പിശാങ്കത്തി ---[നാലുകെട്ട് -൧൩൧ ]
മുത്തശ്ശൻറെ അടക്കാ കത്തിയായിരുന്നു അത് . ഇന്നത് തുരുമ്പിച്ചിരിക്കുന്നു .അതിലെ നാരായവും ,ചെവിത്തോണ്ടിയും ,പല്ലിടകുത്തിയും ഒക്കെ പോയിരിക്കുന്നു .അത് ആ പ്രതാപകാലത്തിൻറെ ഒരസ്തി പഞ്ജരമായി അവശേഷിക്കുന്നു . ഒരു ചൈനീസ് നിർമ്മിതിയുടെ രൂപഭംഗിയുണ്ടായിരുന്നു അതിന് .പണ്ട് തറവാടുകളിൽ കണ്ടിരുന്ന "എഴുത്താണി പിശാങ്കത്തി "യുമായി എന്തൊക്കെയോ സാമ്യം . പിശാങ്കത്തിയിൽ അടയ്ക്കാ വെട്ടാനുള്ള കത്തിയുടെ കൂടെ എഴുത്താണിയും [നാരായം ] ഉണ്ടാകും . അന്നത് ജീവിതത്തിൻറെ ഭാഗമാണ് . അന്ന് എല്ലാം എഴുതിയിരുന്നത് താളിയോലയിൽ ആയിരുന്നു .ഓല പാലിലും മഞ്ഞളിലും പുഴുങ്ങിയെടുക്കും . തണലത്തിട്ട് ഉണക്കിയെടുക്കും . എന്നിട്ട് പാകത്തിന് മുറിച്ചെടുത്ത് അതിലാണ് എഴുതുക . അന്ന് വരവുചെലവ് കണക്കുമുതൽ എല്ലാം ഓലയിലാണ് എഴുതി സൂക്ഷിക്കാറ് .
കുട്ടിക്കാലത്തു് നിലത്തെഴുത് ത് പഠിപ്പിച്ചിരുന്ന നാണു ആശാനെ ആണ് പെട്ടന്ന് ഓർമവന്നത് .അന്ന് മണലിൽ ആണ് എഴുതിക്കുക .കൈവിരൽ അമർത്തി മണലിൽ എഴുതിക്കുമ്പോൾ വേദനിക്കും .പക്ഷേ ആ വേദന അക്ഷരരൂപത്തിൽ അതിനകം ബോധമണ്ഡലത്തിൽ പതിഞ്ഞിരിക്കും .ആശാൻ ഓലയിലാണെഴുതിത്തരുക .ഇതുപോലെ ഒരുകത്തി ആശാൻറെ വശവും ഉണ്ടായിരുന്നത് ഓർക്കുന്നു .പഠിച്ചില്ലങ്കിൽ ആ നാരായം കൂട്ടിയാണ് ശിക്ഷ .അതിൻറെ വേദന ഇന്നും മായാതെ മനസിലുണ്ട് .പഠനം പൂർത്തിയായാൽ അന്ന് "ഓലവര " എന്നൊരു ചടങ്ങുണ്ട് .അന്ന് ആശാന് ഗുരുദക്ഷിണ കൊടുത്ത് പിരിയും .
കുട്ടിക്കാലത്തെ മധുരനൊമ്പരങ്ങളിലേക്ക് എത്താൻ ഈ തുരുമ്പിച്ച കത്തി ഒരു ഹേതു ആയി .
No comments:
Post a Comment