Tuesday, June 23, 2020
വർണ്ണവിവേചനം [കീ ശക്കഥകൾ - 169 ]എനിക്കും ശ്വാസം മുട്ടുന്നു.അത് വർണവിവേചനത്തിൻ്റെ രോദനമായിരുന്നില്ല. കൊറോണാ ലക്ഷണവുമല്ലായിരുന്നു.പ്രകൃതിയിലെ നല്ലവർണ്ണങ്ങൾ മുഴുവൻ ഇവിടുത്തെ രാഷ്ട്രീയപ്പാർട്ടികൾ വീതിച്ചെടുത്തതു കൊണ്ടാണ് എനിയ്ക്ക് ശ്വാസം മുട്ടിയത്.വിവേചനത്തിനുള്ള അടയാളമാക്കി അവർ നിറങ്ങളെ മാറ്റി. ചുവപ്പ്, പച്ച, കാവി, നീല എല്ലാം വീതിച്ചു മൂന്നു നിറങ്ങളും മൊത്തത്തിലെടുത്ത് വേറൊരു പാർട്ടി.മത രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി ഈ മഹാമാരിയ്ക്ക് എതിരെ പോരാടിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇലക്ഷൻ്റെ കാഹളം മുഴങ്ങിയത്.പിന്നെ പഴയ കലാപരിപാടികൾ അവർ ഓർത്തെടുത്തു. കുറ്റപ്പെടുത്തൽ, പഴി ചാരൽ, എല്ലാം വിവാദമാക്കൽ, കുടുംബം പോലും മറന്ന് ഈ മഹാമാരിക്കെതിരെ പ്രവർത്തിച്ചവരേ തേജോവധം ചെയ്യൽ.... എന്നു വേണ്ട വൈറസിനെക്കാൾ വേഗത്തിൽ ആ കലാപരിപാടികൾ പടരുമ്പോൾ ജീവൻ കയ്യിലെടുത്ത്, ഭയപ്പെട്ട് നെഞ്ചു പിടക്കുന്ന നിറങ്ങളില്ലാത്ത കുറേ ജനങ്ങളുണ്ടിവിടെ എന്ന വർ മറന്നു.ഒറ്റക്കെട്ടായി നിന്നവർ ഇപ്പോൾ സേവനം പോലും ഒറ്റതിരിഞ്ഞാക്കി. മാസ്കുകൾക്ക് നിറം കൊടുത്തു. ചുവപ്പ്, പച്ച, കാവി, നീല, പിന്നെ ത്രിവർണ്ണം. എന്നീ നിറങ്ങളിലുള്ള മാസ്കുകളുമായി അവർ വീടുകൾ കയറി ഇറങ്ങി.ജോലിയില്ല. ഭക്ഷണം സമൂഹ അടുക്കളയിൽ നിന്നെത്തിച്ചു തരും. ഉള്ളതുകൊണ്ട് ഓണം പോലെ കിട്ടുന്ന ഭക്ഷണം വീതിച്ചെടുത്ത് ഞങ്ങൾ കഴിഞ്ഞു കൂടി. പക്ഷേ ഇന്ന് കിട്ടിയത് എട്ട് പൊതിച്ചോർ. പല രായി അവരുടെ ഇഷ്ട വർണ്ണത്തിൽ പൊതിഞ്ഞ പൊതിച്ചോർ.ഈശ്വരാ.... വിശന്നിട്ട് ഒരു രക്ഷയുമില്ല. ഇതിലേത് ആദ്യം തുറക്കും. ഒന്നു മാത്രം തുറന്നാൽ മറ്റവർ അടിക്കും.അല്ലങ്കിൽ നീരസമാകും. അവസാനം ഒരു വലിയ പാത്രം കൊണ്ടുവന്ന് എല്ലാം തുറന്ന് അതിലിട്ടു.അത്ഭുതം! ... ആഹാരത്തിനും നിറ വൈവിദ്ധ്യം.......
Subscribe to:
Post Comments (Atom)
No comments:
Post a Comment