അച്ചൂന് "അച്ചൂന്റെ ഡയറി "കിട്ടി --[അച്ചു ഡയറി -162 ]
മുത്തശ്ശാ അച്ചൂന്റെ ഡയറി കിട്ടി . സന്തോഷായി . അതുപോലെ പ്രോഗ്രാമിൻറെ CD .യും .കണ്ടപ്പോൾ അച്ചൂന് സങ്കടോം സാന്തോഷോം കൊണ്ട് എന്താ ചെയ്യണ്ടത് എന്നറിയാതായി . പക്ഷേ മുത്തശ്ശാ അച്ചൂന് ഇതു കൂട്ടിവായിക്കാൻ പറ്റുന്നില്ല . പഠിച്ച മലയാളം കുറേ മറന്നുപോയി . അച്ചു മലയാളം പഠിക്കും .ഈ പുസ്‌തകം വായിക്കണം .'അമ്മ പഠിപ്പിച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ട് . മുത്തശ്ശനും കൂടി ഇങ്ങു വന്നെങ്കിൽ .
അച്ചൂന് അമേരിക്ക മടുത്തു .അധികം വൈകാതെ ഇന്ത്യയിലേക്ക് വരണമെന്നുണ്ട് .കേരളത്തിൽ സ്കൂളിൽ മലയാളം മസ്റ്റ് ആയിയെന്നറിഞ്ഞു . അവിടെ വന്ന് സ്കൂളിൽ ചേരാനും എന്തായാലും മലയാളം വേണ്ടിവരും . അച്ചൂന് രണ്ടര മാസത്തോളം വെക്കേഷൻ ഉണ്ട് . നാട്ടിൽ വന്നു മലയാളം പഠിക്കാമെന്നാ വിചാരിച്ചെ . പക്ഷേ വരാൻ പറ്റില്ല . വിസയുടെ എന്തോ പ്രോബ്ലം പറയുന്നതുകേട്ടു . സങ്കടായി .നാട്ടിൽ പോകാൻ പോലും ഫ്രീഡം ഇല്ലാത്ത ഇവിടം മടുത്തു .
അച്ചുവിൻറെ ഡയറി അച്ചു സ്കൂളിൽ കൊണ്ടുപോയി .ടീച്ചറെ കാണിച്ചു .ഒരു കാര്യോമില്ല .ടീച്ചർക്ക് മലയാളം ഒട്ടും അറിയില്ല . പിന്നെ അച്ചു എല്ലാം പറഞ്ഞുകൊടുത്തു .ഇത് ഫേസ്ബുക്കിൽ വന്നതാണെന്ന് പറഞ്ഞപ്പോൾ ടീച്ചർക്ക് അത്ഭുതം . ഇത് ഉടനെ ഇംഗ്ളീഷിൽ ആക്കും എന്ന് പറഞ്ഞിട്ടുണ്ട് .അപ്പോൾ ഒരുബുക് ടീച്ചർക്ക് കൊടുക്കാമെന്നും പറഞ്ഞു . ജോബിനും കൊടുക്കണം .അച്ചുവിന്റെ കഥയാണെന്ന് ലൈ പറയുകയാണന്നാ അവൻ പറഞ്ഞേ . ഇംഗ്ളീഷിൽ ആക്കുമ്പോൾ കവർപേജ് മാറ്റരുത് മുത്തശ്ശാ .ജോബ് ഈ പുസ്തകം ആണെന്ന് സമ്മതിക്കില്ല .
No comments:
Post a Comment