Monday, November 21, 2022

ഏർക്കാടിലെ കിളിയൂർ വെള്ളച്ചാട്ടം [ യാത്രാ നുറുങ്ങുകൾ - 702] ബാംഗ്ലൂർ നിന്ന് പൊന്ന് സേലത്തു നിന്ന് ഏർക്കാടിന് തിരിഞ്ഞു.പ്രതീക്ഷിച്ചതിലും നല്ല പാത. ഇനി മല കയറണം. ഇരുപത്തി ഒന്ന് ഹയർ പിൻബൻ്റുകൾ! അതി മനോഹരമായ യാത്ര. കാനന മദ്ധ്യത്തിലൂടെ കോടമഞ്ഞിൻ്റെ തഴുകലിൽ മനസ് ഉന്മത്തമായിരുന്നു. രണ്ടു വശങ്ങളിലും നിരനിരയായി കുരങ്ങന്മാർ .വിനോദ സഞ്ചാരികൾ എറിഞ്ഞു കൊടുക്കുന്ന ആഹാരത്തിനു വേണ്ടി അവർ കടിപിടികൂടുന്നു. റിസോർട്ടിൽ ഒന്നു വിശ്രമിച്ചിട്ട് ഏർക്കാട് ലെയ്ക്കിൽ എത്തി. അവിടുന്ന് മൂന്നരക്കിലോമീറ്റർ. കുറേപ്പോയാൽ വണ്ടി പാർക്ക് ചെയ്യാൻ സൗകര്യം ഉണ്ട്.പിന്നെ നടക്കണം. പിന്നെ ഇടത്തോട്ട് ഒരു തിരിവ്. ഇനി കുത്തനെ ഉള്ള സ്റ്റെപ്പാണ്. കുറേ ഇറങ്ങിയപ്പോൾ കൽപ്പടികൾ കുത്തനേ ഉള്ള ഇരുമ്പ് കോണികൾ ആയി.അങ്ങ് അഗാധതയിൽ താഴ് വര കാണാം. അങ്ങിനെ ഇരുനൂറിൽ അധികം പടികൾ ഇറങ്ങണം. പലിടത്തും സ്റ്റപ്പിന് ഉയരക്കൂടുതൽ..അങ്ങിനെ പാതാള ലോകത്തെത്തിയ പോലെ. വെള്ളച്ചാട്ടത്തിൻ്റെ അടിയിൽ എത്തി. ഏർക്കാട് തടാകത്തിൽ നിന്ന് നിറഞ്ഞൊഴുകുന്ന വെള്ളം ഷെർവാരോയൻ മലമുകളിൽ നിന്ന് പാറക്കൂട്ടങ്ങളിൽ തട്ടിത്തെറിച്ച് മനോഹരമായ ഒരു ജലപാത മാ യിത്താഴെപ്പതിക്കുന്നു. ഏതാണ്ട് മു ണ്ണൂറ് അടി ഉയരത്തിൽ നിന്ന്: ഭയം ജനിപ്പിക്കുന്ന കാഴ്ച്ച. ഒരു ചെറിയ കുലുക്കം മതി അവ മുഴുവൻ അടർന്നു താഴെപ്പതിയ്ക്കാൻ. അവിടുന്ന് പാറക്കൂട്ടങ്ങളിൽ അള്ളിപ്പിടിച്ചു കയറിയാലെ നന്നായി ഒന്നു നീരാടാൻ അവസരമുള്ളു. തണുത്തുറഞ്ഞ വെള്ളം ശരീരത്തിൽ പതിക്കുമ്പോൾ ഇതുവരെയുള്ള ക്ഷീണം മുഴുവൻ മാറി ഒരു പ്രത്യേക ഊർജ്ജം ശരീരത്തിൽ വ്യാപിക്കുന്നു. ആ സ്വർഗ്ഗീയ സുഖം അവസാനിപ്പിച്ചു മടങ്ങാറായി. വീണ്ടും ആ ചെങ്കുത്തായ പടികൾ ഭയപ്പെടുത്തി.ഏതാണ്ട് പകുതി എത്തിയപ്പഴേ അവശതയായി. അവിടെ ഒരു പാറയിടുക്കിൽ സർബത്തും നാരാങ്ങാവെള്ളവും വിൽക്കുന്നവർ ഉണ്ട്. തണുത്ത സോഡയും പച്ചമുളകും ഉപ്പും നാരങ്ങയും 'ഹൊ.! അതിൻ്റെ രുചി മറക്കില്ല. ഒരു വിധം മുകളിലെത്തി. എൻ്റെ ഹൃദയതാളത്തിൻ്റെ ഒരു പരീക്ഷണ നാളി പൊലെ ആ യാത്ര എന്നിൽ ആത്മവിശ്വാസം ഉയർത്തിയതുപോലെ .....

No comments:

Post a Comment