Tuesday, August 30, 2022
അത്തം മുതൽ പത്തുനാൾ [നാലുകെട്ട് -364] അന്ന് തറവാട്ടിൽ പിള്ളേരോണം മുതൽ തുടങ്ങും ഓണത്തിൻ്റെ ആവേശം. അത്തമാ കുമ്പഴേയ്ക്കും ഓണംപടിവാതുക്കലെത്തിയ സന്തോഷം. അത്തത്തിന് തുമ്പപ്പൂവും ഒരു നിര തുളസിയും മാത്രം. ചുവന്ന പൂ അന്ന് ഉപയോഗിക്കാറില്ല. പിന്നെ ഒരോ ദിവസവും പടിപടി ആയി പൂക്കളത്തിൻ്റെ വലിപ്പവും ചാരുതയും കൂടും ഒപ്പം മനസിൻ്റെ ഉത്സാഹവും ഓലകൊണ്ട് മുത്തശ്ശൻ നല്ല പൂക്കൂട ഉണ്ടാക്കിത്തരും. അന്ന് തൊടി നിറയെ പൂക്കളാണ്. കൊങ്ങിണിയം. അരി പൂവും, ശംഖുപുഷ്പ്പും മുക്കൂററിയും.പല നിറത്തിലും ആകൃതിയിലും ഉള്ള പൂക്കൾ. അന്ന് ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് പൂവിളിയോടെ തൊടികൾ മുഴുവൻ താണ്ടി ആർത്തുല്ലസിച്ച് പൂക്കൾ ശേഖരിക്കും. അടുത്തുള്ള കാളാം പുലി മലയിൽ ധാരാളം പൂക്കളുണ്ട്. പക്ഷേ കൊടും കാടാണ്. പണ്ടു പുലി ഇറങ്ങിയിരുന്നുവത്രേ. നല്ല ധൈര്യമുള്ള ഏട്ടന്മാർ മാത്രമേ അവിടെപ്പോകാറുള്ളു. അവിടെപ്പോയി പൂ പറിച്ച് വരുന്നവർ അന്ന് നാട്ടിലെ ഹീറോ ആണ്. മുറ്റത്ത് വട്ടത്തിൽ ചാണകം കൊണ്ടു മെഴുകി അതിലാണ് പൂവിടുക. മണ്ണിൻ്റെ മണവും കാടിൻ്റെ ചാരുതയും ഉള്ള ഓണക്കാലം ഇന്നില്ല. ഓണത്തുമ്പികളുടെ ചാഞ്ചാട്ടവും ഇന്നപൂർവ്വം. സ്വീകരണ മുറിയിലേക്കും മറ്റോഡിറ്റോറിയങ്ങളിലേയ്ക്കും ഒതുങ്ങിയ ഓണാഘോഷങ്ങൾ മാറിയപ്പോൾ ഹൃദയം കൊണ്ടാഘോഷിച്ചിരുന്ന ഓണ ദിനങ്ങൾ അന്യം നിന്നപോലെ .അന്ന് ഓണക്കോടിയുടെ ഗന്ധം ഒരു ഹരമായിരുന്നു. ഒരു തരത്തിൽ ഇന്ന് എന്നും ഓണമാണ്
Subscribe to:
Post Comments (Atom)
No comments:
Post a Comment