കഥകളി കോപ്പ് പെട്ടി {നാലുകെട്ട് -54 }
ആ പെട്ടിയുടെ സാമ്യം ഒരുപാട് പഴയകാല ചിന്തകളിലേക്ക് ഉണ്ണിയെ നയിച്ചു .കഥകളിയുടെ വടക്കൻ ചിട്ട തെക്കുദേശത്തേക്ക് വ്യാപിക്കാനുള്ള ഒരു കവാടമായിരുന്നു അന്ന് കുറിച്ചിത്താനം . കലാമണ്ഡലം കൃഷ്ണൻ നായരാശ്സാൻ അന്ന് കഥകളിയുടെ പ്രചാരണത്തിന് ഇവിടെ വന്ന് താമസിച്ചിരുന്നത് ഉണ്ണി ഓർക്കുന്നു .അച്ഛനും പിന്നെ പഴയിടം ദാമോദരൻ നമ്പൂതിരി ,കാഞ്ഞിരക്കാട് ഉണ്ണിനമ്പൂതിരി ,കിഴക്കേടം കൃഷ്ണൻ നമ്പൂതിരി എന്നിവരും ആശാന്റെ അടുത്ത് കഥകളി മുദ്ര അഭ്യസിച്ചിരുന്നു . അന്ന് ആശാന്റെ "ഇളകിയാട്ടം " ,"ഏകലോചനം " എന്നിവ അത്ഭുതത്തോടെ ഉണ്ണി നോക്കിനിന്നിട്ടുണ്ട് . രണ്ടുകണ്ണിലും രണ്ട് വ്യത്യസ്ഥ ഭാവങ്ങൾ ,അതും ഒരുസമയത്ത് പ്രകടിപ്പിക്കുന്ന "ഏകലോചനം "ആശ്സാ ൻ നിഷ്പ്രയാസം ചെയ്തിരുന്നു .
അതുപോലെ ആശ്സാൻ പദമില്ലാതെ കഥ അഭിനയിച്ച് മനസിലാക്കിത്തന്നിരുന്നു . ------കാട്ടിലെത്തുന്ന നളൻ ഗര്ഭപരാർത്തയായ ഒരു മാൻപേടയെ കാണുന്നു . ഒരുവശത്ത് ഒരുവേടനും ,മറുവശത്തു ഒരുകടുവയും അതിനെ ആക്രമിക്കാൻ ആഞ്ഞു നിൽക്കുന്നു .ഒരുവശത്തുനിന്നു കാട്ടുതീ പടരുന്നു .നിസഹായയായ ആ മാൻപേടയെ എങ്ങിനെ രക്ഷിക്കാം എന്ന് ചിന്തിച്ചിരുന്നപ്പോൾ ഒരിടി വെട്ടുന്നു .അതുവേടനിൽ കൊണ്ട് വേടന്റെ ഉന്നം തെറ്റി അസ്ത്രം കടുവയുടെ ദേഹത്ത് പതിച്ച് അതുചാകുന്നു .ഇടിയോടുകൂടി പെയ്ത മഴ കാട്ടുതീ കെടുത്തുന്നു .മാൻ പെടയുടെ സുഖപ്രസവം !. ഇതുമുഴുവൻ എളകിയാട്ടതിലൂടെ നമുക്ക് മനസിലാക്കിത്തരുമ്പോൾ ആശ്ശാനെ അത്ഭുതാദരങ്ങളോടെ നോക്കിനിന്നിട്ടുണ്ട് .
അന്ന് അടുത്തുള്ള അമ്പലങ്ങളിലും ചുരുക്കം ചില ഗൃഹങ്ങളിലും കഥകളി നടന്നിരുന്നു .കഥകളി കോപ്പുകൾ സൂക്ഷിക്കുന്ന ആകൃതിയിലുള്ള ഈ പെട്ടി കണ്ടപ്പോൾ ഉണ്ണി ഇതൊക്കെ ഓർത്തുപോയി .
No comments:
Post a Comment