Wednesday, August 9, 2023
മൂകാംബികാദേവിയുടെ കഷായ തീർത്ഥം [ യാത്ര നുറുങ്ങുകൾ - 1007] വിദ്യക്കൊരു ദേവത. എത്ര മനോഹരമായ ദേവീ സങ്കൽപ്പം.സൗപർണ്ണികാ തീരത്ത് സ്ഥിതി ചെയ്യുന്ന മൂകാoബികാ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാസരസ്വതിയാണ്.ആദ്യക്ഷരം കുറിയ്ക്കാൻ ആയിരങ്ങൾ അവിടെ എത്തുന്നു. തൻ്റെ കലാ ഉപാസനക്കു വേണ്ടി അനവധി പേർ ഇവിടെ ദേവിയേ ശരണം പ്രാപിക്കുന്നു. അവിടുത്തെ പ്രധാന പ്രസാദം കഷായ തീർത്ഥമാണ്. കുരുമുളക് ,ഇഞ്ചി, തിപ്പലി തുടങ്ങി നിരവധി ഔഷധങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന കഷായ തീർത്ഥം വൈകിട്ട് ഒമ്പത് മണിയ്ക്കാണ് പൂജിച്ചു നൽകുന്നത്. കഷായ ആരതി യോടെ പൂജിച്ച് മന്ത്ര സിദ്ധി വരുത്തിയ തീർത്ഥം രോഗശമനത്തിന് അത്യുത്തമമാണത്രേ. ദീർഘ ദൂരം യാത്ര ചെയ്തെത്തുന്ന ഭക്തജനങ്ങൾക്ക് ഇത് നൽകുന്ന ഉന്മേഷം ചെറുതല്ല.. .ശ്രീ ശങ്കരാചാര്യർ ദേവിയെ തപസു ചെയ്യുന്നതിനിടെ കഠിനമായ ജ്വരം ബാധിച്ചു എന്നും ദേവി ഒരു പെൺകുട്ടിയുടെ രൂപത്തിൽ വന്ന് ഈ ഔഷധം സ്വാമിക്ക്നൽകി രോഗം ശമിച്ചു എന്നും ഐതിഹ്യം. നമ്മുടെ പഞ്ചഗവ്യവും മോദകവും പോലെ ഔഷധ പ്രധാനമാണ് ഈ തീർത്ഥവും. രാത്രി ഒമ്പത് മണിയ്ക്ക് ശേഷം നാലമ്പലത്തിന് പുറത്തു വച്ചാണ് ഈ കഷായ തീർത്ഥം വിതരണം ചെയ്യുന്നത്. :ദേവിയുടെ ഏഴു നിലകളുള്ള ബ്രഹ്മ്മരഥം അലങ്കരിക്കാനുള്ള അവകാശം അവിടത്തെ കർഷകർക്കാണ്. അവരുടെ കാർഷിക ഉൽപ്പന്നങ്ങൾ കൊണ്ടാണ് അത് അലങ്കരിക്കുക. പ്രകൃതിയുമായി ഇത്ര അധികം താദാത്മ്യം പ്രാപിച്ച ഈ ദേവീ സങ്കൽപ്പം വെറേ എവിടെയും ഇല്ലന്നു തന്നെ പറയാം. കുടജാദ്രിയിൽ നിന്നൊഴുകി എത്തി സംഗമിക്കുന്ന സൗപർണ്ണികയിലെ ജലവും ഔഷധ സംമ്പുഷ്ടമാണ്. അവിടത്തെ കുളിയും മലനിരകളിൽ നിന്നുള്ള കുളിർ കാറ്റും ദേവീപ്രസാദമായ കഷായ തീർത്ഥവും... എല്ലാം കൂടി നൽകുന്ന അനുഭൂതി അവർണ്ണനീയമാണ്
Subscribe to:
Post Comments (Atom)
No comments:
Post a Comment