Thursday, January 18, 2024

ഇനി ഏട്ടാന്നു വിളിക്കില്ല. [അച്ചു ഡയറി-516 ] " ഇനി ഏട്ടാന്നു വിളിയ്ക്കില്ല അച്ചൂന്നേ വിളിക്കൂ" മുത്തശ്ശാ പാച്ചു പറഞ്ഞതാണ് അവൻ്റെ കൂടെ കളിയ്ക്കാനും തല്ലു കൂടാനും ഈ ഇടെ ഏട്ടന് സമയമില്ലാത്തതിൻ്റെ പരാതിയാണ്. ഏട്ടൻ ഒരനുജന് ചെയ്തു തരുന്നതിനൊന്നും ഈ ഇട ആയി ഏട്ടന് സമയമില്ല. പിന്നെ എന്തിന് ഏട്ടാന്നു വിളിയ്ക്കണം.പാച്ചുവിൻ്റെ തീരുമാനമാണ്. മുത്തശ്ശാ അവൻ പറഞ്ഞതിലും കാര്യമുണ്ട് മുത്തശ്ശാ. ഇന്ന് മുമ്പത്തെപ്പോലെയല്ല അച്ചൂന് ഒത്തിരി പഠിയ്ക്കാനുണ്ട്. അസയ്ൻ്റ്മെൻ്റും, പ്രോജക്റ്റും വേറേ.ചെറിയ ക്ലാസുകളിൽ ഇവിടെ അമേരിയ്ക്കയിൽ സുഖമാ.ഇഷ്ടം പോലെ സമയം കിട്ടും. ഒരു ടൻഷനുമില്ല. പക്ഷേ ഹൈസ്ക്കൂൾ തലത്തിലെത്തിയാൽ വലിയ ലോഡാണ്.പെട്ടന്നു വരുന്ന ആ മാറ്റം ഉൾക്കൊള്ളാൻ തന്നെ സമയമെടുത്തു. അതു കൊണ്ടാ മുത്തശ്ശാ അവനുമായി കളിയ്ക്കാൻ സമയം കിട്ടാത്തത്. മനപ്പൂർവ്വമല്ല. പക്ഷേ അവന് ഇത് ഇത്ര ഫീൽ ചെയ്യുമെന്ന് ഞാൻ കരുതിയില്ല. അവൻ പറയുന്നത് ശരിയാണന്നച്ചൂന് തോന്നണു. കുറച്ചു സമയം അവനു കൂടി കണ്ടെത്തണം." അച്ഛന് ജോലിത്തിരക്കുള്ളപ്പോൾ നിന്നെ ശ്രദ്ധിക്കാൻ പറ്റിയില്ലങ്കിൽ നീ അച്ഛനേം പേരു വിളിക്കുമോ?" അവനെ ഒന്നു ചൂടാക്കാൻ പറഞ്ഞതാ."ഒരച്ഛൻ ചെയ്തു തരുന്നതും ഏട്ടൻ്റെ സ്നേഹവും വേറേ ആണ്. ഞാൻ ചിലപ്പോൾ വല്ലാതെ ബോറടിക്കുന്നു ഏട്ടാ. അതു കൊണ്ട് പറഞ്ഞതാ."അവൻ്റെ ഭാഗത്തും ന്യായമുണ്ടന്നച്ചൂന് തോന്നി. "നമുക്ക് രണ്ടു പേർക്കുo ആലോചിച്ച് കളിയ്ക്കാനും തല്ലു കൂടാനും ഒരു സമയം കണ്ടെത്താം. "അവനൊന്നു ചിരിച്ചു "അതായത് ടൈം ടേബിൾ വച്ച് സ്നേഹിക്കാം അല്ലേ "മുത്തശ്ശാ ഞാനവനേക്കൊണ്ടു തോറ്റു.

No comments:

Post a Comment