Monday, June 1, 2020
മള്ളിയൂരിൻ്റെ അനുഗ്രഹംപതിനേഴ് വർഷം മുമ്പ് എൻ്റെ മോൾ തുഷാരയുടെ വിവാഹം. ക്ഷണപത്രിക ആദ്യം കൊടുക്കണ്ടത് മള്ളിയൂരിന് തന്നെ. സംശയമുണ്ടായില്ല. കൂടെ മോളേക്കൊണ്ട് അഭിവാദ്യം ചെയ്യിപ്പിച്ച് ആ പാദങ്ങളിൽ നമസ്കരിപ്പിക്കണം.നിഷ്ക്കളങ്കമായ ആ ദിവ്യ തേജസിൻ്റെ പാദങ്ങളിൽ നമസ്ക്കരിച്ച് എഴുനേറ്റപ്പോൾ ,ആ രണ്ടു കൈകളും തലയിൽ വച്ച നുഗ്രഹിച്ചു.മൊളുടെ കണ്ണിൽക്കണ്ണീരിൻ്റെ നനവ് ഞാൻ ശ്രദ്ധിച്ചു. അത്രമാത്രം ആ ദിവ്യ ചൈതന്യത്തിൽ അവൾ ലയിച്ചിരുന്നു.ഞാൻ വിവാഹക്ഷണക്കത്ത് അദ്ദേഹത്തിന് സമർപ്പിച്ച് തൊഴുതു. പഴയ താളിയോല ഗ്രന്ഥത്തിൻ്റെ രീതിയിൽ പനയോലയിലായിരുന്നു ആ ക്ഷണപത്രിക. രണ്ടു വശവും പടിവച്ച് പട്ടുനൂലുകൊണ്ട് കെട്ടിയ ആ കത്ത് ഒരു പട്ടിൽ പൊതിഞ്ഞാണ് സമർപ്പിച്ചത്. അദ്ദേഹം തെല്ലൊരൽഭുതത്തോടെ ആണത് തുറന്നു നോക്കിയത്.ആദ്യ ഓലയിൽ വേളി ഓത്തിൻ്റെ ഒരു ഭാഗമായിരുന്നു." സുമംഗലീരിയം വധൂഇമാം സമേത പശ്വത: "അദ്ദേഹം അത് ഓത്തു ചെല്ലുന്ന രീതിയിൽ ഉറക്കെ വായിച്ചു. ഇതു തന്നെ ഒരു ക്ഷണമായല്ലോ. ഇവൾ സുമംഗലിയാകാൻ പോകുന്ന വധുവാകുന്നു, അവളെ പതിയോടു കൂടി കണ്ടാലും. അസ്സലായി അനിയൻ്റെ ഔചിത്യം. എന്നെ അടുത്തു പിടിച്ചിരുത്തി.ആ ഋഷി പുംഗവൻ്റെ അനുഗ്രഹം എൻ്റെമോൾക്കും എനിക്കും ഇന്നും കൂടെയുണ്ട്.അടുത്ത വർഷം അദ്ദേഹത്തിൻ്റെ ജന്മശതബ്ദിയാണ്. ദൈവങ്ങൾക്ക് മരണമില്ല. ആ സുഖമുള്ള ഓർമ്മയിൽ അദ്ദേഹത്തെ സാഷ്ടാഗം നമസ്കരിക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment