Saturday, November 5, 2022

ഒരു അവിസ്മരണീയ ദിവസം . അനിയൻ തലയാറ്റുംപിളളി ജസ്റ്റിസ് സുകുമാരൻ സാർ എൻ്റെ അച്ചൂൻ്റെ ഡയറി [ഇംഗ്ലീഷ് ] വായിച്ചിട്ടാണ് വിളിച്ചത്. അദ്ദേഹം പകർന്നു തന്ന ആ ആസ്വാദനം ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം വില പിടിക്കാനാവാത്തതാണ്.കൂടെ അദ്ദേഹം ഒന്നു കൂടെപ്പറഞ്ഞു, അവർ ആലുവായ്ക്കടുത്ത് SNGiri യിൽ ഒരു വലിയ ഓർഫനേജ് നടത്തുന്നുണ്ട് അവിടുത്തെ അന്തേവാസികൾക്ക് അച്ചുവിൻ്റെ ഡയറി അവതരിപ്പിച്ച് ഒരു മൊട്ടിവേഷൻ ക്ലാസ് കൊടുക്കാൻ പറ്റുമോ എന്നു്. ഇന്ന് അവിടെപ്പോയിരുന്നു. ജീവിതത്തിലെ അവിസ്മരണീയമായ ഒരു ദിവസം. ആരോരുമില്ലാത്ത അനാഥ കുട്ടികളെയും അമ്മമാരേയും പൊറ്റുന്ന ഒരു മഹത്തായ സ്ഥാപനം '. കുട്ടികൾക്ക് പഠനവും ഒരു നല്ല തൊഴിലും അവർ വിഭാവനം ചെയ്ത് നടപ്പിൽ വരുത്തുന്നു. അച്ചൂൻ്റെ ഡയറി ആകുഞ്ഞുങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചപ്പോൾ, മുത്തശ്ശനും അച്ഛനും, അമ്മയും, അനിയനും ഒക്കെയുള്ള അച്ചുവിൻ്റെ ഊഷ്മള ബന്ധം ആ കുഞ്ഞുങ്ങളുടെ കണ്ണു നനയിച്ചു. സത്യത്തിൽ വല്ലാത്ത കുറ്റബോധം തോന്നി. അച്ഛനെയും അമ്മയേയും മുത്തശ്ശനേയും ജീവിതത്തിൽ കണ്ടിട്ടില്ലാത്ത കുഞ്ഞുങ്ങളാണ് മുമ്പിലിരിക്കുന്നതെന്ന് പെട്ടന്നാ ന്നോർത്തത്. പക്ഷേ അവിടെ അവർക്ക് ഒത്തിരി അമ്മമാരും അനിയത്തിമാരും ചേച്ചിമാരും ഉണ്ടായിരുന്നു. ജസ്റ്റീസ് സുകുമാരൻ സാറിനെപ്പോലെ ദൈവതുല്യനായ ഒരു മുത്തശ്ശനുണ്ടായിരുന്നു. അവിടെ അവർ അനാഥരല്ല. അവിടന്ന് പഠിച്ച് ജോലി കിട്ടി വിവാഹം കഴിച്ച് അനവധി പേർ ലോകം മുഴുവൻ ഉണ്ട്. അവരുടെ ഒപ്പമിരുന്ന് ആഹാരവും കഴിച്ച് മനസ്സില്ലാ മനസോടെ ആ മഹായോഗിയുടെ സ്മരണയുറങ്ങുന്ന മണ്ണിൽ നിന്ന് വിട പറഞ്ഞു

No comments:

Post a Comment