Monday, November 23, 2020

പാരിജാതം [ കൃഷ്ണൻ്റെ ചിരി- 90 ]ഒരു ദിവസം ശ്രീകൃഷ്ണൻ്റെയും രുഗ്മിണിയുടേയും അടുത്തേക്ക് നാരദമുനി ആഗതനായി. കയ്യിൽ സ്വർഗ്ഗത്തിൽ മാത്രം ലഭ്യമാകുന്ന " പാരിജാതം" എന്ന മനോഹരമായ പൂവ് ഉണ്ട്.ആ പൂവ് നാരദൻ ശ്രീകൃഷ്ണനു കൊടുത്തു. ഉടനേകൃഷ്ണൻ അത് രുക്മിണിയുടെ തലയിൽ ചൂടിക്കൊടുത്തു. കുശലങ്ങൾക്ക് ശേഷം നാരദൻ പിൻ വാങ്ങി.നാരദൻ നേരേ പോയത് സത്യഭാമയുടെ അറിലേക്കാണ്. ഭാമ നാരദരെ ആനയിച്ചിരുത്തി.നാരദൻ: "ഞാൻ സ്വർഗ്ഗത്തിലെ മനോഹരമായ പാരിജാതം പുഷ്പ്പവുമായി വന്നതാണ്.അത് ശ്രീകൃഷ്ണന് കൊടുത്തു. അത് ശ്രീകൃഷ്ണൻ തൻ്റെ ഇഷ്ട പത്നിരുക്മിണിയുടെ തലയിൽ ചൂടിച്ചു.അതു് സത്യഭാമയുടെ തലയിലായിരുന്നു ചൂടിയതെങ്കിൽ നല്ല ഭംഗി ആയിരുന്നു."ഭാമയുടെ മുഖഭാവം മാറുന്നത് നാരദൻ ശ്രദ്ധിച്ചു. പതുക്കെ അവിടന്ന് പിൻവലിഞ്ഞു.പിന്നീട് ശ്രീകൃഷ്ണൻ ഭാമയുടെ അടുത്തുവന്നപ്പോൾ കോപിഷ്ടയായ ഭാമയെ ആണ് കണ്ടത്. നാരദൻ കൊണ്ടുവന്ന പൂവ് എനിക്ക് തരാത്തതെന്താ. ഭാമ കരഞ്ഞുകൊണ്ട് മഞ്ചത്തിലേക്ക് മറിഞ്ഞു.നാരദൻ പണിപറ്റിച്ചു എന്ന് കൃഷ്ണനു മനസിലായി. ഭാമയെ സമാധാനിപ്പിക്കാൻ പടിച്ച പണി നോക്കിയിട്ടും രക്ഷയില്ല" നമുക്ക് ഒരു കാര്യം ചെയ്യാം. നമുക്ക് സ്വർഗ്ഗത്തിൽ പോയി ഇന്ദ്രനെക്കണ്ട് പാരിജാതം സംഘടിപ്പിക്കാം."ഭാമക്ക് സന്തോഷമായി.അവർ സ്വർഗ്ഗത്തിൽ എത്തി.ഇന്ദ്രൻ അവരേ യഥാവിധി സ്വീകരിച്ചു. ഭാമയെ ഇന്ദ്രാണി അകത്തേക്കാനയിച്ചു.ശ്രീകൃഷ്ണൻ ഇന്ദ്രനുമായി ഉദ്യാനത്തിലെത്തി. ശ്രീകൃഷ്ണൻ കാര്യം അവതരിപ്പിച്ചു. അത് സ്വർഗ്ഗത്തിൽ ദൈവങ്ങൾക്ക് മാത്രമുള്ളതാണ്. ഭൂമിയിലെ നിസ്സാരമനുഷ്യർക്ക് വേണ്ടിയുള്ള തല്ല ഇന്ദ്രൻ കൃഷ്ണൻ്റെ ആവശ്യം നിരസിച്ചു.പ്രകൃതി വിഭവങ്ങൾ എല്ലാവർക്കും അവകാശപ്പെട്ടതാണ് അതു കൊണ്ട് ഞാനിതു കൊണ്ടുപോവുകയാണ്.ശ്രീകൃഷ്ണൻ ആ പാരിജാതത്തിൻ്റെ ചെടിയോടെ പറിച്ച് ഭാമയുമായി ഭൂമിയിലേക്ക് പോന്നു.ഇന്ദ്രഭഗവാന് ദ്വേഷ്യം വന്നു.ദേവഗണങ്ങൾ ക്രുദ്ധരായി പക്ഷേ ശ്രീകൃഷ്ണനോടേറ്റുമുട്ടാൻ ആർക്കും താത്പ്പര്യമില്ലായിരുന്നു.സത്യഭാമയ്ക്ക് വേണ്ടി ആ പാരിജാതം അവരുടെ ഉദ്യാനത്തിൽ വച്ചുപിടിപ്പിച്ചു.

No comments:

Post a Comment