Tuesday, September 1, 2020
ഗാന്ധാരീ ശാപം ഏററുവാങ്ങി ശ്രീകൃഷ്ണൻ [ കൃഷ്ണൻ്റെ ചിരി- 44]മഹാഭാരത യുദ്ധം കഴിഞ്ഞു.. കൃഷ്ണൻ തൻ്റെ പ്രതിജ്ഞ നിറവേറ്റി. യുധിഷ്ടിരനെ രാജാവാക്കി.അവരുടെ അനന്തരാവകാശിയുടെ ജീവൻ രക്ഷിച്ചു."ഈ ഗാന്ധാരി മാതാവിനെക്കാണണം. ഭയമാണ്. മാതാവിൻ്റെ ശാപം പാണ്ഡവ കുലം മുഴുവൻ നശിപ്പിക്കും. അതിനും അങ്ങൊരു മാർഗ്ഗം കണ്ടു പിടിച്ചു തരണം."യുധിഷ്ഠിരൻ കൃഷ്ണനോട് പറഞ്ഞു." ഒരു രാജാവ് ഇങ്ങിനെ അധീരനാകരുത്. ശരി ഞാൻ പോകാം ഗാന്ധാരി മാതാവിൻ്റെ അടുത്ത്. ആ കോപം എന്നിലേക്കായിക്കൊള്ളും" കൃഷ്ണൻ ചിരിച്ചു കൊണ്ട് പറഞ്ഞു.ശ്രീകൃഷ്ണൻ അസ്തിനപുരം കൊട്ടാരത്തിലെത്തി. അവിടുത്തെ സ്ഥിതി കരളലിയിയുന്നതാണ്. ധൃതരാഷ്ട്രർ പുത്ര വിയോഗം അറിഞ്ഞ് ബോധംകെട്ട് വീണു കിടക്കുന്നു.വിധവകളായ നൂറ്റവരുടെ ഭാര്യമാർ അലമുറയിട്ട് കരയുന്നു.ഗാന്ധാരി മാതാവ് കരഞ്ഞ കണ്ണുമായി വെറും തറയിലിരിക്കുന്നു. കൃഷ്ണൻ അടുത്ത് ചെന്ന് ആ തോളത്ത് കൈവച്ചു.ആര് കൃഷ്ണനോ? നിനക്കിനിയും മതിയായില്ലേ. നീ വിചാരിച്ചിരുന്നെങ്കിൽ ഈ കൂട്ടക്കൊല ഒഴിവാക്കാമായിരുന്നു.എൻ്റെ നൂറു മക്കളേയും നീ കൊല്ലിച്ചില്ലെ? ഭീഷ്മ പിതാമഹനേയും, ദ്രോണരെയും, കർണ്ണനേയും നീ ചതിച്ചു കൊല്ലാൻ കൂട്ടുനിന്നില്ലേ?" മാതാവേ അങ്ങ് അന്ധനായ ഭർത്താവിനു വേണ്ടി കണ്ണുകെട്ടി സ്വയം കാഴ്ച്ച മറച്ചപ്പോൾ മക്കളുടെ തെറ്റുകൾ കാണാനും തിരുത്താനും കഴിഞ്ഞില്ല. ഇതു വരെ സ്വന്തം മക്കളേപ്പോലും കാണാൻ സാധിക്കാത്ത ഈ തീരുമാനം ഒരു നീതി പുസ്തകത്തിലും പറഞ്ഞിട്ടുള്ളതല്ല. മക്കളെ തെറ്റുതിരുത്തി നേർവഴിക്ക് നടത്താനുള്ള അവസരമാണ് മാതാവ് ഇതുകൊണ്ട് നഷ്ട്ടപ്പെടുത്തിയത്."' കൃഷ്ണാ നീ എനിക്കൊരുപകാരം ചെയ്യണം നീ എന്നെ കുരുക്ഷേത്രത്താൽക്കൊണ്ടു പോകണം. എനിക്കെൻ്റെ കുട്ടികളെ കാണാൻ അവസരമുണ്ടാക്കിത്തരണം"കൃഷ്ണൻ ഗാന്ധാരിയെ കുരുക്ഷേത്രയുദ്ധഭൂമിയിൽ എത്തിച്ചു. കൃഷ്ണാ എനിക്കിപ്പോൾ എല്ലാം കാണാം. ശരശയ്യയിൽ ഭീഷ്മപിതാമഹൻ, ശിരസറ്റ് പ്രോണാചാര്യർ., രഥം ഉയർത്താൻ ശ്രമിക്കുമ്പോൾ നീ കൊല്ലിച്ച പാവം കർണ്ണൻ, മാറുപിളർന്ന് കിടക്കുന്ന എൻ്റെ ദുശാസനൻ, ഊരുക്കൾ തകർന്ന് മരിച്ചു കിടക്കുന്ന എൻ്റെ സുയോധനൻ, എൻ്റെ ബാക്കി മക്കളും മകളുടെ ഭർത്താവും. എന്തിനെനിക്ക് നീ ഈ കാഴ്ച്ച തന്നു. ഉറക്കെ ക്കരഞ്ഞുകൊണ്ട് കൃഷ്ണൻ്റെ തോളത്ത് ചാരി .പെട്ടന്ന് ഗാന്ധാരിയുടെ ഭാവം മാറി." ഇതിനു മുഴുവൻ കാരണക്കാരൻ നീയാണ് വാസുദേവാ. നീ വിചാരിച്ചിരുന്നെങ്കിൽ നിനക്ക് ഇതു മുഴുവൻ തടയാമായിരുന്നു. ഇതു മൂലം വിധവകളായവരുടെ ദുഃഖം നീ കാണുന്നില്ലേ? ഇതിനെല്ലാം നീ അനുഭവിക്കും. ഞാൻ എൻ്റെ തപശക്തിയുടേയും, പാതിവൃത്യത്തിൻ്റെയും ശക്തിയിൽ ഞാൻ നിന്നെ ശപിക്കുന്നു: മുപ്പത്തിആറു വർഷം കഴിയുമ്പോൾ യാദവ കുലം മുഴുവൻ തമ്മിത്തല്ലിച്ചാകും.അവരുടെ വിധവകൾ അലമുറയിട്ട് കരയുന്നത് നീ കാണും അങ്ങിനെ നിൻ്റെ അന്ത്യവും സംഭവിക്കും." കൃഷ്ണൻ അപ്പഴും ചിരിച്ചു . ചിരിച്ചു കൊണ്ട് തന്നെ ഗാന്ധാരിയേ സമാധാനിപ്പിച്ചു:"അയ്യോ.. കൃഷ്ണാ ഞാൻ എന്തൊക്കെയോ പറഞ്ഞു. ദുഖം കൊണ്ടെല്ലാം മറന്നു. ക്ഷമിക്കണം വാസുദേവാ."സാരമില്ല മാതാവേ, വളരെ മുമ്പേ തീരുമാനിക്കപ്പെട്ടതിന് ഈ ശാപം ഒരു നിമിത്തമായി, അത്രയേ ഉള്ളു"കൃഷ്ണൻ ഗാന്ധാരിയെ കൊട്ടാരത്തിലെത്തിച്ചു.കാലു തൊട്ട് വന്ദിച്ച് തിരിച്ചു പോന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment