Tuesday, May 16, 2017

പരുന്തുംപാറ --വന്യ വനത്തിന്റെ ഒരു നേർകാഴ്ച 

      വാഗവണ്ണിൽ നിന്ന് പീരുമേട്ടിലേക്കു . അവിടുന്ന് എട്ടു കിലോമീറ്റര് സഞ്ചരിച്ചാൽ പരുന്തുംപാറ എത്താം . യാത്രയിലൊന്നും ഇത്ര വന്യമായ ഒരു വനഭംഗിയുടെ സൂചന ഒരിടത്തുമില്ല .എന്നാൽ പരുന്തുംപാറ എത്തിയപ്പോൾ ഞെട്ടിപ്പോയി . ഒരുവലിയ പർവത നിരയുടെ വക്കിലാണ് നമ്മൾ എത്തിപ്പെട്ടത് . അവിടെ ഒരു കിലോമീറ്ററോളം നടപ്പാത ഒരുക്കിയിരിക്കുന്നു . അതിൻറെ വശത്ത് ഉറപ്പുള്ള കമ്പി വേലി .അതിനിബിഢമായ മായ മലനിരകൾ ,പാറക്കെട്ടുകൾ .എല്ലാം അവിടുന്ന് തുടങ്ങുന്നു .അത്യഗാധതയിലേക്കു നീളുന്ന പാറക്കെട്ടുകൾ ഭീതിയുണർത്തി . പച്ചപ്പുതപ്പണിഞ്ഞ മലനിരകൾ മനസിന് കുളിർമയേകി .അവിടെ കാടിന്റെ സംഗീതം കേൾക്കാം . വനത്തിൻറെ നൈർമ്മല്യം നുകരാം .കാട്ടുചോലയുടെ കിലുകിലാരവത്തിൽ ലയിക്കാം .തെളിഞ്ഞ ആകാശത്തിൽ ശബരിമലക്കാടുകൾ വരെക്കാണാം . പൊന്നമ്പലമേടും മകരജ്യോതിയും അവിടെ നിന്ന് ദർശിക്കാം . അത്യഗാധതയിൽ ഒരു   3 d  സിനിമപോലെ ആ മലനിരകളുടെ സംഗീതം ആസ്വദിച്ചു് എത്രസമയം വേണമെങ്കിലും അവിടിരിക്കാം . നല്ല തണുപ്പും ,കാറ്റും നമ്മേ തഴുകി താലോലിക്കും . 
         ഇടക്ക് കോടമഞ്ഞു നിറയും .കാഴ്ച മറക്കും .ഉടനെ ആ പഞ്ഞിക്കെട്ടുകൾ കാറ്റ് ആട്ടിയകറ്റും . അവിടെ രവീദ്രനാഥ ടാഗോറിൻ്റെ ശിരസ്സുമായി സാമ്യമുള്ള ഒരു വലിയ പാറ പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ട് . ഒരുചെറിയ കൈവഴിയിലൂടെ "ടാഗോർ പാറ"യിലേക്ക്  കയറാം . ചുവടൊന്നു പിഴച്ചാൽ അത്യഗാധതയിൽ പതിക്കും . ഒരു നീണ്ട അതീദ്രിയധ്യാനത്തിൻറെ പുണ്യവുമായാണ് അവിടുന്നിറങ്ങിയത് . 
       സഞ്ചാരികൾക്ക് സൗകര്യം ഒരുക്കുന്നതിൽ ഇവിടെയും ടൂറിസം ഡിപ്പാർട്ടുമെന്റ് പരാജയപ്പെടുന്നത് ദുഖത്തോടെ ഓർത്തുകൊണ്ടാവും നമ്മൾ മലയിറങ്ങുന്നത്    

No comments:

Post a Comment