Monday, November 16, 2020

ബിലഹരി ബാലൻ ഭാഗവതർ. [ കീശക്കഥകൾ - 190 ]ബാലൻ ഭാഗവതർ നാദസ്വര വിദ്വാനാണ്. സംഗീതത്തിൽ അഗ്രഗണ്യനാണന്നാണ് ഭാവം.ബിലഹരി ബാലൻ ഭാഗവതർ എന്ന് സ്വയം വിശേഷിപ്പിക്കുന്നു. ഏററവും നല്ല രാഗം "ബിലഹരി ' ആണന്നാണ് കക്ഷിയുടെ അഭിപ്രായം. ആരേക്കിട്ടിയാലും ബിലഹരി രാഗത്തിൻ്റെ സവിശേഷതകൾ പറഞ്ഞ് വധിക്കും. തറവാട്ടിൽ കുട്ടികളെ കർണ്ണാടക സംഗീതം പഠിപ്പിക്കാൻ ബാലൻ ഭാഗവതരെയാണ് ചുമതലപ്പെടുത്തിയത്. അമ്പലത്തിലെ ശീവേലി കഴിഞ്ഞാൽ ഭാഗവതർ വേറേ ഒരു പണിയുമില്ല. കാർന്നോർക്ക് ഒരു സഹാനുഭൂതി തോന്നിയതിൻ്റെ ഫലമാണ് ബാക്കിയുള്ളവർ അനുഭവിക്കുന്നത്. രാവിലത്തെ പഠനം കഴിഞ്ഞാൽ അവിടെത്തന്നെ കൂടും.കോവണിയുടെ ചുവട്ടിൽ ഉള്ള ഒരിടം ഭാഗവതർ തന്നെ തരപ്പെടുത്തിയിട്ടുണ്ട്.ഒരു ദിവസം വളരെ ഗൗരവമുള്ള ഒരു കാര്യം സംസാരിക്കാനാണ് എല്ലാവരും ഒത്തുകൂടിയത്.ഭാഗവതവർക്ക് സന്തോഷമായി. ഇന്ന് പുതിയ ആൾക്കാരും ഉണ്ട്. രാഗ വിസ്താരവും ആകാം. യാതൊരു ഔചിത്യവുമില്ലാതെ ഭാഗവതർ അവിടെ പ്രത്യക്ഷപ്പെട്ടു. പിന്നെ ബിലഹരിയുടെ വിശേഷം.കർണ്ണാടക സംഗീതത്തിലെ ഇരുപത്തി ഒമ്പതാമത്തെ മേളകർത്താരാഗമായ 'ശങ്കരാഭരണത്തിൻ്റെ 'ജന്യ രാഗമാണ് ബിലഹരി. തിരുമേനിമാർക്കറിയൊ? അതിൻ്റെ ആരോഹണം മോഹനം, അവരോഹണം ശങ്കരാഭരണം. പ്രഭാത രാഗമായതുകൊണ്ട് ഭക്തിരസപ്രധാനമാണ്. ഭാഗവതർ വിടുന്ന ലക്ഷണമില്ല." ഇതെത്ര പ്രാവശ്യം പറഞ്ഞതാ "ഇന്നു പുതിയ ആൾക്കാരില്ലേ ഭാഗവതർ രാഗ വിസ്താരം തുടങ്ങി...ഓ ക്ഷമയ്ക്കും ഒരതിരില്ലേ... ഇതൊന്നു നിർത്തണമല്ലാ...അഫനാണ് തുടങ്ങി വച്ചത് " അപ്പോ ബാലൻ ഭാഗവതർ അറിഞ്ഞില്ലേ ഈ "ബിലഹരി "വേണ്ടന്നു വച്ച വിവരം.ഗവർണ്മെൻ്റ് തീരുമാനമാണന്നാ കേട്ടേ "ഭാഗവതർ ചൂടായി "എന്തു വിഡിത്തമാ പറയുന്നേ.. ഒരു രാഗം അങ്ങടു വേണ്ടന്നു വയ്ക്കുകയോ? അതുംബിലഹരി! "അഫൻ:( ഒരു നെടുവീർപ്പിട്ട്.ഗൗരവത്തോടെ ] "കഷ്ടായിപ്പോയി.കലാമണ്ഡലവും ശുപാർശ ചെയ്യന്നാ കേട്ടതു് " .ഭാഗവതർക്കിരിക്കപ്പൊറുതി ഇല്ലാതായി.ബിലഹരി ചൂടായിത്തുടങ്ങി.അഫൻ [ ഗൗരവത്തിൽത്തന്നെ ] " ഇനി അതു പുനസ്ഥാപിച്ചു കിട്ടുക എളുപ്പമാണന്നു തോന്നുന്നില്ല."എല്ലാവരും കൂടിക്കൊടുത്തു. ഭാഗവതരുടെ ശുണ്ഡി കാണാനൊരു രസം. അപ്പഴാണ് മുത്തശ്ശൻ്റെ വരവ്. അവിടുത്തെ കലാപരിപാടികൾ അറിഞ്ഞാണ് വരവ്.ഇവരുടെ കൂടെ കൂടി ഭാഗവതരെ ഒന്നു കലശൽ കൂട്ടാം എന്നു തീരുമാനിച്ചാണ് വരവ്.ബാലൻ ഭാഗവതർ: [ 'സമക്ഷം താണു തൊഴുത് ] " ആവൂ.. സമാധാനമായി. സംഗീതത്തെപ്പറ്റി അറിയാവുന്ന ഒരാളെങ്കിലും ഉണ്ടല്ലോ. സംഗീതത്തേപ്പറ്റി ഒരു വിവരവുമില്ലാത്ത ഇവർ പറയുകയാ" ബിലഹരി '' നിരോധിച്ചെന്ന്. അങ്ങ് ഒന്നു പറഞ്ഞു മനസ്സിലാക്കിക്കൊടുക്കൂ".മുത്തശ്ശൻ ആകെ രംഗം ഒന്നു വീക്ഷിച്ചു.എന്നിട്ട് ദുഖത്തോടെ "ഞാനും കേട്ടു .എനിക്കൊരു ദു:ഖമേ ഒള്ളു ഇനി " ബിലഹരി ബാലൻ ഭാഗവതർ " എന്ന് ഭാഗവതർക്ക് പേരു വയ്ക്കാൻ പറ്റില്ലല്ലോ എന്നോർത്ത്. എന്നാലും കഷ്ടയിപ്പോയി ബിലഹരി നിർത്തണ്ടായിരുന്നു."ഇനി സത്യമായിരിക്കുമോ? ബിലഹരി നിരോധിച്ചൊ? ബാലൻ ഭാഗവതർക്ക് ഭൂമി കറങ്ങുന്ന പോലെ തോന്നി.ബിലഹരിയുടെ അവരോഹണം പോലെ ഭാഗവതർ തല കറങ്ങി നിലംപതിച്ചു.

No comments:

Post a Comment