രാമച്ച വിശറി -[-നാലുകെട്ട് -46 ]
അരിക് കുറേശ്ശെ ചിതലെടുത്തു തുടങ്ങിയിരുന്നെങ്കിലും ആ രാമച്ച വിശറി നാലുകെട്ടിൽ ഭദ്രം . മുത്തശ്ശൻറെ സന്തത സഹചാരി ആയിരുന്നു അത് . രാമച്ചം കൊണ്ടാണതിന്റെ നിർമ്മിതി . അതുകൊണ്ട് വീശുമ്പോൾ കാറ്റിനൊപ്പം ഒരു നല്ല ഗന്ധവും പരന്നിരുന്നു .അത് ചെറിയ തോതിൽ നനച്ച് വച്ചിരിക്കും . വേനൽക്കാലത്ത് അതിൻറെ കാറ്റ് ഒരു ഹൃദ്യമായ അനുഭവം തന്നെ . കരിമ്പന ഓലകൊണ്ട് വേറൊരു വിശറിയും ഉണ്ട് .
ജനലിന് രാമച്ചം കൊണ്ടുള്ള കർട്ടനും ഉപയോഗിച്ചു കണ്ടിട്ടുണ്ട് . അതിൽ വെള്ളം തളിച്ചിരിക്കും .അതിൽകൂടി അരിച്ചുവരുന്ന കാറ്റ് മുറിയിൽ സുഗന്ധവും കുളിർമ്മയും നൽകും . ആയുർവേദത്തിൽ രാമച്ചം ഒരു സിദ്ധ ഔഷധമാണ് . അതിട്ട് കൂജയിൽ വെള്ളം വച്ചിരിക്കും .കുടിക്കാനാണ് .
ആധുനിക സങ്കേതങ്ങളെ വെല്ലുന്ന തണുപ്പാണ് ഈ വേനൽക്കാലത്തും നാലുകെട്ടിൽ . അത് നിലനിർത്താനും മറ്റും ഇതുപോലെയുള്ള പ്രകൃതി വിഭവങ്ങളെ അന്ന് ഉപയോഗിച്ചിരുന്നു . പാരിസ്ഥിതി പ്രശ്നങ്ങൾ ഇല്ലാതെ
ആ ചാരുകസേരയിൽ നീണ്ടു നിവർന്ന് കിടന്ന് ആ രാമച്ചവിശറി എടുത്ത് വീശിയപ്പോൾ ,ഉണ്ണി പ്രകൃതിയെ ജീവിതത്തിലേക്ക് ആവാഹിക്കുന്ന ആ പഴയ ശാസ്ത്രം പൂർണ്ണമായും അനുഭവവേദ്യമാക്കുകയായിരുന്നു
No comments:
Post a Comment