുമെങ്കിലും അത്തം മുതലാണ് വിസ്തരിച്ചു പൂവിടുന്നത്.നടുക്ക് തുമ്പപ്പൂ നിർബന്ധം.പടിപടി ആയി ഒരൊ ദിവസവും പൂക്കളത്തിൻ്റെ വിസ്താരം കൂടി കൂടി വരും.ഉത്രാടത്തിനാണ് കലാശക്കൊട്ട്. അന്ന് ഏറ്റവും വലിയ പൂക്കളത്തിന് ഒരു മത്സരം തന്നെയാണു്. കൂട്ടുകാർ എല്ലാവരും പൂക്കൂടയുമായി കാടും മേടും കടന്ന് പൂ ശേഖരിക്കും. അതിൻ്റെ ത്രില്ല് ഒന്നു വേറേയാണ്. പൂവിടലും ഊഞ്ഞാലാട്ടവും തലപ്പന്തുകളിയും, പുഞ്ചകളിയും ഒക്കെ കൂടി കുട്ടികളുടെ മനസിലെ ആ ഓണത്തിൻ്റെ ചാരുത ഒന്നു വേറേയാണ്. ഇന്നത്തെ കുട്ടികൾക്കത് പൂർണ്ണമായും അത് മനസ്സിലാകില്ല . ഓണസദ്യയുടെ സ്വാദും ഓണക്കോടിയുടെ മണവും, ഓണക്കളികളുടെ ചടുലതയും എല്ലാം കൂടി അന്നു നൽകുന്ന ഒരു തരം ഉന്മാദം അതൊരനുഭവം തന്നെയാണ്.ഇന്നതിൻ്റെ തനതു രീതി നഷ്ടപ്പെട്ടെങ്കിലും കുറച്ചെങ്കിലും അതിൻ്റെ ചാരുത പോകാതെ കൊണ്ടു പോകുന്നത് ഓണാഘോഷം മാത്രമാണന്നു തോന്നുന്നു. . എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ
Subscribe to:
Post Comments (Atom)
No comments:
Post a Comment