Monday, August 15, 2022

തിരുനെല്ലി - ഒരു സഹ്യമല ക്ഷേത്രം [ യാത്രാനുറുങ്ങു കൾ - 700 ]വയനാട് സന്ദർശനത്തിൽ കാനനക്ഷേത്രങ്ങൾ തേടിയുള്ള യാത്രയിൽ ആദ്യം പോകണ്ടത് തിരുനെല്ലി ക്ഷേത്രമായിരുന്നു എന്നു തോന്നി. ദക്ഷിണ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം.ബ്രഹ്മഗിരി മലനിരകളാൽ ചുറ്റപ്പെട്ട് കൊടുംകാടിന് നടുവിൽ. കമ്പ മല, കരിമല, വരഡിക മലകൾ ഇവയുടെ സംരക്ഷണത്തിൽ. ത്രിമൂർത്തി സാന്നിദ്ധ്യമുള്ള ഈ ക്ഷേത്രം സാക്ഷാൽ ബ്രഹ്മാവ് നിർമ്മിച്ച് മഹാവിഷ്ണുവിന് കൊടുത്തതാണന്ന് ഐതിഹ്യം. മുപ്പത് കരിങ്കൽ തൂണുകളിൽ ഉയർന്നു നിൽക്കുന്ന ഈ കാനന ക്ഷേത്രം ചേരരാജാവ് ഭാസ്ക്കര രവിവർമ്മ പുതുക്കിപ്പണിതത് എന്നു ചരിത്രം. വളരെ അധികം ജൈവ വൈവിദ്ധ്യമുള്ള സസ്യ, ജന്തുസമന്വയം കൊണ്ട് സമ്പന്നമായ ഈ ക്ഷേത്രം ദക്ഷിണ ഗയ എന്നും അറിയപ്പെടുന്നു.ബ്രഹ്മഗിരിമലയുടെ മുകളിൽ നിന്നുൽഭവിച്ച ആ ചെറുകാട്ടരുവി ഔഷധ സമ്പന്നമായ നീരുറവയായി പ്രവഹിച്ച് ക്ഷേത്രത്തിനടുത്ത് പാപനാശിനി ആയി ഒഴുകുന്നു. ഇതിൽ കുളിച്ചാൽ സകല പാപവും തീരും.ക്ഷത്രീയ കുലം മുഴുവൻ നശിപ്പിച്ച് അതിൻ്റെ പാപം തീരാൻ സാക്ഷാൽ പരശുരാമൻ പാപനാശിനിയിൽ സ്നാനം ചെയ്തിരുന്നു എന്ന് ഐതിഹ്യം.പാപം മാത്രമല്ല സകല അസുഖത്തിനും പരിഹാരം എന്ന് സാക്ഷ്യം. ഈ ക്ഷേത്രത്തിലെ ശുദ്ധജല സ്രോതസിനെപ്പറ്റിയും ഒരു കഥയുണ്ട്. രാജപ ത്നി വാരിക്കരത്തമ്പുരാട്ടി ദർശനം കഴിഞ്ഞ് ദാഹജലം ചോദിച്ചപ്പോൾ ജലം ക്ഷേത്രത്തിലെത്തിക്കാനുള്ള ബുദ്ധിമുട്ട് പൂജാരി വിവരിച്ചു കൊടുത്തു. ഇനി ഇവിടെ ശുദ്ധജലം എത്തിക്കാതെ താൻ ജലപാനം കഴിക്കില്ലന്നു നടയിൽ നിന്നു സത്യം ചെയ്യുവത്രെ,. ഉടനേ രാജ കിങ്കരന്മാർ ബഹ്മഗിരി ശ്രിംഗത്തിൽ നിന്ന് കൽത്തൂണുകളിൽ ഉറപ്പിച്ച കരിങ്കൽപ്പാത്തിയിൽ സുലഭമായി ജലം ക്ഷേത്രത്തിൽ എത്തിച്ചു കൊടുത്തുവത്രേ. ആ കരിങ്കൽ പാത്തി ഇന്നും അവിടെ കാണാം. ഈ ക്ഷേത്ര പരിസരത്തുള്ള, പഞ്ച തീർത്ഥക്കുളവും, പാപനാശിനിയും, ഗരുഡൻ അമൃത് ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന പക്ഷിപാതാള ഗുഹയും. ശിവൻ്റെ ഗണ്ഡിക ഗുഹയും ഒക്കെ പ്രകൃതിയുടെ അത്ഭുതങ്ങളാണ്.. ഒരു വലിയ പാറ തുരന്നുണ്ടാക്കിയ ഗണ്ഡിക ഗുഹക്ക് അകത്ത് പ്രവേശിക്കാൻ വിഷമമാണ്. നു ഴഞ്ഞു കയറണ്ടി വരും. ഈ പ്രകൃതിയുടെ വരദാനത്തിനു നടുവിൽ, പാപമുക്ത്തനായി ,രോഗമുക്തനായി, ഒരുധ്യാനതലത്തിലൂടെ മനസും ശരീരവും ശുദ്ധമാക്കി ബാഹ്യലോകത്തിലേയ്ക്ക്.

No comments:

Post a Comment