Sunday, November 20, 2016

   വാൽക്കണ്ണാടി... [നാലു കെട്ട് -98]
   ആ വാൽക്കണ്ണാടിമുത്തശ്ശിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. വിവാഹത്തിന് മുത്തശ്ശിയുടെ അമ്മ കൊടുത്തതാണത്രേ. അവിടെത്തുടങ്ങും മുത്തശ്ശിയുടെ വിവാഹ ചരിതം. എത്ര പ്രാവശ്യം പറഞ്ഞതാണ്. എങ്കിലും മുത്തശ്ശി ആവർത്തിക്കും. അന്ന് നാലു ദിവസത്തെച്ചsങ്ങാണ് വിവാഹത്തിന്.തലയും മുഖവും മൂടിയാണ് ചടങ്ങുകൾ.ചടങ്ങിനിടെയാണ് "മുഖദർശനം '. അപ്പഴാണ് മുത്തശ്ശി മുത്തശ്ശനെ ആദ്യമായിക്കാണുന്നത്. മറിച്ചും. പത്തു പൂ വിനൊപ്പം ആ വാൽക്കണ്ണാടിമുറുക്കെപ്പിടിച്ചിരിക്കും ചടങ്ങു തീരുന്നവരെ. പിന്നീട് അത് അഷ്ടമംഗല്യത്തിലേക്ക് മാറ്റും. അങ്ങിനെ അത് ഐശ്വര്യത്തിന്റെ പ്രതീകമായി തറവാട്ടിൽ സൂക്ഷിക്കും. ആ ക്ലാവൂ പിടിച്ച വാൽക്കണ്ണാടിക്ക് പകരം വേറേ പുതിയത് വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞതാ. മുത്തശ്ശി സമ്മതിച്ചില്ല.
   മുത്തശ്ശന് മുത്തശ്ശിയെ വലിയ കാര്യമായിരുന്നു. അതിന്റെ കാരണം തമാശു രൂപത്തിൽ മുത്തശ്ശി വിവരിക്കും. ജാതകവശാൽ മുത്തശ്ശന് നാൽപ്പത് വയസു വരെയെ ആയുസ്സുള്ളു. എന്നാൽ മുത്തശ്ശിക്ക് തൊണ്ണൂറു വയസു വരെ നെടുമംഗല്യത്തിന് യോഗമുണ്ട്. അതായത് മുത്തശ്ശി ജീവിച്ചിരിക്കുമ്പോൾ മുത്തശ്ശൻ മരിക്കില്ല. അതായിരിക്കും എന്നോടിത്ര സ്നേഹം അതു പറയുമ്പോൾ മുത്തശ്ശി ചിരിക്കും. എന്തായാലും മുത്തശ്ശനെപ്പറ്റിപ്പറയുമ്പോൾ മുത്തശ്ശിക്ക് ആയിരം നാവാണ്. മുത്തശ്ശിയുടെ നല്ല ഓർമ്മകളുടെ പ്രതീകമായ ആ ക്ലാവ് പിടിച്ച വാൽക്കണ്ണാടി ഇന്ന് ഉണ്ണിക്കും പ്രിയപ്പെട്ടതാണ്.

No comments:

Post a Comment